ദേശീയ പൗരത്വ പട്ടിക: ആസാമില്‍ സംഭവിക്കുന്നത്?
ഒരു ദിവസം നിങ്ങള്‍ ഇന്ത്യക്കാരനല്ല എന്നറിഞ്ഞാല്‍ അതെന്താണെന്ന് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സുരക്ഷിതാതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണല്ലോ മാതൃഭൂമി പത്രം ആസാമിലെ പൗരത്വ വിഷയത്തെ പറ്റി വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഭൂരിഭാഗവും നാടുകടത്തലിനെ അനുകൂലിച്ചത്. ആസാമിലെ പൗരത്വ പ്രശ്‌നം തുടങ്ങുന്നത് 2014ല്‍ ദേശീയ പൗരത്വ പട്ടിക പുതുക്കാന്‍ ആരംഭിക്കുന്നതോടെയല്ല. പതിറ്റാണ്ടുകളായി ആസാമില്‍ നടക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയമാണിത്. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ്, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദേശീയ പൗരത്വ പട്ടിക നിലവിലില്ല. പിന്നെ എന്തുകൊണ്ട് ആസാമില്‍ മാത്രം? അഖിൽ വാസുദേവന്റെ അന്വേഷണം.
‘അപ്പീല്‍ കൊടുക്കുന്നതിനുള്ള അവസാന തിയ്യതി കഴിഞ്ഞിരുന്നു. അവര്‍ അവളെ കുറച്ച ദിവസം ജയിലില്‍ പാര്‍പ്പിച്ചു. പിന്നെ രാത്രിയില്‍ അതിര്‍ത്തിയില്‍ കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു’, ആസാം സ്വദേശി ഐനുല്‍ ഹഖിന്റെ വാക്കുകളാണിത്. ഐനുല്‍ഹഖും അദ്ദേഹത്തിന്റെ മക്കളുമെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയെ അനധികൃത കുടിയേറ്റക്കാരിയായി പ്രഖ്യാപിച്ച് നാടുകടത്തിയിരിക്കുകയാണ്. ഭാര്യയുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹഖിന്റെ കൈവശമുണ്ട്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെറ്റുകള്‍ കൂടാതെ ചെയ്തുതീര്‍ക്കാന്‍ മാത്രമുള്ള വിദ്യാഭ്യാസമോ സ്വാധീനമോ ഇല്ലാത്തതിനാല്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചില്ല. ഏഴു വര്‍ഷത്തിലധികമായി സ്വന്തം ഭാര്യയെ കുറിച്ച് ഹഖിന് യാതൊരു വിവരുമില്ല. മരണപ്പെട്ടോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. ഏഴു വര്‍ഷം എന്നു പറയുമ്പോള്‍, നിലവില്‍ ആസാമില്‍ വിവാദം സൃഷടിച്ചുകൊണ്ടിരിക്കുന്ന ദേശീയ പൗരത്വ പട്ടിക (National Register of Citizens) പുതുക്കുന്നതിനുള്ള പ്രക്രിയ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം തുടങ്ങുന്നതിനും മുന്‍പാണിത്.
ആസാമിലെ പൗരത്വ പ്രശ്‌നം തുടങ്ങുന്നത് 2014ല്‍ ദേശീയ പൗരത്വ പട്ടിക പുതുക്കാന്‍ ആരംഭിക്കുന്നതോടെയല്ല. പതിറ്റാണ്ടുകളായി ആസാമില്‍ നടക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയമാണിത്. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ്, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദേശീയ പൗരത്വ പട്ടിക നിലവിലില്ല. പിന്നെ എന്തുകൊണ്ട് ആസാമില്‍ മാത്രം?
ഇതിന്റെ ചരിത്രം തുടങ്ങുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്ന് പറയാം. ഇപ്പോഴത്തെ പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെട്ടിരുന്ന ആസാം 1826ല്‍ ആണ് ബര്‍മയുടെ (മ്യാന്‍മര്‍) പക്കല്‍ നിന്നും ബ്രിട്ടന്‍ പിടിച്ചെടുക്കുന്നത്. 1826 മുതല്‍ ആസാം ബംഗാള്‍ പ്രസിഡന്‍സിയുടെ കീഴില്‍ ചേര്‍ക്കപ്പെട്ടു. 1874ല്‍ ബ്രിട്ടന്‍ ഭരണപരമായ ആവശ്യങ്ങള്‍ക്കായി ആസാം ഒരു പുതിയ പ്രസിഡന്‍സിയായി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട പ്രവിശ്യയിലേക്ക് കിഴക്കന്‍ ബംഗാളിന്റെ ഭാഗമായ സില്‍ഹേറ്റും ചേര്‍ക്കപ്പെട്ടു. പിന്നീട് ബംഗാള്‍ വിഭജനത്തിനു ശേഷം കിഴക്കന്‍ ബംഗാള്‍ മുഴുവനായും ആസാം പ്രസിഡന്‍സിയോട് ചേര്‍ക്കുകയുണ്ടായി. ബംഗാള്‍ വിഭജനത്തിനെതിരായി നടന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ബ്രിട്ടന്‍ 1911ല്‍ തീരുമാനം പിന്‍വലിച്ചെങ്കിലും ബംഗാളി മേധാവിത്തം ഉള്ള സില്‍ഹേറ്റ് അപ്പോഴും ആസാമിനൊപ്പം നിലനിറുത്തി. ഇത് 1947ല്‍ കിഴക്കന്‍ പാകിസ്ഥാന്‍ രൂപീകരിക്കുന്നത് വരെ തുടര്‍ന്നു.
