ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിനിയും എസ്എഫ്ഐയുടെ ഖാപ് പഞ്ചായത്തുകളും

രക്ഷകനെ ആവശ്യമുള്ള മുസ്ലിം സ്ത്രീയെപറ്റി പൊതുവ്യവഹാരങ്ങള്‍ നിര്‍മിച്ച കല്പിതകഥകളില്‍ നിന്ന് മുക്തമായി തന്റേതായ ഇടം കണ്ടെത്താന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന പോരാട്ടത്തിന്റെ കൂടി ചരിത്രമാണ് പുതിയ കാമ്പസ് രാഷ്ട്രീയം. ഇത് കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രമല്ല കേരളത്തിലെ കോളേജുകളിലും ദൃശ്യമാണ്. പൊതുവ്യവഹാരങ്ങളുടെ നിര്‍വചന അധികാരത്തെ കുടഞ്ഞുതെറിപ്പിക്കാനും തങ്ങളുടെ ജീവിതത്തെ സ്വയം നിര്‍വചിക്കാനും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന ശ്രമങ്ങള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസ അനുഭവങ്ങളെ മനസിലാക്കാന്‍ മാറിയ വിമര്‍ശന അവബോധം തന്നെ ആവശ്യമാണ് എന്നാണ് ഈ പോരാട്ടങ്ങള്‍ കാണിക്കുന്നത്. അങ്ങിനെയുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ കേരളത്തിലെ പുതുജനാധിപത്യ ശക്തികള്‍ക്കും വിശിഷ്യ സ്ത്രീവാദികള്‍ക്കും ബാധ്യതയുണ്ട് എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

എസ്എഫ്ഐയുടെ അതിക്രമത്തെക്കുറിച്ച് കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സല്‍വ അബ്ദുല്‍ഖാദര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിനു സമാനമായ രീതിയില്‍ എസ്എഫ്ഐ യുടെ സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയം നിലനില്‍ക്കുന്ന കാമ്പസാണ് കോഴിക്കോട്ടെ മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്. എതിര്‍ശബ്ദങ്ങളെയും അരിഞ്ഞുവീഴ്ത്തി കാമ്പസിന്റെ ഓരോ അനക്കത്തെയും അടക്കത്തെയും നിയന്ത്രിക്കുന്ന മര്‍ദ്ദക യന്ത്രമാണ് ഈ കാമ്പസിലെ എസ്.എഫ്.ഐ. താന്‍ നേരിടുന്ന അക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ സല്‍വയെ ‘വിഷജന്തു’വെന്നാണ് ഇപ്പോള്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ എസ്.എഫ്.ഐ അണികള്‍ വിശേഷിപ്പിക്കുന്നത്. ഖാപ് പഞ്ചായത്തുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സല്‍വയെ പുറത്താക്കാന്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ അനിശ്ചിതകാല സമരത്തിനു എസ്.എഫ്.ഐ ആഹ്വാനം ചെയ്തിരിക്കുന്നു. സല്‍വയുടെ പഠിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം കേരളീയ സമൂഹം ഏറ്റെടുക്കുന്നുണ്ട്.

ഏഴു വര്‍ഷം മുമ്പ് കണ്ണൂരിലെ ഗവണ്‍മെന്റ് പൊളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എന്നോട് എസ്.എഫ്.ഐ ചെയ്ത അതെ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മടപ്പള്ളിയില്‍ നടക്കുന്നത്. അന്ന് എന്നെപോലുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ അറിയിക്കാനോ ദൃശ്യതയില്‍ കൊണ്ടുവരാനോ നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. ഇന്ന് സാമൂഹിക മാധ്യമങ്ങളിലും അതോടൊപ്പം നമ്മുടെ മാറിയ കീഴാള രാഷ്ട്രീയ അവബോധത്തിലും അതിന്ന് ധാരാളം ഇടങ്ങളുണ്ട്.

