Navigation

പുതിയ ഇടതുപക്ഷം രൂപപ്പെടണം

New left

“90കളില്‍ ആരംഭിച്ച് 2000ത്തോടെ ശക്തിപ്രാപിച്ച ദലിത്/ സ്ത്രീ/ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച പുതിയ രാഷ്ട്രീയത്തോട് ഇടതുപക്ഷത്തിന് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിന്റെ എതിര്‍പക്ഷത്താണ് ഇടതുപക്ഷം നിലകൊണ്ടത്. ഫലത്തില്‍ പുതിയ കാലത്ത് ഇടതുപക്ഷം എന്നു പറയാനുള്ള ശേഷി ഇവര്‍ക്ക് നഷ്ടമാകുകയും ദലിത്/ആദിവാസി പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ അവരുടേതായ രീതിയില്‍ മുന്നോട്ടുപോകുകയും ചെയ്തു. അവര്‍ ഒരു പുതിയ രാഷ്ട്രീയം മുന്നോട്ടുവെച്ചു. അതൊരിക്കലും മുഖ്യധാരാ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതിനെ മറികടക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വന്നു. “ സി. ആര്‍. നീലകണ്ഠന്‍ എഴുതുന്നു 

 

ദ്വന്ദ രാഷ്ട്രീയത്തിന്റെ (ഇടത്/വലത്) ചരടിലാണ് കേരളത്തിലെ ജനങ്ങള്‍ ഇതുവരെ സ്വയം ബന്ധിതരായിരുന്നത്. വിമോചന സമരകാലത്ത് രൂപപ്പെട്ട ഈ പക്ഷങ്ങള്‍ക്ക് അന്ന് വളരെ വ്യക്തമായ രാഷ്ട്രീയ നിര്‍വ്വചനവും അവരുടേതായ പരിപാടികളും ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണ സംവിധാനം, പൊതു ആസ്തികള്‍ എന്നിവയുടെ സംരക്ഷണവും ഭരണപക്ഷത്തായാലും പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരോടൊപ്പം നിന്ന് സമരം ചെയ്യുക എന്നിവയൊക്കെയായി ഇടതുപക്ഷത്തിന്റെ നിലപാട്.1980കളോടെ ഭൂപരിഷ്ക്കരണത്തിലൂടെയും വിദ്യാഭ്യാസ, ഉദ്യോഗ മണ്ഡലങ്ങളിലൂടെയും രൂപപ്പെട്ട സവര്‍ണ്ണ സമ്പന്ന മദ്ധ്യവര്‍ഗ്ഗം കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വോട്ട് ബാങ്കായി മാറുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇവരെ പ്രീണിപ്പിക്കാതെ രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ നിലവില്‍ വന്നു.
വിമോചന സമരകാലത്ത് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, പി. എസ്. പി. ഉള്‍ക്കൊള്ളുന്ന വലതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയെങ്കിലും പിന്നീടൊരിക്കലും  അവര്‍ക്ക് അതുപോലെ സംഘടിക്കാനായില്ല. തുടര്‍ന്ന് അനേകം കോണ്‍ഗ്രസുകളും, കേരളാ കോണ്‍ഗ്രസുകളും, മുസ്ളീം സംഘടനകളും എന്‍. എസ്. എസ്., എസ്. എന്‍. ഡി. പി., വെള്ളാള സഭ, നാടാര്‍ സഭ തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍ ശക്തിപ്രാപിച്ചു. നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന നിലയിലല്ല അതിന്റെ നിഷേധം എന്ന നിലയിലാണ് ഇവ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാറ്റം രാഷ്ട്രീയമാറ്റം കൊണ്ടുവരുന്നു എന്ന യാഥാര്‍ത്ഥ്യമാണ് നവോത്ഥാനാന്തരം കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതും വികസിച്ചതും. എന്നാല്‍ 1970-കള്‍ക്കുശേഷം ഇടത് -വലത് എന്ന രാഷ്ട്രീയ അതിരുകള്‍ മാഞ്ഞുപോകുകയും മുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. അതോടെ ആര്‍ക്കും ഏതു സമയവും ഇരുമുന്നണികളിലേക്കും മാറാം എന്നായി.

