ഐ.എം.വിജയൻ: കാമനകളുടെ ബലാബലങ്ങൾ
കേരളീയ കളി- കായിക ആഖ്യാനത്തിന്റെ വിസ്തൃതപ്രദേശങ്ങളില്‍ ദലിതരും പുറമ്പോക്കുകളും അടയാളപ്പെടുന്നത് കറുപ്പിന്റെ ചിഹ്നവ്യവസ്ഥയിലാണ്. ഫുട്ബാളിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കളി എഴുത്തുകൾ, റേഡിയോ- ടിവി കമന്ററികള്‍, ദൃശ്യസംപ്രേഷണങ്ങള്‍ എന്നിവയിലൂടെ ‘കരിമാടിക്കുട്ടന്‍ മുന്നേറുന്നു’, ‘കറുത്ത മുത്തിന്റെ തകര്‍പ്പന്‍ ഗോള്‍’, ‘കറുപ്പിന്റെ കരുത്ത് തെളിയിച്ചവന്‍’ തുടങ്ങിയ വാങ്മയങ്ങളിലൂടെയാണ് ദലിത് താരങ്ങളുടെ മുന്നേറ്റങ്ങള്‍ പ്രത്യക്ഷീകരിക്കപ്പെട്ടിട്ടുള്ളത്. നേര്‍ക്കാഴ്ചയില്‍ ഇവ സ്വഭാവിക പ്രതികരണങ്ങളാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മനിരീക്ഷണങ്ങള്‍ അവയുടെ വംശീയ അടിവേരുകള്‍ വെളിപ്പെടുത്തും. അരുൺ അശോകൻ എഴുതുന്നു.
കൊളോണിയല്‍ കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ കാല്‍പന്തുകളിയുടെ സാന്നിധ്യമുറപ്പിക്കപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമാണ്. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജ് ഹൈസ്‌കൂളിലെ രസതന്ത്ര വകുപ്പ് മേധാവിയായിരുന്ന പ്രൊഫ.ബിഷപ്പ് ബോയല്‍ തിരുവിതാംകൂറിലും 1884-85 കാലത്ത് കോട്ടയത്തെ സിഎംഎസ് കോളേജിലും 1925ല്‍ തൃശൂര്‍ പാലസ് ഗ്രൗണ്ടിലും കാല്‍പന്തുകളിക്ക് അരങ്ങൊരുക്കുന്നുണ്ട്. 1942ല്‍ കേണല്‍ ജി. വി. രാജ തിരുവിതാംകൂര്‍- കൊച്ചി ഫുട്‌ബോള്‍ അസോസിയേഷന്‍ കെട്ടിപ്പെടുത്തതോടുകൂടി തിരുകൊച്ചി മേഖലയിലെ ഫുട്‌ബോള്‍ സ്ഥാപന(വത്കൃത) രൂപം കൈവരിക്കുയായിരുന്നു.
മിഷനറി- നാടുവാഴി കളിശീലങ്ങളിലൂടെ തിരുവിതാംകൂറിലും കൊച്ചി പ്രദേശങ്ങളിലും ഫുട്‌ബോള്‍ വ്യാപിക്കപ്പെടുമ്പോള്‍ മലബാറില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍, മലബാര്‍ സ്‌പെഷല്‍ പൊലീസ് തുടങ്ങിയവയിലൂടെയാണ് പ്രചാരം നേടുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്തെ കളിയിലൂടെയും 1930 കളില്‍ കണ്ണൂരിലെ നിരവധി കളിക്കളങ്ങളിലൂടെയും മലപ്പുറത്ത് മലബാര്‍ സ്‌പെഷല്‍ പൊലീസിലൂടെയുമാണ് ഈ കളി ആവേശമാകുന്നത്. 1950ല്‍ ഫാദര്‍ വെര്‍ഗോത്തിനി പ്രസിഡന്റും ടി.അബൂബക്കര്‍ സെക്രട്ടറിയുമായി മലബാര്‍ ഫുട്‌ബോൾ അസോസിയേഷന്‍ രൂപവത്കരിച്ചുകൊണ്ട് മലബാറിലെ കളി ഏകീകരിക്കപ്പെടുന്നുണ്ട്. ഫുട്‌ബോളിന്റെ ആവിര്‍ഭാവത്തെ കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള എഴുതപ്പെട്ട ചരിത്രം ഇങ്ങനെ രേഖീയമാവുന്നുണ്ടെങ്കിലും അതിനിടയില്‍ സാമൂഹിക സംഘര്‍ഷങ്ങളും സാമുദായിക സമവാക്യങ്ങളുമടങ്ങുന്ന ഫുട്‌ബോളിന്റെ മറുചരിത്രവും സ്ഥൂലചരിത്രത്തിന്റെ അരികുകളിലും പിളര്‍പ്പുകളിലും വായിച്ചെടുക്കാവുന്നതാണ്.
