Navigation

അടിമത്തകേരളം

Drawing4


എം.ആര്‍. രേണുകുമാര്‍:

അച്ഛന്‍ ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല യജാനര്‍ വില്‍ക്കുകയും വാങ്ങുകയും വാങ്ങുകയും ചെയ്തിരുന്നത്. ജനിക്കാനുളളവരെകൂടി അവര്‍ കച്ചവടം ചെയ്തിരുന്നു. 1788ല്‍ തിരുവിതാംകൂറില്‍ ഒരു പുലയ സ്ത്രീയെയും അവര്‍ക്ക് ജനിക്കാനിടയുളള എല്ലാ കുട്ടികളെയും ഉള്‍പ്പെടെ വിലയ്ക്കുവാങ്ങിയതായി പുസ്തകങ്ങളിലുണ്ട്. ”മനുഷ്യന്‍ മനുഷ്യരോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകേല. എത്ര ക്രൂരമായിട്ടാണ്  അവര്‍ നമ്മുടെ പൂര്‍വ്വികരോട് പെരുമാറിയിരുന്നത്. ശരിക്കും എനിക്ക് ദേഷ്യം വരുന്നുണ്ട്.”

കുറച്ചു നേരമായി ഞാനൊരു വലിയ ആലോചനയിലാണ്. ഒരു ക്ളാസ്സുകാരന് ഇത്രയധികം ആലോചിക്കുവാന്‍ എന്തിരിക്കുന്നുവെന്ന് എന്റെ അച്ചനെപ്പോലെ നിങ്ങള്‍ക്കും തോന്നുന്നുണ്ടാവാം. പക്ഷെ ആറാം ക്ളാസ്സില്‍ ആയിപ്പോയതുകൊണ്ട് എനിക്ക് ആലോചിക്കാതിരിക്കാന്‍ പറ്റുമോ? ഇല്ല. അത്തരം കാര്യങ്ങളല്ലേ ഇന്ന് ടീച്ചറ് ക്ളാസ്സില്‍ പറഞ്ഞത്. ഞാനതിലേക്ക് മെല്ലെ വരാം. ഇപ്പോള്‍ ഈ ജനലിലൂടെ പുറത്തേക്ക് നോക്കി അല്‍പ്പനേരം നില്‍ക്കാന്‍ എന്നെ അനുവദിക്കുക. ജനല്‍കമ്പികള്‍ക്കിടയിലൂടെ കടന്ന് എന്റെ കണ്ണുകള്‍ ഇരുട്ടില്‍ തലയാട്ടി നില്‍ക്കുന്ന വാഴയിലകളുടെ മീതെ ചെന്നു വീണു. നോക്കിയും കണ്ടും നില്‍ക്കെ കാറ്റിലാടുന്ന വാഴയിലകള്‍ മുഴുവന്‍ കറുത്ത മനുഷ്യരാണെന്ന് എനിക്കുതോന്നി. അവരുടെ കാല്‍ച്ചോട്ടില്‍ അവരുടെ കുട്ടികള്‍ നിന്ന് കൈകള്‍ വീശുന്നതായി എനിക്ക് തോന്നി.

“രാഘവ”…. നീയെന്താ അവിടെ നോക്കി നില്‍ക്കുന്നത്” പതിവിന് വിരുദ്ധമായുളള എന്റെ പ്രകൃതം കണ്ടാവാം അച്ചന്‍ അങ്ങനെ ചോദിച്ചത്. ഞാന്‍ നോട്ടം മതിയാക്കി അച്ചന്റെ നേരെ നോക്കി. “എന്തുപറ്റി” അച്ചന്‍ ചോദിച്ചു.

“അടിമകളെ മൃഗങ്ങളെപ്പോലെ വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്തിരുന്നത്രേ! പണ്ടുകാലത്ത്. അത് നേരാണോ അച്ചാ..” ഞാന്‍ ചോദിച്ചു. ”നേരാണ്… ചരിത്ര പുസ്തകങ്ങളിലൊക്കെ അങ്ങനെ പറയുന്നുണ്ട്” അച്ചന്‍ പറഞ്ഞു.

“അച്ചനെനിക്ക് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരാവോ..” ഞാന്‍ സ്നേഹത്തോടെ ചോദിച്ചു.

“ഇപ്പോഴോ”

“ങ്ഹാ ഇപ്പോ പറയണം. ഇന്ന് കഥയും പാട്ടും ഒന്നും വേണ്ട. അടിമകളുടെ കാര്യം പറഞ്ഞാമതി. ആ പാവം മനുഷ്യരെപ്പറ്റി ടീച്ചറ് കൊറേ കാര്യങ്ങള്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ മുതിര്‍ന്നാവരോട് ചോദിച്ചും, പുസ്തങ്ങള്‍ വായിച്ചു പഠിച്ചോണ്ടുവേണം അടുത്ത ദിവസം ചെല്ലാന്‍. അച്ചനെനിക്ക് അതൊക്കെയൊന്ന് പറഞ്ഞു തരുവോ…” ഞാന്‍ കൊഞ്ചലോടെ പറഞ്ഞു.

“അമ്പടാ… അപ്പോ അതാണു കാര്യമല്ലേ…. ഇപ്പോ മോന്‍ കിടന്നുറങ്ങ്. നമ്മുക്ക് നാളെ പകലുപറയാം”. അച്ചനെന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
“പ്ളീസ്… പ്ളീസ് അച്ചാ …. ” ഞാന്‍ കെഞ്ചി.
“എന്നാല്‍ ഇന്ന് ഞാന്‍ കുറച്ചുകാര്യങ്ങള്‍ പറയാം.
ശ്രദ്ധിച്ചു കേള്‍ക്കണം. ഇടയ്ക്ക് നീ യുറങ്ങിയാല്‍ ഞാന്‍ നിര്‍ത്തും”
“നിര്‍ത്തിക്കോ… പക്ഷേ നാളെപ്പറയണം”
“തീര്‍ച്ചയായും… നാളെ ഞാന്‍ അതേപ്പറ്റി കുറെ കാര്യങ്ങള്‍ പറഞ്ഞുതരാം. അച്ചന് കുറെ പുസ്തകങ്ങള്‍ നോക്കണം.
“എന്നാല്‍ പറ അച്ചാ…” ഞാന്‍ കെട്ടിപ്പിടിച്ചുകൊണ്ട് അച്ചനെ നിര്‍ബന്ധിച്ചു. അച്ചന്‍ ആലോചനകളിലേക്ക് മുഴുകി. “പറയാം.. പറയാ” മെന്ന് പറഞ്ഞുകൊണ്ട് അച്ചനെന്റെ തുടയില്‍ തട്ടി താളം പിടിച്ചു. അച്ചന്റെ മുഖത്ത് മിഴിനട്ട് ഞാന്‍ കാതോര്‍ത്ത് കിടന്നു. അച്ചന്‍ നാളിതുവരെ വായനയിലൂടെ കിട്ടിയ അറിവുകള്‍ അടുക്കിപ്പെറുക്കയാണെന്നു തോന്നുന്നു.
അച്ചന്‍ കഥ പറഞ്ഞു തുടങ്ങി.

“നീ പറഞ്ഞതു പോലുളള അടിമത്തകാലമൊക്കെ ഉണ്ടായിരുന്നത് പണ്ടാണ്. ലോകത്ത് എല്ലായിടത്തുമുണ്ടായിരുന്നതുപോലെ അക്കാലത്ത് നമ്മുടെ നാടായ കേരളത്തിലും ഉണ്ടായിരുന്നു അടിമത്തം. കേരളത്തില്‍ അടിമത്തം എന്നു തുടങ്ങിയെന്നോ, എങ്ങനെ തുടങ്ങിയെന്നോ പറയാന്‍ കഴിയില്ല. പക്ഷേ അതില്ലാതായിട്ട് അത്രയധികം നാളുകളൊന്നുമായിട്ടില്ല. അടിമത്തം നിയമം മൂലം നിരോധിക്കുന്നത് തന്നെ ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പാണ്. വര്‍ഷം കൃത്യമായി ഞാന്‍ നാളെ പറയാം. ചരിത്രത്തില്‍ ഒന്നരനൂറ്റാണ്ട് എന്നൊക്കെ പറയുന്നത് ഒരു ചെറിയ കാലയളവുമാത്രമാണ്.
അച്ചന്റെ പറച്ചിലുകള്‍ക്കിടെ എന്റെ മൂളലുകള്‍ ഇടയ്ക്കൊക്കെ ദുര്‍ബലമാകുന്നത് ഞാനറിഞ്ഞിരുന്നു. ഇപ്പോള്‍ അച്ചന്റെ ശബ്ദം കേള്‍ക്കുന്നില്ല. ഞാന്‍ ഉറങ്ങിത്തുടങ്ങിയെന്നു തോന്നുന്നു. ഉറക്കത്തില്‍ സ്വപ്നത്തിന്റെ വിരലില്‍ തൂങ്ങി പഴയകാലത്തിലേക്ക് പോകാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചുകൊണ്ടിയിരുന്നു.

രണ്ട്

സ്കൂളില്ലാത്ത ദിവസങ്ങളില്‍ അച്ചനെന്നെ നേരത്തെ വിളിച്ചുണര്‍ത്താറില്ല. അങ്ങനെയുളള ദിവസങ്ങളില്‍ ഞാന്‍ ഒരുപാട് വൈകിയാണ് ഉണരാറ്. പക്ഷേ ഇന്നു ഞാന്‍ വെളുപ്പിനെ ഉണര്‍ന്നു. അടിമത്തത്തെക്കുറിച്ചു പറയുന്ന പുസ്തകങ്ങളൊക്കെ അച്ചനിപ്പോ കണ്ടുപിടിച്ചിട്ടുണ്ടാവും. അച്ചനിപ്പോ പത്രം വായനയിലാവും ഞാന്‍ തിണ്ണയിലേക്ക് നടന്നു. എന്റെ കാല്‍പ്പെരുമാറ്റം കേട്ടതും വായിച്ചു കൊണ്ടിയിരുന്ന പത്രത്തില്‍ നിന്നും അച്ചന്‍ തലയുയര്‍ത്തി. വാതില്‍പ്പടിയില്‍ ചാരി കണ്ണ് തിരുമ്മിക്കൊണ്ട് നില്‍ക്കുന്ന എന്നെ അച്ചന്‍ കൈകാണിച്ച് അരികിലേക്ക് വിളിച്ചു. ഞാന്‍ ഓടിച്ചെന്നു.

