വിശ്വകർമ സമുദായവും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും

എല്ലാതരത്തിലുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിശ്വകര്‍മ്മജരെ കറിവേപ്പില പോലെയാണ് കാണുന്നത്. ജാതിപരമായ വിവേചനം പ്രകടമാക്കി അധികാരസ്ഥാനങ്ങളും വിഭവങ്ങളും പങ്കുവെക്കുന്നിടത്തുനിന്നും വിശ്വകര്‍മ സമുദായത്തെ തീണ്ടാപ്പാടകലെയാണ് നിര്‍ത്തുന്നത്. എന്നിട്ടും വിശ്വകര്‍മ സമുദായം പാഠം പഠിക്കുന്നില്ല. സമ്പത്തും പദവികളും അധികാരങ്ങളും സവര്‍ണര്‍ക്കു മാത്രം അവകാശപെട്ടതാണെന്ന മനുസ്മൃതി സിദ്ധാന്തത്തെ ഭയഭക്തി ബഹുമാനത്തോടെ നോക്കി കാണുന്ന വിധേയത്വ മനോഭാവം അവസാനിപ്പിക്കാന്‍ വിശ്വകര്‍മ്മജര്‍ തയ്യാറാകണം…
പി.എ കുട്ടപ്പൻ എഴുതുന്നു.

 

സാമൂഹ്യ രാഷ്ട്രീയ നവോഥാന ചരിത്രത്തില്‍ ഒരിക്കലും ഇടം പിടിക്കാത്തവരും സാങ്കല്‍പിക ലോകത്തില്‍ ജീവിക്കുന്നവരും ഗര്‍ഭസ്ഥബ്രാഹ്മണരെന്ന് സ്വയം അഹങ്കരിക്കുന്നവരുമാണ് വിശ്വകര്‍മ സമുദായം. ഉപനയനങ്ങളിലൂടെ പൂണൂല്‍ ധരിച്ച് സവര്‍ണത്വം സ്വീകരിച്ചു കൊണ്ട് മാനസികമായി അയിത്തമാചരിക്കുന്നവരുമാണ് ഇക്കൂട്ടര്‍. ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നതിലും അത് അക്ഷരാര്‍ഥത്തില്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കുന്നതിലും വിശ്വകര്‍മ സമുദായം ഒട്ടും പിന്നിലല്ല. എന്നാല്‍ ഹിന്ദുമത ജാതിവ്യവസ്ഥയിലെ അടിക്കണക്കനുസരിച്ചുള്ള അയിത്താചരണ പ്രകാരം ബ്രാഹ്മണരില്‍ നിന്ന് 60 അടിയോളം അകലത്തില്‍ മാറിനില്‍ക്കേണ്ടവരാണ് തങ്ങളെന്ന സത്യം സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്നവരുമാണ് വിശ്വകര്‍മ്മജര്‍.

ജാതിവ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട കുലത്തൊഴില്‍ പരമ്പരാഗതമായി അനുഷ്ഠിച്ചു പോരുന്ന വിശ്വകര്‍മ സമൂഹം കേരളത്തില്‍ പിന്നോക്ക സമുദായമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗരംഗത്ത് 3 ശതമാനവും 2015-ലെ ഭേദഗതി പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് 2 ശതമാനവും സംവരണം ഭരണഘടനാവകാശമായി അനുവദിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തില്‍ ജാതിസംവരണത്തിന്‍റെ ആനുകൂല്യം കൈപ്പറ്റുന്നതില്‍ ഗര്‍ഭസ്ഥ ബ്രാഹ്മണര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപെടുന്നതില്‍ യാതൊരുവിധ ‌ഉത്കണ്ഠയോ അന്വേഷണത്വരയോ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷം വിശ്വകര്‍മ്മജരും.

