വംശഹത്യയെക്കുറിച്ച്‌ ആലോചിക്കുമ്പോൾ (ഭാഗം രണ്ട്)

1994 ഏപ്രിൽ 7നും ജൂലൈ 15നും ഇടയിൽ റുവാണ്ടയിൽ ടുട്സി ന്യൂനപക്ഷത്തിനെതിരെ ഹുട്ടു ഭൂരിപക്ഷം നടത്തിയ വംശഹത്യയിൽ അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരാണ് കൊല്ലപ്പെട്ടത്. പിറ്റേ വർഷം നരവംശ ശാസ്ത്രജ്ഞനും ഉഗാണ്ടയിലെ മകരരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ച് ഡയറക്‌ടറുമായ മഹ്‌മൂദ് മംദാനി റുവാണ്ട സന്ദർശിച്ചു. 2001ൽ വംശഹത്യയെക്കുറിച്ച് മംദാനി എഴുതിയ When Victims Become Killers: Colonialism, Nativism, and the Genocide in Rwanda എന്ന പുസ്തകത്തിന്റെ ആമുഖം അധിനിവേശാനന്തര ലോകത്തെ വംശഹത്യാ രാഷ്ട്രീയത്തെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കാനുള്ള ശ്രമമായിരുന്നു. റുവാണ്ടൻ വംശഹത്യയുടെ ഇരുപതാം വാർഷിക വേളയിൽ മംദാനിയുടെ ആമുഖം ഹിഷാമുൽ വഹാബ് മൊഴിമാറ്റം ചെയ്തത് മൂന്നു ഭാഗങ്ങളായി
പ്രസിദ്ധീകരിക്കുന്നു.

റുവാണ്ടൻ വംശഹത്യ നടപ്പിലാക്കിയതു കേവലം നൂറു ദിനങ്ങൾ കൊണ്ടാണ്. “ഇത് ചെറിയൊരു സംഘം കൊലപാതകം നടത്തി മടങ്ങി എന്നല്ല നാം അനുമാനിക്കേണ്ടത്”. പോലീസിലെ രാഷ്ട്രീയ ചുമതല വഹിക്കുന്ന ഒരു മേധാവി എന്നോട് വിവരിച്ചു: “വംശഹത്യ വളരെ വ്യാപകമായ രീതിയിൽ നടമാടി. ഓരോ പ്രദേശങ്ങളിലും മന്ത്രിമാർ മുതൽ കർഷകർ വരെ അടങ്ങുന്ന കൊലപാതക സംഘങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ തോതിൽ ഇത് നടന്നത്”. 1995ൽ ‘വംശഹത്യ, കുറ്റവിമുക്തത, ഉത്തരവാദിത്വം’ എന്ന തലക്കെട്ടിൽ കിഗലിയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഉദ്ഘാടന സമയത്ത് രാഷ്ട്രപതി പാസ്റ്റർ ബിസിമുങ്ങു തുറന്നുപറഞ്ഞത് “ലക്ഷക്കണക്കിന് കുറ്റവാളികൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്” എന്നായിരുന്നു.