1947 വരെ പശ്ചിമ ബംഗാളും കിഴക്കന്‍ ബംഗാളും ആസാമും ഉള്‍പ്പെടുന്ന ഈ മേഖല ഒരൊറ്റ രാജ്യമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മനുഷ്യനിര്‍മിതമായ അതിര്‍ത്തി രൂപീകരിക്കുന്നത് വരെ ആളുകള്‍ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ കൊളോണിയല്‍ ഭരണകൂടം തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനായും പിന്നീട് ബ്രഹ്മപുത്രയുടെ തീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ കൃഷി ചെയ്യുന്നതിനായും ജനസംഖ്യയേറിയ ബംഗാള്‍ പ്രദേശങ്ങളില്‍ നിന്ന് ജനവാസം കുറഞ്ഞ ആസാം മേഖലകളിലേക്ക് ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്നത് പ്രോത്സാഹിപ്പിച്ചു. കുടിയേറിപ്പാര്‍ത്തവര്‍ കാലക്രമേണ സമ്പത്ത് കൈവരിക്കുകയും ആസാമില്‍ ഭൂമി സ്വന്തമാക്കുകയും ചെയ്തു. ഇതാണ് തദ്ദേശീയരായ ആസാമീസ് ജനതയെ ആദ്യമായി ചൊടിപ്പിച്ചത്. 1930 മുതല്‍ ആസാമിലേക്കുള്ള കുടിയേറ്റത്തെ തദ്ദേശവാസികള്‍ എതിര്‍ക്കാന്‍ തുടങ്ങി. ഈ പ്രദേശത്തെ തദ്ദേശവാസികള്‍ തങ്ങളുടെ ആസാമീസ് സ്വത്വവും ഭാഷയും ന്യൂനപക്ഷമായിത്തീരുമെന്ന് ഭയക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷവും ആസാം രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ഈ വിഷയം നിലനിന്നു. അത് 1951ല്‍, ആദ്യത്തെ പൗരത്വ പട്ടികയുടെ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്തു. 1951 വരെയുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പേരുകളാണ് ആദ്യത്തെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആ പട്ടികയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ കൊളോണിയല്‍ ഭരണകൂടം തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനായും പിന്നീട് ബ്രഹ്മപുത്രയുടെ തീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ കൃഷി ചെയ്യുന്നതിനായും ജനസംഖ്യയേറിയ ബംഗാള്‍ പ്രദേശങ്ങളില്‍ നിന്ന് ജനവാസം കുറഞ്ഞ ആസാം മേഖലകളിലേക്ക് ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്നത് പ്രോത്സാഹിപ്പിച്ചു. കുടിയേറിപ്പാര്‍ത്തവര്‍ കാലക്രമേണ സമ്പത്ത് കൈവരിക്കുകയും ആസാമില്‍ ഭൂമി സ്വന്തമാക്കുകയും ചെയ്തു. ഇതാണ് തദ്ദേശീയരായ ആസാമീസ് ജനതയെ ആദ്യമായി ചൊടിപ്പിച്ചത്.
ഇന്ത്യ ഏറ്റവുമധികം അതിര്‍ത്തി പങ്കിടുന്നത്, വിശിഷ്യാ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, ബംഗ്ലാദേശുമായാണ്. അതിര്‍ത്തി എന്ന ആശയം വ്യത്യസ്ത തരത്തിലാണ് വിഭാവനം ചെയ്യപ്പെടുന്നത്. ഒരു ദേശീയ സ്വത്വത്തില്‍ നിന്നു കൊണ്ടുള്ള മധ്യവര്‍ഗ ആശയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും റോഡരുകില്‍ ജീവിക്കുന്ന ഒരാള്‍ അല്ലെങ്കില്‍ ആദിവാസി ജനത അതിര്‍ത്തി, ദേശീയത എന്നീ ആശയങ്ങളെ ഉള്‍കൊള്ളുന്നത്. പാകിസ്ഥാന്‍ രൂപീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് വ്യാപകമായി കുടിയേറ്റം നടന്നിട്ടുണ്ട്. കിഴക്കന്‍ പാകിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങള്‍ കൊണ്ടും പട്ടിണി കൊണ്ടും ജീവിതമാര്‍ഗം തേടിയും നാടുവിട്ടു വന്നവരും മുസ്‌ലിം രാജ്യത്ത് നിന്ന് പലായനം ചെയ്‌തെത്തിയ ഹിന്ദുക്കളും അക്കൂട്ടത്തിലുണ്ട്. ഇങ്ങനെ വന്നവരില്‍ ഒട്ടനവധിപേരെ ഇന്ത്യ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. 1950ലെ The Immigrants (Expulsion From Assam) Act പ്രകാരം 1950കളില്‍ ആസാമില്‍ നിന്ന് 2.5 ലക്ഷം പേരെയും 1960കളില്‍ 6 ലക്ഷം പേരെയും കിഴക്കന്‍ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുകയുണ്ടായി. 1971ല്‍. ബംഗ്ലാദേശ് യുദ്ധസമയത്തു ലക്ഷകണക്കിന് അഭയാര്‍ഥികളാണ് ഇന്ത്യയിലേക്ക് വന്നത്. ഇന്ദിരാ ഗാന്ധിയും മുജിബു റഹ്മാനും തമ്മിലുണ്ടിയ കരാര്‍ പ്രകാരം മിക്കവരും തിരിച്ചു പോയെങ്കിലും ഒരുപാടു പേര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു എന്ന് കരുതപ്പെടുന്നു.
