“Everything in the press release is sincere. Except for the Beemapally incident. I will fully support the police in what they did over there. No community, however strong they are, don’t have the right to organize a violent campaign. And Beemapally is known for it violent nature. Just go there and spend a few minutes there to feel this hostile nature.”
(Forth Estate Critique (FEC) Google group, December 26, 2009)
“കെ അഷറഫ് എഡിറ്റ് ചെയ്ത “ഭീമ പള്ളി പോലീസ് വെടിവയ്പ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും ” എന്ന പുസ്തകത്തില്‍ നിന്നുള്ള “ജനി രോവിന”യുടെ ലേഖനം”
കെ അഷറഫ് എഡിറ്റ് ചെയ്ത “ഭീമ പള്ളി പോലീസ് വെടിവയ്പ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും ” തേജസ് പബ്ലികേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം മാര്ച് 22 , 4 PM തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രകാശനം ചെയുന്നു.
ഒരു Online forewordല്‍ ബീമാപ്പള്ളിയെക്കുറിച്ച് ഒരാള്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് മുകളില്‍ കൊടുത്തത്. 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി അവിടെ വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു നേരെ നിറയൊഴിക്കുകയും അഞ്ചുപേരെ കൊല്ലുകയും 52 പേരെ പരിക്കേല്‍പ്പിക്കുകയും ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും ചെയ്ത സംഭവമാണ് ഇവിടെ ബീമാപ്പള്ളിക്കാരുടെ ഹിംസാത്മക സ്വഭാവത്തി (violent nature)ന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നത്, സാധൂകരിക്കപ്പെടുന്നത്. ഒന്നാമതായി, ഒരു സമുദായം എത്ര അക്രമകാരികളായാലും അവരെ പോലിസ് വെടിവച്ചു കൊല്ലുന്നത് ചിലര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുമെന്നതു തന്നെ ഞെട്ടിപ്പിക്കുന്ന അറിവാണ്. മാത്രമല്ല, ഇങ്ങനെയൊരു ന്യായം തന്നെയാണ് ബീമാപ്പള്ളിയെക്കുറിച്ച് ഇത്ര വലിയൊരു നിശ്ശബ്ദത കേരളത്തിലുണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ടാണ് ഇത്ര ഹീനമായ ഒരു ഭരണകൂട ഭീകരത നടന്നിട്ടും കേരളത്തിലെ പൊതുമണ്ഡലത്തില്‍ നിന്നും പത്രമാധ്യമങ്ങളില്‍ നിന്നും മര്യാദക്കൊരു പ്രതിഷേധമോ പത്രവാര്‍ത്തയോ വരാതിരുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ ബീമാപ്പള്ളിയില്‍ ചോദ്യംചെയ്യപ്പെടാതെ പോയ നരഹത്യയും അതിനെത്തുടര്‍ന്ന് പൊതുമണ്ഡലത്തിലുണ്ടായ നിശ്ശബ്ദതയും ബീമാപ്പള്ളിയെന്ന സ്ഥലത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവരെക്കുറിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന ചില മുന്‍ധാരണകളുടെ തന്നെ പ്രത്യാഘാതമാണ്. അതുകൊണ്ടുതന്നെ ഇവയെ പരിശോധിക്കുന്നത് ഇങ്ങനെയൊരു നരഹത്യയെ ഓര്‍മിക്കാനും അതിനെ പൊതിയുന്ന നിശ്ശബ്ദതയെ തകര്‍ക്കാനും അതിപ്രധാനമാണ്. മലയാള സിനിമയുടെ ദൃശ്യാഖ്യാന വ്യവഹാരങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ഞാനതിവിടെ ചെയ്യാന്‍ ശ്രമിക്കുന്നത്.