“ഈ രാഷ്‌ട്രത്തിലെ ഓരോ ഗ്രാമവും ഈ ദുരന്തം അനുഭവിച്ചിട്ടുണ്ട്. ഒന്നുകിൽ മൊത്തം ജനത മറ്റൊരു ജനതയെ വേട്ടയാടാൻ ഇറങ്ങിത്തിരിച്ചത് കൊണ്ടോ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ തങ്ങളുടെ തന്നെ ഗ്രാമവാസികളെ കൊല്ലുവാൻ പുറപ്പെടുകയോ ചെയ്തതിന്റെ ഫലമാണിത്. കിഗലി, കിബുങ്ങോ, ഗിതാരമാ, ബുതരെ പെർഫെക്ട്വർ എന്നിവിടങ്ങളിൽ നടന്ന സർവ്വേയിൽ വംശഹത്യയുടെ സ്വഭാവം നിർവചിക്കപ്പെടുന്നത് പീഡനങ്ങളാലും പൈശാചിക ക്രൂരതകൾ കൊണ്ടുമാണ്. ഏകദേശം 48 ബീഭത്സരീതികളിൽ രാജ്യത്തുടനീളം പീഡനങ്ങൾ നടന്നിട്ടുണ്ട്. ആളുകളെ ജീവനോടു കൂടി സ്വയം കുഴിച്ച ശവകുടീരങ്ങളിൽ അടക്കുന്നത് മുതൽ ഗർഭിണികളുടെ വയറുകൾ കുത്തിത്തുറന്നത് വരെയുള്ള പീഡനങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യർ വെട്ടിമുറിക്കപ്പെട്ടും ഛിന്നഭിന്നമാക്കപ്പെട്ടും ചുട്ടെരിക്കപ്പെട്ടും മരണത്തിലേക്ക് തള്ളിവിടപ്പെട്ടു. പലപ്പോഴും മരണം എന്നത് ജീവനുള്ളവരുടെ ഹൃദയം പോലുള്ള അവയവങ്ങളുടെ മുറിച്ചു മാറ്റലിന്റെ പ്രത്യാഘാതം മാത്രമായിരുന്നു. ചില ഇടങ്ങളിൽ പെട്ടെന്നുള്ള മരണത്തിനുവേണ്ടി ഇരകൾക്ക് വലിയ തുക കൊലപാതകികൾക്ക് കൊടുക്കേണ്ടിവന്നു. ഈ വംശഹത്യയുടെ ക്രൂരതകൾ ചരിത്രത്തിൽ മറ്റെങ്ങും നമുക്ക് കാണാനാകില്ല.”

 

ആ സാഹചര്യത്തിലെ നൈതിക പ്രശ്നങ്ങളെ കുറിച്ച് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ച ചുരുക്കം പേരിൽ ഒരാൾ സൈന്യത്തിലെ ഒരു രാഷ്ട്രീയ മേധാവിയാണ്. ഭരണകൂടത്തിലെ വളരെ കുറഞ്ഞ ഉദ്യോഗസ്ഥരുടെ കുറ്റങ്ങളും പൗരന്മാരുടെ രാഷ്ട്രീയ അക്രമങ്ങളും തമ്മിലുള്ള വ്യത്യാസത്തിലെ സങ്കീർണത അദ്ദേഹം ഓർത്തെടുത്തു: “ഞങ്ങൾ കിഗലി പിടിച്ചെടുത്തപ്പോൾ, അക്രമികളെ അടിച്ചമർത്തണം എന്ന് വിചാരിച്ച ഞങ്ങളെ അഭിമുഖീകരിച്ചത് അക്രമികളായ ഒരു ജനത തന്നെയായിരുന്നു”. പിന്നീട് ആ പ്രശ്നത്തിന്റെ മറ്റൊരു തലം അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങളവിടെ എത്തിച്ചേർന്നപ്പോൾ കിഗലി പകുതിയും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആർപിഎഫ് ഒരു അധിനിവേശ സൈന്യമായിരുന്നുവെന്ന് തോന്നി”. അദ്ദേഹത്തിന്റെ സംശയങ്ങൾ വംശഹത്യയുടെ ശരിയായ നൈതികവും രാഷ്ട്രീയവുമായ പ്രശ്നത്തിൽ നിന്നു ഉരുവം കൊണ്ടതാണ്.

വംശഹത്യക്ക് നേതൃത്വം നൽകിയവരെ നിരീക്ഷിക്കുകയാണെങ്കിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവർ അവശേഷിപ്പിക്കുന്നു: എങ്ങനെയാണ് ഈ ചെറിയ സംഘത്തിന് ഒരു മഹാഭൂരിപക്ഷത്തെ- ന്യൂനപക്ഷസമുദായത്തെ കൊല്ലുവാനോ അല്ലെങ്കിൽ കൊലപാതകത്തിൽ സഹകരിക്കുവാനോ വേണ്ടി- മസ്തിഷ്ക പ്രക്ഷാളനം നടത്തുവാൻ സാധിച്ചത്?

