കൊച്ചി മുസിരിസ് ബിനാലെ: കലാ പ്രവാചകന്മാര്‍ ഭയപ്പെടുന്നതെന്തിന്?

ഇപ്പോള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്ന കൊച്ചി മുസിരിസ്സ് ബിനാലെയെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള വിവാദത്തെ സംബന്ധിച്ച് പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ കെ. രഘുനാഥനുമായി പി.എ.ഉത്തമന്‍ നടത്തിയ ഒരഭിമുഖം.

സുതാര്യത, കാര്യസ്ഥത, ജനകീയത, എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെ നിറംചാര്‍ത്തി ഏതൊരു സംരംഭത്തേയും ഇന്ന് വിമര്‍ശന വിധേയമാക്കാവുന്നതാണ്. സ്ഥാപിത താല്പര്യങ്ങള്‍, വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തുടങ്ങി പലതും ഇഴചേര്‍ന്നു കിടക്കുന്നവയാണ് നവലിബറല്‍ കാലത്തെ ഇത്തരം വിമര്‍ശനങ്ങള്‍. അവസരവാദപരമായ സമീപനങ്ങള്‍ ഇന്ന് ചിത്ര-ശില്പകലകളുടെ മണ്ഡലത്തിലും സജീവമാണ്. ഓരോ ദേശ-രാഷ്ട്രങ്ങളും അവരുടെ സാംസ്കാരിക രാഷ്ട്രീയ ഉപകരണമാക്കി കലാ ഉദ്യമങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നതിന്റെ അനേകം ഉദാഹരണങ്ങള്‍ കലാചരിത്രത്തില്‍ കാണാന്‍ കഴിയും. 1893-ല്‍ നടന്ന വെനീസ് ബിനാലെയും ചരിത്രത്തിന്റെ ഈ ഭാഗത്തുണ്ട്.എന്നാല്‍ 1975-നു ശേഷം ഒരു ആഗോള പ്രതിഭാസമെന്ന പോലെ നൂറിലേറെ ബിനാലെകള്‍ ഇപ്പോള്‍ ലോകത്ത് സജീവമാണ്. ഇവയ്ക്കെല്ലാറ്റിനും അവയുടേതായ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക അജണ്ടയും ലക്ഷ്യങ്ങളുമുണ്ട്.

കലാചരിത്രകാരന്മാരും വിദ്യാര്‍ത്ഥികളും, നവ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും സംഘടനകളും ചിത്ര-ശില്പ കലയുടെ പ്രാദേശിക- ദേശീയ രൂപഭാവങ്ങളിലൂടെ, അതിന്റെ വ്യവഹാര മാനങ്ങളില്‍ നിന്ന് കലാസംരംഭങ്ങളെ വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വളരെ പ്രസിദ്ധമായ വിറ്റ്നി മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട്ട്, മോസ്കോ ബിനാലെ ഫൌണ്ടേഷന്‍ എന്നിവയുടെ ബിനാലെകള്‍ക്കു ശേഷം കലാവിപണിയില്‍ നടക്കുന്ന ഗോസിപ്പുകള്‍- മാജിക് റിയലിസം, അബ്സ്ട്രാക്റ്റ്, നിയോ എക്സ്പ്രഷനിസം, പോപ്പ് രീതികളിലുള്ള പെയിന്റിങ്ങുകള്‍/ ശില്പങ്ങള്‍ ശേഖരിച്ചവരെ, സ്ഥാപനങ്ങളെ, ഗാലറികള്‍,മ്യൂസിയങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും. എന്നാല്‍ കലാലോകത്തെ വ്യവഹാരത്തില്‍, ഇതിനിടയില്‍ എവിടെയും തൊടാതെ, കാറ്റിലാടിക്കളിക്കാതെ വളരെ ശക്തമായി, അര്‍ത്ഥവത്തായി പ്രമേയ/ രൂപത്തില്‍ വ്യത്യസ്തത പുലര്‍ത്തി ആഫ്രോ അമേരിക്കന്‍ പ്രതിനിധാനമായോ, യുദ്ധത്തിനെതിരായോ, സ്ത്രീ പ്രശ്നവുമായോ, സ്വാതന്ത്യ്രത്തിന്റെ പ്രശ്നമായോ, ബിനാലെയില്‍ ഇടംകണ്ടെത്തിയ കലാസൃഷ്ടികളെക്കുറിച്ച് വലിയ സംവാദങ്ങള്‍ നടക്കുക പതിവാണ്. കലാ വിപണിയ്ക്കുള്ളില്‍ നിന്നു കൊണ്ടുതന്നെയാവാം ചിലപ്പോള്‍ ഇവയുടെ കലാധൈഷണികത ഉയര്‍ന്നുവന്നതെങ്കില്‍ പോലും, സാമൂഹ്യമായ, കര്‍തൃത്വപരമായ ഒരു വ്യാവഹാരികതയുടെ സൌന്ദര്യ ബോധം, ദൃശ്യപരത, ഈ സൃഷ്ടികളില്‍ കാണപ്പെടുന്നു. വൈവിധ്യമാര്‍ന്ന അനേകം കലാസൃഷ്ടികള്‍ക്ക് വേദിയാവുന്ന ബിനാലെയില്‍, വ്യത്യസ്ത അഭിരുചികള്‍ക്കും വീക്ഷണകോണുകള്‍ക്കുമിടയില്‍, ചരിത്രത്തില്‍ എപ്പോഴും പുറന്തള്ളപ്പെട്ട കലാവിഷ്കാരങ്ങള്‍ക്കും പ്രവേശിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