ജാതിവ്യവസ്ഥയുടെ പ്രതിഷ്ഠാപനത്തെ സാധ്യമാക്കുന്ന ആന്തരികാധിനിവേശത്തിന്റെ (internal colonisation) വിപത്‌സൂചനകള്‍ 1940 കളിലെയും 1950കളിലെയും തിരുവിതാംകൂര്‍ ക്ലബുകളില്‍ ശക്തമായി നിറഞ്ഞുനിന്നിരുന്നു. നായന്മാരുടെ മാത്രം ക്ലബായി ‘തൈക്കാട് ഗോള്‍ഡന്‍ ഈഗിള്‍ ക്ലബും’ ഈഴവരുടെ ക്ലബായി പാളയം കേന്ദ്രീകരിച്ച ‘റോവേഴ്‌സ് ക്ലബും’ ‘മറ്റു ജാതി’കളുടെ ക്ലബായി പുളിമൂട് ആസ്ഥാനമായ ‘യംഗ് ചലഞ്ചേഴ്‌സ് ക്ലബും’ സ്ഥാനപ്പെടുന്നു. തിരുവനന്തപുരത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തെക്കുറിച്ചെഴുതിയ പ്രൊഫ.കെ.ആര്‍.കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു:”ഞാന്‍ റോവേഴ്‌സ് ക്ലബില്‍ (ഈഴവരുടെ ക്ലബ്) ചേര്‍ന്നതിന് അന്ന് ചിലര്‍ എന്റെ ചെവിയില്‍ ജാതിമന്ത്രം ഉപദേശിച്ചു. പക്ഷേ, കളി മാത്രം അറിയാമായിരുന്ന എനിക്ക് ജാതിമന്ത്രം മനസ്സിലായില്ല.” ഈ വാക്കുകള്‍ ഫുട്‌ബോളിന്റെ ജാതിയെയും വിഭജനരേഖകളെയും വ്യക്തമാക്കുന്നുണ്ട്.
ഹിന്ദു- മുസ്‌ലിം- ക്രിസ്ത്യന്‍ ക്ലബിന്റെയും മുസ്‌ലിം ക്ലബുകളുടെയും രൂപവത്കണം ദേശരാഷ്ട്ര രൂപവത്കരണത്തിലും ഭാഷാ സംസ്ഥാന രൂപവത്കരണഘട്ടത്തിലുമുള്ള മുസ്‌ലിംകളുടെ സ്വത്വസന്ദിഗ്ധതകളും സുറിയാനി ക്രിസ്ത്യാനികളുടെ തന്ത്രപരമായ ഉള്‍ച്ചേരലുകളും വെളിപ്പെടുത്തുന്നതാണ്. ഹിന്ദു- മുസ്‌ലിം- ക്രിസ്ത്യന്‍ ക്ലബ് (എച്ച്എംഎസ്) തുടങ്ങുന്നതിന് മുന്‍കൈയെടുത്തത് മീരാന്‍ സാഹിബ് എന്ന മുസ്‌ലിം സമുദായാംഗമാണ്. 1934ല്‍ മീരാന് ഡിണ്ടിഗലില്‍ ഒരു ഫുട്ബാള്‍ ടൂര്‍ണമെന്റിന് ക്ഷണം കിട്ടിയപ്പോള്‍, അദ്ദേഹം കോട്ടയം പശ്ചാത്തലമായി ജാതിഹിന്ദുവായ ബി.മാധവന്‍ നായരുടെയും സുറിയാനി ക്രിസ്ത്യാനിയായ ഐസക് പൂത്തറയുടെയും സഹായത്തോടെ നിര്‍മിച്ച ക്ലബിന് ഹിന്ദു- മുസ്‌ലീം- ക്രിസ്ത്യന്‍ ക്ലബ് എന്ന് പേരിടുകയാണുണ്ടായത്.
ഇതേ ഘട്ടത്തില്‍തന്നെ മുസ്‌ലിം സമുദായംഗങ്ങളുടെ നേതൃത്വത്തില്‍ മലബാറില്‍ രൂപവത്കരിച്ച ക്ലബില്‍ വ്യത്യസ്ത ജാതി മതസ്ഥര്‍ കളിച്ചിരുന്നെങ്കില്‍കൂടി ‘മുസ്‌ലിം ക്ലബ്’ എന്ന പേരാണ് വിളിക്കപ്പെട്ടത്. എന്നാല്‍ 1940കളില്‍ തിരുവല്ലയില്‍ സുറിയാനി ക്രിസ്ത്യാനിയായ ഡോ.എ.ജി.ജോണിന്റെ കുടുംബാംഗങ്ങള്‍ കുടുംബ ടീമായി നിര്‍മിച്ച ‘കാട്ടില്‍ ബ്രദേഴ്‌സ്’ ക്രിസ്ത്യന്‍ ക്ലബായി അറിയപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് അക്കാലത്തെ മുസ്‌ലീം സമുദായ സ്വത്വനിര്‍മിതിയുടെ സങ്കീര്‍ണതകളെയും സന്ദിഗ്ധതകളെയും വെളിപ്പെടുത്തുന്നു എന്ന് കരുതാം.