“അച്ചാ… ബാക്കി കഥ പറയേണ്ടേ….” ഞാന്‍ ചോദിച്ചു. “കഥയല്ല.. സംഭവിച്ച കാര്യങ്ങള്‍, ചരിത്രസത്യങ്ങള്‍. നീ ബാത്ത്റൂമിലൊക്കെ പോയി… മുഖമൊക്കെ കഴുകിവാ” അച്ചനെന്നെ ചേര്‍ത്തുനിര്‍ത്തികൊണ്ട് പറഞ്ഞു. ഞാന്‍ തിടുക്കപ്പെട്ട് ബാത്ത്റൂമിലേക്ക് ഓടി.
അധികം വൈകാതെ ഞാന്‍ ഓടിവന്ന് അച്ചന്റെയടുത്ത് കിടന്നിരുന്ന കസേരയില്‍ ഇരുന്നു. എവിടെ തുടങ്ങണമെന്നോര്‍ത്താവും അച്ചന്‍ ഒരു നിമിഷം മൌനമായിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“ശരിക്കും.. ഈ അടിമത്തമെന്ന് പറഞ്ഞാലെന്താ … അച്ചാ” അച്ചനൊരു പഴുത് വീണുകിട്ടി. അച്ചന്‍ പറഞ്ഞു തുടങ്ങി.
ശരിക്കും പറഞ്ഞാല്‍ നമ്മള്‍ മനസ്സിലാക്കിവെച്ചിട്ടുളളതില്‍ കൂടുതല്‍ കുഴപ്പം പിടിച്ച ഒരു സമ്പ്രദായമാണ് അടിമത്തം. ഒരാള്‍ സകല അര്‍ത്ഥത്തിലും മറ്റൊരാളുടെ കീഴിലും നിയന്ത്രണത്തിലുമാകുന്ന സാമൂഹ്യ അവസ്ഥയാണ് അടിമത്തം എന്നുവേണമെങ്കില്‍ പറയാം. നിനക്ക് മനസ്സിലായിട്ടുണ്ടാവില്ല… അല്ലേ. അതായത് അടിമ സമ്പ്രദായത്തില്‍ ഒരടിമയുടെ എല്ലാ ചലനങ്ങളും ഉടമയുടെ ഇഷ്ടമനുസരിച്ചാവും നടക്കുക. പണിയെടുപ്പിക്കുന്നത് കൂടാതെ അയാള്‍ക്ക് അടിമയെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. ഇഷ്ടംപോലെ ശിക്ഷിക്കാം. കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യാം. ആഹാരം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ആരും ചോദിക്കാനും പറയാനും വരില്ല. വിലയൊക്കെ വില്‍ക്കുന്നവരും വാങ്ങുന്നവരും ചേര്‍ന്ന് തീരുമാനിക്കും. പണിയില്ലാത്ത നേരങ്ങളില്‍ ഓടിപ്പോകതിരിക്കാന്‍ അവരെ ചങ്ങലകൊണ്ട് പൂട്ടിയിടുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുടെ സ്ഥാനംപോലും അടിമകള്‍ക്ക് ഉണ്ടായിരുന്നില്ല. അടിമകള്‍ക്ക് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല. വീടോ, കുടുംബമോ, മക്കളോ ഒന്നും അടിമകളുടെ സ്വന്തമായിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും മറ്റൊരു യജമാനന്റെ പണി സ്ഥലത്തേക്ക് ഒറ്റയായോ കൂട്ടമായോ ആട്ടിത്തെളിക്കപ്പെടാനുളളവര്‍ മാത്രമായിരുന്നു അവര്‍. യജമാനരുടെ ജീവിതം കെട്ടിപ്പടുക്കാനും അവരുടെ ഇഷ്ടങ്ങള്‍ സാധിക്കാനും വേണ്ടി ഉണ്ടാക്കിയ സമ്പ്രദായമായിരുന്നു അടിമത്തം. പണിയെടുത്ത് മരിക്കുക എന്നതിലപ്പുറം ഈ സമ്പ്രദായത്തില്‍ അടിമകള്‍ക്ക് സ്വന്തമായി ഒരു ജീവിതമേ ഉണ്ടായിരുന്നില്ല.

“വല്ല്യ കഷ്ടമായിരുന്നല്ലേ അവരുടെ ജീവിതം. യജമനര്‍ അവരെ വല്ലാതെ ഉപദ്രവിച്ചിരുന്നോ..? ഞാന്‍ സങ്കടത്തോടെ ചോദിച്ചു.
“ഉപദ്രവിക്കുമായിരുന്നെന്നോ… നല്ലകാര്യം. എന്തൊക്കെ ക്രൂരതകളായിരുന്നെന്നോ…. അവര്‍ അടിമകളോട് ചെയ്തിരുന്നത്” അച്ചന്‍ പിന്നെയും പറഞ്ഞു തുടങ്ങി.
ഉപദ്രവിച്ചിരുന്നു എന്നു മാത്രമല്ല. പകലന്തിയോളം പണിയെടുത്താലും അവര്‍ക്ക് കൂലിയായി ഒന്നും കൊടുത്തിയിരുന്നില്ല. കണ്ടമൊക്കെ ഉഴുതു മറിയ്ക്കുന്ന കാളക്കോ പോത്തിനോ ഒന്നും ആരും കൂലി കൊടുക്കാറില്ലല്ലോ. വല്ലപ്പോഴും അല്‍പ്പം തീറ്റയോ വെളളമോ കൊടുത്താലായി. ഇതേ അവസ്ഥ തന്നെയായിരന്നു അടിമകളുടേതും. ജീവന്‍ കിടക്കാനുളള ആഹാരം മാത്രം നല്‍കും. പണിയെടുക്കാനുളള ആരോഗ്യം നശിച്ചു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന വിലയ്ക്ക് ആര്‍ക്കെങ്കിലും കൊടുത്ത് മുതലാക്കും. അല്ലെങ്കില്‍ ഉപേക്ഷിച്ച് കളയും പണിക്കിടയില്‍ അപകടം പിണയുന്നവരേയും അസുഖം ബാധിക്കുന്നവരുടേയും കാര്യമായിരുന്നു വല്ല്യ കഷ്ടം. അവര്‍ക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല.
നിനക്കറിയാമോ… നിസ്സാര കാര്യങ്ങള്‍ക്കുംപോലും യജമാനര്‍ അടിമളെ കഠിനമായി ശിക്ഷിച്ചിരുന്നു. ചാട്ടവാര്‍ക്കൊണ്ട് അടിക്കുക, വിരലുകള്‍ മുറിച്ചുകളയുക, ചുട്ടുപഴുപ്പിച്ച ഇരുമ്പുകമ്പി ദേഹത്ത് വെക്കുക, തിളച്ച വെളളം ദേഹത്ത് ഒഴിക്കുക തുടങ്ങിയ പ്രാകൃതമായ ശിക്ഷകളായിരുന്നു അവര്‍ക്ക് നല്‍കിയത്. കുട്ടികളെയും വൃദ്ധരെയും സ്ത്രീകളെയുമൊന്നും ഇത്തരം ശിക്ഷകളില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. അടിമളെ തിരിച്ചറിയുന്നതിന് അവരുടെ കഴുത്തില്‍ ഒരു തോല്‍ച്ചരട് കെട്ടിയിരുന്നു. കേരളത്തിലെ അടിമകളില്‍ ഭൂരിഭാഗവും പുലയരായിരുന്നു. പുലയരുടെ അക്കാലത്തെ അവസ്ഥയെപ്പറ്റി ആര്‍ച്ച് ഡീക്കന്‍ കോശിയുടെ ‘പുല്ലേലി കുഞ്ചു’ എന്ന നോവലില്‍ ഇങ്ങനെ വിവരിക്കുന്നു.
“ഞാനും തെലഞ്ഞേലി കൃഷ്ണനാശാനും അമ്പാട്ടു ഗോവിന്ദപ്പിളളയും അടിയോട്ടില്‍ പപ്പു മുതലായിട്ടു വേറെ എട്ടുപത്ത് ബാല്യക്കാരുമായി കൊച്ചു ഭട്ടേരിയോടും കൂടി ഒരിക്കല്‍ തിരുവനന്തപുരത്തുപോകുമ്പോള്‍ കാരുവെളളി മില്ലക്കാരന്റെ പടികഴിഞ്ഞു. രണ്ടു മൂന്ന് നാഴിക തെക്കു ഒരു മുക്കവലയും ചുമടുതാങ്ങിയും ഉളെളടുത്തു വന്നിറങ്ങി കന്നിതുലാം മാസം കാലമായിരുന്നു. അപ്പോള്‍ കിഴക്കുനിന്നും മലങ്കൊയിത്തും കഴിഞ്ഞു പുട്ടലിലും പൊല്കങ്ങളിലും നെല്ലു കെട്ടി എടുത്തും കൊണ്ടു കുറെ പുലയര്‍ ചുമടുതാങ്ങിയിങ്കല്‍ ഇളെപ്പാനായിട്ട് അമഗിച്ചു ഓടിവരുന്നുണ്ട്. കിടാങ്ങള്‍ അടക്കം അവര്‍ മുപ്പതു നാല്‍പ്പതു എണ്ണം ഉണ്ടായിരുന്നു. വഴിക്കു ഇരുപുറവും ഉയര്‍ന്ന കാടാകകൊണ്ട് അവരും ഞങ്ങളും തമ്മില്‍ കാണാന്‍ ഇടവരാതെ അവര്‍ വന്നു നിന്നാ അടുത്തുപോയി. ഞങ്ങളെ കണ്ട ഉടനെ കടുവയെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചുഓടി. പിടിച്ചോളിന്‍ എന്ന് ഭട്ടേരി കല്പിച്ചു. പപ്പു മുതല്‍ പേരും പിറകേ എത്തി. ആ പുലയരില്‍ എട്ടൊന്‍പതുമാസം ഗര്‍ഭമുളള പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടില്‍ പപ്പു ഓടിച്ചെന്ന ചെലവില്‍ ഒരു പുലയക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തടിച്ചു. അതിനോടെ അവര്‍ വയറും തല്ലി കവിന്നുവീണു. ഉടനെ പ്രസവവും കഴിഞ്ഞു…. ശേഷം പുലയരില്‍ കൈയ്യില്‍ കിട്ടിയതിനെ ഒക്കെ അവര്‍ നുറുങ്ങെ നല്കി. നാലഞ്ചുകിടാങ്ങളെ എടുത്ത് കാട്ടിലേക്ക് എറിഞ്ഞു. ചുമടു ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ച് കാട്ടില്‍ ചീന്തിക്കളഞ്ഞു.” 1882-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിന്റെ 34,35 പുറങ്ങളിലാണ് ഈ ദാരുണ സംഭവം വിവരിച്ചിട്ടുളളത്.
നിനക്ക് മറ്റൊരു കാര്യമറിയാമോ. അക്കാലത്തൊക്കെ നിലമുഴാന്‍ കന്നു കാലികളോടൊപ്പം അടിമകളെയും ഉപയോഗിച്ചിരുന്നു. അടിമത്ത കാലത്തെ ക്രൂരതകള്‍ മനസ്സിലാക്കാന്‍ ഇതില്‍പ്പരം മറ്റെന്തു തെളിവുവേണം. പോത്തിനും കാളയ്ക്കുമൊപ്പം പിടിച്ചു നില്‍ക്കാനാവാതെ മുടന്തി ചെളിയില്‍ കുഴഞ്ഞു വീഴുന്ന ഒരടിമയെപ്പറ്റി ചിന്തിച്ചു നോക്കൂ. എത്ര ദയനീയമായിരിക്കും അയാളുടെ അവസ്ഥ അച്ചനങ്ങനെ പറഞ്ഞു നിര്‍ത്തിയതും തുളുമ്പി നിന്നിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകാന്‍ തുടങ്ങി. അച്ചനെന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. എന്റെ എങ്ങല്‍ അച്ചന്റെ ഉടലിലേക്കും പടര്‍ന്നു.
“അങ്ങനെ ഒരവസ്ഥ ഇപ്പോഴില്ലാത്തത് നന്നായി… അല്ലേ അച്ചാ” അമര്‍ത്തിയ കരച്ചിലിനിടെ ഞാനൊരു വിധത്തില്‍ പറഞ്ഞു. ”അതെയതേ… ഇപ്പോള്‍ ഒരിടത്തും അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല” അച്ചനെന്നെ ആശ്വസിപ്പിച്ചു. അച്ചന്റെ മടിയില്‍ നിന്നിറങ്ങി മുഖം തുടച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് ഓടിപ്പോയി.
“കുറച്ചു വെളളം കുടിച്ചിട്ടു വരാം…” ഓടിപ്പോകുന്നിടയില്‍ ഞാന്‍ പറഞ്ഞു. ഒപ്പം വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തുടയ്ക്കുകയും ചെയ്തു.