വംശഹത്യയിലെ അക്രമങ്ങൾ ആസൂത്രണത്തിന്റെയും സഹകരണത്തിന്റെയും ഫലമായിരുന്നു. മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെട്ട അജണ്ടകൾ ഒരു ഭീകരമായ യാഥാർത്ഥ്യമായി മാറുകയും താഴെയുള്ളവരുടെ വീക്ഷണങ്ങളിൽ പ്രതിധ്വനിക്കുകയും ചെയ്തു. ഈ രണ്ടു പക്ഷങ്ങളുടെ ബന്ധത്തിന്റെ ഏതെങ്കിലും ഒരു വശത്തു ചേർന്നുനിന്നുകൊണ്ട്, ഭരണകൂട- കേന്ദ്രീകൃതമോ സാമൂഹ്യ കേന്ദ്രീകൃതമോ ആയ വിവരണങ്ങളിൽ എത്തിച്ചേരുക എന്നതിനപ്പുറം വംശഹത്യയുടെ പൂർണ്ണമായ ഒരു വിശകലനം രണ്ടു പക്ഷങ്ങളെയും കണക്കിലെടുത്തുകൊണ്ടാണ് മനസ്സിലാക്കേണ്ടത്. ഇത്, മുകളിൽ നിന്ന് തയ്യാറാക്കിയ- യോജിച്ച സമയവും സന്ദർഭവും കാത്തുനിന്ന- ഒരു ഗൂഢാലോചനയോ, അതല്ലെങ്കിൽ കൈവിട്ടുപോയ ഒരു സാമുദായിക കലാപമോ ആയിരുന്നില്ല. താഴെ നിന്നുള്ള അക്രമങ്ങൾക്ക് കൃത്യമായ ദിശയോ ഉത്തേജകമോ മുകളിൽ നിന്ന് ലഭിക്കാതെയും, ചെറിയൊരു സംഘം കലാപകാരികളുടെ ഗൂഢാലോചന താഴെയുള്ളവരിൽനിന്ന് പ്രതിധ്വനിക്കാതെയും ഈ വംശഹത്യ ഇത്രയും വിജയകരം ആവുമായിരുന്നില്ല. മുകളിൽ നിന്നുള്ള രൂപരേഖയും അതിൽ പങ്കെടുത്ത ന്യൂനാൽ ന്യൂനപക്ഷത്തെയും മനസ്സിലാക്കാൻ നമുക്ക് എളുപ്പമാണ്. എന്നാൽ താഴെ നിന്നുണ്ടായ പ്രതികരണവും സംരംഭവും അതിൽ സഹകരിച്ച ജനസാമാന്യവും റുവാണ്ടൻ വംശഹത്യയുടെ വാസ്തവമായ ധാർമിക പ്രശ്നത്തെ മുന്നോട്ടുവെക്കുന്നു.

ചുരുക്കത്തിൽ, റുവാണ്ടൻ വംശഹത്യ ഒരു കൂട്ടം ഗഹനവും പ്രശ്നാധിഷ്ഠിതവുമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് യാതൊരു മുൻപരിചയവുമില്ലാത്ത ലക്ഷക്കണക്കിനാളുകൾ ഈ കൊലപാതകങ്ങളിൽ പങ്കെടുത്തത്? എന്തുകൊണ്ടാണ് വിദ്യാസമ്പന്നരായ കുറച്ച് ആളുകൾ- രാഷ്ട്രീയ മേലാളന്മാർ മാത്രമല്ല, സാമൂഹിക ബാധ്യതകളുള്ള ഡോക്ടർമാരും നഴ്സുമാരും മനുഷ്യാവകാശ പ്രവർത്തകരും എല്ലാം- ഈ വംശഹത്യയിൽ നേതൃപരമായ പങ്കുവഹിച്ചത്? അതുപോലെതന്നെ ഇരകൾ തങ്ങളുടെ സുരക്ഷിത സങ്കേതങ്ങളായി കരുതിയ പള്ളികളും ആശുപത്രികളും വിദ്യാലയങ്ങളും, ലക്ഷക്കണക്കിന് നിരപരാധികളുടെ അറവുശാലകളായി മാറിയത് എങ്ങനെയാണ്?