മുസ്‌ലിമിന് ആധുനിക സ്ഥാപനമായ ഫുട്ബാളില്‍ ഇടം കണ്ടെത്തണമെങ്കില്‍ അക്കാലത്തെ ദേശീയവാദ മുദ്രാവാക്യങ്ങളോട് ഐക്യപ്പെടുകയോ (എച്ച്എംഎസ് ക്ലബ് പോലെ) അല്ലെങ്കില്‍ പൊതുസമൂഹത്തിനുള്ളില്‍ സ്വന്തം ക്ലബിനെ/സ്വത്വകാമനയെ ‘മുസ്‌ലിം ക്ലബായി’ ന്യൂനീകരിച്ച് അടയാളപ്പെടുത്തുകയോ വേണമെന്നതാണ്. എന്നാല്‍, ആധുനിക പൗരനായ സവര്‍ണ ഹിന്ദുവിന്റെയും സവര്‍ണ ക്രിസ്ത്യാനിയുടെയും (സുറിയന്‍ ക്രിസ്ത്യാനി) വംശബലത്തെ വിളംബരം ചെയ്യുന്ന ക്ലബുകളായ കാട്ടില്‍ ബ്രദേഴ്‌സും മറ്റു ക്ലബുകളും ഇവിടെ നേരിട്ട് ‘മത- ജാതിരഹിതമായ’ പൊതു ഇടത്തിലേക്ക് പരിഭാഷപ്പെടുന്നതായി കാണാം.
ഇതിനുകാരണം ദേശരാഷ്ട്രത്തിന്റെയും ഭാഷാസംസ്ഥാന രൂപവത്കരണത്തിന്റെയും സാംസ്‌കാരിക ശരീരനിര്‍മിതി (cultural body construct) ഇന്ത്യനവസ്ഥയില്‍ പൂര്‍ണമായി ബ്രാഹ്മണവത്കരിക്കപ്പെട്ടതും കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ബ്രാഹ്മണവത്കരിക്കപ്പെട്ട ശൂദ്രമൂല്യമണ്ഡലത്തിലുമാണ് സാധ്യമാകുന്നത് എന്നതാണ്. ഇത്തരത്തില്‍ വ്യക്തമായ ജാതി, മത, വംശീയ സ്വഭാവം പുലര്‍ത്തിയിരുന്ന കാല്‍പന്തുകളി ഏറെക്കുറേ ജനാധിപത്യവത്കരിക്കപ്പെട്ടത് കേരള സംസ്ഥാന രൂപവത്കണത്തിന് ശേഷം നിലവില്‍ വന്ന ഫാക്ട്, ടൈറ്റാനിയം, കെഎസ്ഇബി, കണ്ണൂര്‍ കെല്‍ട്രോണ്‍, കേരള പൊലീസ്, എസ്ബിടി തുടങ്ങിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ക്ലബുകളുടെയും പ്രീമിയര്‍ ടയേഴ്‌സ്, കുണ്ടറ അലിന്‍സ്, എഫ്സി കൊച്ചിന്‍ എന്നീ സ്വകാര്യടീമുകളുടെയും കടന്നുവരവോടെയാണ്.
ഇതിന് ഏറെ മുമ്പുതന്നെ കാല്‍പന്തുകളിയെ ഭ്രാമത്കമായി ഉള്‍ക്കൊണ്ടത് മലപ്പുറത്തെ സെവന്‍സ് ആയിരുന്നു. സെവന്‍സ് ഫുട്ബാളിന്റെ പിതാമഹന്മാരിൽ ഒരാളായ കാതിരാല മുഹമ്മദലി ഫുട്ബാളിനുവേണ്ടി സാഹസിക ജീവിതം നയിച്ചവരില്‍ പ്രധാനിയാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും മദ്രാസ് ലയോള കോളേജിലും ഫുട്ബാള്‍ കളിക്കാരനായി പഠിച്ച് ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം പാലക്കാട് വിക്‌ടോറിയാ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തെങ്കിലും ജോലി ലഭിക്കുകയുണ്ടായില്ല. ഇന്ത്യാ വിഭജനത്തിന്റെ കാലമായിരുന്ന അന്ന് മുസ്‌ലിംകള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തയ്യാറല്ല എന്നതായിരുന്നുകാരണം. ഇത്തരത്തില്‍ ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയവും ഫുട്ബാളിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ ഫുട്ബാളും പരസ്പരം കുഴമറിയുന്ന സങ്കീര്‍ണ കാലാവസ്ഥയില്‍നിന്നും കേരളം അധികം മുന്നേറിയിട്ടില്ല. മാത്രമല്ല, മേല്‍സൂചിതമായ ജാതി- മത വംശീയതയുടെ ‘രൂപകാത്മക അസ്തിത്വം’ കാല്‍പന്തുകളിയുടെ കേരളീയ പരിസരങ്ങളില്‍ ഇന്നും സജീവമായി ഒളിച്ചുകടത്തപ്പെടുന്നുണ്ട്. ശൂദ്രവംശീയതയുടെ ‘ദേശാഖ്യാനരേഖ’യായ എന്‍.എസ്.മാധവന്റെ ‘ഹിഗ്വിറ്റ’യെ എം.ടി.അന്‍സാരി അടക്കമുള്ളവര്‍ ശക്തമായ പ്രശ്‌നവത്കരണത്തിന് വിധേയമാക്കിയത് ഇതിന് തെളിവ് നല്‍കുന്നു.
ഇത്തരത്തില്‍ ഫുട്ബാളിന്റെ കേരളീയ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ അധീശപരിസരത്തെ ഭിന്നിപ്പിക്കുകയും അതിവര്‍ത്തിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്ത വിധ്വംസക വ്യക്തിത്വം എന്ന നിലയിലാണ് ഐ.എം.വിജയനെ ഇവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്. അതിനായി അധീശകാമനകളില്‍ അന്തര്‍ലീനമായിരിക്കുന്ന വിജയന്റെ ‘രൂപകാത്മക അസ്തിത്വ’ത്തെയും അതിനെ ചുറ്റിവരിഞ്ഞു നില്‍ക്കുന്ന സാമ്പ്രദായിക ചിഹ്നവ്യൂഹത്തെയും അപനിര്‍മിക്കേണ്ടതുണ്ട്.