കാമ്പസിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുവ്യവഹാരങ്ങള്‍ പൊതുവേ സ്വീകരിക്കുന്ന വിമര്‍ശന ഉപാധിയുടെ പ്രശ്‌നങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഉണ്ടാക്കിയ മസില്‍പവര്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ എളുപ്പത്തില്‍ തള്ളിക്കളയാനാണ് ചിലര്‍ ശ്രമിക്കുന്നത്. എസ്.എഫ്.ഐ കേവലം ആള്‍ക്കൂട്ടമായതിന്റെ പ്രശ്‌നമോ അവര്‍ക്ക് ഇടതുപക്ഷ പ്രത്യയശാസ്ത്രം ചോര്‍ന്നുപോയതിന്റെ അടയാളമോ ആയി ഈ പ്രശ്‌നത്തെ കാണുന്നവരുമുണ്ട്. വേറെ ചിലര്‍ ഇത്തരം സംഭവങ്ങള്‍ എസ്.എഫ്.ഐ യുടെ ശുദ്ധ ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി കാണുന്നു. ഇങ്ങനെ നല്ല എസ്.എഫ്.ഐ ക്കാരും മോശം എസ്.എഫ്.ഐ ക്കാരും ഉണ്ടെന്ന ധാര്‍മിക വിമര്‍ശനങ്ങള്‍ നമ്മുടെ കാമ്പസുകള്‍ കടന്നുപോവുന്ന ആഴത്തിലുള്ള സാമൂഹ്യമാറ്റത്തെ പരിഗണിക്കാന്‍ ഒട്ടും താല്പര്യപ്പെടുന്നില്ല എന്നാണ് തോന്നുന്നത്. പരമ്പരാഗതമായി നാം ശീലിച്ചുവന്ന രാഷ്ട്രീയ വിമര്‍ശനത്തിന്റെ പ്രശ്‌നങ്ങളിലേക്ക് ചുരുക്കാന്‍ കഴിയുന്നതല്ല ഇപ്പോള്‍ നമ്മുടെ കാമ്പസുകളില്‍ നടക്കുന്ന ചലനങ്ങള്‍. കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന കീഴാള രാഷ്ട്രീയത്തിന്റെ പുതിയ ചലനങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സവിശേഷത സന്ദര്‍ഭമാണ് സല്‍വ അബ്ദുല്‍ ഖാദര്‍ നടത്തുന്ന പോരാട്ടം. കാമ്പസിനുമേലെ എസ്.എഫ്.ഐ യുടെ ഇടതുപക്ഷ ആണത്തം നിലനിറുത്തിയ മേല്‍കോയ്മയുടെ പ്രതിസന്ധിയാണ് ഇപ്പോള്‍ വെളിവായി വരുന്നത്.

കേരളത്തിലെ എസ്.എഫ്.ഐ എങ്ങനെയാണ് കീഴാള രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വിവിധ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കയ്യൂക്കുകൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഒതുക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ എസ്.എഫ്.ഐ എന്നുതന്നെ പ്രത്യേകം പറയണം. തങ്ങള്‍ക്ക് പേശീബലം കുറഞ്ഞ ജെ.എന്‍.യു അടക്കമുള്ള കാമ്പസുകളില്‍ എസ്.എഫ്.ഐ പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവത്താന്മാരും ഗാന്ധിയന്മാരെ വെല്ലുന്ന അഹിംസാവാദികളുമാണ്. പക്ഷെ കേരളത്തിലെ എസ്.എഫ്.ഐ ക്ക് മറ്റൊരു രൂപമാണ്. ഇത് പറയാന്‍ അധികം പിന്നോട്ട് പോകുന്നില്ല. രോഹിത് വെമുല ഭാഗമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.എസ്.ഐ (അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) യുടെ ചുവടുപിടിച്ചുകൊണ്ട് കോട്ടയം എം.ജി. സര്‍വകലാശാലയില്‍ രൂപീകരിച്ച എ.എസ്.എ ക്കെതിരെ കഞ്ചാവ് മാഫിയക്കാര്‍ (പി.എം. മനോജിനു കടപ്പാട്) എന്ന ലേബല്‍ ഒട്ടിച്ചു വേട്ടയാടാനാണ് എസ്.എഫ്.ഐ ക്കാര്‍ ശ്രമിച്ചത്. മഹാരാജാസ് കോളേജിലെ സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇങ്ക്വിലാബിന്റെ പ്രവര്‍ത്തകനായ ഫുആദിനെ രോഹിത് വെമുല രക്തസാക്ഷിദിനം (ജനുവരി 17) ആചരിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ ക്കാര്‍ മര്‍ദ്ദിച്ചിരുന്നു. കോഴിക്കോട് ലോ കോളേജില്‍ ഇങ്ക്വിലാബിന്റെ പ്രവര്‍ത്തകര്‍ പതിച്ച രോഹിത് വെമുല രക്തസാക്ഷിദിനത്തിന്റെ പോസ്റ്ററുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ കാമ്പസുകളില്‍ നടക്കുന്ന പുതുജനാധിപത്യ പരീക്ഷണങ്ങളെ മൂളയിലെ നുള്ളാനാണ് എസ്.എഫ്.ഐ ക്കാര്‍ ശ്രമിക്കുന്നത്.

പരിമിതമെങ്കിലും എസ്.എഫ്.ഐ യുടെ ലിംഗരാഷ്ട്രീയവും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാമ്പസ് രാഷ്ട്രീയത്തിലെ ആണ്‍കോയ്മയുടെ വക്താക്കള്‍ പരമ്പരാഗത ജാതി-മത-സാമൂഹ്യ ശക്തികള്‍ മാത്രമാണെന്നും എസ്.എഫ്.ഐ അത്തരം രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാണ് എന്ന വികലധാരണയാണ് ഇതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്. എങ്ങിനെയാണ് എസ്.എഫ്.ഐ യിലെ ആണുങ്ങള്‍ അവര്‍ക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ സ്വതന്ത്ര ശബ്ദമുള്ള വിദ്യാര്‍ത്ഥിനികളെ, വിശിഷ്യ കീഴാള/മുസ്ലിം വിദ്യാര്‍ത്ഥിനികളെ കൈകാര്യം ചെയ്യുന്നതെന്ന പ്രശ്‌നം ഇതിലുണ്ട്. കാമ്പസുകളില്‍ മതേതര/സദാചാര പോലീസായി എസ്.എഫ്.ഐ വാഴുന്ന കാര്യം നിരവധി സ്ത്രീവാദികള്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ദലിത് ഫെമിനിസ്റ്റ് മേഖലയില്‍ നിന്ന് ഈ വിഷയത്തില്‍ ധാരാളം എഴുത്തുകള്‍ വന്നിട്ടുണ്ട്. ജാതി ഹിന്ദു രാഷ്ട്രീയമുള്ള ഇടതുപക്ഷ ആണത്തത്തിന്റെ കാമ്പസുകളിലെ പകര്‍ന്നാട്ടങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി റിറ്റി ലൂക്കോസ് അടക്കമുള്ള ഗവേഷകര്‍ നടത്തിയ മികച്ച പഠനങ്ങള്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്.

