സംഘ്പരിവാറിന്റെ ജാതിവിരുദ്ധ നാട്യങ്ങൾ
ഗഹനമായ ചരിത്രാന്വേഷണങ്ങളിൽ ഊന്നിയാണ് ജാതിയെയും ഹിന്ദുയിസത്തെയും അംബേഡ്കർ പഠിച്ചത്. അംബേഡ്കറുടെ ആശയങ്ങളെ മുറിച്ചും സാഹചര്യത്തിൽ നിന്ന് വേർപ്പെടുത്തിയും വായിക്കുന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തോടും സമരങ്ങളോടും ചെയ്യുന്ന കൊടിയ അനീതിയാണ്. പല്ലികോണ്ട മണികണ്ഠ എഴുതുന്നു.
നമ്മുടെ രാജ്യത്തിന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ പരിസരങ്ങൾ അനേകം പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. അതിലൊന്നാണ് ജാതി-സംവരണ വിഷയം. ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിലും, ജാതി-വിരുദ്ധ റാഡിക്കൽ ചിന്താഗതികളെ വരുതിയിലാക്കുന്നതിലും- വർധിച്ചു വരുന്ന അസമത്വങ്ങളുടെ പശ്ചാത്തലത്തിൽ സംഘ്പരിവാർ പകച്ചു നിൽക്കുകയാണ്. സ്വസ്ഥമായ ഭൂരിപക്ഷത്തോടെ സംഘ്പരിവാറിന്റെ രാഷ്ട്രീയ കക്ഷിയായ ബിജെപി അധികാരത്തിലിരിക്കുമ്പോൾ, ഇത്തരം പ്രശ്നങ്ങളെ കൂടുതൽ ജൈവികമായ രീതിയിൽ പരിഹരിക്കാൻ പരിവാറുകാർ നിർബന്ധിതരായിരിക്കുകയാണ്.
സമകാലിക സാഹചര്യത്തിൽ തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന അത്തരം ചില പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ട് ഓഗസ്റ്റ് പത്തിന് ആർഎസ്എസിന്റെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ നടത്തിയ പ്രസംഗത്തിൽ നിന്ന്, സംഘ് രാഷ്ട്ര ശരീരത്തെയും സങ്കീർണമായ സാമൂഹിക യാഥാർഥ്യങ്ങളോടുള്ള അതിന്റെ സമീപനങ്ങളെയും എങ്ങനെയാണ് അടയാളപ്പെടുത്തുക എന്നതിനെ കുറിച്ചുള്ള ചില വിലപ്പെട്ട സൂചനകൾ നമുക്കു ലഭിക്കുന്നുണ്ട്. ബിജെപി വക്താവായ ഗുരു പ്രകാശ് പാസ്വാന്റെ “മേക്കേർസ് ഓഫ് മോഡേൺ ദലിത് ഹിസ്റ്ററി” എന്ന പുസ്തകത്തിന്റെ പ്രകാശന പരിപാടിയിലാണ് ഈ പ്രസംഗം അവതരിപ്പിക്കപ്പെട്ടത്.
സംവരണത്തിനുള്ള ആർഎസ്എസ് പിന്തുണയെ അംഗീകരിക്കുന്നതുൾപ്പെടെ, ഒരുപാട് വിഷയങ്ങൾ ഹോസബലെയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു. പക്ഷേ, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ദലിത് ചരിത്രത്തെ വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും അദ്ദേഹം സമർപ്പിക്കുന്ന സമീപനത്തെ കുറിച്ചുള്ളതാണ്. അദ്ദേഹം പറയുന്നു: “ദലിത് ചരിത്രവും ഇൻഡ്യൻ ചരിത്രവും രണ്ടല്ല. ദലിത് സമുദായത്തിന്റെ ചരിത്രം പരാമർശിക്കാതെയുള്ള ഇൻഡ്യയുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-ആത്മീയ ചരിത്രങ്ങൾ അപൂർണവും അവാസ്തവവുമായിരിക്കും”.
