പിൻവലിക്കലിന്റെ സമീകരണങ്ങൾ

പരിവാറിന്റെ ശക്തി കേന്ദ്രങ്ങളിൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും കൊല്ലുമ്പോൾ, ഇവിടെ അതെ പരിവാറിനെതിരെ ശബ്ദിച്ചവരെ കേസെടുത്തു ഭയപ്പെടുത്തുകയാണ് ഇടതു മുന്നണി ചെയ്യുന്നത്. ഫാഷിസ്റ്റ് വിരുദ്ധ സാസ്‌കാരിക ബുദ്ധിജീവി നാട്യങ്ങൾ ആവരണമാക്കിയ ഇടതുപക്ഷം ഏറ്റവും വലിയ രാഷ്ട്രീയ കാപട്യമാണെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. റെനി ഐലിൻ എഴുതുന്നു.

ഭരണകൂടം അതിന്റെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കാത്തത്, അഥവാ പാലിക്കാത്തത് ജനാധിപത്യ ഇൻഡ്യയിൽ ഒരു സാധാരണ സംഭവമായി ജനങ്ങൾ പരിഗണിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇൻഡ്യയിലെ ദലിതരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും അവസ്ഥ എടുത്തു നോക്കിയാൽ മാത്രം മതി. ഇതെത്ര മാത്രം ശരിയാണെന്ന് മനസ്സിലാകും. പൊടി പിടിച്ചു കിടന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടത് മുതൽ ഇൻഡ്യയിലെ മുസ്‌ലിം-ദലിത് വിരുദ്ധ കലാപങ്ങൾ, വംശഹത്യകൾ എന്നിവയുടെ പേരിൽ നിയോഗിക്കപ്പെട്ട കമ്മീഷനുകൾ, ഇരകളാക്കപ്പെട്ടവരുടെ നീതി, ഇവയെല്ലാം ഭൂരിഭാഗവും വട്ടപ്പൂജ്യം ആയിരുന്നു. ഏറ്റവുമൊടുവിൽ ഗുജറാത്ത്  വംശഹത്യയിലെ പ്രതികൾക്ക് കിട്ടിയ സൗജന്യവും, എന്നാൽ കെട്ടിച്ചമക്കപ്പെട്ട ഭീമ കൊറെഗാവ് കേസിലെ കുറ്റാരോപിതർക്ക് നിഷേധിക്കപ്പെട്ട നീതിയും സമകാലീന ഇൻഡ്യയിലെ അനേകം ഉദാഹരണങ്ങളിൽ ഒന്നാണ്. എന്തായാലും കേരളം ഇൻഡ്യയിൽ തന്നെയുള്ളതും, മറ്റ് കൗശലക്കാരായ ‘ജനാധിപത്യ’ ഭരണാധികാരികളെ പോലെയുള്ളവരാണല്ലോ ഇവിടെയും വാഴുന്നത്.

രാഷ്ട്രീയ കക്ഷികളുടെ എക്കാലത്തെയും വോട്ടു ബാങ്കായ മുസ്‌ലിം വിഭാഗത്തെ പറ്റിച്ചു കൊണ്ടിരിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, 1992 ഡിസംബറിലെ ബാബരി മസ്ജിദ് ധ്വംസനം ഇൻഡ്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ ചിന്തകൾക്ക് മാറ്റങ്ങൾ വരുത്തി. ശാക്തീകരണ ചിന്തകൾ ഊർജിതമായപ്പോൾ നവ സാമൂഹിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പിറന്നു. മാത്രമല്ല, നിലവിലുണ്ടായിരുന്ന പല മുസ്‌ലിം സംഘടനകളും തങ്ങളുടെ പ്രവർത്തനങ്ങളിൽ പുനർവിചിന്തനം നടത്തി. ചിലരാകട്ടെ ഉൾവലിയുകയും ഒത്തുതീർപ്പുകളുടെ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ മാറിമാറി വരുന്ന ഇരു മുന്നണികളുടെയും ഭരണത്തിന് തലവേദനയായത് ഇക്കാലത്ത് ഉയർന്നു വന്ന ദലിത് മുസ്‌ലിം സ്വത്വ-രാഷ്ട്രീയ ബോധമാണ്. പതിവു പോലെ ‘തീവ്രവാദവും അന്താരാഷ്ട്ര ബന്ധവും ‘ തുടങ്ങിയ നിരവധി ആരോപണങ്ങൾ മുഖ്യധാര മുതൽ ഫാഷിസ്റ്റുകൾ വരെ ഉയർത്തിയെങ്കിലും അത്രക്കങ്ങോട്ട് ക്ലച്ച് പിടിച്ചില്ല!

