വട ചെന്നൈ, മാലിക്: കാഴ്ചകളിലെ അടുപ്പവും അകലവും

വട ചെന്നൈയിലെ കഥകൾക്ക് യാഥാർഥ്യവുമായി ബന്ധമുണ്ടോ എന്നറിയില്ല; ഉണ്ടെങ്കിൽ തന്നെ ഭൂരിപക്ഷം ആളുകൾക്കും അതറിയില്ല. വട ചെന്നൈ ഒരു ഫിക്ഷൻ മാത്രമായി നിൽക്കുമ്പോൾ, മാലിക്കിൽ ബീമാപ്പള്ളിയിൽ നടന്ന സ്റ്റേറ്റ് കൂട്ടക്കൊലയും ഭാഗമാകുന്നുണ്ട്. ‘ഫിക്ഷൻ’ എന്നതിലുപരി ‘ഡോക്യുമെന്റേഷൻ’ എന്ന കൃത്യം കൂടി നിർവഹിക്കുന്നതോടെ യാഥാർഥ്യവുമായുള്ള സിനിമയുടെ പൊരുത്തക്കേടുകൾ ആരംഭിക്കുന്നു. ഹാനി ഹിലാൽ എഴുതുന്നു.

ബജറ്റ്, വ്യത്യസ്ത ഇൻഡസ്ട്രി, കഥ, ക്രാഫ്റ്റ് എന്നീ ഘടകങ്ങൾ പരിശോധിക്കുമ്പോൾ അത്ര നീതിയുക്തമല്ലാത്ത താരതമ്യം തന്നെയാണ് വട ചെന്നൈ, മാലിക് എന്നീ സിനിമകൾക്കിടയിലുള്ളത് എന്നു പറഞ്ഞുകൊണ്ടുതന്നെ ഈ കുറിപ്പ് തുടങ്ങണം. ക്രാഫ്റ്റ് മുന്നിൽവെച്ചുകൊണ്ടുള്ള ഒരു താരതമ്യത്തിൽ മാലിക് പല ഘടകങ്ങളിലും പിന്നോട്ടു പോവുന്നുണ്ടെങ്കിലും, സ്വതന്ത്രമായ കാഴ്ച്ചയിൽ മികച്ച അനുഭവം നൽകാൻ മാലിക്കിന് സാധിക്കുന്നുണ്ട്. മൗലികമായ ഒരു കഥയാണ് പറയുന്നത് എന്നു സിനിമ അവകാശപ്പെടുന്നില്ല എന്നു തോന്നുന്നു. പകരം, ഇത്രയും കാലം കണ്ട ഗ്യാങ്സ്റ്റർ സിനിമകളുടെ ഒരു ട്രിബ്യൂട്ട് എന്ന ആശയമാണ് സിനിമയുടെ പിന്നിൽ.

വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ എന്ന സിനിമയെ ഓർമിപ്പിക്കുന്ന പല ഘടകങ്ങൾ/സാമ്യതകൾ ‘മാലിക്കി’ലുണ്ട്. വട ചെന്നൈ ഇഷ്ടപ്പെടുന്ന കുറച്ചു പേരെയെങ്കിലും മാലിക് അതോർമിപ്പിക്കുന്നു. പല ആളുകളിലൂടെ പറഞ്ഞു പോകുന്ന, രേഖീയമല്ലാത്ത (non-linear) കഥ പറച്ചിൽ, തീരദേശത്തു നിന്നുള്ള സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വയലൻസ്, അതിലൂടെ ഒരു ഡോൺ സ്ഥാനത്തേക്ക് ഉയർന്നുവരുന്ന നായക കഥാപാത്രം, ഉയർച്ചയിൽ കൂടെ നിന്നവർ തമ്മിലുണ്ടാകുന്ന ചതി, പ്രശ്നങ്ങൾ, എന്തിനേറെ ഫ്ലാഷ്ബാക്ക് തുടങ്ങുമ്പോൾ രണ്ടു സിനിമകളിലും ഉപയോഗിച്ചിരിക്കുന്ന- ബോട്ടുകളുടെ വരുന്നതിന്റെ ഏരിയൽ ഷോട്ട് പോലും അറിയാതെയാണെങ്കിലും അവക്കിടയിലെ സാമ്യതകൾ ഓർമപ്പെടുത്തുന്നു. വട ചെന്നൈയിൽ നടക്കുന്ന കഥകൾ യാഥാർഥ്യവുമായി ബന്ധമുള്ളതാണോ എന്നറിയില്ല; ഉണ്ടെങ്കിൽ തന്നെ സിനിമ കാണുന്ന ഭൂരിപക്ഷം മലയാളികൾക്കും അതിനെക്കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ, വട ചെന്നൈ ഒരു ‘വർക്ക് ഓഫ് ഫിക്ഷൻ’ മാത്രമായി (stand alone work of fiction) കാണാനും സാധിക്കും. എന്നാൽ മാലിക്കിലേക്ക് എത്തുമ്പോൾ, ബീമാപ്പള്ളിയിൽ നടന്ന സ്റ്റേറ്റ് കൂട്ടക്കൊലയും അതിന്റെ ഭാഗമാകുന്നു. ഈ ഒരു പോയിന്റിൽ വെച്ച് ‘വർക്ക് ഓഫ് ഫിക്ഷൻ’ എന്നതിലുപരി ‘ഡോക്യുമെന്റേഷൻ’ എന്ന കൃത്യം കൂടി നിർവഹിക്കുന്നതോടെ യാഥാർഥ്യവുമായുള്ള സിനിമയുടെ പൊരുത്തക്കേടുകൾ ആരംഭിക്കുന്നു.

ബീമാപള്ളിയിൽ നടന്ന സംഭവത്തിൽ നിന്നും ഏറെ ദൂരെയാണ് സിനിമ എന്നതാണ് സത്യം. ഈ വസ്തുത മാറ്റിനിർത്തി കണ്ടാൽ പോലും സിനിമക്കുള്ളിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. വട ചെന്നൈയിലാണെങ്കിലും മാലിക്കിലാണെങ്കിലും തീരദേശത്തെ കമ്മ്യൂണിറ്റി, അവരുടെ വോട്ടു ബാങ്ക്, കമ്മ്യൂണിറ്റി പവർ, ഗ്യാങ്ങുകളുടെ മസിൽ പവർ, തീരദേശത്തിനു ‘പുറത്തുള്ള’ പൊതുസമൂഹവുമായി അവർ നടത്തുന്ന ഇടപാടുബന്ധങ്ങൾ (negotiations) എന്നിവ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. വട ചെന്നൈ വ്യത്യസ്തമാവുന്നത്, അത് കമ്മ്യൂണിറ്റിയുടെ കൂടെ നിൽക്കുന്നു എന്നതുകൊണ്ടാണ്. അഥവാ, കമ്മ്യൂണിറ്റിക്കുള്ളിലെ ചതിയും വഞ്ചനയും വയലൻസുമൊക്കെ കാണിക്കുമ്പോഴും, പ്രേക്ഷകനെ അവരുടെ പോരാട്ടങ്ങളുമായി ചേർത്തുനിർത്തുന്നു എന്നതാണ് അതിന്റെ സവിശേഷത. സിനിമയുടെ പല ഘട്ടത്തിലും നായക കഥാപാത്രമായ ‘അൻപി’നെ പോലെ ആരുടെ പക്ഷത്താണ് നിൽക്കേണ്ടത് എന്ന പ്രതിസന്ധി പ്രേക്ഷകനിലും സൃഷ്ടിക്കാൻ വെട്രിമാരന് സാധിക്കുന്നുണ്ട്. കമ്മ്യൂണിറ്റിക്കുള്ളിലെ വയലൻസിന്റെ പ്രധാന കാരണം ബാഹ്യശക്തികളുടെ അടിച്ചമർത്തൽ മൂലമാണെന്ന വെട്രിമാരന്റെ സ്ഥിരം ശൈലി ഈ സിനിമയിലും കാണാൻ സാധിക്കും. കോർപറേറ്റ്, സ്റ്റേറ്റ് പ്രോജക്ടുകളുടെ കൂടെ ആർ നിലകൊള്ളുന്നു, കമ്മ്യൂണിറ്റിയുടെ കൂടെ ആരർ നിലകൊള്ളുന്നു എന്നതാണ് രണ്ടു സിനിമകളുടെയും ക്ലൈമാക്സ് തന്നെ; ആഖ്യാന രീതിയിൽ വ്യത്യാസമുണ്ടെങ്കിലും.

