വംശഹത്യയെപ്പറ്റി ചിന്തിക്കുമ്പോൾ (ഭാഗം ഒന്ന്)
1994 ഏപ്രിൽ 7നും ജൂലൈ 15നും ഇടയിൽ റുവാണ്ടയിൽ ടുട്സി ന്യൂനപക്ഷത്തിനെതിരെ ഹുട്ടു ഭൂരിപക്ഷം നടത്തിയ വംശഹത്യയിൽ അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരാണ് കൊല്ലപ്പെട്ടത്. പിറ്റേ വർഷം നരവംശ ശാസ്ത്രജ്ഞനും ഉഗാണ്ടയിലെ മകരരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ച് ഡയറക്‌ടറുമായ മഹ്‌മൂദ് മംദാനി റുവാണ്ട സന്ദർശിച്ചു. 2001ൽ വംശഹത്യയെക്കുറിച്ച് മംദാനി എഴുതിയ When Victims Become Killers: Colonialism, Nativism, and the Genocide in Rwanda എന്ന പുസ്തകത്തിന്റെ ആമുഖം അധിനിവേശാനന്തര ലോകത്തെ വംശഹത്യാ രാഷ്ട്രീയത്തെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കാനുള്ള ശ്രമമായിരുന്നു. റുവാണ്ടൻ വംശഹത്യയുടെ ഇരുപതാം വാർഷിക വേളയിൽ മംദാനിയുടെ ആമുഖം ഹിഷാമുൽ വഹാബ് മൊഴിമാറ്റം ചെയ്തത് മൂന്നു ഭാഗങ്ങളായി
പ്രസിദ്ധീകരിക്കുന്നു.
വംശഹത്യക്ക് ഒരു വർഷത്തിനു ശേഷമാണ് ഞാൻ റുവാണ്ട സന്ദർശിച്ചത്. 1995 ജൂലൈ 22ന് കിഗലിയിൽനിന്നും ബുറുണ്ടി അതിർത്തിയിലേക്കുള്ള വൃത്തിഹീനമായ പാതയിലൂടെ ഒന്നര മണിക്കൂർ കാറിൽ ഞാൻ തരാമയിലേക്ക് പോയി. ഞങ്ങൾ അവിടെ ഒരു ഗ്രാമീണ ക്രിസ്ത്യൻ പള്ളിയുടെ മുന്നിൽ ഇറങ്ങി. അത് കല്ലുകൾ കൊണ്ടു നിർമിച്ചതും ഇരുമ്പു പാളികളാൽ മറച്ചതുമായിരുന്നു. പുറത്ത് മനുഷ്യതലയോട്ടികൾ അടുക്കിവെച്ച ഒരു മരനിർമിത ഷെൽഫ് നിൽക്കുന്നു. താഴെ ചിതറിക്കിടക്കുന്ന എല്ലുകളും അത് ശേഖരിച്ചുവച്ച ചാക്കുകളും അതെല്ലാം മൂടിവച്ച കീറിയ വസ്ത്രങ്ങളും ഞാൻ കണ്ടു. ആ എല്ലുകളെല്ലാം അയൽപക്ക ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്നതാണെന്ന് ഞങ്ങളോട് കാവല്‍ക്കാരന്‍ പറഞ്ഞു. ഇതേ പോലെയുള്ള ധാരാളം സ്ഥലങ്ങൾ ഏകദേശം പത്ത് വർഷം മുമ്പു ഞാൻ ഉഗാണ്ടയിലെ ലുവാറോ ട്രയാങ്കിളിലും കണ്ടിട്ടുണ്ടായിരുന്നു, ഞാൻ അവിടെ ഒരു ഗതകാലസ്മരണ അനുഭവിച്ചു. അവിടെയെല്ലാം എല്ലുകളുടെയും തലയോട്ടികളുടെയും എണ്ണം ഇങ്ങനെ ഒരു സ്ഥലത്ത് കുന്നുകൂട്ടിയിട്ടതിനേക്കാൾ വളരെ കൂടുതലായിരുന്നുവെങ്കിലും, ഇത്തരം രാഷ്ട്രീയ അക്രമത്തിന്റെ കലാസൃഷ്ടികൾ ഒന്നും എനിക്ക് പുതുമയുള്ളതായിരുന്നില്ല.
