മടപ്പള്ളിയിലെ എസ്എഫ്ഐ ഹിംസ: ഒരു മുസ്‌ലിം സ്ത്രീ വീക്ഷണം

എസ്.എഫ്.ഐയുടെ സ്ത്രീപക്ഷ സമവാക്യങ്ങളില്‍ ദലിത് ബഹുജന്‍ സ്ത്രീകള്‍ എന്നും പുറത്താണ്. ആക്രമണത്തിനിരയായ പെണ്‍കുട്ടികളുടെ മുസ്‌ലിം സ്വത്വം ചര്‍ച്ചയാവുന്നത് ഈ സാഹചര്യത്തിലാണ്. നിരവധി സവര്‍ണയിടങ്ങളോട് തങ്ങളുടെ സ്വത്വത്തിന്റെ പേരില്‍ നിരന്തരം കലഹിച്ചു കൊണ്ടാണ് ഓരോ മുസ്‌ലിം പെണ്‍കുട്ടിയും കലാലയങ്ങളിലും പൊതു സമൂഹത്തിലും നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും. ഫ്‌ളാഷ്‌മോബിനും ബത്തക്കകും മാത്രം സംരക്ഷണം നല്‍കുന്ന വനിതാ കമ്മീഷനോടും മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയത്തോടും പറയാനുള്ളത് ഇത്രമാത്രമാണ്; നിങ്ങള്‍ വലിയ വായില്‍ സമത്വവും സ്വാതന്ത്ര്യവും പറയുന്ന ഇതേ കേരളത്തില്‍ തന്നെയാണ് എസ്.എഫ്.ഐ ആണ്‍കൂട്ടങ്ങളുടെ അക്രമത്തിന് ഈ പെണ്‍കുട്ടികള്‍ ഇരകളായിരിക്കുന്നത്. അവരുടെ ഇസ്‌ലാമോഫോബിക് മനോഭാവത്തിനെതിരായിട്ടു കൂടിയാണ് ഈ പെണ്‍കുട്ടികള്‍ പോരാടുന്നത്. ആദിലാ നാസര്‍ എഴുതുന്നു.

കോഴിക്കോട്‌ ജില്ലയിലെ മടപ്പള്ളി ഗവൺമെന്റ് കോളേജ് കാമ്പസിലെ ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളിലെ പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെ അവിടുത്തെ എസ്.എഫ്.ഐ പ്രവർത്തകർ അക്രമിക്കുകയും മര്‍ദിക്കുകയും ചെയ്ത സാഹചര്യത്തിൽ, കാമ്പസ് ജനാധിപത്യവും വിദ്യാർഥി സംഘടനകളിലെ പുരുഷാധിപത്യ പ്രവണതകളും മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ വ്യവഹാരങ്ങളുമെല്ലാം ദേശീയ തലത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മുസ്‌ലിം പെൺകുട്ടികൾക്കു നേരെയുള്ള ഈയൊരാക്രമണം രാജ്യത്തെ സുപ്രധാന സർവകലാശാലകളിലെല്ലാം തന്നെ വ്യത്യസ്ത തലങ്ങളിലുള്ള സംവാദങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. തങ്ങൾക്കു മേൽക്കോയ്മയുള്ള പല കാമ്പസുകളിലും മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങൾക്കു പ്രവർത്തന സ്വാതന്ത്ര്യമനുവദിക്കാത്ത തരത്തിലുള്ള എസ്.എഫ്.ഐയുടെ ജനാധിപത്യ ഹിംസകൾ മുൻപേ തന്നെ പല സന്ദർഭങ്ങളിലായി കേരളമൊട്ടാകെ ചർച്ചാ വിഷയമായതാണ്. തങ്ങൾക്കെതിരെ നിലകൊള്ളുന്ന വിദ്യാർഥികളെ ‘പുരോഗമന വിദ്യാർഥി പ്രസ്ഥാനം’ ലിംഗഭേദമൊട്ടുമില്ലാതെ കായികമായി നേരിട്ടതിന്റെ നിരവധി ദുരനുഭവങ്ങൾ മുൻകാലങ്ങളില്‍ ഉണ്ടായിട്ടുള്ളതായി കാണാവുന്നതാണ്. യൂണിവേഴ്സിറ്റി കോളേജ്, കേരളവർമ കോളേജ് തുടങ്ങിയ കേരളത്തിലെ ഏറ്റവും പ്രബുദ്ധമെന്ന ഖ്യാതിയുള്ള കലാലയങ്ങളിൽ പോലും പേശീബലത്തിന്റെ അധികാരമുപയോഗിച്ച് എസ്.എഫ്.ഐ പെൺകുട്ടികളെ മർദിച്ചതിന്റെ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.