1980-കളില്‍ മാണിയും ആന്റണിയും ഇടതുമുന്നണിയില്‍ നില്‍ക്കുകയും നായനാര്‍ മുഖ്യമന്ത്രിയാകുകയുമുണ്ടായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും യു. ഡി. എഫിലേക്ക് ചുവടുമാറി. 1987-ലും 1991ലും മറ്റൊരു സഖ്യം രൂപം കൊണ്ടു. അടിസ്ഥാനപരമായി സി പിഎം, സിപിഐ, ആര്‍എസ്പി തുടങ്ങിയ ഇടതുപക്ഷവും കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, മുസ്ളീം ലീഗ് അടങ്ങിയ വലതുപക്ഷവും എന്ന നിലയില്‍ നിലകൊണ്ടതെങ്കിലും ഇരുമുന്നണികളുടേയും ഘടനയിലും നിലപാടുകളിലും വലിയ മാറ്റമുണ്ടായി. ഭൂമിയുടെ വിഷയത്തില്‍ തന്നെ ഇത് വളരെ വ്യക്തമാണ്. 60- മുതല്‍ 70 വരെ ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും സജീവമാകുകയും 1971-ല്‍ ഔദ്യോഗികമായി ഭൂപരിഷ്ക്കരണം നടപ്പിലാകുകയും ചെയ്തെങ്കിലും പിന്നീട് ഭൂപരിഷ്ക്കരണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്. മിച്ചഭൂമി എവിടെ പോയി എന്ന ചോദ്യവും ഇഷ്ടദാന ബില്ലിന്റെ വരവും നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്ത വിഷയമാണ്.

സമത്വ സുന്ദരമായ സോഷ്യലിസ്റ്റ് ലോകത്തെക്കുറിച്ചും ധീര നൂതന ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിക്കൊണ്ടാണ് ഇടതുപക്ഷം ഇവിടെ നിലനിന്നത്. സമരങ്ങളും രാഷ്ട്രീയ അധികാരവും അതിലേക്കുള്ള മാര്‍ഗ്ഗമാണെന്നാണ് അവര്‍ വിശ്വസിച്ചത് 1990കളോടെ ഈ വിശ്വാസവും തകര്‍ന്നു. റഷ്യ, ചൈന പോലുള്ള മാതൃകകള്‍ ഇല്ലാതാകുകയും മുന്നോട്ടു പോകാന്‍ കഴിയാതെ വരികയും ചെയ്തു. ഏറ്റവും ജനാധിപത്യപരമായി സ്വയം പുന:സംഘടിച്ചുകൊണ്ട്  ഈ പ്രതിസന്ധിയെ മറി കടക്കുന്നതിനു പകരം 1948-ലെ കല്‍ക്കട്ടാ തീസിസിനു ശേഷമുണ്ടായ പാര്‍ട്ടിയുടെ ഒളിവുകാല പ്രവര്‍ത്തന (ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അല്ലെങ്കില്‍ സ്റ്റാലിനിസ്റ്റ് രീതി) പ്രവര്‍ത്തനരീതികള്‍ അതേപടി തുടരുകയാണുണ്ടായത്. അതേസമയം മൂലധനവും കമ്പോളവുമായി സന്ധി ചെയ്തുകൊണ്ട്  മൂലധനത്തിന്റെ നടത്തിപ്പുകാരാകുകയാണ് വികസനം എന്ന നിലയിലേക്ക് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ രൂപം മാറി. ആരാണ് കൂടുതല്‍ ‘ഇന്‍വെസ്റ്റേഴ്സ് ഫ്രണ്ട് ലി’ എന്ന കാര്യത്തില്‍ മാത്രമേ ഇന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുള്ളൂ. നവോത്ഥാനത്തിനു ശേഷമുണ്ടായ മൂന്നാം തലമുറയുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ വരികയും ജനങ്ങള്‍ അവരുടെ ജീവിതപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട്  നിരവധി സമരങ്ങളിലൂടെ മുന്നോട്ട് പോകുകയും ചെയ്തു.

90-കളില്‍ ആരംഭിച്ച് 2000-ത്തോടെ ശക്തിപ്രാപിച്ച ദലിത്/സ്ത്രീ/പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച പുതിയ രാഷ്ട്രീയത്തോട് ഇടതുപക്ഷത്തിന് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിന്റെ എതിര്‍പക്ഷത്താണ് ഇടതുപക്ഷം നിലകൊണ്ടത്. ഫലത്തില്‍ പുതിയ കാലത്ത് ഇടതുപക്ഷം എന്നു പറയാനുള്ള ശേഷി ഇവര്‍ക്ക് നഷ്ടമാകുകയും ദലിത്/ആദിവാസി പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ അവരുടേതായ രീതിയില്‍ മുന്നോട്ടുപോകുകയും ചെയ്തു. അവര്‍ ഒരു പുതിയ രാഷ്ട്രീയം മുന്നോട്ടുവെച്ചു. അതൊരിക്കലും മുഖ്യധാരാ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതിനെ മറികടക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വന്നു. മുത്തങ്ങ, ചെങ്ങറ, പ്ളാച്ചിമട പോലുള്ള സമരങ്ങള്‍ ഏറ്റവും അധികം ബാധിച്ചത് ഇടതുപക്ഷത്തെയായിരുന്നു. കാരണം ഒരു കാലത്ത് ഇടതുപക്ഷത്തോടൊപ്പം നിന്നവരാണ് ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് പോയവരില്‍ അധികവും.