വിശ്വകര്‍മ സമുദായത്തെ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ട സമുദായ സംഘടനകളുടെ നേതാക്കള്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ ചട്ടുകങ്ങളായാണ് ഇപ്പോള്‍ വര്‍ത്തിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സമുദായത്തെ അവഗണിച്ച് തന്‍കാര്യം പൊന്‍കാര്യം എന്ന മട്ടില്‍ പരസ്പരം പോരടിച്ച് സമുദായ ഐക്യം തകര്‍ക്കുന്നതില്‍ നേതാക്കള്‍ മുന്‍നിരയിലാണ്. തച്ചുശാസ്ത്രത്തിലും ശില്‍പകലയിലും നൈപുണ്യം നേടിയവരെന്ന നിലയില്‍ അഭിമാനംകൊള്ളുന്നവരാണ് വിശ്വകര്‍മ്മജരെങ്കിലും തങ്ങള്‍ പണിത മിനാരങ്ങളുടെയോ കോട്ടകൊത്തളങ്ങളുടെയോ അതിമനോഹരവും ഭീമാകാരവുമായ എടുപ്പുകളോടുകൂടിയുള്ള ക്ഷേത്രനിര്‍മ്മിതികളുടെയോ പേരില്‍ യാതൊരുവിധ അംഗീകാരവും അവരെ തേടിവന്നിട്ടില്ല. ക്ഷേത്ര നടകളില്‍ കൊട്ടിപാടുന്ന സവര്‍ണ വിഭാഗങ്ങളെ ആദരിച്ചും അംഗീകരിച്ചും പേരും പെരുമയും നിലനിര്‍ത്താനാണ് ഭരണവര്‍ഗം എല്ലാകാലത്തും അതീവ ശ്രദ്ധപുലര്‍ത്തിയിട്ടുള്ളത്.

കേരള ജനസംഖ്യയില്‍ 28 ലക്ഷത്തോളം വരുന്ന (ഏകദേശകണക്ക്) വിശ്വകര്‍മ സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം പിന്തള്ളപ്പെട്ട ഒരു സമൂഹമാണ്. മറ്റുള്ളവര്‍ക്ക് ഇരിപ്പിടം ഉണ്ടാക്കി കൊടുക്കുകയും സ്വന്തമായി ഇരിപ്പിടം ഇല്ലാതിരിക്കുകയും വിധിവിശ്വാസത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നവരാണ് അവര്‍. രണ്ടു കാര്യങ്ങള്‍ക്ക് മാത്രമാണ് അതീവതാല്‍പര്യത്തോടെ വിശ്വകര്‍മ സമൂഹം മുന്നിട്ടിറങ്ങാറുള്ളത്; ഒന്ന്, ഋഷി പഞ്ചമി. രണ്ട്, വിശ്വകര്‍മ ദിനാഘോഷം. ഇത് രണ്ടും കഴിഞ്ഞാല്‍ അവര്‍ നിശബ്ദരാകും. ഇതിനിടയില്‍ ക്ലബ്ബുകള്‍ നടത്തുന്നതുപോലെ പുസ്തകവിതരണവും ഒരു തീര്‍ഥാടനയാത്രയും. സമൂഹത്തില്‍ എന്ത് അനീതി നടന്നാലും അതിനോടൊന്നും പ്രതികരിക്കാതെ തങ്ങള്‍ ഈ സമൂഹത്തിന്‍റെ ഭാഗമല്ലാത്തവിധം മാറിനില്‍ക്കുകയും നിരുത്തരവാദിത്തപരമായി പെരുമാറുന്നവരുമാണ് വിശ്വകര്‍മ സമുദായം. അതുകൊണ്ടു തന്നെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയാധികാര അവകാശ മേഖലകളില്‍ കയറിപറ്റാന്‍ സാധിക്കാതെ പോകുകയും ചെയ്തു.

മറ്റുള്ളവര്‍ക്ക് ഇരിപ്പിടം ഉണ്ടാക്കി കൊടുക്കുകയും സ്വന്തമായി ഇരിപ്പിടം ഇല്ലാതിരിക്കുകയും വിധിവിശ്വാസത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നവരാണ് അവര്‍. രണ്ടു കാര്യങ്ങള്‍ക്ക് മാത്രമാണ് അതീവതാല്‍പര്യത്തോടെ വിശ്വകര്‍മ സമൂഹം മുന്നിട്ടിറങ്ങാറുള്ളത്; ഒന്ന്, ഋഷി പഞ്ചമി. രണ്ട്, വിശ്വകര്‍മ ദിനാഘോഷം. ഇത് രണ്ടും കഴിഞ്ഞാല്‍ അവര്‍ നിശബ്ദരാകും.

പൊതുവെ ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജാതിയോ മതമോ നോക്കാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി സേവനം ചെയ്തു പോരുന്നവരാണ് വിശ്വകര്‍മ്മജര്‍. പ്രാചീനകാലം മുതല്‍ ഇക്കാലം വരേക്കും തലമുറകളിലൂടെ നിലനിര്‍ത്തി പോരുന്ന കുലതൊഴിലുകളില്‍ നിന്നും ലഭ്യമാകുന്ന നാമമാത്രമായ വരുമാനം മാത്രമാണ് അവരുടെ ഉപജീവനമാര്‍ഗം. വിശ്വകര്‍മ്മജര്‍ ബഹുഭൂരിഭാഗവും പരമ്പരാഗത കുലത്തൊഴിലിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. തൊഴില്‍ രംഗത്ത് സ്ഥിരമായ ഒരു മുതലാളിയില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റു വ്യവസായിക മേഖലകളിലും ജോലി ചെയ്യുന്നവരെ പോലെ സ്ഥിര വരുമാനമോ, ബോണസോ, മറ്റു ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭ്യമല്ലാത്ത ഒരു സമൂഹമാണ് വിശ്വകര്‍മ സമുദായം.

ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ രാഷ്ട്രീയാധികാരമില്ലാതെ, നികുതിയടക്കുകയും വോട്ടുചെയ്യുകയും മാത്രമാണ് തങ്ങളുടെ വിധിയെന്ന് സ്വയം അംഗീകരിച്ച് സായൂജ്യമടയുകയും തങ്ങളുടെ അസ്തിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അടിയറവെക്കുകയും തിരുത്താന്‍ തയ്യാറാകാത്തവിധം വിനീത വിധേയരായി അടിമത്വം നിലനിര്‍ത്തുകയും ചെയ്യുന്ന ദയനീയമായ ഒരവസ്ഥയിലാണ് വിശ്വകര്‍മ്മജര്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ സാമൂഹ്യ, സാമ്പത്തിക, സാമുദായിക പിന്നോക്കാവസ്ഥക്ക് കാരണഭൂതരാകുകയും രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും രാഷ്ട്രീയ അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ പറ്റാത്തവിധം അയിത്തം കല്‍പ്പിക്കപ്പെട്ട് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. എല്ലാതരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിശ്വകര്‍മ്മജരെ കറിവേപ്പില പോലെയാണ് കാണുന്നത്. ജാതിപരമായ വിവേചനം പ്രകടമാക്കി അധികാരസ്ഥാനങ്ങളും വിഭവങ്ങളും പങ്കുവെക്കുന്നിടത്തു നിന്നും വിശ്വകര്‍മ സമുദായത്തെ തീണ്ടാപ്പാടകലെയാണ് നിര്‍ത്തുന്നത്. എന്നിട്ടും വിശ്വകര്‍മ സമുദായം പാഠം പഠിക്കുന്നില്ല. സമ്പത്തും പദവികളും അധികാരങ്ങളും സവര്‍ണര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന മനുസ്മൃതി സിദ്ധാന്തത്തെ ഭയഭക്തി ബഹുമാനത്തോടെ നോക്കി കാണുന്ന വിധേയത്വ മനോഭാവം അവസാനിപ്പിക്കാന്‍ വിശ്വകര്‍മ്മജര്‍ തയ്യാറാകണം.

സാമൂഹ്യനീതിയുടെയും ജനാധിപത്യപരമായ അവകാശത്തിന്‍റെയും കടക്കല്‍ കത്തിവെക്കുന്ന ജാതി വിവേചനത്തിന്‍റെ ഇരകളാണ് വിശ്വകര്‍മ സമൂഹം. വ്യവസായം, വിദ്യഭ്യാസം, ഭൂമി, രാഷ്ട്രീയാധികാരം എന്നീ മേഖലകളില്‍ സമാനതകളില്ലാത്ത വിധം വിശ്വകര്‍മ സമുദായം പിന്തള്ളപെട്ടിരിക്കുകയാണ്. ചാതുര്‍വര്‍ണ്യത്തിലതിഷ്ഠിതമായ അന്ധവിശ്വാസവും വര്‍ഗസമര സിദ്ധന്തത്തിലൂന്നിയ അടിമത്വവും വിശ്വകര്‍മ്മജരെ പുരോഗതിയുടെ പാതയില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നു. സാമൂഹ്യനീതിക്കും നവോഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ ജീവിതവും വിപ്ലവ സമരങ്ങളും നയിച്ച മഹാത്മ അയ്യന്‍കാളി, ശ്രീനാരായണഗുരു, ഡോ. ബി.ആര്‍ അംബേഡ്കര്‍, മഹാത്മ ഫൂലേ തുടങ്ങിയവരെ പോലെയുള്ള സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ വിശ്വകര്‍മ സമുദായത്തില്‍ നേതൃപരമായ പങ്കുവഹിക്കുവാന്‍ ഇല്ലാതെ പോയത് കടുത്ത നഷ്ടമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സാമൂഹ്യനീതിക്കും സമത്വത്തിനും സാഹോദര്യത്തിനും രാഷ്ട്രീയാധികാരത്തിനും വേണ്ടിയുള്ള തുടര്‍സമരങ്ങളില്‍ മേല്‍പറഞ്ഞ മഹാന്‍മാരുടെ ആശയങ്ങള്‍ അംഗീകരിച്ചും അവര്‍ണപക്ഷ നിലപാടുകള്‍ സ്വീകരിച്ചും വിശ്വകര്‍മ്മജര്‍ മുന്നോട്ട് പോകണം.