മൂന്നു നിശബ്ദതകൾ: ഒരു ആരംഭ ബിന്ദു

അക്കാദമികമോ സാമാന്യമോ ആയ വംശഹത്യയെ കുറിച്ചുള്ള വിലയിരുത്തലുകൾ മൂന്ന് നിശബ്ദതകൾ ബാധിച്ചവയാണ്. ആദ്യത്തെ നിലപാട് ഇങ്ങനെയാണ്: രാഷ്ട്രീയ അക്രമങ്ങൾ കൊണ്ട് നിറഞ്ഞ ഈ നൂറ്റാണ്ടിൽ പോലും റുവാണ്ടൻ വംശഹത്യക്ക് യാതൊരു മുൻകാല ചരിത്രവും ഇല്ല എന്നു പലരും എഴുതുന്നു. അതിനാൽ റുവാണ്ടൻ വംശഹത്യ ഒരു നരവംശശാസ്ത്ര അപൂർവതയായി കാണപ്പെടുന്നു. ആഫ്രിക്കക്കാർക്ക് ഇതൊരു റുവാണ്ടൻ അപൂർവതയാണെങ്കിൽ അതല്ലാത്തവർക്ക് ഇത് ഒരു ആഫ്രിക്കൻ അപൂർവതയാണ്. ഇവിടെ രണ്ടുപേരും റുവാണ്ട വ്യതിരിക്തമാണ് എന്നതിനെ നിരസിക്കുവാൻ ശ്രമിക്കുന്നു.രണ്ടാമത്തെ നിശബ്ദത അക്കാദമിക എഴുത്തുമായി ബന്ധപ്പെട്ടതാണ്. ഉന്നതങ്ങളിൽ നിന്നും രൂപം നൽകപ്പെട്ട ഏക തലത്തിലുള്ള ഒരു ഭാവനയെ വ്യക്തമാക്കുന്നതാണ് അവ. താഴെ നിന്നുള്ള സഹകരണത്തെയോ സംരംഭങ്ങളെയോ അംഗീകരിക്കുവാനോ വിവരിക്കാനോ അവ മടിക്കുന്നു. ഇത്തരം ഒരു രാഷ്ട്രീയ വിശകലനം വംശഹത്യയെ ഒരു ഭരണകൂട- പദ്ധതിയായി മാത്രം ചുരുക്കുകയും കീഴാളവും ‘ജനകീയ’വുമായ സ്വഭാവത്തെ മൂടിവെക്കുകയും ചെയ്യുമ്പോൾ, അക്രമത്തെ ഒരു കൂട്ടം അർഥമില്ലാത്ത പൊട്ടിത്തെറികളായും ആചാരപരമായും വിചിത്രമായും ചുരുക്കുന്നു, ഒരു പുരാതന സ്പന്ദനം ജീവിതത്തിലേക്ക് തിരികെ വന്നതു പോലെ. മൂന്നാമത്തെ നിശബ്ദതയുടെ വിഷയമെന്തെന്നാൽ, വംശഹത്യ റുവാണ്ടൻ അതിർത്തിക്കുള്ളിൽ നടന്നു എന്നതിനാൽ, ഇതേ അതിർത്തിക്കുള്ളിൽ തന്നെ നടന്ന വ്യത്യസ്ത രീതികളിലുള്ള നടപടി ക്രമങ്ങളുടെ ഉൽപന്നമായി ഇതിനെ കരുതുവാൻ ധാരാളം പഴുതുകളുണ്ട്. പക്ഷേ റുവാണ്ടൻ അതിർത്തിക്കുള്ളിൽ മാത്രം പരിമിതമായ ഈ വായന അതിന്റെ പ്രാദേശികതലത്തിലുള്ള ചലനാത്മകമായ പദ്ധതികൾക്കുനേരെ മൗനം പാലിക്കുന്നു.

വംശഹത്യാ- ഹിംസകൾ യുക്തിസഹമായി മനസ്സിലാക്കാൻ സാധിക്കുകയില്ല എന്ന് നമ്മളെല്ലാം അംഗീകരിക്കുമെങ്കിലും, ഇത് ചിന്തനീയമായ ഒരു വിഷയമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ നിന്ന് ഒളിച്ചോടുന്നതിന് പകരം, വംശഹത്യയുടെ ‘ജനകീയത’ തന്നെയാണ് അതിന്റെ ഏറ്റവും പ്രശ്നാത്മകമായ ഭാവം എന്ന് നാം ഗ്രഹിക്കേണ്ടതുണ്ട്.

