മുസ്‌ലിം സ്ത്രീകളുടെ രാഷ്ട്രീയവും വ്യത്യസ്തതകളുടെ സ്ത്രീവാദവും

“ജാതിക്കും മതത്തിനും ഒക്കെ അതീതരായി നിൽക്കുന്ന വ്യക്തികൾ എന്നു പറഞ്ഞുകൊണ്ടാണ് നാം ലിബറല്‍ ലോകത്ത് ജീവിക്കുന്നത്. പക്ഷേ വ്യക്തമായും ഒരു മുസ്‌ലിം സ്ത്രീ എന്ന അടയാളപ്പെടുത്തലിലൂടെ മാറിനിൽക്കേണ്ടി വന്ന അവസ്ഥകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. പക്ഷേ ഞാനൊരിക്കലും ഒരു പ്രായോഗിക സ്വഭാവമുള്ള മുസ്‌ലിം സ്ത്രീ അല്ല. ഇത്തരം പ്രശ്നങ്ങൾ ആണ് എന്നെ സെക്കുലറിസത്തിന്റെയും ലിബറലിസത്തിന്റെയും വിമര്‍ശന ചര്‍ച്ചകളില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം മതം വീണ്ടും നമ്മുടെ സ്വത്വത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്”. ‘ദേശീയത, ഫെമിനിസം, മുത്തലാഖ്: പ്രതി വ്യവഹാരങ്ങളുടെ രാഷ്ട്രീയം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഷെറിൻ ബി.എസ്, നൂറുന്നിദയുമായി സംസാരിക്കുന്നു

വളരെ വ്യത്യസ്തമായ ചോദ്യങ്ങളും  വിഷയങ്ങളുമാണു താങ്കൾ, ‘ദേശീയത, ഫെമിനിസം, മുത്തലാഖ്: പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം’ (ഓപണ്‍റീഡ് 2018) എന്ന മലയാള പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത്. ഉദാഹരണത്തിനു് സൂര്യനെല്ലി കേസ്‌, മലയാളി സ്ത്രീകളുടെ ആത്മകഥ, മുത്തലാഖ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. എങ്ങനെയാണു താങ്കൾ ഈ പ്രശ്നങ്ങളിലേക്ക്  എത്തിച്ചേരുന്നത് ?  ഈ പ്രശ്നങ്ങള്‍ തമ്മിലെ  സമാനതകൾ/അന്തര്‍ധാര എന്തെല്ലാമാണ്?

സമൂഹം, ജീവിതം, ലിംഗ നീതി എന്നീ ധാരണകളും മനുഷ്യാവകാശം എന്ന സങ്കല്‍പ്പവും ആധുനികതയെ ബന്ധിപ്പിച്ചാണു നാം സ്രഷ്ടിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഈ പുസ്തകത്തിൽ ആധുനികതയുടെ വിള്ളലുകള്‍ അന്വേഷിക്കുന്നിടത്തു നിന്നാണു ലേഖനങ്ങള്‍  തുടങ്ങുന്നത്. ലിംഗ നീതി, ന്യൂനപക്ഷ അവകാശങ്ങൾ, ദേശരാഷ്ട്രീയം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം വ്യത്യാസങ്ങളെ ഇല്ലാതാക്കാനും  സമൂഹത്തെയാകമാനം   ഏകജനവിഭാഗമാക്കി മാറ്റാനുമുള്ള ശ്രമമുണ്ട്.

ആധുനികതയെ, തീർത്തും ഉത്കണ്ഠയോടെയാണു ഞാൻ നോക്കിക്കാണുന്നത്. ദേശരാഷ്ട്രത്തില്‍ നമ്മൾ പലപ്പോഴും കാണുന്നത് ഈയൊരു ആധുനിക ആകുലതയുടെ പുനർനിര്‍മാണമാണ്. സെക്കുലറിസത്തെ അടിസ്ഥാനമാക്കി ആധുനിക ദേശരാഷ്ട്രം സ്ഥാപിക്കുമ്പോൾ സംഭവിക്കുന്നത് വ്യത്യസ്തതയുള്ള ജനവിഭാഗങ്ങളെ പുറംതള്ളുകയോ അല്ലെങ്കില്‍ അവരെ നിർബന്ധിച്ച്  ഏകപക്ഷീയമായ ഒരു തരത്തിലേക്കു കൊണ്ടുവരികയോ  ആണ്. Fear of small numbers ആണ് പലപ്പോഴും ആധുനിക ദേശ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ഈ ഒരു ഭീതിയാണ് ദേശരാഷ്ട്രത്തില്‍ ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍  ശ്രമിക്കുന്നതും.

നൂറുന്നിദ

നൂറുന്നിദ

പടിഞ്ഞാറന്‍ ദേശരാഷ്ട്രങ്ങളിൽ‍ ഏറ്റവും  ചര്‍ച്ച ചെയ്യുന്ന വ്യവഹാരവും ഇതാണ്. പല ഇസ്‌ലാമിക സമൂഹങ്ങളെയും പാശ്ചാത്യര്‍  നോക്കിക്കാണുന്നതു തന്നെ  ഭയപ്പാടോടെയാണ്. കാരണം വ്യത്യസ്തത ഒരിക്കലും പുറത്തു വരരുത് എന്നതാണ്  ആധുനിക ദേശരാഷ്ട്രീയത്തിന്റെ ലക്ഷ്യം. പക്ഷേ ഈ ദേശരാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്ന സമാനത ഒരിക്കലും പ്രാവർത്തികമാക്കാൻ പറ്റാത്ത  സംഗതിയാണ്. പ്രത്യേകിച്ചും വ്യത്യസ്തതയില്‍ ഊന്നിയ ജനവിഭാഗങ്ങൾ‍ അധിവസിക്കുന്ന ലോകത്ത് സമാനത ഉണ്ടാക്കിയെടുക്കല്‍ അസാധ്യമാണ്.

ഇന്ത്യയിൽത്തന്നെ  വിവിധങ്ങളായ സമൂഹമാണുളളത്. വ്യത്യാസങ്ങളെ എല്ലാം മാറ്റിയെടുത്ത് ഒറ്റ ഭ്രമണപഥത്തില്‍ എല്ലാത്തിനെയും കൊണ്ടെത്തിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇത്  ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഒരു പ്രശ്നമായിട്ടാണു ഞാൻ കാണുന്നത്.

ആ അര്‍ഥത്തില്‍ തീർത്തും സമകാലീന പ്രസക്തിയുള്ള ലേഖനങ്ങളാണ് ഈ പുസ്തകത്തിലെ ചർച്ചാവിഷയങ്ങൾ. അപ്പപ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രതികരണമായിട്ടാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും എഴുതപ്പെട്ടത്.

സൂര്യനെല്ലിക്കേസും ബലാത്സംഗത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളും

സൂര്യനെല്ലി കേസ് വീണ്ടും സുപ്രീം കോടതിയിലേക്കു വരുന്ന സമയത്തു് കുറെ അധികം ചർച്ചകൾ ഉണ്ടായി. നീതി കിട്ടാത്ത അവസ്ഥയിൽ ഒരു സ്ത്രീ വർഷങ്ങളോളം, തോരാത്ത കണ്ണീരോടെ കോടതി വരാന്തകൾ കയറിയിറങ്ങുകയും തന്റെ  ജീവിതം കെട്ടിപ്പടുക്കേണ്ട സമയം മുഴുവൻ ഈ കേസിന്റെ പിറകെയും  അതിനോടനുബന്ധിച്ചുള്ള സമരത്തിലും ആയിരുന്നു. അതിന്റെ  സങ്കടം എന്തെന്നു വെച്ചാൽ, ലിംഗ നീതി എന്നൊക്ക നമ്മൾ പറയുമ്പോഴും ലിംഗ നീതിക്കായുള്ള പോരാട്ടത്തിൽ ഒരു വ്യക്തിയുടെ എത്രയോ വർഷം അതിൽ നൊമ്പരപ്പെട്ടു ജീവിക്കേണ്ടി വരികയെന്ന അവസ്ഥ ഉണ്ടായി എന്നതാണ്.

അതിൽത്തന്നെ മറ്റൊന്ന് നമ്മുടെ വ്യവഹാര ഭാഷയിൽ ലിംഗ നീതി എന്നു നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും അതേ സമയം തന്നെ പുതിയ പദങ്ങൾ കൂടി ഇതിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി നമ്മൾ ഉപയോഗിക്കാറുണ്ട് എന്നുള്ളതാണ്. ബലാത്സംഗത്തിന് ഇരയായവൾ( Rape Victim) എന്നതിൽ നിന്നു മാറി ബലാത്സംഗത്തെ അതിജീവിച്ചവൾ (Rape Survivor) എന്ന പദത്തിൽ വരെ എത്തിച്ചേർന്നിട്ടുണ്ടു നമ്മളിപ്പോൾ. പക്ഷേ അതൊരു പദം മാത്രം ആയി ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുകയാണ്. അവരെ വീണ്ടും  വീണ്ടും ഇരവൽക്കരിക്കുന്ന രീതിയിലാണു മുഖ്യധാരാ മാധ്യങ്ങളൊക്കെ ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്.

ആ ലേഖനത്തിൽ കേരളത്തിലെ സ്ഥിതിവിശേഷമാണ് സവിശേഷമായി ചർച്ച ചെയ്തിരിക്കുന്നത്. കാരണം സമൂഹത്തിലെ അരികുകളിൽ നിൽക്കുന്ന എല്ലാവരെയും ഇങ്ങനെയൊക്കെ തന്നെയാണ് പൊതുവിൽ മാധ്യമങ്ങൾ കൈകാര്യം ചെയ്യാറുള്ളത്. സൂര്യനെല്ലിയിലെ ‘ഇര’ ആയാലും സമാനമായ സന്ദർഭങ്ങളിൽ ഉള്ളവർ ആയാലും അവർ സ്വയമേ ഒരു സമരമായി മാറുകയാണു പതിവ്. അതാണ് ആ ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ച ഘടകം.

ദേശരാഷ്ട്രവും കശ്മീരും

അതുപോലെതന്നെയാണു പല വിഷയങ്ങളും പുസ്തകത്തില്‍ കടന്നുവന്നത്. കുനാൻ പോഷ്പോറ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു ലേഖനമുണ്ട്. ആ ഒരു ലേഖനത്തിന്റെ പശ്ചാത്തലം എന്നുപറഞ്ഞാൽ, കശ്മീരിലെ കുനാൻ പോഷ്പോറ എന്നീ സ്ഥലങ്ങളിൽ ഇന്ത്യൻ ആർമി ഒരു രാത്രി  നടത്തിയ കൂട്ട ബലാത്സംഗവും അതേ തുടർന്ന കേസ് തേച്ചുമായ്ച്ചു കളയലുമാണ്. പിന്നീട് ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം കുറച്ചു സ്ത്രീകൾ ഹൈക്കോടതിയില്‍  രണ്ടാമതൊരു ഹരജി കൊടുത്തപ്പോഴാണ് പ്രസ്തുത അക്രമം നമ്മുടെ സജീവ ശ്രദ്ധയിലേക്ക് വന്നത്. അതേസമയം തന്നെ അത് കുനാന്‍ പോഷ്പോറയെ സംബന്ധിച്ച് മാത്രം ഉള്ളതല്ല. കശ്മീർ എന്ന വ്യവഹാരം നമ്മുടെ ദേശരാഷ്ട്രീയത്തിലേക്ക് അനിവാര്യമായി കൊണ്ടുവരേണ്ട ഒരു സമയം കൂടിയാണിത്.

കാരണം ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസ കാലഘട്ടത്തിൽ കശ്മീർ എന്നത് ഒരിക്കലും സംസാരിക്കപ്പെടുന്ന ഒരു വിഷയം ആയിരുന്നില്ല. അതിന്റെ ഒരു കാരണം, ശക്തമായ രീതിയിൽ സെക്കുലറിസത്തിലും നാനാത്വത്തിൽ ഏകത്വം എന്ന ദേശീയ സങ്കല്പത്തിലും പരുവപ്പെടുത്തിയെടുക്കപ്പെട്ട യുവ ജനതയായിരുന്നു ഞങ്ങൾ.