വലതുപക്ഷം ഇത്തരം വിഷയങ്ങളില്‍ വളരെ തന്ത്രപരമായ നിലപാടാണ് എന്നും കൈക്കൊണ്ടത്. ഒരാള്‍ക്ക് ഈ പക്ഷത്തും മറ്റൊരാള്‍ക്ക് മറുപക്ഷത്തും നില്‍ക്കുവാനുള്ള സംഘടനാ സ്വാതന്ത്യ്രം അവര്‍ക്കുണ്ട്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ല. അവര്‍ക്ക് പാര്‍ട്ടി നിലപാടുണ്ട്. അത് മറികടന്നുകൊണ്ട് ജനങ്ങളുടെ പക്ഷത്ത് നിന്ന കമ്മ്യൂണിസ്റ്റ് എന്ന നിലയിലാണ് സമകാലീന കേരള രാഷ്ട്രീയത്തില്‍ വി. എസ്. അച്യുതാനന്ദന്റെ പ്രസക്തി. പാര്‍ടിയും അതിന്റെ ഘടനയും പൂര്‍ണ്ണമായും ഇതിനെതിരായിരുന്നു. ദലിത്/സ്ത്രീ/പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നതിനു പകരം വലതുപക്ഷത്തിന്റെ നിലപാടുകളും പദ്ധതികളും അതേപടി നടപ്പില്‍ വരുത്തുക മാത്രമാണ് അവര്‍ ചെയ്തത്.
എന്നാല്‍ ഭൂസമരങ്ങള്‍, എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, സ്ത്രീപീഡനങ്ങള്‍, പെണ്‍വാണിഭം, വിദ്യാഭ്യാസ കച്ചവടം, പാരിസ്ഥിതിക നാശങ്ങള്‍, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ നടത്തിയ സമരത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചത് ഇടതുപക്ഷവും വ്യക്തിപരമായി വി. എസുമായിരുന്നു. 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ ഇത്തരം നിരവധി സമരങ്ങള്‍ സൃഷ്ടിച്ച-രാഷ്ട്രീയ തരംഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായത്. 98 സീറ്റ് നേടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ഭരണത്തിലെത്തിയപ്പോള്‍ ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ഈ വൈരുദ്ധ്യം തുടര്‍ന്നു.

ചെങ്ങറ,മൂലമ്പള്ളി, കിനാലൂര്‍ തുടങ്ങിയ ജനകീയ സമരങ്ങളോടെ ഗവണ്‍മെന്റ് പിറകോട്ടുപോകുകയാണ് ഉണ്ടായത്. 2011-ലെ തെരഞ്ഞെടുപ്പില്‍ വി. എസ്. ശക്തമായി തിരിച്ചുവരുന്നു എന്ന തോന്നലും വി. എസ്. സ്വതന്ത്രനായിരുന്നെങ്കില്‍ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമായിരുന്നു എന്ന പൊതുജനധാരണ പരന്നതിലൂടെയുമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും തമ്മിലുള്ള വോട്ടിന്റെ അന്തരം ഗണ്യമായ തോതില്‍ കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ചെങ്ങറ പോലുള്ള വിഷയത്തില്‍ വി. എസ്. എടുത്ത നിലപാട് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള പരാജയം കൂടിയായിരുന്നു. നവജനാധിപത്യ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ വക്താവാകാനോ അതിന്റെ രാഷ്ട്രീയം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ആഗിരണം ചെയ്യാനോ വി. എസിനോ നിലവിലുള്ള Ideological base-ല്‍ നിന്നുകൊണ്ട്  സിപിഎമ്മിനോ കഴിയുന്നില്ല.