സിനിമാഖ്യാനങ്ങള്‍ അധീശ സ്ഥാനങ്ങളെ അട്ടിമറിക്കുന്നതിനെ ആഘോഷിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്നു കേരളത്തിലെ സിനിമാ പഠനങ്ങള്‍ക്ക് പ്രധാനം. 70കളില്‍ ഉണ്ടായിവന്ന രാഷ്ട്രീയപരമായ സിനിമാവായനകള്‍ പ്രത്യയശാസ്ത്രങ്ങളുടെ അധികാരവശം മാത്രമേ കാണ്ടിരുന്നുള്ളൂവെന്നും സിനിമയിലെ അധീശ പ്രത്യയശാസ്ത്രങ്ങളെ അട്ടിമറിക്കുന്ന ഇടങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നത് പ്രധാനമാണെന്നുമുള്ള പുതിയ ചിന്താരീതികളാണ് ഇങ്ങനെയൊരു പ്രവണതയിലേക്കു നയിക്കുന്നത്. ഇങ്ങനെയൊരു നീക്കം അത്യാവശ്യമാവുമ്പോള്‍ തന്നെ സിനിമ ഒരു സമൂഹത്തിന്റെ ഭാവനകളിലും സമകാലീന ചിന്താരീതികളിലും സിദ്ധാന്തങ്ങളിലും നേരിട്ട് ഇടപെടുന്ന രീതികളാണ് ഇവിടെ കാണപ്പെടാതെ പോവുന്നത്. മാത്രമല്ല, പലപ്പോഴും പല തരത്തിലുള്ള ഘടനകളെ ഒട്ടുംതന്നെ ഉലയ്ക്കാത്ത (അട്ടിമറിക്കാത്ത) ആഘോഷ വായനകളാണ് കേരളത്തില്‍ ഉണ്ടായിവരുന്നത്. ബീമാപ്പള്ളിയില്‍ പോലിസ് നടത്തിയ നരഹത്യയില്‍ സിനിമയുടെ പങ്ക് ഇങ്ങനെയൊരു വായനയ്ക്കു കാണാന്‍ കഴിയില്ല. അതിനു സിനിമ മുന്നോട്ടു വയ്ക്കുന്ന പ്രതിനിധാനങ്ങള്‍ അധികാരത്തെയും സമുദായങ്ങളെയും അതിനുള്ളില്‍ ജീവിക്കുന്ന മനുഷ്യരെയും നിര്‍മിച്ചെടുക്കുന്നതിലൂടെ ഹിംസയുടെയും സമാധാനത്തിന്റെയും അതിര്‍വരമ്പുകള്‍ നിരന്തരം പുനസ്സംഘടിക്കുന്ന രീതികള്‍ കാണാന്‍ നാം തയ്യാറാവണം. ബീമാപ്പള്ളിയില്‍ നടന്ന പോലിസ് വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാന്‍ ഈയടുത്ത് ഇറങ്ങിയ ട്രാഫിക് (രാജേഷ് പിള്ള, 2011) എന്ന സിനിമയിലെ അജ്മല്‍ നാസര്‍ എന്ന പോലിസുദ്യോഗസ്ഥന്‍ (അനൂപ്‌മേനോന്‍) പ്രശ്‌നകരമായ ഒരു കോളനിയെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക:
”ബിലാല്‍ കോളനി… ന്യൂനപക്ഷ സമുദായം ശക്തമായ സ്ഥലമാണ് പള്ളിയോട് ചേര്‍ന്നുകിടക്കുന്ന കോളനി. പോലിസിന് പെട്ടെന്നങ്ങോട്ടു കടന്നുചെല്ലാന്‍ പറ്റില്ല. Black market goodsപിടിക്കാന്‍ ഒന്നുരണ്ടു തവണ ശ്രമിച്ചിട്ട് വെടിവയ്പും മറ്റും ഉണ്ടായ സ്ഥലമാണ്.”
വ്യാജ സി.ഡി മാര്‍ക്കറ്റിന്റെ പേരില്‍ പ്രസിദ്ധി നേടിയ ബീമാപ്പള്ളിയെക്കുറിച്ചു തന്നെയാണ് ഇവിടെ പറയുന്നതെന്നു വ്യക്തം. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച എഫ്.ഇ.സി എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ബീമാപ്പള്ളിക്കാരുടെ ഹിംസാത്മക സ്വഭാവത്തെ വെടിവയ്പിന്റെ ന്യായമായ കാരണമായി കണ്ടെത്തുമ്പോള്‍, ട്രാഫിക് ഈ കാരണം കണ്ടെത്തുന്നത് ബീമാപ്പള്ളിയിലെ വ്യാജവ്യാപാരത്തിലാണ്. അതുപോലെ തന്നെ ഈ കോളനിയില്‍ പള്ളിയുടെ സ്ഥാനവും (പള്ളിയോട് ചേര്‍ന്നുകിടക്കുന്ന കോളനി) അവിടത്തെ ന്യൂനപക്ഷത്തിന്റെ ശക്തിയും (ഭീഷണിയും?) അജ്മല്‍ നാസറിലൂടെ ട്രാഫിക് അടയാളപ്പെടുത്താന്‍ മറക്കുന്നില്ല.
ഇവിടെ കാണുന്നതുപോലെ കോളനി, നിയമവിരുദ്ധത, മുസ്‌ലിം സമുദായം എന്നിങ്ങനെ മലയാള സിനിമ നിരന്തരം പുറന്തള്ളുന്ന നിരവധി സാമൂഹിക-സാംസ്‌കാരിക ഇടങ്ങള്‍, ബീമാപ്പള്ളി സ്ഥിതിചെയ്യുന്ന കടപ്പുറം പ്രദേശത്തിന്റെ തന്നെ (സിനിമാ വ്യവഹാരങ്ങളിലൂടെയുള്ള) അപരവല്‍ക്കരണവുമായി ചേരുമ്പോഴാണ് ഈ സ്ഥലം പോലിസിന്റെ വെടിയുണ്ടകള്‍ക്ക് മുന്‍കൂറായി തന്നെ അര്‍ഹമാവുന്നതെന്നാണ് ഞാനിവിടെ പറയാന്‍ ശ്രമിക്കുന്നത്. ആദ്യം തന്നെ മതേതര (ഹിന്ദു) കേരളത്തിന്റെ അതിര്‍വരമ്പുകള്‍ കാക്കുന്ന തീരദേശം അല്ലെങ്കില്‍ കടപ്പുറം എന്ന പ്രതിനിധാന സ്ഥാനത്തെ തന്നെ ശ്രദ്ധിക്കുക.
