മലപോലുള്ള മാലിന്യത്തിനുമുന്നില്‍ എലിപോലുള്ള പ്ലാന്റ് കൊണ്ട് എന്തുഗുണം?

മഴകാലത്ത് മാലിന്യമല പൊട്ടിയൊലിക്കലും വേനല്‍കാലത്ത് കത്തിപ്പിടിക്കലും പതിവായപ്പോള്‍ ലാലൂര്‍കാരുടെ ജീവിതം കൂടുതല്‍ ദുരിതമായി. മാലിന്യസംസ്കരണം വികേന്ദ്രീകൃതമാക്കുക എന്ന ലാംപ്സിന്റെ നിലപാടിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ ആദ്യപ്ളാന്റ് നിര്‍മ്മിക്കാന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ. പത്തിയൂര്‍ ഗോപിനാഥ് മുന്‍കൈയെടുത്തപ്പോള്‍ വ്യാപാരികള്‍ എതിര്‍ക്കുകയും കോര്‍പ്പറേഷന്‍ അതിനു കൂട്ടുനിന്ന് പദ്ധതിയെ കുഴിച്ചുമൂടുകയുമാണ് ചെയ്തത്. പകരം പലതും ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അതാണ് വീണ്ടും സമരരംഗത്തിറങ്ങാന്‍ സമരസമിതിയെ നിര്‍ബന്ധിതമാക്കിയതും കെ. വേണു അനശ്ചിതകാല നിരാഹാരമാരംഭിച്ചതും.

  • ഐ ഗോപിനാഥ്

കേരളത്തില്‍ മാലിന്യ വിരുദ്ധ സമരത്തിന് ഹരിശ്രീ കുറിച്ചത് ലാലൂരില്‍. സാംസ്കാരിക നഗരമെന്ന് കൊട്ടിഘോഷിക്കുന്ന തൃശൂരിന്റെ കുപ്പത്തൊട്ടിയാണ് ലാലൂര്‍. നേരത്തെ ലാലൂര്‍, നഗരത്തിനടുത്ത പഞ്ചായത്തായ അയ്യന്തോളിന്റെ ഭാഗമായിരുന്നു. പണ്ട് നഗരത്തില്‍നിന്നുള്ള മനുഷ്യ വിസര്‍ജമടക്കം ഇവിടെ നിക്ഷേപിച്ചിരുന്നു. 28 വര്‍ഷം മുമ്പാണ് ലാലൂര്‍ നിവാസികള്‍ ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള സമരമാരംഭിച്ചത്. ഒരുമതിലുപോലുമില്ലാതിരുന്ന ഇവിടത്തെ ട്രഞ്ചിംഗ് ഗ്രൌണ്ടില്‍നിന്ന് മാലിന്യങ്ങള്‍ കാക്കയും പട്ടിയുമെല്ലാം കടിച്ചെടുത്ത് ചുറ്റുമുള്ള വീടുകളില്‍ എത്തിച്ചിരുന്ന കാലം. അവയില്‍ ആശുപത്രികളില്‍നിന്ന് നീക്കം ചെയ്ത ശരീരഭാഗങ്ങളും ഗര്‍ഭമലസിയ ഭ്രൂണങ്ങളും വരെയുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ട് 28 വര്‍ഷത്തെ സമരചരിത്രം. ആദ്യകാലത്ത് സമരം പൊതുവില്‍ അക്രമാസക്തമായിരുന്നു. സമരസമിതിക്കുള്ളില്‍ നക്സല്‍ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന മേല്‍കൈ ആയിരുന്നു അതിനു കാരണം. മാലിന്യലോറികള്‍ തല്ലിതകര്‍ത്തും ലാലൂരില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന് നഗരത്തില്‍ വിതറിയും മറ്റും സമരം മുന്നേറി. ഇടക്കിടക്ക് ചില ഒത്തുതീര്‍പ്പുകളും സമരത്തിനു ഇടവേളകളും ഉണ്ടായി. ട്രഞ്ചിംഗ് ഗ്രൌണ്ടിനുചുറ്റും മതില്‍ വന്നതും ആശുപത്രി മാലിന്യങ്ങള്‍ വരാതായതും അങ്ങനെയായിരുന്നു. അതിനിടെ സമീപത്തെ കിണറിലിറങ്ങി വിഷവായു ശ്വസിച്ച് മൂന്നുപേരും മാലിന്യങ്ങളില്‍ ചവിട്ടി പരിക്കേറ്റ് ഒരാളും മരിച്ചു. സമീപത്തെ കിണറുകള്‍ മിക്കവാറും ഉപയോഗശൂന്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ വിലയിരുത്തി. ട്രഞ്ചിംഗ് ഗ്രൌണ്ടിനു ചുറ്റും നിരവധി കോളനികളിലായി താമസിക്കുന്നത് പട്ടികജാതിക്കാരാണെന്ന് പ്രത്യേകം പറയാതെ തന്നെ ഊഹിക്കാമല്ലോ. പല കോളനികളും സര്‍ക്കാര്‍ തന്നെ നിര്‍മ്മിച്ചവ.
നഗരം വളരുകയായിരുന്നു. തൃശൂര്‍, കോര്‍പ്പറേഷനായപ്പോള്‍ ലാലൂരും അതിനകത്തായി. ഒപ്പം നിത്യേന എത്തിയിരുന്ന മാലിന്യങ്ങളുടെ അളവും വര്‍ദ്ധിച്ചു. സമരവും ശക്തമായി. അങ്ങനെയാണ് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി സമരത്തില്‍ ഇടപെട്ടത്. ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ട്രഞ്ചിംഗ് ഗ്രൌണ്ടിനകത്ത് തന്നെ ചെറിയ സംസ്കരണ പ്ളാന്റ് ആരംഭിച്ചു. മലപോലുള്ള മാലിന്യത്തിനുമുന്നില്‍ എലിപോലുള്ള പ്ളാന്റ് കൊണ്ട് എന്തുഗുണം? കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അതിനിടെ കുടുംബശ്രീക്കാര്‍ക്ക് കൊട്ടിഘോഷിച്ച് കോര്‍പ്പറേഷന്‍ തൊഴില്‍ പദ്ധതി നടപ്പാക്കി. വീടുകളില്‍ കയറി മാലിന്യം ശേഖരിച്ച് ലാലൂരില്‍ തട്ടുക. അതുവരെ എങ്ങനെയെങ്കിലും വീടുകളില്‍ സംസ്കരിച്ചിരുന്ന മാലിന്യം പോലും അങ്ങനെ ലാലൂരിലെത്താന്‍ തുടങ്ങി. പാവപ്പെട്ട കുടുംബശ്രീക്കാരും ലാലൂര്‍നിവാസികളും ശത്രുക്കളായി.  മഴകാലത്ത് മാലിന്യമല പൊട്ടിയൊലിക്കലും വേനല്‍കാലത്ത് കത്തിപ്പിടിക്കലും പതിവായപ്പോള്‍ ലാലൂര്‍കാരുടെ ജീവിതം കൂടുതല്‍ ദുരിതമായി. വീണ്ടും ലാലൂര്‍ നിവാസികള്‍ തെരുവില്‍.