1971നു ശേഷം, കുടിയേറ്റ പ്രശ്‌നം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന സമയത്താണ്, 1979ല്‍ മംഗാള്‍ദോയി ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഏകേദശം 45000 ബംഗ്ലാദേശികള്‍ വോട്ടുകള്‍ രേഖപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ കലാപങ്ങള്‍ ആസാം മുന്നേറ്റത്തിന് (Assam movement) വഴിതെളിച്ചു. ആസാമീസ് സ്വത്വത്തിനും ജനസംഖ്യക്കും മേല്‍ ബംഗാളി ജനസംഖ്യ വര്‍ധിക്കുന്നതിനെതിരെ തുടങ്ങിയ ഈ സമരം പലതവണ അക്രമസ്വഭാവം പ്രകടിപ്പിച്ചു. അത് ഒടുവില്‍ 1983ലെ നെല്ലി കൂട്ടക്കൊലയ്ക്കും വഴിവെച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് ആസാമിലേക്ക് കുടിേയറിപ്പാര്‍ത്ത, കിഴക്കന്‍ ബംഗാളില്‍ വേരുകളുള്ള രണ്ടായിരത്തിലധികം മുസ്‌ലിംകളെ ആണ് വെറും ആറു മണിക്കൂര്‍ സമയത്തില്‍ കൂട്ടക്കൊല ചെയ്തത്. ഒടുവില്‍, ആറു വര്‍ഷം നീണ്ടുനിന്ന ആസാം മുന്നേറ്റം 1985ല്‍ ആസാം കരാറിലൂടെ (Assam accord) അവസാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ആസാം മുന്നേറ്റത്തിലെ പ്രമുഖ കക്ഷികളായ ആസാം സ്റ്റുഡന്റ് യൂണിയനും ഓള്‍ ആസാം ഗനാ സംഗ്രാം പരിഷത്തുമാണ് ആസാം കരാറില്‍ ഒപ്പു വെച്ചത്. ആസാം കരാര്‍ പ്രസ്താവിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്. 1) 1971 മാര്‍ച്ച് 24 ന് ശേഷം ആസാമിലേക്ക് വന്ന എല്ലാവരും വിദേശികള്‍ ആണ്. 2) 1951ല്‍ തയാറാക്കിയ പൗരത്വ പട്ടിക പുതുക്കും.
ആസാം മുന്നേറ്റത്തിന്റെ തുടക്കകാലത്ത് വിദേശികളെ മാത്രമല്ല ആസാമീസ് അല്ലാത്ത ഇന്ത്യാക്കാരെയും നാടുകടത്തണം എന്ന ആവശ്യമുയര്‍ന്നിരുന്നു. ആസാം മുന്നേറ്റം പിന്നീട് ‘അലി, കൂലി, ബംഗാളി, നേപ്പാളി’ എന്നിവര്‍ക്കെതിരെ ഉള്ള പ്രക്ഷോഭമായി മാറി. ആസാമില്‍ അലി എന്നതുകൊണ്ട് മുസ്‌ലിമിനെയും, കൂലി എന്നതു കൊണ്ട് തേയില തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികളെയും, ബംഗാളി എന്നതു കൊണ്ട് ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും, നേപ്പാളി എന്നാല്‍ ഗോര്‍ഖാ ഗോത്രവിഭാഗത്തെയും ആണ് ഉദ്ദേശിക്കുന്നത്. ആസാമിലെ പുരോഗമന വിഭാഗം പ്രായോഗികത കണക്കിലെടുത്ത് പല ഒത്തുതീര്‍പ്പുകളും നടത്തി. 1971 മാര്‍ച്ച് 24ന് പൗരത്വം നല്‍കുന്നതിനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചത് ഒരു വിട്ടുവീഴ്ച്ചാ സമവാക്യമായിരുന്നു.
