മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ
ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ നിന്നുള്ള രക്ഷാകര്‍ത്തൃത്വമല്ല, കീഴാളര്‍ തമ്മിലുള്ള സാഹോദര്യവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് അതിക്രമങ്ങളെയും അപരവല്‍ക്കരണത്തെയും അവസാനിപ്പിക്കാനുള്ള വഴി.
കേരളീയ പുരോഗമന മനസ്സിനെ രൂപപ്പെടുത്തിയതില്‍ അതീവ പ്രാധാന്യമുള്ളതാണ് ഒ. ചന്തുമേനോന്‍ എഴുതിയ ‘ഇന്ദുലേഖ’ എന്ന നോവല്‍. ഇതിലെ ഷേര്‍അലിഖാന്‍ എന്ന കഥാപാത്രത്തിന്റെ ചിത്രീകരണത്തെ, പില്‍ക്കാല ശൂദ്രാധിഷ്ഠിത സമൂഹത്തില്‍ മുസ്ളീമിന്റെ കര്‍ത്തൃത്വത്തെ എങ്ങിനെയാണ് പരിഗണിക്കുക എന്നതിനെ സംബന്ധിച്ച മുന്‍കൂര്‍ പ്രമേയമായി കാണാവുന്നതാണ്.1
അതീവസുന്ദരനും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റമുള്ളവനും അനായാസം ഇംഗ്ളീഷ് സംസാരിക്കുന്നയാളുമായ ഷേര്‍അലിഖാന്‍ പൊതുസമൂഹത്തിനകത്ത് ഒളിച്ചു പാര്‍ക്കുന്ന ഒരു ‘പരിഷ്കൃത അപര’നാണ്.2 ഇയാളുടെ കുതന്ത്രങ്ങളില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കഥാനായകനായ മാധവന്‍
ജനാധിപത്യമെന്നസങ്കല്പനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കുകയും വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴാണ്. എന്നാല്‍, നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗങ്ങള്‍ പൊതുവെ വൈവിധ്യങ്ങളെഅംഗീകരിക്കാന്‍ മടിക്കുന്നുവെന്നു മാത്രമല്ല, സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ ജനവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അപരരായി ചിത്രീകരിച്ചുകൊണ്ട് പൊതുബോധത്തെ ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. ഭരണകൂടോപാധികള്‍, മാധ്യമങ്ങള്‍, സാഹിത്യം, സിനിമകള്‍ മുതലായവയിലൂടെ നടക്കുന്ന അപരചിത്രീകരണങ്ങള്‍ വരേണ്യമായ കല്പനകളായി സമൂഹത്തെ സ്വാധീനിക്കുന്നു. സാംസ്കാരികമായും വിശ്വാസപരമായും വേറിട്ട അസ്തിത്വം പുലര്‍ത്തുന്ന ജനങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമാണ് ഈ പ്രക്രിയയിലൂടെ രൂപം കൊള്ളുന്നത്.
ഈ കാര്യത്തെ ഒന്നുകൂടെ വിശദീകരിക്കാം. സ്വത്ത്, പദവി, അധികാരം മുതലായവയില്‍ എല്ലാവര്‍ക്കും തുല്യമായ അവസരവും പങ്കാളിത്തവുമെന്ന ജനാധിപത്യസങ്കല്പനത്തോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് മിക്കവാറും എല്ലാഭരണവര്‍ഗ്ഗങ്ങളും. മാത്രമല്ല, വിവേകം,വിജ്ഞാനം, വിശ്വാസം മുതലായ കാര്യങ്ങളില്‍ തങ്ങള്‍ക്ക് പ്രത്യേകമായ യോഗ്യതകള്‍ ഉണ്ടെന്നും അവര്‍ കരുതുന്നു. പുരോഗമനകാരികളായി അറിയപ്പെടുന്ന ആധുനിക ഭരണവര്‍ഗ്ഗത്തിന്റെ മനോഭാവവും വ്യത്യസ്തമല്ല. തന്മൂലം, അധികാരത്തിന് പുറത്തുള്ളവരും മതപരവും സാമുദായികവുമായി വേറിട്ടവരുമായ ജനവിഭാഗങ്ങള്‍ ദേശീയതയുടെ/വംശീയമേധാവിത്വത്തിന്റെ അപരരായി നിര്‍ണ്ണയിക്കപ്പെടുന്നു. ഇപ്രകാരം, അപരത്വം ആരോപിക്കപ്പെട്ടിട്ടുള്ള ജനങ്ങളെപ്പറ്റിയുള്ള കല്‍പ്പിത കഥകളും പേടികളും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇടത്തെയാണ് മിക്കപ്പോഴും പൊതുമണ്ഡലമെന്ന് നമ്മള്‍ വിളിക്കുന്നത്.