അതിനിടെ ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. അതുവരെ പലപ്പോഴും സി.പി.എമ്മും മറ്റും സമരത്തില്‍ സഹകരിച്ചിരുന്നെങ്കിലും അധികാരത്തില്‍ വന്ന ശേഷം കാര്യമായൊന്നും സംഭവിച്ചില്ല. എങ്കിലും അവസാനകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് തന്നെ മുന്‍കൈ എടുത്ത് പുതിയൊരു പദ്ധതിക്ക് രൂപം കൊടുത്തു. ലാംപ്സ് അഥവാ ലാലൂര്‍ മാതൃകാ പദ്ധതി. നഗരത്തില്‍ ആറിടത്ത് വികേന്ദ്രീകൃ മാലിന്യംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുക, ഇപ്പോഴുള്ള മാലിന്യ മല നീക്കം ചെയ്യുക. അതായിരുന്നു ലാംപ്സിന്റെ കാതല്‍. പദ്ധതിയുടെ ഉത്തരവാദിത്തം കാര്‍ഷിക സര്‍വ്വകലാശാല ഏറ്റെടുക്കുകയും ചെയ്തു. യേശുദാസിന്റേയും അഴിക്കോടിന്റേയും സാന്നിധ്യത്തിലായിരുന്നു സമരസമിതി പടക്കം പൊട്ടിച്ച് സമരത്തില്‍നിന്ന് പിന്മാറിയത്. എന്നാല്‍ എല്‍.ഡി.എഫിനോ പിന്നാലെ വന്ന യു.ഡി.എഫിനോ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ വെച്ച് ലാംപ്സ് നടപ്പാക്കുമെന്നു പറഞ്ഞ കോര്‍പ്പറേഷന്‍ അധികൃതര്‍ കൃത്യമായ വിശദീകരണങ്ങളോ മറ്റൊരു പദ്ധതിയോ ഇല്ലാതെയാണ് ലാംപ്സില്‍ നിന്ന് പിന്മാറിയത്. മാലിന്യസംസ്കരണം വികേന്ദ്രീകൃതമാക്കുക എന്ന ലാംപ്സിന്റെ നിലപാടിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ ആദ്യപ്ളാന്റ് നിര്‍മ്മിക്കാന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ. പത്തിയൂര്‍ ഗോപിനാഥ് മുന്‍കൈയെടുത്തപ്പോള്‍ വ്യാപാരികള്‍ എതിര്‍ക്കുകയും കോര്‍പ്പറേഷന്‍ അതിനു കൂട്ടുനിന്ന് പദ്ധതിയെ കുഴിച്ചുമൂടുകയുമാണ് ചെയ്തത്. പകരം പലതും ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അതാണ് വീണ്ടും സമരരംഗത്തിറങ്ങാന്‍ സമരസമിതിയെ നിര്‍ബന്ധിതമാക്കിയതും കെ. വേണു അനശ്ചിതകാല നിരാഹാരമാരംഭിച്ചതും.

Top