ആധുനിക ഇൻഡ്യയുടെ നിർമാണത്തിൽ ജാതിവിരുദ്ധ ചരിത്രങ്ങൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാൻ സാധിക്കില്ല എന്നതു ശരി തന്നെ. എന്നാൽ, സംഘ് വാദം യഥാർഥത്തിൽ ജാതി ഉന്മൂലനത്തെ ഉൾക്കൊള്ളുകയും ഉദ്ഘോഷണം ചെയ്യുകയും ചെയ്യുന്നുണ്ടോ, അല്ലെങ്കിൽ ഇതു മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണോ എന്നതാണ് നമുക്കു മുന്നിൽ ബാക്കിയാവുന്ന ചോദ്യം. സാമൂഹിക നീതിയും മൈത്രിയും തങ്ങളുടെ രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് വിശ്വാസ സംഹിതയാണെന്ന് ഹോസബലെ പറയുന്നുണ്ടെങ്കിലും, 1990കൾക്കു ശേഷം മണ്ഡൽ-മന്ദിർ മുന്നേറ്റങ്ങളുടെ പ്രാരംഭ കാലത്ത്, സാമൂഹിക നീതിയുടെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതിൽ തന്റെ സംഘടന വഹിച്ച പങ്ക് അദ്ദേഹം വിസ്മരിച്ചു കളഞ്ഞിട്ടുണ്ട്.
ജാതിവിരുദ്ധ ചരിത്രങ്ങളെ മനസ്സിലാക്കുന്നതിൽ കർതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങൾ വളരെ നിർണായകമാണ്. ‘ആർ എന്തു പറയുന്നു’ എന്നു നമ്മൾ അറിഞ്ഞിരിക്കണം. തൊട്ടുകൂടായ്മക്ക് നമ്മുടെ മതത്തിലോ സമൂഹത്തിലോ യാതൊരു സ്ഥാനവുമില്ല എന്ന് പ്രമേയം പാസാക്കിയ മത പുരോഹിതന്മാർക്ക് 1969ൽ ഗോൾവാൾക്കർ അയച്ച കത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഹോസബലെ തന്നെ ഇതിനെ വ്യക്തമാക്കുന്നുണ്ട്. പുരോഹിതന്മാരായിരുന്നു ജാതിവിരുദ്ധ പ്രഖ്യാപനം നടത്തിയത് എന്നത് പ്രധാനമാണ്. ഹോസബലെ പറയുന്നു: “ഇത്തരം കാര്യങ്ങൾ ശരിയായോ തെറ്റായോ വ്യാഖ്യാനം ചെയ്യപ്പട്ടിരുന്ന ആദിമ കാലം മുതൽക്കേ മത സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ആളുകളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ വരുമ്പോൾ, അതു വലിയ പ്രാധാന്യത്തോടെ മനസ്സിലാക്കപ്പെടും”.
എന്നാൽ, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ‘ആർ എന്തു പറഞ്ഞു’ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. താൻ പറഞ്ഞ എല്ലാ കാര്യങ്ങളും സ്വന്തം സംഘടനക്കകത്ത് സൗകര്യപൂർവം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കെ, എങ്ങനെയാണ് ഒരു ദലിത് എഴുത്തുകാരന്റെ പുസ്തക പ്രകാശന ചടങ്ങിൽ, ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തിലെടുക്കുക! മറുവശത്ത്, അഖില ഭാരതീയ പ്രതിനിധി സഭയുടെയും അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെയും മീറ്റിങ്ങുകൾ ദ്വിജന്മാരാൽ നിറഞ്ഞിരിക്കുന്നതാണ് പതിവു കാഴ്ച.
