ഗാന്ധിയന്‍ വികേന്ദ്രീകരണത്തില്‍ ദലിതരുടെ സ്ഥാനം

ശ്രീജിത്ത്‌ പൈതലേന്‍

ഗാന്ധിയും അംബേദ്കറും ജാതിയെ കൈകാര്യം ചെയ്തതും വ്യത്യസ്ത രീതിയിലായിരുന്നു. ദലിതരെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ട് അയിത്തോച്ചാടനത്തിലൂടെയും ഹരിജനോദ്ധാരണത്തിലൂടെയുമുള്ള ഹിന്ദുമത പരിഷ്കരണമായിരുന്നു ഗാന്ധിമാര്‍ഗ്ഗം. എന്നാല്‍ അംബേദ്കര്‍ നിരവധി പ്രക്ഷോഭങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും ഹിന്ദുമതത്തെ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹിന്ദുയിസം എന്നാല്‍ ജാതിവ്യവസ്ഥയല്ലാതെ മറ്റൊന്നും അല്ലെന്ന് നിര്‍വ്വചിച്ച് അത് നശിക്കാന്‍, അത് ഉപേക്ഷിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗികമായി ബുദ്ധമതം സ്വീകരിക്കുകയാണ് ചെയ്തത്. ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും യാഥാസ്ഥിതികത്വങ്ങളെ നിരാകരിച്ചുകൊണ്ടാണ് ആധുനിക ഇന്ത്യയില്‍ ഗാന്ധി ഹിന്ദുമതത്തെയും അംബേദ്കര്‍ ബുദ്ധിസത്തെയും ദര്‍ശനപരമായി പ്രതിനിധീകരിക്കുന്നത്.

“ഗ്രാമസഭ, പഞ്ചായത്തീരാജ് എന്നീ പദങ്ങളേക്കാള്‍ രാഷ്ട്രീയമുള്ള ഗ്രാമസ്വരാജ് എന്ന വാക്ക് മുന്നോട്ട് വെച്ചത് വിനോബയാണ്. ഗ്രാമസഭയിലൂടെ ഗ്രാമസ്വരാജിലേക്ക് എത്തുക എന്നതാകണം ലക്ഷ്യമെന്ന് വിനോബ പറഞ്ഞിട്ടുണ്ട്. പേരിലല്ല കാര്യം, വില്ലേജ് തലത്തില്‍ ലഭ്യമാകുന്ന അധികാരത്തെ ജനങ്ങള്‍ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.” കേരളീയം , 2011 ഒക്ടോബര്‍ ലക്കം.