വട ചെന്നൈയിൽ കോർപറേറ്റ് ധൂർത്തിനെയും, ഊരിനെ നശിപ്പിക്കുന്ന അവരുടെ പ്രൊജക്ടുകളെയും എടുത്തു കാണിച്ചുകൊണ്ട് തന്നെയാണ് കഥ പോവുന്നത്. ടെൻഷൻ ബിൽഡ് ചെയ്യുന്നതിലും കഥ മുന്നോട്ടു പോകുന്നതിലും ഈ ഘടകങ്ങൾക്ക് സിനിമയുടെ അവസാന 30 മിനുറ്റുകളിൽ ഏറെ പ്രാധാന്യമുണ്ട്. എന്നാൽ മാലിക്കിലേക്ക് എത്തുമ്പോൾ, നായക കഥാപാത്രമായ അലീക്കയിൽ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയമാണ് സിനിമ മുന്നോട്ടു വെക്കുന്നത്. അലിക്ക മാത്രം വർഗീയതക്ക് എതിരു നിൽക്കുന്ന നായകനും, ബാക്കിയുള്ള ഭൂരിപക്ഷം പേരും വർഗീയവാദികളോ, അത് മുതലെടുപ്പു നടത്തുന്ന അവസരവാദികളോ മാത്രമാകുന്നു. സിനിമയിൽ വെടിവെപ്പുൾപ്പടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ മുഖ്യ ആസൂത്രകൻ ആ കമ്മ്യൂണിറ്റിയിൽ നിന്നു തന്നെയുള്ള ആളാകുന്നു. എകെ-47 പോലുള്ള മാരകായുധങ്ങൾ ഗൾഫിൽ നിന്നും കടത്തി സൂക്ഷിക്കുന്നു, സുനാമി വന്നാൽ പോലും മറ്റുള്ളവരെ പള്ളിയിൽ കയറ്റാത്ത സമുദായം തുടങ്ങിയ കാഴ്ചകളൊക്കെ കാലാകാലങ്ങളായുള്ള പൊതുബോധത്തെ ഉറപ്പിക്കുന്നതു മാത്രമാണ്. സിനിമയുടെ ആംഗിളുകൾ മുഴുവൻ പ്രവർത്തിക്കുന്നത് ഇത്തരത്തിലാണ്. സ്റ്റേറ്റ് ഗൂഢാലോചനക്കെതിരെ എന്ന രീതിയിൽ പ്രശംസയർഹിക്കുന്ന സിനിമ പക്ഷേ, സ്റ്റേറ്റ് ഭീകരത കാണിക്കുന്നതിൽ മനഃപൂർവമോ അല്ലാതെയോ അലംഭാവം കാണിച്ചിട്ടുണ്ട്. വെടിവെപ്പ് സീൻ തന്നെ നോക്കൂ, പള്ളിക്കും അലീക്കക്കും നേരെ വരുന്ന വെടിയുണ്ടകൾ എവിടെ നിന്നാണ് വരുന്നത് (ആരാണ് വെക്കുന്നത്) എന്നു പോലും കാണിക്കുന്നില്ല. എന്നാൽ, റമദാപള്ളിയിൽ നിന്നും തിരിച്ചുവരുന്ന ഉണ്ടകൾക്കും പ്രതികാരത്തിനും കൃത്യമായ ‘രൂപങ്ങളു’ണ്ട്. അതിന്റെ ഭീകരത ഒട്ടും ചോർന്നുപോവാതെ കാണിക്കുന്നുമുണ്ട്.

