ഒബാമയുടെ മക്കള്‍ക്ക് കൂടംകുളത്തെ കുട്ടികളുടെ കത്ത്

“പ്രിയപ്പെട്ട മലിയ, സാഷാ,  ആണവനിലയങ്ങളും ആണവായുധങ്ങളുമില്ലാത്ത സുരക്ഷിതമായ ഒരു ഭാവി നമുക്കെല്ലാം വേണ്ടി കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം, അമേരിക്കയിലെയും, ഇന്‍ഡ്യയിലെയും, ലോകത്തെ മറ്റ് രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് ഒന്നിക്കാം. കൂടംകുളം ആണവനിലയം അടച്ചുപൂട്ടാനും ഞങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ ആണവ നിലയം തുടങ്ങാതിരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് നിങ്ങള്‍ മമ്മിയോടും ഡാഡിയോടും കൂട്ടുകാരോടും സംസാരിക്കണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.”

കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ കൂടംകുളത്തെ കുട്ടികള്‍  അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മക്കള്‍ക്ക് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് മുഖേന വൈറ്റ് ഹൌസിലേക്ക് അയച്ച കത്ത്.

പ്രിയപ്പെട്ട മലിയ, സാഷ,

രണ്ടു പേര്‍ക്കും ഞങ്ങളുടെ ആശംസകള്‍! ഞങ്ങള്‍ ഇന്‍ഡ്യയുടെ തെക്കേ അറ്റത്തെ മുനമ്പായ കൂടംകുളത്തെയും ഇടിന്തിക്കരയിലെയും തൊട്ടടുത്ത അയല്‍ഗ്രാമങ്ങളിലെയും കുട്ടികളാണ്. ഒരു വര്‍ഷമായി ഞങ്ങളുടെ അച്ഛനമ്മമാര്‍ കൂടംകുളം ആണവ നിലയ പദ്ധതിക്കെതിരായ  (ഗഗചജജ) ശക്തമായ സമരത്തിലാണ്.
ഈ പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളൊന്നും തന്നെ ഇന്‍ഡ്യാ ഗവണ്മെന്റ് ഞങ്ങളുമായി പങ്കുവെക്കുന്നില്ല. ഈ പദ്ധതി സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരില്‍ നിന്നോ ഈ പദ്ധതി നടപ്പാക്കുന്ന കമ്പനിയില്‍ നിന്നോ അവര്‍ക്ക് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. അതിനേക്കാള്‍ പരിതാപകരമായ കാര്യം, ആണവ പദ്ധതിയില്‍ നടപ്പാക്കുന്നതും നടപ്പാക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാന്‍ ഞങ്ങളുടെ രാജ്യത്ത്  ‘പരമാധികാരമുള്ളതും സ്വതന്ത്രവുമായ’ ആണവ നിന്ത്രണ സംവിധാനം നിലവിലില്ല.
ഞങ്ങളുടെ രാജ്യവുമായി ആണവ കരാര്‍ ഒപ്പുവെച്ചിട്ടുള്ള നിങ്ങളുടെ രാജ്യവും, യുണൈറ്റഡ് സ്റേറ്റ്സ്, ചില അമേരിക്കന്‍ കമ്പനികളും ആന്ധ്രാ പ്രദേശിലെ കൊവ്വാഡയിലും ഗുജറാത്തിലെ വിര്‍ദിയിലും രണ്ട് കൂറ്റന്‍ ആണവ നിലയങ്ങള്‍ പണിയാന്‍ തയ്യാറെടുക്കുകയാണ്. നിങ്ങളുടെ ഡാഡിയുടെ സര്‍ക്കാര്‍ ഈ കരാറിനെയും ഇന്‍ഡ്യയിലെ ആണവ പദ്ധതികളെയും പിന്തുണച്ചുകൊണ്ടിരിക്കുന്നു.
ജപ്പാനിലെ ഫുകുഷിമയില്‍ നമ്മള്‍ അടുത്തിടെ കണ്ടതുപോലെ ആണവ നിലയങ്ങള്‍ അപകടകരമാണെന്ന് നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും, മലിയക്കും സാഷക്കും, അറിയാം. ആണവായുധ നിര്‍മാണ പദ്ധതിയുമായി നേരിട്ട് ബന്ധപ്പെട്ടതാണ് ആണവ ഊര്‍ജപദ്ധതി, അതുകൊണ്ടാണ് നിങ്ങളുടെ രാജ്യം ഇറാനിലെയും ഉത്തരകൊറിയയിലെയും ആണവ ഊര്‍ജ പദ്ധതികളെ ശക്തമായി എതിര്‍ക്കുന്നത്.