കിഴക്കന്‍ ബംഗാള്‍ ‘കിഴക്കന്‍ പാകിസ്ഥാന്‍’ ആവുകയും അതു പിന്നീട് ബംഗ്ലാദേശ് ആവുകയും ചെയ്തത് ബംഗാളില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ മുഴുവന്‍ മുസ്‌ലിംകള്‍ ആണ് എന്ന പ്രതീതിയുണ്ടാക്കി. ഇപ്പോള്‍ ആസാം ഭരിക്കുന്ന ബി.ജെ.പിയും ചരടു വലിക്കുന്ന ആര്‍.എസ.്എസും ഈ പ്രചരണം ഉപയോഗിച്ചാണ് മുതലെടുപ്പു നടത്തുന്നത്. എന്നാല്‍ ഈ പ്രചരണം തെളിയിക്കുവാന്‍ വിശ്വാസയോഗ്യവും വസ്തുതാപരവുമായ യാതൊരു കണക്കുകളും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കുടിയേറി വന്നവര്‍ പ്രധാനമായും സാമ്പത്തികമായ ഉന്നമനം പ്രതീക്ഷിച്ച് എത്തിയവരാണ്. മതം ആയിരുന്നു കാരണമെങ്കില്‍ ഒരു മുസ്‌ലിം രാജ്യം ഉപേക്ഷിച്ച് മുസ്‌ലിംകള്‍ കുടിയേറി പാര്‍ക്കേണ്ടതില്ലല്ലോ. സ്വാതന്ത്ര്യ കാലത്ത് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്തവരില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍ ആണെന്നതും പ്രസക്തമാണ്. ഏറ്റവും പ്രധാനപ്പെട്ടതായി ഓര്‍ക്കേണ്ട മറ്റൊരു കാര്യം ആസാമീസ് സ്വത്വം എന്നാല്‍ ഹിന്ദു സ്വത്വം അല്ല എന്നുള്ളതാണ്. മുസ്‌ലിം സ്വത്വവും കൂടി ചേരുന്നതാണ് ആസാമീസ് സ്വത്വം. പല ആദിവാസി വിഭാഗങ്ങള്‍ വസിച്ചിരുന്ന ആസാമിലേക്ക് ഹിന്ദുക്കള്‍ക്കും മുന്‍പേ എത്തിയത് മുസ്‌ലിംകളാണ് എന്ന് പല ചരിത്രകാരന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യമായി ആസാമിലെ പൗരത്വ പ്രശ്‌നം ഒരു ഹിന്ദു-മുസ്‌ലിം വിഷയമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ അതൊ ഹിന്ദു-മുസ്‌ലിം പ്രശ്‌നമാണ് എന്ന് വരുത്തി തീര്‍ക്കുക ആണ് സംഘ്പരിവാറും കൂട്ടരും ചെയ്യുന്നത്. അന്നത്തെ പ്രധാന ബി.ജെ.പി നേതാക്കളായ വാജ്‌പേയിയും അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ആസാം മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് ആസാം സന്ദര്‍ശിച്ചിരുന്നു.
കുടിയേറി വന്നവര്‍ പ്രധാനമായും സാമ്പത്തികമായ ഉന്നമനം പ്രതീക്ഷിച്ച് എത്തിയവരാണ്. മതം ആയിരുന്നു കാരണമെങ്കില്‍ ഒരു മുസ്‌ലിം രാജ്യം ഉപേക്ഷിച്ച് മുസ്‌ലിംകള്‍ കുടിയേറി പാര്‍ക്കേണ്ടതില്ലല്ലോ. സ്വാതന്ത്ര്യ കാലത്ത് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്തവരില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍ ആണെന്നതും പ്രസക്തമാണ്. ഏറ്റവും പ്രധാനപ്പെട്ടതായി ഓര്‍ക്കേണ്ട മറ്റൊരു കാര്യം ആസാമീസ് സ്വത്വം എന്നാല്‍ ഹിന്ദു സ്വത്വം അല്ല എന്നുള്ളതാണ്. മുസ്‌ലിം സ്വത്വവും കൂടി ചേരുന്നതാണ് ആസാമീസ് സ്വത്വം.
1946 മുതലേ ആര്‍.എസ.്എസ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കു വ്യക്തമായ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത് ആസാം മുന്നേറ്റത്തിന്റെ കാലത്താണ്. ആസാമിലെ മാറുന്ന രാഷ്ടീയം മനസിലാക്കിയ ബി.ജെ.പി, പാര്‍ട്ടിയുടെ പ്രമേയ വൈജാത്യങ്ങളെ നോക്കാതെ ഹിന്ദുയിസത്തെ പ്രാദേശികവത്ക്കരിച്ചു. അതു കൃത്യമായി ആസാമിലെ വോട്ടു ബാങ്ക് രാഷ്ടീയത്തെ ഉന്നം വെച്ചായിരുന്നു. പലപ്പോഴായി ഒരുപാടു പേരെ നാടുകടത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രധാന വോട്ടു ബാങ്കായി മാറിയിരുന്ന കുടിയേറ്റക്കാരോട് സ്വാതന്ത്ര്യ കാലം മുതല്‍ക്കെ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ആസാം മുന്നേറ്റത്തില്‍ നിന്ന് ഉടലെടുത്ത പാര്‍ട്ടികളും നിരാശപ്പെടുത്തിയപ്പോള്‍ ആസാമിലെ ഉയരുന്ന മുസ്‌ലിം ജനസംഖ്യ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസിന്റെ പിന്‍ബലത്തോടെ മുസ്‌ലിം അപരവല്‍ക്കരണ രാഷ്ടീയവുമായി ബി.ജെ.പി സാവധാനം വളര്‍ന്നു വന്നു. ആസാമിലേക്ക് ബംഗ്ലാദേശികളുടെ കുടിയേറ്റം കൂടുന്നുണ്ട് എന്നവര്‍ ഇപ്പോഴും ശക്തമായി വാദിക്കുന്നുണ്ട്. 1991 ആയപ്പോഴേക്കും ആസാമിലെ മുസ്‌ലിം ജനസംഖ്യ 28.43 ശതമാനവും 2011 ആയപ്പോള്‍ 34.22 ശതമാനവും ആണ്. ഇത് ശകതമായ മുസ്‌ലിം കുടിയേറ്റം കൊണ്ടാണ് എന്നാണവര്‍ അവകാശപെടുന്നത്.
