ഒരു തലമുറയുടെ അക്ഷരബോധത്തെ വേട്ടയാടിയ പോലീസ് മേധാവി
മാധ്യമരംഗത്തെ കച്ചവടവും പ്രതിലോമ താല്പര്യങ്ങളും കടിച്ചുകീറി ചോരകുടിച്ച് വേദനിപ്പിക്കുന്ന ഒരു ജനവിഭാഗം അല്പമെങ്കിലും പിടിച്ചു നില്ക്കാനും ആശ്വാസം കണ്ടെത്താനും സ്വയം നടത്തുന്ന ചുവടുവെയ്പുകളെ മുളയിലെ നുള്ളിയെടുക്കാന്‍ നികുതിപ്പണത്തിന്റെ അംശംപറ്റി അന്നം ഭുജിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്നു മാത്രമല്ല അതുളുപ്പില്ലാതെ ഉറക്കെ പറയാനും കഴിയുന്ന രൂപത്തില്‍ നമ്മുടെ ഉദ്യോഗസ്ഥ തലത്തിലും വിശിഷ്യാ പോലീസിലെ ഒരു വിഭാഗം മുസ്ലീം വിരുദ്ധതയും സംഘപരിവാര്‍ ആഭിമുഖ്യവും തലക്ക് പിടിച്ചവരായി മാറിയിരിക്കുന്നു എന്നത് നാടിന്റെ ഭാവിയെക്കുറിച്ച്യാ ഭയാശങ്കകളെ ശരിവെക്കുന്നു. നാടിന് വേണ്ടി ചോരയും നീരും നല്കി ക്ഷയിച്ച് പോയ ഒരു ജനതയുടെ പിന്‍ഗാമികള്‍ക്ക് സാമൂഹ്യപുരോഗതിയിലേക്ക് പിച്ചവെച്ചുകയറാന്‍ നടത്തുന്ന ശ്രമങ്ങളെയോ അതിന്റെഭാഗമായ അക്ഷരബോധത്തെയോ വേട്ടയാടിയാല്‍ ചരിത്രമവര്‍ക്ക് മാപ്പ് നല്കില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.
1936-ല്‍ പ്രസിദ്ധീകൃമായ ഗ്രന്ഥമാണ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം.’ കേരള തിയ്യ യൂത്ത് ലീഗ് ആണ് ഒന്നാം പതിപ്പിന്റെ പ്രസാധകര്‍. 1985-ല്‍ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചത് കോഴിക്കോട് ബഹുജന്‍ സാഹിത്യ അക്കാദമിയാണ്. മൂന്നാം പതിപ്പിന്റെ വിവരണാവകാശം കോഴിക്കോട് ‘നന്മ’ ബുക്ക്‌സിനായിരുന്നു. കേരള നവോത്ഥാന ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള മതപരിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഈ പുസ്തകം രൂപം കൊള്ളുന്നത്. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ള ജനവിഭാഗമെന്ന ആശയം ധ്വനിപ്പിക്കാനാണ്
ഈഴവ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ നിലനിന്ന ഗുണപരമായ സഹവര്‍ത്തിത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണീ ഗ്രന്ഥം. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഈഴവ-മുസ്ലീം-ക്രിസ്ത്യന്‍ ഐക്യവും അവര്‍ നയിച്ച നിവര്‍ത്തന പ്രക്ഷോ’വും വഴിതെറ്റിക്കുകകയായിരുന്നു ക്ഷേത്ര പ്രവേശന വിളംബരംകൊണ്ട് ലക്ഷ്യമാക്കിയതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജാതിസമൂഹത്തിന്റെ ഇസ്ലാമിലേക്കുള്ള പ്രവേശനത്തെ
കേരള സാമൂഹ്യചരിത്രത്തില്‍ ഇത്രയേറെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും 2013 ആവുമ്പോള്‍ ക്രിമിനല്‍ കുറ്റവും മതസ്പര്‍ദ്ദയ്ക്കു കാരണമാവുന്നതെങ്ങനെയെന്ന് ചരിത്രവിദ്യാര്‍ത്ഥികളും, അക്കാദമിക സമൂഹവും ആശ്ചര്യത്തോടെയാണ് നിരീക്ഷിച്ചത്. ഈ പുസ്തകത്തിലെ ലേഖകര്‍ എല്ലാം ഈഴവചരിത്രപുരുഷന്മാര്‍ ആണ്. ഇ.വി. രാമസ്വാമി നായ്ക്കര്‍ അടക്കമുള്ളവര്‍ ഈ ചര്‍ച്ചയ്ക്ക് ആശംസകളും ഉദ്‌ബോധനങ്ങളും അറിയിച്ചിട്ടുമുണ്ട്. 2013 ഒക്‌ടോബറില്‍ കോഴിക്കോട് നന്മ ബുക്‌സ് എം.ഡി അബ്ദുള്‍ റഹ്മാന്റെ അറസ്റ്റിലൂടെ ഈ പുസ്തകം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറി. വിതരണാവകാശമുള്ള സ്ഥാപനത്തിന്റെ എം.