വിജയൻ ― ‘കറുത്ത മുത്ത്’: സ്വരൂപവും പ്രദേശവും
കേരളീയ കളി- കായിക ആഖ്യാനത്തിന്റെ വിസ്തൃതപ്രദേശങ്ങളില്‍ ദലിതരും പുറമ്പോക്കുകളും അടയാളപ്പെടുന്നത് കറുപ്പിന്റെ ചിഹ്നവ്യവസ്ഥയിലാണ്. ഫുട്ബാളിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ കളി എഴുത്തുകൾ, റേഡിയോ- ടിവി കമന്ററികള്‍, ദൃശ്യസംപ്രേഷണങ്ങള്‍ എന്നിവയിലൂടെ ‘കരിമാടിക്കുട്ടന്‍ മുന്നേറുന്നു’, ‘കറുത്ത മുത്തിന്റെ തകര്‍പ്പന്‍ ഗോള്‍’, കറുപ്പിന്റെ കരുത്ത് തെളിയിച്ചവന്‍’ തുടങ്ങിയ വാങ്മയങ്ങളിലൂടെയാണ് ദലിത് താരങ്ങളുടെ മുന്നേറ്റങ്ങള്‍ പ്രത്യക്ഷീകരിക്കപ്പെട്ടിട്ടുള്ളത്. നേര്‍ക്കാഴ്ചയില്‍ ഇവ സ്വഭാവിക പ്രതികരണങ്ങളാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മനിരീക്ഷണങ്ങള്‍ അവയുടെ വംശീയ അടിവേരുകള്‍ വെളിപ്പെടുത്തും.
കരുമാടിക്കുട്ടന്‍/ കറുത്തമുത്ത് എന്നീ പ്രയോഗങ്ങളുടെ ജ്ഞാനശാസ്ത്രപരമായ പ്രഭാവം അന്വേഷിക്കുന്നവര്‍ ചെന്നെത്തുന്നത് ആഫ്രോ- അമേരിക്കന്‍ സാമൂഹിക സന്ദര്‍ഭങ്ങളിലെ കറുത്തവര്‍/ വെളുത്തവര്‍ എന്ന വംശീയ വിഭജനത്തിന്റെ ദ്വന്ദ്വാത്മകതയിലല്ല (കറുത്തവര്‍ക്ക് കറുപ്പ് വിമോചനാത്മക കര്‍ത്തൃത്വമാണ്) മറിച്ച് ജാതിയെ പുനരുല്‍പ്പാദിപ്പിക്കുന്ന ആഴമേറിയ സൂചകത്തിലും അതിലൂടെ പുലരുന്ന വ്യവസ്ഥയിലുമാണ്.
നവോത്ഥാന പൂര്‍വകാലം മുതല്‍ കേരളത്തില്‍ പലയിടങ്ങളിലും വാമൊഴിയില്‍നിലനിന്നിരുന്ന കരുമാടിക്കുട്ടന്‍ അടക്കമുള്ള പ്രയോഗങ്ങള്‍ ദലിതരെ കുറിച്ചുള്ള സവര്‍ണ വാര്‍പ്പുമാതൃകകളെയാണ് നിരന്തരം പുനരുല്‍പ്പാദിപ്പിക്കുന്നത്.
കരുമാടിക്കുട്ടന്റെ ആധുനിക രൂപഭേദമായി കമന്ററികള്‍, കളിയെഴുത്തുകള്‍ എന്നിവയില്‍ വിജയനെ സൂചിതമാക്കുന്ന ‘കറുത്തമുത്ത്’ എന്ന പ്രയോഗം ദലിതരുടെ ശാക്തീകരണത്തിന്റെ ദിശയിലുള്ള കാമനകളുടെ സംഘാടനമല്ല (mobilising desire in empowering direction) സാധ്യമാക്കുന്നത്. മറിച്ച്, ജാതിവ്യവസ്ഥയുടെ കണിശമായ വര്‍ഗീകരണത്തെ കളിയധികാരത്തിലൂടെ മറികടന്ന വിജയനെപ്പോലുള്ള ദലിത് കായികതാരങ്ങളെ വീണ്ടും ജാതിവ്യവസ്ഥയുടെ ജയിലുകളില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. “കേരളം പോലുള്ള സമൂഹങ്ങളില്‍ ദലിതര്‍ക്ക് നേരെയുള്ള പ്രത്യക്ഷ ഹിംസകള്‍ കുറയുകയും പരോക്ഷഹിംസകള്‍ സാധൂകരണം നേടുകയും ചെയ്തിട്ടുണ്ടെന്നും ദൃശ്യ- ശ്രാവ്യ- അച്ചടി ആഖ്യാനപാഠങ്ങളില്‍ രൂപകാത്മക അസ്തിത്വത്തോടെ നിലനില്‍ക്കുന്ന ഇത്തരം പ്രതീകാത്മക ഹിംസയെ അപനിര്‍മാണത്തിലൂടെ നേരിട്ടുകൊണ്ട് മാത്രമേ ദലിതര്‍ക്ക് വിമോചനാത്മക കര്‍ത്തൃത്വത്തെ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ” എന്ന കെ.കെ.