ഇതിന്റെ സാമൂഹിക പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ, റുവാണ്ടൻ വംശഹത്യയിലെ ഹുട്ടു/ ടുട്സി ആക്രമങ്ങൾ, കൊളോണിയൽ ഇന്ത്യയിലെ വിഭജന സമയത്തുണ്ടായ ഹിന്ദു/ മുസ്‌ലിം അക്രമങ്ങളുമായി നമുക്ക് തുലനം ചെയ്യാവുന്നതാണ്. ഇതിനെ ഒരു ഭരണകൂട പദ്ധതിയായി മാത്രം വിവരിക്കാൻ സാധ്യമല്ല. ‘ജനകീയത’, ‘വംശഹത്യ’ എന്നീ പദങ്ങൾ ഒരുമിച്ചു ഉപയോഗിക്കുവാൻ ആരും തയ്യറാവുകയില്ല. അതിനാലാണ് ഞാൻ ‘ജനകീയത’ എന്നത് കൊട്ടേഷൻ ചിഹ്നങ്ങളിൽ ഇടുന്നത്. എന്നിരുന്നാലും വളരെ വ്യാപകമായ രീതിയിലുള്ള ജനകീയ ഇടപെടലുകൾ എന്തുകൊണ്ട് വംശഹത്യയിൽ നടന്നു എന്ന് ഒരാൾ വിശകലനം ചെയ്യേണ്ടതുണ്ട്. ആയതിനാൽ വംശഹത്യയുടെ വികാസത്തിന്റെ യുക്തി മനസ്സിലാക്കുവാൻ നാം സന്ദർഭോചിതമായി ഇതിനെ വായിക്കേണ്ടതുണ്ട്. റുവാണ്ടൻ വംശഹത്യയിലെ ജനകീയ കർതൃത്വത്തെ ചിന്തനീയമാക്കുക എന്ന പ്രധാനപ്പെട്ട ലക്ഷ്യത്തോടെയാണ് ഞാൻ ഈ പുസ്തകം രചിക്കുന്നത്.

കിഗലി വംശഹത്യാ സ്മാരകത്തിൽ ഇരകളുടെ പേരുകൾ എഴുതിയിരിക്കുന്നു

രാഷ്ട്രീയ സംഭവങ്ങളുടെ ചരിത്രപശ്ചാത്തലത്തെ ഗൗരവത്തിലെടുത്തുകൊണ്ട്, രാഷ്ട്രീയ ചോയ്‌സുകളെയും അവയുടെ നിർമാതാക്കളെയും ചരിത്രപരമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചോയ്സുകൾ നിർമ്മിക്കപ്പെട്ടത് ചരിത്രപരമായി പരിമിത വൃത്തത്തിൽ നിന്നാണെന്നത് ശരിയാണെങ്കിൽ, അതിന്റെ കർത്താക്കളുടെ സ്വത്വം രൂപപ്പെട്ടതും ചരിത്രപരമായ നിയതസ്ഥാപനങ്ങളുടെ പരിധിയിൽ നിന്ന് തന്നെയാണ്. ചരിത്രപരമായി ഉദ്ബോധകമായ ഒരു കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തുക എന്നത് രാഷ്ട്രീയപരമായി നിരുത്തരവാദിത്ത ചരിത്രപരതയിൽ നിന്നും വളരെ വ്യത്യസ്തമാണ്. ചരിത്രവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ അടുത്തറിയുവാൻ, കോളനിവൽക്കരണത്തിന്റെ ചരിത്ര പൈതൃകവും കോളനിയാനന്തര രാഷ്ട്രീയവും തമ്മിലുള്ള ബന്ധങ്ങളെ നാം ചോദ്യം ചെയ്യേണ്ടതുണ്ട്. ഞാൻ അസാധ്യമായ രണ്ടു കാര്യങ്ങളെ കൂട്ടിയിണക്കുവാൻ ശ്രമിക്കുകയാണെന്ന് വിചാരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഒരു പ്രവർത്തനത്തിന്റെ വ്യാപ്തി – പരിധികൾ പോലുമല്ല, അതിന്റെ ചരിത്ര- പൈതൃകങ്ങളെ കണക്കിലെടുക്കാതെ നിർണയിക്കാൻ സാധ്യമല്ല എന്നാണ്.