കത്വവ അടക്കമുള്ള വ്യത്യസ്ത ഹിംസകളെ സാർവലൗകികമാക്കുന്നതിനെക്കാളും നല്ലത് അതിന്റെ  പ്രത്യേകതകൾ എവിടുന്നു വരുന്നു എന്ന് പരിശോധിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതായിരിക്കാം ചിലപ്പോൾ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും സാധ്യതയുണ്ടാക്കുന്നത്.

പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി വിശേഷം. ഇപ്പോഴത്തെ കാമ്പസുകളിൽ  കൃത്യമായി  നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്‍പ്പത്തെ ചർച്ചചെയ്യാനും വെല്ലുവിളിക്കാനും മുതിരുന്ന വളരെ ചുറുചുറുക്കുള്ള  വിദ്യാർഥി സമൂഹം തന്നെ ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് കശ്മീർ എന്നത് ഒരു ചർച്ചയേ ആയിരുന്നില്ല. അന്ന്  കശ്മീരിൽ ഞങ്ങളാകെ  കണ്ടത്  അവിടെ  ദേശത്തിന്റെ  വളരെ നിര്‍ണായകമായ വ്യവഹാരം ഉണ്ട് എന്നതാണ്. ഒരു കൂട്ടം ആൾക്കാർ ഇന്ത്യ എന്ന മഹത്തായ സങ്കൽപ്പത്തെ മുറിവേൽപ്പിച്ചു കൊണ്ട് ഒരു വിമത രാഷ്‌ട്രീയം  തന്നെ മുന്നോട്ട് വെക്കുന്നുവെന്നും ആ കുറച്ചു പേരാണ് കശ്മീരിലെ പ്രശ്നക്കാർ എന്നും ദേശം പഠിപ്പിച്ചു തന്ന ഒരു പാഠം ഉണ്ട്. അതാണ് കശ്മീരിനെ കുറിച്ച് ഞങ്ങൾക്കുണ്ടായിരുന്ന പ്രാഥമിക അറിവ്. അത് ആവര്‍ത്തിച്ചു പഠിച്ചാണ് ഞങ്ങളൊക്കെ വളർന്നത്.

പക്ഷേ ഇപ്പോൾ നമ്മൾ വായിക്കുന്നതും കാണുന്നതും അതിനുമപ്പുറത്തുള്ള കാര്യങ്ങൾ ആണ്. ഇന്ന് സഞ്ജയ്‌ കാക്  എഴുതിയ Until My Freedom Has Come : The New Intifada in Kashmir (Penguin 2011) പുസ്തകമായാലും  അദേഹത്തിന്റെ ജസ്നേ ആസാദി എന്ന ഡോക്യുമെന്ററി ആയാലും കശ്മീരിൽ നിന്നും വരുന്ന ഒരുപാട് എഴുത്തുകളായാലും നമ്മുടെ മുന്നിൽ മറ്റൊരു കാഴ്ച് തുറന്നു വെക്കുന്നുണ്ട്.

പിന്നെ അവിടെയുള്ള  സുഹൃത്തുക്കൾ, ജീവിക്കുന്നവർ അവിടുത്തെ യാഥാർത്ഥ്യം എന്താണെന്ന് മുഖ്യധാരാ മാധ്യമങ്ങൾ എത്ര മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തിയാലും നമ്മളോട് പങ്കുവെച്ച് പലതും നാം  മനസ്സിലാക്കുന്നുമുണ്ട്. പട്ടാളത്തിന്റെ തിരച്ചിലും മറ്റും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ നാം ശ്രദ്ധിക്കണം. പാതിരാത്രി ഒരു മുന്നറിയിപ്പുമില്ലാതെ വീടുകൾ മുഴുവൻ തിരച്ചിൽ നടത്തുമ്പോൾ ഈ ഒരു ആർമിയുടെ സാന്നിധ്യം എത്ര മാത്രം അവിടുത്തെ പൗരജീവിതത്തെ സ്വാധീനിക്കുന്നുണ്ട് എന്നറിയാം. അതുകൊണ്ടു തന്നെയാണ് അവർ, ആർമിക്ക് നേരെ കല്ലെറിയുന്നവർ ഒരു കേവല വിഭാഗീയ രാഷ്ട്രീയത്തെ  ഉയർത്തി പിടിക്കുന്നവർ അല്ല എന്നും അവിടുത്തെ യുവാക്കളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമായിട്ടുള്ള കല്ലെറിയൽ ആണെന്നും നമ്മൾക്കിപ്പോൾ അറിയാം. ഈ തിരിച്ചറിവുകളാണ് പല ലേഖനങ്ങളുടെയും പിന്നിലുള്ളത്.

സി കെ ജാനു

സി കെ ജാനു

ആത്മകഥകളും സമുദായവും

പിന്നെ ആത്മകഥകൾ എന്ന  വിഷയവും ഈ ഒരു വ്യത്യസ്തത സങ്കൽപ്പത്തിലൂടെ തന്നെയാണ് ഞാൻ സമീപിക്കുന്നത്. വ്യത്യസ്തങ്ങളായ ആത്മകഥകൾ എന്ന് പറയുമ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പരമ്പരാഗതമായ മാതൃകകളുണ്ട്. മഹാന്മാരായ വ്യക്തികൾ അവരുടെ ജീവിതത്തെ കുറിച്ച്, ജീവിതത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയിട്ട് എഴുതുന്ന ഒരു സംഭവമായിട്ടാണ് ആത്മകഥയെ പൊതുവെ കാണുന്നത്. പക്ഷേ അതേസമയം തന്നെ ആത്മകഥയെ മറ്റുപല രീതികളിലും സമീപിച്ച ഒത്തിരി എഴുത്തുകൾ പുറത്തു വന്ന സമയം കൂടിയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്; പ്രത്യേകിച്ചും മലയാളത്തിൽ. നളിനി ജമീലയുടെ ആത്മകഥയായാലും സി.കെ ജാനുവിന്റെ ആത്മകഥയായാലും ഇതിലൊക്കെ നമ്മൾ കാണുന്നത്  ആത്മകഥയുടെ പരമ്പരാഗത മാതൃകകളെ നിരാകരിച്ചുകൊണ്ട് തങ്ങൾക്ക് പറയാനുള്ളത് പറയുന്ന കുറെ സ്ത്രീകളെ ആണ്.

അപ്പോൾ ഒരു പ്രധാന സങ്കല്‍പ്പം  ഇവിടെയുണ്ട്. ആധുനികതയുടെ ഒരു ആയുധം ആയിരുന്നു  ആത്മകഥ. അതായത് ആധുനികത സൃഷ്ടിച്ചെടുത്ത ഒരു ഷാനർ (genre)  എന്നുതന്നെ ഈ രീതിയിലുള്ള ആത്മകഥകളെക്കുറിച്ച് ചുരുക്കി എഴുതാം. കാരണം വ്യക്തി എന്നതാണ് ഏറ്റവും വലുതെന്നും  കമ്മ്യൂണിറ്റി എന്ന ആശയം പിന്നിൽ നിൽക്കേണ്ട ഒന്നാണെന്നും ഉള്ള ഒരു ധാരണയുടെ പുറത്തു വ്യക്തിയുടെ അവകാശത്തെ ചൊല്ലി, ഞാൻ എന്ന വ്യക്തി, ജീവിതത്തിന്റെ ഒരു പക്വതയിൽ എത്തിയിട്ട് എഴുതുന്ന ഒരു സംഭവമായിട്ടാണ് ഇതിനെ നാം കാണുന്നത്.

പക്ഷേ ഞാൻ ഇപ്പോൾ ആത്മകഥയെ നോക്കികാണുന്നത് നേരത്തെ പറഞ്ഞതുപോലെ തന്നെയാണ്. നളിനി ജമീലയുടെയും സി.കെ ജാനുവിന്റെയും ആത്മകഥകളെ വായിക്കുമ്പോള്‍ വ്യക്തിയോടൊപ്പം തന്നെ സമുദായം എന്ന സങ്കൽപ്പത്തെയും എനിക്കു  കാണാന്‍ കഴിയുന്നുണ്ട്. ദലിത് സ്ത്രീകളുടെ ആത്മകഥകൾ, പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ നിന്നും വന്നവയില്‍ പലതും സമുദായമെന്ന സങ്കല്‍പ്പവും നമ്മുടെ  വ്യവഹാരങ്ങളിലേക്ക് വരുന്നുവെന്ന് കാണിച്ചു തരുന്ന ആത്മകഥകളാണ്. അതുകൊണ്ടു തന്നെ സമ്പൂർണ ജീവിതം എന്ന സങ്കൽപ്പത്തിൽ നിന്നും മാറിക്കൊണ്ട് വ്യത്യസ്ത ആത്മകഥകൾ വന്ന ഒരു സമയവുമാണിത്. അതുകൊണ്ടായിരിക്കണം ആത്മകഥയെ പറ്റിയുള്ള ലേഖനം എനിക്കു പ്രധാനമാവുന്നത്.

ഇങ്ങനെയുള്ള സമകാലിക വിഷയങ്ങളും എന്റെ  താൽപര്യമായ ആധുനിക വ്യവഹാരങ്ങളും അതിന്റെ വിള്ളലുകൾ ചൂണ്ടി കാണിക്കുന്ന പല എഴുത്തുകളും ആയിരിക്കാം ഇതിനെ എല്ലാം ബന്ധിപ്പിക്കുന്ന കണ്ണി .

ബി.ജെ.പിയും സെക്കുലര്‍ ഫെമിനിസവും

മുത്തലാഖിനെപ്പറ്റി എഴുതാനുള്ള കാരണവും ഇതാണ്. ഇപ്പോൾ യൂണിഫോം സിവിൽ കോഡ് ചർച്ചകളിൽ മാത്രം ഒതുങ്ങാത്ത കാര്യമാണിത്. മുസ്‌ലിം സ്ത്രീയെ എങ്ങനെ അവളുടെ വ്യത്യസ്‌തതകളെ അംഗീകരിച്ചു  കൊണ്ട് നോക്കിക്കാണാം എന്നതിൽ നിന്നാണ് മുത്തലാഖിനെപ്പറ്റിയുള്ള ചർച്ചകളിലേക്ക് ഞാൻ കടക്കുന്നത്. അതേസമയം തന്നെ മുത്തലാഖിനെ പറ്റി കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് ചർച്ചകൾ വരികയും  ചിലപ്പോഴെങ്കിലും മുസ്‌ലിം സ്ത്രീയെ സംരക്ഷിക്കാനെന്ന വ്യാജേന തീവ്ര വലതുപക്ഷം കൊണ്ടുപിടിച്ച  ശ്രമങ്ങൾ വരെ നടത്തുകയും ഉണ്ടായിട്ടുണ്ട്. പക്ഷേ മുസ്‌ലിം സ്ത്രീയെ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെടുകയും  അവളെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തെയാണ് അവർ ചേർത്തു പിടിച്ചത്.

ഇപ്പോൾ ബി.ജെ.പിയെപ്പറ്റി പറയുമ്പോൾ ഒരു തമാശപോലെ നമുക്ക് ഇതെല്ലാം കാണാവുന്നതാണ്. ഗുജറാത്ത്, മുസഫർ നഗർ കലാപമൊക്കെ നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ മുസ്‌ലിം സ്ത്രീ സംരക്ഷണം എന്ന് ബി.ജെ.പി പറയുന്നതിലെ കള്ളത്തരം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അതോടൊപ്പം തന്നെ സെക്കുലർ ഫെമിനിസത്തിന്റെ ദൃഷ്ടി കോണിലൂടെ ഇതിനെ നോക്കിക്കാണുന്നതിന്റെ പ്രശ്നങ്ങളും ഉണ്ട്. സെക്കുലർ ഫെമിനിസം അല്ലെങ്കിൽ ലിബറൽ ഫെമിനിസം എന്ന സങ്കല്‍പ്പം പ്രതിഷ്ഠിക്കുന്ന  ലിംഗ നീതി എന്നത് ഒരൊറ്റ തരത്തിലുള്ള ലിംഗ നീതിയാണ്. ഏറെ പ്രശ്നകരമായിട്ടുള്ള ഒരു വ്യവഹാരമാണ് അത് മുന്നോട്ട് വെക്കുന്നതെന്നു തോന്നുന്നു. പ്രശ്നവൽകൃതമെന്ന് ഞാൻ പറയാൻ കാരണം പലപ്പോഴും പല  അവസരങ്ങളിലും നമുക്ക്  ഇത് നേരിട്ട് മനസ്സിലാക്കാവുന്നതുമാണ്.