കടല്‍മീന്‍ബന്ധനത്തില്‍ ഏര്‍പ്പെട്ട കായികശക്തിയുള്ള പുരുഷന്‍മാര്‍, പ്രത്യേക തരത്തില്‍ മുണ്ടും ബ്ലൗസുമിട്ട് അവരോടൊപ്പം കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍- ഇവയെല്ലാമാണ് സിനിമയിലെ കടപ്പുറങ്ങളെ അടയാളപ്പെടുത്തുന്നത്. വയല്‍, നദീതീരങ്ങള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവ മലയാള സിനിമാ സംസ്‌കാരത്തിന്റെ സാധാരണ/ഉത്തമ സ്ഥാനങ്ങളായി പ്രതിനിധാനം ചെയ്യപ്പെടുമ്പോള്‍ കടപ്പുറം, കോളനി, മലമ്പ്രദേശം എന്നിങ്ങനെയുള്ള പ്രദേശങ്ങളെ മലയാള സിനിമ നിരന്തരം തങ്ങളുടെ ആഖ്യാനങ്ങളുടെ അരികിലേക്ക് തള്ളി നാടന്‍ പ്രദേശങ്ങളുടെ അധീശതയെ നിര്‍മിച്ചെടുക്കുന്നു.
കടലിനെയും മല്‍സ്യബന്ധനത്തിലേര്‍പ്പടുന്നവരെയും മീന്‍കച്ചവടക്കാരനായ ഒരു മുസ്‌ലിം മുതലാളിയെയും ആധുനിക സിനിമാ-സാംസ്‌കാരിക ഭാവനകളുടെ ഭാഗമാക്കിയ ചെമ്മീന്‍ എന്ന സിനിമ തന്നെയെടുക്കുക. ഇവിടെ പരേതനായ പരീക്കുട്ടി, ‘കാറ്റിലലിയുന്ന പാട്ടുകള്‍ പാടി കടപ്പുറത്തലയുന്ന’ (അന്‍സാരി, 2008; 130) ഒരു കാഴ്ചയാണു നാം കാണുന്നത്. ഈ കടാപ്പുറത്ത് ജീവിക്കുന്നവരെല്ലാം പലതരത്തിലുള്ള അമിതങ്ങളും പേറി നില്‍ക്കുന്നവരാണ്. കറുത്തമ്മയ്ക്ക് സൗന്ദര്യം, പരീക്കുട്ടിക്ക് പ്രണയം, പളനിക്ക് കായികശക്തി, ചെമ്പന്‍കുഞ്ഞിന് പണം- ഇവയെല്ലാം ചേര്‍ന്നു തമ്മില്‍ തമ്മില്‍ നശിപ്പിക്കുന്ന ഒരു വലിയ ദുരന്ത നാടകത്തിന്റെ പശ്ചാത്തലമാണിവിടെ കടലും കടപ്പുറവും. അധീശ സമൂഹത്തിന്റെ ശാസനകള്‍ക്കും ഘടനകള്‍ക്കുമപ്പുറം സാമൂഹിക-സദാചാരത്തിന്റെ അതിര്‍ത്തികള്‍ക്കു പുറത്ത്, ഇവയെ തകര്‍ത്തെറിയാനുള്ള ആവേശങ്ങളും ആഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ‘അപര’ സ്ഥാനമാണ് ഇവിടെ ‘കടാപ്പുറം’. ഈ സിനിമയില്‍ ഈ വാക്കിന്റെ ഉപയോഗം തന്നെ ഈ സ്ഥലത്തെ മലയാള സിനിമാ-സംസ്‌കാരത്തിന്റെ ഭാഷയ്ക്കും പ്രദേശത്തിനും അപ്പുറം കൊണ്ടുനിര്‍ത്തുന്നു.
ആദ്യകാല സിനിമയായ ചെമ്മീനിലൂടെ സ്ഥാപിക്കപ്പെടുന്ന ഈ രീതി ചെമ്മീന്‍ എന്ന സിനിമയെ ഒരാധുനിക ഇതിഹാസമാക്കുകയും കടപ്പുറങ്ങളെയും അവിടെ ജീവിക്കുന്നവരെയും പ്രതിനിധാനം ചെയ്യുന്നതിന്റെ അടിസ്ഥാന രീതികള്‍ക്ക് അടിത്തറയിടുകയും ചെയ്തു. അങ്ങനെ ചെമ്മീനിനു ശേഷം കാറ്റും കടലും കടപ്പുറവും മലയാള സിനിമാഖ്യാനങ്ങളുടെ ഓരങ്ങളില്‍ അമിത സ്വത്വങ്ങളുടെ അശാന്തതയും പേറി വീര്‍പ്പുമുട്ടി നില്‍ക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ കടപ്പുറങ്ങള്‍ കൊണ്ട് അതിര്‍ത്തി നിര്‍മിച്ച കേരളത്തിലെ സുപ്രധാനമായ ഒരു പ്രദേശത്തിനും അതുനല്‍കുന്ന പ്രകൃതി വിഭവങ്ങള്‍ക്കും അതിന്റെ ശരിയായ അവകാശികള്‍ക്കും മേലെ ഇടനാടുകളുടെ സാംസ്‌കാരിക-സാമൂഹിക ആധിപത്യം സ്ഥാപിച്ചെടുക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമായി തന്നെയായിരിക്കണം ഇങ്ങനെയൊരു പ്രതിനിധാനം ഉണ്ടായിവന്നത്. ഒരുകാലത്ത് വന്‍ സാമൂഹിക പ്രക്രിയകളുടെ കേന്ദ്രമായിരുന്ന തീരപ്രദേശങ്ങളെ കേരള (പ്ര)ദേശത്തിന്റെ കീഴില്‍ സംഘടിപ്പിച്ചു നിര്‍ത്താന്‍ ഇങ്ങനെയൊരു പ്രതിനിധാനം തീര്‍ച്ചയായും സഹായിച്ചിരിക്കണം.
