ടി പി വധം : പ്രത്യയശാസ്ത്രവും പ്രതിക്കൂട്ടില്‍

ഏതു മാര്‍ഗ്ഗമുപയോഗിച്ചും രാഷ്ട്രീയ എതിരാളിയെ വക വരുത്തുന്ന ഈ സന്ദര്‍ഭം കേരളീയ സമൂഹം അകപ്പെട്ടിരിക്കുന്ന അഗാധമായൊരു പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത്. അതായത്, അഭിപ്രായവ്യത്യാസമുള്ളവരെ വകവരുത്തുന്നത് സ്വഭാവീകമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമായി നാം മാറിയിട്ടുണ്ട്. അവസരം ഒത്തുവന്നാല്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുമെന്ന് കമ്യൂണിസ്റുകാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സും, ബി.ജെ.പി യും, മുസ്ളീം ലീഗും, കേരള കോണ്‍ഗ്രസ്സും മുതല്‍ സി.പി. ഐ(എം എല്‍)കാര്‍ വരെ കേരളത്തില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല സാമുദായിക സംഘടനകള്‍ക്കും ബാധകമായ ഒരു കാര്യമാണിത്. അതായത് കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായോ, സാമുദായികമായോ സംഘടിക്കുന്നത് തന്നെ അപരനെ ആക്രമിക്കാനാണെന്നു തോന്നും വിധം ഭയാനകമാണ് നാം നേരിടുന്ന പ്രതിസന്ധി.

ടി പി ചന്ദ്രശേഖരന്റെ വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നില്ല. എന്നിട്ടും മുമ്പെങ്ങും കാണാത്തവിധം ഈ സന്ദര്‍ഭം കേരളത്തെ ഞെട്ടിച്ചു. ഇതിനു കാരണം ചന്ദ്രശേഖരന്റെ മുഖത്ത് ഏറ്റ അമ്പത്തി ഒന്ന് വെട്ടുകളായിരുന്നു എന്നു വിശ്വസിക്കാനാവില്ല. കാരണം ഇതിനേക്കാള്‍ ഭീകരവും ദാരുണവുമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷപ്രസ്ഥാനമായ മാര്‍ക്സിസ്റു പാര്‍ട്ടിയാണ് ഈ നിഷ്ഠൂര വധത്തിനു പിന്നില്‍ എന്ന യാഥാര്‍ത്ഥ്യമാണ് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് കേരളം. സാമൂഹികരാഷ്ട്രീയസാംസ്കാരിക പാഠങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാര്സിസം ചോദ്യം ചെയ്യപ്പെടരുതാത്ത സിദ്ധാന്തമാണ് എന്നാണ് കേരളം വിശ്വസിക്കുന്നത്. ഇത്തരം പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും പ്രചരിപ്പിച്ചും ജീവിക്കുന്ന കേരളം ഇടതുപക്ഷത്തെക്കുറിച്ച് ചില സങ്കല്പങ്ങളെ ഊട്ടി ഉറപ്പിക്കുന്നുണ്ട്. ഇടതുപക്ഷപാര്‍ട്ടികള്‍ വലിയ മാനവിക പ്രസ്ഥാനങ്ങളാണെന്നും, അവര്‍ ചരിത്രത്തില്‍ വളരെ വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ടെന്നും, ജീവത്യാഗം അടക്കമുള്ള വലിയ ചരിത്രം അവകാശപ്പെടാന്‍ ഇടതുപക്ഷത്തിനുണ്ടെന്നും വിശ്വസിക്കുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നു. ഈ ധാരണയിലുള്ള പ്രമുഖമായ ഒരു പാര്‍ട്ടി എതിരാളിയെ ഇത്ര ഭീകരമായി കൊലപ്പെടുത്തിയതിലാണ് കേരളം വിഭ്രമിച്ചത്. മാര്‍ക്സിസത്തിലൂടെ നിര്‍മ്മിക്കപ്പെട്ട സാംസ്കാരിക സാഹിത്യപാഠങ്ങളുടെ പ്രണേതാക്കളും വാഹകരുമായതുകൊണ്ടാണ് കേരളത്തിലെ സാംസ്കാരിക നായ(ക)ന്‍മാര്‍ സ്തംഭിച്ചുപോവുകയും മാളത്തിലൊളിക്കുകയും ചെയ്തത്. അതുകൊണ്ട് ടി. പി വധത്തില്‍ കേവല നീതിക്കു വേണ്ടിയുള്ള മുറവിളിക്കപ്പുറം ഗൌരവമായ പരിശോധനയര്‍ഹിക്കുന്ന കാര്യങ്ങളുണ്ട്.