എന്നാല്‍ ഗുവഹാട്ടി യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ ആയ അബ്ദുല്‍ മന്നാന്‍ പറയുന്നത് ഇത് തെറ്റായ വാദമാണെന്നാണ്. ഇത് കുടിയേറ്റം മൂലമല്ല, മറിച്ച് നിലവിലുള്ള മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെക്കാള്‍ വേഗത്തില്‍ ഉയരുന്നത് കൊണ്ടാണ് എന്നാണ് മന്നാന്‍ തന്റെ പുതിയ കൃതിയായ Infiltration : Genesis of Assam Movementല്‍ പറയുന്നത്.പ്രത്യക്ഷത്തില്‍ ഇസ്‌ലാമോഫോബിക് എന്ന് തോന്നുന്ന ഈ വാദം മന്നാന്‍ വിശദീകരിക്കുന്നത് ജീവിതസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്. കണക്കുകള്‍ പറയുന്നത് 1971-91 കാലഘട്ടത്തില്‍ ആസാമിലെ ദലിതരും ആദിവാസികളും ക്രിസ്ത്യാനികളും മുസ്‌ലിംകളെക്കാള്‍ ജനനനിരക്കില്‍ വളരെ മുന്‍പന്തിയിലായിരുന്നു എന്നാണ്. വികസനത്തിന്റെ എല്ലാതലങ്ങളിലും ഈ വിഭാഗങ്ങളുടെ പിന്നോക്കവസ്ഥ ആയിരുന്നു ഇതിനു കാരണം എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതേ കാരണം കൊണ്ടുതന്നെയാണ് ആസാമിലെ മുസ്‌ലിം ജനസംഖ്യ ഉയരുന്നതും. മാത്രവുമല്ല തൊണ്ണൂറുകള്‍ക്കു ശേഷം ബംഗ്ലാദേശിലെ ജീവിതസാഹചര്യങ്ങള്‍ ഇന്ത്യയേക്കാള്‍ വേഗത്തിലാണ് ഉയരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്ക് കുടിയേറേണ്ട ഒരു അവസ്ഥ ബംഗ്ലാദേശില്‍ ഇല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ബംഗ്ലാദേശികള്‍ ജോലി തേടി പോകുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇന്ത്യ ഒട്ടാകെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ബംഗ്ലാദേശി കുടിയേറ്റം എന്നത് ഒരു രാഷ്ട്രീയ നുണ മാത്രമാണ് എന്നാണ് മനസിലാകുന്നത്. പാകിസ്ഥാന്‍ തീവ്രവാദികള്‍ എന്ന പോലെ ബംഗ്ലാദേശി തീവ്രവാദികള്‍ എന്ന് എത്ര വേഗമാണ് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്!
1985ലെ കരാര്‍ പ്രകാരം പൗരത്വ പട്ടിക പുതുക്കല്‍ നടപടികള്‍ തുടങ്ങാന്‍ 30 വര്‍ഷം കൂടി എടുത്തു. ഒടുവില്‍ 2014ല്‍ ആണ് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുതുക്കല്‍ നടപടി ആരംഭിച്ചത്. പൗരത്വ പട്ടികയ്ക്ക് ആസാമില്‍ വലിയ ജനപിന്തുണ ഉണ്ട്. ആസാമീസ്-ബംഗാളി പ്രശ്‌നം എന്നെന്നേക്കുമായി അവസാനിപ്പിക്കുവാന്‍ പൗരത്വ പട്ടികയോടെ സാധിക്കും എന്ന് ആസാമീസ് ജനത വിശ്വസിക്കുന്നു. എന്നാല്‍ പൗരത്വ പട്ടിക മാത്രമല്ല ആസാമില്‍ വിദേശികളെ കണ്ടുപിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. 1962 മുതല്‍ ‘അതിര്‍ത്തി പോലീസ്’ (Border Police) എന്നൊരു പ്രത്യേക പോലീസ് സംവിധാനവും, 1983 മുതല്‍ Foreigners Tribunal എന്നൊരു പ്രത്യേക കോടതി സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച ഐനുല്‍ഹഖിന്റെ ഭാര്യയെ വിദേശിയായി പ്രഖ്യാപിച്ചത് ഈ സംവിധാനങ്ങള്‍ ആണ്. കൂടാതെ 1998 മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ D എന്ന് രേഖപ്പെടുത്താന്‍ തുടങ്ങി. D എന്ന് വെച്ചാല്‍ Doubtful, അഥവാ സംശയമുള്ള വോട്ടര്‍ എന്നര്‍ഥം. D വോട്ടര്‍മാര്‍ അവരുടെ രേഖകള്‍ Foreigners Tribunalല്‍ ഹാജരാക്കി തിരുത്തണം. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം അവരെ വിദേശി ആയി പ്രഖ്യാപിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് അയക്കും. ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ജയിലുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ജയിലിനു സമാനമായ ഒരു സംവിധാനം ആണ്. അക്ഷരത്തെറ്റു മൂലം രണ്ട് രേഖകളിലെ പേരുകള്‍ യോജിക്കുന്നില്ല എന്ന കാരണം കൊണ്ടു പോലും ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ 5 വര്‍ഷം കഴിയേണ്ടിവന്നവരുണ്ട്.