മഹാനായ ഗാന്ധിശിഷ്യന്‍ നാരായണ്‍ ദേസായി വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സങ്കല്പങ്ങള്‍ എം.പി. പരമേശ്വരനോട് വ്യക്തമാക്കിയ വാക്കുകളാണിവ. തുടര്‍ന്ന് ഗ്രാമസ്വരാജ് സംവിധാനത്തിന്റെ വിജയകഥയായി മഹാരാഷ്ട്രയിലെ അതിര്‍ത്തി ജില്ലയായ ഗഡ്ചിറോളിയിലെ മേന്‍ഢ-ലേഖ ഗ്രാമത്തെ ചൂണ്ടിക്കാട്ടുന്നു. നക്സലൈറ്റുകളും സര്‍ക്കാരും പതിവായി ഏറ്റുമുട്ടുന്ന ഗഡ്ചിറോളി ജില്ലയിലാണ് ഇത് സാധ്യമായതെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു. ഐക്യത (Unanimity) മുറുകെ പിടിക്കുന്ന ഈ ഗ്രാമത്തെ നാരായണ്‍ ദേസായി ഒരു മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നു. ആ ഗ്രാമത്തെ നിയന്ത്രിക്കുന്ന സര്‍വ്വസേവാസംഘത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച കാലത്ത് ആ മനുഷ്യസ്നേഹി നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളാണ് പിന്നീട് പറയുന്നത്. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. ഗാന്ധിയെക്കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണ്. അതിനുവേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ കുറച്ചധികം വാക്കുകള്‍ ഇവിടെ ചേര്‍ത്തു വായിക്കുന്നു. “ഐക്യകണ്ഠേനയോ (Unanimously), സര്‍വ്വസമ്മതിയോടെയോ (consensus) മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ എന്ന നിയമം സര്‍വ്വസേവാസംഘം പാലിച്ചു പോകുന്നുണ്ട്. പക്ഷേ Unanimity യുടെ സ്പിരിറ്റ് എല്ലാവരും ഒരുപോലെ ഉള്‍ക്കൊള്ളുന്നില്ല എന്ന് എനിക്ക് പലപ്പോഴും മീറ്റിംഗുകളില്‍ തോന്നിയിട്ടുണ്ട്. ഐക്യകണ്ഠേനയുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും വരുന്നതായാണ് കാണാന്‍ കഴിയുന്നത്. unanimityക്ക് നല്ല ക്ഷമയും ജനാധിപത്യബോധവും ആവശ്യമാണ്.” ഉള്‍ക്കാഴ്ചയുള്ള ഈ വാക്കുകള്‍ക്ക് ശേഷം ഗാന്ധിയന്‍ തത്വങ്ങളല്ല പ്രയോഗങ്ങളാണ് ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. നക്സലൈറ്റുകളും സര്‍ക്കാരും പതിവായി ഏറ്റുമുട്ടുന്ന ഗഡ്ചിറോളി ജില്ലയിലെ ധനോറ താലൂക്കില്‍പ്പെട്ട റാഞ്ചി ഗ്രാമനിവാസിയും ബിഎസ് സി ബിരുദധാരിയുമായ ദലിത് യുവാവ് ഖേം ചന്ദ്ര പൊതാവിയുടെ അനുഭവം (നേരിട്ട് പറഞ്ഞത്) ഇതിനോട് ചേര്‍ത്ത് പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. ബിഎസ് സി   അവസാനവര്‍ഷ റിസള്‍ട്ട് വന്ന ശേഷമുള്ള ഒരു മാസക്കാലം ഖേം ചന്ദ്രിന് മാനസിക സമ്മര്‍ദ്ദം മൂലം ഉറക്കം പൂര്‍ണ്ണമായി നഷ്ടമായി. ഒന്നുകില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുക അല്ലെങ്കില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുക. അതിനുള്ള മുന്നറിയിപ്പുകള്‍ ചുറ്റുപാടില്‍ നിന്നും കിട്ടിയതാണ് ആ യുവാവ് മാനസിക സമ്മര്‍ദ്ദത്തിലാകാന്‍ കാരണമായത്. വര്‍ണ്ണവ്യവസ്ഥയെ അസന്നിഗ്ധമായി നിഷേധിക്കാത്ത ഗാന്ധിയെയും ഗാന്ധിസത്തെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍വ്വസേവാസംഘത്തിന്റെ ഐക്യകണ്ഠേനയുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ നാരായണ്‍ ദേസായി വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത സമ്മര്‍ദ്ദങ്ങള്‍ കടന്നു വരുമ്പോള്‍ ഖേം ചന്ദ്ര ജാതിവ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളെ ഇനിയും പൂര്‍ണ്ണമായും അംഗീകരിക്കാത്ത നക്സലിസത്തിനും പരാജയമടയുന്ന ഭരണകൂടത്തിനും ഇടയില്‍പ്പെട്ട് മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നു.

ഗാന്ധിയും അംബേദ്കറും തിരിച്ചറിഞ്ഞ ജാതി എന്ന സാമൂഹ്യയാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഗാന്ധിസവും നക്സലിസവും ഭരണകൂടവും പരാജയപ്പെടുക മാത്രമല്ല, ചിലപ്പോള്‍ ഇവ തന്നെ ജാതിയുടെയും സാമ്രാജ്യത്വത്തിന്റെയും വാഹകരാകുന്നതാണ് ഇന്ത്യന്‍ ദലിത് യാഥാര്‍ത്ഥ്യം.