ആധുനിക ഭരണകൂടങ്ങളും അവയുടെ നടത്തിപ്പുകാരായ വംശ/വര്‍ഗ്ഗമേധാവികളും നടപ്പിലാക്കുന്ന, അപരങ്ങളുടെ പുറന്തള്ളല്‍ എന്ന അതിക്രമത്തിനൊപ്പം കാണേണ്ടതാണ് ‘സാംശീകരണത്തി’ന്റെ (assimilation)) രാഷ്ട്രീയത്തേയും. വൈവിധ്യങ്ങളുടെ സ്വതന്ത്രമായ നിലനില്പിനെ നിഷേധിച്ചുകൊണ്ട് അവയെ പൊതുധാരയുടെ സാംസ്കാരികാധീശത്വത്തിലേക്ക് ലയിച്ചു ചേര്‍ക്കുന്ന പദ്ധതിയാണിത്. പലതുകളെ അംഗീകരിക്കുന്നുവെന്ന് നടിക്കുമ്പോഴും അവയുടെ വിഷയി സ്ഥാനത്തെ
II
ഗുജറാത്തിലെ വംശീയഉന്മൂലനത്തിനു ശേഷം, കേരളത്തിന്റെ സാംസ്കാരികരംഗത്ത് മുസ്ലിംങ്ങള്‍ക്ക് അനുകൂലമെന്നു തോന്നിച്ച വമ്പിച്ച പ്രചാരണ പരിപാടികളാണ് നടന്നത്. നിരവധി ഇസ്ലാമിക സംഘടനകളും മാധ്യമങ്ങളും ബുദ്ധിജീവികളുമുണ്ടെങ്കിലും അവയെ പൂര്‍ണ്ണമായും അരികുവല്‍ക്കരിച്ചുകൊണ്ട്, സവര്‍ണ്ണ മതേതരവാദികളും ഇടതുപക്ഷ സംഘടനകളുമാണ് ഈ പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചത്.
ഹിന്ദുത്വ ശക്തികളുടെ ഏകതാവാദത്തെയും മതേതര ഭരണവര്‍ഗ്ഗത്തിന്റെ അഖണ്ഡതാവാദത്തെയും പൊളിച്ചെഴുതാന്‍ ദേശീയതയെ സംബന്ധിച്ച വരേണ്യഭാവനകളെ അപനിര്‍മ്മിക്കേണ്ടതുണ്ട്. മാത്രമല്ല, അതിവേഗം ഫാഷിസവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ മേധാവിത്വത്തെ പ്രതിരോധിക്കാന്‍ കീഴാളകര്‍ത്തൃത്വത്തെ ഉണര്‍ത്തി യെടുക്കേണ്ടതും അത്യാവശ്യമാണ്. ഗുജറാത്തനന്തരകാലത്ത് ഇത്തരമൊരു നിലപാട് പുലര്‍ത്താന്‍ ചുരുക്കം ചില ദലിത്/ഫെമിനിസ്റ് ബുദ്ധിജീവികളല്ലാതെ മറ്റാരും ശ്രമിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ഇതേ സമയം സവര്‍ണ്ണ മതേതരവാദികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രശ്നവല്‍ക്കരിച്ചത് സംഘപരിവാരത്തിനെ മാത്രമായിരുന്നു. വളരെയധികം പ്രചാരണപരമായ ഈ നിലപാടിനുവേണ്ടി സാംസ്കാരിക സാംശീകരണത്തിന്റെ യുക്തിയാണ് അവര്‍ മുന്നോട്ടുവെച്ചത്.