ഡി ആയതുകൊണ്ടായിരുന്നു അറസ്റ്റ്. പിന്നീട് ഈ പുസ്തകത്തിന്റെ കോപ്പികള്‍ പരതി പോലീസ് കോഴിക്കോട്ടെ പുസ്തകശാലകള്‍ അരിച്ചുപെറുക്കി. പുസ്തകത്തിന്റെ പ്രസാധകരായ ബഹുജന്‍ സാഹിത്യ അക്കാദമിക്കോ കണ്‍വീനര്‍ വി. പ്രകാശിനോ കേസില്ല. ലേഖകര്‍ക്കെതിരെ ഇക്കാലത്തിനിടയില്‍ ഒരാക്ഷേപവും ഒരു കേന്ദ്രത്തില്‍ നിന്നുമുണ്ടായിട്ടില്ല. 1936- മുതല്‍ 2013 വരെ മുക്കാല്‍ നൂറ്റാണ്ട് കാലമായി ഈ പുസ്തകം മത സ്പര്‍ധയുണ്ടാക്കിയതിനോ ധ്രുവീകരണം സൃഷ്ടിച്ചതിനോ തെളിവൊന്നുമില്ല. പിന്നെന്തിനാണ് വിതരണക്കാരനെ അറസ്റ്റു ചെയ്തതും റെയ്ഡ് നാടകങ്ങള്‍ അരങ്ങേറിയതും? എന്ന സംശയമാണ് എല്ലാവരും ഉറക്കെ ചോദിച്ചത്. അക്കാലയളവില്‍ കേരളത്തിന്റെ രഹസ്യാന്വേഷണ മേധാവിയായിരുന്ന സെന്‍കുമാറിന്റെ തലയിലുദിച്ചതായിരുന്നു ഈ കേസ്. സമാനമായ നിരവധി കേസുകള്‍ ചുമത്തപ്പെട്ടതും ഇക്കാലയളവിലാണ്.
തുടര്‍ന്നുണ്ടായ ശക്തമായ രഹസ്യാന്വേഷണ നീക്കമായിരുന്നു ഇ മെയില്‍ ചോര്‍ത്തല്‍. പാര്‍ലമെന്റ് അംഗങ്ങളും രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുമടക്കം. 246 പേരുടെ ഇ മെയില്‍ വിവരങ്ങളാവശ്യപ്പെട്ട് സേവനദാതാക്കള്‍ക്ക് അയച്ച കത്ത് പുറത്താവുകയായിരുന്നു. പുറത്തായ കത്ത് മുന്‍നിറുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിജു വി. നായര്‍ നടത്തിയ വെളിപ്പെടുത്തല്‍. കേരളത്തില്‍ വിവാദമായെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രിയങ്കരനായിരുന്ന സെന്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ബിജു സലിം എന്ന മുസ്ലിം ഉദ്യോഗസ്ഥനെ ബലിയാടാക്കി പുതിയ കേസ് പടച്ചുണ്ടാക്കുകയായിരുന്നു മാധ്യമം പത്രാധിപരും ലേഖകനുമടക്കം ഒരഭിഭാഷകനേയും, ഡോക്ടറേയും കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ തിരക്കഥയിലൂടെ വാദിയെ പ്രതിയാക്കി മാറ്റുകയാണുണ്ടായത്. അതേ സമയം മാധ്യമം പ്രസിദ്ധീകരണങ്ങളെയും തുടങ്ങാനിരിക്കുന്ന മിഡിയവണ്‍ ചാനലിനെയും അപകീര്‍ത്തിപ്പെടുത്തുകയും തളര്‍ത്തുകയും ചെയ്യുക എന്ന ഹിഡന്‍ അജണ്ട കൂടി ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇ മെയില്‍ കേസ് പിന്‍വലിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോള്‍ കേരളാ പോലീസും പ്രോ- സെന്‍ ക്യാമ്പ്.
തൊട്ട് പിന്നാലെയാണ് തേജസ് ദിനപത്രത്തിനെതിരായി നീക്കങ്ങള്‍ ഉണ്ടായത്.
വിദ്യാഭ്യാസത്തിന്റെയും അക്ഷരബോധത്തിന്റെയും കുറവാണ് മുസ്ലിം സമുദായത്തിന്റെ പിന്നോക്ക നിലക്ക് കാരണമെന്ന് വേവലാതിപ്പെട്ടിരുന്ന സ്ഥാനത്ത് നിന്ന് അക്ഷരാഭ്യാസം അപകടകരമാണ് എന്ന് അലമുറയിടുന്ന അത്യന്തം പ്രതിലോമകരമായ നിലപാടാണ് ഇതിലൂടെ കേരള പോലീസില്‍ ഇടം പിടിക്കുന്നത്. ഇത് സെന്‍കുമാറില്‍ തുടങ്ങുന്നതോ, അവസാനിക്കുന്നോ അല്ലെങ്കിലും അതീവ ജാഗ്രതയാവശ്യപ്പെടുന്ന സാമൂഹ്യപ്രതിസന്ധിയാണ്. മതവിദ്വേഷവും, പരസ്പര സ്പര്‍ധയും തടയാന്‍ ചുമതലയുള്ളവര്‍ അതിന് നേതതൃത്വം കൊടുക്കുന്ന വിരോധാഭാസമാണ് നാം കാണുന്നത്. പുസ്തക-പത്ര പ്രസാധനവും സാഹിത്യരംഗത്തെ പുരോഗതിയും ഏതൊരു സമൂഹത്തിന്റെയും ബൗദ്ധിക നിലവാരത്തിന്റെ അളവു കോലാണ്.