ഇങ്ങനെയൊരു ഇടപാടിനുള്ളിലൂടെയാണ് തീരദേശങ്ങളിലെ മനുഷ്യര്‍ക്ക്-പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് (മറ്റു കീഴാള പുരുഷന്‍മാരെപ്പോലെതന്നെ) അസാമാന്യ ശക്തിയും കായികബലവും കരുത്തും ആജിക്കുന്നതും അവര്‍ എളുപ്പത്തില്‍ അക്രമത്തിലേക്കു നീങ്ങുന്നവരായി പ്രതിനിധാനം ചെയ്യപ്പെടുന്നതും.
ഗോഡ് ഫാദര്‍ (സിദ്ദിഖ്-ലാല്‍-1991) എന്ന സിനിമയിലെ ഒരു കടപ്പുറക്കാരന്‍ പറയുന്ന ഡയലോഗ് ശ്രദ്ധിക്കുക:
”നടക്കൂല മുതലാളി… അവനെ നിങ്ങള്‍ ഇവിടുന്ന് കൊണ്ടു പോവില്ല… ഇതു കടപ്പുറമാണ്. ഇതു കടലില്‍ നിന്ന് മീന്‍ വാരണ കൈയും. നാറും…”
ഏകദേശം ഇതുപോലെയുള്ള സംഭാഷണങ്ങള്‍ പല സിനിമകളിലും കേള്‍ക്കാം. മീന്‍ബന്ധനം കടപ്പുറക്കാര്‍ക്ക്-പുരുഷന്‍മാര്‍ക്ക് പ്രത്യേകതരമായ ഒരു കരുത്ത് നല്‍കുമെന്നും അതിനെ മറ്റുള്ളവര്‍ ഭയക്കുമെന്നുമുള്ള ഒരു ഭീഷണി അല്ലെങ്കില്‍ താക്കീതാണ് ഇത്തരം ഡയലോഗുകള്‍ ആവര്‍ത്തിക്കുന്നത്. ഇങ്ങനെയൊരു വ്യവഹാരങ്ങള്‍ക്കുള്ളില്‍ നിന്നാണ് കടപ്പുറങ്ങളും ബീമാപ്പള്ളിപോലുള്ള തീരപ്രദേശങ്ങളും അക്രമാസക്തവും അവിടെ ജീവിക്കുന്നവര്‍ അക്രമികളും പോലിസ് നിയന്ത്രണത്തിനു കീഴില്‍ നിര്‍ത്തപ്പെടേണ്ടവരുമായി എളുപ്പത്തില്‍ മാറുന്നത്.
ബീമാപ്പള്ളിയെ സംബന്ധിച്ചു നിലനില്‍ക്കുന്ന ‘കള്ളക്കടത്ത്’, ‘വ്യാജവ്യാപാരം’ എന്നിങ്ങനെയുള്ള ദുഷ്‌പേരുകള്‍ പ്രദേശവാസികളെ ഇത്തരത്തിലൊരു ഹിംസയ്ക്കു കൂടുതല്‍ അര്‍ഹമാക്കുന്നു എന്നതിവിടെ ശ്രദ്ധാര്‍ഹമാണ്. മാത്രമല്ല, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തെ വലയം ചെയ്യുന്ന അധീശ സവര്‍ണ ഹിന്ദുപരിവേഷത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായാണ് ബീമാപ്പള്ളിയുടെ മുസ്‌ലിം സ്വത്വം മുഴച്ചുനില്‍ക്കുന്നത്. ഇതുകാരണം വളരെ വ്യക്തമായി തന്നെ പൊതുമണ്ഡലത്തിന്റെ അധീശയുക്തികളില്‍ നിന്നു (നീതി-ന്യായ ഘടനകളില്‍ നിന്ന്) ബഹിഷ്‌കരിക്കപ്പെട്ട ഒരു കോളനി സ്ഥാനം ഈ പ്രദേശത്തിനു സ്വന്തമാവുന്നു.