കൊച്ചി- മുസിറിസ് ബിനാലെയെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളെ എങ്ങനെകാണുന്നു? ബോംബെ കലാലോകത്ത് മലയാളിയുടേതായ ഒരു ലോകം സൃഷ്ടിച്ചെടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ച കലാകാരന്മാരായ റിയാസിനേയും ബോസിനേയും (അവരോടുള്ള വിമര്‍ശനങ്ങള്‍ നിലനിൽക്കെ തന്നെ) വ്യക്തിഹത്യ നടത്തുന്നതിനോട് യോജിപ്പുണ്ടോ? ബിനാലെ പോലെയുള്ള ഒരു കാര്യം സംഘടിപ്പിക്കുവാന്‍ പ്രാപ്തിയില്ലാത്തവരാണ് അവരെന്ന് അഭിപ്രായമുണ്ടോ?

ബോസിനോടും റിയാസിനോടുമുള്ള വിരോധത്തിന്റെ കാരണങ്ങള്‍ തീരെ മനസ്സിലാവുന്നില്ല.ഒരു പക്ഷേ, സാമ്പത്തിക നേട്ടങ്ങളും സ്ഥാപിത താല്പര്യങ്ങളും മാത്രമാവാം ഈ ശത്രുതയുടെ മുഖ്യ കേന്ദ്രം. രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ടാവാം. മുംബെ പോലുള്ള ഒരു നഗരത്തില്‍, ചിത്രകലാരംഗത്ത് മലയാളിയുടേതായ സാന്നിധ്യം, സ്വന്തം ഇടം കണ്ടെത്താന്‍ ഈ കലാകാരന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കലാവിപണിയില്‍ ഇവരുടെ സ്വരം അനിഷേധ്യമാണ്. ഒഴിവാക്കാന്‍ കഴിയാത്ത വിധം പ്രസിദ്ധരും നിറഞ്ഞു നില്‍ക്കുന്നവരുമാണ്. ബിനാലെ പോലെ ഒരു സംരംഭം സംഘടിപ്പിക്കുവാന്‍ ഇവര്‍ പ്രാപ്തരുമാണ്. ആഗോള ചിത്രകലയില്‍ നടക്കുന്ന മാറ്റങ്ങളും, വിപണിയുടെ ഗതിവിഗതികളും, ചരിത്രമാനങ്ങളും ഇവര്‍ക്ക് നേരിട്ടറിയാം. അത്രയും വിപുലമായ ബന്ധങ്ങള്‍ അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ പ്രസിദ്ധമായ ബിനാലെകളില്‍ പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട്പഠിക്കുകയും ചെയ്തിട്ടുള്ളവരാണ്. പിന്നെയെന്തിന് കോലാഹലം?