മൂന്ന്

“അച്ചാ… ഞാന്‍ വന്നു. പറയാന്‍ തുടങ്ങിക്കോ”
പത്രവായനയിലേക്ക് മടങ്ങിയ അച്ചനെ എന്റെ ശബ്ദം തിരികെ വിളിച്ചു.
“നമ്മളെവിടെയാ പറഞ്ഞു നിറുത്തിയത്” അച്ചന്‍ ചോദിച്ചു.
“അടിമകളോടുളള യജമാന•ാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് പറഞ്ഞോണ്ടിരുന്നത്” ഞാനോര്‍മ്മപ്പെടുത്തി.
“ഇനിയെന്താ നിനക്ക് അറിയേണ്ടത്” പറച്ചിലിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടതു കൊണ്ടാവാണം അച്ചന്‍ അങ്ങനെ ചോദിച്ചത്.
“ഇനിയെന്താഅറിയേണ്ടതെന്നോ… എനിക്കിനിയും ഒത്തിരികാര്യങ്ങള്‍ അറിയണം.” ഞാന്‍ കസേര ഒന്നുകൂടി അച്ചനോട് ചേര്‍ത്തിട്ടു.
“ന്നാ ചോദിക്ക്” അച്ചന്‍ പറഞ്ഞു. ഞാന്‍ തെല്ലുനേരം ആലോചിച്ചു. പിന്നെ ആവേശത്തോടെ ചോദിച്ചു.
“ഈ അടിമത്തം പണ്ടൊക്കെ എല്ലായിടത്തും ഉണ്ടായിരുന്നോ അച്ചാ? അച്ചന്‍ ഗൌരവത്തോടെ പറഞ്ഞു തുടങ്ങി.
പണ്ടു കാലത്ത് എല്ലായിടത്തും അടിമത്ത സമ്പ്രദായം ഉണ്ടായിരുന്നതായി ഞാന്‍ പറഞ്ഞിരുന്നല്ലോ. ക്ളാഡിയസ് എന്നു പേരുളള ഒരു ചക്രവര്‍ത്തി റോമാസാമ്രാജ്യം ഭരിച്ചിരുന്ന കാലത്ത് അവിടെ രണ്ട് കോടിയോളം അടിമകള്‍ ഉണ്ടായിരുന്നത്രേ! അവിടുത്തെ ജനങ്ങളുടെ മൂന്നിരട്ടിയോളം വരുമായിരുന്നു അടിമകളുടെ എണ്ണം. സിന്ധൂനദീതട സംസ്കാരത്തെക്കുറിച്ചൊക്കെ നീ കേട്ടിട്ടില്ലേ. അക്കാലത്ത് മുതല്‍ക്കുതന്നെ ഇന്ത്യയിലും ഉണ്ടായിരുന്നു അടിമത്തം. ഹാരപ്പയിലേയും മോഹന്‍ ജദാരോവിലെയും ജനങ്ങള്‍ക്കിടയില്‍ ദാസ•ാര്‍ എന്നൊരു വിഭാഗം തന്നെയുണ്ടായിരുന്നു. അക്കാലത്തെ അടിമകളായിരുന്നു അവര്‍. യുദ്ധത്തടവുകാരായിരുന്ന ഇവരില്‍ ഭൂരിഭാഗവും യുദ്ധത്തിലും ചൂതുകളിയിലും തോല്‍ക്കുന്നവരെയൊക്കെ അടിമകളാക്കുന്ന രീതിയായിരുന്നു അന്നൊക്കെ ഉണ്ടായിരുന്നത്. എന്തിനധികം പറയണം. നമ്മുടെ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ അടിമകളെപ്പറ്റി പറയുന്നുണ്ടല്ലോ.

അച്ചന്റെ പറച്ചിലുകള്‍ക്കൊപ്പം എന്റെ മനസ്സും ഭാവനയും സഞ്ചരിച്ചു തുടങ്ങിയിരുന്നു. അച്ചന്‍ തുടരുകയാണ്. നമ്മുടെ നാട്ടിലും പണ്ടു കാലം തൊട്ടെ അടിമത്ത സമ്പ്രദായം ഉണ്ടായിരുന്നു. സംഘകാലമെന്നൊക്കെ പറയുന്ന കാലത്തെ എഴുത്തുകളിലൊക്കെ ഇതെപ്പറ്റി പറയുന്നുണ്ട്. റോമിലേക്കും മറ്റുമൊക്കെ ഇവിടുന്ന് അക്കാലത്ത് ആയിരക്കണക്കിന് അടിമകളെ കയറ്റി അയച്ചിരുന്നത്രേ! രാജാക്ക•ാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കുമൊക്കെ അക്കാലത്ത് സമ്മാനമായി നല്‍കിയിരുന്നത് അടിമകളെയായിരുന്നു. കാവേരിപ്പട്ടണത്തിന്റെ നിര്‍മ്മാണത്തിന് അടിമകളെ തികയാതെ വന്നപ്പോള്‍ ചോഴ രാജാവ് ശ്രീലങ്കയില്‍ നിന്ന് പന്തീരായിരത്തോളം അടിമകളെയാണ് ബലമായി പിടിച്ചോണ്ടു വന്നത്. അടിമകള്‍ അവരുടെ സ്വകാര്യ സ്വത്തു തന്നെയായിരുന്നു. നിനക്കറിയാമോ? സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്ന പ്രഭുക്ക•ാര്‍ അക്കാലത്ത് ‘ആള്‍ക്കാശ്’ എന്ന പേരില്‍ സര്‍ക്കാരിലേക്ക് നികുതി അടയ്ക്കുമായിരുന്നു. ഒമ്പതാം നൂറ്റാണ്ടിലൊക്കെ കേരളത്തില്‍ അടിമക്കച്ചവടം വളരെ സാധാരണമായിരുന്നു.
“യുദ്ധത്തില്‍ തോല്‍ക്കുന്നവരേയും, കുറ്റങ്ങള്‍ ചെയ്യുന്നവരേയും മാത്രമായിരുന്നോ കേരളത്തിലും അടിമകളാക്കിയിരുന്നത്” ഞാന്‍ ചോദിച്ചു. എന്റെ ചോദ്യത്തിന്റെ പൊരുള്‍ അച്ഛന് പിടികിട്ടി. അച്ചന്‍ പറഞ്ഞുതുടങ്ങി.
കേരളത്തില്‍ നാലുതരത്തിലുളള അടിമകളാണ് ഉണ്ടായിരുന്നത്. ജന്മനാതന്നെ അടിമകളായവരാണ് ആദ്യത്തെ കൂട്ടര്‍. കടം വിട്ടാന്‍ കഴിയാതെ സ്വയം ഈടായി അടിമകളാകുന്നവരാണ് ഇനിയൊരു കൂട്ടര്‍. വിലയ്ക്കുവാങ്ങുന്ന അടിമകളാണ് നാലാമത്തെ കൂട്ടര്‍. കേരളത്തിലെ അടിമത്തം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഇവിടുത്തെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്ക് പുറത്തുളളവരെല്ലാം തന്നെ അടിമകളായിരുന്നുവെന്ന് ചുരുക്കം. അതേപ്പറ്റിയൊക്കെ പിന്നീടൊരിക്കല്‍ പറഞ്ഞുതരാം. ഇവിടുത്തെ അടിമകളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും ജന്മനാ അടിമകളാക്കപ്പെട്ട പുലയര്‍, പറയര്‍, ചെറുമര്‍, കുറവര്‍ തുടങ്ങിയ ജാതികളില്‍പ്പെട്ടവരായിരുന്നു. ദലിതര്‍ എന്ന പേരില്‍ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന നമ്മുടെ പൂര്‍വ്വികര്‍ മുഴുവനും അടിമകളായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പൊയ്കയില്‍ അപ്പച്ചനൊക്കെ നമ്മളെ അടിമ സന്തതികള്‍ എന്നു വിളിച്ചത് അതുകൊണ്ടായിരുന്നു. അടിമത്താനുഭവത്തെക്കുറിച്ചുളള അപ്പച്ചന്റെ ഒരുപാട്ട് ഇങ്ങനെയാണ്.