കേരളത്തിലെ ദലിത് കോളനികളെക്കുറിച്ച് എം.ആര്‍ രേണുകുമാര്‍ ദലിത് കോളനികള്‍ വിഭിന്നമായ ഒരു കേരളത്തെയാണ് അടയാളപ്പെടുത്തുന്നത് (വേളം, 2009) എന്ന തന്റെ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക:
”കോളനികള്‍ എല്ലാ അര്‍ഥത്തിലും ഒരു അരിക് ജീവിതത്തെയാണ് എപ്പോഴും വെളിപ്പെടുത്തുന്നത്. എല്ലാ അര്‍ഥത്തിലും എല്ലാത്തിന്റെയും പുറമ്പോക്ക് ആയിരിക്കുക എന്നത് കോളനിയുടെ തലവരയായി മാറിയിട്ടുണ്ട്. നമ്മുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തില്‍ പ്രതിസ്ഥാനത്താണ് കോളനി എന്ന വാക്ക് ഇടം കണ്ടെത്തുന്നത്… ഒരു ശ്മശാനമോ മാലിന്യനിര്‍മാര്‍ജന കേന്ദ്രമോ ഉണ്ടാക്കണമെങ്കില്‍ നമ്മള്‍ ആദ്യം പരിഗണന കൊടുക്കുക കോളനികള്‍ക്കാവാം” (പേജ്: 80).
ഇങ്ങനെ തന്നെ ഒരു കോളനിയായി മാറുന്ന ബീമാപ്പള്ളി, നിയമവിരുദ്ധതയുടെയും മുസ്‌ലിം സമുദായത്തിന്റെ തന്നെ ‘അപര’ സ്ഥാനത്തിന്റെയും (പള്ളിയോട് ചേര്‍ന്നുകിടക്കുന്ന കോളനി) പേരില്‍ കൂടുതല്‍ ആഴത്തില്‍ അടയാളപ്പെട്ടിരിക്കുന്നതുകൊണ്ട് അതിന്റെ ബഹിഷ്‌കരണം കൂടുതല്‍ ഹിംസാത്മകമായിത്തീരുന്നു.
ഇങ്ങനെ ഉത്തമ കേരളീയ സ്വത്വത്തിന്റെ പുറത്തേക്കു നീങ്ങുമ്പോള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായ ഇസ്‌ലാമിലൂന്നിയ ലോകങ്ങളും സാമൂഹിക-സാംസ്‌കാരിക ഘടനകളും ഇവരെ കൂടുതല്‍ സംശയാസ്പദമാക്കുന്നു. ഇതവരെ മനുഷ്യാവകാശങ്ങളുടെ തന്നെ പരിധിക്ക് പുറത്തേക്കു തള്ളുകയും ഏതു തരത്തിലുള്ള ഹിംസയും ഏറ്റുവാങ്ങാന്‍ അര്‍ഹരാക്കുകയും ചെയ്യുന്നു. കോളനി, മുസ്‌ലിം സമുദായം എന്നിവയെ നിരന്തരം കേരളീയതയുടെ പുറത്തേക്കു തള്ളിക്കൊണ്ടുള്ള സിനിമാ പ്രതിനിധാനങ്ങള്‍ ഈ പ്രക്രിയക്ക് ജനകീയമായ സമ്മതം നേടിക്കൊടുക്കുന്നു.
മാത്രമല്ല, 80കള്‍ക്കു ശേഷം ഗള്‍ഫ് തരംഗം മൂലവും മറ്റു കാരണങ്ങളാലും കേരളവും തീരപ്രദേശങ്ങളും മാറിവരുമ്പോള്‍ ബീമാപ്പള്ളി പോലുള്ള പ്രദേശങ്ങളെക്കുറിച്ചു നിലനിന്നിരുന്ന മുന്‍ധാരണകള്‍ക്ക് ശക്തിയേറുകയും അവ കൂടുതല്‍ ഹിംസാത്മകമായിത്തീരുകയും ചെയ്യുന്നു.
80കള്‍ക്കു ശേഷം കേരളത്തെപ്പോലെ കേരളത്തിലെ തീരപ്രദേശങ്ങളും പലതരത്തില്‍ മാറുകയുണ്ടായി. ഗള്‍ഫ് പ്രവാസം, അതില്‍ നിന്നുണ്ടായ സാമ്പത്തിക-സാംസ്‌കാരിക മുന്നേറ്റം, മീന്‍ബന്ധനത്തിന്റെ സ്വകാര്യവല്‍ക്കരണത്തന്റെ ഭാഗമായി പരമ്പരാഗത രീതികളിലുണ്ടായ തകര്‍ച്ച, ബീമാപ്പള്ളി പോലുള്ള സ്ഥലങ്ങളില്‍ ഗള്‍ഫുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന അനൗപചാരിക വ്യാപാരം ഇവയെല്ലാം തീരപ്രദേശങ്ങളെ വന്‍തോതിലുള്ള മാറ്റങ്ങള്‍ക്കു വിധേയമാക്കി. ഇത്തരം മാറ്റങ്ങളുടെ ഭാഗമായും ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടും കേരളത്തിലെ തീരപ്രദേശങ്ങളില്‍ 80കള്‍ക്കു ശേഷമുണ്ടായ അക്രമസംഭവങ്ങള്‍, പൊതുമണ്ഡലത്തിന്റെ ശ്രദ്ധ പിടിച്ചുതുടങ്ങുകയും ഇവയെ കേരളത്തിലെ കടപ്പുറങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതിന്റെ തെളിവായി അവതരിപ്പിക്കപ്പെടുകയും ചെയ്തു.