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്ന ഇതു പോലെയുള്ള ഏതെങ്കിലും പരിപാടി ഇന്ത്യയില്‍ നിലവിലുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അതിനു സംഭവിച്ചതെന്ത്?

ഇത്രയും വിപുലമായ ഒന്ന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്നിട്ടില്ല. ട്രിനാലെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്. നിരാശാജനകമായിരുന്നു അതിന്റെ അവസ്ഥ. എന്നിട്ടുപോലും കേരളത്തില്‍ നിന്ന് വണ്ടിക്കൂലിപോലുമില്ലാതെ കള്ളവണ്ടികയറി ഡല്‍ഹിയില്‍ ഇതുകാണാന്‍പോയ അനുഭവം മാത്രമേ ഉള്ളൂ. ആ നിലയ്ക്ക് കേരളത്തില്‍ അത്തരമൊരു വേദിയുണ്ടാവുക എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

കലാലോകവും വിപണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം?

കലാലോകം വിപണിയില്‍ നിന്ന് ഒരിക്കലും മുക്തമല്ല. കല സ്വതന്ത്രമാണെന്ന് പറയുമ്പോള്‍ തന്നെ കലാകാരന്റെ ജീവിതവുമായി വിലയിരുത്തിയാല്‍, വിപണിയെ പാടെ ഉപേക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല മാര്‍ക്കറ്റിനു തന്നെ പല മാനങ്ങളുണ്ട്. ആര്‍ട്ട് കളക്ടേഴ്സും വിപണിയെയാണ് പലപ്പോഴും ആശ്രയിക്കുന്നത്.

മുതലാളിത്തത്തിനു മുന്‍പുള്ള അവസ്ഥയിലേക്കു തിരിച്ചു പോകാനാവില്ലല്ലോ?

മുതലാളിത്ത പൂര്‍വ്വ കാലത്തില്‍, കാല്പനികമായി, ഏകാന്തനായി, സിനിമാ സ്റ്റയിലില്‍ കഴിഞ്ഞുകൂടുന്ന കലാകാരന്‍ എന്ന ധാരണ ഇനി സാധ്യമല്ല. ശക്തമായ വിനിമയ പ്രാധാന്യമുള്ള സര്‍ഗ്ഗ പ്രക്രിയകളാണ് കലാചരിത്രത്തിന് ഇന്ന് ഉന്മേഷം പകരുന്നത്. മുതലാളിത്ത പൂര്‍വ്വമെന്നതുപോലെ പഴയ കമ്മ്യൂണിസ്റ് വായനയും ഇനി പുതപ്പാവാന്‍ പാടില്ല.

ആഗോളതലത്തിലുള്ള കലാകാരന്മാരുടെ പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യതകളെ എങ്ങനെ കാണുന്നു? അതുതുടര്‍ന്നും സംഭവിക്കേണ്ടതല്ലേ?

ബിനാലെ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്ന ഒരു സാധ്യത, ഇന്ത്യന്‍ കലാചരിത്രത്തിന്, പ്രത്യേകിച്ച് കേരളത്തിന് അതു പുതുവായനയുടെ, ആസ്വാദനത്തിന്റെ മാനങ്ങള്‍ നല്കുമെന്നതാണ്.ആഗോള തലത്തിലുള്ള കലാവ്യവഹാരങ്ങള്‍, വ്യാപകമായ സൈബര്‍ സ്പേസിനുള്ളില്‍ എങ്ങനെ സമൂഹവുമായി പങ്കുവെയ്ക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

ധാരാളം മൂവ്മെന്റുകളും പ്രസ്ഥാനങ്ങളുമൊക്കെ പ്രവര്‍ത്തിക്കുകയും പരാജയപ്പെടുകയൊ വിജയിക്കുകയോ ചെയ്തിട്ടുള്ള കേരളത്തില്‍ റാഡിക്കല്‍ മൂവ്മെന്റ് പരാജയമെന്ന് കലാകാരന്മാര്‍ പറയുന്നതിലെ സാംഗത്യമെന്താണ്? ഇതേ മനോനില തന്നെയാണോ ബിനാലെപോലെയുള്ള പുതുസംരംഭങ്ങളെ വിമര്‍ശിക്കുന്നതിലും?