ഇതിലൂടെ കേരളത്തിലെ മുസ്ളീമിന്റെ കര്‍ത്തൃത്വനഷ്ടവും ഇസ്ളാമിക സംഘടനകളുടേയും മാധ്യമങ്ങളുടെയും പ്രതിനിധാനഹിംസയും ഉറപ്പിക്കപ്പെടുകയായിരുന്നു. തന്മൂലം, മതേതരത്വത്തെ സംബന്ധിച്ച ഭരണകൂടഭാഷ്യത്തിലേക്ക് എല്ലാ മുസ്ളീംങ്ങളും ഭ്രൂണങ്ങളെപ്പോലെ ചുരുങ്ങിക്കൂടുക മാത്രമാണ് ഹിന്ദുത്വാക്രമണങ്ങള്‍ക്കുള്ള ഏകപരിഹാരമെന്നു നിര്‍ദ്ദേശിക്കപ്പെട്ടു. മാത്രമല്ല, ഇസ്ളാമികസംഘടനകളും ബുദ്ധിജീവികളും മാധ്യമങ്ങളും ശബ്ദിക്കുന്നത് ന്യൂനപക്ഷ വര്‍ഗ്ഗീയതയാണെന്നും അത് ഭൂരിപക്ഷവര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുമെന്നും പ്രചരിപ്പിച്ചു. ഫലത്തില്‍ ഹിന്ദുത്വ ഏകതാവാദത്തില്‍ അന്തര്‍ഗതമായിട്ടുള്ള, ന്യൂനപക്ഷസ്വരങ്ങളെ അമര്‍ച്ചചെയ്യുകയെന്ന രാഷ്ട്രീയം തന്നെയാണ് മതേതര-ഇടതുപക്ഷ പ്രചാരണങ്ങളിലും മുഴങ്ങിയത്.
സവര്‍ണ്ണ ഉദാരതയിലും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വത്തിലും കെട്ടിപ്പൊക്കിയ സാംശീകരണ യുക്തികള്‍ മുസ്ളീംങ്ങളെ സംബന്ധിച്ച് തിരിച്ചടിയായി (backlash) മാറുമെന്നത് സംശയത്തിന് ഇടമില്ലാത്ത കാര്യമാണ്. കേരളത്തില്‍ ഏറ്റവും ജനസംഖ്യയുള്ളതും പലകാരണങ്ങളിലും നിര്‍ണ്ണായക സ്ഥാനത്തുള്ളതുമായ ന്യൂനപക്ഷ മുസ്ളീംസമുദായത്തിലെ ആറുപേരെ വെടിവെച്ചുകൊല്ലുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ബീമാപ്പള്ളി വെടിവയ്പ്, സിവില്‍ മനസാക്ഷിക്ക് ഒരു പ്രശ്നമായിപ്പോലും അനുഭവപ്പെടാതിരുന്നത് ഈ തിരിച്ചടിയുടെ ഫലമാണ്.
നിലനില്‍ക്കുന്ന ന്യൂനപക്ഷരാഷ്ട്രീയത്തെ തിരസ്കരിച്ചോ, സാംശീകരിച്ചോ ഇല്ലാതാക്കാന്‍ ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വം ശ്രമിക്കുന്നതിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രധാനവിഷയങ്ങളെ ചെറുതായൊന്ന് നോക്കാം.
ഒന്നാമതായി, മതേതരത്വം എന്ന ഒറ്റമൂലിയില്‍ വിശ്വസിച്ചുകൊണ്ട് ഭ്രൂണാവസ്ഥയില്‍ ചുരുണ്ടുകൂടി കഴിയുകയെന്ന നിലപാടല്ല സമകാലീന ന്യൂനപക്ഷ-ഇസ്ളാമിക രാഷ്ട്രീയത്തിനുള്ളത്. നേരെമറിച്ച്, മതം രാഷ്ട്രീയത്തിലിടപെടാതെ സ്വകാര്യമായ ഇടത്തില്‍ അധിവസിക്കുകയാണ് വേണ്ടതെന്ന മതേതരത്വത്തിന്റെ ഇടതുപക്ഷ ഭാഷ്യത്തോട് ഇടയുന്നതാണ് ന്യൂനപക്ഷ-ഇസ്ളാമിക രാഷ്ട്രീയം.
