എന്തുകൊണ്ട് ഹാനി ബാബു: ഭരണകൂട ഹിംസയുടെ സാമൂഹിക-രാഷ്ട്രീയ മാനങ്ങൾ

ഇന്ന് ദേശരാഷ്ട്രമാണ് സകല രാഷ്ട്രീയ ബോധങ്ങളെയും നിശ്ചയിക്കുന്നത്. സ്വന്തം കുടുംബവും ജോലിയും മാത്രം നോക്കി കഴിയാനാണ് അതു നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട്, ദേശരാഷ്ട്രത്തോടുള്ള വിധേയത്വത്തിൽ നിന്ന് പിന്മാറിയാൽ മാത്രമേ ഹാനി ബാബു അടക്കമുള്ളവരോട് ശരിയായി ഐക്യദാർഢ്യപ്പെടാൻ നമുക്കു സാധിക്കൂ. പ്രൊഫ. ജി അലോഷ്യസ് സംസാരിക്കുന്നു.

ആദ്യമേ ഹാനി ബാബുവിന് എല്ലാ വിധ ഐക്യദാര്‍ഢ്യവുമര്‍പ്പിക്കട്ടെ. പ്രൊഫ. ജി.എന്‍ സായിബാബയുടെ കേസിൽ സാധാരണയില്‍ കവിഞ്ഞ താല്‍പര്യം കാണിച്ചു എന്നതു മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ‘പ്രശ്നം’ എന്നാണ് ഞാന്‍ കരുതുന്നത്. ഭരണകൂടം ബഹിഷ്കൃതരായി മുദ്രകുത്തിയവരുടെ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെയുള്ള സന്ദേശമാണിത്. ഇവിടെ തെല്‍തുംബ്ഡെയുടെയും മറ്റും കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ ഭവനവും ഇതേ കേസിന്റെ പേരില്‍ (ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷദ് കേസ്) രണ്ടു തവണ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു. ഭയാനകമായ പലതും സംഭവിക്കുന്ന ഈ കാലത്ത്, ഒരു വീട് റെയ്ഡ് ചെയ്യുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പക്ഷേ, അതിലൂടെ നല്‍കപ്പെടുന്ന സന്ദേശം വളരെ വ്യക്തമാണ്. ഇത് എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാണ്. ഒരു കാര്യത്തെയും- അത് നിയമ-നിയന്ത്രണങ്ങളാവട്ടെ, അല്ലെങ്കില്‍ നമ്മുടെ മിക്ക പ്രൊഫസര്‍മാരും ബുദ്ധിജീവികളും വലിയ ഗൗരവത്തോടെ സംസാരിക്കുന്ന മധ്യവര്‍ഗ ലിബറല്‍ ജനാധിപത്യത്തെ കുറിച്ചുള്ള സാമാന്യമായ ധാരണകളാകട്ടെ- ചോദ്യം ചെയ്യാതെ സ്വീകരിക്കരുത് എന്ന സന്ദേശമാണത്.

ഇപ്പോള്‍ ഞാന്‍ പറയുന്നത് മാത്രം നിങ്ങള്‍ കേള്‍ക്കുക. ഞാന്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി തിട്ടപ്പെടുത്താന്‍ പറ്റണമെന്നില്ല. വ്യത്യസ്തമായ പല സ്ഥല-കാല കാര്യങ്ങളും ഞാൻ പറഞ്ഞെന്നിരിക്കും. നിങ്ങളെ എല്ലാവരെയും വ്യക്തമായി അസ്ഥിരപ്പെടുത്തുക (destabilize) എന്നതാണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം. ഈ രാജ്യത്തെ സംരക്ഷിക്കുമെന്ന് കരുതി നമ്മള്‍ ഏറെ ഗൗരവത്തോടെ കണ്ടുവരുന്ന ദീര്‍ഘകാല സാമ്പത്തിക ചലനങ്ങളെയും, രാഷ്ട്രീയ നീക്കങ്ങളെയുമൊക്കെ മാറ്റിവെക്കുക. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപു വരെ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ ഉള്ളവർക്ക് ഡല്‍ഹി ഏറെ വിദൂരമായ പ്രദേശമായിരുന്നു. ഡല്‍ഹിയില്‍ സംഭവിക്കുന്നതൊന്നും നമ്മളെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ലായിരുന്നു. നമ്മുടെ പ്രാദേശിക രാഷ്ട്രീയ സംവാദങ്ങളിലും സംഘട്ടനങ്ങളിലുമായിരുന്നു നമ്മുടെ ശ്രദ്ധയുടെ ഏറിയ പങ്കും. എന്നാല്‍ ഇന്നാകട്ടെ, നമ്മള്‍ സ്വയം വിശുദ്ധമെന്ന് കരുതിയിരുന്ന നമ്മുടെ കിടപ്പുമുറികളിലേക്കും അടുക്കളയിലേക്കുമെല്ലാം ഡല്‍ഹി എത്തിയിരിക്കുന്നു. ഇതു വളരെ ഗൗരവകരമായ, ഒപ്പം തന്നെ ഭയാനകമായ ഒരു പ്രതിഭാസമാണ്. ഒരാളുടെ വീട് റെയ്ഡ് ചെയ്തു എന്നതുകൊണ്ടല്ല ഇത് ഭയാനകമാകുന്നത്. ജാര്‍ഖണ്ഡിലായിരുന്നപ്പോള്‍ നമ്മളുടെ വീടുകളൊക്കെ പല തവണ റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം റെയ്ഡുകളുടെ സാമൂഹികമായ പ്രഭാവത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ വീട് റെയ്ഡ് ചെയ്ത് പോലീസ് പോയതിന് ശേഷം, ഒരുപാട് ആളുകൾ വരികയും ഞങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നാകട്ടെ, ഹാനി ബാബുവിന്റെ വീട് റെയ്ഡ് ചെയ്യപ്പെട്ടു എന്നറിഞ്ഞു കഴിഞ്ഞാല്‍, ഈ സര്‍വകലാശാലകളിലെ ആളുകളെല്ലാവരും അദ്ദേഹത്തിന്റെ അടുത്തു പോകാൻ തന്നെ ഭയപ്പെടും. ഇത്തരത്തില്‍, സാമൂഹിക പ്രഭാവത്തില്‍ വന്ന മാറ്റമാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും നിർണായകമായ കാര്യം. നേരത്തെ സംസാരിച്ച പലരും പരാമര്‍ശിച്ച മറ്റ് സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളോടൊപ്പമാണ് ഇതും സംഭവിക്കുന്നത്.