മുന്‍ പിതാക്കള്‍ക്കു വന്ന
ദുഃഖവാര്‍ത്തകള്‍ കേള്‍പ്പിന്‍
എന്‍പ്രിയസോദരെ
അടിമവേലകള്‍ ചെയ്തു
ഇടയില്ലാതടിയേറ്റു
കഷ്ടപ്പെട്ടുവലഞ്ഞേ
താതനെ ഒരിടത്തും
മാതാവേ വേറൊരിടത്തും
കുട്ടികള്‍ അനാഥരായ്
മഴ മഞ്ഞു വെയിലേറ്റു
ഒട്ടേറെ വലഞ്ഞവര്‍
ഭക്ഷണം കിട്ടുന്നില്ല.
താഴുകള്‍ തുടലുകള്‍
ഇട്ടവര്‍ പൂട്ടികെട്ടി
മുള്‍ക്കമ്പാല്‍ അടിച്ചിരുന്നു.
കാളകള്‍ക്കും പോത്തുകള്‍ക്കും
ഇണയായ് കൂട്ടിക്കെട്ടി
നിലങ്ങളില്‍ ഉഴുതിടുന്നു.
രാത്രി ഉറക്കിളച്ചു
കണ്ണുകള്‍ മങ്ങിടുന്നു.
ഉറങ്ങാനായ് സമയമില്ല
വേലക്കൂലികളോര്‍ത്താല്‍
ഒട്ടും സഹിപ്പതല്ല.
അഷ്ടി കഴിപ്പാനില്ല
വസ്ത്രങ്ങള്‍ക്കാവതില്ലാ-
ആറാഞ്ഞിലിത്തൊലിയും
കിടക്കകള്‍ പാളകളും
പട്ടിയെ കൊല്ലും പോലെ
നമ്മുടെ പിതാക്കളെ
കൊന്നവര്‍ കൊലവിളിച്ചേ
കാളയെ വില്‍ക്കും പോലെ
നമ്മുടെ പിതാക്കളെ
വിറ്റവര്‍ വില വാങ്ങിച്ചു.
മാതാപിതാക്കളെയും
കാണാതെ കുട്ടികളും
കണ്ണുനീര്‍ വാര്‍ത്തിടുന്നു.
കണ്ട വിടുകളില്‍ പോയ്
കഞ്ഞി വെളളമിരന്നു
ഒന്നും ലഭിച്ചില്ലല്ലോ
കല്ലേറും അടികളും
ഇടിയും ഏറെക്കൊണ്ടു
ദുഃഖിതരായ് വലഞ്ഞു.
മുന്‍ പിതാക്കളെ ഇപ്പോള്‍
ഓര്‍ത്തിടുകില്‍ സങ്കടം
എങ്ങനെ സഹിച്ചിടും.

“ഹോ….. ഇരുനൂറോ മൂന്നൂറോ വര്‍ഷം മുമ്പാണ് നമ്മളൊക്കെ ജനിച്ചിരുന്നെങ്കില്‍ അടിമകളായി പ്പോയേനെ… അല്ലേ” പേടികലര്‍ന്ന കൌതുകത്തോടെ ഞാന്‍ ചോദിച്ചു.
“എന്താ സംശയം.. തീര്‍ച്ചയായും. ഞാന്‍ അച്ചനടിമ നീ മകനടിമ” അച്ചന്‍ ചിരിച്ചു. കൊണ്ടു പറഞ്ഞു. അച്ചന്റെ മുഖത്തെ ഗൌരവം മാറുന്നതിനനുസരിച്ച് എന്റെ മുഖത്ത് ചിരി പടര്‍ന്നു. ഞാനും ഒപ്പം കൂടി. ഞാന്‍ അച്ചന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ടു ചോദിച്ചു.
“അടിമത്തത്തെക്കുറിച്ചുളള ഈ വിവരങ്ങളൊക്കെ അച്ചന്‍ പുസ്തകം വായിച്ചാണോ അറിഞ്ഞത്.”
“പിന്നല്ലാതെ” അച്ചന്‍ പറഞ്ഞു.
കേരളത്തിലെ അടിമത്തത്തെപ്പറ്റി ഒട്ടേറെപ്പേര്‍ എഴുതിയിട്ടുണ്ട്. ഇവരുടെ എഴുത്തുകള്‍ക്കൊക്കെ ആധാരമായത് അക്കാലത്ത് കേരളം സന്ദര്‍ശിച്ച വിദേശികളുടെ കുറിപ്പുകളാണ്. പോയ നൂറ്റാണ്ടുകളിലെ കേരളത്തെക്കുറിച്ച് നമ്മുക്ക് ഒത്തിരി വിവരങ്ങള്‍ ഈ സഞ്ചാരക്കുറിപ്പുകള്‍ നല്‍കുന്നുണ്ട്. ഇബനുബത്തൂത്ത, ഫാഹിയാന്‍ എന്നൊക്കെ പേരുകളുളള വിദേശ സഞ്ചായരികളെക്കുറിച്ച് നീ കേട്ടിട്ടില്ലേ.
കേട്ടിട്ടുണ്ട്… എന്ന മട്ടില്‍ ഞാന്‍ തലയാട്ടി. അച്ചന്‍ തുടര്‍ന്നു.
ഇബനു ബത്തൂത്ത പതിനാലാം നൂറ്റാണ്ടിലാണ് കേരളത്തിലെത്തുന്നത്. ഇവിടുത്തെ അടിമകള്‍ സല്‍സ്വാഭാവികളാണെന്നും അവര്‍ക്ക് വിലക്കുറവാണെന്നും ബത്തൂത്ത എഴുതിയിട്ടുണ്ട്. പട്ടിണിയൊക്കെ കൂടുമ്പോള്‍ അടിമകള്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റിരുന്നതായി മറ്റൊരു സഞ്ചാരിയായ ബാര്‍ബോസ എഴുതുന്നു. മലബാറില്‍ നിന്നും അരിയും തേങ്ങയുമൊക്കെ പാണ്ടി നാട്ടില്‍ കൊണ്ടു കൊടുത്തിട്ട് അവിടുന്ന് അടിമകളെ കൊണ്ടുവന്ന് വിറ്റിരുന്നതായും ബാര്‍ബോസയുടെ എഴുത്തുകളില്‍ കാണാം. പതിനായിരക്കണക്കിന് അടിമകളെ കേരളത്തില്‍നിന്നും അന്യനാടുകളിലേക്ക് കയറ്റി അയച്ചിരുന്നതായി 1789-ല്‍ കേരളത്തിലെത്തിയ ബാര്‍ത്തലോമ്യാ എഴുതുന്നു. പൊതുനിരത്തുകളൊഴിവാക്കി കാട്ടിലൂടെയും ചതുപ്പുകളിലൂടെയും ഉറക്കെ ശബ്ദമുണ്ടാക്കി തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് നീങ്ങുന്ന അടിമകളെപ്പറ്റി 1505 ല്‍ മലബാര്‍ സന്ദര്‍ശിച്ച വര്‍തേമ പറയുന്നുണ്ട്. ഇപ്രകാരം ശബ്ദമുണ്ടാക്കി മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ ഒരു നായരെങ്ങാനും അബദ്ധത്തില്‍ അതുവഴി വന്നു പോയാല്‍ അയാള്‍ അവരെ കൊന്നുകളയും. അതിന് ശിക്ഷയൊന്നു മില്ലായിരുന്നു. അടിമകളെ കന്നുകാലികളോടൊപ്പം വെച്ചുകെട്ടി നില മുഴുതിരുന്നതായി സാമുവല്‍ മറ്റിയറിന്റെ കുറിപ്പുകളില്‍ കാണാം. “കാളയോടും പോത്തിനോടും ചേര്‍ത്തുനുകം വെക്കുമായിരുന്നു. രക്ഷപെടാതിരിക്കാന്‍ ഇരുട്ടുമ്പോള്‍ ചങ്ങലയില്‍ തളയ്ക്കുമായിരുന്നു. അപ്പനെ ഒരാള്‍ക്കും അമ്മയെ വേറൊരാള്‍ക്കും മക്കളെ പലര്‍ക്കുമായി വില്‍ക്കുക പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ വേര്‍പെട്ടാല്‍ പിന്നീടൊരിക്കലും കണ്ടു മുട്ടാന്‍ അനുവദിച്ചിരുന്നില്ല…” 1904 ഡിസംബര്‍ 13-ാം  തീയതി കറുകച്ചാലില്‍ വെച്ചു നടന്ന യോഗത്തില്‍ പങ്കെടുത്ത മൂപ്പരലൊരാള്‍ ഇങ്ങനെ വെളിപ്പെടുത്തിയതായി മിഷ്നറി രേഖകള്‍ പറയുന്നു. ജാതിയില്‍ നിന്നു പുറത്താക്കപ്പെട്ടവരേയും വല്ല്യ വല്ല്യ കുറ്റങ്ങള്‍ ചെയ്തിരുന്നവരേയും മറ്റും ജാതി നോക്കാതെ തന്നെ രാജാവ് അടിമകളാക്കിയിരുന്നു വെന്ന് വിഷര്‍ പാതിരി എഴുതിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെത്തിയ പ്രാന്‍സിസ് ബുക്കാനന്റെ കുറിപ്പുകളില്‍നിന്നാണ് കേരളത്തിലെ അടിമകളെക്കുറിച്ച് നമ്മുക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നത്. അടിമ ജാതികളില്‍പ്പെട്ട ചെറുമരെ കുറിച്ചുളള അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെയാണ്.
“ചെറുമര്‍ എന്നു പറയുന്ന അടിമകളാണ് വയലുകളില്‍ വേല ചെയ്യുന്നത്. ഈ അടിമകള്‍ അവരുടെ യജമാനന്റെ എല്ലാവിധ അധികാരവും അവകാശവുമുളള സ്വകാര്യ സ്വത്താണ്. ഉടമ പറയുന്ന ഏതു ജോലിയും ചെയ്യാന്‍ ഇവര്‍ തയ്യാറാകേണ്ടതാണ്. മേലാളര്‍ക്ക് ഇഷ്ടം പോലെ വില്‍ക്കാനും കൈമാറ്റം ചെയ്യാനും അവകാശമുണ്ട്. ഭാര്യാ ഭര്‍ത്താക്കരെ വേവ്വേറെ വില്‍ക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ സഹോദരികളെ സഹോദര•ാരില്‍ നിന്നും, കുട്ടികളെ മാതാപിതാക്കളില്‍നിന്നും വേര്‍പെടുത്തി വില്‍ക്കുന്നതില്‍ വിരോധമില്ല. അടിമകള്‍ അധികവും പുലയര്‍, പറയര്‍, കണക്കര്‍, ഉളളാടര്‍, എറിലാളര്‍ തുടങ്ങിയ ജാതികളില്‍പ്പെട്ടവരാണ്. നല്ലവണ്ണം ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും രണ്ടിടങ്ങഴി അരിയാണ് സാധാരണ കൂലി നിരക്ക്. ഇതിന്റെ പകുതി മാത്രമാണ് വൃദ്ധ•ാര്‍ക്കും കുട്ടികള്‍ക്കും ലഭിക്കൂ. ശിശുക്കള്‍ക്ക് ഒന്നും കിട്ടുന്നതല്ല. കൃഷിപ്പണി കഴിഞ്ഞാല്‍ വിളവിന്റെ ഇരുപത്തിയൊന്നിലൊരുഭാഗം ഇവര്‍ക്കു പതമായി നല്‍കാറുണ്ട്. ഓണത്തിനും വിഷുവിനും ഇവര്‍ക്കു തുണിയും കൊടുക്കാറുണ്ട്. നിവര്‍ന്നു നില്‍ക്കാനോ കിടനോ പ്രായസമായ കൊച്ചു കൂരകളിലാണ് ഇവരുടെ താമസം. വയലുകളില്‍ വിളവിറക്കി കഴിഞ്ഞാല്‍ പിന്നെ വയല്‍വരമ്പിലും, കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കളങ്ങള്‍ക്ക് സമീപവും കൊച്ചു കാവല്‍മാടങ്ങള്‍ കെട്ടി അതിലായിരിക്കും കിടപ്പ്. കാറ്റോ മഴയോ ഒന്നും അവര്‍ക്ക് പ്രശ്നമല്ല.” ബുക്കാന്റെ വിവരണങ്ങളില്‍ നിന്ന് കേരളത്തിലെ അടിമത്തത്തെക്കുറിച്ച് നല്ലൊരു ചിത്രം ലഭിക്കുന്നു.
“ഇങ്ങനെ കുറെ സഞ്ചാരികളും മിഷനറിമാരും നമ്മുടെ നാട്ടില്‍ വന്നു പോയില്ലായിരുന്നെങ്കില്‍ നമ്മളിതൊക്കെയെങ്ങനെ അറിഞ്ഞേനെ… അല്ലേ അച്ചാ…” ഞാന്‍ സങ്കടത്തോടെ ചോദിച്ചു. എന്റെ ചോദ്യത്തിലെ ആശങ്ക അച്ചന് നന്നായി പിടിച്ചു. അച്ചന്റെ ചുണ്ടില്‍ സങ്കടം പുരണ്ട ഒരു ചെറുപുഞ്ചിരി വന്നു നിറഞ്ഞു.
“അതെയതേ… അവരൊക്കെ വന്നതുകൊണ്ട് നമ്മുക്ക് പല പ്രയോജനങ്ങളുണ്ടായി” അച്ചന്‍ എന്റെ അഭിപ്രായത്തോട് യോജിച്ചു.