ഗോൾവാൾക്കറിന്റെ കത്തിനെ പരാമർശിച്ചുകൊണ്ട് ഹോസബലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറഞ്ഞു. “ദലിത് ഉന്നമനം എന്നത് ആധുനിക കാലത്തിന്റെ സമ്മർദങ്ങൾക്ക് അടിപ്പെട്ടു കൊണ്ടുള്ള കേവല വിതരണങ്ങൾ മാത്രമാവരുത്, മറിച്ച് എല്ലാ കാലത്തും നിലനിൽക്കേണ്ടുന്ന തത്വങ്ങളോട് ചേർന്നു നിന്നുകൊണ്ടും നമ്മുടെ കഴിഞ്ഞ കാല പിഴവുകൾക്കുള്ള വിനീതമായ പശ്ചാതാപ മനസ്ഥിതിയുടെയും ചെയ്യേണ്ടുന്നതാണത്. ഇവിടെയാണ് സംഘ്പരിവാറിന്റെ ആന്തരിക വൈരുധ്യങ്ങൾ വെളിപ്പെടുന്നത്. ആധുനിക കാലത്തിന്റെ സമ്മർദ്ദങ്ങൾക്ക് (തെരഞ്ഞെടുപ്പ് വിജയങ്ങളോ, മൈത്രിയുടെയും അഖണ്ഡതയുടെയും പേരിലുള്ള ബ്രാഹ്മണ നവജാഗരണമോ ആണ് ഉദ്ദേശ്യം) അടിപ്പെട്ടുകൊണ്ടു മാത്രമാണ് അവർ അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി വാദിക്കുന്നത്. എല്ലാത്തിലുമുപരി, സംഘ്പരിവാർ ഇപ്പോഴും ബ്രാഹ്മണിക ഹിന്ദുയിസത്തിന്റെ വിധേയർ മാത്രമാണല്ലോ. ‘ദ് ശൂദ്രാസ്’ എന്ന ഞങ്ങളുടെ പുതിയ പുസ്തകത്തിൽ, സവർണ/ദ്വിജ അധീശത്വത്തെ തുടർത്താൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതിന്റെ ഒരുപാട് ഉദാഹരങ്ങൾ കാണിച്ചിട്ടുണ്ട്.
ദലിത് ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ, ആർ എന്തു പറയുന്നു എന്നതുപോലെ, ആർ എന്ത് എഴുതുന്നു എന്നതിന്റെയും പ്രാധാന്യം ഈ പുസ്തകത്തിലും, ഹോസബലെയുടെ പ്രസംഗത്തിൽ തന്നെയും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ജാതിവിരുദ്ധ പോരാട്ടങ്ങളെ പൊതുവായും, ദലിത് ചരിത്രത്തെ സവിശേഷമായും സെലക്ടീവായി വായിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾ സംഘ്പരിവാർ അംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഇതു വളരെ പ്രധാനമാണ്. അംബേഡ്കറൈറ്റ്-ഫുലെ പ്രസ്ഥാനങ്ങളുടെ ‘മുക്തി’ മൂല്യങ്ങളെ വരുതിയിൽ നിർത്താനും അട്ടിമറിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്.
കീഴാള, ദലിത് ചരിത്രങ്ങളെ സെലക്ടീവായി വായിക്കാനും മനസ്സിലാക്കാനുമുള്ള സംഘടിത പദ്ധതിയുടെ ഭാഗമെന്ന നിലക്ക്, ഉപരിസൂചിത പുസ്തകവും (ഗുരു പ്രകാശ് പാസ്വാന്റെ പുസ്തകം) അതിനൊരു അപവാദമല്ല. ഉദാഹരണത്തിന്, 117ആം പേജ് കാണുക, സാവിത്രി ഭായ് ഫുലെയുടെ ‘ഗോ ഗെറ്റ് എഡ്യൂക്കേഷൻ’ എന്ന വിഖ്യാതമായ പദ്യം പരാമർശിക്കുന്നതിനിടയിൽ, അതിന്റെ അവസാന വരി ഒഴിവാക്കിയിരിക്കുന്നതായി കാണാം. “ബ്രാഹ്മണ ഗ്രന്ഥങ്ങളെ വളരെ വേഗം വലിച്ചെറിയൂ” എന്നതായിരുന്നു ആ വരി.