2002ല്‍ മാറാട് കടപ്പുറത്ത് അഞ്ചു മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതിനു പകരമായി എട്ടു ധീവരര്‍ (ഹിന്ദുക്കള്‍) 2003ല്‍ മാറാട് കൊല്ലപ്പെട്ട സംഭവത്തോടെ ഈ വ്യവഹാരം കൂടുതല്‍ ശക്തിപ്രാപിച്ചു. ഇതിനെക്കുറിച്ച് എന്‍.പി ചെക്കുട്ടി എഴുതുന്നത് ശ്രദ്ധിക്കുക:
The economic activities of the Hindu fisher people in Maradu are controlled by the Araya Samajam which provides loans to all its members, at very low rates of interest, to power speed boats or new gear like nets. On the other hand the Jama`at committee and the Muslim mosque committees, both of which enjoy financial support from community members in the Gulf, are able to give interest free loans to their members. Thus the communal organizations are able to dictate the social life on the beaches of Kerala.
വളരെ എളുപ്പത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിലോമപരമായ പ്രത്യയശാസ്ത്രങ്ങളും ഘടനയും മുസ്‌ലിം സമുദായത്തിന്റെ അനിഷേധ്യ ഭാഗമായ മുസ്‌ലിം സംഘടനകള്‍ക്കു മേലെയും ആരോപിക്കപ്പെടുന്ന ഒരു പ്രവണതയാണ് മേലെ കാണുന്നത്. ഹിന്ദു സമം മുസ്‌ലിം, മതം സമം വര്‍ഗീയത എന്ന ദേശീയവാദ-ഇടതുപക്ഷ വായനയാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാക്കിത്തീര്‍ക്കുന്നത്. കെ.എന്‍ ഗണേഷ്, കെ.എന്‍ പണിക്കര്‍ എന്നിവര്‍ തീരദേശത്തെക്കുറിച്ചും അതിന്റെ വര്‍ഗീയവല്‍ക്കരണത്തെക്കുറിച്ചും ഇതേ തരത്തില്‍ പ്രശ്‌നകരമായ ഒരു കാഴ്ചപ്പാടാണ് തങ്ങളുടെ പഠനങ്ങളിലൂടെ കേരളത്തില്‍ സാധൂകരിച്ചത്.
മാത്രമല്ല, മറ്റുചില കാര്യങ്ങളും ഇവിടെ വ്യക്തമാവുന്നു. ഒന്ന്, കടപ്പുറങ്ങളിലുണ്ടായിക്കൊണ്ടിരുന്ന സംഘര്‍ഷങ്ങള്‍ പ്രത്യേക ശ്രദ്ധ നേടുന്നതു തന്നെ തീരപ്രദേശങ്ങളുടെ അക്രമാസക്തിയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ക്കുള്ളിലൂടെയാണ്.
തീരപ്രദേശങ്ങളില്‍ മാത്രമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നോ ഇവിടെ മാത്രമാണ് അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നതെന്നോ ഒരിക്കലും പറയാന്‍ കഴിയാത്ത ഒരു സാഹചര്യത്തില്‍, തീരപ്രദേശങ്ങളെക്കുറിച്ച് ഇത്തരം വായനകള്‍ ഉണ്ടായിവരുന്നതും ഇതിന്റെ ഭാഗമാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, ദലിതര്‍ക്കു നേരെ വളര്‍ന്നുവരുന്ന ഹിംസകള്‍, ഭരണകൂടത്തിന്റെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍, പൊതുമണ്ഡലത്തിന്റെ തന്നെ ഹിംസാത്മകമായ പല പുതിയ വ്യവഹാരങ്ങള്‍- ഇവയൊന്നും ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റുകയോ വര്‍ഗീയവല്‍ക്കരണത്തിന്റെ കണ്ണിലൂടെ കാണപ്പെടുകയോ ചെയ്യുന്നില്ല. എന്നാല്‍, മലയാള സിനിമാ-സാംസ്‌കാരിക വ്യവഹാരങ്ങള്‍ മുന്‍കൂട്ടി തന്നെ പ്രശ്‌നകരമായി നിര്‍വചിച്ചുവച്ചിരുന്ന ഒരു പ്രദേശത്തെ ഇങ്ങനെയൊരു വ്യവഹാരത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത് വളരെ എളുപ്പമാണല്ലോ.
രണ്ടാമതായി, വര്‍ഗീയതയെക്കുറിച്ചുള്ള ഇത്തരം വ്യവഹാരങ്ങള്‍ കേരളത്തിലെ എല്ലാത്തരം വര്‍ഗീയതയെയും മതേതരത്വത്തിന്റെ പേരില്‍ എതിര്‍ക്കുമ്പോഴും മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്താനും ഗള്‍ഫ് കാരണം ഉണ്ടായ അവരുടെ സാമുദായികമായ മുന്നേറ്റത്തെ തന്നെ വര്‍ഗീയതയുടെ പേരില്‍ ന്യൂനീകരിക്കാനും ഉപയോഗിക്കപ്പെട്ടു. ഇതു പലപ്പോഴും ഹിന്ദു വലതുപക്ഷത്തിന്റെ അക്രമങ്ങളെക്കുറിച്ചു പറയാന്‍ മുസ്‌ലിം സമുദായ സ്വത്വത്തിനെ തന്നെ അക്രമിക്കേണ്ടിവരുന്ന ഒരു അവസ്ഥയുണ്ടാക്കി. മാത്രമല്ല, പലപ്പോഴും ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചയെത്തന്നെ അപ്രസക്തമാക്കിക്കൊണ്ട് വര്‍ഗീയതയെക്കുറിച്ചുള്ള ഇത്തരം വ്യവഹാരങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും പുതിയൊരു ഭീതി കേരളത്തിനു സമ്മാനിച്ചു.