ഫാഷിസം കഴിഞ്ഞ ആറു വർഷമായി ഭരണത്തിലിരുന്നുകൊണ്ട് അതിന്റെ യഥാർഥ ഭീകരത വെളിപ്പെടുത്താൻ തുടങ്ങിയതു മുതൽ, മുസ്‌ലിം സംഘടനകൾ ചുരുക്കമെങ്കിലും ധീരമായ രീതിയിൽ ജനാധിപത്യ പ്രതിരോധം തീർക്കുവാൻ ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകൾ തമ്മിലുള്ള പരസ്പര ഭിന്നതകൾ താൽക്കാലികമായിട്ടെങ്കിലും മാറ്റിവെച്ചു കൊണ്ട് പൗരത്വ സമരത്തിൽ ഒന്നിച്ചത് കുറച്ചൊന്നുമല്ല സംഘ്പരിവാറിനെ അലോസരപ്പെടുത്തിയത്. ഇതിന്റെ സമാനമായ ഒരു മുഖമാണ് നാം കേരളത്തിൽ കണ്ടത്. ഇടതും വലതും ഒരുമിച്ചു ചേർന്നുനിന്ന് ഇതര സംഘടനകളും പാർട്ടികളും ഒന്നിച്ചു നടത്തിയ ജനകീയ ഹർത്താൽ തകർക്കാൻ ശ്രമിച്ചിട്ടും, പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും പാർട്ടി അണികളെ ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തി തകർക്കാനും ശ്രമിച്ച് പരാജയപ്പെട്ടത് കേരളം കണ്ടതാണ്‌. കഴിഞ്ഞ വർഷം നടന്ന സമരം കൊറോണ എന്ന മഹാരോഗത്തിന്റെ വരവിൽ വഴിമാറുകയായിരുന്നു. സമരം തുടർന്നിരുന്നുവെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം എന്താകുമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ ചുമത്തിയ 519 കേസ്. സമരകാലത്ത് ‘ഫാഷിസ്റ്റ് വിരുദ്ധത തെളിയിക്കാൻ’ നിയമസഭാ പ്രമേയവും സത്യാഗ്രഹവും മുതൽ നിരവധി നാടകങ്ങൾ നടത്തിയവർ തന്നെയാണ്, സമരം നടത്തിയവർക്കെതിരെ ഈ കേസുകളും ചുമത്തിയത്.