ജി.എൻ സായിബാബ

ഭരണനിര്‍വഹണത്തിന്റെയും അധികാരത്തിന്റെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും നിലംപതിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നേരത്തെ സംസാരിച്ച ഒരു സുഹൃത്ത് ജുഡീഷ്യല്‍ സംവിധാനത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അതുപോലെ തന്നെ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ സമയത്ത് ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളും ശ്രദ്ധിച്ചുകാണും. “ഞങ്ങള്‍ ഒന്നോ രണ്ടോ പാര്‍ട്ടികളുമായാണ് സഖ്യം ചേരുന്നത്, എന്നാല്‍ മോദിയുടെ പാര്‍ട്ടി ഇലക്ഷന്‍ കമ്മീഷനുമായാണ് സഖ്യം ചേരുന്നത്” എന്ന് ഒരു നേതാവ് പറയുകയുണ്ടായി. നിര്‍ദേശിക്കപ്പെടുന്ന എന്തും ചെയ്യുന്ന രൂപത്തിലേക്ക് ഇലക്ഷന്‍ കമ്മീഷന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. നമുക്കാണെങ്കിൽ അതില്‍ കാര്യമായി ഒന്നും ചെയ്യാനും സാധിക്കുന്നില്ല. ഇത്തരത്തില്‍, വളരെ അസാധാരണമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

80 വയസ്സിലധികം പ്രായമുള്ള ഫാ.സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ മഹാരാഷ്ട്ര പോലീസ് മറാഠിയിലുള്ള ചില പേപ്പറുകള്‍ കൊണ്ട് വരികയും, അതിലെല്ലാം അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങുകയും, അവിടെയുണ്ടായിരുന്ന പുസ്തകങ്ങളടക്കമുള്ള മിക്ക വസ്തുക്കളും എടുത്തു കൊണ്ടുപോവുകയാണ് ചെയ്തത്. എന്ത്, എങ്ങനെ എന്ന യാതൊരു ഔദ്യോഗിക വിശദീകരണവുമില്ലാതെ, ബാക്കിയെല്ലാം പിന്നെ പറയും എന്ന ന്യായം മാത്രമായിരുന്നു പോലീസ് പറഞ്ഞത്. അതുപോലെ, പ്രൊഫ. സത്യനാരായണയുടെ വീട്ടില്‍ റെയ്ഡ് നടന്ന് ചില പുസ്തകങ്ങള്‍ പിടിച്ചെടുത്ത പോലീസ് “എന്തിനാണ് നിങ്ങള്‍ ആവശ്യമില്ലാതെ പുസ്തകങ്ങള്‍ ഒക്കെ വായിക്കുന്നത്? നിങ്ങള്‍ക്ക് ശമ്പളം കിട്ടുന്നില്ലേ? അതു വാങ്ങി മിണ്ടാതെ ഇരുന്നാല്‍ പോരേ?” എന്നൊക്കെയാണ് ചോദിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ കല്‍പ്പിക്കുന്നതിലും പത്തിരട്ടി ആത്മാര്‍ത്ഥതയോടെയാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ നടത്തുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുൻപ് എന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ “ഞങ്ങളുടെ ഹെഡ് ഓഫീസില്‍ ഉള്ളതിനേക്കാളും പുസ്തകങ്ങളുണ്ടല്ലോ ഇവിടെ” എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഒരുപാട് പുസ്തകങ്ങളും ഫയലുകളും എടുത്തു കൊണ്ടുപോയത്. പിന്നീട്, കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് ഡെപ്യൂട്ടി കലക്ടര്‍ വിളിച്ച് ഈ വസ്തുക്കളെല്ലാം തിരികെ എടുത്തു കൊണ്ടുപോവാന്‍ പറഞ്ഞപ്പോള്‍, “നിങ്ങളല്ലേ എടുത്തു കൊണ്ടുപോയത്, നിങ്ങള്‍ തന്നെ അത് കൈവശം വെച്ചുകൊള്ളുക” എന്നാണ് പറഞ്ഞത്. ‍ഞങ്ങള്‍ ഒരിക്കലും പിന്നീടത് തിരികെ കൊണ്ടുവന്നില്ല.