“ഇനി നമ്മുക്ക് കാപ്പി കുടിച്ചിട്ടാവാം സംസാരം… അല്ലേ…” അച്ചന്‍ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“അതേ… ഒരോന്ന് കേട്ടിരുന്നപ്പോള്‍ വെശപ്പിനെപ്പറ്റി ഓര്‍ത്തതേയില്ല. എന്തെങ്കിലും എടുത്തോളൂ അച്ചാ…” എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അച്ചന്റെ പുറകെ അടുക്കളയിലേക്ക് നടന്നു.

 

നാല്

പ്രാതല് കഴിഞ്ഞ് ഞങ്ങള്‍ വെറുതെ വീടിന് പുറകു വശത്തേക്കിറങ്ങി. പിന്നെ പറമ്പിലൂടെ നടന്നുതുടങ്ങി. നടക്കുന്നതിനിടയില്‍ ഞാന്‍ ഓര്‍മ്മപ്പെടുത്തി.
“എനിക്കിനിയും കൊറേ കാര്യങ്ങള്‍കൂടി അറിയണമെന്നുണ്ട്.”
” നീ ചോദിക്ക് ഏതായാലും ഈ ദിവസം ഞാന്‍ നിനക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാ” അച്ചന്‍ പറഞ്ഞു.
‘ആണോ… അച്ചനിന്നെങ്ങും പോകുന്നില്ലാ!… സന്തോഷമായി താങ്ക് യൂ.. അച്ചാ” നടക്കുന്നതിനിടയില്‍ അച്ചന്റെ കൈയ്യെടുത്ത് ഞാന്‍ തോളില്‍ ചുറ്റി. പിന്നെ ചോദ്യത്തിലേക്ക് കടന്നു.
“അച്ചാ അടിമത്തകാലത്ത് അടിമകളെ വില്‍ക്കുയും വാങ്ങുകയുമൊക്കെ ചെയ്തിരുന്നല്ലോ…… എവിടെ വെച്ചാ ഇതൊക്കെ ചെയ്യുക?
“അതോ…. അതിനൊക്കെ പ്രത്യേക ചന്തകള്‍ ഉണ്ടായിരുന്നു.” അച്ചന്‍ പറഞ്ഞു.
“ചന്തകളോ!” എന്റെ കണ്ണുകള്‍ അത്ഭൂതം കൊണ്ടു വിടര്‍ന്നു. അച്ചന്‍ പറമ്പിലേക്ക് കടന്നു.
അടിമകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കേരളത്തില്‍ പ്രത്യേകം ചന്തകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്തുളള പേട്ട, കോവളം, കണിയാപുരം, ചിറയില്‍ കീഴ്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ഒരു കാലത്ത് അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. കായംകുളം, ആലപ്പുഴ കൊല്ലം എന്നിവിടങ്ങളിലുമുണ്ടായിരുന്നു അടിമച്ചന്തകള്‍. കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനം. ഒരു കാലത്ത് പേരുകേട്ട അടിമച്ചന്തയായിരുന്നു. കൊച്ചിയിലും മലബാറിലുമൊക്കെ കാളച്ചന്തകള്‍ പോലെ ഇഷ്ടം പോലെ അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന കൊളള സംഘങ്ങളും അക്കാലത്ത് സജീവമായിരുന്നു.
അവസാനം വാചകം അല്‍പ്പം സ്വരം താഴ്ത്തിയാണ് അച്ചന്‍ പറഞ്ഞത്. അച്ചനിലെ നാടകീയത എന്നിലേക്കും പടര്‍ന്നു. എന്റെ കണ്ണ് ചെറുതായി മിഴിഞ്ഞു. ‘അങ്ങിനെയോ’ എന്നൊരു ഭാവം എന്റെ മുഖത്ത് മിന്നിമറഞ്ഞു. കുട്ടികളെയൊക്കെ വാങ്ങിയിരുന്നത് അടിമക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന കപ്പലുകളിലെ ദല്ലാളുകള്‍ തന്നെയായിരുന്നു. അച്ചന്‍ പറഞ്ഞു നിറുത്തി.
ഞങ്ങള്‍ പറമ്പിന്റെ തെക്കുകിഴക്കേ മൂലയിലുളള ഇല്ലിക്കൂട്ടങ്ങളുടെ ചുവട്ടിലേക്ക് നടന്നു. നാലുവശത്തേക്കും വളര്‍ന്നു പൊങ്ങി വളഞ്ഞു കുത്തി നില്‍ക്കുന്ന ഇല്ലിക്കൂട്ടങ്ങളുടെ ചുവട്ടില്‍ നല്ല തണുപ്പാണ്. ഉണങ്ങിയ ഇലകള്‍ വീണ് അതിന്റെ ചുവട് ഒരു മെത്തപോലെ പതുങ്ങിക്കിടന്നിരുന്നു. അച്ചന്‍ കാലുകള്‍ നീട്ടി ഇല്ലിക്കമ്പുകളില്‍ ചാരിയിരുന്നു. ഞാന്‍ അച്ചന്റെ മടിയിലേക്ക് തലവെച്ചുകിടന്നു. കാറ്റില്‍ ഇളകുന്ന ചില്ലകള്‍ക്കിടയിലൂടെ സൂര്യപ്രകാശത്തിന്റെ നീട്ടലുകള്‍ അരിച്ചുവന്നുകൊണ്ടിരുന്നു. അച്ചന്‍ പിന്നെയും വിവരണത്തിലേക്ക് കടന്നു.
യജമാന•ാര്‍ അടിമകളോട് വളരെ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നതെന്ന് ഞാന്‍ പറഞ്ഞല്ലോ. കച്ചവടത്തിനായി കൊണ്ടു പോകുമ്പോള്‍ ക്രൂരതയുടെ കാഠിന്യം കൂടുമായിരുന്നു. കാലുകളില്‍ ചങ്ങലയിട്ട് മൃഗങ്ങളെ തെളിച്ചുകൊണ്ടു പോകുന്നതുപോലെയായിരുന്നു അടിമകളെ ചന്തയിലേക്ക് കൊണ്ടുപോയിരുന്നത്. നടക്കുന്നതിനിടയില്‍ യജമാന•ാരുടെ കിങ്കര•ാര്‍ അവരെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തിരുന്നു. ചന്തകളിലും തുറമുഖങ്ങളിലുമൊക്കെ എത്തുമ്പോഴേക്കും അടിമകള്‍ തളര്‍ന്നു വശം കെട്ടിട്ടുണ്ടാവും. കിങ്കര•ാരൊക്കെ കൈയ്യില്‍ ആയുധങ്ങളൊക്കെ പിടിച്ചുകൊണ്ടാണ് അടിമകളെ തെളിച്ചിരുന്നത്. യാത്രക്കിടയില്‍ പലര്‍ക്കും അസുഖങ്ങള്‍ വരും, മര്‍ദ്ദനമേറ്റ് പലര്‍ക്കും മുറിവേല്‍ക്കും, പലരുടെയും കൈകാലുകള്‍ ഒടിയും. പക്ഷെ ആരോടും ജയമാന•ാര്‍ യാതൊരു മയവും കാണിച്ചിരുന്നില്ല. യാത്ര യക്തിടയില്‍ മരിച്ചു പോകുന്നവരെയും വഴിയില്‍ നഷ്കരണം ഉപേക്ഷിച്ചിരുന്നു. ചിലരെയൊക്കെ മറ്റുളളവരെക്കൊണ്ട് ചുമലില്‍ എടുപ്പിച്ചിരുന്നു. ഗര്‍ഭിണികളോടും കുട്ടികളോടും വൃദ്ധ•ാരോടു പോലും കണ്ണിച്ചോരയില്ലാതെയാണ് കിങ്കര•ാര്‍ പെരുമാറിയിരുന്നത്. അച്ചന്‍ ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു.
ജീവിച്ചിരിക്കുന്നവരെ മാത്രമല്ല യജാന•ാര്‍ വില്‍ക്കുകയും വാങ്ങുകയും വാങ്ങുകയും ചെയ്തിരുന്നത്. ജനിക്കാനുളളവരെകൂടി അവര്‍ കച്ചവടം ചെയ്തിരുന്നു. 1788ല്‍ തിരുവിതാംകൂറില്‍ ഒരു പുലയ സ്ത്രീയെയും അവര്‍ക്ക് ജനിക്കാനിടയുളള എല്ലാ കുട്ടികളെയും ഉള്‍പ്പെടെ വിലയ്ക്കുവാങ്ങിയതായി പുസ്തകങ്ങളിലുണ്ട്.
“മനുഷ്യന്‍ മനുഷ്യരോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകേല. എത്ര ക്രൂരമായിട്ടാണ് അവര്‍ നമ്മുടെ പൂര്‍വ്വികരോട് പെരുമാറിയിരുന്നത്. ശരിക്കും എനിക്ക് ദേഷ്യം വരുന്നുണ്ട്.” എന്റെയുളളില്‍ സങ്കടത്തിനു പകരം അരിശത്തിന്റെ പുകയാണ് ഉയര്‍ന്നുകൊണ്ടിരുന്നത്.
“അതൊക്കെ പണ്ടു കാലത്തായിരുന്നില്ലേ” അച്ചന്‍ എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ അച്ചന്റെ മടിയില്‍ നിന്നെഴുന്നേറ്റ് വീട്ടിനുളളിലേക്ക് വേഗം നടന്നു പോയി. പുറകെ അച്ചനും നടന്നു തുടങ്ങി. തെളിഞ്ഞു കിടന്നിരുന്ന ആകാശം നോക്കി നില്‍ക്കേ ഇരുണ്ടു തുടങ്ങി. പെട്ടെന്നൊരു മഴ വീണേക്കും എന്ന മട്ടായി. ഞങ്ങള്‍ മുമ്പും പുറകെയും വീടിനുളളിലേക്ക് കയറേണ്ട താമസം മഴ ഞെടുമ്പറ്റപോലെ മുറ്റത്ത് അലച്ചു വീണു. മഴ പെയ്യുന്നെങ്കില്‍ ഇങ്ങനെ പെയ്യണം. ഞാനറിയാതെ ഉളളില്‍ പറഞ്ഞുപോയി.
ഞാന്‍ നേരെ കിടപ്പുമുറിയിലേക്കാണ് പോയത്. അച്ചന്‍ വായനാമുറിയിലേക്കും. ഷെല്‍ഫില്‍നിന്നും ഒരു പുസ്തകം എടുത്തു മറിച്ചു നോക്കികൊണ്ട് അച്ചന്‍ ചാരുകസേരയിലേക്ക് ചാഞ്ഞു. ഞാന്‍ കട്ടിലില്‍ കമഴ്ന്നു കിടന്നു കൊണ്ട് ഡ്രോയിംഗ് ബുക്കില്‍ ക്രയോണ്‍ ഉപയോഗിച്ച് ഒരോന്നു വരയ്ക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചന്‍ എന്റെ അടുത്തേക്ക് വന്ന് തലകുനിച്ചുനോക്കി. ഞാന്‍ വരിവരിയായി നീങ്ങുന്ന കുറെ കറുത്ത മനുഷ്യരുടെ ചിത്രങ്ങളാണ് വരച്ചുകൊണ്ടിരുന്നത്. അവരുടെ കാലുകള്‍ പരസ്പരം ചങ്ങലക്കൊണ്ട് ബന്ധിപ്പിച്ചിരുന്നു. ചാട്ടവാറുകള്‍ വശി കുറച്ചാളുകള്‍ അവരെ എങ്ങോട്ടോ നയിക്കുകയാണ്. എന്റെ മനസ്സിലിപ്പോള്‍ സങ്കടമോ ദേഷ്യമോ ഇല്ലെന്ന് ആര്‍ക്കു കണ്ടാലും മനസ്സിലാകും. അച്ചന്‍ എന്റെ അടുത്ത് ചേര്‍ന്നിരുന്നു. ഞാന്‍ ഞൊടി നേരം കൊണ്ട് ആ കറുത്ത മനുഷ്യരുടെ നീണ്ട നിരകള്‍ക്ക് മിതേ നീല കൊണ്ട് ഒരാകാശം തീര്‍ത്തു. അതേ നീലകൊണ്ടുതന്നെ ഇളകുന്ന ഒരു കടലും അതില്‍ നങ്കൂരമിട്ട ഒരു കപ്പലും വരച്ചു. സൂര്യനില്‍നിന്ന് തീ പോലുളള വെയില്‍ അവരുടെ മുകളിലേക്ക് എന്റെ വിരലുകളിലൂടെ പെയ്തിറങ്ങുന്നതു കണ്ട് അച്ചന്‍ അമ്പരന്ന് നിന്നു.