രണ്ടാമതായി, മതേതരത്വമാണ് ന്യൂനപക്ഷങ്ങളുടെ ഏകരക്ഷാകവചമെന്ന വാദം വസ്തുതാപരമല്ല. സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യയില്‍ ഭരണം കയ്യാളുന്നത് സവര്‍ണ്ണരായ മതേതര ഭരണവര്‍ഗ്ഗമാണ്. ഇവര്‍ക്ക് കീഴിലാണ് ഗുജറാത്ത് അടക്കമുള്ള 3000ലധികം വംശീയകടന്നാക്രമണങ്ങള്‍ മുസ്ളീംങ്ങള്‍ക്കെതിരെ നടന്നത്.
മൂന്നാമതായി, ഇന്ത്യയില്‍ ഏറ്റവുമധികം വംശീയകടന്നാക്രമണങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് എതിരെ ഉണ്ടായത് ബീഹാര്‍, ഉത്തര്‍പ്രദേശ് മുതലായ പശുമേഖലകളിലാണ്. എന്നാല്‍ 1990കള്‍ക്ക് ശേഷം ഈ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഇവിടെ ശക്തിപ്രാപിച്ച പുതുദലിത് രാഷ്ട്രീയവും അതിന്റെ ഭാഗമായി ജാതിസമവാക്യങ്ങളിലെ മാറ്റവുമാണ് മുസ്ലിംവിരുദ്ധ കലാപങ്ങള്‍ക്ക് അറുതിവരുത്തിയത്. ഈ വസ്തുതയെ മറച്ചുപിടിക്കുക മാത്രമല്ല, പുതുദലിത് രാഷ്ട്രീയം സാധ്യമാക്കിയ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ അപ്രത്യക്ഷമാക്കാനും ഈ മേലാളിത്ത രക്ഷാകര്‍ത്തൃത്വ പദ്ധതി ശ്രമിക്കുന്നു.
നാലാമതായി,ഗുജറാത്ത് വംശഹത്യയില്‍ ദലിതരും ആദിവാസികളും നാമമാത്രമായി പങ്കെടുത്തിരുന്നു. ഇതിനെ പെരുപ്പിച്ചുകൊണ്ട് മുസ്ളീംങ്ങള്‍ക്ക് എതിരെ ദലിതര്‍ തിരിഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഹിന്ദുത്വത്തിന്റെ സംഘടനാ ശേഷിയേയും ഭരണകൂടത്തിലുള്ള വേരുകളെയും കാണാതെ പുറമ്പോക്കുകളെ തന്നെ വീണ്ടും പ്രതിസ്ഥാനത്ത് എത്തിക്കുന്ന പിന്‍മടക്കമാണ് ഇത്തരം രക്ഷാകര്‍ത്തൃത്വങ്ങളുടെ രാഷ്ട്രീയം.
ചുരുക്കിപ്പറഞ്ഞാല്‍, ഇസ്ലാമിക രാഷ്ട്രീയ സാന്നിധ്യത്തോട് അയിത്തവും അകലവും പാലിക്കുന്ന കാര്യത്തില്‍ സംഘപരിവാറിന്റെ അതേ മനോഘടന പുലര്‍ത്തുന്ന സവര്‍ണ്ണരുടെ അവകാശവാദങ്ങളാണ് ഗുജറാത്ത് കലാപത്തിന് ശേഷമുള്ള ഇടതുപക്ഷ പ്രചാരണങ്ങളിലൂടെ കേരളത്തില്‍ മുഴങ്ങിയത്.