ഇത് വ്യക്തമാക്കാനാണ് ഖേംചന്ദ്രയുടെ അനുഭവം ഓര്‍മ്മിപ്പിച്ചത്. അതുകൊണ്ടാണ് ഗാന്ധി ഇന്ത്യയുടെ ആത്മാവ് കണ്ടെത്തുകയും ഭരണസംവിധാനത്തിന്റെ ഏറ്റവും ചെറിയ പ്രാതിനിധ്യ ഘടകമായി മുന്നോട്ട് വെച്ച ഗ്രാമത്തെ അംബേദ്കര്‍ തിരസ്കരിക്കുന്നതും പകരം വ്യക്തിയുടെ/പൌരന്റെ അവകാശാധികാരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതും. ഇന്ത്യന്‍ ഗ്രാമങ്ങളെ ജീവിതം തളം കെട്ടിനില്‍ക്കുന്ന ജാതീയതയുടെ ഇടങ്ങളായിട്ടാണ് സ്വാനുഭവങ്ങളിലൂടെ അംബേദ്കര്‍ നോക്കിക്കണ്ടത്.

ഗാന്ധിയും അംബേദ്കറും ജാതിയെ കൈകാര്യം ചെയ്തതും വ്യത്യസ്ത രീതിയിലായിരുന്നു. ദലിതരെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ട് അയിത്തോച്ചാടനത്തിലൂടെയും ഹരിജനോദ്ധാരണത്തിലൂടെയുമുള്ള ഹിന്ദുമത പരിഷ്കരണമായിരുന്നു ഗാന്ധിമാര്‍ഗ്ഗം. എന്നാല്‍ അംബേദ്കര്‍ നിരവധി പ്രക്ഷോഭങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും ഹിന്ദുമതത്തെ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹിന്ദുയിസം എന്നാല്‍ ജാതിവ്യവസ്ഥയല്ലാതെ മറ്റൊന്നും അല്ലെന്ന് നിര്‍വ്വചിച്ച് അത് നശിക്കാന്‍, അത് ഉപേക്ഷിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗികമായി ബുദ്ധമതം സ്വീകരിക്കുകയാണ് ചെയ്തത്. ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും യാഥാസ്ഥിതികത്വങ്ങളെ നിരാകരിച്ചുകൊണ്ടാണ് ആധുനിക ഇന്ത്യയില്‍ ഗാന്ധി ഹിന്ദുമതത്തെയും അംബേദ്കര്‍ ബുദ്ധിസത്തെയും ദര്‍ശനപരമായി പ്രതിനിധീകരിക്കുന്നത്.

ബുദ്ധിസ്റും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ട് സാംദോങ് റിമ്പോച്ചെ (കേരളീയം, 2011 ഒക്ടോബര്‍) ഇങ്ങനെ പറയുന്നു. “ഗാന്ധിയും ബുദ്ധിസ്റുകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. ഗാന്ധി തീര്‍ത്തും ഈശ്വരവാദിയാണ്. ബുദ്ധിസ്റുകള്‍ നിരീശ്വരവാദികളാണ്. അവര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ല. അവര്‍ കര്‍മ്മത്തിലും കര്‍മ്മഫലത്തിലും വിശ്വസിക്കുന്നു.”