പ്രൊഫ. ഹാനി ബാബു

ഇത്തരം വിഷയങ്ങള്‍‍ വന്നാല്‍ എല്ലാവരും നിങ്ങളെ വിധിക്കാൻ തുനിയും. എങ്ങനെയാണ് ഇതിനെല്ലാം നമ്മള്‍ മറുപടി പറയുക? പഴയ കാലത്തെ രാജാവായിരുന്ന രാജ രാജ ചോളനെ കുറിച്ചെന്തോ പറഞ്ഞതിനാണ് സംവിധായകനായ പാ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. “എന്തിനാണ് നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് വരുമാനമുണ്ടല്ലോ? ആ പണിയെടുത്താല്‍ പോരെ? മിണ്ടാതെ ഇരുന്നാല്‍ പോരെ” എന്ന രീതിയിലാണ് ഈ കേസിലെ ജഡ്ജി അദ്ദേഹത്തിനോട് പ്രതികരിച്ചത്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാൽ, ലിബറല്‍ ജനാധിപത്യവും അതിലെ വിമത ഘടകങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അത് മനസ്സിലാക്കണമെന്നൊക്കെയാണ് പലരും ഇന്നും പറയുന്നത്. എന്താണതിന്റെ അര്‍ത്ഥം? ഇന്ന് വിമതം എന്നൊരു വര്‍ഗീകരണമോ വിഭാഗമോ ഇല്ല. ഈ പറയുന്ന വിമത വിഭാഗം തന്നെ ഇന്നത്തെ ഭൂരിപക്ഷ/പ്രധാന വിഭാഗമായി മാറിയിരിക്കുന്നു. അതുപോലെ, സ്വയം ഭരണാധികാരമുണ്ടെന്ന് നമ്മള്‍ കരുതിയിരുന്ന എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഇപ്പോള്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് മുന്നിലുള്ളത്. കേരളത്തിലോ തമിഴ്നാട്ടിലോ ഇപ്പോള്‍ എന്തെങ്കിലും കാര്യമായിട്ട് സംഭവിക്കുകയാണെങ്കില്‍ അത് മോദിയുടെ ഉത്തരവിനെ തുടര്‍ന്നായിരിക്കുമെന്ന കാര്യം ഇപ്പോള്‍ സാമാന്യ ബോധമായി മാറികഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ അമിത് ഷായുടെ ഉത്തരവായിരിക്കും. മോദിയില്ലാതെ അമിത് ഷാ യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല. മോദി ഒരു വ്യാജമായ ചിരിയുമായി മുന്നില്‍ നില്‍ക്കുമ്പോൾ, അമിത് ഷാ മുൻകയ്യെടുത്ത് എല്ലാ നീച കൃത്യങ്ങളും നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇന്നെന്താണ് പുതുതായി സംഭവിക്കുക എന്ന ആശങ്കയോടെയാണ് ഓരോ ദിവസവും എഴുന്നേല്‍ക്കുന്നത്. ബാങ്കില്‍ കുറച്ച് തുകയുണ്ടെങ്കില്‍, പുതിയ എന്തെങ്കിലും നിയന്ത്രണങ്ങളോ നിയമങ്ങളോ വരുമോ എന്നതായിരിക്കും ആശങ്ക. ഇത്തരത്തില്‍ സകല മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ സംഭവ വികാസങ്ങളെ ഫാസിസം എന്ന പേരില്‍ വിശേഷിപ്പിക്കുന്നത് അപര്യാപ്തമാണ്. കാരണം, ഫാസിസം എന്നത് കേവലം രാഷ്ട്രീയപരമായ ഒരു പ്രതിഭാസം മാത്രമാണ്. എന്നാല്‍ ഇന്നിവിടെ നിലനില്‍ക്കുന്ന ഫാസിസം എന്നത് സാമൂഹികതയിലും സംസ്കാരത്തിലും ആഴത്തില്‍ വേരുകളുള്ള പ്രതിഭാസമാണ്. ഇത് അത്ര എളുപ്പത്തില്‍ തുടച്ചുനീക്കാവുന്ന ഒന്നല്ല.

ഇൻഡ്യ, സിംഗപ്പൂർ പോലയോ, മറ്റു ചെറു ദേശരാഷ്ട്രങ്ങള്‍ പോലെയോ, ഏകതാനമായ ഒരു ദേശരാഷ്ട്രത്തിലേക്ക് മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിനിടയില്‍ പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. പത്തോ ആയിരമോ അതിലധികമോ വര്‍ഷമായി ഇവിടെ നിലനില്‍ക്കുന്ന സാംസ്കാരിക നിര്‍മിതികളെയും ഭിന്നതകളെയും സവിശേഷതകളെയുമെല്ലാം പൂര്‍ണമായും തുടച്ചുനീക്കിക്കൊണ്ട് ഒരൊറ്റ മാതൃകയിലേക്ക് മാറ്റിപ്പണിയുകയാണിത്.

ഈ ‘ഏക ഇൻഡ്യ’ പദ്ധതി എന്നത് വ്യക്തമായും ഒരു ബ്രാഹ്മണിക്കല്‍ പദ്ധതിയാണ്. എന്തെന്നാല്‍, ബ്രാഹ്മണന്‍മാരെ നമുക്ക് ഇൻഡ്യയില്‍ എല്ലായിടത്തും കാണാനാവും. അവര്‍ ദേശീയ ജാതിയാണ്. ബാക്കിയെല്ലാ ജാതികളും സാംസ്കാരിക-ഭൂമിശാസ്ത്ര വേരുകളുള്ള ജാതികളാണ്. പ്രധാനമായും രണ്ട് രീതിയിലാണ് ബ്രിട്ടീഷുകാര്‍ ഇൻഡ്യയെ നോക്കിക്കണ്ടിരുന്നത്. നിയന്ത്രിക്കാൻ കഴിയാത്ത നൂറുകണക്കിന് ജാതികളുടെ ഒരു കൂട്ടമായിട്ടാണ് ഒന്നാമതായി ബ്രിട്ടീഷുകാർ ഇൻഡ്യക്കാരെ നോക്കിക്കണ്ടത്. ഇതിനെ നിഷേധ പൗരസ്ത്യവാദം (negative orientalism) എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അവര്‍ക്ക് ഇൻഡ്യയെ കുറിച്ച് ഏറെ നിന്ദ്യമായ കാഴ്ച്ചപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. എഡ്വേര്‍ഡ് സൈദ് നിരീക്ഷിക്കുന്നതു പോലെയുള്ള അറബ് ഓറിയന്റലിസത്തില്‍ നിന്നും വിഭിന്നമായി, നമുക്ക് ഇവിടെ ‘ഗുണാത്മകമായ പൗരസ്ത്യവാദവും’ (positive/affirmative orientalism) ഉണ്ടായിരുന്നു. എന്തായിരുന്നു അതിലെ വാദം? ഇൻഡ്യ എന്നത് പരിധികളില്ലാത്ത ആര്യ സംസ്കാരമാണെന്നായിരുന്നു ആ കാഴ്ച്ചപ്പാട്. ഇതിന് വലിയ രീതിയില്‍ പ്രചാരങ്ങൾ-പിന്തുണകൾ ലഭിക്കുകയും, അതില്‍ ഇവിടെ നിലനിന്നിരുന്ന ബഹുമുഖ ജാതികളും സമുദായങ്ങളും ‘പരിധികളില്ലാത്ത ആര്യന്‍ സംസ്കാരം’ എന്നതിന്റെ അടിയില്‍ വരികയും ചെയ്തു. ഇൻഡ്യയിലെ ഈ വൈവിധ്യത്തെ യൂറോപ്പിലെ തങ്ങളുടെ വൈവിധ്യവുമായി താരതമ്യപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അത് അവരുടെ അന്തസ്സിന് നിരക്കാത്ത കാര്യമായിട്ടായിരുന്നു കരുതിയത്. വലിയ സ്വഭാവത്തിലുള്ള വൈവിധ്യം എന്നതിലുപരി, പ്രാദേശികമായ പലതുകളുടെയും ചെറുതുകളുടെയും, അല്ലെങ്കില്‍ അവക്കിടയിലുള്ളതിന്റെയും വൈവിധ്യമായിരുന്നു.