സൂര്യനെല്ലി കേസിലെ ഇര എന്ന രീതിയിൽ  അവരുടെ കദനകഥ ആദ്യമൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങളിലും മറ്റും നമ്മൾ നന്നായി ചർച്ച ചെയ്തു. പക്ഷെ പെട്ടെന്ന് വളരെ പ്രമുഖരായ പൊതുവ്യക്തികളുടെ പേര് ഉയർന്നുവന്നപ്പോൾ അതില്‍ നിന്നും മാറ്റി ആ കുട്ടിയെ ഒരു ഇടതുപക്ഷ   പ്രചാരകയും ഇടതുപക്ഷത്തിന് ആവശ്യമുള്ള കാര്യം പറയുന്ന പെണ്‍കുട്ടിയുമാക്കി നമ്മുടെ മാധ്യമങ്ങള്‍ മാറ്റി. അന്നത്തെ സി.പി.എം ഭരണകൂടം ഏറ്റെടുത്തു വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്നരീതിയിലൊക്കെ ആ സ്ത്രീയെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇതാ  ഒരു വില്ലത്തി എന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ കാര്യങ്ങള്‍ മാറ്റുകയുണ്ടായി.

ഉദാര മാനവികതയും  ഫെമിനിസവും

കേരളത്തിലെ പല ലിബറൽ ഫെമിനിസ്റ്റുകളും വളരെ ഉപരിപ്ലവമായി പലവിഷയത്തിലും ഇടപെടുന്നതു നമുക്ക് കാണാം. ഉദാഹരണത്തിന് മനുഷ്യൻ അല്ലെങ്കിൽ  മാനവികത/അമാനവികത എന്നുള്ള ഒരു ദ്വന്ദ്വത്തില്‍ നിന്ന് കൊണ്ടുള്ള ചർച്ചകൾ വന്നത് ഞാൻ കണ്ടിട്ടുണ്ട്. ലിബറൽ ഹ്യൂമനിസത്തിന്റെ അഥവാ ഉദാര മാനവികവാദത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു ആധുനികതയെ പ്രശ്നവല്കരിക്കുന്ന പഠനങ്ങള്‍ തുടർച്ചയായി പറഞ്ഞിട്ടുള്ളതാണ്. എന്നാലും മാനവികത എന്ന സങ്കൽപ്പത്തെ പലപ്പോഴും  ഒരു പ്രശ്നവും ഇല്ലാതെ എടുത്തു പ്രയോഗിക്കാറുണ്ട്. ഇപ്പോൾ അതിനു ബദലായിട്ട് അമാനവീയത/അമാനവം  എന്നൊക്കെ പറയുന്നുണ്ട്.

ഇത്രയൊക്കെ ആയിട്ടും ഈ ലിബറൽ ഹ്യൂമനിസത്തിന്റെ  പ്രശ്നങ്ങളെ ചർച്ച ചെയ്യുന്നതിന് പകരം ആ ഒരു ഉദാരമാനവികതയെ മുറുകെ പിടിക്കുന്നതാണ് നാം കാണുന്നത്. പക്ഷേ ലിബറൽ ഹ്യൂമനിസത്തിന്റെ പ്രശ്നങ്ങൾ  ഉന്നയിച്ചത് ഫെമിനിസ്റ്റുകൾ തന്നെയാണ്. ഫെമിനിസ്റ്റ് ചിന്തകര്‍ പറയുന്നത് “ലിബറൽ ഹ്യൂമനിസമെന്നാൽ ആധുനിക നവോത്ഥാനം തന്നെയാണ്” (liberal humanism is like the enlightenment modernity itself ) അത് മുന്നോട്ട് വെക്കുന്നത്. മാത്രവുമല്ല, മാനവികത എന്ന് പറയുന്നത് ഒരു വെളുത്ത ആംഗ്ലോ-സാക്സൺ അവകാശങ്ങളുടെ (white male Anglo-Saxon rights) സങ്കല്‍പ്പങ്ങള്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുമുണ്ട്.

അടിസ്ഥാന ധാരണകള്‍  പോലും ഇല്ലാത്ത തരത്തിൽ വീണ്ടും മാനവികത എന്ന് പറയുന്നത് ഇതിനെ പറ്റി  ധാരണ ഇല്ലാത്തതാണോ അല്ലെങ്കിൽ അതിലേക്ക് ഇറങ്ങി ചെല്ലാൻ താല്പര്യം ഇല്ലാത്തതാണോ എന്ന് അറിയില്ല. പിന്നെ കേരളത്തിൽ നടക്കുന്ന ചർച്ചയിൽ മനുഷ്യന്റെ വ്യത്യസ്തങ്ങളായ  സ്ഥാനത്തെപറ്റി ഒരു ധാരണയും ഇല്ലാത്ത പൊതുരീതികള്‍  കൊണ്ടു വരാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഉദാര മാനവികതയുടെ വിമര്‍ശനത്തിന്റെ രാഷ്ട്രീയം കൃത്യമായി ഉൾകൊള്ളാത്തതിന്റെ പ്രശ്നം ആയിരിക്കണം ഇത് എന്നാണ്.

മുസ്‌ലിം സ്ത്രീകളും മുസ്‌ലിം പുരുഷന്മാരും തമ്മിലെ ബന്ധം

മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മുസ്‌ലിം പുരുഷനെ മാറ്റി നിർത്തി മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെ പറ്റി  സംസാരിക്കാൻ ഒരിക്കലും സാധിക്കില്ല. സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ വ്യവസ്ഥാപിതമായ രീതിയില്‍  സ്വന്തം അവകാശങ്ങൾ ചോർന്നു പോയിക്കൊണ്ടിരിക്കുന്ന ജനതയാണ് മുസ്‌ലിംകൾ. ആ ജനതയെ പറ്റി സംസാരിക്കുമ്പോൾ മുസ്‌ലിം സ്ത്രീയെ ഒറ്റക്ക് നിൽക്കുന്ന ഒരു സ്വത്വമായിട്ട്  നോക്കി കാണാൻ പറ്റില്ല. യൂണിഫോം സിവിൽ കോഡ് ആയാലും പേഴ്സണൽ ലോ ആയാലും വിവാഹത്തിനകത്തുള്ള അവകാശത്തെ കുറിച്ച് സംസാരിക്കുന്നതായാലും അവളുടെ അവകാശത്തെ കുറിച്ച് സംസാരിക്കുമ്പോൾ മുസ്‌ലിം പുരുഷനെ ഇരയാക്കുന്ന ഉത്കണ്ഠാകുലമായ അധീശ സമൂഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്  മനസിലാക്കാനുള്ള സാമാന്യമായ യുക്തി നമുക്ക് ഉണ്ടായേ തീരു.

ആക്ടിവിസ്റ്റ് എന്ന നിലയിലും അക്കാഡമിക്  എന്ന നിലയിലും ഇതിനെ രണ്ട് രീതിയിലും ചേർത്ത് വായിക്കേണ്ടതാണ്. കാരണം നമ്മൾ മുസ്‌ലിം സ്ത്രീയുടെ അവകാശത്തെ പറ്റി സംസാരിക്കുന്നത് മുസ്‌ലിംകളെ  ഇരകൾ ആക്കാൻ വെമ്പുന്ന ഒരു സമൂഹത്തിലാണ്. ഒരു വശത്ത്‌ എങ്ങനെയായിരിക്കും അതിന്റെ സ്വാധീനം സാമൂഹത്തിൽ ഉണ്ടായിത്തീരുക എന്നുളള ആശങ്കയുണ്ട്. മുത്തലാഖ്  വിഷയത്തിലും നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം തിരിച്ചറിയാതെപോയതും പ്രശ്നമുണ്ടാക്കിയതും ഈ ഒരു സമീപനമാണ്.

അതുപോലെത്തന്നെ ഒരു രണ്ടാമതൊരു നിലപാടുണ്ട്‌. ഇതും കൂടെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വെണ്ടി ബ്രൗൺ

വെണ്ടി ബ്രൗൺ

അതായത്, ആൺ അവകാശങ്ങൾ എന്ന സകൽപ്പത്തിനെ തന്നെ നമ്മൾ വിവേചിച്ച്   നോക്കേണ്ടതാണ്. വ്യത്യസ്തതകള്‍ നിറഞ്ഞ ജനവിഭാഗത്തില്‍ ആണ്‍ അവകാശങ്ങളെ ഒരിക്കലും ഏകരീതിയില്‍ ചിന്തിക്കാന്‍ കഴിയില്ല. അവിടെയാണ് സമുദായം എന്ന കാഴ്ചപ്പാട് നിര്‍ണായകമാവുന്നത്. ആണ്‍ അവകാശങ്ങളുടെ മേഖലയില്‍ സമുദായം വളരെ നിര്‍ണായകമാണ്. മുസ്‌ലിം പുരുഷന്റെ അധികാരo സവർണ്ണ പുരുഷാധികാരവുമായി തുലനം ചെയ്യാൻ പറ്റില്ല.

ഇസ്‌ലാമിനെതിരെ സംസാരിക്കുന്ന സ്ത്രീകള്‍  

ഇസ്‌ലാമിക ഫെമിനിസത്തിന്റെ രാഷ്ട്രീയം എന്ന ലേഖനത്തിൽ ഈ കാര്യം പറയുന്നുണ്ട്. ഇസ്‌ലാം വ്യക്തിയോടൊപ്പം തന്നെ സമുദായത്തെ പരിഗണിക്കുന്ന മതമാണ്. അപ്പോൾ അതിനകത്തു നിൽക്കുന്നവരുടെ അവകാശങ്ങൾ എങ്ങനെയാണ്  നോക്കിക്കാണേണ്ടത്? അവരെ എല്ലാം  പുരുഷാധിപത്യമുളള വ്യവഹാരത്തിൽ കുടുങ്ങിയവര്‍ എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. അതിൽ നിലനിൽക്കുന്ന സ്ത്രീകൾ എങ്ങനെ അവരുടെ വ്യവഹാരത്തെ (discourse) നോക്കിക്കാണുന്നു എന്നുള്ളത് നമ്മൾ ചർച്ച ചെയ്യേണ്ട ഒരു കാര്യമാണ്. ലിംഗ നീതിയെ പറ്റിയുള്ള ചർച്ചകൾ വരേണ്ടത് ഇസ്‌ലാമിന് അകത്തുനിന്നു തന്നെയാണ്.

മുത്തലാഖിനെ പറ്റിയുള്ള ഒരു ലേഖനത്തിൽ ഞാൻ അത് പരാമർശിക്കുന്നുണ്ട്.  ഇസ്‌ലാമിലെ പുരുഷാധിപത്യത്തെ തകർത്തു കൊണ്ട് സംസാരിക്കുന്ന  അല്ലെങ്കിൽ അതിനെപറ്റി മാത്രം ചർച്ച ചെയ്യുന്ന ഒരു വ്യവഹാരം നമ്മൾ എടുക്കുകയും  എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍  നാം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല.

മതത്തിനു എതിരെ സംസാരിക്കുന്ന സ്ത്രീകളെ പൊതുസമൂഹം അംഗീകരിക്കുമ്പോള്‍  മതത്തിനുള്ളിൽ നിന്നുകൊണ്ട് അവകാശത്തെ കുറിച്ച് സംസാരിക്കുന്ന സ്ത്രീകളെ പൊതു സമൂഹം ശ്രദ്ധിക്കുന്നേയില്ല. ഈ ഒരു  അന്തരം കാണാതിരിക്കുന്നതു കൊണ്ടാണ് മുസ്‌ലിം സ്ത്രീയെ പറ്റിയുള്ള വ്യവഹാരത്തിൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് പിഴക്കുന്നത്‌. ഇസ്‌ലാമിനെതിരെ സംസാരിക്കുന്ന മുസ്‌ലിം ഫെമിനിസ്റ്റുകള്‍ക്ക് എവിടെയും വേദി കൊടുക്കൻ നാം  തയ്യാറാണ്. പക്ഷേ ഇസ്‌ലാമിനകത്തുനിന്നു അവർ എന്ത് ചെയ്യുന്നു എന്നറിയാൻ പോലും നാം  ഒരു പ്ലാറ്റ്‌ഫോം അവര്‍ക്ക് അനുവദിച്ചു കൊടുക്കുന്നില്ല.