തൊട്ടടുത്ത തമിഴ്‍നാട്ടിൽ ബിജെപിയുടെ സഹചാരി ആയിരുന്നിട്ടും എഐഡിഎംകെ പൗരത്വ സമര കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ, ബിജെപി വിരുദ്ധർ എന്നവകാശപ്പെടുന്ന പിണറായിയും സംഘവും ഒടുവിൽ ഗത്യന്തരമില്ലാതെ നാണംകെട്ട് തീരുമാനമെടുക്കേണ്ടി വന്നു. ജനകീയ ഹർത്താലിനെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിൽ ഒപ്പിട്ട സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു എന്നതും മറക്കരുത്. ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിട്ടതിന് മോഡിയും യോഗിയുമൊക്കെ രാജ്യദ്രോഹം പറഞ്ഞുകൊണ്ട് കേസെടുക്കുന്നതും ഇതുമായി എന്താണ് വ്യത്യാസം എന്ന് ആലോചിക്കുക. കേരളം സംഘ്പരിവാറിന് വളക്കൂറുള്ള മണ്ണാണെന്ന് എൺപതുകൾ മുതൽ തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്. 1984ലെ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായ കേരളവർമ രാജയുടെ സാന്നിധ്യത്തെ ആദ്യം അവഗണിച്ച ഇഎംഎസിന്, അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടു പിടിച്ചപ്പോൾ ഹിന്ദുത്വത്തെ കുറിച്ച് ദേശാഭിമാനിയിൽ ലേഖനം എഴുതേണ്ടിവന്നു. ഏകദേശം അഞ്ചു വർഷത്തിനു ശേഷം പതിമൂന്നാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്തു നടന്നപ്പോൾ, വേദിയിൽ സ്വാമി വിവേകാനന്ദന്റെ ചിത്രം വെച്ചതിനെ പരിഹസിച്ചുകൊണ്ട് ‘ഭാരതീയ വിചാര കേന്ദ്രത്തിന്റെ’ അധ്യക്ഷനും ആർഎസ്എസ് സൈദ്ധാന്തികനുമായ പി. പരമേശ്വരൻ ‘ജന്മഭൂമിയിൽ’ ലേഖനം എഴുതി, “ഹിന്ദുത്വ വോട്ടു കണ്ടാരും പനിക്കണ്ട” എന്ന തലക്കെട്ടിൽ. ഇത്രയും പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നത് ഹിന്ദുത്വ സ്വാധീനം കേരളത്തിൽ ഒരു പുതിയ കാര്യമല്ല എന്നതാണ്.

ഗൗരി ലങ്കേഷ്

സംഘ്പരിവാർ പ്രവർത്തകരെ പിടിക്കുമ്പോൾ ‘ മാനസിക രോഗവും’, ഏതെങ്കിലും മുസ്‌ലിം സംഘടനകളിലോ അല്ലെങ്കിൽ ‘മുഖ്യധാര’ അല്ലാത്ത സംഘടനകളിലോ ഉൾപ്പെട്ടവരെങ്കിൽ- അതും ഒരു മുസ്‌ലിം നാമധാരി ആണെങ്കിൽ- കഥ കഴിഞ്ഞതു തന്നെ. ഇന്ന് ഇടത് ഭരിക്കുന്ന, രണ്ടാം ഭരണത്തിന് കച്ചകെട്ടി അങ്കത്തിനിറങ്ങുന്ന നാട്ടിലെ കാര്യമാണ്. സംഘ്പരിവാർ ഫാഷിസത്തിനെതിരെ ഇൻഡ്യയിലെ അവസാന ബദൽ എന്ന് പറയുന്ന മാർക്സിസ്റ്റുകൾ, ഹാദിയ മുതൽ സംവരണം വരെയുള്ള വിഷയങ്ങളിൽ ഇസ്‌ലാമോഫോബിയ വെച്ച് പുലർത്തുമ്പോൾ, പൗരത്വ പ്രശ്‌നത്തിൽ മാത്രം തിരിച്ചു ചിന്തിക്കണം എന്ന് കരുതുന്നത് തന്നെ തെറ്റാണ്. കാരണം, കേരളം അത്രമാത്രം മുസ്‌ലിം വിരുദ്ധമായി കഴിഞ്ഞു.

ഏതെങ്കിലും നീതിയുടെ ശബ്ദം മുസ്‌ലിം ജനത ഉയർത്തുമ്പോൾ, അതുപോലെ അനീതി അനുഭവിക്കുന്ന ഭൂരിപക്ഷം വേറെയുണ്ടെന്ന് വരുത്തിത്തീർക്കുന്ന തന്ത്രമാണ് ഇപ്പോൾ നടക്കുന്ന പിൻവലിക്കൽ പ്രഖ്യാപനത്തിലും നാം കാണുന്നത്. ചില ഉദാഹരണങ്ങൾ പറയാം. ‘പണ്ട് തേജസ് പൂട്ടണം’ എന്ന ഒരു കാരണം കാണിക്കൽ വാറോല സർക്കാർ ഇറക്കി. തേജസ് ‘കൊല്ലപ്പെടുന്നതിന്’ മുൻപുള്ള കാര്യമാണ് കേട്ടോ. ഉടനെ ചില കേന്ദ്രങ്ങളിൽ നിന്ന്  അടുത്ത വാചകം “ജന്മഭൂമിയും പൂട്ടണം. (ഒരു ജനാധിപത്യ ഭൂമികയിൽ ജന്മഭൂമി എന്ന പത്രത്തിന് നിലനിൽക്കാൻ അവകാശമുണ്ടെങ്കിൽ അത് തേജസിനും ഉണ്ട്. ഏതാണ്ട്  ഇതേ മട്ടിൽ ആളുകൾ പ്രചാരണവും തുടങ്ങി.