പക്ഷേ, പട്ടിക പുതുക്കല്‍ കരുതിയ പോലെ സുഗമമായിരുന്നില്ല. 3.29 കോടി ജനങ്ങളില്‍ നിന്നും 6.2 കോടി രേഖകള്‍ ആണ് NRC (National Register of Citizenship) ശേഖരിച്ചത്. 1971നു മുന്‍പ് ഒരാളോ അവരുടെ പൂര്‍വികരോ ആസാമില്‍ താമസിച്ചിരുന്നു എന്ന് തെളിയിക്കേണ്ട രേഖകള്‍ (Legacy Documents) ആണ് ഹാജരാക്കേണ്ടിയിരുന്നത്. അത്രയും പഴയ രേഖകള്‍ കൈവശമുള്ളവര്‍ കുറവാണെന്ന് ചിലപ്പോള്‍ തോന്നും. എന്നാല്‍ ആസാമില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധി മൂലം ഒട്ടുമിക്ക കുടുംബങ്ങളും കഴിയുന്നത്ര രേഖകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാ വര്‍ഷവും ബ്രഹ്മപുത്രയിലെ പ്രളയം മൂലം ആസാമിലെ ഏകദേശം 40 ശതമാനത്തോളം ഭൂമി വെള്ളത്തിനടിയിലാവാറുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് പൗരത്വ പട്ടിക പുതുക്കുന്ന കമ്മീഷന്‍ പതിനഞ്ചോളം രേഖകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ അവസാന സമയങ്ങളില്‍ പതിനഞ്ചില്‍ പത്തു രേഖകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി വിധി വരികയുണ്ടായി. ഇത് ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (Gaon Burah) ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. ഇത് കാരണം നിലവില്‍ പട്ടികയ്ക്ക് പുറത്തുള്ളവരില്‍ 55 ശതമാനവും സ്ത്രീകളാണ്.
അന്തിമ കരട് (Final Draft) എന്നു വിളിക്കുന്ന രണ്ടാം കരട് പുറത്തിറങ്ങിയപ്പോള്‍ 40 ലക്ഷത്തിലധികം പേരാണ് നിലവില്‍ പുറത്തായിരിക്കുന്നത്. ഇതൊരു ചെറിയ സംഖ്യ അല്ല. ഇത്തവണ ലോകകപ്പ് ഫൈനല്‍ കളിച്ച ക്രൊയേഷ്യയുടെ മൊത്തം ജനസംഖ്യ ഏതാണ്ട് 40 ലക്ഷമാണെന്നോര്‍ക്കുക. നിലവിലെ കരട് അന്തിമ പട്ടിക അല്ല എന്ന് ഗവണ്‍മെന്റും NRC ഓഫീസും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതായത് ഈ 40 ലക്ഷം പേര്‍ക്ക് അപ്പീല്‍ ഫയല്‍ ചെയ്ത് വീണ്ടും രേഖകള്‍ ഹാജരാക്കാം. അവസാന പട്ടിക പുറത്തു വന്നതിന് ശേഷവും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാം. പക്ഷേ ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളിലും കൂടി തീര്‍പ്പാക്കാന്‍ ഉള്ള കേസുകളുടെ എണ്ണം ഏകേദശം 30 ലക്ഷമാണ്. അതുകൊണ്ടു തന്നെ ഇത്രയധികം കേസുകളില്‍ കോടതിയുടെ വിധി വരുമ്പോഴേക്കും കാലങ്ങള്‍ കടന്നുപോകും; സര്‍ക്കാറുകള്‍ മാറി വരും. അവര്‍ ചിലപ്പോള്‍ മറ്റു നടപടിക്രമങ്ങള്‍ കൊള്ളാനും സാധ്യതയുണ്ട്.
പക്ഷേ, എല്ലാത്തിനുമുപരി അറിഞ്ഞിരിക്കേണ്ടത് തങ്ങളുടെ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നുള്ളതാണ്. കൂടാതെ 2013 ല്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച കൈമാറ്റ ഉടമ്പടിയില്‍ കുടിയേറ്റക്കാരെ അതിന്റെ അധികാര പരിധിയില്‍ നിന്നുമൊഴിവാക്കാവുന്ന പല ഉപഘടകങ്ങളും ചേര്‍ത്തിട്ടുണ്ട്. അതായത് ഇന്ത്യ വേണമെന്ന് വെച്ചാല്‍ പോലും വിദേശികളായി രാജ്യം കണക്കാക്കുന്ന ആളുകളെ ബംഗ്ലാദേശിലേക്കയക്കാന്‍ സാധിക്കില്ല എന്നര്‍ഥം. അത് മറ്റാരേക്കാളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കറിയാം. പക്ഷേ അവര്‍ ഇന്ത്യ ഉടനീളം പറഞ്ഞു പരത്തുന്നത് ആസാമിന് ശേഷം പശ്ചിമ ബംഗാള്‍ തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും പൗരത്വ പട്ടിക നടപ്പിലാക്കുമെന്നാണ്. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം, പൗരത്വ പട്ടികയോ നാടുകടത്തലോ അല്ല ബി.ജെ.പിയുടെ അജണ്ട. പരിഭ്രാന്തിയും വെറുപ്പും സൃഷ്ടിക്കലാണ്. ഇതിനിടെ 2016ല്‍ ലോകസഭയില്‍ ബി.ജെ.പി പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചു. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്‌തേക്കാവുന്ന പ്രസ്തുത ബില്ലിലൂടെ അയല്‍ രാജ്യങ്ങളിലെ അക്രമങ്ങള്‍ക്കിരയായ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഹിന്ദുക്കളും സിക്കുകാരും ബുദ്ധമതക്കാരും ജൈനരും പാര്‍സികളും ക്രിസ്ത്യാനികളുമാണ് മതന്യൂനപക്ഷങ്ങള്‍ എന്നതിലൂടെ ഇവര്‍ ഉദ്ദേശിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. പൗരത്വ നിയമങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തിലാക്കുക ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയാണ്. എന്നിരുന്നാലും ബി.