വിശ്വാസികളായ മുസ്‌ലിം സ്ത്രീകളുടെ രാഷ്ട്രീയം

പക്ഷേ കഴിഞ്ഞ കുറെ വർഷങ്ങളായി എന്റെ റിസർച്ചിന്റെ ഭാഗമായിട്ടും രാഷ്രീയ ഇടപെടലുകളുടെ ഭാഗമായിട്ടും  ഞാൻ അടുത്തു പെരുമാറിയിട്ടുള്ള പ്രായോഗികമായും വിശ്വാസപരമായും  ജീവിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. കൃത്യമായിട്ട് അടിച്ചമർത്തപ്പെട്ട സ്ത്രീകളെ ഒന്നുമല്ല ഞാൻ കണ്ടിട്ടുള്ളത്. മതം അവർക്ക് വളരെ പ്രധാനമാണ്. ഇസ്‌ലാം അവരുടെ സ്വത്വത്തിന്റെ ഭാഗമാണ്. അവർ മതത്തിനു അകത്തു നിൽക്കുന്നവരും ആ ഒരു വിശ്വാസത്തിന്റെ ഭാഗവുമാണ്. അതേസമയം തന്നെ അവര്‍ക്കിടയില്‍ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. നല്ല  വായന നടക്കുന്നുണ്ട്. പക്ഷേ ഈ ചർച്ചകൾ എന്താണ്? ഈ വായനകളുടെ സ്വഭാവം എന്താണ്? ഇതൊന്നും  അറിയാൻ പൊതുസമൂഹം ശ്രമിക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. അവർ ലിംഗ നീതിയെപറ്റി എങ്ങനെയാണ് ചർച്ച ചെയ്യുന്നത്? അതിനകത്തു നടക്കുന്ന ലിംഗവ്യവാഹരങ്ങള്‍  എന്തെല്ലാമാണ്? അവരെ സംബന്ധിച്ചിടത്തോളം എന്തിനാണവർ പ്രാധാന്യം നൽകുന്നത്? എന്നിങ്ങനെയുള്ളതിനെയൊന്നും പൊതുസമൂഹം ശ്രദ്ധിക്കാൻ തയ്യാറാകുന്നില്ല.

ആമിന വദൂദ് ഇന്ത്യ സന്ദർശിച്ച സമയത്ത് ഇവിടെ മുംബൈ തീവ്രവാദാക്രമണവുമായി ബന്ധപ്പെട്ട് പിടിച്ചവരെ ഭരണകൂടം കഴുവിലേറ്റുന്ന സമയമായിരുന്നു. ആ ഒരു പശ്ചാത്തലത്തിൽ അവർ നടത്തിയ ചില സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ അവർ ബോധപൂർവം ലിബറല്‍ രീതിയില്‍ ഭീകരവാദത്തെ കാണുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ്‌ ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇസ്‌ലാമിക ഫെമിനിസത്തിനു ആവശ്യമാകുന്നു എന്ന സമീപനം ഉയര്‍ത്തിപിടിക്കുന്നത്‌.

അപ്പോൾ മതത്തിനു എതിരെ സംസാരിക്കുന്നവർക്ക് കൊടുക്കുന്ന അതെ  പ്രാധാന്യം പ്രായോഗികമായി വിശ്വാസികളായ മുസ്‌ലിം സ്ത്രീകളുടെ  വ്യവഹാരത്തിനും നമ്മൾ കൊടുക്കേണ്ടതാണ്. ആ ഒരു സ്ഥാനത്താണ് ഞാൻ എന്നെയും നിർത്തിയിട്ടുള്ളത്. ഒരു ഗവേഷക എന്ന നിലയിൽ വിശ്വാസത്തിലൂന്നിയ  മുസ്‌ലിമിന്റെ വ്യവഹാരങ്ങൾ കേൾക്കേണ്ടത് രാഷ്ട്രീയമായ അനിവാര്യതയാണ്. ഞാൻ ഒരു കേൾവിക്കാരി മാത്രമാണ്. ഈ വ്യവഹാരത്തെ കേൾക്കുകയും മുഖ്യധാരയിൽ എത്തിക്കുവാൻ ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.  ഇതൊരു രാഷ്ട്രീയ ദൗത്യമാണ്.

ദേശത്തെ പുനർനിർമ്മിക്കാനും മുഖ്യധാരാ ദേശരാഷ്ട്രസങ്കൽപനങ്ങളുടെ അപര്യാപ്തതകളെ നിരാകരിക്കാനും ഏതുതരത്തിലുള ഇടപെടലാണു താങ്കൾ ഈ പുസ്തകത്തിലൂടെ മുന്നോട്ട്‌ വെക്കുന്നത്‌?

ദേശീയതയുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുള്ള രണ്ടു ചർച്ചകൾ ഉൾപ്പെടുത്തിയാണ് ഞാൻ  ചില ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. ഒന്ന് ദേശീയത എന്ന സങ്കൽപ്പം തന്നെ എങ്ങനെ ചില പ്രദേശങ്ങളെ  പുറന്തള്ളുന്നത്  എന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള പുനരാഖ്യാനങ്ങൾ. ഇതിൽ നോർത്ത് ഈസ്റ്റ്, കശ്മീർ, ശ്രീലങ്കൻ തമിഴ് വംശജർ എല്ലാം ഉൾപ്പെടുന്ന ചില വ്യവഹാരങ്ങൾ പ്രധാനമാണ്.

കശ്മീരിനെ പറ്റി സംസാരിക്കാൻ അല്ലെങ്കിൽ ശ്രീലങ്കൻ വംശജരുടെ പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ അതുമല്ലെങ്കിൽ നോർത്ത് ഈസ്റ്റിനെ പറ്റി സംസാരിക്കാൻ നമുക്ക് ആകെ ലഭ്യമായിരുന്ന ഭാഷയെന്നത് ഒന്ന് ദേശ സ്നേഹത്തിന്റെ ഭാഷയും മറ്റൊന്ന് അതിന്റെ എതിർ വശത്തുളള, അതിന്‍റെ മറുപുറമായ, വിഘടനവാദികളുടെ ഭാഷയുമായിരുന്നു. ഇതിനു രണ്ടിനും അകത്തു നിന്നുകൊണ്ടാണ് നമ്മൾ ഈ ദേശങ്ങളെ അല്ലെങ്കിൽ ഈ ഇടങ്ങളിലെ പ്രശ്നങ്ങളെപറ്റി ചർച്ച ചെയ്തുകൊണ്ടിരുന്നത്.

പക്ഷേ ഇപ്പോൾ നവ മാധ്യമങ്ങളും മറ്റും വഴിയായി ദേശീയതയുടെ വിള്ളലുകൾ എന്ന പ്രശ്നം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് കാണാം. കശ്മീരിനെ നമ്മൾ ഒരു മുഖ്യധാരാ വീക്ഷണ കോണിൽനിന്നു തെറ്റായി നോക്കി കാണുന്നുവെന്നു നാം തിരിച്ചറിയുന്നു. അതുപോലെ തന്നെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നവും. നമ്മൾ എപ്പോഴും ദേശത്തിന്റെ ശത്രുക്കൾ ആയി കണക്കാക്കുന്ന ഒരു കൂട്ടം ജനത എത്ര മാത്രം ദേശീയതയാൽ പാർശ്വവൽക്കരിക്കപ്പെടുന്നു എന്നുകൂടെ നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

കശ്മീരില്‍ നിന്നുള്ള ആഗാ ഷാഹിദ് അലിയുടെ കവിത ഞാൻ ഈ പുസ്തകത്തിൽ ഒന്ന് രണ്ടു വട്ടം ഉദ്ധരിക്കുന്നുണ്ട്. കവിതയിൽ പറയുന്നത് പോലെ ഞങ്ങളുടെ ചരിത്രം നിങ്ങളുടെ ഓർമകളെ ചെറുത്തു നിൽക്കുന്നുണ്ട്, അല്ലെങ്കിൽ ഞങ്ങളുടെ ഓർമ്മകൾ നിങ്ങൾ എഴുതി വെച്ചിരിക്കുന്ന ചരിത്രത്തെ പ്രതിരോധിക്കുന്നുണ്ട്. ഈ ഒരു പ്രതിരോധത്തിന്റെ രാഷ്ട്രീയം നമുക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം ആണെന്ന് പറയുമ്പോഴും കശ്മീരിലെ ജനത നമ്മുടേത് എന്ന ചിന്തിക്കാൻ ഇവിടുത്തെ മുഖ്യധാരാ ദേശീയ സമൂഹത്തിനു കഴിഞ്ഞിട്ടില്ല. കശ്മീർ എന്ന പ്രദേശം നമുക്ക് വേണം എന്നും അതേസമയം കശ്മീരിലെ ജനത നമ്മുടെതാണ് എന്നും നാം  പറയുന്നില്ല. അപ്പോൾ കശ്മീരിലെ ജനങ്ങൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.  ഈ നാട് നിങ്ങളുടെതാണെങ്കില്‍ ഞങ്ങളുടെ വേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടേണ്ടതല്ലേ? ലോകത്തു ഏറ്റവും സൈനികവല്‍കരിക്കപെട്ട ഇടമാണ്  കശ്മീർ.

ദേശീയതയും അപരസ്ത്രീകളും

മൃദു റായിയുടെ ഒരു ലേഖനത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്,  ഒരു ഹിന്ദു ദേവതയുടെ രൂപത്തിൽ കരുതപ്പെടുന്ന ഒരു ദേശത്തോട് ഒരുമ കാണിക്കാൻ ദലിത്/മുസ്‌ലിം സ്ത്രീകള്‍ക്ക്  സാധിക്കില്ല എന്നതാണ്. മേൽ ജാതി ഹിന്ദു ദേവതയായി കരുതപ്പെടുന്ന സ്ത്രീയിലൂടെയാണ് ഭാരത മാതാവ്  എന്ന സങ്കൽപമുണ്ടാവുന്നത്.

അതുപോലെ തന്നെ നോർത്ത് ഈസ്റ്റിൽ നിന്ന് വളരെ ശക്തമായി ഇന്ത്യയിലെ മുഖ്യധാര ഉയർത്തിപ്പിടിക്കുന്ന നാനാത്വത്തിൽ ഏകത്വം( unity  in diversity) എന്ന കാഴ്ചപ്പാടിനെ ചെറുത്തു നില്‍ക്കുന്ന ധാരാളം ആഖ്യാനങ്ങള്‍ വരുന്നുണ്ട്. കശ്മീർ ആണെങ്കിലും നോർത്ത് ഈസ്റ്റ് ആണെങ്കിലും അവിടെ AFSPA പോലുള്ള അമിതാധികാരനിയമങ്ങളെ  എതിർത്തുകൊണ്ട് സ്ത്രീകളുടെ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ആർമിക്കെതിരെ ‘Indian army rape us too’ എന്നു പറഞ്ഞുകൊണ്ട് മനോരമ ദേവിയുടെ മരണത്തിനു ശേഷം മണിപ്പൂരിലെ സ്ത്രീകൾ ഉയർത്തിയ പ്രതിഷേധം ഇന്ന് നമുക്ക് അറിയാം. അപ്പോൾ ഇന്ത്യൻ ദേശീയത എന്നത് ആന്തരികമായിതന്നെ വളരെയധികം ചോദ്യം ചെയ്യപ്പെടുന്ന ഒരു ഏകകമാണ്.