പേജ് പതിനഞ്ചിൽ, ദലിത് എന്നതിനോട് ചേർന്ന മറ്റു നാമങ്ങളെ പരാമർശിച്ചിട്ടുണ്ട്- അധസ്ഥിത വിഭാഗം, മർദിത ഹിന്ദുക്കൾ (supressed classes, oppressed hindus) എന്നിവയാണവ. ഇങ്ങനെ ചെയ്യുക വഴി അംബേഡ്കർ ഉപയോഗിച്ച നാമകരണങ്ങളെ പരാമർശികുന്നതിൽ വീഴ്ച വരുത്തുകയാണ് അവർ ചെയ്യുന്നത്. ജാതിയില്ലാ ഹിന്ദുക്കൾ (non-caste hindus), പ്രതിവാദ ഹിന്ദുക്കൾ (protestant hindus), വിമത ഹിന്ദുക്കൾ (non-confirmist hindus) എന്നൊക്കെയാണ് അംബേഡ്കറിന്റെ പ്രയോഗങ്ങൾ. “മർദിത ഹിന്ദുക്കൾ”, “ജാതിരഹിത ഹിന്ദുക്കൾ” എന്നീ രണ്ടു പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം, സംഘ്പരിവാറുകാർ ആധുനിക ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിക്കുന്ന ജ്ഞാനശാസ്ത്ര സംഘർഷങ്ങളെയാണ് സൂചിപ്പിക്കുന്നത്.
സമാനമായി, പേജ് 143ൽ ലേഖകൻ പറയുന്നതു കാണുക, “ജാതി ഉന്മൂലനം” നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്. കാരണം, ഹിംസാത്മകമോ ശിക്ഷാപരമോ ആയ മാർഗങ്ങൾ പ്രയോഗിക്കാതെ സാമൂഹിക നീതിക്കു വേണ്ടിയുള്ള സമരം നയിക്കാനാണ് അത് ആവശ്യപ്പെടുന്നത്. അത് അംബേഡ്കറിന്റെ ഒരു സവിശേഷതയായിരുന്നു. ഉപനിഷത്തുകളിലെ തത്വങ്ങളിൽ ഊന്നിയ ഒരു പ്രത്യേക മതം സ്ഥാപിക്കാൻ തന്നെ അദ്ദേഹം ദലിതരോട് ആഹ്വാനം ചെയ്തു”.
അംബേഡ്കറുടെ വിമോചന തത്വശാസ്ത്രത്തെ കുറിച്ച അവരുടെ വികല വായനകളെ വെളിവാക്കുന്നതാണ് യഥാർഥത്തിൽ ഈ വാദം. രണ്ടാം പതിപ്പിന്റെ (1937) ആമുഖത്തിൽ അംബേഡ്കർ സൂചിപ്പിക്കുന്നത്, “ലാഹോറിലെ ജത്-പത്-തോടക് മണ്ഡലിനു വേണ്ടി ഞാൻ തയ്യാറാക്കിയ പ്രസംഗം അഥവാ, ജാതി ഉന്മൂലനത്തിന്, ഹിന്ദു ജന സമൂഹത്തിൽ നിന്ന് വിസ്മയകരമാം വിധമുള്ള സ്വീകരണമാണ് ലഭിച്ചത്”. അദ്ദേഹം തുടർന്ന് പറയുന്നു: “ഹിന്ദുക്കളാണ് ഇൻഡ്യയിലെ രോഗാതുരരായ ആളുകളെന്നും, അവരുടെ രോഗം മറ്റു ഇൻഡ്യക്കാരുടെ കൂടി ആരോഗ്യത്തെയും സന്തോഷത്തെയും അപകടത്തിലാക്കുന്നു എന്നും അവരെ ബോധ്യപ്പെടുത്താനായാൽ ഞാൻ സംതൃപ്തനാണ്”.