ഏതു മാര്‍ഗ്ഗമുപയോഗിച്ചും രാഷ്ട്രീയ എതിരാളിയെ വക വരുത്തുന്ന ഈ സന്ദര്‍ഭം കേരളീയസമൂഹം അകപ്പെട്ടിരിക്കുന്ന അഗാധമായൊരു പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത്. അതായത്, അഭിപ്രായവ്യത്യാസമുള്ളവരെ വകവരുത്തുന്നത് സ്വഭാവീകമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമായി നാം മാറിയിട്ടുണ്ട്. അവസരം ഒത്തുവന്നാല്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുമെന്ന് കമ്യൂണിസ്റുകാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സും, ബി.ജെ.പി യും, മുസ്ളീം ലീഗും, കേരള കോണ്‍ഗ്രസ്സും മുതല്‍ സി.പി. ഐ (എം എല്‍)കാര്‍ വരെ കേരളത്തില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല സാമുദായിക സംഘടനകള്‍ക്കും ബാധകമായ ഒരു കാര്യമാണിത്. അതായത് കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായോ, സാമുദായികമായോ സംഘടിക്കുന്നത് തന്നെ അപരനെ ആക്രമിക്കാനാണെന്നു തോന്നും വിധം ഭയാനകമാണ് നാം നേരിടുന്ന പ്രതിസന്ധി.
ഒന്നു കൂടി വ്യക്തമാക്കിയാല്‍, അക്രമണത്തിന്റെയും പ്രതിരോധത്തിന്റേതുമായ ഒരു വിഷമവൃത്തത്തിലാണ് കേരളം അകപ്പെട്ടിരിക്കുന്നത്. ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ പ്രതിരോധത്തിലൂന്നുകയും, ശക്തിയുള്ള സ്ഥലങ്ങളില്‍ ആക്രമണകാരികളായിരിക്കുകയും ചെയ്യുകയെന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന അടിസ്ഥാനയുക്തിയാണ്. അതായത് ആക്രമിക്കുകയോ, ആക്രമിക്കപ്പെടുകയോ, കൊല്ലുകയോ, ചാകുകയോ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത ഒരു ദൂഷിത വലയത്തിലാണ് നാം അകപ്പെട്ടിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലാത്ത ഈ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമോ എന്നാണ് നാം ആലോചിക്കേണ്ടത്. ടി.പി വധത്തില്‍ കേവലനീതി നടപ്പിലായാലും, അതായത് മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെട്ടാലും നാം നേരിടുന്ന മൌലികമായ പ്രതിസന്ധി വീണ്ടും അവശേഷിക്കുമെന്നു ചുരുക്കം. ഈ സന്ദര്‍ഭത്തില്‍ കേരളീയ സമൂഹത്തിന്റെ ചരിത്രത്തെയും ഭാവിയെയും പുതിയ രീതിയില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് നാം ധീരമായി ഏറ്റെടുക്കേണ്ടത്.