എന്നാല്‍ ഈ സാഹചര്യത്തില്‍ സവിശേഷമായി ചര്‍ച്ച ചെയ്യേണ്ടത് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നമ്മുടെ കാമ്പസുകളില്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ്. കാരണം മുസ്ലിം സമുദായത്തില്‍ നിന്ന് മുസ്ലിം സ്ത്രീക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവ്യവഹാരങ്ങള്‍ കാണിക്കുന്ന ഉത്സാഹവും ആവേശവും നാം പല തവണ കണ്ടതാണ്. എന്നാല്‍ സമാനമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മതേതര / ഇടതുപക്ഷ ആണത്തത്തിന്റെ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ പോലും തയ്യാറാകാത്ത സാഹചര്യമാണുള്ളത്.
നമ്മുടെ കാമ്പസ് ഭാവനകളിലെ മുസ്ലിം വിദ്യാര്‍ത്ഥിനി ആരാണ്? ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രം നമുക്കറിയാം. തന്റെ കുടുംബത്താല്‍ ശാശ്വതമായി അടിച്ചമര്‍ത്തപ്പെട്ട റസിയയുടെ കഥ ഏറെ പ്രസിദ്ധമാണ്. കോളേജില്‍ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച എന്നെ ആദ്യകാലങ്ങളില്‍ പലരും കളിയായും കാര്യമായും വിളിക്കാറുള്ളത് റസിയ എന്നായിരുന്നു. 80 കളില്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘സര്‍വകലാശാല’ എന്ന സിനിമയില്‍ കീഴാള വിദ്യാര്‍ത്ഥികളുടെ വലിയ നിശബ്ദത ഉണ്ടായിരുന്നു. അന്നത്തെ കാമ്പസിന്റെ ഭാവനയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയില്ലായിരുന്നു. എന്നാല്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ ക്ലാസ്‌മേറ്റ് പുറത്തിറങ്ങുമ്പോള്‍ റസിയ കാമ്പസിന്റെ മാറിയ രാഷ്ട്രീയത്തിന്റെ തന്നെ പ്രതീകമായിരുന്നുവെന്നു സിനിമ നിരൂപകയായ ജെനി റൊവേന നിരീക്ഷിക്കുന്നത് കാണാം.

റസിയിലൂടെ മതജീവിതം നയിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ പറ്റി പൊതുവ്യവഹാരങ്ങള്‍ നിര്‍മിച്ച വാര്‍പ്പു മാതൃകകളെയാണ് സല്‍വ അബ്ദുല്‍ ഖാദര്‍ അടക്കമുള്ള വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്യുന്നത്. ഇരകളും അതുകൊണ്ട് തന്നെ രക്ഷകനെ ആവശ്യമുള്ള മുസ്ലിം സ്ത്രീയെപറ്റി പൊതുവ്യവഹാരങ്ങള്‍ നിര്‍മിച്ച കല്പിതകഥകളില്‍ നിന്ന് മുക്തമായി തന്റേതായ ഇടം കണ്ടെത്താന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന പോരാട്ടത്തിന്റെ കൂടി ചരിത്രമാണ് പുതിയ കാമ്പസ് രാഷ്ട്രീയം. ഇത് കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രമല്ല കേരളത്തിലെ കോളേജുകളിലും ദൃശ്യമാണ്. പൊതുവ്യവഹാരങ്ങളുടെ നിര്‍വചന അധികാരത്തെ കുടഞ്ഞുതെറിപ്പിക്കാനും തങ്ങളുടെ ജീവിതത്തെ സ്വയം നിര്‍വചിക്കാനും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന ശ്രമങ്ങള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസ അനുഭവങ്ങളെ മനസിലാക്കാന്‍ മാറിയ വിമര്‍ശന അവബോധം തന്നെ ആവശ്യമാണ് എന്നാണ് ഈ പോരാട്ടങ്ങള്‍ കാണിക്കുന്നത്. അങ്ങിനെയുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ കേരളത്തിലെ പുതുജനാധിപത്യ ശക്തികള്‍ക്കും വിശിഷ്യ സ്ത്രീവാദികള്‍ക്കും ബാധ്യതയുണ്ട് എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.
_______________________________
(ജെ.എന്‍.യുവില്‍ ഗവേഷകയാണ് എഴുത്തുകാരി)

 

Top