ഫാഷിസ്റ്റ് അടിയന്തിരാവസ്ഥയും ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും
ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൊണ്ട് രംഗപ്രവേശനം ചെയ്യാനിരുന്ന ഒരു അപകടത്തോടുള്ള പരിമിതമായ പ്രതികരണമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥ. അതേസമയം, ജാതി വ്യവസ്ഥയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തെ അപകടപ്പെടുത്തുന്നതാണ് എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ. കുര്യാക്കോസ് മാത്യു എഴുതുന്നു.
ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയില്‍ നിന്നും മൗലിക വ്യത്യാസമുള്ളതാണ് നിലവില്‍ നമ്മുടെ രാജ്യത്ത് വളരെ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് അടിയന്തരാവസ്ഥ. ഇന്ത്യന്‍ സമൂഹത്തിനു മേല്‍ രാഷ്ട്രത്തിന്റെ അധികാരശക്തി വര്‍ധിപ്പിച്ചതിനോടൊപ്പം തന്നെ ഭരണകൂട അടിച്ചമര്‍ത്തല്‍ ശക്തിപ്പെടുത്തുകയാണ് ഇന്ദിരാ ഗാന്ധിയും അവരുടെ കോണ്‍ഗ്രസും ചെയ്തത്. സാധുതയുള്ള ഹിംസക്ക് (Legitimate violence) സഹായകരമായ ഉപകരണങ്ങളുടെ മേലുള്ള കുത്തക എന്തു വിലകൊടുത്തും സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. സാല്‍വ ജുദൂം പോലെയുള്ള ചില ഭരണകൂടബാഹ്യ സായുധ സംഘങ്ങളെ തങ്ങളുടെ ഹിംസാത്മക പദ്ധതികള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് അന്ന് നിയോഗിച്ചിട്ടുണ്ടാവാം.
സമൂഹത്തിന് മേലുള്ള ഭരണകൂടത്തിന്റെ പിടുത്തം അയച്ചുവിട്ട്, സാമൂഹിക അടിച്ചമര്‍ത്തലിന് കൂടുതല്‍ ഇടം അനുവദിച്ച്, ഭരണകൂട അടിച്ചമര്‍ത്തല്‍ അധികരിപ്പിക്കുന്നതാണ് നിലവിലെ ഹിന്ദു ഫാഷിസ്റ്റ് അടിയന്തരാവസ്ഥ. അതായത്, ഭരണകൂട സ്ഥാപനങ്ങളുടെ സഹായാശിര്‍വാദങ്ങളോടെ ജാതി ഹിന്ദുക്കളുടെ നേതൃത്വത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തലും കോടതിബാഹ്യ കൊലകളും വര്‍ധിക്കുകയും സമൂഹത്തിനു മേല്‍ അവരുടെ സാമൂഹിക സ്ഥാപനങ്ങള്‍ ആധിപത്യം സ്ഥാപിക്കുമെന്നും അര്‍ഥം. ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തിയ യഥാര്‍ഥ ശത്രുക്കളെ (1960-കളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തിയ യഥാര്‍ഥ നക്‌സലുകള്‍) അടിച്ചമര്‍ത്താനായിരുന്നു ഇന്ദിര ശ്രമിച്ചതെങ്കില്‍, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും അനഭിമതരായവരെയും രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കാനാണ് ഹിന്ദു നാസികള്‍ ശ്രമിക്കുന്നത്. നിങ്ങളൊരു അരാഷ്ട്രീയജീവിയാണെങ്കില്‍ ഇന്ദിരയുടെ ഇന്ത്യയില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ മോദിയുടെ ഇന്ത്യയില്‍ രാജ്യത്തിന്റെ ശത്രുവായി മാറാന്‍ നിങ്ങളുടെ മുസ്‌ലിം/ദലിത് സ്വത്വം തന്നെ ധാരാളമാണ്.
ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തിയ യഥാര്‍ഥ ശത്രുക്കളെ അടിച്ചമര്‍ത്താനായിരുന്നു ഇന്ദിര ശ്രമിച്ചതെങ്കില്‍, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും അനഭിമതരായവരെയും രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കാനാണ് ഹിന്ദു നാസികള്‍ ശ്രമിക്കുന്നത്.