കേരളീയ സമൂഹത്തെ ഇത്തരം ഒരു അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചതില്‍ മാര്‍ക്സിസത്തിനും അതിനെ പിന്‍പറ്റുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമുളള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. പുന്നപ്രവയലാര്‍, കയ്യൂര്‍, കരിവെളളൂര്‍, ഒഞ്ചിയം തുടങ്ങി അനേകായിരങ്ങള്‍ മരിച്ചുവീണ പ്രക്ഷോഭങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചതെന്ന മൂഢ വിശ്വാസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ രക്തസാക്ഷിത്വങ്ങളെല്ലാം ആഘോഷിക്കപ്പെടേണ്ടതാണെന്നും ഇത്തരം രക്തസാക്ഷിത്വങ്ങളിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കഴിയൂ എന്ന വിശ്വാസവും പ്രബലമാണ്. സമൂഹത്തിന്റെ വളര്‍ച്ചയില്‍ സംഘര്‍ഷമുണ്ടാകാമെങ്കിലും സംഘര്‍ഷങ്ങളോ ഏറ്റുമുട്ടലുകളോ മാത്രമല്ല ചരിത്രത്തെ നിര്‍മ്മിക്കുന്നതെന്ന ലളിത സത്യമാണ് ഇതിലൂടെ നാം വിസ്മരിക്കുന്നത്. 1930കളില്‍ തുടങ്ങിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ആയിരക്കണക്കിന് മനുഷ്യരാണ് കേരളത്തില്‍ ജീവത്യാഗം ചെയ്തത്. എന്നാല്‍ ഒരു മനുഷ്യജീവന്‍ പോലും എടുക്കാതെയാണ് കേരളത്തില്‍ ശ്രീനാരായണഗുരുവും അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനുമെല്ലാം ഇടതുപക്ഷം സൃഷ്ടിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതെന്നത് സൂക്ഷ്മ വിശകലനം അര്‍ഹിക്കുന്നു. “എല്ലാവരും ആത്മ സഹോദരര്‍ ആയിരിക്കണ”മെന്നാണ് ഗുരു കേരളത്തോട് പറഞ്ഞത്. രക്തസാക്ഷിത്വമാണ് ഏറ്റവും വലിയ ത്യാഗമെന്ന ഇടതുപക്ഷവിശ്വാസം ഗുരു പുലര്‍ത്തിയ സാഹോദര്യത്തിനുമേല്‍, സഹോദരഹത്യയുടെ പുതുപാഠങ്ങള്‍ നിര്‍മിച്ചു.
ഇതിന്റെ കാരണം പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി കമ്മറ്റികളോ മാത്രമല്ല എന്നതാണ് തിരിച്ചറിയപ്പെടേണ്ട വസ്തുത. മാര്‍ക്സിസം തന്നെയാണ് യഥാര്‍ത്ഥപ്രതി. മാര്‍ക്സ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമായി പറയുന്നത് തൊഴിലാളി വര്‍ഗ്ഗത്തിന് വിമോചിക്കാന്‍ കഴിയണമെങ്കില്‍ വര്‍ഗ്ഗശത്രുവിനെ നിഷ്കാസനം ചെയ്യണം എന്നുതന്നെയാണ്. മാര്‍ക്സിസത്തെ വിശ്വാസപ്രമാണമായി സ്വീകരിക്കുന്ന ഒരാള്‍ക്ക് വര്‍ഗ്ഗശത്രുവിനെ നിഗ്രഹിക്കുക എന്നത് കടമയും ഉത്തരവാദിത്തവുമാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലുടനീളം സഹോദരഹത്യയുടെ/കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കുന്നവരുടെ ചരിത്രം കൂടെയുണ്ട്. ലോകത്തിന്റെ വിമോചനത്തിനും നന്മ്മയ്ക്കും മാനവികതയ്ക്കും വേണ്ടിയാണ് വര്‍ഗശത്രുവിനെ നിഗ്രഹിക്കുന്നതെന്ന് ഓരോ കമ്മ്യൂണിസ്റും കരുതുന്നു. വര്‍ഗ്ഗശത്രുവിനെ നിഗ്രഹിക്കുന്നതിലൂടെ അല്ലെങ്കില്‍ രക്തസാക്ഷിയാകുന്നതിലൂടെ നാളെ പുതിയ ഒരു ലോകം ഉണ്ടാകുന്നു എന്ന തെറ്റിദ്ധാരണയാണ് ഒരു ജനതയെ മുഴുവനും കൊല്ലാനും ചാകാനും സന്നദ്ധമാക്കുന്നത്.
ഇത് മാര്‍ക്സിസത്തില്‍ മാത്രമല്ല എല്ലാ ഫാസിസ്റ് സിദ്ധാന്തങ്ങളിലും ലീനമായ ഒരു തത്വമാണ്. സനാതന ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ മതസംരക്ഷണത്തിനും ധര്‍മ്മ സംരക്ഷണത്തിനും വേണ്ടിയാണ് അന്യമതസ്ഥരെയും അന്യവിശ്വാസികളെയും കൊന്നൊടുക്കുന്നത്. ‘അന്യരെ’ ശത്രുക്കളായി കാണുന്ന ലോകത്തെ ഇതര മത പൌരോഹിത്യ ശക്തികളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.
