നിയമനങ്ങളിലെ അട്ടിമറികള്‍

പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു ഭാരതത്തില്‍ മാത്രമേ സമഗ്രമായ രാഷ്ട്രപുരോഗതിയുണ്ടാവുകയുള്ളൂ. നാടിന്റെ നന്മ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെല്ലാം സാന്ദ്രീകൃത ശ്രദ്ധയോടെ വായിച്ചു പഠിക്കേണ്ടതാണ് ആശയ സുന്ദരമായ ഈ ചെറിയ ഗ്രന്ഥം.
പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ഒട്ടേറെ നിയമ സമരങ്ങളില്‍ പങ്കെടുക്കുവാനവസരം കിട്ടിയ ഒരു വ്യക്തിയെന്ന നിലയില്‍ ഈ പുസ്തക വായന ഒരു ധധ്യാനുഭവം പകര്‍ന്നു തന്നുവെന്നു കൂടി സൂചിപ്പിക്കട്ടെ. ഈ ഗ്രന്ഥത്തിനൊരവതാരികയെഴുതുന്നതും വലിയൊരു ബഹുമതിയായി ഞാന്‍ കരുതുന്നു. സാഭിമാനം ഈ പുസ്തകം പൊതുജനങ്ങള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
(സുദേഷ് എം.രഘു എഴുതിയ പി.എസ്.സി നിയമനങ്ങളിലെ അട്ടിമറി എന്ന പുസ്തകത്തിന് എഴുതിയ ആമുഖം)

ജസ്റ്റിസ് കെ.സുകുമാരന്‍
സര്‍ക്കാര്‍ സേവനം സംബന്ധിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളുണ്ട്. ‘യജമാനനും ഭൃത്യനും’ എന്ന പേരില്‍, എല്ലാത്തരം ഭൃത്യന്മാരുടെയും സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന ബാറ്റി (Batt) ന്റെ കൊച്ചു പുസ്തകം ഞാന്‍ ഹൃദ്യസ്ഥമാക്കാന്‍ ശ്രമിച്ച നിയമഗ്രനഥങ്ങളിലൊന്നാണ്. ബാര്‍വെലും കെറും (Barwell & Kerr) ചേര്‍ന്നെഴുതിയ ബൃഹദ് ഗ്രന്ഥവും നമ്മുടെ സഹായത്തിനെത്തും.

സര്‍ക്കാര്‍ സേവന-നിയമനക്കേസുകളുടെ എണ്ണം പെരുത്തതോടു കൂടി, ഒരു പ്രത്യേക നിയമറിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി, സര്‍വ്വീസ് ലോ റിപ്പോര്‍ട്ടര്‍ (Service Low Reporter) എല്ലാ കോടതികളിലെയും സര്‍ക്കാര്‍ സര്‍വ്വീസ് കേസുകളിലെ വിധി ന്യായങ്ങള്‍ ഒരു ചട്ടക്കൂടില്‍ ലഭിക്കും എന്ന ഗുണം ആ പ്രസിദ്ധീകരണത്തിനുണ്ടയിരുന്നു. ഞാന്‍ അതിന്റെ വരിക്കാരനുമായിരുന്നു. അതുമൂലമുണ്ടയ ഗുണങ്ങള്‍ എന്റെ അഭിഭാഷക ജീവിതത്തെയും ന്യായാധിപ പരിശ്രമങ്ങളെയും പുഷ്ടപ്പെടുത്താനിടയാക്കിയെന്ന വിവരവും നന്ദിയോടെ കുറിക്കട്ടെ! (എമ്പ്രാന്റെ വിളക്കത്ത് വാരിയരുടെ അത്താഴം!)