ഹൈന്ദവ ശാസ്ത്രങ്ങളുടെ അധികാരത്തെ നിരാകരിക്കുന്നതിനും, അവ പ്രതിനിധാനം ചെയ്യുന്ന മതത്തെ തകർക്കുന്നതിനുമാണ് അംബേഡ്കർ ഊന്നൽ കൊടുത്തതെന്ന് മേൽപ്പറഞ്ഞ കൃതിയിൽ നിന്നു വ്യക്തമാണ്. താൻ ഹിന്ദു മതം വിടുകയാണെന്നും അവർ (ജാതി ഹിന്ദുക്കൾ) ജാതിയെ പിഴുതെറിയാനുള്ള ശ്രമങ്ങൾ തുടരണമെന്നും അംബേഡ്കർ പ്രസ്താവിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “ക്ഷമിക്കണം, ഞാൻ നിങ്ങളോടൊപ്പമില്ല, ഞാൻ മാറാൻ തീരുമാനിച്ചിരിക്കുന്നു. ഇത് കാരണങ്ങൾ ബോധിപ്പിക്കേണ്ട ഇടമല്ല. ഞാൻ നിങ്ങളുടെ വ്യവസ്ഥ വിട്ടു എങ്കിലും, നിങ്ങളുടെ പ്രസ്ഥാനത്തെ (ജത്-പത്-തോടക് മണ്ഡൽ) അനുതാപപൂർവം ഞാൻ വീക്ഷിച്ചു കൊണ്ടിരിക്കും. കാര്യമുണ്ടെന്ന് തോന്നുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ സഹായമുണ്ടാകും”.
ബ്രാഹ്മണിസത്തിന്റെ വിഷങ്ങളിൽ നിന്ന് ഹിന്ദുയിസത്തെ രക്ഷിച്ചെടുക്കാൻ “ജാതി ഹിന്ദുക്കളോട് മാത്രമാണ്” (ദലിതരോടല്ല) അംബേഡ്കർ ‘ജാതി ഉന്മൂലനത്തിലൂടെ’ (annihilation of caste) ആവശ്യപ്പെടുന്നത് എന്നത് മേൽ വിവരിച്ച ഭാഗങ്ങളിൽ നിന്ന് വ്യക്തമാവുന്നുണ്ടല്ലോ. അംബേഡ്കർ ഉപനിഷത്തുകളിൽ വിശ്വസിച്ചിരുന്നു എന്ന് വരുത്തിത്തീർക്കാൻ ‘ജാതി ഉന്മൂലനത്തിൽ’ നിന്നും ഏതാനും വരികൾ പ്രത്യേകം തെരഞ്ഞെടുത്ത് പരാമർശിക്കുന്ന പതിവ് ആദ്യം ഹിന്ദു ദേശീയവാദികളിലും പിന്നീട് ‘മേക്കേർസ് ഓഫ് മോഡേൺ ദലിത് ഹിസ്റ്ററി’യുടെ ഗ്രന്ഥകാരനിലും കാണാം. അംബേഡ്കർ ബുദ്ധിസത്തിലേക്ക് പരിവർത്തനം ചെയ്തുവെങ്കിലും, പുതിയ ജനാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉപനിഷത്തുകളിൽ നിന്നാണ് അദ്ദേഹത്തിന് ലഭിച്ചത് എന്നാണ് അവരുടെ അഭിപ്രായം! ഇത് ബുദ്ധിസം അടിസ്ഥാനപരമായി ഹിന്ദുയിസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന പ്രചാരണം തുടരാൻ അവരെ സഹായിക്കുന്നതാണ്.