III
2006ല്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി അധികാരത്തിലേറുന്നത് കേരളത്തില്‍ നിലനിന്നിരുന്ന ഒട്ടനവധി ദലിത്/ ബഹുജന സമരങ്ങളുടെ പ്രാതിനിധ്യമുണ്ടെന്ന മാധ്യമപ്രതീതിയുടെ പിന്‍ബലത്തിലാണ്. മുസ്ലിംന്യൂനപക്ഷത്തിന്റെ വിശ്വാസം വലിയ അളവില്‍ നേടിയെടുക്കാനും മുന്നണിക്ക് കഴിഞ്ഞു. തല്‍ഫലമായി, കേരളചരിത്രത്തിലെ ഏറ്റവുംവലിയ മുസ്ലിം പിന്തുണയാണ് ഇടതുപക്ഷമുന്നണിക്കും മാര്‍ക്സിസ്റ്പാര്‍ട്ടിക്കും കിട്ടിയത്. അഭൂതപൂര്‍വ്വമായ ഈ പിന്തുണയ്ക്ക് പിന്നില്‍ ഗുജറാത്ത് വംശഹത്യയോടനുബന്ധിച്ച് കേരളത്തിലെ മാര്‍ക്സിസ്റ്-സെക്യുലറിസ്റ് കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണങ്ങള്‍ വിജയംവരിച്ചതാണെന്നു നിസ്സംശയം പറയാം.
എന്നാല്‍, മുന്‍ഖണ്ഡികയില്‍ സൂചിപ്പിച്ചത്പോലെ ഹിന്ദുത്വഫാഷിസത്തിനെതിരെ കീഴാളരും ന്യൂനപക്ഷങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളോട് സംവദിക്കാന്‍പോലും ഇക്കൂട്ടര്‍ തയ്യാറായിരുന്നില്ലെന്നതാണ് ശ്രദ്ധിക്കേണ്ടതായ കാര്യം. പകരം, ഭൂരിപക്ഷ വര്‍ഗ്ഗീയത സമം ന്യൂനപക്ഷ വര്‍ഗ്ഗീയത എന്നൊരുസമവാക്യം രൂപപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. ഈ സമവാക്യത്തിന്റെ പിന്‍ബലത്തില്‍ സംഘപരിവാരത്തിനൊപ്പം ഇസ്ലാമിക സംഘടനകളെയും പ്രതിസ്ഥാനത്ത് എത്തിച്ചു. ഫലമോ, ഇന്ത്യയില്‍ പലസ്ഥലത്തും ഹിന്ദുത്വ അവകാശവാദങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബഹുജന്‍ സംസ്കാരവും രാഷ്ട്രീയധികാരത്തില്‍ കീഴാളകര്‍ത്തൃത്വവും രൂപപ്പെട്ടപ്പോള്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റിമാറ്റി നിര്‍ത്തപ്പെട്ടു.
ദലിത്-ന്യൂനപക്ഷപ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖംതിരിച്ചുകൊണ്ട് ഒരു മുഖ്യധാര കമ്മ്യൂണിസ്റ് പാര്‍ട്ടി കേവലമായ പ്രചാരണ നിലപാടുകള്‍ സ്വീകരിക്കുന്നത് ഒരു നേട്ടമായി കാണേണ്ടതില്ല. വാസ്തവത്തില്‍ ആ പ്രസ്ഥാനത്തിന്റെ സംവാദവിരുദ്ധതയും ന്യൂനപക്ഷങ്ങളെ വെറും ഉപകരണങ്ങളായി കാണുന്ന സമീപനവുമാണ് ഇവിടെ തെളിയുന്നത്.
ശ്രദ്ധിക്കേണ്ടതായ മറ്റൊരുകാര്യം, മാര്‍ക്സിസ്റ് മുന്നണി അധികാരം കയ്യാളുമ്പോള്‍ പ്രതിപക്ഷമില്ലാത്ത അവസ്ഥ സംജാതമായതായി അനുഭവപ്പെടുന്നതാണ്. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷമില്ലാതാകുന്നതല്ല, കീഴാളപക്ഷത്തും ബഹുജനപക്ഷത്തുമുള്ള ചെറുസംഘടനകളെ പ്രതിപക്ഷമായി അംഗീകരിക്കാന്‍ മാധ്യമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും വിസമ്മതിക്കുന്നത് മൂലമാണ് ഈ ശൂന്യത അനുഭവപ്പെടുന്നത്. കേരളത്തില്‍ വലതുപക്ഷം ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും പ്രതിപക്ഷത്തിന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നത് ഇത്തരം ചെറുസംഘടനകളാണ്. ഇവയെ മൊത്തമായി സത്വവാദപ്രസ്ഥാനങ്ങള്‍, ജാതി-മതമൌലീകവാദികള്‍, മൂലധന ഏജന്റുമാര്‍, സാമ്രാജ്യത്വപിണിയാളുകള്‍, ഫണ്ടിംഗ് സംഘടനകള്‍ എന്നൊക്കെ അധിക്ഷേപിക്കുകയാണ് ഇടതും വലതും ഹിന്ദുത്വവും ഒരേപോലെ ചെയ്യുന്നത്.6 മാര്‍ക്സിസ്റ് മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിസംവിധാനത്തിന്റെ സര്‍വ്വശക്തിയും വിനിയോഗിച്ച് അധിക്ഷേപങ്ങള്‍ മുറുകും.