ഈ വിഷയത്തില്‍ ഇപ്പോള്‍ ലഭ്യമായ നിയമ പ്രസിദ്ധീകരണത്തില്‍ പ്രമുഖമായതാണ് ഹാന്‍സ്ബറീസ് ‘ലോസ് ഓഫ് ഇന്ത്യ’ എന്ന നിയമ പരമ്പര. പ്രസക്തമായ വാള്യം 34 (പേജ് 276)

ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ നിയമങ്ങളില്‍ നിന്നും വിഭിന്നമാണ് ഇന്ത്യയിലെ സ്ഥിതി. ഇവിടെ ഏതൊരു കുഞ്ഞും ജനിച്ചു വീഴുന്നത്, അംബേദ്ക്കര്‍ നിരീക്ഷിച്ചതുപോലെ. ഏതെങ്കിലുമൊരു ‘ജാതി’യിലാണ്. ജാതിക്കോമരങ്ങള്‍ ഏറെ ഉണ്ടായിരുന്നുതാനും. ആശാന്‍ പാടിയതുപോലെ, ‘തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാലും, പാപമുള്ളോര്‍’ വെയിലത്തു നടന്നു ദാഹിച്ചുവരുമ്പോഴും ‘നീച’ നാരിതന്‍ കയ്യാല്‍ ജലം വാങ്ങീട്ടാചമിക്കുമോ’ എന്നു നിഷ്‌കളങ്കമായി ചോദിക്കുന്ന ചണ്ഡാലഭിക്ഷുകിമാര്‍ ജീവിച്ചിരുന്ന കാലഘട്ടം.

ചാമര്‍കുല ജാതനായൊരു ബുദ്ധിശാലിക്ക് ജാതിയെ നേരിടാനുള്ള വിജ്ഞാനവും സാഹസവുമുണ്ടായി. രാഷ്ട്രപിതാവിന്റെ മനസ്സില്‍ സ്ഥലം പിടിച്ചിരുന്ന ഉന്നത ജാതി താല്പര്യ സംരക്ഷണത്തെ എതിര്‍ത്ത് ‘മി. ഗാന്ധി’ യോടു തന്നെ വാദം നടത്തിയ അംബേദ്കര്‍ ദളിതര്‍ക്കുവേണ്ടി വീറോടെ വാദിക്കുന്ന ബ്രാഹ്മണ യുവാവാണെന്നു ഗാന്ധിജി തെറ്റിദ്ധരിച്ചു. ബുദ്ധിയും യുക്തിയും ചരിത്രവിജ്ഞാനവും ചാലിച്ചു നേര്‍ത്ത വാദമുഖങ്ങളുന്നയിക്കാന്‍ ബ്രാഹ്മണര്‍ക്കു മാത്രമേ കഴിയുണ്ടാവുകയുള്ളൂ എന്ന തെറ്റായ ധാരണ ഗാന്ധിജിക്കു പോലും ഉണ്ടായിരുന്നു. ഈ വിവരം വേണ്ട വിധം പ്രസിദ്ധീകരിച്ചത് അമേരിക്കന്‍ ഭരണഘടനാ വിദഗ്ദ്ധനായ മാര്‍ഗലന്റര്‍ (Marc Galanter) മത്സരിക്കുന്ന സമത്വങ്ങള്‍’ (Copmeting Equlities Law and the Backward Classes in India) എന്നാണ് ആ പുസ്തകത്തിന്റെ പേര്) ജാതി വ്യത്യാസം അംഗീകരിക്കുന്ന ഗാന്ധിജിയെ ശരിക്കും കശക്കിയത് സഹോദരനയ്യപ്പാണ്. പള്ളുരുത്തി വെളിയില്‍ ഗാന്ധിജിക്ക് എസ്. എന്‍.ഡി.പി നല്‍കിയ മഹാസ്വീകരണത്തില്‍ വച്ച്; ശുചീന്ദ്രത്തെ അമ്പലത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ വൈശ്യനായ ഗാന്ധിജിക്ക് ബ്രാഹ്മണനായ പൂജാരി പ്രസാദം വലിച്ചെറിഞ്ഞുകൊടുത്തത് ഭക്തി പ്രശയപൂര്‍വ്വം ഗാന്ധിജി സ്വീകരിച്ചു. ഇതാണ് സഹോദരനെ അനിയന്ത്രിതമായി ക്ഷോഭിച്ചത്. ‘ജാതീയമായ ഈ അവഹേളനം സഹിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ?’ എന്നു ഗാന്ധിജിയുടെ മുഖത്തുനോക്കി ചോദിക്കാന്‍ സഹോദരന്‍ മടിച്ചില്ല. ശക്തമായ ആ പ്രതികരണത്തിനു ഫലമുണ്ടായി. പള്ളുരുത്തിയില്‍ നിന്നു കല്‍ക്കത്തയിലെത്തിയ ഗാന്ധിജി ഒരു പുതിയ മനുഷ്യനായിരുന്നു. ജാതിയെ തള്ളിപ്പറയുന്ന രാഷ്ട്രപിതാവ്.