ബാബുരാജിന്റെ വിലയിരുത്തല്‍ ഇവിടെ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. കറുത്തമുത്ത് തുടങ്ങിയ ഒട്ടനവധി പരോക്ഷഹിംസയുടെ വംശീയ നിഴല്‍ പരന്നുകിടക്കുന്ന പ്രയോഗങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടല്ല വിജയന്‍ അതിജീവിച്ചത്. അദ്ദേഹം തന്റെ കളിയധികാരത്തിന്റെ വിശാലതകൊണ്ടും കളിയറിവിന്റെ അഗാധതകൊണ്ടും അധീശപ്രയോഗങ്ങളെ ഏറ്റുവാങ്ങിക്കൊണ്ട് ഒരു തിരിച്ചടിക്കലിന്റെ യുക്തി അവക്കെതിരെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തനിക്കെതിരെ പ്രയോഗിക്കപ്പെട്ട ‘കറുത്ത മുത്ത്’ എന്ന വംശീയ രൂപാത്മക അസ്തിത്വത്തെ കളിയറിവിന്റെ ഇരട്ടി ആധികാരികതയില്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു പ്രതിവിഷയിയെ (counter subject) നിര്‍മിക്കുകയാണ് വിജയന്‍ ചെയ്തത്. ഇത് വംശീയ പദാവലിയുടെ ശക്തിയെ ക്ഷയിപ്പിക്കുകയോ ന്യൂനീകരിക്കുകയോ മാത്രമല്ല, മറിച്ച് എല്ലാ പുറമ്പോക്ക് രൂപകങ്ങള്‍ക്കും മാനുഷികാസ്തിത്വം പ്രദാനം ചെയ്യുകയും ചെയ്തു.
ചെറിയാന്‍ ജോസഫ് സംവിധാനം ചെയ്ത വിജയന്റെ ആത്മകഥാംശമുള്ള ‘കാലോ ഹരിൻ‘ (കറുത്ത മാന്‍) എന്ന ഡോക്യുമെന്ററിയും വിജയന്‍ അഭിനയിച്ച ജയരാജ് സംവിധാനം ചെയ്ത ‘ശാന്തം’, വി.എം.വിനുവിന്റെ ‘ആകാശത്തിലെ പറവകള്‍’, വിനോദ് വിജയന്റെ ‘ക്വട്ടേഷന്‍’ എന്നീ ചിത്രങ്ങളും മേല്‍സൂചിപ്പിച്ച വംശീയസ്വഭാവമുള്ള രൂപകത്തെ തന്നെയാണ് ഉല്‍പാദിപ്പിക്കുന്നത്. ‘കാലോ ഹരിൻ‘ വിജയനെ പ്രതിഷ്ഠിക്കുന്നത് ഗ്രാമദേശത്തിന്റെ അനുഷ്ഠാനപരതയിലും ഉത്സവാന്തരീക്ഷത്തിലുമാണ്. ഇതിൽ നാട്ടിന്‍പുറത്തിന്റെ ഗോത്രീയ താളക്രമത്തില്‍ വിജയന്റെ വിജയം ആഘോഷിക്കുകയാണ് ചെയ്യുന്നത്. ‘ശാന്തം’ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഹിംസാത്മക പ്രജയായി ദലിതനെ ചിത്രീകരിക്കുകയും കൊലപാതകിയുടെ ഉടലിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് പാപനിഗ്രഹത്തിനായി ബ്രാഹ്മണിക് ഹൈന്ദവതയുടെ പ്രത്യയശാസ്ത്ര പരിസരത്തേക്ക് നയിക്കുന്നു. ‘ആകാശത്തിലെ പറവകളി’ലെ ‘വാളയാര്‍ മാണിക്യന്‍’ എന്ന കഥാപാത്രം വിജയന്റെ കറുത്ത ശരീരത്തെയും വസൂരിക്കലയുള്ള മുഖത്തെയും പൊതുബോധത്തില്‍ നിലനില്‍ക്കുന്ന വില്ലന്‍/ ഗുണ്ടാസങ്കല്‍പങ്ങളിലേക്ക് ആവാഹിക്കുകയാണ് ചെയ്യുന്നത്. ‘ക്വട്ടേഷനി’ലെ ‘വെട്ടുരാജന്‍‘ എന്ന പ്രതിനിധാനം ആവിഷ്‌കാരത്തിന്റെ മേഖലകളില്‍ ചെറിയ വ്യത്യസ്തത കൈവരിക്കുന്നുണ്ടെങ്കിലും ഉള്ളടക്കത്തില്‍ കാഴ്ചയിലെ ദലിതര്‍ക്ക് അപ്പുറം കടക്കുന്നില്ല.
ഈ സിനിമകളിലെ വിജയന്റെ കഥാപാത്രങ്ങള്‍ സോഷ്യല്‍ റിയലിസത്തിന്റെ കാലഘട്ടത്തിലെ വ്യക്തിയുടെ സാമൂഹിക സ്വത്വത്തെ/ പ്രതിനിധാനത്തെ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന രീതിശാസ്ത്രമല്ല പിന്‍പറ്റുന്നത്. പൊതുസമൂഹത്തിനുള്ളില്‍ കളിയധികാരത്തിലൂടെ ജാതിയെ മറികടന്ന സര്‍വസ്വീകാര്യനായ കര്‍ത്തൃപ്രതിനിധാനമായാണ് വിജയന്‍ ആഘോഷിക്കപ്പെടുന്നത്.