ആ പള്ളി ഏകദേശം 60 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ളതാണ്. ഉൾഭാഗത്ത് കല്ലുകൾക്ക് മുകളിൽ മരപലകകൾ സ്ഥാപിച്ചിരിക്കുന്നു. അവ ഡെസ്കുകൾ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അകത്തു കയറിയപ്പോൾ ഒരു കൂട്ടം സാധനസാമഗ്രികൾ ഞാൻ കണ്ടു; ചുമൽ ചാക്കുകളും കീറിയ വസ്ത്രങ്ങളും ടവ്വലും മരപെട്ടിയും പാചക പാത്രവും പ്ലാസ്റ്റിക് കൂജകളും പ്ലേറ്റുകളും പായകളും; ദരിദ്രരുടെ ഭൗതിക സാധനങ്ങളാണ് അവയെല്ലാം. ഇതിനെല്ലാം നടുക്ക് ഞാൻ കുറേ എല്ലുകളും മരണാവസ്ഥയിൽ തന്നെ സ്ഥിതി ചെയ്യുന്ന പൂർണ്ണകായ അസ്ഥികൂടങ്ങളും കണ്ടു. വംശഹത്യക്ക് ഒരു വർഷത്തിനു ശേഷവും രക്തത്തിൻറെ മണം അവിടെ വായുവിൽ നിലനിൽക്കുന്നു. എല്ലുകളിലും വസ്ത്രങ്ങളിലും ഭൂമിയിലും എല്ലാം ആ ഗന്ധം വ്യാപരിക്കുന്നു; ഒരു മനുഷ്യ ചതുപ്പ് പോലെ.
അവിടുത്തെ മതിലുകൾ സമഗ്രമായി വീക്ഷിച്ചപ്പോൾ അതിൽ വിട്ടുവിട്ടുള്ള തുളകൾ കണ്ടു. “ഇതെല്ലാം ഇന്ററഹംവെയ് (ഭരണവർഗത്തിന്റെ യുവ- സായുധസംഘം) ഗ്രനേഡുകൾ എറിയുവാൻ വേണ്ടി നിർമ്മിച്ചു വച്ചതായിരുന്നു”, ഒരു ഗൈഡ് എനിക്ക് വിശദീകരിച്ചുതന്നു. അദ്ദേഹം തുടർന്നു: “പള്ളിയിൽ ഉള്ളവരെല്ലാം വളരെ ഭാഗ്യവാന്മാർ ആയിരുന്നു. അവരെല്ലാം തത്സമയം കൊല്ലപ്പെട്ടു. എന്നാൽ പുറത്തുള്ളവരുടെ മരണം ദാരുണമായിരുന്നു. ഒരാഴ്ചയോളം അവരുടെ ശരീര ഭാഗങ്ങൾ വേർപ്പെടുത്തി ഇഞ്ചിഞ്ചായിട്ടാണ് അവരെ കൊന്നത്.”
അസ്ഥികൂടങ്ങളിൽ നിന്നും എന്റെ കണ്ണുകൾ ഉയർത്തി പള്ളി മതിലുകളിലേക്ക് നോക്കി. അതെല്ലാം ഇപ്പോഴും പഴയ ചില പോസ്റ്ററുകൾ കൊണ്ട് മൂടിയിരിക്കുന്നു. അവയെല്ലാം എന്റെ പത്ത് വർഷത്തോളമുള്ള ജീവിതാനുഭവങ്ങളെപ്പോലെ, എനിക്ക് പരിചിതമായ തീവ്ര ഭരണകൂടങ്ങളുടെ വികസന ഉദ്ബോധനങ്ങൾ ആയിരുന്നു: ഒന്ന് ഇങ്ങനെ വായിക്കാം: “അന്താരാഷ്ട്ര വനിതാ ദിനം” വേറൊന്നു എഴുതിവെച്ചിരുന്നു: “സമത്വം, സമാധാനം, വികസനം.”