അതായത്, ടി.പി. ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് സംഭവിച്ച ഒരു വീഴ്ചയോ വ്യതിയാനമോ അല്ല. സഹോദരഹത്യയുടെ ബീജമടങ്ങിയ മാര്‍ക്സിസം പോലുള്ള സിദ്ധാന്ത ധാരയിലുള്ള എല്ലാ പാര്‍ട്ടികളും ഇത്തരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. റഷ്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ട്രോട്സ്കി പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്തെങ്കിലും സ്റാലിന്റെ വാടകക്കൊലയാളികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് കൈക്കോടാലികൊണ്ട് വെട്ടിക്കൊന്നു എന്നാണ് ചരിത്രം. ട്രോട്സ്കി ദീര്‍ഘകാലം ലെനിന്റേയും സ്റാലിന്റേയും സഹപ്രവര്‍ത്തകനായിരുന്നു എന്ന വസ്തുത കൂടി ഓര്‍ക്കേണ്ടതാണ്. ലോകത്ത് ഫാസിസ്റ്റുകളും മതമേധാവിത്വങ്ങളും നടത്തിയ ഹിംസകള്‍ തന്നെയാണ് കമ്യൂണിസ്റുകളും നടത്തിയെതെന്നത് യാദൃച്ഛികമല്ല.
ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ചരിത്രവും ഇതില്‍ നിന്നും ഭിന്നമല്ല. നൂറുകണക്കിന് മനുഷ്യരുടെ രക്തസാക്ഷിത്വങ്ങളാല്‍ ആഘോഷിക്കപ്പെട്ടതാണ് പുന്നപ്രവയലാര്‍ സമരം. നാമെല്ലാം രക്തസാക്ഷിത്വത്തിന്റെ പേരില്‍ ആവേശഭരിതരായതുകൊണ്ട് മാത്രമാണ് ആ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം പോലും മനസിലാക്കുവാന്‍ ശ്രമിക്കാത്തത്. ഈ സമരത്തിന്റെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും വയലാറില്‍ ക്യാമ്പ് ചെയ്ത ജനങ്ങളോട് പിരിഞ്ഞുപോകാന്‍ സര്‍. സി.പി. യുടെ പട്ടാളം ആവശ്യപ്പെട്ടിരുന്നു. കെ.വി. പത്രോസിന്റെ ജീവചരിത്രത്തില്‍ പറയുന്നത് പാര്‍ട്ടി വയലാര്‍ ക്യാമ്പ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു എന്നും മെസഞ്ചര്‍ എത്താന്‍ വൈകിയതുകൊണ്ടാണ് വെടിവെപ്പുണ്ടായതെന്നുമാണ്. ഇത്തരമൊരു തീരുമാനത്തിന്റെ തൊട്ടുമുന്‍പ് വരെ വയലാര്‍ സമരം വിജയിക്കുമെന്നും ഒരു സമാന്തരഗവണ്‍മെന്റ് ഉണ്ടാക്കാന്‍ കഴിയുമെന്നും വിശ്വസിച്ച കമ്മ്യൂണിസ്റ് പാര്‍ട്ടി കെ.സി. ജോര്‍ജ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചേര്‍ത്തലയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നു. സര്‍. സി പി യുടെ പട്ടാളം നടത്തിയ ഭീകരമായ വെടിവെപ്പില്‍ ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചു വീണപ്പോള്‍ കെ.സി. ജോര്‍ജ്ജിനെപ്പോലുള്ളവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു. കമ്യൂണിസ്റ്പാര്‍ട്ടി കൈക്കൊണ്ട അപക്വവും അനുചിതവുമായ തീരുമാനങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് നഷ്ടപ്പടുത്തിയത്. സമാനമായ അനുഭവങ്ങള്‍ തന്നെയാണ് കയ്യൂര്‍, ഒഞ്ചിയം, കരിവെള്ളൂര്‍ സംഭവങ്ങളും. ഇത്തരം സമരങ്ങളാണ് ആധുനികകേരളത്തെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന മാര്‍ക്സിസ്റുകള്‍ വര്‍ഗസമരത്തെക്കുറിച്ചുള്ള അപസര്‍പ്പക കഥകളെ അതേപടി വിശ്വസിക്കുന്നവരാണ്.