എന്നാല്‍, അദ്ദേഹത്തിന്റെ കളിയിലെ സ്വരൂപത്തിന്റെ (image) പദവിയെ പരോക്ഷമായി ഉപജീവിക്കുന്ന സിനിമയിലെ കഥാപാത്രങ്ങള്‍ രാഷ്ട്രീയ കൊലപാതകി (ശാന്തം), കൊലപാതകിയായ ഗുണ്ട (ആകാശത്തിലെ പറവകള്‍), കൊലപാതകിയായ ഗുണ്ടാ ഗാങ്‌ലീഡര്‍ (ക്വട്ടേഷന്‍) എന്നീ പ്രതിനിധാനങ്ങളിലൂടെ മാത്രം ആവിഷ്‌കരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഹിംസയുടെ ആള്‍രൂപമായി ദലിത് ശരീരം വിജയനിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്? ഇവിടെയാണ് നിരന്തരം വിജയനുമേല്‍ വിക്ഷേപിക്കപ്പെടുന്ന പ്രതീകാത്മക ഹിംസയുടെ തീവ്രത തിരിച്ചറിയപ്പെടേണ്ടത്.
ഡോക്യുമെന്ററി (കാലോ ഹരിൻ) പത്രമാധ്യമങ്ങള്‍, ടിവി പ്രോഗ്രാമുകള്‍ തുടങ്ങിയ മുഖ്യധാരാ ആഖ്യാനങ്ങളില്‍ വിജയന്‍ ഗ്രാമദേശത്തിന്റെ അഭിമാനസംരക്ഷകനായി വാഴ്ത്തപ്പെടാറുണ്ട്. സൂക്ഷ്മവിശകലനത്തില്‍ ഇവ ഒരു കല്‍പിത യാഥാര്‍ഥ്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്. കേരള കാളിങ്ങില്‍ വി.രാജഗോപാല്‍ വിജയനെക്കുറിച്ചെഴുതിയ ‘വിജയന്‍: ട്രൂ ജീനിയസ്’ എന്ന ലേഖനവും മറ്റും വിജയന്റെ നാട്ടിന്‍പുറ ജീവിതത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: തൃശൂരിലെ കോലോത്തുംപാടത്തെ ഓലക്കുടിലില്‍ ജനിച്ച വിജയന്‍ പത്താംവയസ്സില്‍ പാഴ്ത്തുണികൊണ്ട് പന്ത് നിര്‍മിച്ച ഫുട്ബാള്‍ കളിച്ചുതുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ ബസ് ആക്‌സിഡന്റില്‍ അച്ഛന്‍ മരിച്ച വിജയന് പതിമൂന്നാം വയസ്സില്‍ ക്വാറിയില്‍ ജോലി ചെയ്യേണ്ടിവന്നു. പതിനാലാം വയസ്സില്‍ (1982) വീടിനടത്തുള്ള തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി അരങ്ങേറുമ്പോള്‍ വിജയന്‍ സ്റ്റേഡിയത്തില്‍ പത്തു പൈസക്ക് സോഡ വില്‍ക്കുകയായിരുന്നു. വിജയന്റെ ബാല്യകാലത്ത് അമ്മ കൊച്ചമ്മു കഠിനമായ പുറമ്പോക്ക് ജോലികളിലൂടെയായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഇത്രയുമാണ് വിജയന്റെ നാട്ടിന്‍പുറ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍. ഇത്രയും കടുത്ത ദേശാനുഭവമുള്ള വിജയന് എങ്ങനെയാണ് സവര്‍ണ കാമനകളുടെ ഉല്‍പാദനശാലയായ ഗ്രാമസ്വര്‍ഗത്തിന്റെ സംരക്ഷകനായി മാറാന്‍ കഴിയുക?