സംഘ്പരിവാറിന്റേതിൽ നിന്നു ഭിന്നമായി, ജാതിയെയും ഹിന്ദുയിസത്തെയും പഠനവിധേയമാക്കുന്ന അംബേഡ്കറുടെ രീതിശാസ്ത്രം ഗഹനമായ ചരിത്രാന്വേഷണങ്ങളിൽ ഊന്നിയതാണ്. അദ്ദേഹത്തിന്റെ എഴുത്തുക്കളെ മുറിച്ചും സാഹചര്യത്തിൽ നിന്ന് വേർപ്പെടുത്തിയും വായിക്കുക എന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തോടും നിരന്തരമായ സമരങ്ങളോടും ചെയ്യുന്ന കൊടിയ അനീതിയാണ്.
ഉപനിഷത്തുകളെ കുറിച്ച ആഴത്തിലുള്ള പഠനം തുടരുന്നതിനിടെ, ‘റിഡിൽസ് ഓഫ് ഹിന്ദുയിസം’ എന്ന പുസ്തകത്തിലൂടെ, എന്തുകൊണ്ടാണ് ഉപനിഷത്തുകൾ വേദങ്ങളുടെ ഭാഗമല്ലാതിരുന്നത് എന്നും, അവ പരസ്പര വിരുദ്ധമായത് എങ്ങനെയെന്നും, പിന്നീട് വേദങ്ങളുടെ അംഗവാക്യമായി അവ ചേർത്തപ്പെട്ടത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
തുടർന്നുള്ള അന്വേഷണത്തിൽ, ഫിലോസഫി ഓഫ് ഹിന്ദുയിസം എന്ന പുസ്തകത്തിൽ അംബേഡ്കർ ഉപനിഷത്തുകളെ കുറിച്ച് എഴുതുന്നത് കാണുക: “ഹിന്ദുക്കളുടെ ധാർമികവും സാമൂഹികവുമായ ക്രമവുമായി ബന്ധപ്പെട്ട് ഏറ്റം ഫലശൂന്യവും അപ്രധാനവുമായ രേഖയായി ഉപനിഷത്തുകൾ മാറി”. അവയുടെ ഫലരാഹിത്യത്തിന്റെ ഒരു കാരണം അദ്ദേഹം വിശദീകരിക്കുന്നത്, കലുഷിതമായ സാമൂഹിക ക്രമത്തിൽ ‘സത്യം എന്ന ആശയത്തെ’ പ്രസ്താവിച്ചുകൊണ്ടാണ്. “സത്യത്തെ അറിയുക മാത്രമല്ല, അതിനെ സ്നേഹിക്കാനും അറിയണം എന്നത് ഉപനിഷത്തുകളുടെ തത്വകാരന്മാർ തിരിച്ചറിഞ്ഞില്ല”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതീന്ദ്രീയമായ കാര്യങ്ങൾ കൊണ്ടു നിറഞ്ഞ (ഹിന്ദു) മതത്തിന്റെ പ്രശ്നങ്ങളെ പരാമർശിച്ചുകൊണ്ട്, ഇവയൊന്നും സാധാരണ ജനത്തെ പരിഗണിക്കുന്നില്ലെന്നും, അതിനാൽ തന്നെ ഒരു പ്രായോഗിക നൈതികതയായി അവയെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാരണം കൊണ്ടുതന്നെ, അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഹിന്ദു ധാർമിക നിയമങ്ങളും ഉപനിഷത്തുകളുടെ തത്വശാസ്ത്രവുമൊന്നും മനു സിദ്ധാന്തിച്ച ഹിന്ദുയിസത്തിന്റെ തത്വശാസ്ത്രത്തിൽ നിന്ന് അൽപം പോലും കുറവുവരുത്തുന്നില്ല എന്നത് അവിതർക്കിതമാണ്. മതത്തിന്റെ പേരിൽ മനു സിദ്ധാന്തിച്ച ആഭാസങ്ങളെയൊന്നും തുടച്ചുമാറ്റാൻ പ്രാപ്തിയോ ശേഷിയോ ഇല്ലാത്തവയായിരുന്നു അവ. അവയെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഒരാൾക്ക് പറയാൻ സാധിച്ചേക്കും, ഹിന്ദുയിസമേ നിന്റെ പേരല്ലോ അസമത്വം”.