 

അഞ്ച്

“നിന്റെ ചോദ്യങ്ങളൊക്കെ തീര്‍ന്നോ”, ഉച്ചയൂണിന്റെ നേരത്ത് അച്ചനെന്നോട് ചോദിച്ചു.
‘തീര്‍ന്നൊന്നുമില്ല. കുറച്ചു കഴിഞ്ഞു ചോദിക്കാമെന്നു വിചാരിച്ചു. അച്ചനൊരു വിശ്രമമാകട്ടെയെന്നു കരുതി” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. എന്റെ വര്‍ത്തമാനത്തിലെ കുഞ്ഞു തമാശ അച്ചന് ഇഷ്ടപ്പെട്ടു. ചോദ്യവുമായി ഞാന്‍ അടുത്ത മേഖലയിലേക്ക് കടന്നു.
“അടിമക്കച്ചവടത്തെപ്പറ്റി അച്ചനിതുവരെ പറഞ്ഞില്ലല്ലോ…” ഞാന്‍ ചോദിച്ചു.
“ഞാന്‍ അക്കാര്യംതന്നെ നിന്നോടു പറയാന്‍ തുടങ്ങുകയായിരുന്നു, വരൂ…” കൈകഴുകി ഞങ്ങള്‍ എഴുന്നേറ്റു തിണ്ണയുടെ പടികളില്‍ പോയിരുന്നു. അച്ചന്‍ പറഞ്ഞു തുടങ്ങി. അടിമക്കച്ചവടം പല രീതിയില്‍ നടന്നിരുന്നു. വ്യക്തികള്‍ മാത്രമല്ല സര്‍ക്കാരും അക്കാലത്ത് അടിമക്കച്ചവടത്തില്‍ പങ്കെടുത്തിരുന്നു.
മൂന്നു തരത്തിലുളള അടിമക്കച്ചവടമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ജ•ം, കാണം, പാട്ടം എന്നിവയായിരുന്നു ആ മൂന്ന് രീതികള്‍. മുഴുവന്‍ വിലയും നല്‍കി ഒരടിമയെ വാങ്ങുന്നതാണ് ജ•ം. വസ്തുക്കള്‍ വാങ്ങുമ്പോള്‍ എഴുതാറുളളതുപോലെ അടിമകളെ വാങ്ങുമ്പോഴും ആധാരമൊക്കെ എഴുതിയിരുന്നു. ജ•ാവകാശം മാറിക്കഴിഞ്ഞാല്‍ പിന്നെ വിറ്റയാള്‍ക്ക് അടിമയുടെ മേല്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. ചെറുപ്പക്കാരനായ ഒരടിമയ്ക്കും ഭാര്യയ്ക്കും കൂടി ജ്നമവിലയായി 250 പണം മുതല്‍ 300 പണം വരെ ലഭിച്ചിരുന്നു. പറഞ്ഞുറപ്പിച്ച ഒരു തുക വാങ്ങിക്കൊണ്ട് ഒരു നിശ്ചിത കാലത്തേക്ക് ഉടമസ്ഥന്‍ തന്റെ അടിമയെ കൈമാറുന്നത്. ഇവിടെ അടിമയുടെ മേലുളള ഉടമസ്ഥന്റെ അവകാശം നഷ്ടപ്പെടുന്നില്ല. ഈ രീതിയനുസരിച്ച് അടിമകളെ പണമായം നല്‍കാറുണ്ടായിരുന്നു. ജ്നമ വിലയുടെ മൂന്നില്‍ രണ്ടു ഭാഗമാണ് പണയ വില കടമായി വാങ്ങിയ തുക തിരിച്ചു നല്‍കുമ്പോള്‍ ഉടമയ്ക്ക് അടിമകളെ തിരിച്ചു കിട്ടും. പണയ തുകയ്ക്ക് പലിശ ഈടാക്കിയിരുന്നില്ല. എന്നാല്‍ ഒരു വിഹിതം നെല്ല് പണയം വാങ്ങിയ ആള്‍ അടിമയുടെ പേരില്‍ പണയാവകാശമായി ഉടമയ്ക്ക് കൊടുത്തിരുന്നു. അടിമകളെ വാടകയ്ക്ക് കൊടുക്കുന്ന രീതിയാണ് പാട്ടം. ഈ രീതിയനുസരിച്ച് യജമാനന്‍ തന്റെ പക്കലുളള അടിമകളെ ഒരു തുക കൈപ്പറ്റി ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നു. വാങ്ങുന്നയാള്‍ക്ക് അടിമകളെകൊണ്ട് എന്തു പണിയുമെടുപ്പിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലൊക്കെ മലബാറില്‍ ഒരു പുരുഷന് 8 പണവും സ്ത്രീക്ക് 4 പണവും പാട്ടപ്പണയമായി ലഭിച്ചിരുന്നു. വ്യക്തികളുടെ പക്കലെന്നപോലെ അക്കാലത്ത് സര്‍ക്കാരിന്റെ ഉടമസ്ഥയിലും അടിമകള്‍ ഉണ്ടായിരുന്നു.
“സര്‍ക്കാരിന് എന്തിനാണച്ചാ…..
അടിമകള്….” ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചുപോയി.
“അടിമകള്‍ വേലക്കാരായിരുന്നല്ലോ… സര്‍ക്കാരിനുമുണ്ടല്ലോ വേലകള്‍. അതൊക്കെ ചെയ്യാന്‍ ആളുവേണ്ട?. അടിമകളാകുമ്പോള്‍ കൂലി കൊടുക്കണ്ടല്ലോ…” അച്ചന്‍ പറഞ്ഞു. ‘കൊളളാമല്ലോ! അന്നത്തെ സര്‍ക്കാര്” ഞാന്‍ അത്ഭുതം കൂറി
“അന്നത്തെ രീതി അതായിരുന്നു. ഇന്നത്തെ സര്‍ക്കാരിന് ജെ.സി.ബി.യൊക്കെയില്ലേ. അതുപോലെയായിരുന്നിരിക്കണം അന്ന് അടിമകള്‍” അച്ചന്‍ കളിയായി പറഞ്ഞു.
“ഓ…. എനിക്കിത് കേട്ടിട്ട് വല്ല്യ തമാശയൊന്നും തോന്നുന്നില്ല. പാവം അടിമകള്‍ ഞാന്‍ മുഖം കുനിച്ചു.
“പിണങ്ങിയോ… ഞാന്‍ വെറുതെ പറഞ്ഞതല്ലേ” അച്ചന്‍ എന്റെ മുഖം പിടിച്ച് ഉയര്‍ത്തിക്കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
അക്കാലത്ത് സര്‍ക്കാര്‍ തലത്തിലുളള പൊതുമരാമത്ത് പണികളൊക്കെ ചെയ്തിരുന്നത് അടിമകളായിരുന്നു. തുറമുഖങ്ങള്‍, റോഡുകള്‍, കുളങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിമകളെ വെച്ചാണ് ചെയ്തിരുന്നത്. സര്‍ക്കാരും ഭൂവുടമകളും മാത്രമല്ല; ക്ഷേത്രങ്ങളും, മഠങ്ങളും, പളളികളുമൊക്കെ അടിമകളെ വിലയ്ക്കുവാങ്ങി സൂക്ഷിക്കുകയും ഇഷ്ടാനുസരണം പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. നിനക്കറിയാമോ… ഞായറാഴ്ച ഒഴിച്ചുളള ദിവസങ്ങളില്‍ കൊച്ചിയിലെ പളളികളൊക്കെ അടിമകളെ കെട്ടിയിടാനുളള ഗോഡൌണുകളായാണത്രേ! ഉപയോഗിച്ചിരുന്നത്.
“എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല” ഞാന്‍ അതിശയം പ്രകടിപ്പിച്ചു.
“വിശ്വസിച്ചെ പറ്റൂ രാഘവ്” അതൊക്കെ ഒരു കാലമായിരുന്നു” അച്ചന്‍ പറച്ചില്‍ നിര്‍ത്തി എന്നെ നോക്കി.
മരാമത്ത് പണികള്‍ ഇല്ലാത്തകാലത്ത് സര്‍ക്കാര്‍ അടിമകളെ ആവശ്യക്കാര്‍ക്ക് പാട്ടത്തിനു കൊടുത്ത് പണം സമ്പാദിച്ചിരുന്നു. ആളൊന്നുക്ക് 5 ഇടങ്ങഴി മുതല്‍ 6 പറ നെല്ലുവരെ ആണ്ടില്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് പാട്ടമായി കിട്ടിയിരുന്നു. 1848 ല്‍ കൊച്ചിയില്‍ 9000 ത്തോളം സര്‍ക്കാര്‍ വക അടിമകള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. അതില്‍ 1330 പേരും കുട്ടികളായിരുന്നു.
ഞാന്‍ പ്രതികരണത്തിന് ശ്രമിച്ചില്ല. എല്ലാം കൂടി കേട്ട് തലമരച്ചു തുടങ്ങിയിരുന്നു. ഞാനൊരു നിസ്സംഗ ഭാവത്തോടെയാണ് ഇരുന്നിരുന്നത്. ഇല്ലാത്ത ഒരു ചിരി മുഖത്ത് കൊണ്ടുവരാന്‍ ശ്രമിച്ച് ഇതിനിടയില്‍ ഞാന്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഒരു പന്ത്രണ്ടു വയസ്സുകാരനോട് ഇത്തരം കാര്യങ്ങളൊന്നും പറയേണ്ടിയിരുന്നില്ല എന്ന് അച്ചനിപ്പോള്‍ തോന്നുന്നുണ്ടാവും. എനിക്കു സങ്കടം വരുന്നുണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ മറ്റൊരു ചിന്ത എന്നെ വന്നു മൂടി. ഇതൊക്കെ ചരിത്രസത്യങ്ങളാണല്ലോ. ഞാന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പൂര്‍വ്വചരിത്രം. അത് അറിയുന്നതുകൊണ്ട് എന്താണ് കുഴപ്പം. എന്നാണെങ്കിലും ഇതൊക്കെ അറിയേണ്ടതല്ലേ. ഞാന്‍ ആ വഴിയ്ക്ക് ചിന്തിച്ചുതുടങ്ങി. അച്ചനെയും കൂട്ടി ഒന്നു നടക്കാന്‍ ഇറങ്ങിയാലോ… ഞാന്‍ ആലോചിച്ചു. എനിക്ക് ചരിത്രത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ കഴിയില്ലല്ലോ.