കാലികസ്റ്റ എന്നു പേരുള്ള വംശഹത്യയെ അതിജീവിച്ച ഒരാളെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം തന്റെ അനുഭവങ്ങൾ വിവരിച്ചു: “1994 ഏപ്രിൽ ഏഴാം തീയതി രാവിലെ അവർ സമീപ പ്രദേശങ്ങളിലെ വീടുകൾ ചുട്ടുകരിച്ചുകൊണ്ട് ഇവിടെ എത്തി. ഏറ്റുമുട്ടലിൽ ഞങ്ങളിൽ കുറച്ചു പേർ കൊല്ലപ്പെട്ടു. അവരെ ഭയന്ന് ഞങ്ങൾ ഈ സ്ഥലത്ത് അഭയം പ്രാപിച്ചു. ഈ ദൈവ ഭവനത്തിൽ ആരും ആക്രമിക്കില്ല എന്ന് ഞങ്ങൾ വിചാരിച്ചു. എന്നാൽ പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ ഞങ്ങൾ അവരോട് പോരാടുകയായിരുന്നു. ഞങ്ങളുടെ പക്കൽ കല്ലുകളായിരുന്നു ആയുധം എങ്കിൽ അവർക്ക് വടിവാളുകളും കുന്തങ്ങളും ഗ്രനേഡുകളും ഉണ്ടായിരുന്നു. പത്താം തീയതി അവരുടെ ആളുകൾ വർദ്ധിച്ചു. പതിനാലാം തീയതി ഞങ്ങൾ പള്ളിയുടെ ഉള്ളിലേക്ക് തള്ളപ്പെട്ടു. ഈ പള്ളിയിൽ യഥാർത്ഥ കൊലപാതകങ്ങൾ നടന്നത് പതിനഞ്ചാം തീയതി ആയിരുന്നു.”
“അന്നവർ രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തെ കൊണ്ടുവന്നു. അവർ അടുത്ത സമുദായങ്ങളിൽ നിന്നും വന്ന ഇന്ററഹംവെയെ പിന്തുണക്കുന്നവരായിരുന്നു. ആ സമയം ഇവിടെ സ്ത്രീകളും കുട്ടികളും വയസ്സായ ആളുകളും മാത്രമായിരുന്നു. ഞാൻ പ്രതിരോധ സംഘങ്ങൾ രൂപീകരിക്കുവാൻ പുറത്തു പോയ പുരുഷന്മാരുടെ കൂടെയായിരുന്നു. കൂടുതൽ പുരുഷന്മാരും സമരത്തിൽ കൊല്ലപ്പെട്ടു. ഞങ്ങളുടെ പ്രതിരോധനിര തകർത്തപ്പോൾ അവർ ഇവിടെ വന്ന് എല്ലാവരെയും കൊന്നൊടുക്കി. കുന്നുകളിൽ പോയി ഒളിച്ചവരെ പിടികൂടുവാൻ അവർ വേട്ട തുടങ്ങി. ഞങ്ങൾ സമീപത്തുള്ള ചതുപ്പിലേക്ക് ഓടിമറഞ്ഞു.”
ഞാനവരുടെ സമൂഹഘടനയെപ്പറ്റി ചോദിച്ചു: ആരൊക്കെയായിരുന്നു അവിടെ ജീവിച്ചിരുന്നത്, അതിൽ എത്ര ടുട്സികളും എത്ര ഹൂട്ടുകളും, ആരൊക്കെയാണ് കൊലപാതകങ്ങളിൽ പങ്കെടുത്തത് എന്നെല്ലാം ആരാഞ്ഞു. “ഞങ്ങളുടെ സമൂഹത്തിൽ മൂന്നിൽ രണ്ടു ഹുട്ടുകളും മൂന്നിലൊന്ന് ടുട്സികളും ആയിരുന്നു. ടുട്സികൾ ഏകദേശം 5000 പേരുണ്ടായിരുന്നു. 3500 ഹൂട്ടുകളിൽ എല്ലാവരും വംശഹത്യയിൽ പങ്കെടുത്തു. ഉന്നതരായ ഹുട്ടു നേതാക്കൾ കല്പിക്കുകയും മറ്റുള്ളവർ പിന്തുടരുകയും ചെയ്തു.”