എന്നാല്‍, വിജയന്റെ വ്യക്തിത്വനിര്‍മിതിയെ നിര്‍ണായകമാക്കുന്ന സാമൂഹിക ഭാവനാലോകത്തിന്റെ മൂല്യവ്യവഹാരമെന്ന നിലയില്‍ ഒരു പ്രദേശം പ്രവര്‍ത്തിക്കുന്നുമുണ്ട്. (സാമൂഹിക മനഃശാസ്ത്രത്തില്‍ വ്യക്തിയുടെ ബോധാബോധങ്ങളെ നിയന്ത്രിക്കുന്ന സൂചകം എന്ന നിലയിലാണ് ഗ്രാമം, നഗരം എന്നിവ പ്രവര്‍ത്തിക്കുന്നത്. ഈ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ജാതിയുടെയും ലിംഗത്തിന്റെയും ദേശത്തിന്റെയും തുടങ്ങി നിരവധി മൂല്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. അല്ലാതെ ഗ്രാമം, നഗരം തുടങ്ങിയവ കേവലം ഭൗതികമായ സ്ഥലത്തെ കുറിച്ചുള്ള ധാരണയല്ല സൂചിപ്പിക്കുന്നത്). ഭൗതികമായ സ്ഥലപരിധികളിലൂടെ മേല്‍പറഞ്ഞ പ്രദേശത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് നാട്ടിന്‍ പുറമാണെന്ന് തോന്നാമെങ്കിലും വിജയന്റെ അതിജീവനം സാധ്യമാക്കിയ മൂല്യങ്ങളുടെ വ്യവഹാര സ്ഥലം/ സൂചകം ഗ്രാമമോ നാട്ടിന്‍പുറമോ അല്ല. മറിച്ച്, ഗ്രാമദേശത്തിന്റെയും നാട്ടിന്‍പുറത്തിന്റെയും അധീശമൂല്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശേഷിയുള്ള ‘നാട്ടുപുറമ്പോക്ക്’ ആണത്. ഈ നാട്ടുപുറമ്പോക്കിന്റെ ശൂന്യതയില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന മൂല്യങ്ങളാണ് പുതിയ തലമുറക്കായി തൃശൂരില്‍ ഒരു ഫുട്ബാള്‍ അക്കാദമി തുടങ്ങാനും ബോക്‌സര്‍ സ്‌പോര്‍ട്‌സ് ഗുഡ്‌സ് കമ്പനിയിലൂടെ നാഗരിക മൂലധന സ്വരൂപണത്തിനും വിജയനെ പ്രേരിപ്പിക്കുന്നത്.
കളി: അറിവും അധികാരവും
സ്ഥാപനവത്കരിക്കപ്പെട്ട കളി കേവലം ഒരു നിഷ്‌കളങ്കമായ സാമൂഹിക പ്രവര്‍ത്തനമല്ലെന്നും അത് മര്‍ദനത്തിന്റെയും വിമോചനത്തിന്റെയും വിധ്വംസകസൂചകമാണ് എന്നുമുള്ള സി.എല്‍.ആര്‍.ജയിംസിന്റെ നിരീക്ഷണം, കളി ഒരു അധികാര ബലതന്ത്രമേഖല ആണെന്ന തിരിച്ചറിവാണ് നല്‍കുന്നത്.
കളി കേവലം വിനോദത്തിന്റെയോ ആസ്വാദനത്തിന്റെയോ മാത്രം ഉപാധിയല്ലെന്നും കളി- കായിക മല്‍സരങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള, പ്രദേശങ്ങള്‍ തമ്മിലുള്ള ശക്തി മത്സരങ്ങളില്‍ അധികാരത്തിന്റെ നിര്‍ണയ ഉപാധിയാണെന്നും ഇത്തരത്തില്‍ ലോകത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആഗ്രഹാഭിലാഷങ്ങളെയും അധികാരത്തെയും നിര്‍ണയിക്കുന്ന കളി- കായിക മല്‍സരങ്ങളെ നിര്‍ണയിക്കുന്നവര്‍ എന്ന പദവിയാണ് കളി- കായിക താരങ്ങള്‍ക്ക് അധികാരബലം നല്‍കുന്നതെന്നുമുള്ള വിശകലനവും ഈ സന്ദര്‍ഭത്തില്‍ പ്രാധാന്യമുള്ളതാണ്. കായിക താരങ്ങളുടെ ഈ അധികാരബലത്തെയാണ് കളിയധികാരം എന്നതുകൊണ്ടര്‍ഥമാക്കുന്നത്.
മതത്തെപ്പോലെതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധിനിവേശ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ കേന്ദ്രമായി കളി- കായികങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ അതിനെതിരായ പോരാട്ടത്തിനും ശക്തിസ്വരൂപണത്തിനും കളികള്‍ സഹായിച്ചിട്ടുണ്ടെന്ന് ഗ്രാന്‍സ് ജാര്‍വി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനുപുറമെ കറുത്തവര്‍, ആദിമനിവാസികള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ആന്തരികാധിനിവേശത്തിനും ബാഹ്യാധിനിവേശത്തിനും എതിരായ പോരാട്ടങ്ങള്‍ക്കും അവരുടെ സ്വത്വരൂപവത്കണത്തിനും കളിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന് തെളിവാണ് 1980ഓടുകൂടി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്, ബ്രിട്ടീഷ് അധിനിവേശത്തിന്റെ സാംസ്‌കാരിക പ്രതീകം എന്ന നിലയില്‍നിന്ന് ക്രയോളി ദേശീയതയുടെ (creole nationalism) പ്രതീകമായി മാറുന്നുവെന്ന സി.എല്‍.ആര്‍.ജയിംസിന്റെ വിലയിരുത്തല്‍.
ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായ അര്‍ജുന അവാര്‍ഡ് 2003ല്‍ ഏറ്റുവാങ്ങിയ വിജയന്‍ 1993, 97, 99 വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നെഹ്‌റു കപ്പ്, പ്രീ ഒളിമ്പിക്‌സ് കപ്പ് തുടങ്ങിയ ഒട്ടനവധി ദേശീയവും അന്തര്‍ദേശീയവുമായ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ അദ്ദേഹം 14 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ച പ്രതിഭയാണ്.