റാഡിക്കല്‍ മൂവ്മെന്റ് ഒരു പരാജയമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യന്‍ കലാചരിത്രത്തില്‍ സവിശേഷമായ ചില മുദ്രകള്‍, കലയിലെ കമ്മിറ്റ്മെന്റ് ഈ ഗ്രൂപ്പില്‍ വിവിധ ഘട്ടങ്ങളിലായി ഗൌരവമായി ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. മോദിഗ്ളിയാനി, ഗ്യാക്കോമെറ്റി എന്നിവരുടെ കലയുടെ സവിശേഷ പ്രവണതകളും, കേരളത്തിലെ, ഇന്ത്യന്‍ ചിത്രകലാസമീപനപും വിഷയങ്ങളായിരുന്നു. ഈയൊരനുഭവം ഇപ്പോഴും ഒരു ഊര്‍ജ്ജമാകുന്നുണ്ട്.എന്നാല്‍ ആ കാലത്തില്‍ തളംകെട്ടിനില്ക്കാതെ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന തിരിച്ചറിവാണ് എന്റെ കലാപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുന്നത്. ബിനാലെയെ എതിര്‍ക്കുന്നവര്‍ ഒരുതരം അടഞ്ഞ ചരിത്രസന്ധികളില്‍ കഴിഞ്ഞുകൂടുന്നവരാണെന്ന് വേണം കരുതാന്‍.

ബിനാലെ നടക്കുന്നതു കൊണ്ട് കേരളത്തിന് അഥവാ നമ്മുടെ ദൃശ്യബോധത്തിന് എന്തെങ്കിലും ഗുണമുണ്ടാവുമോ?

ബിനാലെ നടക്കുന്നതിലൂടെ തീര്‍ച്ചയായും കേരളത്തിലെ ദൃശ്യബോധത്തിന് വളരെയധികം തിരിച്ചറിവുകള്‍ നല്കാന്‍ കഴിയും. ചിത്ര- ശില്പകലയില്‍ മാത്രമൊതുങ്ങാതെ സ്പേസിനെ എങ്ങിനെ കലാപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നുവെന്നതു പോലും വ്യക്തമാവും.

കേരളത്തിലെ ശില്പകലയുടെ നിലവിലെ അവസ്ഥ? റാഡിക്കല്‍ ഗ്രൂപ്പ് മുന്നോട്ടുവെച്ചിരുന്ന ആശയങ്ങളുടെ നിലവിലെ അവസ്ഥ?

റാഡിക്കല്‍ഗ്രൂപ്പ് ഉയര്‍ത്തിയ വിഷയങ്ങളില്‍നിന്ന് വ്യത്യസ്തമായി വളരെയധികം മാറ്റങ്ങള്‍ ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്. അതുള്‍ക്കൊളളുവാന്‍ പര്യാപ്തമായ ഒരു ആശയ അടിത്തറ ഇന്ന് കലാവിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ശില്പകലയിലും പ്രകടമാണ്.

ഒരു കലാകാരന്‍ ആകുവാനായി താങ്കള്‍ക്ക് പ്രചോദനം നല്‍കിയ സാഹചര്യങ്ങള്‍ ഒന്നു വിവരിക്കാമോ?

കേവലം ഒരു നാട്ടിന്‍പുറത്ത് നിന്ന് ഡ്രോയിങ് മാസ്ററുടെ ജോലിയെങ്കിലും കിട്ടുമെന്ന സ്വപ്നമായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷേ ഫൈനാര്‍ട്സ് കോളേജില്‍ ചേര്‍ന്നതിനുശേഷം എന്റെ ചിന്തകള്‍ തന്നെ തകിടംമറിഞ്ഞു. വിശാലമായ, ലോകത്തെ മൊത്തം കാണുവാന്‍ ആവശ്യമായ ചലനങ്ങള്‍ നിരീക്ഷിക്കേണ്ട മനസ്സ് ഇതിന് സ്വായത്തമാക്കണമെന്ന തിരിച്ചറിവുണ്ടായി. കോളേജില്‍ ശില്പം പഠിക്കാന്‍ തന്നെയാണ് ഞാന്‍ ചേര്‍ന്നത്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈനാര്‍ട്സില്‍ രണ്ടാമത്തെ ബാച്ചായിരുന്നില്ലേ? എന്തായിരുന്നു അന്നത്തെ അവസ്ഥ?