 

ആറ്

ഞായറാഴ്ച ദിവസം വൈകുന്നേരങ്ങളില്‍ കുറച്ചുനേരം ഞാനും അച്ചനും നടക്കാനിറങ്ങാറുണ്ട്. നടത്തം മിക്കവാറും ഞങ്ങളുടെ ഗ്രാമത്തിലെ വായനശാലയുടെ പടിവരെ നീളും. അവിടൊരു ചെറിയ മൈതാനമുണ്ട്. പല പ്രായത്തിലുളള കുട്ടികള്‍ അവിടെ ഓടിക്കളിക്കുന്നുണ്ടാവും. എന്തോ പണിയാന്‍ പണ്ടെങ്ങോ കൊണ്ടുവന്നിട്ട കുറെ കരിങ്കലുകള്‍ മണ്ണില്‍ കിടന്നുകിടന്നു മൈതാനത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതിന്റെ പുറത്തൊക്കെ വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ആളുകള്‍ വന്നിരിക്കാറുണ്ട്. ഞങ്ങളുടെ നടത്തവും ആ മൈതാനത്തെ ചുറ്റി വായനശാലയില്‍ എത്തി അവസാനിക്കാറാണ് പതിവ്. ഞാന്‍ കറുത്ത ടീ ഷര്‍ട്ടും ഇളം നീല ഹാഫ് പാന്റുമാണ് ഇട്ടിരുന്നത്. അച്ചന്‍ വെളളമുണ്ടിനോടൊപ്പം തവിട്ടു നിറമുളള ഷര്‍ട്ട് ധരിച്ചിരുന്നു. അച്ചന്റെ കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഞാന്‍ നടക്കുന്നത്. എനിക്ക് അടുത്ത കാലത്തായി കുറച്ചു പൊക്കം കൂടിയിട്ടുണ്ട്. അച്ചന്റെ നോട്ടങ്ങളില്‍ എന്നോടുളള വാത്സല്യം തുളുമ്പുന്നതായി എനിക്കു തോന്നി.
“ഈ അടിമത്തമൊക്കെപ്പിന്നെ എന്നു മുതല്‍ക്കാണച്ചാ മാറിത്തുടങ്ങിയത്” നടത്തത്തിനിടെ ഞാന്‍ ചോദിച്ചു.” ഇപ്പോ അതിന്റെ ലക്ഷണമൊന്നും കാണാനില്ലല്ലോ.” ഞാന്‍ കൂട്ടിച്ചേര്‍ത്തു.
“ലക്ഷണങ്ങള്‍ തീര്‍ത്തുമില്ല എന്നു പറഞ്ഞുകൂട. ചിലതൊക്കെ നമ്മള്‍ തിരിച്ചറിയുന്നില്ല എന്നേയുളളൂ” അച്ചന്‍ എന്റെ കൈവിടുവിച്ചുകൊണ്ടു പറഞ്ഞു തുടങ്ങി.
അതിനു മുന്‍പ് അടിമത്ത സമ്പ്രദായവും അടിമക്കച്ചവടവുമൊക്കെ നിയമം മൂലം എങ്ങനെയാണ് മാറിമറിഞ്ഞതെന്ന് നിനക്കറിയേണ്ടേ. കേട്ടോളൂ. 1956ലാണ് നമ്മള്‍ ഇന്നുകാണന്ന കേരളമെന്ന സംസ്ഥാനം രൂപം കൊണ്ടതെന്ന് നിനക്കറിയാമല്ലേ. അതിന് മുമ്പ് ഈ പ്രദേശം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടാണ് കിടന്നിരുന്നത്. തിരുവിതാംകൂറും കൊച്ചിയും രണ്ടു സ്വതന്ത്ര നാട്ടു രാജ്യങ്ങളും മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നു. അതെപ്പറ്റിയുളള കൂടുതല്‍വിവങ്ങള്‍ പിന്നീട് ഒരവസരത്തില്‍ പറയാം. മൂന്നിടത്തും അടിമത്തനിരോധന നിയമങ്ങള്‍ ഉണ്ടാകുന്നത് ഏകദേശം ഒരേ കാലയളവിലാണ്. അടിമക്കച്ചവടം കുറ്റകരമാണെന്നും അത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് മലബാറിലാണ് ആദ്യമായി നിയമമുണ്ടാകുന്നത്. 1792ലാണ് മലബാറില്‍ അടിമക്കച്ചവടനിരോധന നിയമം നിലവില്‍ വരുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ നീചമായ രീതിയില്‍ അടിമക്കച്ചവടം നടന്നിരുന്ന പ്രദേശമാണ് മലബാര്‍. 1841-ല്‍ പത്ത് വയസ്സുളള ഒരാണ്‍കുട്ടിക്ക് മൂന്നര രൂപയായിരുന്ന മലബാറില്‍ വില. പെണ്‍കുട്ടിയുടെ വില അതിലും കുറവായിരുന്നു. ഒരു രൂപ അറുപത്തിയഞ്ച് പൈസ കൊടുത്താല്‍ പത്ത് മാസം പ്രായമുളള ഒരു കുഞ്ഞിനെ കിട്ടുമായിരുന്നു. കോടതികളില്‍ കുട്ടികളെ ലേലം വിളിച്ച് വില്‍ക്കുന്നത് അക്കാലത്തെ പതിവു കാഴ്ചയായിരുന്നു. നികുതി കുടിശിക അടയ്ക്കാനുളളവര്‍ അക്കാലത്ത് ചെറുമരെ സര്‍ക്കാരിന് വില്‍ക്കുമായിരുന്നു. 1836ല്‍ കാര്‍ഷിക മേഖലയിലെ അടിമകളെ സ്വതന്ത്രരാക്കികൊണ്ട് നിയമമുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയിലാകമാനം അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് 1843ല്‍ ബ്രിട്ടീഷുകാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിന്റെ സാമൂഹിക രംഗത്ത് ബ്രിട്ടീഷുകാര്‍ വരുത്തിയ വലിയ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു അത്.
“നമ്മുക്ക് കുറച്ചു നേരം ഇവിടിരുന്നാലോ”
അടുത്തടുത്തു കിടക്കുന്ന രണ്ടു പാറക്കല്ലുകള്‍ ചൂണ്ടി ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഇരിപ്പുറപ്പിക്കുന്നതു കണ്ട് നിലക്കടല വില്‍ക്കുന്ന പയ്യന്‍ അടുത്തേക്ക് വന്നു. ഞങ്ങള്‍ രണ്ട് പൊതി കടല വാങ്ങി തിന്നുകൊണ്ട് പാറക്കല്ലുകളില്‍ ഇരുന്നു.
അച്ചന്‍ തുടര്‍ന്നു. മലബാറില്‍ ബ്രിട്ടീഷുകാര്‍ അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് നടത്തിയ നിയമനിര്‍മ്മാണങ്ങളാണ് പിന്നീട് കൊച്ചിയിലും തിരുവിതാംകൂറിലും മാറ്റത്തിന് വഴിതെളിച്ചത്. അടിമത്തവുമായി ബന്ധപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ വിളംബരം ഉണ്ടാകുന്നത് 1812ലാണ്. റാണി ലക്ഷ്മിബായിയാണ് അത് പുറപ്പെടുവിച്ചത്. ഈ വിളംബരത്തെ തുടര്‍ന്ന് പുലയര്‍, പറയര്‍, കുറവര്‍, മലയര്‍, പളളര്‍, വേടര്‍ തുടങ്ങിയവര്‍ ഒഴിച്ചുളള ജാതികള്‍ അടിമക്കച്ചവടത്തില്‍നിന്നും രക്ഷപ്പെട്ടു. തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ അടിമത്തത്തെയും, അടിമക്കച്ചവടത്തെയും തുറന്ന് എതിര്‍ത്തിരുന്നു. അടിമത്തം ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്‍ 1847ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് നിവേദനം കൊക്കുന്നുണ്ട്. താമസിയാതെതന്നെ അതിന് ഫലങ്ങള്‍ ഉണ്ടായി. 1853ല്‍ ശ്രീ ഉത്രാടം തിരുനാള്‍ അടിമകള്‍ക്കുണ്ടാകുന്ന കുട്ടികളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചു. 1855ലെ വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ അടിമത്തം പാടെ നിരോധിക്കപ്പെട്ടു. 1869ല്‍ അടിയന്‍ അടിയങ്ങള്‍ എന്നീ വാക്കുകള്‍ പ്രമാണങ്ങളില്‍ ഉപയോഗിക്കുന്നത് നിര്‍ത്തല്‍ ചെയ്തു.
കൊച്ചിയിലും ഏതാണ്ട് ഇതേ വിധത്തിലുളള നിയമനിര്‍മ്മാണങ്ങളാണ് നടക്കുന്നത്. 1821ല്‍ ദിവാന്‍ നഞ്ചപ്പയ്യ അടിമകളെ യജമാന•ാര്‍ അടിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. 1854ല്‍ ദിവാന്‍ ശങ്കരവാര്യര്‍ അടിമക്കച്ചവടം നിര്‍ത്തലാക്കുകയും ചെയ്തു. 6500 സര്‍ക്കാര്‍ അടിമകള്‍ ഉള്‍പ്പെടെ 58000ത്തോളം അടിമകളാണ് ഇപ്രകാരം കൊച്ചിയില്‍ സ്വതന്ത്രരായത്. തുടര്‍ന്ന് ദിവാന്‍ ശങ്കുണ്ണി മേനോന്‍ അടിമപ്പണിക്ക് തുല്യമായ ഊഴിയം എന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി. അടിമകളെകൊണ്ട് പ്രതിഫലം കൂടാതെ ആഹാരം മാത്രം നല്‍കി പണിയെടുപ്പിച്ചിരുന്ന ഏര്‍പ്പാടായിരുന്നു ഊഴിയം” രാജ്യത്തെ റോഡുകളും, തോടുകളും, പാലങ്ങളും, അക്കാലത്ത് നിര്‍മ്മിക്കപ്പെട്ടത് ഊഴിയവേലകള്‍ കൊണ്ടായിരുന്നു. 1815-ല്‍ റസിഡന്റ് ജോണ്‍ മണ്‍റോയുടെ ശ്രമഫലമായി സുറിയാനി ക്രിസ്ത്യാനികളെ ഊഴിയവേലയില്‍ നിന്നും ഒഴിവാക്കി. പക്ഷെ അപ്പോഴും അടിമജാതികളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ ഒഴിവാക്കിയില്ല. 1860ല്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ചതോടെയാണ് സര്‍ക്കാരിലേക്ക് നേരിട്ടുളള ഊഴിയം വേല നിര്‍ത്തലാക്കിയത്. എന്നാലും ക്ഷേത്രങ്ങളുടെയും, പളളികളുടെയും ഭൂവുടമകളുടെയും കീഴിലുളള ഊഴിയം പിന്നെയും തുടര്‍ന്നു. ഇങ്ങനെയൊക്കെയാണ് കാലക്രമേണ നമ്മള്‍ ഇന്നു കാണുന്ന കേരള സമൂഹം രൂപം കൊണ്ടത്. അച്ചന്‍ പറഞ്ഞു നിര്‍ത്തി. അടിമകളുടെ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെങ്കിലും എന്റെ മുഖത്തിപ്പോള്‍ ചെറിയ സന്തോഷം വരാന്‍ തുടങ്ങിയിട്ടുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് മനസ്സിലാക്കിയത്. ഞാന്‍ അച്ചന്റെ ദേഹത്തേക്ക് ചേര്‍ന്നിരുന്നു. അല്‍പ്പം മുമ്പ് വാങ്ങിയ നിലക്കടല തീര്‍ന്നിരുന്നു. നേരം വൈകിത്തുടങ്ങി. മൈതാനത്തെ ആള്‍ക്കൂട്ടം കാണെക്കാണെ ഇല്ലാതാകുന്നതിനിടയില്‍ ഞങ്ങള്‍ വീട്ടിലേക്ക് നടന്നു.