 

കാമ്പസിലെ സ്ത്രീ സംരക്ഷകരായും ആങ്ങളമാരായും ചമയുന്ന എസ്.എഫ്.ഐയുടെ ആക്രമണങ്ങൾക്ക് ഇത് രണ്ടാം തവണയാണ് മടപ്പള്ളിയിലെ ഫ്രറ്റേണിറ്റി പ്രവർത്തകയായ സൽവയും എം.എസ്.എഫ് പ്രവർത്തകയായ തംജീദയും ഇരകളാവുന്നത്. ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് ജെ.എന്‍.യുവിൽ എസ്.എഫ്.ഐ പ്രവർത്തകയായ ശതരൂപാ ചക്രബൊർത്തി എ.ബി.വി.പിയുടെ മർദനങ്ങൾക്കിരയാവുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തൃശൂർ വിവേകാനന്ദ കോളേജിൽ മരം നടാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകയെ എ.ബി.വി.പി പ്രവർത്തകരായ ആണ്‍കുട്ടികള്‍ ചേർന്ന് അസഭ്യം പറഞ്ഞതിന്‍റെ വാർത്തകളും നമ്മൾ കണ്ടിരുന്നതാണ്. തങ്ങൾക്ക് മതിയായ അധികാരങ്ങൾ ഇല്ലാത്ത കാമ്പസുകളിൽ ഫാസിസത്തിനിരകളാവുന്ന എസ്.എഫ്.ഐ, കേരളത്തിൽ തങ്ങൾക്കു വ്യക്തമായ അധികാരവും സ്വാധീനവുമുള്ളയിടങ്ങളിൽ വേട്ടക്കാരന്റെ വേഷമണിയുന്നു എന്നത് കൃത്യമായ വിരോധാഭാസമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അധികാരബലം കൈവരുമ്പോൾ പ്രവർത്തനതലങ്ങളിൽ എസ്.എഫ്.ഐക്കും എ.ബി.വി.പിക്കും കാമ്പസുകളിൽ ഒരേ മുഖമാണ്.

ജെ.എന്‍.യുവിലെ ശതരൂപാ ചക്രവർത്തിയുടെ സ്ത്രീ സ്വത്വമുപയോഗിച്ച് കേരളത്തിലേതടക്കമുള്ള കാമ്പസുകളിൽ എ.ബി.വി.പിക്കെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ എസ്.എഫ്.ഐ സംഘടിപ്പിക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സൽവയടക്കമുള്ള പെൺകുട്ടികൾക്കു നേരെ വ്യക്തിഹത്യക്കു സമാനമായ കൃത്യങ്ങളാണ് എസ്.എഫ്.ഐ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇടതു വിദ്യാർഥി സംഘടനകളിൽ പ്രഥമഗണീയരായുള്ള എസ്.എഫ്.ഐയും ഇത്തരം ആണത്ത പ്രകടനങ്ങൾക്കൊരപവാദമല്ല എന്നതാണ് പെൺകുട്ടികൾക്കു നേരെയുള്ള ഇത്തരം കൃത്യങ്ങൾ വെളിവാക്കുന്നത്. സൽവയെയും തംജീദയെയും ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിൽ ആൺ മേൽക്കോയ്മയുടെ ചുവയുള്ള സംസാരങ്ങൾ കാണാവുന്നതാണ്.

ജെ.എന്‍.യുവിലെ ശതരൂപാ ചക്രവർത്തിയുടെ സ്ത്രീ സ്വത്വമുപയോഗിച്ച് കേരളത്തിലേതടക്കമുള്ള കാമ്പസുകളിൽ എ.ബി.വി.പിക്കെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ എസ്.എഫ്.ഐ സംഘടിപ്പിക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സൽവയടക്കമുള്ള പെൺകുട്ടികൾക്കു നേരെ വ്യക്തിഹത്യക്കു സമാനമായ കൃത്യങ്ങളാണ് എസ്.എഫ്.ഐ ചെയ്തുകൊണ്ടിരിക്കുന്നത്.