എനിക്ക് മുന്‍പായി, റിംസണ്‍, അലക്സ് മാത്യു, സുരേന്ദ്രന്‍ നായര്‍, അതിനു മുന്‍പു തന്നെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. സുഹൃത്തുക്കളായ മധുസൂദനന്‍, അശോകന്‍ പൊതുവാള്‍, മോഹന്‍ദാസ് എന്നിവരെല്ലാം എന്റെ സഹപാഠികളായിരുന്നു. ആര്‍ട്സ് ആന്‍ ക്രാഫ്റ്റ്സിലെ സൂപ്രണ്ടായിരുന്ന പൊറുഞ്ചുക്കുട്ടിയായിരുന്നു പ്രധാന അദ്ധ്യാപകന്‍. കാനായി കുഞ്ഞിരാമന്‍, ഏ.സി.കെ.രാജ, കലാചരിത്രകാരനായ നന്ദകുമാര്‍ ഒക്കെ അവിടെയുണ്ടായിരുന്നു. നല്ലൊരു ലൈബ്രറിയോ,പഠിക്കാനുള്ള സാഹചര്യമോ, യൂണിവേഴ്സിറ്റി ലെവല്‍ ബിരുദമോ നല്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ സമരം ചെയ്തു. തെരുവിലിറങ്ങി, പോസ്ററുകള്‍ ഒട്ടിച്ചു. ഏ.സി.കെ.രാജയെ പോലെയുള്ള ആക്ടിവിസ്റുകളായ അദ്ധ്യാപകര്‍ ഞങ്ങളെ പിന്‍താങ്ങി. സാധാരണ ജനങ്ങള്‍, കലയെ സ്നേഹിക്കുന്നവര്‍, സുഹൃത്തുക്കള്‍-അങ്ങിനെ ഒരു ഒത്തുകൂടല്‍. ഇതും എന്റെ കലാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഈ അനുഭവത്തിന്റെ ഉള്‍ക്കാഴ്ചകള്‍ അലിഞ്ഞുചേര്‍ന്നതാണ് എന്റെ കലാപ്രവര്‍ത്തനവും. ബറോഡയിലായിരുന്നു ബിരുദാനന്തര പഠനം.

ഇക്കൊല്ലത്തെ രാജാ രവിവര്‍മ്മ പുരസ്കാരം പൊറുഞ്ചുക്കുട്ടിക്കാണല്ലോ നല്കിയിരിക്കുന്നത്? എന്താണഭിപ്രായം?

അദ്ദേഹം ഒരു കലാകാരനല്ല. അതുകൊണ്ടാണ് ഒരു നന്ദിപ്രകടനമായി, പ്രത്യുപകാരമായി ബിനാലെയെ എതിര്‍ക്കുന്നത്. കലയുടെ പേരില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഇതില്‍ നുഴഞ്ഞുകയറാന്‍ പാടുപെടുന്നത്.

കലാകാരന്‍ എന്ന നിലയിലെ ജീവിതത്തെക്കുറിച്ച്, ആദ്യത്തെ കലാസൃഷ്ടിയുള്‍പ്പെടെ, പടിപടിയായുള്ള വളര്‍ച്ച എങ്ങിനെയാണ് കാണുന്നത്?