ഇതില്‍ ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം കൂടിയാണ് റിമ്പോച്ചെ വ്യക്തമാക്കുന്നത്. ശങ്കരാചാര്യരുടെ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ‘ഹിന്ദുമതം ആത്മാവില്‍ വിശ്വസിക്കുമ്പോള്‍ ബുദ്ധമതം അതിന്റെ നിലനില്‍പ്പുപോലും അംഗീകരിക്കുന്നില്ല’ എന്ന വ്യത്യാസം ഇതിന് മുമ്പ് ദലൈലാമ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറ്റൊന്ന് ജാതിയിലുള്ള വിശ്വാസത്തെ സംബന്ധിച്ചാണ്. ജാതി ഹിന്ദുമതത്തിന്റെ ആത്മാവ് ആയിരിക്കുമ്പോള്‍ ബുദ്ധമതം ജാതിയില്‍ വിശ്വസിക്കുന്നില്ല. ദലിതരെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ട് ഉദ്ധരിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഗാന്ധിയെ രക്ഷകര്‍തൃത്വത്തിന്റെയും ദലിതരെ അഹിന്ദുക്കളായും സ്വതന്ത്രദേശീയതയായും നിര്‍വ്വചിച്ച് ജാതിയില്‍ വിശ്വസിക്കാത്ത ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത അംബേദ്കറെ സ്വതന്ത്രകര്‍തൃത്വത്തിന്റെ പ്രതീകവുമായാണ് ഇന്ത്യയിലെ ദലിതര്‍ ഇന്ന് നോക്കിക്കാണുന്നത്. ‘ഈ ഇരുണ്ടകാലത്ത്’ അവര്‍ തിരയുന്നത് അംബേദ്കറെയും ബുദ്ധനെയുമാണ്. അതേ സമയം നാരായണ്‍ ദേസായിയെ പോലുള്ള ഗാന്ധിയന്‍മാരും ബുദ്ധിജീവികളും ഇന്ത്യയുടെ പല ഭാഗങ്ങളിലായി പുതിയ ഗാന്ധിയെക്കുറിച്ചുള്ള ഗൌരവമേറിയ ചിന്തകളിലാണ്. ഇവരില്‍ നിന്ന് സ്വതന്ത്രകര്‍തൃത്വത്തിലൂന്നുന്ന പുതിയ ദലിത് രാഷ്ട്രീയപക്ഷം ഗാന്ധിയന്‍ രക്ഷകര്‍തൃത്വത്തെയല്ല മറിച്ച് ജാതിക്ക് കുറുകെ സാധ്യമാകേണ്ട സാഹോദര്യവും നാരായണ്‍ ദേസായിയെപ്പോലുള്ളവരില്‍ നിന്നും കുറേക്കൂടി പ്രായോഗികമായ ജാതിവിരുദ്ധസമരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

ഗാന്ധിയന്‍ വായനാനുഭവം

സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ജനിച്ച ഏതൊരു വ്യക്തിയെയും പോലെ എന്നെയും ബാല്യത്തില്‍ ഗാന്ധി ആകര്‍ഷിച്ചിട്ടുണ്ട്. കൌമാരത്തില്‍ ഗാന്ധിയുടെ ആത്മകഥയോടൊപ്പം സാമൂഹികം, ഗാര്‍ഹികം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിചിന്തകളടങ്ങുന്ന ഗാന്ധിസാഹിത്യത്തിന്റെ തടിയന്‍ വാള്യങ്ങള്‍ ആര്‍ത്തിയോടെ വായിച്ച് തീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വലിയ പുസ്തകങ്ങളാണവയെന്ന് തോന്നിക്കാത്തത്രയും ലളിതമായ ഭാഷയില്‍ ജീവിതത്തില്‍ വളരെ നിസ്സാരമെന്ന് നമ്മള്‍ കരുതിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ചു പോലും പറഞ്ഞുകൊണ്ട് ഗാന്ധി നമ്മെ ജീവിതത്തെ ലളിതമായി സമീപിക്കുവാന്‍ പഠിപ്പിക്കുന്നു. പലപ്പോഴും അതിലളിതവല്‍ക്കരണവും വൈരുദ്ധ്യങ്ങളും അപ്രായോഗികതയും അതിവാദവുമൊക്കെ കണ്ടെത്താന്‍ കഴിയുമെങ്കിലും ഗാന്ധിയിലെ വൈരുദ്ധ്യങ്ങളായിരുന്നു എന്നെ ഏറെക്കാലം ആകര്‍ഷിച്ചത്.

താവോയിസപ്രകാരം (പ്രത്യേകം ശ്രദ്ധിക്കുക, മാവോയിസം അല്ല) എല്ലാ ഉയര്‍ന്ന മനുഷ്യരെയും പോലെ ഗാന്ധിയും ‘ഒരു ഭാഗത്തിന് വേണ്ടി വാദിക്കുകയും മറുഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും’ ചെയ്യുന്നതു കാണാം. ജാതിയില്‍ വിശ്വസിക്കുമ്പോഴും ഗാന്ധി ജാതിക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഹിന്ദുമതത്തിന് വേണ്ടി നിലകൊള്ളുമ്പോഴും മറ്റ് മതസ്ഥര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാകുന്നു. ആസക്തികള്‍ക്കെതിരെ സംസാരിക്കുമ്പോഴും ആസക്തനാകുന്നു. വര്‍ണ്ണവ്യവസ്ഥയില്‍ വിശ്വസിക്കുമ്പോള്‍ തന്നെ വര്‍ണ്ണവ്യവസ്ഥയെ ലംഘിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിക്കുന്നു. സ്വന്തം വിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഈ ഗാന്ധിയെയാണ് ശങ്കരവാദികളും മാവോവാദികളും ഇഷ്ടപ്പെടുന്നത്.