ആനന്ദ് തെൽതുംഡെ

ഇന്ന്, വൈവിധ്യങ്ങൾ തകരുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മളെ ഏറെ ഭയപ്പെടുത്തുന്നത്. അവര്‍ ഇന്ന് നമ്മുടെ കുട്ടികളുടെ പാഠ്യപദ്ധതികള്‍ തീരുമാനിക്കുന്നു. നമ്മൾ ഇന്നത് ഭക്ഷിക്കണെന്നും എങ്ങനെ പാകം ചെയ്യണമെന്നും തീരുമാനിക്കുന്നത് അവർ തന്നെ. ഈ പശ്ചാത്തലത്തിലാണ് ഹാനി ബാബുവിനെയും സ്റ്റാന്‍ സ്വാമിയെയും പോലെയുള്ളവരുടെ കാര്യം നമ്മള്‍ പരിശോധിക്കേണ്ടത്. ഈയൊരു സംഘമാണ് നിശ്ചയമായും നിയമ സംവിധാനങ്ങളെ മാനിച്ചുകൊണ്ടും ഭരണഘടനാപരമായ പരിരക്ഷകളും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ചു കൊണ്ടും ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിച്ചിരുന്നത്. മുഖ്യധാരയിലെ പല ആക്റ്റിവിസ്റ്റുകളുടെയും വിമര്‍ശനങ്ങള്‍ക്കും, പലവിധ വാദങ്ങള്‍ക്കും വിചിത്രമായ വര്‍ഗീകരണങ്ങള്‍ക്കും അനുസൃതമായാണ് ഇവര്‍ അവരുടെ ഇടം സൃഷ്ടിച്ചെടുക്കുന്നത് തന്നെ. എന്നിട്ടും, ആ ഇടത്തെ തന്നെയാണ് ഗവണ്‍മെന്റ് കൃത്യമായും ലക്ഷ്യം വെക്കുന്നത്. നിങ്ങളില്‍ പലരും വിഭാവനം ചെയ്യുന്നതു പോലെ, ഒരു ലിബറല്‍ ജനാധിപത്യ ഇടമല്ല ഇവിടെയുള്ളത്. ആകെയുള്ളത് രണ്ട് വശങ്ങളുള്ള, വ്യക്തമായ ഒരു പ്രതലം മാത്രമാണ്. റെയ്ഡുകള്‍ പോലെയുള്ള പ്രതീകാത്മക പ്രവര്‍ത്തികളിലൂടെയാണ് അത് വെളിവാകുന്നത്. ഒരുപാട് വര്‍ഷത്തെ അധ്വാനങ്ങളടങ്ങിയ പല പുസ്തകങ്ങളും രേഖകളും രചനകളുമൊക്കെയാണ് അവര്‍ എടുത്തുകൊണ്ടുപോയതെന്ന് ജെനി (ജെനി റൊവേന) പറയുകയുണ്ടായി. അധ്യാപനത്തിനാവശ്യമായ ഈ നോട്ടുകളെയും പുസ്തകങ്ങളെയും കുറിച്ച് പോലീസുകാരോട് ചോദിച്ചാല്‍, “ഇതൊന്നും അധ്യാപനത്തിന് ആവശ്യമില്ല, നിങ്ങള്‍ കുട്ടികളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കൂ, ഡിഗ്രിയൊന്നും ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല” എന്നൊക്കെയായിരിക്കും അവര്‍ പറയുക. ഒരുപാട് വര്‍ഷങ്ങളെടുത്തുകൊണ്ട് ഗാന്ധിയും നെഹ്റുവുമൊക്കെ രൂപപ്പെടുത്തി എന്നു പറയുന്ന ഒരു സംവിധാനത്തോടുള്ള പരമമായ അവഗണനയാണ് നമുക്ക് ഇവിടെ കാണാനാവുക. ഇൻഡ്യയിലെ വൈവിധ്യങ്ങളാണ് ഇത്തരമൊരു സംവിധാനത്തിന്റെ പ്രഥമമായ അടിസ്ഥാനം.

ഒരു കാര്യം നിങ്ങളെല്ലാവരും നിരന്തരം ഓര്‍ത്തുകൊണ്ടേയിരിക്കണം; ഇൻഡ്യ എന്നത് ഒരു രാഷ്ട്രമല്ല. ഒറ്റ രാഷ്ട്രമാണെന്ന വാദത്തെ ന്യായീകരിക്കുന്ന ഓരോ സന്ദര്‍ഭത്തിലും നമ്മള്‍ വളരെ വ്യക്തവും വലുതുമായ വൈരുദ്ധ്യങ്ങളിലാണ് അകപ്പെടുക.

ഇൻഡ്യ എന്നത് ഒരുപാട് ചെറു രാഷ്ട്രങ്ങള്‍ അടങ്ങിയ ഒരു സ്റ്റേറ്റ് സംവിധാനമാണ്. ഈ സ്റ്റേറ്റ് സംവിധാനത്തെ മാറ്റിക്കൊണ്ട് ഏകതാനമായ ഒരു രാഷ്ട്രമായി കാണാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പണ്ടൊക്കെ “നിങ്ങളെന്താണ് തമിഴ് ഭാഷയുടെ കാര്യത്തിലൊക്കെ ഏറെ ശാഢ്യം പിടിക്കുന്നത്, അതൊക്കെ പോയ കാലമല്ലേ” എന്ന് ചോദിച്ചിരുന്നവരാണ് ഇന്ന് ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ മുൻപിൽ നില്‍ക്കുന്നത്. ക്ലാസിക്കല്‍ യൂറോപ്യന്‍ ദേശരാഷ്ട്ര മാതൃകയിലാണ് ഇവര്‍ ഇൻഡ്യയെ മനസ്സിലാക്കുന്നത്. ഇതിനുവേണ്ടി പ്രധാനമായും, ലിബറല്‍ ജനാധിപത്യവാദികളായ ബുദ്ധിജീവികളെ അസ്ഥിരപ്പെടുത്തേണ്ടതുണ്ട്. ഈ ഭരണ സംവിധാനത്തിലേക്ക്, നേരത്തെ ഇവിടെ പലരും സൂചിപ്പിച്ചതുപോലെ, വലിയ രീതിയില്‍ ഒ.ബി.സി ജനവിഭാഗത്തെ കയറ്റുന്നതിന് പുറമേയാണിത്. അതേസമയം തന്നെ, ഈ സംവിധാനത്തിന് ഈ തള്ളിക്കയറ്റത്തെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയുകയുമില്ല.