എന്റെ ശില്പങ്ങള്‍ കുറച്ചുനേരം ആളുകള്‍ കാണണമെന്ന് നിര്‍ബ്ബന്ധവും ആത്മാര്‍ത്ഥവുമായ ആഗ്രഹമുണ്ടായിരുന്നു. ഈ അന്വേഷണത്തിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നാണ് “അമ്മയും കുഞ്ഞും” ഉണ്ടാകുന്നത്. മറ്റൊന്ന് “ഒറ്റകൊമ്പന്‍ മൃഗം”. വീണ്ടുംവീണ്ടും കാണുവാന്‍ ഉള്ള ആകാംക്ഷയ്ക്കു വേണ്ടി, ജീവിതാനുഭവങ്ങള്‍ എന്റെ ശില്പത്തില്‍ ആവാഹിച്ചിട്ടുണ്ട്. മാധവന്‍നായര്‍ ഫൌണ്ടേഷനില്‍ സ്കള്‍പ്ച്ചര്‍ വിഭാഗം ഹെഡ്ഡായി ജോലിനോക്കിയിട്ടുണ്ട്. അവിടെ വച്ചാണ് റിലീഫുകള്‍ ചെയ്തു തുടങ്ങിയത്. 1985-ല്‍ ഫിഷര്‍മാന്‍ വില്ലേജ് ക്യാമ്പിലായിരുന്നു ആദ്യത്തെ പെയിന്റിങ് ഉണ്ടാകുന്നത്. പിന്നീട് റാഡിക്കല്‍ പെയിന്റേഴ്സ് ഗ്രൂപ്പ് ഷോവില്‍ വലിയോരു ശില്പം പ്രദര്‍ശിപ്പിച്ചു. 2005-ല്‍ ബോസ്സ് സംഘടിപ്പിച്ച ഡബിള്‍ എന്‍ഡേഴ്സ് എന്ന ട്രാവലിങ് ഷോവിലെ എന്‍ട്രി എന്റെ കലാജീവിതത്തിന് വളരെ കരുത്തു നല്‍കി. സവിശേഷമായ ഒരു മാറ്റം ഇവിടുന്നങ്ങോട്ടാണ്. കേരളത്തിലെ കലാകാരന്മാര്‍ക്ക് വലിയൊരു പ്രചോദനമാണ് ഈ പ്രദര്‍ശനംവഴി ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് ഗ്യാലറികളും, വ്യക്തികളും പ്രവര്‍ത്തന നിരതരായി. അനൂപിന്റെ  കാശി ആര്‍ട്ട് ഗ്യാലറി 2006-ല്‍ നടത്തിയ പ്രദര്‍ശനം എന്റെ കലാസപര്യയെ അര്‍ത്ഥവത്താക്കി. മാത്രമല്ല, കലാകാരന്മാരുടെ, സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനം ആത്മവിശ്വാസവും ഉണര്‍വ്വുമേകി. ആനക് ഡോട്സ് (Anecdotes) എന്റെ കലയെ പഠിക്കുവാനുള്ള വേദിയായി മാറി. രാഷ്ട്രീയവും സാംസ്കാരികവുമായ കാഴ്ചപ്പാടുകള്‍ ഒരുപക്ഷേ ഇതില്‍ കണ്ടെത്താം.

ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്ന ബിനാലേ വിവാദത്തെക്കുറിച്ച് എന്തു പറയുന്നു?

എന്നെ ശില്പകല പഠിപ്പിച്ച കാനായി കുഞ്ഞിരാമനില്‍ നിന്ന് തുടങ്ങാം. തിരുവനന്തപുരം വേളിയില്‍ അദ്ദേഹത്തിന് ഒരു പ്രോജക്റ്റ് ലഭിക്കുന്നു. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളില്‍ ഒരാളെപോലും ഈ ഉദ്യമത്തില്‍ സഹകരിപ്പിക്കാതെ, തമിഴ്നാട്ടില്‍ നിന്നും മറ്റുമായി ആളുകളെ കൊണ്ടുവന്നിട്ടാണ് അതു പൂര്‍ത്തിയാക്കുന്നത്. ബിനാലെയുടെ സുതാര്യതയെ, സാമ്പത്തിക കാര്യസ്ഥതയെക്കുറിച്ച് ഇദ്ദേഹത്തിനെന്തു പറയാന്‍ കഴിയും? ജോണി എം.എല്ലും മറ്റും യഥാര്‍ത്ഥത്തില്‍ കലാചരിത്രാന്വേഷികളാണെങ്കില്‍ ഇവിടെ ബിനാലെ സംഘടിപ്പിക്കുവാന്‍ അകമഴിഞ്ഞ് സഹായിക്കുകയല്ലേ വേണ്ടത്. എന്തോ താല്‍പര്യങ്ങള്‍ ഇതിനിടയില്‍ ചീഞ്ഞുനാറുന്നുണ്ട്. ബിനാലെ കലാകാരന്മാര്‍ക്ക് എന്തുകൊണ്ടും വളരെ ഗുണകരമാണ്.

Top