ഇപ്രകാരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കു മുസ്ലിം സമുദായം പൊതുവെയും ഇസ്ലാമിക പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സവിശേഷമായും വിധേയമാവുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ലൌ ജിഹാദ്, ലെറ്റര്‍ബോംബ് വിവാദം, കാഷ്മീര്‍ ഏറ്റുമുട്ടലും കളമശ്ശേരി ബസ്കത്തിക്കലും സംബന്ധിച്ച വാര്‍ത്തകള്‍, ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും മതരാഷ്ട്രവാദികളും ദേശവിരുദ്ധരുമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍, നാദാപുരത്തും കാസര്‍ഗോഡും നിലനിറുത്തിയ വിദ്വേഷാന്തരീക്ഷം, ബീമപ്പള്ളിയിലെ വെടിവയ്പ്, കോഴിക്കോട് അദര്‍ബുക്സിലും ഹിറാസെന്ററിലും നടന്ന റെയ്ഡ്, മദ്നിയുടെ രണ്ടാം ജയില്‍വാസം മുതലായവ നടന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്ത് മോഡല്‍ വംശീയവിദ്വേഷം എവിടെയും എപ്പോഴും നടക്കാമെന്ന മട്ടില്‍ പൊതുബോധം ഇസ്ളാം വിരുദ്ധമായി മാറിയെന്നതാണ് ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വത്തിന്റെ മറുപുറം.
IV
കേരളത്തില്‍ അതിശക്തമായ മുസ്ളീംവിരുദ്ധത നിലനില്കുന്നതായി ആശങ്കപ്പെടുന്നതെന്തുകൊണ്ടാണ്? ഇസ്ലാമിന്റെ മത-ധാര്‍മ്മിക-രാഷ്ട്രീയ വിവക്ഷകളോട് ആഴത്തില്‍ ഭിന്നത പുലര്‍ത്തുന്നവരാണ് കേരളീയ ‘പുരോഗമനസമൂഹം’. നവഇസ്ലാമിക പ്രസ്ഥാനങ്ങളോടും അവരുടെ ആശയ പ്രചാരണങ്ങളോടും കടുത്ത അവിശ്വാസവും കേരളീയ പൊതുമണ്ഡലത്തിനുണ്ട്.
കോഴിക്കോട്ടെ ഒരു സമ്പന്നമുസ്ലിംകുടുംബത്തില്‍ ഒരുനേരം കഴിക്കുന്ന ആഹാരംകൊണ്ട് ഒരു ഊരിന് മുഴുവന്‍ ഒരാഴ്ചകഴിയാമെന്ന് സി. ആര്‍. പരമേശ്വരന്‍ എഴുതുന്നു.7 മുസ്ലിമിനെ സാമ്പത്തികമായും സാംസ്കാരികമായും വര്‍ഗ്ഗീകരിക്കാതെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്ന ദലിത് ബുദ്ധിജീവികള്‍ ദലിത് സമുദായത്തെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. മുസ്ലിമിന്റെ കാര്യത്തില്‍ സാമ്പത്തികമാത്രവാദപരമോ സാംസ്കാരിക നിര്‍ണ്ണയനവാദപരമോ ആയ വര്‍ഗ്ഗീകരണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ, അവര്‍ അനുഭവിക്കുന്ന ദേശീയതയുടെ അപരര്‍ എന്ന അവസ്ഥയെ വിദൂരമായിപ്പോലും സൂചിപ്പിക്കാന്‍ കഴിയുന്നതല്ല. ഈ വസ്തുത അനേകം തലത്തില്‍ നടന്ന സംവാദങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. എങ്കിലും മുസ്ലിമിനെ തങ്ങള്‍ക്ക് തോന്നുംപടി വര്‍ഗ്ഗീകരിക്കണമെന്ന സി. ആര്‍. പരമേശ്വരനെപോലുള്ളവരുടെ ശാഠ്യമാണ് ഈ ന്യൂനപക്ഷജനതയെ അപരിഷ്കൃതരോ, പരിഷ്കൃതരോ ആയ അപരര്‍ മാത്രമായി കാണാന്‍ പൊതു ബോധത്തെ പരിശീലിപ്പിക്കുന്നത്.