ഇനി നമുക്ക് അൽപ്പം ചരിത്രം പരിശോധിക്കാം. 2001ൽ സെപ്റ്റംബർ പതിനൊന്ന് ആക്രമണം നടക്കുന്നു. ദിവസങ്ങൾക്കുള്ളിൽ ഇൻഡ്യയിൽ ‘സിമി’ നിരോധിക്കപ്പെടുന്നു. സെപ്റ്റംബർ ആക്രമണവുമായി സിമിക്ക് ബന്ധമില്ല എന്ന് ഓർക്കുക. ഇന്ന് സിപിഎം സുഹൃത്തുക്കൾ സമ്മതിച്ചില്ലെങ്കിലും, അന്ന് പാർലമെന്റിൽ എതിർത്തവരിൽ ഇടത് എംപിമാരും ഉണ്ടായിരുന്നു. അങ്ങനെ യാതൊരു തെളിവും ഇല്ലാതെ ‘സിമി’ നിരോധിക്കപ്പെടുന്നു.

പിന്നെയും വർഷങ്ങൾ കഴിഞ്ഞ്, മുപ്പതു വയസ്സ് പ്രായപരിധി വെച്ചിരുന്ന സിമിയിൽ പ്രവർത്തിച്ചു എന്ന പേരിൽ പടുവൃദ്ധന്മാരെ മുതൽ യുവാക്കളെ വരെ അറസ്റ്റ് ചെയ്യുന്നു. ബോംബ് സ്‌ഫോടനങ്ങൾ നടത്തി എന്ന പേരിൽ സിമിക്കാരെ അറസ്റ്റ് ചെയ്തു. അതിന്റെ പഴയ പ്രവർത്തകർ പുതിയ സംഘടനയായ ‘ഇൻഡ്യൻ മുജാഹിദീൻ’ രൂപീകരിച്ചുകൊണ്ട് ഇൻഡ്യ-നേപാൾ-ബംഗ്ലാദേശിലും പിന്നെ ഗൾഫിലും ഉണ്ടെന്ന് പറഞ്ഞതും നമ്മൾ വിശ്വസിച്ചു. പോസ്റ്ററുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം പോകാത്ത ഒരു സാധാരണ വിദ്യാർഥി പ്രസ്ഥാനമാണ് സിമി. അവരുടെ തലയിലാണ് ഇതെല്ലാം വന്നു പതിച്ചത്. നമ്മുടെ പൊതു സമൂഹം ഇന്നും കരുതുന്നത് സിമി എന്നാൽ എന്തോ അന്താരാഷ്ട്ര ഭീകര പ്രസ്ഥാനം ആയിരുന്നുവെന്നാണ്. ഒരു ചോദ്യവും പിന്നീട് ഉണ്ടായില്ല. ഗൗരി ലങ്കേഷ് ഉൾപ്പടെയുള്ളവരെ കൊന്ന ‘സനാതൻ സൻസ്ഥ’ നിരോധിക്കണം എന്ന് പറഞ്ഞതെന്തായി, വല്ലതും നടന്നോ? ഇല്ലല്ലോ, അതാണ് കാര്യം.