ഉപനിഷത്തുകളെ കുറിച്ച അംബേഡ്കറുടെ വീക്ഷണങ്ങളെ വായിക്കുമ്പോൾ, മേൽപ്പറഞ്ഞ പുസ്തകത്തിന്റെ ഗ്രന്ഥകാരൻ സൂക്ഷ്മമായി വിഷയം പഠിച്ചിട്ടില്ല എന്നു ബോധ്യപ്പെടും. ജാതിവിരുദ്ധ വിപ്ലവകാരികളുടെ റാഡിക്കൽ വീക്ഷണങ്ങളെ ഒഴിച്ചു നിർത്തിക്കൊണ്ട്, തെരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം വായിക്കുക എന്നതാണ് അവരുടെ അജണ്ട എന്ന മട്ടിലാണ് കാര്യങ്ങൾ. മുൻപും അംബേഡ്കറുടെ ഫിലോസഫിയെ വരുതിയിലാക്കാൻ സംഘ്പരിവാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, “ഹിന്ദുത്വത്തിന് അംബേഡ്കറെ ഏറ്റെടുക്കാനോ വരുതിയിൽ നിർത്താനോ സാധിക്കില്ല” എന്ന് ഈ പ്രവണതയെ ശക്തമായി എതിർത്തുകൊണ്ട് ജാതിവിരുദ്ധ ബഹുജൻ ബുദ്ധിജീവികൾ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്.
ഇൻഡ്യൻ ചരിത്രവും ജാതിവിരുദ്ധ ചരിത്രവും രണ്ടു വ്യത്യസ്ത സംഗതികളാണെന്നും, അവ നിരന്തരം ജൈവികമായ ഒരു സംഘർഷത്തിൽ തുടരും എന്നുമുള്ള വസ്തുത ഹോസബലെ അറിഞ്ഞിരിക്കണം. ഗ്രന്ഥകർത്താവ് ചെയ്യുന്നത് പോലെ, ദലിത് വ്യവഹാരങ്ങളെ അരാഷ്ട്രീയവത്കരിക്കാനാണ് സംഘ്പരിവാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുസ്തകത്തിലുടനീളം ഇതു വ്യക്തവുമാണ്. കഴിഞ്ഞ കാല പാപങ്ങൾക്കുള്ള പ്രായശ്ചിത്തം എന്ന പേരിൽ ഐക്യദാർഢ്യം അഭിനയിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യത്തിനെതിരെ മാത്രമല്ല, അംബേഡ്കർ ജാതി ഉന്മൂലനത്തിൽ പറഞ്ഞതു പോലെ, മറ്റു ഇൻഡ്യക്കാരുടെയും ആരോഗ്യത്തെയും സന്തോഷത്തെയും അപകടത്തിലാക്കുന്ന ബ്രാഹ്മണിക സാമൂഹിക ക്രമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന റാഡിക്കൽ മുന്നേറ്റങ്ങളെ അലസിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പല്ലികോണ്ട മണികണ്ഠ: തെലങ്കാനയിൽ നിന്നുള്ള ഫുലെ-അംബേഡ്കറൈറ്റ് ഗവേഷകനാണ് ലേഖകൻ. എച്.സി.യുവിൽ ബി.എസ്.എഫിനൊപ്പവും, ജെ.എൻ.യുവിൽ ബാപ്സയിലും പ്രവർത്തിച്ചിട്ടുണ്ട്.
കടപ്പാട്: ദി വയർ
മൊഴിമാറ്റം: അഫ്സൽ ഹുസൈൻ