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ട്ടിയായ സിപിഐ പിളര്‍ന്നാണ് സി.പി.ഐ. (എം) രൂപംകൊണ്ടത്. അവര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും രക്തസാക്ഷികളെ സൃഷ്ടിച്ച് അവരുടെ ഓര്‍മ്മകളില്‍ അഭിരമിക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്ന് അവരുടെ ചരിത്രവും തെളിയിക്കുന്നുണ്ട്. സി.പി.ഐ.എമ്മിന് വിപ്ളവം പോരാ എന്നതായിരുന്നു 1968ല്‍ സി.പി.ഐ. (എം എല്‍) രൂപം കൊള്ളാന്‍ കാരണം. അതിന്റെ സ്ഥാപകനേതാവായ ചാരുമജുംദാര്‍ പ്രഖ്യാപിച്ചത്, “വര്‍ഗശത്രുവിന്റെ ചോരയില്‍ കൈമുക്കാത്തവന്‍ യഥാര്‍ത്ഥ കമ്യൂണിസ്റല്ല” എന്നാണ്.
നിരവധി ‘വര്‍ഗശത്രുക്കളെ’ ഉന്മ്മൂലനം ചെയ്ത ഈ പാര്‍ട്ടിയുടെ അവശിഷ്ട കേരള ഘടകമായ സി.പി.ഐ. (എം എല്‍) റെഡ് ഫ്ളാഗിന്റെ കേഡര്‍മാര്‍ കമ്യൂണിസ്റ് ലീഗെന്ന ചെറു സംഘടനയുടെ നേതാവായ കെ വി പോള്‍ പ്രസംഗിച്ചു കൊണ്ടുനില്‍ക്കേ വേദിയില്‍ കയറി വെട്ടിക്കൊന്നു. സി.പി.ഐ.എം. എല്ലിന് വിപ്ളമില്ലാത്തതുകൊണ്ടാണ് മാവോയിസ്റുകള്‍ വര്‍ഗശത്രുക്കളെ ഉന്മ്മൂലനം ചെയ്യുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്. അതായത് ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുടെ ചരിത്രം സഹോദരഹത്യയുടേയും അപരഹിംസയുടേയും ചരിത്രം കൂടിയാണ്.
കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഒരു നയമെന്ന നിലയില്‍ തന്നെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നവരാണ്. അവര്‍ നയിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളിലും ഫ്രാക്ഷനുകളുണ്ട്. പാര്‍ട്ടിയുടെ സജിവപ്രവര്‍ത്തകര്‍ ഓരോ ട്രേഡ് യൂണിയന്‍ കമ്മറ്റികള്‍ക്കകത്തും രഹസ്യ കമ്മറ്റികളായി നിലനില്‍ക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ അവരിലൂടെ നടപ്പിലാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഫ്രാക്ഷന്‍. പതിനായിരകണക്കിനു വരുന്ന ട്രേഡ് യൂണിയന്‍ അംഗങ്ങളില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന വൃത്തമാണിത്. അതായത്, ഗൂഢാലോചന ഔദ്യോഗിക നയമായി അംഗീകരിച്ചവരാണ് എല്ലാ കമ്യൂണിസ്റ് പാര്‍ട്ടികളും. കൂടെയുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെച്ച് സഹോദരഹത്യ നടത്തുക, വര്‍ഗശത്രുവിനെ നിഗ്രഹിക്കുക എന്നിവയൊന്നും ഒരു കമ്മ്യൂണിസ്റ് പാര്‍ട്ടിക്കും ഉപേക്ഷിക്കാനാവില്ല. മാത്രവുമല്ല; ഇവയെല്ലാം തൊഴിലാളിവര്‍ഗ വിമോചനത്തിന്റെ പേരില്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കപ്പെടുന്നു എന്നതാണ് ചരിത്രത്തിന്റെ ദുരന്തം.