അരുന്ധതി റോയ്

അരുന്ധതി റോയ്

പുതിയ വിദ്യാര്‍ഥി രാഷ്ട്രീയം

പിന്നെ രണ്ടാമതായി  യൂണിവേഴ്സിറ്റികളിൽ നിന്നും ഉയർന്നു വന്ന ദേശീയതയെക്കുറിച്ചുള്ള വിമര്‍ശന വ്യവഹാരങ്ങൾ ശ്രദ്ധിക്കണം.  യൂണിവേഴ്സിറ്റികളിലെ ദലിത്, മുസ്‌ലിം രാഷ്ട്രീയം നാം പഠിക്കണം. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ശക്തമായി ഒരു പോസ്റ്റ് രോഹിത് വെമുല വ്യവഹാരം ഇവിടെ  നിലനില്‍ക്കുന്നുണ്ട്. അതോടോപ്പം തന്നെ കാമ്പസിൽ ദേശം എന്ന സങ്കല്‍പ്പത്തെ വളരെ അധികം ചോദ്യം ചെയ്യുന്ന  രീതികള്‍  നാം കാണുന്നുണ്ട്. മേല്‍ജാതി  സമുദായങ്ങളുടെ മേൽക്കോയ്മ  ഈ യൂണിവേഴ്സിറ്റികളിൽ നിലനില്‍ക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്. യൂണിവേഴ്സിറ്റി എന്ന ആധുനിക ലിബറല്‍ മണ്ഡലത്തെ വളരെയധികം ചോദ്യം ചെയ്യുന്ന രാഷ്ട്രീയമാണിത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും അതുപോലെ പിന്നീട് ഡൽഹിയിലെ സര്‍വകലാശാലകളിലും കണ്ടത്  ഈ ദേശീയതാ സങ്കൽപ്പത്തിന്റെ വിള്ളലുകളാണ്.

ദേശരാഷ്ട്രവും ഹിംസയും 

ഇത്തരം ചോദ്യം ചെയ്യലുകൾ വളരെ അധികമുണ്ടായ ഒരു സമയത്തുതന്നെ ഒരു തീവ്ര വലതുപക്ഷ ദേശീയതയെ മുറുകെ പിടിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ മുന്നേറ്റങ്ങളെ മൊത്തം അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടമുണ്ട്.  എല്ലാതരാം ഫാസിസ്റ്റു സമൂഹത്തിലും ഇത്തരത്തിൽ ഒരു നാഷണലിസത്തിൻറെ ഉയിർത്തെഴുന്നേല്‍പ്പു നമ്മൾ കാണുന്നുണ്ട്.

ഉദാഹരണത്തിന് നാസി ജർമ്മനിയിൽ ആയാലും ഫാസിസ്റ്റ്  ഇറ്റലിയിലായാലും അവിടെയൊക്കെകണ്ടത്  തീവ്രദേശീയതയുടെ കുതിച്ചുയരലാണ്. ഇതിനെതിരായ എല്ലാതരം  ചോദ്യം ചെയ്യലുകളെയും ദേശ വിരുദ്ധത എന്ന ഒറ്റപ്പദം ഉപയോഗിച്ചു അടിച്ചമർത്താൻ ശ്രമിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത്. ദേശീയതയുടെ വ്യവഹാരങ്ങളെ പരിശോധിക്കുമ്പോൾ ആശയപരമായി തന്നെ  ആധുനിക ദേശരാഷ്ട്രം എന്ന സങ്കൽപ്പം എത്ര മാത്രം പ്രശ്നവൽകൃതമാണെന്നുള്ളതു നാം കാണേണ്ടതാണ്.

ഉത്തമ രാഷ്ട്രം എന്നുള്ള സംഗതി ഒരിക്കലും ഒരു ആധുനിക ദേശ രാഷ്ട്രം എന്ന സങ്കൽപ്പത്തിൽ അടങ്ങിയിട്ടില്ല.  ഹന്ന ആരന്‍റ്, ജോര്‍ജിയോ അഗമ്പന്‍  ഒക്കെ പറയുന്നപോലെ ഒരു ദേശരാഷ്ട്രം ആന്തരികവല്‍കരിച്ച ഹിംസയുടെ സാധ്യതകള്‍ നാം ചര്‍ച്ച ചെയ്യണം. അതുകൊണ്ടുതന്നെ ദേശരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ  ഹിംസകള്‍ നാം  പരിശോധിക്കുമ്പോൾ  ദേശവിരുദ്ധമെന്നു  പറഞ്ഞ് ആ ചർച്ചകൾ അടിച്ചമർത്തുന്നവർ ഇത്തരം സൈദ്ധാന്തിക പ്രവർത്തനങ്ങൾ ഒന്നും പെട്ടെന്ന് ഉയർന്നുവന്നതല്ല എന്നു ഓര്‍ക്കണം. വർഷങ്ങളായി തത്വചിന്താസമീപനങ്ങളുടെ മേഖലകളില്‍  ആധുനിക ദേശരാഷ്ട്രം എന്ന കാഴ്ചപ്പാടിന്റെ  ആക്രമണപരതയെയും ഹിംസയെയും പരിശോധിക്കുന്നുണ്ട്.

ദേശീയതയും ഭാരത് മാതായും  

ഇന്ത്യൻ നാഷണൽ മൂവ്മെന്‍റ് തന്നെ  ഇന്ത്യ എന്ന സങ്കല്‍പ്പത്തെ കൊണ്ടുവരികയും ഭാരത് മാതാ എന്ന ഒരു ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലം ഒരു ബോധപൂർവമായ ചരിത്ര നിർമ്മാണമാണ്. അതുപോലെയുള്ള  ഒരു സാഹചര്യത്തിലൂടെയാണ് നാം ഇപ്പോഴും കടന്നു പോവുന്നത്. തീവ്രഹിന്ദു വലതുപക്ഷം വീണ്ടും തങ്ങളുടെ ചരിത്രത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു നിമിഷമാണിത്. പക്ഷേ നമ്മുടെ ദേശീയതയുടെ ഭാഗമായി  കരുതപ്പെടുന്ന ചില ബിംബങ്ങൾ പൂർവാധികം ശക്തിയോടെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സമയം കൂടിയാണിത്.

ഇപ്പോൾ അംബേഡ്കറൈറ്റ്‌ മൂവ്‌മെന്റ് ഭയങ്കരമായിട്ട് ഗാന്ധിയൻ ഐഡിയോളജിയെ ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഭാരത് മാതാ എന്ന സങ്കല്‍പ്പത്തെ തന്നെ ഇന്ത്യൻ ഫെമിനിസത്തിൻറെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ ചുവടു പിടിച്ചാണ് ഇന്ത്യൻ ദേശീയതയെ പറ്റിയുള്ള ലേഖനങ്ങൾ വികസിക്കുന്നത്.

ഇസ്‌ലാമിന്റെ ദർശനത്തിലല്ല, അതിന്റെ വ്യഖ്യാനത്തിലാണു സ്ത്രീ വിരുദ്ധ നിലപാട്‌ എന്ന് ഒരുഭാഗത്ത് താങ്കള്‍ പറയുന്നു. മാത്രമല്ല ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്നു പറയുന്നത്‌ ആധുനിക ലിബറൽ മൂല്യങ്ങളിൽ ഊന്നിയുളള ചിന്താഗതി ആണെന്ന് താങ്കൾ ഈ പുസ്തകത്തിൽ മറ്റൊരിടത്ത് പറയുന്നു. അത്‌ ഒന്നു കൂടെ വ്യക്തമാക്കാമോ? പ്രായോഗിക ഇസ്‌ലാമിലെ (Practicing Islam) സ്ത്രീ വിരുദ്ധതയെ എങ്ങനെയാണ് നോക്കിക്കാണുന്നത്‌?

ഇസ്‌ലാമിന്റെ ദർശനത്തിലല്ല, അതിന്റെ വ്യഖ്യാനത്തിലാണു സ്ത്രീ വിരുദ്ധ നിലപാട്‌ എന്നല്ല ഞാൻ പറയുന്നത്. മറിച്ച് അങ്ങനെ പറയുന്നത്  ഒരു ശരിയായ സമീപനമല്ലെന്നതാണ് .

സ്ത്രീ വിരുദ്ധത പൊതുവെ ഇസ്‌ലാമിനെതിരെ പറയുന്ന ഒരു കാര്യം ആണ്. ഇസ്‌ലാമിനെതിരെ  ആധുനിക ഫെമിനിസ്റ്റ് ചിന്താഗതിയും ലിബറല്‍  ഫെമിനിസ്റ്റ് ചിന്താഗതിയും  പറയുന്ന കാര്യമാണിത്. ഈ സ്ത്രീവിരുദ്ധത എന്ന പോലെത്തന്നെ മുസ്‌ലിം സ്ത്രീകള്‍ക്ക് പല പ്രത്യേക പരിമിതികളുമുണ്ടെന്ന നിലപാടാണ് ഈ ലിബറൽ ഫെമിനിസ്റ്റ് പക്ഷം എടുക്കുന്നത്.

സബ മഹ്മൂദ്

സബ മഹ്മൂദ്

സബ മഹ്മൂദും സ്വാതന്ത്ര്യവും

സബ  മഹ്മൂദ് ഈ കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ, മുടി കളർ ചെയ്യുന്നതും മിനി സ്കേർട്ട് ഇടുന്നതും ബിക്കിനി ധരിക്കുന്നതുമാണെന്ന് നാം മനസിലാക്കുന്നു. മുസ്‌ലിം സ്ത്രീ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ആത്മീയ ഇടപെടലിന്റെ തേട്ടമായി പർദ്ദ ഇടുകയോ മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താല്‍ ആ സ്ത്രീകളെ നമ്മൾ അടിമ എന്നു വിളിക്കുന്നു. ഈ ദ്വന്ദ്വവീക്ഷണം പക്ഷപാതപരമല്ലെയെന്നാണ് മഹ്മൂദ് ചോദിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പറയേണ്ട വേറൊരു കാര്യം കൂടിയുണ്ട്. പ്രായോഗിക (practicing) ഇസ്‌ലാമിലെ സ്ത്രീ വിരുദ്ധത രണ്ടു രീതിയിലാണ് ഞാന്‍ സമീപിക്കുന്നത്. ഒന്ന് പൊതുവായി എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ് എന്ന സമീപനം. ലിബറൽ ആധുനിക മൂല്യങ്ങളുടെ ഭാഗമായി നോക്കുമ്പോൾ മിക്കവാറും എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. ഉദാഹരണമായി സതി എന്ന കാഴ്ചപ്പാട് ഇന്ത്യയില്‍  ഉണ്ടായിരുന്നു. അത് നിയമപരമായി നിരോധിച്ചിട്ടും ബലമായി സ്ത്രീകളെകൊണ്ട് സതി അനുഷ്ഠിപ്പിച്ചിരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയിടെ ഇറങ്ങിയ ഒരു ഹിന്ദി സിനിമ സതിയെ വളരെയധികം മഹത്വവത്കരിച്ചുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലെല്ലാം സ്ത്രീവിരുദ്ധതയുണ്ട്. പക്ഷേ ഇസ്‌ലാം മാത്രം സ്ത്രീ വിരുദ്ധമാണ് എന്ന് പറയുന്നത് ഇസ്‌ലാമോഫോബിക് ആയിട്ടുള്ള ഒരു ചിന്താഗതി ആണെന്നു  നാം മനസ്സിലാക്കണം.

രണ്ടാമതായിട്ട് സ്ത്രീ വിരുദ്ധത ഇസ്‌ലാമിൽ എത്രത്തോളം ഉണ്ട് എന്നുള്ള കാര്യത്തെപ്പറ്റി വേറൊരു രീതിയില്‍ ആലോചിക്കാം. ഞാനൊരു ലിബറൽ മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍  നിശ്ചയമായും അതു നോക്കി കാണേണ്ടത് അതിനുള്ളിലെ സ്ത്രീകളുടെ തിരഞ്ഞെടുപ്പ് (choice)എന്ന രീതിയിലാണ്.