“അലറി വിളിക്കുന്ന മുദ്രാവാക്യങ്ങളുടെ അര്‍ഥമെന്താണെന്ന് അറിയാത്തവരാണ് എസ്.എഫ്.ഐക്കാര്‍. എസ്.എഫ്.ഐക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കില്ല. അവര്‍ ഭൂരിപക്ഷമുള്ളിടങ്ങളില്‍ ജനാധിപത്യമല്ല മറിച്ച് ഏകാധിപത്യമാണ് നടക്കുന്നത്. സോഷ്യലിസം എന്താണെന്ന് അറിയാത്തവരാണ് എസ്.എഫ്.ഐ ഗുണ്ടകള്‍. ബിരുദമെടുക്കാനല്ല, മറിച്ച് മൂന്ന് വര്‍ഷത്തെ ക്വട്ടേഷന്‍ എടുത്താണ് അവരില്‍ ചിലര്‍ കോളേജുകളില്‍ എത്തുന്നത്. കേസുകള്‍ നടത്താന്‍ പാര്‍ട്ടി കൂടെയുള്ളതിനാല്‍ അവര്‍ക്ക് ആരെയും ഭയക്കേണ്ടതായി വരുന്നില്ല. ഞാനടക്കമുള്ളവരുടെ മുന്നില്‍ വെച്ചാണ് മറ്റു പാര്‍ട്ടിക്കാരുടെ കൊടി തോരണങ്ങള്‍ എസ്.എഫ്.ഐക്കാര്‍ അഗ്നിക്കിരയാക്കുകയും അവരെ അക്രമിക്കുകയും ചെയ്തത്”, എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തോട് വിടപറഞ്ഞു കൊണ്ട് മടപ്പള്ളി ഗവ. കോളേജ് രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി റഷ അഹ്മദ് എഴുതിയതാണിത്.

മുൻപു സൂചിപ്പിച്ചത് പോലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സദാചാരത്തിന്റെ പേരിൽ ഏതാണ്ട് രണ്ടു വർഷം മുൻപാണ് എസ്.എഫ്.ഐ അനുഭാവിയായ പെണ്‍കുട്ടിയടക്കം രണ്ടു പേർ ക്രൂരമായ അക്രമങ്ങൾക്ക് ഇരയായത്. തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഐസ (AISA) പ്രവർത്തകയടക്കമുള്ള രണ്ടു പെണ്‍കുട്ടികൾക്കും എസ്.എഫ്.ഐയുടെ അതിക്രമങ്ങൾക്ക് ഇരകളാവേണ്ടി വന്നു. എസ്.എഫ്.ഐയുടെ ഇത്തരം കൃത്യങ്ങൾ പൊതുസമൂഹത്തിൽ അല്‍പമെങ്കിലും ചർച്ചയാവാറുള്ളത് പെണ്‍കുട്ടികളെ അക്രമിക്കുമ്പോഴാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെയും മറ്റും ഇടപെടലുകളിൽ നിന്നും ബോധ്യമായിട്ടുള്ളത്. അല്ലാത്ത സാഹചര്യങ്ങളിൽ തികച്ചും സ്വാഭാവികമായി മാത്രം സംഭവിക്കുന്ന കൃത്യങ്ങളോടുള്ള നിസ്സംഗതയാണ് എസ്.എഫ്.ഐയുടെ ആക്രമണങ്ങളോട് സമൂഹം കാണിക്കാറുള്ളത്. പെണ്‍കുട്ടികളെ അക്രമിക്കുമ്പോൾ പോലും നിസ്സംഗത പാലിക്കുന്ന, അല്ലെങ്കിൽ മനഃപൂർവമുള്ള മൗനം ദീക്ഷിക്കുന്ന കൃത്യമായ ഇടതു അജണ്ടകളുള്ള ഫെമിനിസ്റ്റുകൾ അടക്കമുള്ള പുരോഗമനവാദികൾ എന്നവകാശപ്പെടുന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നത് തീർത്തും ലജ്ജിപ്പിക്കുന്ന ഒരു വസ്തുതയാണെന്ന് പറയാതെ വയ്യ. എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ ഇത്തരം ആണത്തപ്രകടനങ്ങൾ അവസാനിപ്പിക്കപ്പെടേണ്ടതാണ്. പെണ്‍കുട്ടികൾക്കു നേരെ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ തീർച്ചയായും ശിക്ഷിക്കപ്പെടണം