 

ഏഴ്

ഞാനും അച്ചനും അത്താഴം കഴിയ്ക്കുകയാണ്. ഇന്നലെ ഈ നേരത്ത് മുഖം കുനിച്ച് ചോറുകുഴച്ച് കുഴിച്ചിരുന്ന ഞാനല്ല ഇപ്പോഴുളളത്. ഞാന്‍ വാതോരാതെ അച്ചനോട് ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആഹാരകാര്യത്തിലും ഞാന്‍ ശ്രദ്ധാലുവാണ്. എന്റെ മാറ്റം അച്ചന്റെ മുഖത്തും സന്തോഷമുണ്ടാക്കിയിരുന്നു. എന്തോ ആലോചിച്ചതുപോലെ ഒരു നിമിഷം മൌനമായിരുന്നിട്ട് ഞാന്‍ ചോദിച്ചു.
“അച്ചാ… എന്റെ ലാസ്റ് ചോദ്യം ഇതാണ് എന്ന് തോന്നുന്നു. കേരളത്തില്‍ അടിമത്തം ഇപ്പോഴുമുണ്ടോ; ചെറിയ രൂപത്തിലെങ്കിലും” അച്ചന്‍ കുലുങ്ങിച്ചിരിച്ചു. പിന്നെ ഗൌരവത്തോടെ പറഞ്ഞു.
“ഇതൊരു കുഴയ്ക്കുന്ന ചോദ്യമാണ്. ഉണ്ടെന്നു പറഞ്ഞാല്‍ തെളിയിക്കേണ്ടിവരും. ഇല്ലെന്ന് തീര്‍ത്തുപറയാനും കഴിയുകയില്ല” ഏതൊരു അനാചാരവും നിയമംമൂലം നിരോധിച്ചാലും അത് പൂര്‍ണ്ണമായും നടപ്പില്‍വരാന്‍ കുറെകാലമെടുക്കും. ചിലപ്പോള്‍ അത് രൂപം മാറി നിലനില്‍ക്കുകയും ചെയ്യും. അടിമത്തത്തിന്റെ കാര്യത്തിലും ഇങ്ങനെ ചിലത് സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇനി പറയുന്നത്. നീ ശ്രദ്ധിച്ചു കേള്‍ക്കണം. അച്ചന്‍ ഓര്‍മ്മപ്പെടുത്തി.
അടിമത്ത നിരോധന നിയമങ്ങള്‍ വന്നുവെങ്കിലും അടിമകള്‍ സ്വതന്ത്രമാകാന്‍ പാകത്തില്‍ ഒരു സാമൂഹ്യ ജീവിതം കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഉല്‍പാദന രീതിയുടെയും തൊഴില്‍ വിഭജനത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തിലെ അടിമകള്‍ അടിയാളരായി മാറുകയായിരുന്നു. എന്നുവെച്ചാല്‍ ആരുടെ അടിമകളായിരുന്നോ അവരുടെ കൃഷിഭൂമിയിലും പറമ്പിലും പണിയെടുക്കുന്നവരായി മാറി എന്നുസാരം. ഒരു വശത്ത് ഇങ്ങനെയൊരു മാറ്റം സംഭവിച്ചപ്പോള്‍ മറുവശത്ത് നിയമ വിരുദ്ധമായി അടിമവേലയും അടിമക്കച്ചവടവും നടന്നിരുന്നതായും കാണാം. ഒരു സമ്പ്രദായം എന്നനിലയ്ക്ക് അടിമത്തം അതിന്റെ പ്രധാന ലക്ഷണങ്ങള്‍ കൈയ്യൊഴിഞ്ഞുവെങ്കിലും ജാതിവഴക്കങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും കൂട്ടുപിടിച്ച് അത് വിവിധങ്ങളായ ചെറുരൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും വയനാട്, പാലക്കാട്, ഇടുക്കി പോലുളള ജില്ലകളില്‍. ആദിവാസി മേഖലകളിലും കുടിയേറ്റമേഖലകളിലും തേയിലത്തോട്ടം മേഖലകളിലും നെല്‍കൃഷി മേഖലകളിലുമൊക്കെ ഏറിയും കുറഞ്ഞും ഇത് നിലനില്‍ക്കുന്നുണ്ട് എന്നുവേണം കരുതാന്‍.
എഴുപതുകളില്‍ പോലും വയനാട്ടിലൊക്കെ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ കൂടെ അവിടങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികളെയും ഉള്‍പ്പെടുത്തിയിരുന്നതായി രേഖകളുണ്ട്. മതം, വിശ്വാസം, ആചാരം തുടങ്ങിയുടെ നിഴല്‍പറ്റി ജാതിനിലനില്‍ക്കുന്നതുപോലെ അടിമത്തത്തിന്റെ ലക്ഷണങ്ങളും നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ കണ്ടുവരാറുണ്ട്. നിയമം മൂലം നിരോധിച്ചാലും അനാചാരങ്ങള്‍ സാമൂഹ്യക്രമത്തിന്റെ പിന്‍ബലത്തില്‍ പുതിയ രൂപത്തില്‍ നിലനില്‍ക്കുമെന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിലെ അടിമത്തം ജാതി വ്യവസ്ഥയുമായി ഇട കലര്‍ന്നു കിടക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 1975ലാണ് അടിമപ്പണി നിര്‍ത്തലാക്കികൊണ്ടുളള ഉത്തരവ് കേരള സര്‍ക്കാര്‍ ഇറക്കുന്നത് എന്നത് ഇക്കാര്യത്തിന് അടിവരയിടുന്നു. എന്നിരുന്നാലും അടിമത്തം അതിന്റെ കടുത്ത ലക്ഷണങ്ങളൊന്നും ഇപ്പോള്‍ തുടരുന്നില്ലല്ലോ എന്ന് നമ്മുക്ക് ആശ്വസിക്കാം.
അച്ചന്‍ പറഞ്ഞു നിര്‍ത്തിയും സ്നേഹത്തോടെ ഞാന്‍ അച്ചന്റെ അരികിലേക്ക് ചേര്‍ന്നണഞ്ഞ് കവിളില്‍ തുരുതുരാ ഉമ്മവെച്ചു. സന്തോഷത്തിന്റെ ഏറ്റത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. അച്ചന്‍ എന്നെ തലോടുകയും ചേര്‍ത്തു പിടിക്കുകയും ചെയ്തതോടെ അതൊരു അടക്കിയ കരച്ചില്‍ ആയിമാറി. സ്വന്തം അപ്പന്റെയും അമ്മയുടെയും ഉടലുകളില്‍നിന്ന് അടിമത്തം പിടിച്ചുപറിച്ചെടുത്ത എല്ലാകുഞ്ഞുങ്ങള്‍ക്കുംവെണ്ടി ഞാനെന്റെ അച്ചനെ ഇറുകെ… ഇറുകെപ്പുണര്‍ന്നു. പൊടുന്നനെ എന്റെ ഉടലില്‍ നൂറ് കണക്കിന് കുഞ്ഞിക്കൈകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി.

 

(ചിത്രങ്ങള്‍ : എം ആര്‍ രേണുകുമാര്‍ )

എം ആര്‍ രേണുകുമാര്‍
ഡി പാലസ്
കുടമാളൂര്‍ പി.ഒ
കോട്ടയം-686017
ഫോണ്‍; 9446081189

Comments

comments

Print Friendly

Subscribe Our Email News Letter :