ലിബറലിസവും തിരഞ്ഞെടുപ്പും

പക്ഷേ ഞാനൊരു ലിബറൽ മനുഷ്യാവകാശത്തില്‍  വിശ്വസിക്കുന്നുവെന്നു  പറയുമ്പോഴും ആ ഒരു ലിബറലിസത്തിന്റെ പ്രശ്നങ്ങളെ പറ്റി ധാരണയുണ്ട്. ലിബറല്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ ബോധവതിയാണ്. കാരണം ഞാന്‍ എന്റെ തിരഞ്ഞെടുപ്പ്  (choice) എന്ന് പറയുമ്പോൾ  അത് എന്റെ സാമൂഹികമായ പ്രിവിലേജ് കൂടിയാണ്. ഇതാവട്ടെ അധികാര മുക്തമല്ല. മാത്രമല്ല എന്റെ തിരഞ്ഞെടുപ്പ് സോപാധികമല്ലാത്ത സംഗതിയൊന്നുമല്ല. എന്റെ തിരഞ്ഞെടുപ്പിനെ നിർണയിക്കുന്ന പല കാര്യങ്ങളും ഉണ്ട്. മുതലാളിത്ത മൂല്യങ്ങൾ, സാമൂഹിക സാഹചര്യങ്ങള്‍  ഇതൊക്ക  നമ്മുടെ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ  തിരഞ്ഞെടുപ്പ്  ഒരു സ്വതന്ത്ര കാഴ്ചപ്പാട് അല്ല.

ഈ രണ്ടു വീക്ഷണകോണിലൂടെയാണ് പ്രയോഗത്തിലെ ഇസ്‌ലാമിലെ സ്ത്രീവിരുദ്ധത എന്ന കാഴ്ചപ്പാടിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്.

ആമിന വദൂദും  ഫെമിനിസ്റ്റ് വ്യാഖ്യാനശാസ്ത്രവും  

ആധുനിക  ഫെമിനിസ്റ്റ് ചിന്തയിലൂടെ ഇസ്‌ലാമിനെ സമീപിക്കുന്ന ഒരുപാട്  സ്ത്രീകൾ ഉണ്ട്. ഇവരെ ഫെമിനിസ്റ്റ് ദൈവശാസ്ത്രകാരൻമാർ എന്ന് ചില പഠനങ്ങള്‍ വിളിക്കുന്നുണ്ട്. ആമിന വദൂദിനെ ഒരു ഫെമിനിസ്റ്റ് ദൈവശാസ്ത്രകാരി എന്ന് പറയാം. അവരുടെ ഖുർആൻ പുനർവായനയും ഹദീസ് വിമര്‍ശനവുമൊക്കെ ധാരാളമുണ്ട്.

ആമിന വദൂദ്

ആമിന വദൂദ്

ഇസ്‌ലാമിക് ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്നവരുടെ വീക്ഷണത്തെയും ഒരു വിമർശനാത്മക സ്വഭാവത്തിലാണ് ഞാന്‍ നോക്കിക്കാണാൻ ശ്രമിക്കുന്നത്. കാരണം ഒരു പുരോഗമന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ പാഠങ്ങളില്‍ അല്ല, അതിന്റെ വ്യാഖ്യാനത്തിലാണ് സ്ത്രീവിരുദ്ധതയുടെ പ്രശ്നമുള്ളത്. മാത്രമല്ല വ്യാഖ്യാനിക്കുന്നത് പുരുഷൻമാർ ആയതിനാലാണ് ഇതെല്ലാം പ്രശ്നമാകുന്നതും സ്ത്രീ വിരുദ്ധമാകുന്നതും. പ്രാഥമിക ഗ്രന്ഥത്തിന്റെ ശരികളിലേക്ക് തിരിച്ചുപോകൂയെന്നാണ് ഈ ഫെമിനിസ്റ്റ് ദൈവശാസ്ത്രകാരികള്‍ പറയുന്നത്.

അതിൻറെ ഒരു പ്രശ്നം എന്തെന്നാൽ പഴയ ഗ്രന്ഥങ്ങള്‍ മിക്കവാറും പുരുഷ  വ്യാഖ്യാനങ്ങളാണ്. ഈയൊരു സമീപനം ആധുനിക സ്ത്രീയുടെ വീക്ഷണകോണിൽനിന്ന് വായിക്കുകയാണെങ്കിൽ  തീർത്തും വ്യത്യസ്തമായിരിക്കും ആ വ്യാഖ്യാനം.

മുത്തലാഖുമായി ബന്ധപ്പെട്ട് ഇതുപോലൊരു ചർച്ച ഉയർന്നു വന്നിട്ടുണ്ട്.  മുത്തലാഖ് ഖുർആന് എതിരാണ് എന്ന വാദമാണിത്‌. വേദഗ്രന്ഥങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഇവിടെ അനിവാര്യമായി വരുന്നത്. പക്ഷേ വേദങ്ങളിലേക്കുള്ള മടക്കം എങ്ങനെ സാധ്യമാകുമെന്ന ഒരു ചോദ്യം ഇവിടെ ഉയർന്നുവരുന്നു.

ഖുർആൻ സൂക്തങ്ങളിൽ തെറ്റില്ല എന്നും, വ്യാഖ്യാനങ്ങൾ നടത്തുന്നതിലാണ് തെറ്റ് എന്നും നമ്മൾ പറയുമ്പോൾ തന്നെ അതാതു കാലഘട്ടങ്ങളിൽ ഈ ഗ്രന്ഥങ്ങൾ മിക്കവാറും തങ്ങളുടേതായ ധർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നുവെന്ന് ചിന്തിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതമായ സമീപനം.

ഇതേ ഒരു വാദം സ്വവർഗലൈംഗികത, ക്വീര്‍ സ്വത്വം (queer identity) എന്നിവയുടെ സാഹചര്യത്തിലും ഉയർന്നു വന്നിട്ടുണ്ട്. പുരാതന ഇന്ത്യയിൽ സ്വവർഗലൈംഗികത അനുവദിച്ചിരുന്നുവെന്ന ഒരു വാദമുണ്ട്. ഇങ്ങനെ നമ്മൾ പാരമ്പര്യത്തിലേക്ക് തിരിച്ചു പോയി പാരമ്പര്യത്തെ പുനര്‍വായന നടത്തുകയെന്ന പണി ഇന്ത്യന്‍ ഫെമിനിസത്തിന്റെ ഒരു ഘട്ടത്തിൽ ചെയ്തിരുന്നു. അത് ആ കാലഘട്ടത്തിന്റെ അനിവാര്യതയായതു കൊണ്ടായിരിക്കും.

പക്ഷേ ഈ സമീപനവും പ്രശ്നവൽകൃതമല്ലേ? ഖുർആൻ എന്ന ഗ്രന്ഥം ലിബറലാണെന്ന് തെളിയിക്കേണ്ട എന്ത് ആവശ്യമാണുളളത്? എന്ത് തരം അനിവാര്യതയിൽ നിന്നാണ് അത്തരമൊരു ചിന്താഗതി ഉയർന്നുവരുന്നത്? അതുപോലുളള സന്ദർഭങ്ങളിലൊക്കെയാണ് ആമിന വദൂദിനെ പോലെയുള്ളവരുമായി എനിക്ക് അഭിപ്രായ വ്യത്യാസമുള്ളത്. ഒരു രാഷ്ട്രീയ സാഹചര്യം  കാണാതെയാണ് ഇവരൊക്കെ ഈ ഗ്രന്ഥത്തിന്റെ അകത്തേക്കും അതിന്റെ പുനര്‍വായനയിലെക്കും പ്രവേശിക്കുന്നത്.

ഒരു  സവിശേഷ സാഹചര്യത്തിൽ ഒരു മുസ്‌ലിം കമ്മ്യൂണിറ്റിയെ വിമർശനാത്മകമായി സമീപിക്കുമ്പോൾ ആ വിമർശനത്തിന്റെ പാശ്ചാത്തലം എന്താണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലും ചെയ്യാതെയാണ് പലരും പലപ്പോഴും സംസാരിക്കുന്നത്. പല സമയത്തും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്  വളരെ കൃത്യമായി സ്വീകരിച്ചിരിക്കുന്ന അജണ്ടയാണ് ഭീകരവേട്ടയുടെ സാമ്രാജ്യത്വ സമീപനങ്ങള്‍. പക്ഷേ പല മുസ്‌ലിം ആക്ടിവിസ്റ്റുകളും അമേരിക്കന്‍ ഭരണകൂടം  നിര്‍മിച്ച  തീവ്രവാദവിരുദ്ധ വാചകമടിയുടെ പക്ഷത്തു നിന്നുകൊണ്ടാണ് സംസാരിക്കാറുള്ളത്.

ഷെറിൻ ബി.എസ്.

ഷെറിൻ ബി.എസ്.

ആമിന വദൂദ് ഇന്ത്യ സന്ദർശിച്ച സമയത്ത് ഇവിടെ മുംബൈ തീവ്രവാദാക്രമണവുമായി ബന്ധപ്പെട്ട് പിടിച്ചവരെ ഭരണകൂടം കഴുവിലേറ്റുന്ന സമയമായിരുന്നു. ആ ഒരു പശ്ചാത്തലത്തിൽ അവർ നടത്തിയ ചില സംഭാഷണങ്ങള്‍ വായിച്ചപ്പോള്‍ അവർ ബോധപൂർവം ലിബറല്‍ രീതിയില്‍ ഭീകരവാദത്തെ കാണുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ്‌ ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇസ്‌ലാമിക ഫെമിനിസത്തിനു ആവശ്യമാകുന്നു എന്ന സമീപനം ഉയര്‍ത്തിപിടിക്കുന്നത്‌.

തീർച്ചയായും നാമൊന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അതേസമയം തന്നെ, ഒരു മുസ്‌ലിം ആക്ടിവിസ്റ്റ് ആയാല്‍ അവളെ  സംബന്ധിച്ചിടത്തോളം കൃത്യമായ തങ്ങളുടെ നിലപാട് വെളിവാക്കേണ്ട സന്ദർഭം കൂടിയാണത്. മുസ്‌ലിംകളുടെ മേലെയുള്ള ഈ ലിബറല്‍ സമ്മര്‍ദത്തെ  കാണാതെയാണ് ആമിന വദൂദ് സംസാരിച്ചത്. അതുകൊണ്ടാണ് ഇസ്‌ലാം ലിബറലാണെന്നും പുരോഗമനാത്മകമാണെന്നും അത് സ്ത്രീവിരുദ്ധമല്ലായെന്നും ആധുനികതയോട്  വിമുഖത കാണിക്കുന്ന ഒന്നല്ല  എന്നുമൊക്കെ പറയേണ്ടിവരുന്നത്.

സൂര്യനെല്ലി കേസിൽ പി.ജെ കുര്യനെ സംരക്ഷിക്കാൻ നടന്ന രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് താങ്കൾ പരാമർശിക്കുന്നുണ്ട്‌. ഇത് തമ്മിലും കത്വവ സംഭവത്തിൽ ബിജെപി നടത്തിയ ഇടപെടലുകളും തമ്മിൽ എന്തെങ്കിലും സമാനതകൾ തോന്നുന്നുണ്ടോ?

സൂര്യനെല്ലി പ്രശ്നത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. ഒന്ന്, നമ്മുടെ മീഡിയ സൂര്യനെല്ലി വിഷയത്തെ കൈകാര്യം ചെയ്ത രീതി. അത് കേരള സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ  സ്ത്രീവിരുദ്ധതയുടെ അടയാളപ്പെടുത്തലാണ്. കാരണം ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയെ നമ്മുടെ സമൂഹം നോക്കുന്നതെങ്ങിനെയാണ്‌? ആ സ്ത്രീ  വീണ്ടും ഇരയാക്കപ്പെടുന്നത് എങ്ങിനെയാണ്? നമ്മുടെ സമൂഹം, മാധ്യമം, കോടതികള്‍, തുടങ്ങിയവകളിലെല്ലാം സ്ത്രീ വിരുദ്ധത എത്രത്തോളമാണെന്ന് ഇത് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അത്തരത്തില്‍ വളരെയധികം സ്ത്രീ വിരുദ്ധമായ ഒരു സാമൂഹിക നിലപാട് സൂര്യനെല്ലി വിധിയിലും ആ കേസ് നമ്മുടെ  മാധ്യമങ്ങള്‍ കൈകാര്യം  ചെയ്ത രീതിയിലുമുണ്ട്. അതുപോല തന്നെയാണ് മാധ്യമങ്ങള്‍ ആ കേസ് വളച്ചൊടിച്ചതും.