V
ഏത് മുന്നണി ഭരിക്കുമ്പോഴും ബീമാപ്പള്ളിയെന്ന പ്രദേശം മൃഗസമാനരായ അപരമനുഷ്യരുടെ ആവാസസ്ഥലമാണെന്ന വരേണ്യകല്പനയില്‍ മാറ്റംവരുന്നില്ല. വളരെ പിന്നാക്കാവസ്ഥയിലുള്ള മുസ്ലിംങ്ങളും അവര്‍ണ്ണ ക്രൈസ്തവരും കൂട്ടമായി ജീവിക്കുന്ന ഇടമായതിനാലാണ് ഇത്തരത്തിലുള്ള പൊതുബോധം രൂപപ്പെട്ടിട്ടുള്ളത്.
ഋഷിരാജ്സിങിന്റെ നേതൃത്വത്തില്‍ നടന്ന സി.ഡി. വേട്ടകാലത്ത് മാധ്യമങ്ങളിലൂടെ കേട്ട ചോദ്യംബീമപ്പള്ളിയില്‍ റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോയെന്നാണ്. അനിയന്ത്രിതമായ ആക്രമണപരത പ്രകടിപ്പിക്കുന്ന, സിവില്‍ ഭരണാധികാരത്തിന് സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇടങ്ങളായി
മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ ചിത്രീകരിക്കുകയെന്നത് വളരെമുന്‍പേ ഉറഞ്ഞുപോയ പൊതുബോധമാണ്. ഇത്തരം സ്ഥലങ്ങളില്‍ നടത്തുന്ന പോലീസതിക്രമങ്ങള്‍ ഭരണകൂട ഭീകരതയായി കാണാന്‍ മാധ്യമങ്ങള്‍ തയ്യാറല്ല. ഈ സ്ഥിതിയിലാണ്, ജനങ്ങളുടെ ഭാഗത്തുനിന്നു യാതൊരുപ്രകോപനവുമില്ലാതിരുന്നിട്ടും ഇത്രയും ഭീകരമായൊരു വെടിവെയ്പും പോലീസ് തേര്‍വാഴ്ചയും ബീമാപ്പള്ളിയില്‍ നടന്നത്.