ഈയടുത്ത് കൊച്ചിയില്‍ തമിഴ് ബ്രാഹ്മണരുടെ ഒരു സമ്മേളനം നടക്കുകയുണ്ടായി. അതില്‍ ഒരു ജഡ്ജി വന്ന് നമ്മളെല്ലാവരും ഉന്നതകുല ജാതരാണെന്നും, അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടകലരാതെ ശുദ്ധി കാത്തുസൂക്ഷിക്കണമെന്നും പ്രസംഗിക്കുകയുണ്ടായി. ഒരു ശാസ്ത്രീയ സര്‍വകലാശാലയില്‍ നിന്നുള്ള മറ്റൊരു പ്രൊഫസര്‍, ധര്‍മമനുസരിച്ച് നമ്മുടെ സമൂഹം നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും, അത് നിലനിർത്തേണ്ടതാണ് എന്നുമാണ് സംസാരിച്ചത്. ഒരു പത്തോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നെങ്കില്‍, അവര്‍ക്കിത് ചെയ്യാനുള്ള ധൈര്യമുണ്ടാവില്ലായിരുന്നു. ജനങ്ങള്‍ അത് അനുവദിച്ച് കൊടുക്കുമായിരുന്നില്ല. എന്നാല്‍, ഇപ്പോളവര്‍ നിർലജ്ജം തിരിച്ചുവന്നിരിക്കുകയാണ്. എത്ര വിദഗ്ദമായാണ് അവര്‍ അക്കാദമിക വ്യവഹാരങ്ങളില്‍ നിന്നും ബ്രാഹ്മിണ്‍ എന്നതിനെയും ബ്രാഹ്മണിസം എന്നതിനെയും മാറ്റിനിര്‍ത്തിയത് എന്ന് നോക്കുക. എന്നെ പോലെയുള്ള ചിലര്‍ അവിടെയും ഇവിടെയുമായി പലതും പറയുന്നുണ്ട് എന്നതല്ലാതെ. ഞാന്‍ എന്റെ ദൈനംദിന ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ആരെയും ആശ്രയിക്കാത്തതു കൊണ്ടുതന്നെ, അവര്‍ക്കെന്നെ കാര്യമായൊന്നും ചെയ്യാനാവില്ല. എന്നാല്‍, നിങ്ങള്‍ രണ്ടാമതും ബ്രാഹ്മിണ്‍ എന്ന പദം അക്കാദമിക വ്യവഹാരങ്ങളില്‍ ഉയര്‍ത്തുകയാണെങ്കില്‍, തൊട്ടുകൂടാത്തവനായി നിങ്ങൾ പുറത്താക്കപ്പെടും. അതിനു പകരം ഹിന്ദു എന്ന് പറയേണ്ടി വരും. ഹിന്ദു എന്ന് പറഞ്ഞാലെന്താണ്? എന്നിട്ട് ഹിന്ദു മുസ്‌ലിമിനെ ആക്രമിക്കുന്നു എന്നും പറയും. മുസ്‌ലിംകളെ ആക്രമിക്കുന്നതിലാകട്ടെ, ആഗോളമായ ഒരു പൊതുസമ്മതിയുണ്ട് താനും. ആ കാര്യത്തിലാണെങ്കില്‍, അവരല്ലാത്ത എല്ലാവരും ഒന്നാണ്. ‘Imagined Religious Communities’ എന്ന തന്റെ പഠനത്തില്‍ ഈ ആശയം വളരെ കൃത്യമായി റൊമില ഥാപ്പര്‍ വിശദീകരിക്കുന്നുണ്ട്. “അവരുടെ നഗ്നത മറക്കാനാണ് അവര്‍ ഹിന്ദു എന്ന വര്‍ഗത്തെ സൃഷ്ടിച്ചത്” എന്ന് ഥാപ്പര്‍ പറയുന്നത്. അവരത് കൃത്യമായി ചെയ്യുകയും നമ്മളെല്ലാവരും ഹിന്ദു എന്ന വ്യവഹാരത്തിന്റെ വിഷയികളായി മാറുകയും ചെയ്യപ്പെടുകയാണുണ്ടായത്. അത് ഹിന്ദു-മുസ്‌ലിം എന്ന വ്യവഹാരത്തിലേക്കും വിപുലീകരിക്കപ്പെടുന്നു. ഇത് വ്യക്തമായും ബ്രാഹ്മണിക്കല്‍ മതമാണ്. നമുക്ക് സാധ്യമാകുന്നിടത്തെല്ലാം അതു തുറന്നു പറയാനും വ്യക്തമാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