വര്‍ഗവിമോചനത്തിന്റെ ഈ യുക്തി പുതിയ ചില സമവാക്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളിവര്‍ഗ താല്‍പര്യത്തിന്റെ എതിരാളികള്‍ പാര്‍ട്ടിയുടെ എതിരാളികളാണെന്നും പാര്‍ട്ടിക്ക് എതിരായിരിക്കുന്നവര്‍ വര്‍ഗശത്രുക്കളാണെന്നും അവര്‍ ഉന്‍മൂലനം ചെയ്യപ്പെടണമെന്നും ഉള്ള പുതിയ സമവാക്യമാണ് ടി.പി. ചന്ദ്രശേഖരനെ വധിക്കുവാനുള്ള  ഗൂഢാലോചനയ്ക്ക് അടിത്തറയാകുന്നത്. പാര്‍ട്ടിയില്‍ നിന്നും ജനങ്ങളെ അടര്‍ത്തി മാറ്റി, തൊഴിലാളിവര്‍ഗത്തെ/പാര്‍ട്ടിയെ/ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ‘വര്‍ഗശത്രു’വിനെയാണ് അവര്‍ ടി.പി. ചന്ദ്രശേഖരനില്‍ കണ്ടത്. പഴയ സഹപ്രവര്‍ത്തകര്‍ ഒരു കുറ്റബോധവുമില്ലാതെ ക്വട്ടേഷന്‍ സംഘത്തിന് ചന്ദ്രശേഖരനെ ചൂണ്ടിക്കാണിച്ച് കൊടുത്തത് അതുകൊണ്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ നല്ല ഒരു കമ്യൂണിസ്റ് പാര്‍ട്ടിയാണ് വേണ്ടതെന്ന വാദം തികച്ചും അപകടകരമാണ്. ടി.പി. ചന്ദ്രശേഖരന്‍ നയിച്ച ആര്‍ എം. പി കേരളത്തില്‍ ശക്തിപ്പെട്ടാല്‍ ഇതിനേക്കാള്‍ ഭീകരമായ കൊലപാതകങ്ങള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക എന്ന കാര്യം ഉറപ്പാണ്. കാരണം മാര്‍ക്സിസം സൃഷ്ടിക്കുന്ന അടിസ്ഥാനപരമായ കെണികളില്‍ നിന്നും അവരും മുക്തരല്ല.
ഇവര്‍ സൃഷ്ടിച്ച മിഥ്യാ ധാരണകളില്‍ നിന്നും വിമോചിക്കപ്പെടാതെ ഈ ദൂഷിതവലയത്തില്‍ നിന്നും കേരളത്തിന് പുറത്തുകടക്കാനാവില്ല. ശ്രീനാരായണഗുരുവല്ല; ചെത്തുതൊഴിലാളി യൂണിയന്റെ നേതാവാണ് മുമ്പന്‍ അല്ലെങ്കില്‍ അയ്യന്‍കാളിയല്ല കര്‍ഷകത്തൊഴിലാളി യൂണിയന്റെ പ്രസിഡന്റാണ് വലിയവന്‍ എന്ന യുക്തിയെ നാം ഭേദിക്കേണ്ടതാണ്. ആധുനിക കേരളത്തെ സൃഷ്ടിച്ച നവോത്ഥാനം മുന്നോട്ടുവെച്ച മൂല്യങ്ങളെ സ്വാംശീകരിക്കുകയല്ല അട്ടിമറിക്കകയാണ് ഇടതുപക്ഷം ചെയ്തതെന്ന് നാം മനസ്സിലാക്കണം.
നവോത്ഥാനം സംഭാവന ചെയ്ത ഏറ്റവും വലിയ മൂല്യം സഹോദര്യമാണ്. സമൂഹം വ്യത്യസ്തകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ ഒരു തലമുറയായിരുന്നു നവോത്ഥാനത്തിന്റേത്. വ്യത്യസ്ത്യങ്ങളായ ജാതികളും മതങ്ങളും തൊഴില്‍ക്കൂട്ടങ്ങളും വിശ്വാസവിഭാഗങ്ങളുമുണ്ടെന്നും അവരെല്ലാം ആത്മസഹോദരളായി പരസ്പരം തിരിച്ചറിയുന്ന സഹോദര്യത്തില്‍ അധിഷ്ഠിതമായ സമൂഹത്തെയാണ് നവോത്ഥാനസമൂഹം ഭാവന ചെയ്തത്. ഗുരുവിന്റെ ഏറ്റവും പ്രശസ്തനായ അനുയായിയുടെ  പേര് സഹോദരന്‍ അയ്യപ്പന്‍ എന്നായിരുന്നു എന്ന് നാമോര്‍ക്കണം.