ഇന്ത്യയിലെ പോലീസ് അതിക്രമങ്ങള്‍ക്ക് വംശപരമായ വേരുകളുള്ളതായി ഡോ. ഗോപാല്‍ഗുരു ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത് ദലിത്-മുസ്ളീം ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം എഴുതുന്നു. വൈദേശികമായ പ്രത്യയശാസ്ത്രങ്ങളുടെ അടിത്തറയില്‍, സിവില്‍ സമരങ്ങള്‍ക്ക് പകരം സൈന്യവല്‍ക്കരണത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ഒരു വിഭാഗം നക്സലൈറ്റുകളും മാവോവാദികളും. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാകട്ടെ നഗരങ്ങളിലെ സവര്‍ണ്ണരും ബ്രാഹ്മണരുമാണ്. ഇവരില്‍ ചിലര്‍ വ്യക്തികളെന്ന നിലയില്‍ പോലീസ് അതിക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയരായിട്ടുണ്ടെങ്കിലും അവരുടെ കുടുംബങ്ങളും സ്വത്തുവകകളും സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുകയാണെന്ന വസ്തുതയും ഗോപാല്‍ ഗുരു പരിശോധിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കീഴാളരുടെ കുടുംബങ്ങളിലും പ്രദേശങ്ങളിലും വലിയ തോതിലുള്ള പോലീസ് തേര്‍ വാഴ്ചകളാണ് നടക്കാറുള്ളത്. ജനപ്രിയസിനിമകളും കാല്പനിക സാഹിത്യകാരും ഉന്മൂലനവാദികളായ സവര്‍ണ്ണ നേതാക്കന്മാരെ വാഴ്ത്തിപ്പാടുകയും അവരില്‍ ദേശീയത്യാഗത്തിന്റെ പിന്‍തുടര്‍ച്ച കണ്ടെത്തുകയും ചെയ്യുന്നു. ഇതേസമയം, നിയമാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷസംഘടനകളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും അവയുടെ നേതൃത്വങ്ങളെ ഭീകരസ്വത്വങ്ങളായി വര്‍ണ്ണിക്കുകയും ചെയ്യുന്നു.
(കെ. അഷ്റഫ് എഡിറ്റ്ചെയ്ത ‘ബീമാപ്പള്ളി : മറക്കുന്നതും ഓര്‍ക്കുന്നതും’ എന്ന സമാഹാരത്തില്‍നിന്നും)
സൂചനകള്‍ 1. കെ.കെ. കൊച്ച്- ഇന്ദുലേഖയുടെ സ്വപ്നം (വായനയുടെ ദലിത്പാഠം-പൂര്‍ണ്ണാപബ്ളിക്കേഷന്‍സ്, കോഴിക്കോട് 2005)
2. കുമാരനാശാന്റെ ദുരവസ്ഥയിലെ ക്രൂരമുഹമ്മദര്‍ പൊതുസമൂഹത്തിന് പേടിയുളവാക്കുന്നവരായ അപരിഷ്കൃത അപരരാണ്. ചന്തുമേനോന്റെ സുന്ദരപുരുഷനായ ഷേര്‍ അലിഖാനാവട്ടെ നവശൂദ്രാധിപത്യത്തിന് അസ്വസ്ഥത ഉളവാക്കുന്ന പരിഷ്കൃത അപരനാണ്. ഈ രണ്ട് അപരങ്ങ ളേയും പുറന്തള്ളുമ്പോള്‍ മാത്രമേ നിയമരാഷ്ട്രവും സിവില്‍ ധാര്‍മ്മികതയും ആശ്വസിക്കപ്പെടുകയുള്ളൂ.
3. എം.ടി.അന്‍സാരി- മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍ (ഡി.സി. ബുക്സ്, കോട്ടയം 2008)
4. എന്‍.എസ്. മാധവന്റെ ‘തിരുത്തും’ കെ. പി. രാമനുണ്ണിയുടെ ‘സൂഫിപറഞ്ഞകഥയും’ കെ.ജെ.ബേബിയുടെ മാവേലിമന്ററവും മുസ്ളീംങ്ങളുടേയും ആദിവാസികളുടേയും ഏജന്‍സിയെ ഭ്രൂണാ വസ്ഥയിലോ കുട്ടിത്തം വിട്ടുമാറാതെയോ കണ്ടുകൊണ്ട് പൊതുധാരയുടെ സാംസ്കാരികാധീശത്വത്തിലേക്ക് ആവാഹിക്കുന്ന സാഹിത്യ മെറ്റഫറുകളാണ്.
5. Emmanuel Levinas- Entre Nous(Thinking- of – the – other) (continuum-2007)
6. ഇതേ കാലത്ത് ചെങ്ങറയടക്കമുള്ള ദലിത് ഭൂസമരങ്ങളും മറ്റനേകം കീഴാള-സിവില്‍സമൂഹസമരങ്ങളും ക്രൂരമായി അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തു. സമരം ചെയ്യുന്ന ജനതകളെ പലതരം ഗൂഢശക്തികളുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു.
7. ഭാഷാപോഷിണി, ലക്കം 10, മാര്‍ച്ച് 2011.