അവിടെയൊന്നും മിശ്രവിവാഹങ്ങൾ ഇല്ലേ എന്ന് ഞാൻ ചോദിച്ചു. “ധാരാളമുണ്ട്, മൂന്നിലൊന്ന് ടുട്സി പെൺകുട്ടികളും ഹുട്ടു കളെയാണ് കല്യാണം കഴിക്കാറുള്ളത്. പക്ഷേ ഒരു ശതമാനം ഹുട്ടുകൾ മാത്രമേ അവരുടെ പെൺമക്കളെ ടുട്സികളെ കൊണ്ട് കല്യാണം നടത്തിയിരുന്നുള്ളൂ. ടുട്സികൾ അവഗണിക്കപ്പെട്ടവരായിരുന്നു. വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത ടുട്സികൾക്ക് തങ്ങളുടെ പെൺമക്കളെ കല്യാണം ചെയ്ത അയക്കുവാൻ ഹുട്ടുകൾക്ക് മടിയായിരുന്നു. എന്നാൽ ടുട്സികളെ വിവാഹം ചെയ്ത ഹുട്ടു സ്ത്രീകൾക്കു മികച്ച അവസരങ്ങൾ ലഭിക്കുമായിരുന്നു.”
“ഹുട്ടുകളെ കല്യാണം കഴിച്ച ടുട്സി സ്ത്രീകളെല്ലാം വധിക്കപ്പെട്ടു. അതിജീവിച്ച ഒരാളെ മാത്രമേ എനിക്ക് അറിയുകയുള്ളൂ. തങ്ങളുടെ ടുട്സി ഭാര്യമാരെ കൊന്നുകൊണ്ടു കൂറ് തെളിയിക്കുവാൻ ഭരണകൂടം, ഇന്റെറഹംവെയിൽ ചേരുന്ന ഹുട്ടുകളോട് ആവശ്യപ്പെട്ടു.”
..എന്നാൽ അതു നിരസിച്ച ഒരാളോട് ഒന്നുകിൽ സ്വന്തം ജീവനോ അല്ലെങ്കിൽ ഭാര്യയുടെ ജീവനോ തിരഞ്ഞെടുക്കുവാൻ കല്പിച്ചപ്പോൾ, അയാൾ സ്വരക്ഷക്ക് മുൻഗണന നൽകി. അതുകണ്ടു മറ്റൊരാൾ കോപിച്ചപ്പോൾ അയാളെയും കൊന്നു കളഞ്ഞു. ഭാര്യയെ വധിക്കേണ്ടിവന്ന കല്ലിസ ഇപ്പോൾ ജയിലിലാണ്. വധത്തിനു ശേഷം അയാൾ മതം മാറുകയും എല്ലായിടത്തും ഗ്രനേഡുകൾ വിതരണം ചെയ്യാൻ തുടങ്ങുകയും ചെയ്തു.”
“തോക്കുകൾ വിതരണം ചെയ്തുകൊണ്ട് വളരെ ആസൂത്രിതമായായിരുന്നു കൊലപാതകങ്ങളെല്ലാം നടപ്പാക്കിയത്. ആർപിഎഫിന്റെ കൂടെയുള്ള യുദ്ധത്തിൽ ധാരാളം യുവാക്കളെ തടങ്കലിലാക്കുകയും പരിശീലനത്തോടൊപ്പം തോക്കുകൾ നൽകുകയും ചെയ്തിരുന്നു. പരിശീലനം ലഭിച്ചവർ ക്രമേണ ടുട്സികളിൽ നിന്നും അകലം പാലിച്ചു. എന്റെ സുഹൃത്തുക്കളിൽ കുറച്ചു പേർക്കും പരിശീലനം ലഭിച്ചിരുന്നു. അവർ തിരിച്ചു വന്നപ്പോൾ മറ്റുള്ളവരെ സജ്ജരാക്കുന്നതിൽ മുഴുകി. അവർ ഒരിക്കലും എന്നെ കാണാൻ വന്നിരുന്നില്ല. എനിക്കപ്പോൾ 57 വയസ്സായിരുന്നു. 60 വയസ്സ് ഉള്ളവർ പോലും പരിശീലനം കൂടാതെ തന്നെ കൊലപാതകങ്ങളിൽ പങ്കെടുത്തു. പരിശീലനം ലഭിച്ചവരായ സീനിയർസ് ആറും സാങ്കേതിക വിദ്യാഭ്യാസം ഒഴിവാക്കിയവരുമായിരുന്നു.” നിങ്ങളുടെ എത്ര സുഹൃത്തുക്കൾ കൊലപാതകത്തിൽ പങ്കെടുത്തു എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “ഞാനവരുടെ പിതാക്കളുടെ സുഹൃത്തായിരുന്നു. ഇത് പിതാവ്- പുത്രൻ ബന്ധമായിരുന്നു. അവരുടെ പിതാക്കൾക്ക് എന്നെ അറിയാം എന്ന് ഞാൻ വിചാരിക്കുന്നു.”