ഇരകളുടെ മുസ്‌ലിം സ്വത്വം

ജെ.എന്‍.യുവിൽ എസ്.എഫ്.ഐ അടങ്ങുന്ന ഇടതു ഐക്യമുന്നണിയിലെ ഇതര സംഘടനകളിൽ ഒന്നായ ഐസ ഈയൊരാക്രമണത്തെ അപലപിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ‘ഇസ്‌ലാമോഫോബിയയുടെ ഭാഷയുപയോഗിച്ചുള്ള ന്യായീകരണ പ്രവർത്തനങ്ങൾ പുരോഗമന രാഷ്ട്രീയത്തിന് എതിരാണ്’ എന്ന് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. നജീബിന്റെ തിരോധാനം സംഭവിച്ച ജെ.എന്‍.യുവിൽ പ്രവർത്തിക്കുന്ന എസ്.എഫ്.ഐ, ഇസ്‌ലാമോഫോബിയ കേവലം ജൽപനം മാത്രമാണെന്ന് പ്രസ്താവിച്ചയിടത്താണ് ഐസ ഇത്തരത്തിലൊരു ഇടപെടൽ നടത്തിയതെന്നത് ശ്രദ്ധേയമാണ്. ബഹുജൻ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിർസ അംബേഡ്കര്‍ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷൻ തങ്ങളുടെ പ്രസ്താവനയിൽ ‘ഇസ്‌ലാമോഫോബിക് എസ്.എഫ്.ഐ’ എന്നു തന്നെ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.

ഹാദിയ വിഷയത്തിലും മറ്റും കേരളത്തിലെ ഫെമിനിസ്റ്റുകളുടെ മൗനം അവർ ആരുടെ താൽപര്യങ്ങൾക്കു വിധേയരായിട്ടാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം പൊതുസമൂഹത്തിന് നല്‍കിയിട്ടുണ്ട്. ഇവരുടെ സ്ത്രീപക്ഷ സമവാക്യങ്ങളിൽ ദലിത് ബഹുജൻ സ്ത്രീകൾ എന്നും പുറത്താണ്. ഈയൊരു സാഹചര്യത്തിലാണ് ആക്രമണത്തിനിരയായ പെൺകുട്ടികളുടെ മുസ്‌ലിം സ്വത്വം ചർച്ചയാവുന്നത്.

കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയം ഇടതു മതേതര അടിത്തറയിൽ അധിഷ്ഠിതമായതിനാൽ മുസ്‌ലിം, ദലിത് സ്ത്രീകളുടെ ചെറുത്തുനിൽപ്പുകളെയും അവർക്കെതിരെയുള്ള ആക്രമണങ്ങളെയും മുഖ്യധാരാ ഫെമിനിസം പൊതുവെ ചർച്ച ചെയ്യാറില്ല. അതുകൊണ്ടു തന്നെ, എസ്.എഫ്.ഐ ഇതര ഇടതുസംഘടനകളിൽ നിന്നും ബാപ്സ (BAPSA) പോലെയുള്ള ബഹുജൻ പ്രസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ ആശാവഹമാണ്. ഹാദിയ വിഷയത്തിലും മറ്റും കേരളത്തിലെ ഫെമിനിസ്റ്റുകളുടെ മൗനം അവർ ആരുടെ താൽപര്യങ്ങൾക്കു വിധേയരായിട്ടാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം പൊതുസമൂഹത്തിന് നല്‍കിയിട്ടുണ്ട്. ഇവരുടെ സ്ത്രീപക്ഷ സമവാക്യങ്ങളിൽ ദലിത് ബഹുജൻ സ്ത്രീകൾ എന്നും പുറത്താണ്. ഈയൊരു സാഹചര്യത്തിലാണ് ആക്രമണത്തിനിരയായ പെൺകുട്ടികളുടെ മുസ്‌ലിം സ്വത്വം ചർച്ചയാവുന്നത്. കാരണം നിരവധി സവർണയിടങ്ങളോട് തങ്ങളുടെ സ്വത്വത്തിന്റെ പേരിൽ നിരന്തരം കലഹിച്ചു കൊണ്ടാണ് ഓരോ മുസ്‌ലിം പെൺകുട്ടിയും കലാലയങ്ങളിലും പൊതു സമൂഹത്തിലും നിലനിൽക്കുന്നത്.