റോമില ഥാപ്പർ

ബ്രാഹ്മണിക്കല്‍ മതമാണ് ഞങ്ങളെ അക്രമിക്കുന്നത് എന്നാണ് നമ്മള്‍ പറയേണ്ടത്. ഹിന്ദു നമ്മളെ അക്രമിക്കുന്നു എന്നു പറയുന്നതോടെ ഈ ദേശത്തിലെ തൊണ്ണൂറ് ശതമാനത്തോളം ആളുകളും നമ്മളെ ആക്രമിക്കുന്നു എന്നായിത്തീരുന്നുണ്ട്. ഇതോടെ നമുക്ക് എന്ത് സാധുതയാണുള്ളത്? 90% പേരും ഒരു കൂട്ടരെ അക്രമിക്കുകയാണെങ്കില്‍ പ്രശ്നം ആ ചെറുകൂട്ടര്‍ക്ക് തന്നെയാണെന്ന് വരും. തൊണ്ണൂറ് ശതമാനം എന്നു പറയുന്നത് വലിയൊരു ജനസാമാന്യമാണെന്നോര്‍ക്കണം. അങ്ങനെ അവര്‍ സംസ്ഥാനങ്ങളുടനീളം ഈ ഭൂരിപക്ഷ വിഭാഗത്തെ സൃഷ്ടിച്ചെടുത്തെങ്കിലും, ഇപ്പോൾ “സംസ്ഥാനങ്ങള്‍” എന്ന വര്‍ഗീകരണം അവരുടെ ഏകീകരണത്തിന് തടസ്സമാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. ഇതു മനസ്സിലാക്കിയ അവര്‍ വളരെ വ്യക്തതയോടെ ഈ ദേശത്തുടനീളമുള്ള ബ്രാഹ്മണ്യങ്ങളെ ഏകീകരിച്ചിട്ടുണ്ട്. അവരതിനെ ഒരു ഏകരാഷ്ട്രമായി പ്രഖ്യാപിക്കുകയും മോദിയെ അതിന്റെ തലവനാക്കി നിശ്ചയിക്കുകയും ചെയ്യുകയാണെങ്കില്‍, ഞാന്‍ ഉറപ്പിച്ച് പറയട്ടെ, അതില്‍ ഭൂരിഭാഗം പേരും മോദിക്ക് തന്നെ വോട്ടു ചെയ്യും. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ മിക്ക ഭാഗങ്ങളും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളും ഇതു തന്നെ ചെയ്യും. അതില്‍ നമ്മുടെ സ്ഥാനവും അക്കാദമിക വ്യവഹാരങ്ങളും നിയമ സംവിധാനങ്ങളും എന്തായിരിക്കുമെന്ന കാര്യത്തിലൊന്നും അവര്‍ക്ക് ഒരു ആശങ്കയുമില്ല. വേണമെങ്കില്‍ ഇൻഡ്യയിലെ അക്കാദമിക ലോകത്തില്‍ ഭൂരിഭാഗവും ഒറ്റ രാത്രികൊണ്ട് മോദിയെ പിന്തുണക്കുന്നവരായി മാറിയെന്നും വരാം. ഇവരില്‍ പലരും മാസത്തില്‍ രണ്ട് ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നവരാണെന്നോര്‍ക്കണം. ഇവരെയെല്ലാം അവര്‍ നേരത്തെ തന്നെ വിലപറഞ്ഞുറപ്പിച്ചിരിക്കുകയാണ്. ഇത് അദ്ധ്യാപനത്തിനുള്ള വേതനമൊന്നുമല്ല, മിണ്ടാതെയിരിക്കാനാണ്.