1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും 2000ലെ ഏഷ്യാകപ്പ് യോഗ്യതാ മല്‍സരത്തിലും ഇന്ത്യയെ നയിക്കുകയും മറ്റു നിരവധി വ്യക്തിഗത ബഹുമതികള്‍ക്ക് അര്‍ഹനാവുകയും ചെയ്ത വിജയനെ കുറിച്ച് ഒരു പഠനം പോലും ഇല്ലെന്നുള്ളതും ബ്രാഹ്മണരായ ഗവാസ്‌കര്‍, സചിന്‍, ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ താരങ്ങളെകുറിച്ച് അക്കാദമികവും അല്ലാത്തതുമായ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നതും ഇന്ത്യന്‍ സമൂഹത്തിന്റെ ജാതിയെയാണ് തുറന്നുകാട്ടുന്നത്.
കറുത്ത താരങ്ങളെ കായികശേഷി മാത്രമുള്ളവരായി ന്യൂനികരിക്കുകയും അവരുടെ സാങ്കേതികവും അക്കാദമികവുമായ കഴിവുകളെ പൂര്‍ണമായി തിരസ്‌കരിക്കുകയും ചെയ്തുകൊണ്ട് വാര്‍പ്പ് മാതൃകാ സ്വരൂപങ്ങളായി ചുരുക്കുന്ന മുഖ്യധാരയുടെ കളിയെഴുത്തിനെ കുറിച്ച് വോണ്‍സിക് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് വിജനയനടക്കമുള്ള ദലിത് കായിക താരങ്ങളെ കുറിച്ചും ശരിയാണ്. കളിയെഴുത്തിന്റെ മേഖലയില്‍ വിജയന്‍ പ്രത്യക്ഷപ്പെടുന്നത് പെട്ടെന്നുള്ള ജൈവിക ചോദനയിലൂടെ കളിക്കളത്തിലെത്തുകയും വന്യമായ കായിക വികാരങ്ങളിലൂടെ മാത്രം ചലനവും മുന്നേറ്റവും നേടുകയും ചെയ്ത അതികായനായാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. പന്ത്രണ്ടാം വയസ്സില്‍ ടി.കെ.ചാത്തുണ്ണി മാസ്റ്ററുടെ ഫുട്ബാള്‍ ക്യാമ്പ് മുതല്‍ നിരവധി ക്യാമ്പുകളിലൂടെയും കളിക്കളങ്ങളിലൂടെയും കഠിനമായ പരിശീലനത്തിലൂടെ കളിയറിവും കളിശീലവും സിദ്ധിച്ചുകൊണ്ടാണ് വിജയന്‍ എന്ന കായികതാരം സ്വയം നിര്‍മിക്കപ്പെട്ടത്. ഇങ്ങനെ നേടിയ കളിയറിവിനെ സാഹസികമായ ജ്ഞാനോല്‍പാദനത്തിലൂടെ നിരന്തരം നവീകരിച്ചും പുതുക്കിപ്പണിതുമാണ് വിജയന്‍ ഇന്ത്യന്‍ ഫുട്ബാളിന്റെ കരുത്തേറിയ സാന്നിധ്യമായത്.
വാല്‍ക്കഷ്ണം: ആണുങ്ങളുടെ ഫുട്ബാള്‍ അകത്തും പുറത്തും.
1989 ഫെബ്രുവരി 11, കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഗോള്‍ഡ് കപ്പിന്റെ സെമി. കേരളവും രാജസ്ഥാനും ഏറ്റുമുട്ടുന്ന ദിവസം. കേരള ടീം കളത്തിലിറങ്ങിയില്ല. രോഷാകുലരായ ആണ്‍ കാണികള്‍ കല്ലെറിഞ്ഞു. കസേരകള്‍ സ്റ്റേഡിയം ചുറ്റിപറന്നു. ഗാലറിയില്‍ തീപടര്‍ന്നു. സംഘാടകസമിതി കണ്‍വീനറും കേരള വനിതാടീമിന്റെ കോച്ചുമായ എം.കൃഷ്ണന് 13 വനിതാ താരങ്ങള്‍ ഒരു നെടുനീളന്‍ പരാതി സമര്‍പ്പിച്ചു: “ഡ്യൂട്ടീ ലീവെടുത്തുവന്ന കളിക്കാര്‍ക്ക് അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റും ട്രെയിന്‍ ഫെയറും ബത്തയും അനുവദിക്കണം. ഈ ടൂര്‍ണമെന്റ് കളിച്ചതിന് ഓരോ കളിക്കാര്‍ക്കും 500 രൂപയും തരണം. 11-ാം തീയതി രാവിലെ 11 മണിക്ക് അത് കിട്ടിയിരിക്കണം. അതിന്‌ശേഷമേ ഞങ്ങളുടെ തീരുമാനം എന്തെന്ന് അറിയിക്കുകയുള്ളൂ. ഈ ആവശ്യം നിറവേററിയില്ലെങ്കില്‍ ഞങ്ങള്‍ രണ്ടാം സെമിയില്‍ കളക്കില്ല.” ആവശ്യം നിറവേറ്റപ്പെട്ടില്ല. അവസാനമായി പറയട്ടെ, കളിക്കളത്തിന് അകത്തും പുറത്തും ആണുങ്ങളാണ് ഫുട്ബാള്‍ കളിക്കുന്നത്.
കടപ്പാട്: മാധ്യമം വീക്കിലി, 2006 ജൂണ്‍ 16.
(2013 ഡിസംബർ 4ന് ഉത്തരകാലം പബ്ലിഷ് ചെയ്തത്)