ഈയടുത്തായി അരുന്ധതി റോയ് നിര്‍ഭയ കേസിനെ പറ്റിപ്പറഞ്ഞ ഒരു വാചകമുണ്ട്, എന്തെന്നാൽ “ഒരുതരത്തില്‍ നമ്മുടെ മധ്യവര്‍ഗം ഇത്രയധികം അതിനെതിരെ ശബ്ദമുയര്‍ത്താനുള്ള കാരണം എന്തെന്നുവെച്ചാൽ നമ്മുടെ മനസ്സിലെ ഒരു കുറ്റവാളിയുമായിട്ട് അതിലെ കുറ്റവാളികൾ വളരെ അധികം ചേർന്നുപോകുന്നത് കൊണ്ടുകൂടിയാണ്”. ബസ് ക്ലീനര്‍ ആയാലും റിക്ഷ വലിക്കുന്നവൻ ആയാലും നമ്മളെ സംബന്ധിച്ചിടത്തോളം  അവരെല്ലാം ക്രിമിനല്‍സ് ആണ്.

നളിനി ജമീല

നളിനി ജമീല

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും  മാധ്യമങ്ങളും

അതേ ഒരു മനോഭാവത്തിലാണ് സൂര്യനെല്ലി കേസിന്‍റെ ഒരു ട്വിസ്റ്റ്‌ നമുക്ക് കാണാവുന്നത്‌. ആ പെണ്‍കുട്ടി  ആദ്യമൊക്കെ ഒരു ഇരയായി കണക്കാക്കപ്പെട്ടു. അന്നൊരു പെണ്‍കുട്ടിയായിരുന്ന അവർ ഇന്നൊരു മുതിര്‍ന്ന സ്ത്രീയാണ്. സൂര്യനെല്ലി കേസിലെ ഇര എന്ന രീതിയിൽ  അവരുടെ കദനകഥ ആദ്യമൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങളിലും മറ്റും നമ്മൾ നന്നായി ചർച്ച ചെയ്തു. പക്ഷേ പെട്ടെന്ന് വളരെ പ്രമുഖരായ പൊതുവ്യക്തികളുടെ പേര് ഉയർന്നുവന്നപ്പോൾ അതില്‍ നിന്നും മാറ്റി ആ കുട്ടിയെ ഒരു ഇടതുപക്ഷ പ്രചാരകയും ഇടതുപക്ഷത്തിന് ആവശ്യമുള്ള കാര്യം പറയുന്ന പെണ്‍കുട്ടിയുമാക്കി നമ്മുടെ മാധ്യമങ്ങള്‍ മാറ്റി. അന്നത്തെ സി.പി.എം ഭരണകൂടം ഏറ്റെടുത്തു വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്ന രീതിയിലൊക്കെ ആ സ്ത്രീയെ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ഇതാ  ഒരു വില്ലത്തി എന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ കാര്യങ്ങള്‍ മാറ്റുകയുണ്ടായി.

സൂര്യനെല്ലി കേസില്‍  നമ്മെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ട് . പി.ജെ കുര്യന്റെ പേര് വീണ്ടും വീണ്ടും ഉയര്‍ന്നുവന്ന് കേൾക്കുകയും  അയാളെ സംരക്ഷിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ടിറങ്ങി വരികയും ചെയ്യുന്നു. മാധ്യമങ്ങൾ, സാമുദായിക നേതാക്കൾ, സാംസ്‌കാരിക നായകന്മാർ , രാഷ്ട്രീയക്കാര്‍ ഇവരെല്ലാം അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നു. ഒടുവിൽ, എൻറെ കുടുംബത്തെ ഇനിയും അപമാനിക്കരുത് എന്നു പറഞ്ഞുകൊണ്ടുളള  അദ്ദേഹത്തിൻറെ ഭാര്യയുടെ ഒരു പ്രസ്താവനയും വരുന്നു.

അതേസമയം തന്നെ ഈ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം  അപമാനം മുന്‍‌കൂര്‍ ഉറപ്പാക്കപ്പെട്ട ഒരു കാര്യമാണ്. തുടരുന്ന അവളുടെ അപമാനത്തെ കുറിച്ച്‌ ആരും സംസാരിക്കുന്നില്ല. ആ പെണ്‍കുട്ടിയുടെ  വേദനെയെപ്പറ്റി മാധ്യമങ്ങള്‍ ഒന്നും സംസാരിക്കുന്നുമില്ല. ഒരു തരം പക്ഷപാതപരമായ നടപടിയാണ് നാം കണ്ടത്. കേരള സമൂഹത്തിന്റെ തന്നെ വളരെ വ്യക്തമായ ഒരു പ്രതിബിംബമാണ് മാധ്യമങ്ങളില്‍  തെളിഞ്ഞ് കണ്ടത്.

ഒരു മേല്‍ജാതി സ്ത്രീയും  കീഴ്  ജാതി സ്ത്രീയും  തമ്മിലുള്ള വ്യത്യാസം നാം പലപ്പോഴും കാണുന്നതാണ്. പാർശ്വവത്കൃത സമൂഹങ്ങളിലുളള സ്ത്രീകളിലെ ലൈംഗികത ഉന്നത കുലജാതി പുരുഷന് അവകാശപ്പെട്ടതാണ് എന്നുള്ള കാഴ്ചപാട് ഈ അര്‍ത്ഥത്തിലും ആലോചിക്കണം. അങ്ങനെയുള്ള ഒത്തിരി സംഭവങ്ങൾ കേരളത്തില്‍ വളരെക്കൂടുതലായി വീണ്ടും സംഭവിക്കുന്നുണ്ട്.

മാത്രമല്ല, എപ്പോഴും സ്ത്രീത്വം എന്നത് നമ്മെ  സംബന്ധിച്ചിടത്തോളം ഇന്ത്യന്‍  ദേശീയതയുമായി ബന്ധപ്പെട്ടു ആലോചിക്കണം. അതുപോലെതന്നെ കേരളത്തിലും കുലീന സ്ത്രീ എന്നൊരു സങ്കല്‍പ്പമുണ്ട്. കൂടാതെ, താഴ്ന്ന ജാതിയിലോ വര്‍ഗത്തിലോ പെട്ട ഒരു ബലാത്സംഗ ഇരയ്ക്ക് നൽകുന്ന നീതിയിലും നാം  നന്നായി പിശുക്ക് കാണിക്കുന്നുമുണ്ട്.

സൂര്യനെല്ലി കേസില്‍ നാം ഏറ്റവുമധികം  ശ്രദ്ധിക്കേണ്ടത് ഒരുപാട് വർഷം നീതിക്ക് വേണ്ടി പോരാടുകയും ഒരുപാട് പേര്‍ ആ അതിജീവന പോരാട്ടത്തില്‍ ഒപ്പമുണ്ടാവുകയും ചെയ്തുവെന്നതാണ്. എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ പല ഫെമിനിസ്റ്റ് സംഘടനകളും അവരെ പിന്തുണച്ചിട്ടുമുണ്ട്. പക്ഷേ അതേസമയം തന്നെ അത്രയൊക്കെ ഉണ്ടായിട്ടും നമ്മുടെ സമൂഹം അവരെ നോക്കികാണുന്ന രീതിയില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത. അവരുടെ ജോലി അടക്കമുള്ള  കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് അവരെ വീണ്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.

സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ, മുടി കളർ ചെയ്യുന്നതും മിനി സ്കേർട് ഇടുന്നതും ബിക്കിനി ധരിക്കുന്നതുമാണെന്ന്  നാം മനസിലാക്കുന്നു. മുസ്‌ലിം സ്ത്രീ തന്റെ  വിശ്വാസത്തിന്റെ ഭാഗമായി ആത്മീക ഇടപെടലിന്റെ തേട്ടമായി പർദ്ദ ഇടുകയോ മതാനുഷ്ഠാങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താല്‍ ആ സ്ത്രീകളെ നമ്മൾ അടിമ എന്നു വിളിക്കുന്നു.  ഈ ദ്വന്ദ്വവീക്ഷണം പക്ഷപാതപരമല്ലെയെന്നാണ് സബ മഹ്മൂദ് ചോദിക്കുന്നത്.

കത്വവ ബലാത്സംഗവും സ്ത്രീവിരുദ്ധതയും

പക്ഷേ കത്വവ ബലാത്സംഗത്തെപ്പറ്റി പറയുമ്പോൾ, നമ്മൾ തിരിച്ചറിയുന്ന മറ്റു ചില യാഥാർഥ്യങ്ങളുണ്ട്. ഞാന്‍ ഒരു ബലാത്സംഗത്തെ മറ്റൊരു ബലാത്സംഗവുമായി താരതമ്യം ചെയ്യുകയുമല്ല. നേരെ മറിച്ച്, ഇതിലെല്ലാം അന്തര്‍ലീനമായിട്ടുള്ള സ്ത്രീയെക്കുറിച്ചുളള മുന്‍വിധികള്‍ ഉണ്ട് എന്ന കാര്യമാണ്.

അതോടൊപ്പം ഒരു പെണ്‍കുട്ടി കശ്മീരിൽ ബലാത്സംഗത്തിനിരയാക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു; അതുമൊരു അമ്പലത്തിന്റെ അകത്തു വെച്ച് സംഭവിക്കുന്നു. ബി.ജെ.പിയും കൂട്ടുസംഘടനകളും  തെരുവിലിറങ്ങി അതിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്താണിതിനു കാരണം? പൊതുവായി പറഞ്ഞാല്‍, ബലാത്സംഗക്കേസുകളില്‍ എപ്പോഴും  പുരുഷന്‍റെ പക്ഷം പിടിക്കാന്‍ ഒരുപാടു പേരുണ്ടാവും. കത്വവയില് അതുമാത്രമല്ല ഉള്ളത്. ഇതിലൊരു സമുദായത്തോടുള്ള വിരോധം ഉണ്ട്, വംശീയവിദ്വേഷത്തിന്റെ രാഷ്ട്രീയമുണ്ട്.

ബലാത്സംഗത്തോടൊപ്പം തന്നെ നാം ശ്രദ്ധിക്കേണ്ടത് കത്വവയിലെ കുറ്റവാളികളുടെ അനുകൂലികള്‍ പറയുന്ന വംശീയവിദ്വേഷമാണ്.  ഒരു സമുദായത്തിനെതിരെയുള്ള വെറുപ്പ്‌ അതിന്റെ ഭാഗമാണ്. ആ വെറുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി കുറ്റവാളികളെ സംരക്ഷിക്കാൻ തുനിഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെതന്നെ, മറ്റു പല കേസുകളിലും പലതരത്തിലും കുറ്റവാളികളെ രക്ഷിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുകയുണ്ടായി.

സൂര്യനെല്ലിയെയും കത്വവയെയും താരതമ്യം ചെയ്യാന്‍ ഞാനാളല്ല. പക്ഷേ അതേസമയം ഇവയോരോന്നിലും വെറുപ്പുണ്ട്, അക്രമമുണ്ട്. കത്വവ പെണ്‍കുട്ടി, അവളെ ഒരു പെൺകുട്ടി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കശ്മീരിലെ ആ പെൺകുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു, ആക്രമിക്കപ്പെട്ടു, കൊലചെയ്യപ്പെട്ടു. കാരണം അവൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവളായിരുന്നു. അവരുടെ സ്വത്വമായ കശ്മീരി, നാടോടി, മുസ്‌ലിം ഇതെല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്.

കത്വവ അടക്കമുള്ള  വ്യത്യസ്ത  ഹിംസകളെ സാർവലൗകികമാക്കുന്നതിനെക്കാളും നല്ലത്  അതിന്റെ  പ്രത്യേകതകൾ എവിടുന്നു വരുന്നു എന്ന് പരിശോധിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതായിരിക്കാം ചിലപ്പോൾ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും സാധ്യതയുണ്ടാക്കുന്നത്. അതിലൂടെയായിരിക്കും ഈ ഹിംസകളെ  പ്രതിരോധിക്കാനും നമുക്ക് കഴിയുക.

കേരളം സ്ത്രീവിരുദ്ധതയില്‍ വേറിട്ടു നില്‍ക്കുന്നുണ്ടോ? അത്തരം ചില സൂചനകള്‍ താങ്കളുടെ പുസ്തകത്തില്‍ ഉണ്ടല്ലോ?