നിയമസാധുതയോടെ ഹിംസ നടപ്പാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മേലുള്ള കുത്തകാവകാശം ഭരണകൂടം ഇവിടെ പരസ്യമായി കൈയ്യൊഴിയുന്നത് കാണാം. ഫാഷിസത്തിന് കീഴില്‍ ഭരണകൂട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശൈലി ഖാപ് പഞ്ചായത്തുകളുടേതിന് സമാനമായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ കാക്കിയണിഞ്ഞ ബ്രാഹ്മണ പെഷ്‌വകളെ പോലെയാണ് പൂണെ പോലിസ് ഇപ്പോള്‍ പെരുമാറുന്നത്. യു.പി/ഹരിയാന പോലീസാവട്ടെ പെറ്റി കേസ് ക്രിമിനലുകളെയും കന്നുകാലി കച്ചവടക്കാരെയും ഒരുപോലെ വെടിവെച്ചിടുകയാണ്.
അതുകൊണ്ടാണ് ഉമര്‍ ഖാലിദിനെ പോലെയുള്ള ആളുകള്‍ക്ക് യു.എ.പി.എ ചുമത്തപ്പെട്ട് കോടതി വിചാരണ നേരിടുന്നതിനേക്കാള്‍ ഹിന്ദു നാസി കൊലയാളികളുടെ ഭാഗത്ത് നിന്നുള്ള വധശ്രമങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇന്ത്യയില്‍ ഹിന്ദുക്കളല്ലാത്തവര്‍ അനുഭവിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ തന്നെയാണ് ഉമര്‍ ഖാലിദും കടന്നുപോകുന്നത്.
ഈ ഹിന്ദു ഫാഷിസ്റ്റ് അടിയന്താരവസ്ഥ ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയില്ല; അതിന്റെ ആവശ്യം അവര്‍ക്കുണ്ടെന്ന് തോന്നുന്നുമില്ല. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ് അടിയന്തരാവസ്ഥ. ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തി കൊണ്ട് രംഗപ്രവേശനം ചെയ്യാനിരുന്ന ഒരു അപകടത്തോടുള്ള പരിമിതമായ പ്രതികരണമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥ. അതേസമയം, ജാതി വ്യവസ്ഥയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ ജനതയുടെ ജനാധിപത്യവത്കരണത്തെ അപകടപ്പെടുത്തുന്നതാണ് എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ.
രാഷ്ട്രത്തെ ഹിന്ദു സമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കലാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ വ്യതിരിക്ത സ്വഭാവം. ഹിന്ദു സാമൂഹ്യ ഘടനയുടെ സംരക്ഷണാര്‍ഥമുള്ള ഒരു അപരിഷ്‌കൃത ഹിന്ദു രാഷ്ട്രമാണ് ഹിന്ദു നാസികളുടെ ആത്യന്തിക സ്വപ്‌നം.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഉപകരണങ്ങളുടെ പൂര്‍ണ പിന്തുണയോടെ ഹിന്ദു നാസി കൊലയാളികളാല്‍ പരസ്യമായാണ് ഫാഷിസ്റ്റ് അടിയന്തരാവസ്ഥ നടപ്പാക്കപ്പെടുക. രാഷ്ട്രത്തെ ഹിന്ദു സമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കലാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ വ്യതിരിക്ത സ്വഭാവം. ഹിന്ദു സാമൂഹ്യ ഘടനയുടെ സംരക്ഷണാര്‍ഥമുള്ള ഒരു അപരിഷ്‌കൃത ഹിന്ദു രാഷ്ട്രമാണ് ഹിന്ദു നാസികളുടെ ആത്യന്തിക സ്വപ്‌നം. എന്നിരുന്നാലും, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മോദിയും അമിത് ഷായും ഭരണകൂട സംവിധാനങ്ങളെ ഉപയോഗിക്കുന്നതില്‍ ആര്‍.എസ്.എസ്സിന് അതൃപ്തിയുള്ളത് പോലെയാണ് കാര്യങ്ങളുടെ മുന്നോട്ടുപോക്ക്. ഇത് അവര്‍ക്കിടയില്‍ ചില വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ, അത്തരം വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് തന്നെ കരുതാം!
(ലേഖകൻ ഐ.ഐ.ടി മുംബൈയിൽ ഗവേഷകനാണ്.)
അവലംബം : raiot.in
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