ഇങ്ങനെ മിണ്ടാതെയിരിക്കുകയാണെങ്കില്‍ ആറുമാസം കൂടുമ്പോള്‍ നിങ്ങളുടെ വേതനത്തില്‍ നിങ്ങള്‍ ചോദിക്കാതെ തന്നെ പലവിധ വര്‍ധനവുകളുണ്ടാവുകയും ചെയ്യും. നിങ്ങളുടെ സമ്മതി എന്നത് ചോദിക്കാതെ തന്നെ എടുക്കപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ മിണ്ടാതെയിരുന്നുകൊള്ളണം, ഒരു കാര്യത്തിനെയും പ്രതിരോധിക്കാന്‍ പോകേണ്ടതില്ല’ എന്നുമാണ് ഇതിന്റെ പിന്നിലൂടെ പറയുന്നത്. ‘ഹാനി ബാബു ചിലപ്പോള്‍ അക്രമിക്കപ്പെട്ടേക്കാം, പക്ഷേ നിങ്ങള്‍ തടസ്സം നില്‍ക്കാന്‍ പാടില്ല. നിങ്ങള്‍ സര്‍വകലാശാലകളും കോളേജുകളും പ്രതിഷേധസൂചകമായി അടച്ചിടാന്‍ പാടില്ല. അതുപോലെ പ്രതിഷേധറാലികളും മറ്റും സംഘടിപ്പിക്കാനും പാടില്ല’. അതിനാണ് നിങ്ങള്‍ക്ക് മാസം രണ്ട് ലക്ഷത്തോളം രൂപ നല്‍കുന്നത്. മുന്‍കൂട്ടി നല്‍കുന്ന കൈക്കൂലിയാണത്. അല്ലേ? നമ്മളില്‍ ഭൂരിഭാഗവും ആ കൂട്ടത്തിന്റെ ഭാഗവാക്കാവുകയും ചെയ്യും. കാരണം ദൈനംദിന ജീവിതമാണ് നമ്മളില്‍ പലര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ കാര്യത്തില്‍ അവര്‍ നമ്മളെ വളരെ കൃത്യമായി പിടികൂടിയിരിക്കുകയാണ്. നമ്മളുടെ ചലനങ്ങളെ തന്നെ അസാധ്യമാക്കുന്ന വിധത്തിലാണ് ഇവര്‍ നമ്മളെ പിടികൂടിയിരിക്കുന്നത്. ഇപ്പോഴാണ് ചില പഴയ ബുദ്ധിജീവികള്‍ അവരുടെ പഴയ അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ട് ഇത് മതേതരത്വമൊന്നുമല്ല ഹിന്ദുത്വമാണ് എന്ന തരത്തിലുള്ള വാദങ്ങളുമായി വരുന്നത്. പക്ഷേ ഹിന്ദു എന്നത് ഹിന്ദുത്വത്തിൽ നിന്നും വ്യത്യസ്തമാണ് എന്നും, മതേതരത്വം നമ്മുടെ തരത്തിലുള്ള ഒന്നായിരിക്കും എന്നും അതെന്തു കൊണ്ടാണ് അമേരിക്കന്‍ മതേതരത്വം പോലെയല്ലാത്തത് എന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്നും നിരന്തരം പറയുന്നതിലൂടെ നിങ്ങള്‍ നേരത്തെ തന്നെ ഈ തകര്‍ച്ചക്കുള്ള ആക്കം കൂട്ടിയിരുന്നു. ഹിന്ദൂയിസം എന്നത് മതേതരമായ സഹിഷ്ണുതയുള്ള മതമാണെന്നും, മതത്തിലുപരിയായി സര്‍വരെയും സ്വീകരിക്കുന്ന ആശയമാണെന്നുമെല്ലാം ഇവരാണ് പറഞ്ഞിരുന്നത്. കഴി‍ഞ്ഞ അരനൂറ്റാണ്ട് കാലത്തിലൂടെ പലവിധത്തിലുള്ള ആശയങ്ങളിലൂടെ നിര്‍മിച്ചെടുത്ത മേല്‍ക്കോയ്മയെ (hegemony) നമ്മള്‍ ശിഥിലീകരിക്കേണ്ടിയിരിക്കുന്നു. ഇത് വളരെ പ്രയാസമേറിയ കാര്യമാണ്. അതുമാത്രം പോര, നമ്മുടെ അടിസ്ഥാനമായ,ഏറ്റവും പ്രാഥമികമായ വൈവിധ്യത്തെ നമ്മള്‍ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. പ്രശസ്ത നരംവശശാസ്ത്രജ്ഞരായിരുന്ന റയ്മണ്ട് ആള്‍ച്ചിന്‍, ബ്രിഡ്ജറ്റ് ആള്‍ച്ചിന്‍ എന്നിവര്‍ തങ്ങളുടെ പ്രസിദ്ധമായ പുസ്തകമായ The Rise of Indian Civilisation in India and Pakistan എന്ന പഠനത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: “ആദ്യകാലത്ത് ഇൻഡ്യയില്‍ വൈവിധ്യങ്ങളുണ്ടായിരുന്നു (diversity). ഏകത്വം (unity) എന്നത് പിന്നീടാണ് വന്നത്. ഇതില്‍ നിന്നും, ഇൻഡ്യയുടെ അടിസ്ഥാനപരമായ തത്വം എന്ന് നാനാത്വമായിരുന്നു (diversity) എന്ന് മനസ്സിലാക്കാന്‍ കഴിയും. അതേസമയം, ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളും അതോടൊപ്പമുണ്ടായിരുന്നു. ഈ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും പ്രാഥമികമായ ശില എന്നതു തന്നെ വൈവിധ്യമാണ്. അതിനെ ഒരിക്കലും ഏകീകരിക്കാനാവുകയില്ല. അതുകൊണ്ടുതന്നെ, ഇത്തരം ഏകീകരണം ലക്ഷ്യം വെക്കുന്ന ഏതൊരു രാഷ്ട്രീയ പദ്ധതിയും ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. അപ്പോള്‍ ഒന്നും ഏകീകരിക്കാന്‍ പറ്റില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്ന് വന്നേക്കാം? പറ്റും. എന്റെ തന്നെ തത്വമെന്നത് ഏകത്വത്തില്‍ നാനാത്വം (diversity in unity) എന്നതാണ്. അല്ലാതെ നാനാത്വത്തില്‍ ഏകത്വം (unity in diversity) എന്നതല്ല. ഏകത്വം എന്നത് അന്തര്‍ലീനമായി നിലനില്‍ക്കാം. എന്നിരുന്നാലും, സാമൂഹിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വമെന്നത് നാനാത്വമായിരിക്കണം. ഏകത്വമെന്നത് മുകളിലൂടെ അടിച്ചേല്‍പ്പിക്കപ്പെടേണ്ടുന്ന ഒന്നല്ല. അതുപോലെ എല്ലാറ്റിന്റെയും മുകളില്‍ നില്‍ക്കുന്നതുമല്ല. അന്തര്‍ലീനമായി (underlying) നിലനില്‍ക്കുന്ന ഒരുതരം ഏകത്വ ബോധമാണ് ഈ ഉപഭൂഖണ്ഡത്തെ അനേകം വര്‍ഷങ്ങളായി മുന്നോട്ടു നയിച്ചിട്ടുള്ളത്. അത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കാന്‍ ആംരഭിക്കുന്നതോടെ, അടിയില്‍ നിന്നും പിളര്‍പ്പുകളാരംഭിക്കുകയും ചെയ്യും. ഇതാണ് 195ല്‍ പെരിയാറിന്റെ വെല്ലുവിളിയിലൂടെ സംഭവിച്ചതും. “നിങ്ങള്‍ക്ക് തമിഴ്നാടിനെ ഇൻഡ്യയുടെ ഭാഗമായി വേണമോ വേണ്ടയോ?” എന്നതായിരുന്നു ചോദ്യം. രണ്ട് മാസത്തെ സമയമേ എടുത്തുള്ളൂ. അപ്പോഴേക്കും നെഹ്റു വികാരഭരിതനായി പാര്‍ലമെന്റിലേക്കെത്തുകയാണ്. ഞങ്ങളുടെ കരങ്ങള്‍ തിരിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്തത് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാലും, ഞങ്ങള്‍ക്കത് ചെയ്യേണ്ടി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ജനസാമാന്യത്തിന് മുൻപിലേക്ക് ഞങ്ങള്‍ ഈ സംവരണ പോളിസി ഉയര്‍ത്തിപ്പിടിക്കുകയാണ് എന്ന തരത്തില്‍ സംസാരിക്കേണ്ടിയും വന്നു. അങ്ങനെയാണ് ഇൻഡ്യന്‍ ഭരണഘടനയിലെ പ്രഥമ ഭേദഗതി നടക്കുന്നത്. എന്നാല്‍, ഇതുപോലെ വെല്ലുവിളികളേറ്റെടുത്തു കൊണ്ട് യാതൊരു പ്രതിഫലേച്ഛയും കൂടാതെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്നവരെ നിര്‍ഭാഗ്യവശാല്‍ നമുക്കിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മളെല്ലാവരും സ്വന്തം കുടുംബങ്ങളെ സംരക്ഷിക്കുക എന്നതിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഉദാഹരണത്തിന്, നമ്മളാരെയെങ്കിലും വല്ല രാഷ്ട്രീയ-സാമൂഹിക പരിപാടിക്കും വിളിക്കുകയാണെങ്കില്‍ എന്നെ ആശ്രയിച്ചു കഴി‍യുന്ന ഭാര്യയും കുട്ടികളുമുണ്ട് എന്നതായിരിക്കും മറുപടി. പലപ്പോഴും അയാള്‍ അവരെ സഹായിച്ചുകൊള്ളണമെന്നു തന്നെയില്ല. എന്നിരുന്നാലും, നമ്മളെന്തെങ്കിലും പരിപാടിക്ക് വിളിക്കുകയാണെങ്കില്‍ ഈ കാരണമാണ് നമ്മളോട് പറയുക. കുടുംബം എന്നത് വലിയൊരു ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. ശാന്തമായി നിങ്ങളുടെ വരുമാനമൊക്കെ കരസ്ഥമാക്കിക്കൊണ്ട് ജീവിക്കുക, ഒരു പൊതു പ്രവര്‍ത്തകനോ വ്യക്തിയോ ആവാതിരിക്കുക എന്നത് ഇപ്പോള്‍ ഒരു പൊതു തത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരാള്‍ ഒരു പൊതു വ്യക്തിയാവുക എന്നത് ഒരു സന്ദേശമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ കാര്യങ്ങളും മറ്റും നോക്കി ശാന്തതയില്‍ കഴിയുക, എല്ലാ പൊതുകാര്യങ്ങളും ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് അവരും പറയുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കെന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍, അത് സ്വീകരിച്ചുകൊണ്ട് മിണ്ടാതെ ഇരുന്നുകൊള്ളുക എന്നും അവര്‍ പറയുന്നു. ആത്മാഭിമാനത്തിനു വേണ്ടി നിങ്ങൾ കൊതിക്കരുത് എന്നാണ് ഇതു നൽകുന്ന സന്ദേശം. ആത്മാഭിമാനമില്ലാതെ മാത്രമേ നിങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനാവുകയുള്ളൂ, അല്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടും.