കൊളോണിയലിസവും വംശഹത്യയും

ശത്രുവിനെ ഉന്മൂലനം ചെയ്യുവാനുള്ള വംശഹത്യാ- പ്രേരകത്തിനു സംഘടിതമായ അധികാരശക്തിയുടെ അത്രത്തോളം തന്നെ പഴക്കമുണ്ട്. ആയതിനാൽ ദൈവം മോസസിലൂടെ അവന്റെ പഴയ വേദപുസ്തകത്തിന്റെ അനുയായികളെ ഇങ്ങനെ ഉപദേശിക്കുന്നു:

“യിസ്രായേൽ മക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും. അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ. യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു. യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബന്ധിതരാക്കി; അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തുകളെയും കൊള്ളയിട്ടു. അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. അവർ എല്ലാ കൊള്ളയും – മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു. എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു. ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായതു. ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ. പുരുഷനോടു കൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.”

 

വംശഹത്യാ- പ്രേരകത്തിനു സംഘടിതമായ അധികാരശക്തിയുടെ പഴക്കമുണ്ടെങ്കിൽ, ചരിത്രത്തിന്റെ പ്രവാഹത്തിൽ വംശഹത്യയുടെ സാങ്കേതികവിദ്യ മാത്രമേ മാറിയിട്ടുള്ളൂ എന്നു ഒരാൾ വിചാരിക്കുവാൻ പ്രലോഭിക്കപ്പെടാം. സാങ്കേതികവിദ്യ മാത്രമല്ല, ഈയൊരു പ്രേരണയുടെ സംഘാടനവും ലക്ഷ്യനിർണ്ണയവും ചരിത്രത്തിലുടനീളം മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ശത്രുവിനെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ നീ ശത്രുവിനെ നിർവചിക്കേണ്ടതുണ്ട്.

ചരിത്രത്തിലുടനീളം രാഷ്ട്രീയ സ്വത്വത്തിന്റെയും രാഷ്ട്രീയ അപരന്റെയും നിർവചങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഈ രൂപാന്തരത്തിന്റെ ചരിത്രമെന്നത് രാഷ്ട്രീയ സ്വത്വങ്ങളുടെ – അവ മതപരമോ ദേശീയമോ വംശപരമോ അതിനുപരിയോ ആവട്ടെ, ചരിത്രമാണ്.