ആരായിരുന്നു തരാമയിലെ കൊലപാതകികൾ? കിഗലിയിൽ നിന്നാണ് രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ സംഘങ്ങൾ എത്തിയത്. ഇന്റെറഹംവെയെ കൊണ്ടുവന്നത് അയൽപക്ക സമുദായങ്ങളിൽ നിന്നുമാണ്. ആഭ്യന്തരയുദ്ധത്തിനു ശേഷം സ്വയം പ്രതിരോധത്തിൽ പരിശീലനം ലഭിച്ച യുവാക്കൾ തദ്ദേശീയർക്ക് പരിശീലനം നൽകി. പക്ഷേ യാഥാർഥ്യം എന്തെന്നാൽ, എല്ലാവരും- താരതമ്യേന എല്ലാ പുരുഷന്മാരും- വംശഹത്യയിൽ പങ്കെടുത്തു. സ്ത്രീകൾ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയും തെരുവുകലാപങ്ങളിലെ രണ്ടാം നിര പോലെ സഹായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
1994 മാർച്ചിനും ജൂലൈക്കുമിടയിൽ എത്ര ടുട്സികൾ കൊല്ലപ്പെട്ടു എന്ന് വ്യക്തമായി പറയാൻ ആർക്കും സാധ്യമല്ല. ആ നിർണ്ണായകമായ 100 ദിവസങ്ങളും അതിനുശേഷം സംഭവിച്ച രാഷ്ട്രപതിയുടെ വിമാനത്തെ വെടിവെച്ചിടലിന്റെയും സൈനിക അട്ടിമറിയുടെയും സമയങ്ങളിൽ, സൈനികരും പൗരസമൂഹ നേതൃത്വവും ഹുട്ടുകളെ സംഘടിപ്പിച്ചു നടത്തിയ ടുട്സി- വിരുദ്ധ വംശഹത്യയിൽ കുട്ടികളെയടക്കം കൊന്നൊടുക്കി. ഈ പ്രക്രിയയിൽ അവർ ഹുട്ടു രാഷ്ട്രീയ പ്രതിപക്ഷത്തെ മാത്രമല്ല, ‘ദേശീയ ചുമതല’ നിർവഹിക്കാൻ വിസമ്മതിച്ച ധാരാളം അരാഷ്ട്രീയ ഹുട്ടുകളെയും ഇല്ലായ്മ ചെയ്തു. കൊല്ലപ്പെട്ടവരുടെ കണക്കുകൾ വ്യത്യസ്തങ്ങളാണ്. പതിനായിരം മുതൽ അമ്പതിനായിരം വരെ ഹുട്ടുകളും 5 ലക്ഷം മുതൽ 10 ലക്ഷം വരെ റടുട്സികളും. വ്യക്തികളെന്ന രീതിയിലാണ് ഹുട്ടുകളെ വധിച്ചതെങ്കിൽ സംഘം എന്ന തോതിലാണ് ടുട്സികളെ കൊന്നൊടുക്കിയത്, ജർമ്മനിയിൽ ജൂത ജനതയെ ഇല്ലായ്മ ചെയ്തതുപോലെ. ഈ വ്യക്തമായ ലക്ഷ്യം ഉള്ളതിനാലാണ് ടുട്സികൾക്കെതിരെ നടത്തപ്പെട്ട കൊലപാതകങ്ങളെ ‘വംശഹത്യ’ എന്ന് തന്നെ പ്രയോഗിക്കപ്പെടേണ്ടത്. ഈയൊരു വസ്തുത റുവാണ്ടയിലെ വംശഹത്യക്കും നാസി ഹോളോകോസ്റ്റിനും ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്യതയെ അടിവരയിടുന്നു.