മഹേഷ്‌ നാരായണൻ

വട ചെന്നൈയിൽ സ്റ്റേറ്റിന്റെ പ്രതിനിധികൾക്ക് പ്രത്യേകിച്ച് മുഖമോ അനുകമ്പ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളോ ഇല്ല. ആകെയുള്ളത് കറകളഞ്ഞ, അഴിമതിയില്ലാത്ത ഒരു ഐ.പി.എസുകാരൻ മാത്രം. എന്നിട്ടു പോലും ആ കഥാപാത്രത്തോട് നമുക്ക് യാതൊരു അനുകമ്പയും തോന്നുന്നില്ല. മറിച്ച്, അഴിമതിയില്ല എന്നതല്ല സാമൂഹികനീതി എന്നും അതു കാണിക്കുന്നുണ്ട്. മാലിക്കിലാണെങ്കിൽ പ്രേക്ഷകനിൽ അനുകമ്പ സൃഷ്ടിക്കുന്ന ജോജുവിന്റെ കളക്ടർ കഥാപാത്രം മാത്രമാണ് സ്റ്റേറ്റിന്റെ പ്രതിനിധിയായി വരുന്നത്. ഗൂഢമായ (nuanced) കഥാപാത്രമാണെന്ന് അംഗീകരിച്ചാൽ തന്നെയും, ജോജുവിനോട് അതിലൂടെയായാലും സ്റ്റേറ്റിന്റെ ചെയ്തികളോട് ഒരു ന്യൂട്രൽ സ്റ്റാൻഡ് എടുക്കാനെങ്കിലും മാലിക് പ്രേരിപ്പിക്കുന്നു. സിനിമയിലെ വയലൻസിന്റെ സ്റ്റേറ്റ് പങ്ക് പറ്റാൻ വേണ്ടി മാത്രം, പേരില്ലാത്ത അധികം സ്ക്രീൻ സ്പേസില്ലാത്ത ദുഷ്ടനായ ഒരു പോലീസുകാരൻ കുറച്ചു നേരത്തേക്ക് വന്നുപോകുന്നു.

ഒബ്ജക്റ്റീവായി കഥ പറയുക എന്ന ശൈലിയല്ല രണ്ടു സിനിമകളും സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു ശൈലി സാധ്യമാണോ എന്നതും സംശയമാണ്. വട ചെന്നൈയിൽ അത് കഥയിലെ പാർശ്വവത്കരിക്കപ്പെട്ട കമ്മ്യൂണിറ്റിയുടെ കൂടെ നിന്ന്, അല്ലെങ്കിൽ അവരുടെ കണ്ണുകളിലൂടെ നിലപാട് പറയുമ്പോൾ, മാലിക്കിൽ അത്തരമൊരു നിലപാടില്ല. ഒബ്ജക്റ്റീവായ യോണറിൽ (genre) നിന്നും സിനിമ സൃഷ്ടിക്കാൻ മഹേഷ് നാരായണന് സാധിക്കുന്നില്ല. എന്നാൽ രാഷ്ട്രീയം പറയുന്ന സിനിമ എന്ന് അവകാശപെടാനും ഈ സിനിമക്ക് സാധ്യമല്ല. കാരണം പക്ഷംപിടിച്ചു തന്നെയാണ് മാലിക് കഥ പറയുന്നത്; ആ പക്ഷം പൊതുബോധത്തെ തലോടുന്നതാണെന്ന് മാത്രം. ഇത്തരത്തിൽ യോണറിന്റെയും രാഷ്ട്രീയ സിനിമയുടെയും നടുവിൽ കുടുങ്ങേണ്ടിവന്ന പ്രതിസന്ധി, സിനിമയുടെ ‘പുറത്തു നിൽക്കുന്ന’ ടെയ്ൽ എന്റിൽ (tail end) വ്യക്തമാവുന്നുണ്ട്. വർക്ക് ഓഫ് ഫിക്ഷൻ, ഗ്യാങ്സ്റ്റർ യോണറിൽ നിൽക്കുന്ന സിനിമയല്ല; മറിച്ച് യാഥാർഥ്യവുമായി ബന്ധമുള്ള ഒരു സിനിമയാണെന്ന് അവിടെ സ്ഥിരീകരിക്കാൻ ശ്രമിക്കുന്നു. സിനിമക്കുള്ളിൽ പറഞ്ഞ കഥ സ്റ്റേറ്റ് പക്ഷം ചേരുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ, അങ്ങനെയല്ല എന്ന് ടെയ്ൽ എന്റിൽ ഒരു പ്രസ്താവന പോലെ സ്ഥിരീകരിക്കേണ്ടി വരുന്ന വിധം ദുർബലമാണ് സിനിമയുടെ രാഷ്ട്രീയം.

Top