നമ്പൂതിരി സമുദായത്തിലെ പരിഷ്ക്കരണത്തിന് തിരികൊളുത്തിയ വി.ടി. ഭട്ടതിരിപ്പാടിന്റെ വിധവാ വിവാഹത്തിന് സഹോദരന്‍ അയ്യപ്പന്‍ പങ്കെടുക്കുന്നുണ്ട്. അയ്യപ്പന്‍ വി.ടി. യോട് സാഹോദര്യം പ്രഖ്യാപിക്കുമ്പോള്‍ ജീര്‍ണിച്ച നമ്പൂതിരിയോടല്ല ജീവനുള്ള നമ്പൂതിരിയോടാണ് യഥാര്‍ത്ഥത്തില്‍ സാഹോദര്യം പ്രഖ്യാപിക്കുന്നത്. കല്ലുമാല ബഹിഷ്ക്കരണ പ്രക്ഷോഭത്തില്‍ കലാപമുണ്ടായതിനു ശേഷം കൊല്ലത്ത് അയ്യന്‍ങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന സമ്മേളനത്തിന്റെ അധ്യക്ഷ്യന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു. അവിടെ കൂടിയ സ്ത്രീകളോട് കല്ലുമാല ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത ചങ്ങനാശേരി പരമേശ്വരന്‍പിള്ള ഒരു സാഹോദര്യ പ്രഖ്യാപനമാണ് നടത്തിയത്. ഇങ്ങനെ വ്യത്യസ്ത ജാതിമതവിഭാഗങ്ങളില്‍പ്പെട്ട സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയായിരുന്നത് സാഹോദര്യമെന്ന മൂല്യമായിരുന്നു. സമൂഹം വ്യത്യസ്തതകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് സാഹോദര്യമെന്ന മൂല്യത്തിന്റെ പ്രസക്തി നമുക്ക് ബോധ്യമാകുന്നത്. ദേശീയവാദ സിദ്ധാന്തങ്ങളുടെയും മാര്‍ക്സിസത്തന്റെയും പ്രധാനപരിമിതി സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്.
സാഹോദര്യമെന്ന ഉദ്ബുദ്ധ ബോധ്യത്തില്‍ നിന്നും സാഹോദര്യഹത്യയുടെ ഇരുണ്ട ഇടനാഴികളിലേക്കാണ് കേരളം സഞ്ചരിച്ചതെന്ന് നാം അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ സാഹോദര്യം എന്ന മൂല്യത്തില്‍ അധിഷ്ഠിതമായ ജനാധിപത്യത്തെ സംബന്ധിച്ച ഒരു നവ സങ്കല്‍പ്പത്തെക്കുറിച്ചാണ് കേരളം ആലോചിക്കേണ്ടത്. ജനാധിപത്യം ഒരു ഭരണസംവിധാനം എന്ന നിലയിലും ആശയം എന്ന നിലയിലും പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പനങ്ങളെ വിപൂലീകരിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ.
കേവലം ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് ചുരുക്കിയെഴുതാവുന്ന ഒന്നല്ല ജനാധിപത്യം. ഡോ. അംബേദ്കര്‍ പറയുന്നത് മനുഷ്യവംശം നിലനില്‍ക്കുന്നിടത്തോളം കാലം ജനാധിപത്യവും നിലനില്‍ക്കുമെന്നാണ്. രണ്ട് മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനതത്വമായാണ് ജനാധിപത്യത്തെ അദ്ദേഹം വിശദീകരിക്കുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ പൌരത്വം, പ്രതിനിധാനം തുടങ്ങിയ സങ്കല്‍പ്പങ്ങളെ പ്രശ്നവല്‍ക്കരിക്കുവാനും വിപുലീകരിക്കുവാനും നമുക്ക് കഴിയേണ്ടതാണ്. ടി.പി. ചന്ദ്രശേഖന്റെ വധം ഇത്തരമൊരു ജനാധിപത്യ പ്രസ്ഥാനത്തെ ഭാവന ചെയ്യാനും രൂപപ്പെടുത്താനുമുള്ള സന്ദര്‍ഭമായി വേണം നാം മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പുതിയ സന്ദര്‍ഭങ്ങളില്‍ പുതിയ പ്രതിസന്ധികളില്‍ പഴയ ഉത്തരങ്ങളുമായി ഇരുട്ടിലേക്ക് സഞ്ചരിക്കാനുള്ള വിധിയായിരിക്കും കേരളത്തിനുണ്ടാവുക.
Top