തംജിത കെ വി

തംജിത കെ വി

റഷ അഹമ്മദ്

റഷ അഹമ്മദ്

സൽവ അബ്ദുൽ ഖാദർ

സൽവ അബ്ദുൽ ഖാദർ

വസ്ത്രധാരണത്തിന്റെ പേരിലും ആചാരാനുഷ്ഠാനങ്ങളുടെ പേരിലുമുള്ള ഇടതുലിബറൽ ആശങ്കകളുടെ ഭാരം ചുമക്കാൻ വിധിക്കപ്പെട്ടവരാണ് മുസ്‌ലിം പെൺകുട്ടികൾ. സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുവെന്ന കാരണത്താൽ മതേതര പൊതുബോധം ചാർത്തിക്കൊടുക്കുന്ന തീവ്രവാദി, വർഗീയ വാദി, മതമൗലികവാദി പട്ടങ്ങൾ തങ്ങളിലുണ്ടാക്കുന്ന അപകർഷതാബോധവും മാനസിക സംഘർഷങ്ങളും പേറി ജീവിക്കുന്നവരാണിവർ. ഇക്കാരണങ്ങൾ കൊണ്ടൊക്കെത്തന്നെയാണ് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ മുസ്‌ലിം സ്വത്വം ചർച്ചയാവുന്നതും. ഇതിനു മുൻപും എസ്.എഫ്.ഐയുടെ ആക്രമണത്തിനിരയായ സൽവക്കെതിരെ മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐയുടെ ഔദ്യോഗിക

ഫേസ്ബുക്ക് പോസ്റ്റിൽ വന്ന ആരോപണങ്ങൾ “ഇസ്‌ലാമിക വസ്ത്രമണിഞ്ഞ വർഗീയ വിഷജന്തു” എന്നിങ്ങനെയൊക്കെയായിരുന്നു. ഇസ്‌ലാമിക വസ്ത്രധാരണത്തോട്‌ എത്രമാത്രം അസഹിഷ്ണുതയാണ് എസ്.എഫ്.ഐക്കാർക്കുള്ളതെന്ന് സ്വാനുഭവങ്ങളിലൂടെ നന്നായറിയാം. തട്ടവും പർദയും അത്രമാത്രം ഇടതുലിബറലുകളെ അസ്വസ്ഥരാക്കുന്നുണ്ട്‌. ഹിജാബണിഞ്ഞ, പർദയണിഞ്ഞ മുസ്‌ലിം വിദ്യാർഥികൾ ഒരു നൂറുകൂട്ടം ചോദ്യങ്ങളെയും പരിഹാസ ശരങ്ങളെയും ഇക്കൂട്ടരിൽ നിന്നും നേരിടുന്നുണ്ട്. ആരുടേയോ അടിച്ചേല്‍പ്പിക്കലുകളായിട്ടല്ലാതെ സ്വന്തം തിരഞ്ഞെടുപ്പായി ഈയൊരു വസ്ത്രരീതിയെ ഇടതുലിബറലുകൾ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നതാണ്‌ വാസ്തവം.