വംശഹത്യയുടെ ചരിത്രത്തിൽ തന്നെ റുവാണ്ടയിലെ വംശഹത്യ പ്രയാസകരമായ ഒരു രാഷ്ട്രീയ ചോദ്യമുയർത്തുന്നു. നാസി ഹോളോകോസ്റ്റിനെ പോലെ അകലത്തുനിന്നോ, അല്ലെങ്കിൽ അതിർത്തികൾക്കപ്പുറത്തെ കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ വ്യാവസായിക-തോതിൽ ഗ്യാസ് ചേംബറുകളിലേക്ക് സൈക്ലോൺ ബി പരലുകൾ വർഷിച്ചു കൊണ്ടോ അല്ല റുവാണ്ടൻ വംശഹത്യ നടപ്പിലാക്കിയത്. വടിവാൾ പ്രഹരങ്ങൾ കൊണ്ടാണ്- പരൽ വര്‍ഷങ്ങൾ കൊണ്ടല്ല- റുവാണ്ടൻ വംശഹത്യ നിർവഹിക്കപ്പെട്ടത്, ഉദോഗസ്ഥ സാമർഥ്യത്തോടെ നിറവേറ്റപ്പെട്ട കൂട്ട- ഉന്മൂലനമല്ല, ഒരു തെരുവ് കലാപത്തിന്റെ എല്ലാ ബീഭത്സമായ വിവരണങ്ങളും അടങ്ങിയിരിക്കുന്ന സംഭവമാണിത്. സാങ്കേതികവിദ്യയുടെ വ്യത്യസ്തതയും ഇവിടെ സുപ്രധാനമായ സാമൂഹിക വ്യത്യസ്തതയിലേക്ക് വിരൽ ചൂണ്ടുന്നു.
ഹോളോകോസ്റ്റിന്റെ സാങ്കേതികവിദ്യ കുറച്ചാളുകൾക്ക് കുറേ പേരെ കൊല്ലുവാൻ അവസരം നൽകിയെങ്കിൽ, വടിവാളുകൾ ഒരാളുടെ ഇരു കൈകൾ കൊണ്ട് തന്നെ വീശേണ്ടതുണ്ടായിരുന്നു. ഒന്നല്ല, പല തവണ വീശിയാൽ മാത്രമേ ഒരാളെ കൊല്ലുവാൻ സാധിക്കുമായിരുന്നുള്ളൂ. ഒരാൾ ഒരു വാൾകൊണ്ട് കൊല്ലുക എന്നത് പോലും പ്രയാസമായ കാര്യമായതിനാൽ ഒരു ഇരയെ കൊല്ലുവാൻ ധാരാളം കൊലപാതകികൾ വേണ്ടിവരുമായിരുന്നു. നാസികൾ ഇരകളെ തങ്ങളിൽ നിന്ന് പരമാവധി വേർതിരിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ, റുവാണ്ടൻ വംശഹത്യ വളരെ സുദൃഢമായ ഇടപാടായിരുന്നു.
ലക്ഷക്കണക്കിനാളുകൾ ഇതു നടപ്പാക്കുകയും പത്തുലക്ഷത്തിലധികം ജനങ്ങൾ സാക്ഷ്യംവഹിക്കുകയും ചെയ്തു. 1997ൽ നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തിൽ റുവാണ്ട പാട്രിയോട്ടിക് ഫ്രണ്ട് (ആർപിഎഫ്) സർക്കാരിലെ ഒരു മന്ത്രി രണ്ടു ഭീകര കൃത്യങ്ങൾക്കുമിടയിലെ അന്തരത്തെകുറിച്ച് പറഞ്ഞിരുന്നു: “ജർമ്മനിയിൽ ജൂതന്മാരെ തങ്ങളുടെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടു പോവുകയും, ദൂരെയുള്ള സ്ഥലങ്ങളിൽ വച്ച് അജ്ഞാതമായ നിലയിൽ കൊന്നൊടുക്കുകയും ചെയ്തു. റുവാണ്ടയിൽ ഭരണകൂടം ആരെയും കൊന്നിട്ടില്ല. അവർ ജനതയെ ആവേശം കൊള്ളിക്കുകയും പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തു. ഇവിടെ നിങ്ങളുടെ അയൽവാസികളാണ് നിങ്ങളെ കൊന്നത്. ജർമ്മനിയിൽ ജനത കൊലപാതകങ്ങളിൽ പങ്കെടുത്തുവെങ്കിലും പ്രത്യക്ഷത്തിൽ ആയിരുന്നില്ല, പരോക്ഷമായിട്ടായിരുന്നു. അവിടെ അയൽവാസിയുടെ മകൻ കൊല്ലപ്പെട്ടുവെങ്കിൽ അതിനു കാരണം അവൻ സൈന്യത്തിൽ ചേർന്നു എന്നതു മാത്രമാണ്.”
(തുടരും)
മൊഴിമാറ്റം: ഹിഷാമുൽ വഹാബ്