ആര്യവര്‍ഗത്തിന്‍റെ തിട്ടൂരങ്ങള്‍ വിധേയത്വ മനോഭാവത്തോടെ അനുസരിക്കുന്നത് വിശ്വകര്‍മ സമുദായത്തിന്‍റെ നിര്‍ബന്ധബാദ്ധ്യതയാണോ എന്ന് സ്വയം ചോദിച്ചുകൊണ്ട് ആധുനിക ജനാധിപത്യത്തെ വികസിപ്പിക്കുന്നതിനും രാഷ്ട്രീയാധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നതിനുമുള്ള പുതിയ രാഷ്ട്രീയ അന്വേഷണങ്ങളില്‍ ഒത്തുകൂടുവാനും സമുദായത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും വിശ്വകര്‍മ്മജര്‍ മുന്നോട്ടു വരണം.

ചരിത്ര സത്യങ്ങളെ മുറുകെപിടിച്ച് ചരിത്രത്തില്‍ ഇടം സൃഷ്ടിക്കുവാനും വരുംതലമുറക്കു വേണ്ടി എന്തെങ്കിലും കരുതിവെക്കാനും നാം ബാധ്യസ്ഥരാണ്. ആര്യവര്‍ഗത്തിന്‍റെ തിട്ടൂരങ്ങള്‍ വിധേയത്വ മനോഭാവത്തോടെ അനുസരിക്കല്‍ വിശ്വകര്‍മ സമുദായത്തിന്‍റെ നിര്‍ബന്ധബാദ്ധ്യതയാണോ എന്ന് സ്വയം ചോദിച്ചുകൊണ്ട് ആധുനിക ജനാധിപത്യത്തെ വികസിപ്പിക്കുന്നതിനും രാഷ്ട്രീയാധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നതിനുമുള്ള പുതിയ രാഷ്ട്രീയ അന്വേഷണങ്ങളില്‍ ഒത്തുകൂടുവാനും മതരാഷ്ട്ര വര്‍ഗീയവാദത്തെ അകറ്റിനിര്‍ത്തി സമുദായത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും വിശ്വകര്‍മ്മജര്‍ മുന്നോട്ടു വരണം.

പി.എ കുട്ടപ്പന്‍

പി.എ കുട്ടപ്പന്‍

ജനാധിപത്യത്തില്‍ വോട്ടാണ് ആയുധം. രാഷ്ട്രീയ അധികാരമാണ് അടിമത്വം അവസാനിപ്പിക്കാനുള്ള മാര്‍ഗം. രാഷ്ട്രീയാധികാരമില്ലാത്ത സമൂഹം അടിമകള്‍ക്ക് സമാനമാണെന്ന മഹാനായ ഡോ. ബി.ആര്‍ അംബേഡ്കറുടെ നിരീക്ഷണം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിശ്വകര്‍മ സമുദായത്തെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. എട്ടു ശതമാനം വരുന്ന വിശ്വകര്‍മ്മജര്‍ കേരളത്തില്‍ ഒറ്റക്കുനിന്ന് മത്സരിച്ചാല്‍ രാഷ്ട്രീയാധികാരം നേടിയെടുക്കുവാന്‍ കഴിയില്ല. 8 ശതമാനത്തെ 50 ശതമാനമാക്കി മാറ്റാന്‍ കഴിയുന്ന രാഷ്ട്രീയബോധം വികസിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതിനു വേണ്ടി ദലിത് പിന്നോക്ക മതന്യൂനപക്ഷ ഐക്യം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളും അന്വേഷണവും വിശ്വകര്‍മ സമുദായത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണം. കുട്ടക്കകത്തു കയറി നിന്നു കൊണ്ട് സ്വയം അത് ഉയര്‍ത്താമെന്ന മൂഢവിശ്വാസത്തിന്‍റെ തൊടുപൊളിച്ചു പുറത്തുവന്ന്, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സമുദായങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വോട്ടുബാങ്ക് സൃഷ്ടിക്കുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ വിശ്വകര്‍മ്മജര്‍ തയ്യാറാകണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

(കേരള ജനത പാർട്ടി സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമാണ് ലേഖകൻ.)

 

Top