കൊളോണിയലിസത്തിന്റെ യുക്തിയുടെ പരിധിക്കുള്ളിൽ നിന്നാണ് റുവാണ്ടൻ വംശഹത്യയെ കുറിച്ച് ചിന്തിക്കേണ്ടതെന്നാണ് ഞാൻ വാദിക്കുന്നത്. കൊളോണിയലിസത്തിന്റെ ഭീകരത രണ്ടുതരത്തിലുള്ള വംശഹത്യാ പ്രേരണകൾക്ക് കാരണമായിട്ടുണ്ട്. ആദ്യത്തേത് അധിനിവേശകന്റെ തദ്ദേശീയനെതിരായുള്ള വംശഹത്യയാണ്. കൊളോണിയൽ അനുനയത്തിന്റെ അക്രമങ്ങൾ തീവ്രമായ അനുപാതത്തിലായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. രണ്ടാമത്തേത് അധിനിവേശകരുടെ ഉന്മൂലനത്തിനായുള്ള തദ്ദേശവാസികളുടെ പ്രേരകമാണ്. ആദ്യത്തേത് വ്യക്തമായും നികൃഷ്‌ടമാണെങ്കിൽ രണ്ടാമത്തേത് അങ്ങനെയല്ല. തദ്ദേശീയ ആക്രമണത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെ അതിനെ ഒരു വംശഹത്യാ പ്രേരകമായി ചിന്തിക്കുവാൻ നമ്മെ പ്രയാസപ്പെടുത്തുന്നു. കാരണം, ഇത് അധിനിവേശ അക്രമത്തിന്റെ ഉൽപന്നം മാത്രമാണ്, തദ്ദേശീയ ആക്രമങ്ങളെ തികഞ്ഞ കൈയേറ്റങ്ങൾ എന്നതിനപ്പുറം തുടർച്ചയായുള്ള അധിനിവേശത്തിനെതിരെയുള്ള സ്വയം പ്രതിരോധം എന്ന രീതിയിലാണ് പ്രത്യക്ഷമാവുന്നത്. അധിനിവേശകന്റെ തദ്ദേശീയനോടുള്ള മനുഷ്യത്വ നിഷേധത്തിൽ നിന്നാണ് അവന്റെ അക്രമം പ്രതിരോധപരമാവുന്നത്. ഇത് ജീവനെടുക്കുക എന്നതിനപ്പുറം തദ്ദേശീയ ജനതയുടെ മനുഷ്യത്വത്തെ സമ്മതിക്കുകയായിരുന്നു ചെയ്തത്. തദ്ദേശീയൻ അധിനിവേശകനെ വധിക്കുമ്പോൾ അത് ഇന്നലത്തെ ഇരകളുടെ പ്രതികാര- അക്രമമായാണ് മനസ്സിലാക്കേണ്ടത്. ജീവനും സ്വാതന്ത്ര്യത്തിനും എതിരെയുള്ള അക്രമത്തേക്കാൾ അത് കൊളോണിയൽ വിരുദ്ധ പ്രതിരോധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്. ഇങ്ങനെ ഇര അക്രമിയായി മാറുന്ന ആക്രമണങ്ങൾ, അധിനിവേശകന്റെ ഹിംസയേക്കാൾ വലിയ ഒരു ധാർമിക സന്ദിഗ്‌ദത എപ്പോഴും ഉയർത്തിയിട്ടുണ്ട്.

ഫ്രാന്റ്സ് ഫാനോനും ഹന്ന ആരെൻഡുമാണ് മറ്റുള്ളവരേക്കാൾ എല്ലാമുപരിയായി കോളോണിയലിസത്തിന്റെ ഇരട്ട ഭീകരതകൾക്കിടയിലൂടെ ചിന്തിക്കുവാൻ ശ്രമിച്ച രണ്ടു രാഷ്ട്രീയ സൈദ്ധാന്തികർ. നാസി ഹോളോകോസ്റ്റിനെ മനസ്സിലാക്കുവാൻ അന്ന ആരെൻഡു വംശഹത്യാ ചരിത്രത്തിന്റെ ഒരു പശ്ചാത്തലത്തിൽ അതിനെ സ്ഥാപിക്കുന്നു: അധിനിവേശകന്റെ തദ്ദേശീയനെതിരായുള്ള വംശഹത്യയാണത്. തദ്ദേശീയരുടെ അക്രമത്തെ അഭിമുഖീകരിച്ച ഫ്രാന്റ്സ് ഫാനോൻ അതിന്റെ യുക്തിയെ മനസ്സിലാക്കിയത് കണ്ണിന് കണ്ണ്, അക്രമത്തിനു മുൻകൂട്ടിയുള്ള പ്രതികരണം എന്നീ രീതികളിലായിരുന്നു, അവ പുതു അക്രമത്തെ സ്വാഗതം ചെയ്യുവാനല്ലായിരുന്നു. അക്രമമെന്നത് ആക്രമത്തെ ഇല്ലാതാക്കുവാൻ വേണ്ടിയാണെന്ന് സിദ്ധാന്തിച്ച ഫാനോൻ, ഒരു നവ മാനവികതയുടെ ആഗമനം കൊളോണിയൽ ഹിംസയുടെ അധ്യായം അവസാനിപ്പിക്കുമെന്ന ഉട്ടോപ്പിയൻ ആഗ്രഹം പങ്കുവെച്ചു.

(തുടരും)

മൊഴിമാറ്റം: ഹിഷാമുൽ വഹാബ്

Top