ഇനി, ഹാനി ബാബുവിന്റെയും സായി ബാബയുടെയും കാര്യമെടുത്താല്‍, നിരപരാധിയായ ഒരാള്‍ ഇത്രയും നാള്‍ ജയിലടക്കപ്പെടുക എന്നത് എത്ര വേദനാജനകമായ കാര്യമാണ്. അതു മാത്രമല്ല, അങ്ങനെ തുറങ്കലലിടക്കപ്പെട്ട ഒരാളോട് അല്‍പം കരുണ കാണിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ മറ്റെയാളും ജയിലിലടക്കപ്പെടുകയാണ്.

ഇനി, ഹാനി ബാബുവിന് വേണ്ടി ഫോണിലെങ്കിലും സംസാരിക്കാന്‍ നമ്മളിലെത്ര പേര്‍ ധൈര്യം കാണിക്കും? കാരണം, ഫോണുകളും ഇന്ന് നിരീക്ഷണത്തിലാണല്ലോ. നമ്മളിലെത്ര പേര്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ട്, നിങ്ങളോടൊപ്പമുണ്ട് എന്ന് പറയും? ഇവിടെയിരുന്നുകൊണ്ട് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എളുപ്പമാണ്. പക്ഷേ യാതൊന്നും പ്രവര്‍ത്തിക്കാൻ സാധിക്കുകയില്ല. കേരളത്തില്‍ നിന്നും ഡല്‍ഹി വരെയുള്ള കാര്യങ്ങള്‍ നിരീക്ഷണത്തിലാണ് എന്നതാണ് കാരണം. അവരുടെ രജിസ്റ്ററുകളില്‍ നമ്മുടെ പേര് വരാന്‍ ഒരാളും ആഗ്രഹിക്കുന്നില്ല എന്നാണിത് പറയുന്നത്. ഇത് തകര്‍ക്കപ്പെടേണ്ടതുണ്ട്. ആരെങ്കിലും, എവിടെയെങ്കിലും, പ്രത്യേകിച്ചും ഭരണകൂടത്തെ നേരിട്ട് ആശ്രയിക്കാത്തവര്‍, ഭരണകൂടത്തെ ആശ്രയിച്ചുകൊണ്ടല്ലാതെ തങ്ങളുടെ ദൈനംദിനജീവിതത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നവരെങ്കിലും ഇതു ചെയ്യേണ്ടതുണ്ട്. ഇവിടെ, സകല രാഷ്ട്രീയ ബോധ്യങ്ങളും ദേശരാഷ്ട്രം എന്ന വ്യവഹാരത്തിന്റെയുള്ളിലാണ് നിലനില്‍ക്കുന്നത്. ദേശരാഷ്ട്രമാണ് ഇവിടെ എല്ലാം. അങ്ങനെ ദേശരാഷ്ട്രം കുറച്ചധികം കാഠിന്യത്തോടെ പെരുമാറാന്‍ തുടങ്ങികഴിഞ്ഞാല്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കാതെ വരുന്നു. എന്തുകൊണ്ടാണിങ്ങനെ? ദേശരാഷ്ട്രം തകരട്ടെ. നമ്മളെന്തിനാണ് അത് കാര്യമാക്കുന്നത്? ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ ദേശരാഷ്ട്രമുള്ളത് കൊണ്ടല്ല, മറിച്ച് അതിനെ കൂടാതെയാണ് എന്നതാണ് സത്യം. ഭരണകൂടമില്ലാതെയാണ് ഭൂരിഭാഗം ജനതയും ഇവിടെ ജീവിച്ച് മുന്നോട്ട് പോകുന്നത്. ഭരണകൂടത്തെ ആശ്രയിച്ച് ജീവിക്കുന്ന ചുരുക്കം ചില വിഭാഗത്തിനാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ, ഹാനിബാബുവിനെയും സായിബാബയെയും സ്റ്റാന്‍ സ്വാമിയെയും തെല്‍തുംബ്ഡെയും പോലെയുള്ള വ്യക്തികളുമായി നമ്മള്‍ ഐക്യദാര്‍ഢ്യപ്പെടണമെങ്കില്‍ നമ്മള്‍ ആദ്യം തന്നെ നമ്മളെ ദേശരാഷ്ട്രത്തില്‍ നിന്നും ദേശരാഷ്ട്രത്തിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വയം വിച്ഛേദിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ, ഈ അനീതി അനുഭവിക്കുന്നവരെ ആദരിച്ചു കൊണ്ടുള്ള, അര്‍ത്ഥവത്തായ ഒരു ഐക്യദാര്‍ഢ്യം നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

എസ്ഐഒ കേരള 2019 ഒക്ടോബറിൽ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച ‘Dissent is our political right, Rage against witch-Hunt: In Solidarity with Prof MT Hany Babu’ എന്ന പരിപാടിയിൽ നിർവഹിച്ച പ്രഭാഷണം.

മൊഴിമാറ്റം: അഫീഫ് അഹ്‌മദ്‌

Top