ആ സമീപന വ്യത്യാസം പ്രതിഫലിപ്പിക്കുന്ന മലയാളമനോരമ റിപ്പോര്‍ട്ട് സൂക്ഷിച്ചു വെച്ചത്. ഡോ. ഗോപാലകൃഷ്ണനായിരുന്നു. എന്നെ അതു കാണിച്ചു തരികയും അതു ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ആശയതലത്തില്‍ ഭാരതത്തിലുടനീളം മാറ്റം വരുത്തിയ ഈ സംഭവ വികാസങ്ങളെപ്പറ്റി വേണ്ടത്ര ഗവേഷണങ്ങളോ പഠനങ്ങളോ ഉണ്ടായിട്ടില്ല. തിരുവായ്‌ക്കെതിരായൊന്നും പറഞ്ഞു കൂടെന്നും വിപ്ലവകാരികള്‍ പോലും കരുതി. അതു ലംഘിച്ച് പിന്നോക്ക താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയെപ്പറ്റി സംസാരിച്ച പി. ഗംഗാധരനെ അവര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

അംബേദ്ക്കറോടുള്ള സമീപനത്തില്‍ പൂന സംഭാഷണത്തിനുശേഷം എടുത്ത നിലപാടുകള്‍ ഗാന്ധിജിയിലെ മഹാത്മാവിനെ വെളിപ്പെടുത്തുന്നതാണ്. ഗാന്ധിജി ആരംഭിച്ച ‘യങ് ഇന്ത്യ’യില്‍ ലേഖനം വേണമെന്ന് ആവശ്യപ്പെട്ടു. അംബേദ്ക്കറുടെ ലേഖനം ഒന്നാം ലക്കത്തില്‍ തന്നെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നിയമമന്ത്രിയായി അംബേദ്കറെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം നെഹ്‌റു അനുസരിച്ചു. നിയമ മന്ത്രിയായ അംബേദ്ക്കറാണ് ഭാരത ഭരണഘടനയുടെ മഹാശില്‍പി. സംവരണാശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭരണഘടന അംബേദ്കറുടെയും സമാനചിന്താഗതിക്കാരുടെയും വരദാനമാണ്.

പിന്നീടുള്ള ചരിത്രം എല്ലാവര്‍ക്കും കുറച്ചൊക്കെ പരിചിതമാണ്.

സംവരണതത്വം നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ പലതായിരുന്നു. ഇവിടെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും, മഹാരാഷ്ട്ര സ്റ്റേറ്റിലെ പിന്നോക്കക്കാരുടെയ പരിതാപകരമായ അവസ്ഥ നേരിട്ടുകാണാനും, പഠിക്കാനും, കൈകാര്യം ചെയ്യാനും എനിക്കവസരമുണ്ടായി. (അത് മറ്റൊരു നീണ്ട കഥ.മറ്റൊരിക്കല്‍ വിശദീകരിക്കാം)

ഈ പശ്ചാത്തലത്തില്‍ വേണം സുദേഷ് എം. രഘുവിന്റെ ഈ ലഘു ഗ്രന്ഥം വിലയിരുത്താന്‍.

പുസ്തകത്തിലെ പ്രധാന ആശയം ആമുഖക്കുറിപ്പിന്റെ തലവാചകത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. സംവരണമല്ല, മെറിറ്റാണ് അട്ടിമറിക്കപ്പെടുന്നത്.

പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ച സംഭവങ്ങള്‍, വ്യക്തികള്‍- ഇതൊക്കെ പശ്ചാത്തല വിവരണമായി അദ്ദേഹം നല്‍കിയിട്ടുണ്ട്. പ്രൊഫ. ബഹാവുദ്ദീന്‍ (അദ്ദേഹം എന്റെയും ഉറ്റ സുഹൃത്തായിരുന്നു) നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഈ പുസ്തക രചന നിര്‍വഹിച്ചിരിക്കുന്നത്.

എന്നെ ഏറെ ആകര്‍ഷിച്ചത് ‘കോടതി പോരാട്ടം’ എന്ന ആറാം അദ്ധ്യായമാണ്. അനുഭവ ധന്യതയുള്ള ഒരഭിഭാഷകനെപ്പോലെയാണ് കോടതിവിധികള്‍ സുദേഷ് വിശകലനം ചെയ്തിട്ടുള്ളതും പ്രസക്തമായ സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുള്ളതും. 1999 തൊട്ടുള്ള നിയമ സംഘട്ടനങ്ങളെ കൃത്യമായും വ്യക്തതയോടെയും പ്രതിപാദിച്ചിരിക്കുന്നു.

ജസ്റ്റിസ് ടി. ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. ബാലകൃഷ്ണന്‍ നായര്‍, പി. എന്‍. രവീന്ദ്രന്‍ (ആകസ്മികമാണെങ്കിലും അവരെല്ലാം കാര്യവിവരമുള്ള മുന്നോക്ക സമുദായ ന്യായാധിപന്മാരാണ്) എടുത്ത സമീപനം നമുക്കൊരു മധുര സ്മരണയാണ്.

സംവരണം, ഒട്ടേറെ ഭരണ വിഭാഗ ഉപജാപങ്ങളുടെ ഫലമായി അട്ടിമറിക്കപ്പെട്ടു. വെള്ളത്തൊട്ടിയോടൊപ്പം കുഞ്ഞും വലിച്ചെറിയപ്പെട്ടു. കാണേണ്ടവര്‍ കണ്ടില്ല; കണ്ട സ്വഭാവം നടിച്ചതുമില്ല.

കണ്ണുതുറക്കാത്ത ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന മാത്രമല്ല; ലെനില്‍ ഒരിക്കല്‍ ചോദിച്ചതുപോലും,What is to be done (ആ പേരില്‍ ലെനിന്റെ പുസ്തകവുമുണ്ട്), ‘ഇനി എന്താണ്’ എന്ന ചോദ്യം ഉന്നയിക്കുകയും മറുപടികള്‍ നിരത്തിവെക്കുകയും ചെയ്യുന്നതാണ് ഈ സോദ്ദേശ പ്രസിദ്ധീകരണം.

പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു ഭാരതത്തില്‍ മാത്രമേ സമഗ്രമായ രാഷ്ട്രപുരോഗതിയുണ്ടാവുകയുള്ളൂ. നാടിന്റെ നന്മ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെല്ലാം സാന്ദ്രീകൃത ശ്രദ്ധയോടെ വായിച്ചു പഠിക്കേണ്ടതാണ് ആശയ സുന്ദരമായ ഈ ചെറിയ ഗ്രന്ഥം.

പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ഒട്ടേറെ നിയമ സമരങ്ങളില്‍ പങ്കെടുക്കുവാനവസരം കിട്ടിയ ഒരു വ്യക്തിയെന്ന നിലയില്‍ ഈ പുസ്തക വായന ഒരു ധധ്യാനുഭവം പകര്‍ന്നു തന്നുവെന്നു കൂടി സൂചിപ്പിക്കട്ടെ.
ഈ ഗ്രന്ഥത്തിനൊരവതാരികയെഴുതുന്നതും വലിയൊരു ബഹുമതിയായി ഞാന്‍ കരുതുന്നു. സാഭിമാനം ഈ പുസ്തകം പൊതുജനങ്ങള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
___________________
(സുദേഷ് എം.രഘു എഴുതിയ പി.എസ്.സി നിയമനങ്ങളിലെ അട്ടിമറി എന്ന പുസ്തകത്തിന് എഴുതിയ ആമുഖം)

Top