മാര്‍ക്സിയന്‍ ഡയലിറ്റിക്സ് (Marxian dailetics)നെ സമകാലികമാക്കിക്കൊണ്ട്  മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ലോകത്ത് നടക്കുന്നുല്പെങ്കിലും ഇത്തരമൊരു പുതിയ ഇടതുപക്ഷം ഇവിടെ സാധ്യമാകാത്തതിന്റെ പ്രധാന തടസം സിപിഎമ്മിനെ പോലുള്ള ഇടതുപക്ഷമല്ലാത്ത ഒരു ഇടതുപക്ഷം ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ്. അതേസമയം നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇടപെടാതിരിക്കുമ്പോള്‍ ഇടത്- വലത് പക്ഷം തമ്മിലുള്ള ഒരുതരം ഒത്തുതീര്‍പ്പ് രാഷ്ട്രീയം മുന്നോട്ടു പോകുകയും ചെയ്യുന്നു.

പ്രണബ് മുഖര്‍ജിയെ പിന്തുണച്ചുകൊണ്ട്  മാത്രമല്ല താഴെ തട്ടില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വലതുപക്ഷ സാമൂഹ്യ/രാഷ്ട്രീയ/വികസന അജണ്ടകളെ അതേപടി അംഗീകരിച്ച് നടപ്പിലാക്കിക്കൊണ്ട് കൂടിയാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സംവദിച്ചുകൊണ്ടു  മാത്രമേ നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുള്ളൂ. അത് അവഗണിച്ചാല്‍ കൂടുതല്‍ Marginalize ചെയ്യപ്പെടാനാണ് കൂടുതല്‍ സാധ്യത. ഏതു പ്രതിസന്ധിയുണ്ടാകുമ്പോഴും വളരെ വേഗം വലതുപക്ഷ അജണ്ട നടപ്പിലാക്കപ്പെടുന്ന ഒരു സമവായം കേരളത്തിലുണ്ട്  .

നവ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയത്തെ മുന്നോട്ടുവെക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമമായിരുന്നു ടി. പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നടത്തിയത്. സിപിഎം വിട്ടുപോയി മറ്റൊരു സിപിഎം ഉണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇത് കേരളത്തിന് മുഴുവന്‍ സ്വീകരിക്കാന്‍ പറ്റിയ ഒന്നാണോ എന്ന് ചിന്തിക്കാനൊന്നും ചന്ദ്രശേഖരന് കഴിയുമായിരുന്നില്ല. സമൂഹത്തിലുണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് പൂര്‍വ്വമാതൃകകള്‍ ഉണ്ടാകില്ല. അത് ജൈവികവും ചലനാത്മകവുമാണ്. (Organic and dynamic) കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നം അവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാന്ത്രികമായ മാതൃകകള്‍ സ്വീകരിച്ചുകൊണ്ട് തന്നെയാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയത്തിന് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി ഇന്നില്ല. കേരളീയ സമൂഹം ഇന്ന് ഏറ്റവും രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. നവോത്ഥാനത്തിലൂടെ നമ്മള്‍ നേടിയെടുത്ത എല്ലാ മുന്നേറ്റങ്ങളില്‍ നിന്നും നമ്മള്‍ പുറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.  മാലിന്യ പ്രശ്നം, കുടിവെള്ളം, ഭൂമി, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, എക്സ്പ്രസ് ഹൈവേയും, മൈനിങ്ങും, കടല്‍വെള്ളം ശുദ്ധീകരിക്കലും, ടോള്‍ പിരിവുമാണ് വികസനമെന്ന് വിശ്വസിക്കുകയാണിവര്‍ ചെയ്യുന്നത്. ഇടതുപക്ഷം ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഈ ഘട്ടത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു പുതിയ ഇടതുപക്ഷം ഇവിടെ രൂപപ്പെടേണ്ടതുണ്ട്. അത് എങ്ങനെയായിരിക്കണം എന്ന ചര്‍ച്ച പോലും ഇന്ന് കേരളത്തിലാരംഭിച്ചിട്ടില്ല. അത് തുടങ്ങിവെക്കേണ്ടത് നവ ജനാധിപത്യ പ്രസ്ഥാനങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്.

Read more: ജനകീയസമരങ്ങള്‍: സംവാദവേദികളുണ്ടാവണം: കെ.കെ. കൊച്ച് 

ഈ വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു  സഹായകമായ ലേഖനങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു.ലേഖനങ്ങള്‍ [email protected] എന്ന  വിലാസത്തില്‍ അയക്കുക.

Comments

comments

Print Friendly

Subscribe Our Email News Letter :