കേരളത്തിലേത് വളരെ അധികം സ്ത്രീവിരുദ്ധത  വെച്ചുപുലർത്തുന്ന ഒരു സമൂഹമാണ്. സ്ത്രീകളെ പറ്റി സംസാരിക്കുന്ന ഭാഷ, സിനിമകൾ എല്ലാം വളരെയധികം മുൻവിധികളും വിദ്വേഷവും നിറഞ്ഞതാണെന്ന് നമുക്ക് അറിയാം. ഇപ്പോൾ തന്നെ Women in Cinema Collective (WCC)  വന്നു. നമ്മൾ പരതി നോക്കുകയാണെങ്കില്‍ WCCയെ പരിഹസിച്ചു കൊണ്ട് വരുന്ന കോമഡികള്‍ക്ക് എന്തുമാത്രം സ്വീകാര്യതയാണു ലഭിക്കുന്നത്? അതുകണ്ടാൽ നമുക്ക് ശരിക്കും ലജ്ജ തോന്നും.

WCCയുടെ  ആക്ടിവിസ്റ്റ് മനോഭാവത്തെ സ്വാഗതം ചെയ്യേണ്ടതാണ്. അതിനെപറ്റി വിമര്‍ശനം ഉണ്ടാകാം, എന്നാൽ ആഭാസകരമായ WCC വിരുദ്ധ സ്‌കിറ്റുകൾ സഹിക്കാൻ പറ്റാത്തതാണ്. സ്ത്രീയെ തല്ലുന്നതും ഭാര്യയെ തല്ലുന്നതുമൊക്കെ അനുകൂലിക്കുന്ന എത്രമാത്രം സിനിമകളാണ് നമുക്കുള്ളത്? അതിനു കൈയ്യടിക്കാന്‍ തിയേറ്ററിൽ എത്ര പേരാണ് എത്താറുള്ളത്? അതുകൊണ്ടുതന്നെ മലയാളി സമൂഹം സ്ത്രീവിരുദ്ധരാണ് എന്ന് പറയുന്നതിൽ യാതൊരു തെറ്റും ഇല്ല.

ഇതുപോലെ തന്നെ നമ്മൾ എടുത്തു പറയേണ്ട വേറൊരു കാര്യം ഈ സ്ത്രീവിദ്വേഷത്തെ എതിർക്കാൻ ഇതേ പുരുഷ ഭാഷ ഉപയോഗിക്കുന്നതാണ്. അതിനോടും  എനിക്ക് യോജിപ്പില്ല. മറിച്ച് സ്ത്രീയുടെ ഒരു ഇടം, വ്യത്യസ്തമായ വീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള ഇടമാണ്  വേണ്ടത്.

പുതിയ സംവിധായകർ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നതു നല്ല കാര്യമാണ്. പുതിയ സിനിമകൾക്കുള്ളിലൂടെ  വേറൊരു ഭാഷ വരുന്നുണ്ട്. മാറ്റങ്ങൾ ഉണ്ടാകുമായിരിക്കും.

സെക്കുലര്‍ ലിബറൽ പ്രോഗ്രസീവ് നിബന്ധനകൾക്കുള്ളിൽ നിൽക്കുന്ന ഒരു ഗവേഷകയായിട്ടാണ് ഈ പുസ്തകത്തിൽ താങ്കൾ സ്വയം അടയാളപ്പെടുത്തുന്നത്. എന്താണ് ഈ സമീപനം ഉണ്ടാക്കുന്ന തിരിച്ചറിവുകള്‍?

ചില അക്കാഡമിക്കുകളെപറ്റി പൊതുവെ ഉന്നയിക്കുന്ന വിമര്‍ശനമുണ്ട്. ഇസ്‌ലാമിന്റെ ആശയങ്ങളെ അവര്‍ അനുകൂലിക്കുകയും അതിനുവേണ്ടി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ അതിനെ വ്യക്തി ജീവിതത്തില്‍ പിന്തുടരുന്നില്ല. മാത്രമല്ല ലിബറല്‍ സെക്കുലര്‍ ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും അവര്‍ സ്വയം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ അവരാണ് ഏറ്റവും വലിയ അപകടകാരികൾ എന്നുമുള്ള രീതിയിൽ സംസാരങ്ങളുണ്ട്‌.

ആന്തരിക വിമര്‍ശക എന്ന കാഴ്ചപ്പാടിനെ നാം പലപ്പോഴും തെറ്റായി ഉപയോഗിക്കുന്ന കാര്യമാണ്. ലിബറൽ സെക്കുലർ മാതൃകയിൽ ജീവിക്കുന്ന ഒരാളായി ഞാൻ എന്നെ കാണുന്നു. അതോടൊപ്പം തന്നെ ഒരു ലിബറൽ സെക്കുലർ മാതൃകയുടെ  ‘അകം വിമർശക’യായി ഞാന്‍ എന്നെ കാണുന്നുണ്ട്.

ജോർജിയോ അകമ്പൻ

ജോർജിയോ അകമ്പൻ

ലിബറൽ സെക്കുലറിസത്തിന്റെ പ്രശ്നങ്ങളെപ്പറ്റി, വെന്റി ബ്രൗണിന്റെ ഭാഷയിൽ പറഞ്ഞാൽ, “Sunny formulation of liberal paradigm” അത്ര ലളിതമല്ല. ലിബറല്‍ സെക്കുലര്‍ കാഴ്ചപ്പാടുകളുടെ പ്രശ്നങ്ങൾ മുഴുവൻ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. അതിനാല്‍ തന്നെ സ്വയംവിമർശകയായിട്ടാണ് (critical insider) ഞാന്‍  ലിബറൽ സെക്കുലർ മാതൃകയുടെ അകത്തു നിൽക്കുന്നത്.

ചില ആധുനിക മുസ്‌ലിം ഫെമിനിസ്റ്റുകളെ മതത്തിനകത്തുതന്നെ സാധ്യമായ അകം വിമർശകരായി കരുതുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ലിബറൽ സെക്കുലർ രീതിയില്‍ ജീവിക്കുന്ന ഒരാളായിരിക്കെ തന്നെ സ്വന്തം ലിബറല്‍ പാരമ്പര്യത്തിന്റെ ഒരു സ്വയം വിമർശക കൂടിയാണ്.

ലിബറല്‍ സെക്കുലറിസവും വിമര്‍ശനവും 

ലിബറലിസത്തിൻറെ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കുകയാണ് എന്റെ ജോലി. ലിബറല്‍ സാര്‍വലൗകികതയെയും സത്താവാദത്തെയും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. ലിബറല്‍ സെക്കുലറിസം എന്ന കാഴ്ചപ്പാട് എത്രമാത്രം ഹിംസയുണ്ടാക്കുന്നു എന്നു തിരിച്ചറിയാൻ ശ്രമിക്കുകായും ചെയ്യുന്നു. വളരെ നിർബന്ധിതമായി സെക്കുലർവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൻറെ പ്രശ്നങ്ങളെ നോക്കിക്കണ്ടതു കൊണ്ടാണ് അത് ഹിംസയാണ് എന്ന് ഞാൻ പറഞ്ഞത്.

അതേസമയം തന്നെ ഒരു ലിബറൽ സെക്കുലർ അക്കാഡമിക് മൂല്യങ്ങളിൽ തന്നെ നമ്മൾ പരിപോഷിപ്പിച്ചെടുക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ബോധപൂർവമായി പരിപോഷിപ്പിച്ചെടുക്കപ്പെട്ട ഒരുപാട് പൊങ്ങച്ചങ്ങളും നാട്യങ്ങളും അവിടെ കാണാനാവും. ഇതിന്റെ എല്ലാ പൊള്ളത്തരങ്ങളും ഏറെ ഭയത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളായാണ് എന്നെ കാണുന്നത്. ലിബറൽ ലോകത്ത് പറയുകയും ചെയ്യുകയും എല്ലാ കാര്യങ്ങളും ശരിയെന്ന് വീണ്ടും നാം ധരിക്കുന്നു.

ജാതിക്കും മതത്തിനും ഒക്കെ അതീതരായി നിൽക്കുന്ന വ്യക്തികൾ എന്നു പറഞ്ഞുകൊണ്ടാണ് നാം ലിബറല്‍ ലോകത്ത് ജീവിക്കുന്നത്. പക്ഷേ വ്യക്തമായും ഒരു മുസ്‌ലിം സ്ത്രീ എന്ന അടയാളപ്പെടുത്തലിലൂടെ മാറിനിൽക്കേണ്ടി വന്ന അവസ്ഥകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. പക്ഷേ ഞാനൊരിക്കലും ഒരു പ്രായോഗിക സ്വഭാവമുള്ള മുസ്‌ലിം സ്ത്രീ അല്ല. അതുതന്നെയാണ് എൻറെ രാഷ്ട്രീയാസ്തിത്വവും. ഇത്തരം പ്രശ്നങ്ങളാണ് എന്നെ സെക്കുലറിസത്തന്റെയും ലിബറലിസത്തിന്റെയും വിമര്‍ശന ചര്‍ച്ചകളില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം മതം വീണ്ടും നമ്മുടെ സ്വത്വത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഇതൊക്കെ തമ്മിലുള്ള കലഹങ്ങൾ എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും ഞാന്‍ നടത്താറുണ്ട്‌.

പേരും ആനുകൂല്യവും

എന്റെ ഈ നിലപാട് നല്‍കുന്ന ആനുകൂല്യങ്ങൾ (privileges) എന്താണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഒരു ലിബറൽ ഇടം തരുന്ന ആനുകൂല്യങ്ങൾ വളരെയധികമാണ്. മതം എന്താണെന്നു തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഉള്ള ഒരു പേര് ഒരു മുസ്‌ലിമിന് ലിബറൽ ഇടങ്ങളിൽ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ ഉണ്ട്. അതേസമയം സവർണ ഹിന്ദു പേരുകൾക്ക് മതാതീതമായ സ്വീകാര്യതയുണ്ട്. കാരണം വ്യത്യസ്തരായ മുസ്‌ലിം സമുദായാംഗങ്ങളുള്ള ഒരു സ്ഥലത്ത് മുസ്‌ലിം ആണെന്നു തിരിച്ചറിയാൻ പറ്റാത്ത പേരുള്ളത് പലപ്പോഴും ഒരു സൗകര്യം ആയിട്ടുണ്ട്. ഇതൊക്കെ ആ ഒരു ലിബറൽ ലോകം നൽകുന്ന ആനുകൂല്യങ്ങൾ തന്നെയാണ്.

എന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? അതിന്‍റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? എന്നീ ചോദ്യങ്ങൾക്കൊക്കെ ലിബറൽ സെക്കുലർ അകം വിമർശക എന്ന രീതിയിയില്‍ ഞാൻ ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ്  ഞാൻ എന്നെ നോക്കികാണുന്നത്.

പ്രായോഗിക മുസ്‌ലിം ജീവിതമുള്ള സ്ത്രീ കഷ്ടപ്പെട്ടോട്ടെ. പക്ഷേ ലിബറല്‍ സെക്കുലര്‍ സ്ത്രീകള്‍ അവരുടെ കഷ്ടപ്പാടിനെ വേറൊരു രീതിയിൽ സിദ്ധാന്തവൽക്കരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നു എന്ന വിമർശനം പൊതുവായുണ്ട്. ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന പ്ലാറ്റ് ഫോമുകളിൽ നിന്ന് തന്നെ അത് കേട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ലിബറൽ സെക്കുലർ മാതൃകയുടെ ആന്തരിക വിമർശകയായി സങ്കൽപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

മതത്തിൽ Critical insider ആയി അവകാശപ്പെടുന്നവരെ നമ്മൾ പോരാളികളായി ചിത്രീകരിക്കുന്നു. അതേസമയം ലിബറലിസത്തിനു വിമർശനം ആവശ്യമില്ല എന്നും കരുതുന്നു. ഇതു തെറ്റായ സമീപനമാണ്.

ഷെറിൻ ബി.എസ് ഇഫ്‌ലു ഹൈദരാബാദ് കാമ്പസിൽ അധ്യാപികയാണ്. നൂറുന്നിദ യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ പി.എച്ച്.ഡി ഗവേഷകയാണ്.

Top