നമ്മുടെ അച്ഛനമ്മമാരുടെ തലമുറക്ക് 40 വര്‍ഷക്കാലമായി വൈദ്യുതി ലഭിച്ചതുകൊണ്ടും, അവരുടെ ബിസിനസ് കോര്‍പറേഷനുകള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും ധാരാളം ലാഭവും കമ്മീഷനും ലഭിച്ചു എന്നതുകൊണ്ടും മാത്രം, നമ്മള്‍, ഇന്നത്തെ കുട്ടികള്‍, നാളെ മാരകമായ റേഡിയോ ആക്ടീവ് മാലിന്യത്തിന്റെ റേഡിയേഷനും സകലമാന രോഗങ്ങളും അനുഭവിക്കേണ്ട കാര്യമില്ല. കാലവസ്ഥാ വ്യതിയാനത്തിനുള്ള പരിഹാരമാണ് ആണവശക്തിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാദം നമ്മള്‍ വിശ്വസിച്ചുകൂടാ. മലിനീകരിക്കപ്പെട്ട വായു തീര്‍ച്ചയായും വലിയ പ്രശ്നമാണെന്ന് നമുക്കറിയാം; എന്നാല്‍ വിഷലിപ്തമായ ഭൂമി അതിന് പരിഹാരമല്ല.
അമേരിക്കയിലെ തൊഴിലാളികളും അവരുടെ തൊഴിലാളി യൂണിയനുകളും അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്ക് നല്‍കിയ സംഭാവന നിങ്ങളുടെ രാജ്യം തൊഴില്‍ ദിനത്തില്‍ ആഘോഷിച്ചുവെന്ന് ഞങ്ങള്‍ കേട്ടു. ലോകത്തെല്ലായിടത്തുമുള്ള തൊഴിലാളികളെയും അവരുടെ ക്ഷേമത്തെയും നമ്മള്‍ വിലമതിക്കണം, ഞങ്ങളുടെ അച്ഛനമ്മമാരെല്ലാവരും തൊഴിലെടുക്കുന്നവരാണ്, കടലില്‍ നിന്നും, ഭൂമിയില്‍ നിന്നും ചെറു കച്ചവടങ്ങളില്‍ നിന്നും ഉപജീവനം കണ്ടെത്തുന്നവര്‍.
ഞങ്ങളുടെ പുരോഗതിയും, സുരക്ഷയും, ആരോഗ്യവും, ഞങ്ങളുടെ അച്ഛനമ്മമാരുടെ രോഗമുക്ത ജീവിതവും, ഞങ്ങളുടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ബലികഴിച്ചുകൊണ്ട് വമ്പന്‍ കോര്‍പറേഷനുകളുടെ ലാഭത്തിനു വേണ്ടി അമേരിക്ക ഇന്‍ഡ്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ കൊലചെയ്തുകൊണ്ട് വാള്‍മാര്‍ട്ട് പോലുള്ള വമ്പന്‍ കോര്‍പ്പറേഷനുകള്‍ തഴച്ചുവളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
പ്രിയപ്പെട്ട മലിയ, സാഷാ,  ആണവനിലയങ്ങളും ആണവായുധങ്ങളുമില്ലാത്ത സുരക്ഷിതമായ ഒരു ഭാവി നമുക്കെല്ലാം വേണ്ടി കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം, അമേരിക്കയിലെയും, ഇന്‍ഡ്യയിലെയും, ലോകത്തെ മറ്റ് രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് ഒന്നിക്കാം. കൂടംകുളം ആണവനിലയം അടച്ചുപൂട്ടാനും ഞങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ ആണവ നിലയം തുടങ്ങാതിരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് നിങ്ങള്‍ മമ്മിയോടും ഡാഡിയോടും കൂട്ടുകാരോടും സംസാരിക്കണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.
നിങ്ങളുടെ ദയാപൂര്‍ണമായ പിന്തുണയും സഹതാപത്തോടെയുള്ള പരിശ്രമങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്ക് ഇരുവര്‍ക്കും നിങ്ങളുടെ അച്ഛനമ്മമാര്‍ക്കും ഞങ്ങളുടെ സ്നേഹവും, ആദരവും സമാധാന ആശംസകളും നേരുന്നു. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് ശുഭാശംസ നേരുന്നു.

ആത്മാര്‍ത്ഥതയോടെ,
കൂടംകുളത്തെ കുട്ടികള്‍.

Top