ജെ.പി യുടെ ഈ നീക്കത്തിനെതിരെ ആസാമുള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ എതിര്‍പ്പുയര്‍ന്നു. ഹിന്ദുവായാലും മുസ്‌ലിമായാലും ആസാമിലേക്കിനി കുടിയേറ്റക്കാരെ വേണ്ട എന്ന് ആസ്സാമീസ് ജനത തീര്‍ത്തു പറഞ്ഞു. മറ്റു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളും ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. മാത്രമല്ല ഈ ബില്‍ പാസായാല്‍ പൗരത്വ പട്ടികയും അസാധുവായിത്തീരും. ആസാമീസ് ജനത ഉറ്റുനോക്കുന്ന പൗരത്വ പട്ടിക തള്ളിക്കളയുക എന്നത് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച് സ്വയം നാശം വിളിച്ചു വരുത്തുന്നതാണ്. അതുകൊണ്ട് നിലവില്‍ പൗരത്വ ഭേദഗതി ബില്‍ കട്ടപ്പുറത്താണ്. പക്ഷേ വീണ്ടുമൊരു തവണ ഭരണം കേന്ദ്രത്തിലും സംസ്ഥാനത്തിലും കിട്ടിയാല്‍ ബി.ജെ.പി ആ തുറുപ്പുചീട്ട് വീണ്ടും കളത്തിലിറക്കാന്‍ സാധ്യതയുണ്ട്.
ഇതുവരെ മനപ്പൂര്‍വ്വം പരാമര്‍ശിക്കാത്ത, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ വിഷയത്തിന്റെ മനുഷ്യാവകാശ വശത്തെ പറ്റിയാണ്. ഒരു ദിവസം നിങ്ങള്‍ ഇന്ത്യക്കാരനല്ല എന്നറിഞ്ഞാല്‍ അതെന്താണെന്ന് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സുരക്ഷിതാതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണല്ലോ മാതൃഭൂമി ആസാമിലെ പൗരത്വ വിഷയത്തെ പറ്റി വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഭൂരിഭാഗവും നാടുകടത്തലിനെ അനുകൂലിച്ചത്. ബംഗ്ലാദേശി പൗരന്‍മാരാരും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടന്നിട്ടില്ല എന്ന് ബംഗ്ലാദേശ് പറയുന്ന സാഹചര്യത്തില്‍ പൗരത്വ പട്ടികയില്‍ പേരു വരാത്തവര്‍ക്ക് പൗരത്വമെന്ന കേവല മനുഷ്യാവകാശമാണ് ഇല്ലാതാവുന്നത്. പൗരന്‍ അല്ലാതാവുക എന്നുവെച്ചാല്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളില്ലാതാവുക എന്നത് കൂടിയാണ്. ഇതുവഴി വ്യക്തിയുടെ വിദ്യാഭ്യാസം, താമസം, തൊഴില്‍ തുടങ്ങിയ അവകാശങ്ങള്‍ നിഷേധിക്കപ്പെടും. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ഒരു ജനതയെ തള്ളിവിടരുത് എന്നാണ് ഇന്ത്യയിലെ പുരോഗമത വിഭാഗം വാദിക്കുന്നത്.
ഇതുവരെ മനപ്പൂര്‍വ്വം പരാമര്‍ശിക്കാത്ത, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ വിഷയത്തിന്റെ മനുഷ്യാവകാശ വശത്തെ പറ്റിയാണ്. ഒരു ദിവസം നിങ്ങള്‍ ഇന്ത്യക്കാരനല്ല എന്നറിഞ്ഞാല്‍ അതെന്താണെന്ന് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സുരക്ഷിതാതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണല്ലോ മാതൃഭൂമി ആസാമിലെ പൗരത്വ വിഷയത്തെ പറ്റി വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഭൂരിഭാഗവും നാടുകടത്തലിനെ അനുകൂലിച്ചത്.
എന്നാല്‍ ഈ വാദത്തിനും മറുവശങ്ങളുണ്ട്. ഇന്ത്യന്‍ ഭൂമിശാസ്ത്ര ഭാവനകള്‍ക്ക് വെളിയില്‍ നില്‍ക്കുന്ന പ്രദേശങ്ങളാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍. സാംസ്‌കാരികമായും വര്‍ഗപരമായും ഭാഷാപരമായും തീര്‍ത്തും വ്യത്യസ്തമായ ഈ നാടുകളില്‍ പലതും സ്വയം ഭരണാവകാശം ഉന്നയിക്കുന്നുണ്ട്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളും ഇന്ത്യയെ ഒരു കൊളോണിയല്‍ ഗവണ്‍മെന്റായാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ ദേശീയതക്കുള്ളില്‍ ഈ പ്രദേശത്തെ ലയിപ്പിക്കുക എന്നത് ഒരുപക്ഷേ ‘മേരി കോം’ സിനിമയില്‍ മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇന്ത്യക്കാരനായാലും ബംഗ്ലാദേശിയായാലും അവരെ സംബന്ധിച്ച് രൂപത്തിലും ഭാഷയിലും വ്യത്യസ്തരായ കുടിയേറ്റക്കാര്‍ അവരുടെ ദേശീയതക്കെതിരെയുള്ള വെല്ലുവിളിയാണ്. ജമ്മു-കാശ്മീരിനുള്ള പ്രത്യേക പദവി മൂലം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആര്‍ക്കും അവിടെ ഭൂമി വാങ്ങുവാന്‍ സാധിക്കില്ല. അത്തരത്തിലൊരു സ്വയം ഭരണാധികാരം മുഴുവന്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്നും അവകാശമുന്നയിക്കുന്നവരുണ്ട്.