അതെസമയം സാമ്രാജ്യത്വത്തിനും പാരിസ്ഥിതിക നാശത്തിനും ഭീഷണമാകുന്ന ആസക്തികള്‍ക്കെതിരെയും നാം വീണ്ടും ഗാന്ധിയെ കണ്ടെത്തുന്നു. ജാതിവ്യവസ്ഥയെ നേരിടുമ്പോഴാണ് ഗാന്ധി പരാജയപ്പെടുന്നതെന്ന് ഡോ. അംബേദ്കര്‍ മുതല്‍ നിരവധി കീഴാളപക്ഷ ചിന്തകരും ഗുരു നിത്യചൈതന്യയതിയെപ്പോലുള്ളവരും തുറന്ന് എഴുതിയിട്ടുണ്ട്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ഗാന്ധിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കുകയും ഡോ. അംബേദ്കറുടെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയും ചെയ്തത് ഈ പ്രതിസന്ധി ഘട്ടത്തിലാണ്.

എന്റെ വായനയിലും ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. ഡോ. അംബേദ്കറെക്കുറിച്ചുള്ള പലവിധ പുതിയ വായനകളും ഇന്ന് സജീവമാണ്. ആധുനികന്‍, കൊളോണിയല്‍ ആധുനികതയുടെ ഉപോല്‍പ്പന്നം, ഉത്തരാധുനികന്‍, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കുമിടയില്‍ സന്നിഗ്ധത പുലര്‍ത്തുന്ന സാമൂഹ്യശാസ്ത്ര ചിന്തകന്‍, ബുദ്ധിസ്റ്, ഫെമിനിസ്റ് എന്നീ നിലകളില്‍ അദ്ദേഹം വിലയിരുത്തപ്പെടുന്നുണ്ട്. ജാതി എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട ഈ രണ്ട് മഹദ് വ്യക്തികളെ കുറിച്ചുള്ള പുതിയ വായനകളും പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവല്ക്കരണത്തിന് അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തികള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടാതെ സമൂഹം ജനാധിപത്യവല്‍ക്കരിക്കപ്പെടില്ലെന്നും ജനാധിപത്യസമൂഹത്തില്‍ മാത്രമേ ഒരു ജനാധിപത്യഭരണകൂടത്തിന് നിലനില്‍പ്പുള്ളൂ എന്നും തിരിച്ചറിയുന്ന അംബേദ്കര്‍ ജനാധിപത്യം ഒരു ആശയം മാത്രമല്ല ഒരു ജീവിതരീതിയാണെന്നും അതിന്‍റെ ഏറ്റവും വലിയ ശത്രു ഇന്ത്യന്‍സമൂഹത്തില്‍ ജാതിയാണെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയെപ്പോലൊരു ജാതിസമൂഹത്തില്‍ unanimity ക്ക് നല്ല ക്ഷമയും ജനാധിപത്യബോധവും വേണമെന്ന നാരായണ്‍ദേസായിയുടെ നിരീക്ഷണം ഇവിടെയാണ് പ്രസക്തമാകുന്നത്. ഗാന്ധിയും ബുദ്ധിസ്റുകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഗാന്ധി പറഞ്ഞതെല്ലാം ബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതാണെന്ന് റിമ്പോച്ചെ പറയുമ്പോള്‍ ബുദ്ധനോ കാള്‍മാര്‍ക്സോ? എന്ന അംബേദ്കറുടെ ചോദ്യത്തോടൊപ്പം ബുദ്ധനോ ഗാന്ധിയോ? എന്ന ചോദ്യവും പ്രസക്തമാകുന്നു.

 

കേരളീയം മാസികയുടെ ഗാന്ധി പതിപ്പിന്‍റെ “വികേന്ദ്രീകരണം ഗാന്ധിയന്‍  സങ്കല്‍പ്പത്തില്‍” എന്ന വിഷയത്തില്‍ ഡോക്ടര്‍ മൈക്കിള്‍ തരകന്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് അവതരിപ്പിച്ചത്.

Top