നേരത്തെ പറഞ്ഞതിലേക്ക് തിരിച്ചുവരാം. തൂക്കമൊപ്പിക്കാൻ ‘ഇരു വിഭാഗത്തെയും നിരോധിക്കണം എന്ന് പറയുന്നവർക്കറിയാം ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന്. എത്ര മുസ്‌ലിം സംഘടനകളെ നിരോധിച്ചാലും ഒരു ഹിന്ദുത്വ സംഘടനയെ പോലും നിരോധിക്കില്ല എന്ന് മാത്രമല്ല, മുസ്‌ലിം സംഘടനകളെ നിരോധിക്കുന്നത് നല്ല കാര്യമാണ് എന്നു പറയാൻ ആള് കൂടുതലുണ്ടാവും എന്നതാണ് സത്യം. ഇതേ രീതി തന്നെയാണ് ഇപ്പോൾ  കേരളം കണ്ട ഏറ്റവും വലിയ അക്രമാസക്തമായ സമരത്തെ, ലോകം തന്നെ അപലപിച്ച ഒരു നയത്തിനെതിരെ മുസ്‌ലിംകൾ സമരം ചെയ്തപ്പോൾ, അതിനൊപ്പം കൂട്ടിക്കെട്ടുന്നത്. ഇനി സിഎഎ സമര കാലത്തെ വാർത്തകളോ ചിത്രങ്ങളോ പരിശോധിച്ചാൽ, അതിൽ 14 ജില്ലയിൽ ഓരോന്നുവച്ചെടുത്താൽ 14 ക്രിമിനൽ കേസെങ്കിലും ഉണ്ടാവണമല്ലോ. അതുണ്ടോ? എൻസിഎച്ച്ആർഒ (ദേശീയ മനുഷ്യാവകാശ ഏകോപന സമിതി) വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയിന്മേൽ കിട്ടിയ മറുപടിയിൽ 519 കേസാണ് എടുത്തത്. ഇതിൽ തൃശൂർ ജില്ലയിൽ രണ്ടു കേസുകൾ എബിവിപി-ബിജെപി എന്നിവർക്കെതിരെയാണ്. എബിവിപി – എസ്എഫ്‌ഐ എന്നും പിന്നെ ബിജെപിക്ക് മാത്രവുമായി അങ്ങനെ രണ്ടു കേസ്. അത് മാറ്റി നിർത്തിയാൽ 517 കേസ്. ഇത് തന്നെ അപൂർണമായ കണക്കാണ്. അപ്പോൾ യഥാർഥ കണക്ക് എത്ര വരും എന്ന് ഊഹിക്കുക. സംഘ്പരിവാർ എന്ന അക്രമി വർഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമല്ല ഇതിലൂടെ പറഞ്ഞുവെക്കുന്നത്. അക്രമം അവരുടെ ഭാഗത്തു നിന്നുണ്ടായാൽ പ്രതിരോധിക്കാനോ ശബ്ദിക്കാനോ പോകരുത്, പോയാൽ നിങ്ങളും ‘ഭീകരർ’ എന്ന യുപി മോഡൽ താക്കീത് കൂടി പറയാതെ പറയുന്നുണ്ട്.  മഅദനി, അല്ലെങ്കിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ ഏതെങ്കിലും സംഗതി വരുമ്പോൾ ഉടനെ നിരോധനം എന്ന പല്ലവി പാടുന്നതിനോടൊപ്പം തന്നെ ഹിന്ദുത്വ സംഘടനകളെ നിരോധിക്കണം എന്ന വരി കൂടി കൂട്ടിച്ചേർക്കും. ഏതാണ്ട് ഇതേ മാതൃകയാണ് ഇപ്പോൾ പൗരത്വ സമര കേസിലും പിന്തുടർന്നു വരുന്നത്.

പരിവാറിന്റെ ശക്തി കേന്ദ്രങ്ങളിൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും കൊല്ലുമ്പോൾ, ഇവിടെ അതെ പരിവാറിനെതിരെ ശബ്ദിച്ചവരെ കേസെടുത്തു ഭയപ്പെടുത്തുകയാണ് ഇടതു മുന്നണി ചെയ്യുന്നത്. ഫലത്തിൽ ഇടതും ബിജെപിയും തമ്മിൽ പ്രവർത്തികളുടെ കാര്യത്തിൽ ഒരു വത്യാസവും ഇല്ല. ഫാഷിസ്റ്റ് വിരുദ്ധ സാസ്‌കാരിക ബുദ്ധിജീവി നാട്യങ്ങൾ ആവരണമാക്കിയ ഇടതുപക്ഷം, ഏറ്റവും വലിയ രാഷ്ട്രീയ കാപട്യമാണെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

Top