ഇസ്‌ലാമിക വസ്ത്രധാരണത്തോട്‌ എത്രമാത്രം അസഹിഷ്ണുതയാണ് എസ്.എഫ്.ഐക്കാർക്കുള്ളതെന്ന് സ്വാനുഭവങ്ങളിലൂടെ നന്നായറിയാം. തട്ടവും പർദയും അത്രമാത്രം ഇടതുലിബറലുകളെ അസ്വസ്ഥരാക്കുന്നുണ്ട്‌. ഹിജാബണിഞ്ഞ, പർദയണിഞ്ഞ മുസ്‌ലിം വിദ്യാർഥികൾ ഒരു നൂറുകൂട്ടം ചോദ്യങ്ങളെയും പരിഹാസ ശരങ്ങളെയും ഇക്കൂട്ടരിൽ നിന്നും നേരിടുന്നുണ്ട്. ആരുടേയോ അടിച്ചേല്‍പ്പിക്കലുകളായിട്ടല്ലാതെ സ്വന്തം തിരഞ്ഞെടുപ്പായി ഈയൊരു വസ്ത്രരീതിയെ ഇടതുലിബറലുകൾ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നതാണ്‌ വാസ്തവം.

അതുകൊണ്ടു തന്നെ, മുസ്‌ലിം സ്ത്രീ വിമോചനത്തിനായി ഫ്ലാഷ്‌മോബ് സമരമുറകളുൾപ്പെടെയുള്ള പോരാട്ടങ്ങൾ കാഴ്ചവെച്ചവർ തന്നെ തങ്ങളുടെ സ്വത്വം പ്രഖ്യാപിക്കുന്ന മുസ്‌ലിം പെൺകുട്ടികളെ കായികമായി നേരിടുന്നു എന്നിടത്താണ് ആ സ്വത്വം പ്രാധാന്യമർഹിക്കുന്നത്. ഇതിനെ ഇരവാദമെന്നു വിളിച്ചു വിമർശിക്കുന്ന ഇടതരോട് “എന്റെ സ്വത്വം തന്നെയാണല്ലോ നിങ്ങളെ വിറളിപിടിപ്പിക്കുന്നത്?” എന്ന സൽവയുടെ ചോദ്യം ഏറെ പ്രസക്തമാണ്. തട്ടമിട്ട, പർദയണിഞ്ഞ, തങ്ങളുടെ സ്വത്വം പ്രഖ്യാപിക്കുന്ന മുസ്‌ലിം പെൺകുട്ടിയുടെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഇടതുലിബറലുകളെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നതിന്റ തെളിവുകൾ തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ‘തീവ്രവാദി’, ‘സിറിയയിലേക്ക് ആളുകളെ അയക്കുന്നവര്‍’ തുടങ്ങിയ വിളികള്‍ കൊണ്ടൊന്നും തകരാതെ തളരാതെ നിരന്തരം പോരാടുന്ന, വ്യവസ്ഥിതികളോട് കലഹിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ രാഷ്ട്രീയം ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്ന് നിസ്സംശയം പറയാനാവും.

ആദില നാസർ

ആദില നാസർ

ഫ്ലാഷ്‌മോബിനും ബത്തക്കകും മാത്രം സംരക്ഷണം നൽകുന്ന വനിതാ കമ്മീഷനോടും മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയത്തോടും പറയാനുള്ളത് നിങ്ങൾ വലിയ വായിൽ സമത്വവും സ്വാതന്ത്ര്യവും പറയുന്ന ഇതേ കേരളത്തിൽ തന്നെയാണ് എസ്.എഫ്.ഐ ആണ്‍കൂട്ടങ്ങളുടെ അക്രമത്തിന് ഈ പെണ്‍കുട്ടികൾ ഇരകളായിരിക്കുന്നത്. നിങ്ങളുടെ ഇസ്‌ലാമോഫോബിക് മനോഭാവത്തിനെതിരായിട്ടു കൂടിയാണ് ഈ പെണ്‍കുട്ടികൾ പോരാടുന്നത്. നിങ്ങളുടെ മനഃപൂർവമുള്ള മൗനങ്ങള്‍ക്കും നിസ്സംഗതകൾക്കും മറുപടിയായി ഒരുനാൾ ഈ പെണ്‍കൂട്ടം തങ്ങളുടെ പോരാട്ട വീഥിയിൽ വിജയം വരിക്കുക തന്നെ ചെയ്യും.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വർഷ വിദ്യാര്‍ഥിനിയാണ് മലപ്പുറം സ്വദേശിനിയായ ആദില നാസര്‍.

  • Rasha Ahammed, ‘Many reasons why I left SFI’, Maktoob Media, https://goo.gl/h1Y1m9
Top