ഈ കാരണം കൊണ്ട് ഇന്ത്യന്‍ ഭൂപ്രദേശത്തില്‍നിന്ന് മാറിനില്‍ക്കുന്ന, ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ ഒരു വടക്കുകിഴക്കന്‍ സംസ്ഥാനം, മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തി ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളണമെന്ന് പറഞ്ഞാല്‍ അവിടുത്തെ പുരോഗമന വിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് എതിരഭിപ്രായമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അവസാന പട്ടികയില്‍ വിദേശികളായി പ്രഖ്യാപിക്കാന്‍ പോകുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് എന്തുസംഭവിക്കുമെന്നതാണ് പ്രധാന ചോദ്യം. ഏകദേശം മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് ചില കണക്കുകള്‍ അഭിപ്രായപ്പെടുന്നു. ഐനുല്‍ഹഖിന്റെ ഭാര്യയെ രാത്രി ബംഗ്ലാദേശിലേക്ക് തള്ളിവിട്ടതു പോലെ ലക്ഷക്കണക്കിനാളുകളെ നാടുകടത്തുക സാധ്യമല്ല. വിദേശികളെ പാര്‍പ്പിക്കാന്‍ വേണ്ടി കുറച്ചു മാസങ്ങള്‍ മുന്‍പു മാത്രമാണ് ആസാമിലെ ആദ്യത്തെ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചത്. ജയിലുകള്‍ക്കുള്ളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലോ, പുതുതായി നിര്‍മ്മിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലോ ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമല്ല. പിന്നെ സംഭവിക്കാന്‍ സാധ്യതയുള്ളത് ഇപ്പോള്‍ ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കഴിയുന്നത് പോലെ അന്താരാഷ്ട്ര സഹായത്തോടെ ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയാണ്. ഇത് ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ബന്ധങ്ങളില്‍ പിളര്‍പ്പുമുണ്ടാക്കും. അതുകൊണ്ട് അങ്ങനെ സംഭവിക്കില്ല എന്ന് പ്രത്യാശിക്കാം. എന്നാല്‍ വര്‍ഗീയ കലാപങ്ങള്‍ക്കും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ബി.ജെ.പി കേന്ദ്രത്തിലും ആസാമിലും ഭരണത്തിലിരിക്കുമ്പോള്‍ ഒന്നും മുന്‍കൂട്ടിപ്പറയുക സാധ്യമല്ല.
ഇതിനിടെ നിലവില്‍ കരടില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള സംഖ്യകള്‍ പുറത്തുവന്നിരുന്നു. 33 ജില്ലകളുള്ള ആസാമില്‍ പത്തു ജില്ലകളിലാണ് മുസ്‌ലിം ഭൂരിപക്ഷമുള്ളത്. എന്നാല്‍ അവയില്‍ ഒമ്പത് ജില്ലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം പേര്‍ മാത്രമേ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളു. ബി.ജെ.പിയുടെ വര്‍ഗീയ ചീട്ട് ഏറ്റില്ല
എന്നാണ് ഇത് അര്‍ഥമാക്കുന്നത്. സുപ്രീം കോടതി നേരിട്ടു നടത്തുന്ന നടപടി ആയതിനാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാറിന് ഒന്നും ചെയ്യാനില്ല. ഇനി ബി.ജെ.പി പ്രതീക്ഷിച്ചതിന് പ്രതികൂലമായി കൂടുതലായി ബംഗാളി ഹിന്ദുക്കളാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത് എങ്കില്‍ എന്തായിരിക്കും അടുത്ത രാഷ്ട്രീയനീക്കമെന്നതും നിര്‍ണ്ണായകമാണ്.
പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണ്. ഒരു രാജ്യം വിഭജിക്കപ്പെട്ടതിന്‍റെ ശേഷിപ്പുകള്‍ അത്ര എളുപ്പം മായ്ച്ചുകളയാവുന്നതല്ല. ഇന്ത്യയില്‍ നിന്ന് വളരെ വിഭിന്നമായ, എന്നാല്‍ ഇന്ത്യക്കകത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍, കുടിയേറ്റത്തിനെ ഹിന്ദു-മുസ്‌ലിം വിഷയം എന്ന കെട്ടുകഥക്കപ്പുറം മറ്റു പല തട്ടുകളിലൂടെയും മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ ബര്‍മ വരെ അഖണ്ഡഭാരതമാണെന്ന് വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍, ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറത്തേക്കുള്ള വിവേകവും ആത്മാര്‍ഥതയും എത്രമാത്രമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മുംബൈയിൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ. കോതമംഗലം സ്വദേശി.