മാറാട് സംഭവത്തെ തന്നെ ശ്രദ്ധിക്കുക. ഇവിടെ വര്‍ഗീയതയെക്കുറിച്ചുള്ള ആകാംക്ഷകള്‍ എല്ലാമുണ്ടാവുന്നത് എട്ടു ധീവര സമുദായക്കാര്‍ കൊല്ലപ്പെടുമ്പോഴാണ്. ഇതിനു തൊട്ടുമുമ്പുള്ള വര്‍ഷം ഇതേ സ്ഥലത്ത് അഞ്ചു മുസ്‌ലിംകള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു ആകാംക്ഷയുടെ തുടക്കം പോലും കേരളത്തിലെ പൊതുമണ്ഡലത്തില്‍ കാണുന്നില്ല. ഈ സംഭവത്തെ ‘രണ്ടാമത്തെ മാപ്പിള കലാപമായി’ കാണുന്ന ഹൈന്ദവ വ്യവഹാരങ്ങളും ഈ സംഭവത്തിന്റെ മുസ്‌ലിം പക്ഷത്തെക്കുറിച്ചു പറയുമ്പോള്‍ പോലും 2002ലെ മാറാടിനെക്കുറിച്ചു സംസാരിക്കാത്ത പുരോഗമന മതേതര വ്യവഹാരങ്ങളും ഏകദേശം ഒരേ കര്‍മം തന്നെയാണ് നിറവേറ്റുന്നത്. ചുരുക്കത്തില്‍ ഇങ്ങനെയൊരു പ്രവണതയുടെ ഭാഗമായി കേരളത്തിലെ കടപ്പുറങ്ങളും അവിടെ ജീവിക്കുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരും വര്‍ഗീയതയുടെ വിശകലനങ്ങള്‍ക്കു കീഴില്‍ വരുകയും അവരെക്കുറിച്ചു നിലനിന്നിരുന്ന ‘അക്രമത്തിന്റെ’ വ്യവഹാരങ്ങള്‍ കൂടുതല്‍ ശക്തിനേടുകയും ചെയ്തു.
അങ്ങനെ 90കള്‍ക്കു ശേഷമുള്ള സിനിമകള്‍ കടപ്പുറങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വര്‍ഗീയ സ്പര്‍ധയുടെയും പുത്തന്‍ ഇടങ്ങളായും അതുകൊണ്ടുതന്നെ പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരേണ്ട സംഘര്‍ഷ ഭൂമിയായും പ്രതിനിധാനം ചെയ്തുതുടങ്ങി. കമ്മീഷണര്‍ (ഷാജി കൈലാസ്, 1994) എന്ന സിനിമതന്നെയെടുക്കുക. സുരേഷ് ഗോപിയുടെ താരസ്ഥാനത്തിന് ഏറ്റവും സഹായിച്ച സിനിമയാണിത്. പിന്നീടങ്ങോട്ട് ഭരണകൂടവും സാധാരണ ജനങ്ങളും ഇടപെടുന്ന ഒട്ടനവധി സിനിമകള്‍ക്ക് തുടക്കംകുറിച്ച ഒരു സിനിമയുമാണിത്. ഈ സിനിമ തുടങ്ങുന്നതു തന്നെ ബേപ്പൂര്‍ അഴിമുഖത്തെയും അവിടെ വന്നുകയറുന്ന ബോട്ടുകളെയും കാണിച്ചുകൊണ്ടാണ്. ഇവിടെ ബോട്ടില്‍ വന്നിറങ്ങുന്ന ഒരു സംഘം ആളുകളെ സുരേഷ് ഗോപി കറുത്ത ളോഹയുമിട്ട് വന്ന് ഇടിച്ചുനിലംപരിശാക്കുന്നു. ഇതിനുശേഷം ളോഹവലിച്ചൂരി സുരേഷ് ഗോപി തന്റെ പോലിസ് വേഷം വെളിപ്പെടുത്തുന്നു. അയാളുടെ മുഖത്തിന്റെ ക്ലോസപ്പില്‍ കമ്മീഷണര്‍ എന്ന സിനിമയുടെ പേരു തെളിയുമ്പോള്‍, പശ്ചാത്തലത്തില്‍ തിരമാലകളുടെ ആര്‍ത്തിരമ്പലുകള്‍ ഉച്ചത്തില്‍ ഉയരുന്നു. അടുത്ത സീനില്‍ നമ്മള്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സുരേഷ് ഗോപി കുഞ്ഞുമൊയ്തീന്‍ സായ്‌വിന്റെ ആളുകളില്‍ നിന്ന് അഞ്ചുകോടിയുടെ കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തതിന്റെ ചിത്രീകരണമാണ് ആദ്യം കണ്ടതെന്നു മനസ്സിലാക്കുന്നു. അങ്ങനെ കടല്‍, കള്ളക്കടത്ത്, മുസ്‌ലിംസമുദായം എന്നിങ്ങനെയുള്ള അടയാളങ്ങളുടെ നിയമവിരുദ്ധതയും സാംസ്‌കാരികമായ അധപ്പതനവുമാണ് ഇവിടെ സുരേഷ് ഗോപിയുടെ ഭരണകൂടപക്ഷ നായകസ്ഥാനത്തെ സാധൂകരിക്കുന്നത്. ഇങ്ങനെ ഒരു സമുദായത്തെയും പ്രദേശത്തെയും തന്റെ കാക്കിക്കുപ്പായത്തിന്റെ ധാര്‍ഷ്ട്യത്തിനു -ഭരണകൂട ഭാഗത്തു നില്‍ക്കുന്ന ഒരു ആണ്‍ അധികാരത്തിന്റെ- കീഴെ നിലനിര്‍ത്തുമ്പോഴാണ് കമ്മീഷണറുടെ ആണ്‍നായക സ്ഥാനത്തിന് ഇത്ര ഗ്ലാമറുണ്ടായിത്തീരുന്നത്. തീരപ്രദേശങ്ങളിലെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തെ നേരിട്ടു പ്രതിപാദിക്കുന്ന ഗോഡ്മാന്‍ (കെ. മധു, 1999) പോലുള്ള സിനിമകള്‍ ഇത്തരം വ്യവഹാരങ്ങളെ മുന്നോട്ട് കൊണ്ടുപോവുമ്പോള്‍ ഈ പ്രക്രിയ പൂര്‍ണമാക്കുന്നു. ഇങ്ങനെയൊരു പ്രതിനിധാനം 90കള്‍ക്കു ശേഷമുള്ള നിരവധി സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കേരളത്തില്‍ തീരപ്രദേശങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ആകാംക്ഷകള്‍ വലിയതോതില്‍ വളര്‍ന്നുവരുന്നു. കടപ്പുറങ്ങളുടെ വര്‍ഗീയവല്‍ക്കരണത്തെക്കുറിച്ചു കേരളത്തിലുണ്ടായ പൊതുസമ്മതിയോടു ചേര്‍ന്ന് ഇങ്ങനെയൊരു ആകാംക്ഷയ്ക്ക് കടപ്പുറങ്ങളെ നിയന്ത്രിക്കാനുള്ള സാംസ്‌കാരികമായ ഒരു സമ്മതത്തെ തന്നെ സിനിമകളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നു. അങ്ങനെ ഇത്തരം സിനിമാഖ്യാനങ്ങള്‍ ബീമാപ്പള്ളിയിലെ മനുഷ്യരെ പോലിസിന്റെ വെടിയേറ്റു മരിക്കാന്‍ മുന്‍കൂട്ടിതന്നെ തയ്യാറാക്കുന്നു. അതുകൊണ്ടുതന്നെ ഇത്ര അന്യായമായ വെടിവയ്പ് നടന്നിട്ടും അതിനെക്കുറിച്ചൊരു വലിയ പ്രതിഷേധം പോലും ഉയരാത്ത കേരളത്തില്‍ തുടക്കത്തില്‍ കൊടുത്ത ഓണ്‍ലൈണ്‍ ഫോര്‍വേഡിലെ പോലെ അതിനെ ന്യായീകരിക്കുന്ന നിരവധി പേരുണ്ടായി വരുന്നു. ഇതെല്ലാം തന്നെ മലയാള സിനിമയുടെ സാംസ്‌കാരികമായ പരിണാമമാവുമ്പോള്‍, എവിടെ നിന്നും മറുത്തൊരു അഭിപ്രായം പോലും ഉയര്‍ത്താന്‍ കഴിയാത്ത തരത്തിലൊരു സാംസ്‌കാരിക സമ്മതി (cultural consensus) കേരളത്തെ പൊതിയുകയും ബീമാപ്പള്ളിയിലെ വെടിവയ്പിന്റെ ഓര്‍മകള്‍ തന്നെ മാഞ്ഞില്ലാതാവുകയും ചെയ്യുന്നു.
• എന്‍.പി ചെക്കുട്ടി, The Dark Side of the Kerala Model of Development. Info Change News and Features ജൂലൈ 2006
• വേളം ടി. മുഹമ്മദ്, (എഡി.). ചെങ്ങറ ഐക്യദാര്‍ഢ്യ പുസ്തകം. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2009
ജെനി റൊവീന: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള മിറാന്‍ഡ ഹൗസ് കോളജില്‍ പഠിപ്പിക്കുന്നു. ചിരിപ്പടങ്ങളെക്കുറിച്ചു ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്തിട്ടുണ്ട്. തെമ്മാടികളും തമ്പുരാക്കന്മാരും: മലയാള സിനിമയും ആണത്തങ്ങളും എന്ന പുസ്തകത്തിന്റെ രചയിതാവാണ്.