ബാബരി മസ്ജിദും ഹിന്ദുത്വത്തിന്റെ വഴികളും

ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ വിശാലമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി വരുന്നതാണ്. വോട്ടുബാങ്ക് നിലനിർത്തുക എന്നതിനപ്പുറം ഹിന്ദുത്വ അജണ്ടയുടെ കൂടുതൽ ദൃശ്യമായ പ്രതിഫലനങ്ങളിലേക്ക് വഴിനടത്തുന്ന സ്ഥാപനമായി വേണം അതിനെ മനസ്സിലാക്കാൻ. രാമക്ഷേത്ര നിർമാണവും ഹിന്ദുത്വ അജണ്ടകളുമായി ബന്ധപെട്ട് കെ.കെ. ബാബുരാജ്, കെ.കെ. കൊച്ച്, സി.കെ. അബ്ദുൽ അസീസ്, കെ. അംബുജാക്ഷൻ എന്നിവർ പ്രതികരിക്കുന്നു.

സംഘ്പരിവാറിന്റെ ബഹുമുഖ അജണ്ടകൾ
– കെ. അംബുജാക്ഷൻ

കെ. അംബുജാക്ഷൻ

പുരാണ കഥാപാത്രമായ രാമനെ രാഷ്ട്രീയ ബിംബമാക്കിക്കൊണ്ടാണ് എൺപതുകളിൽ സംഘ്പരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത്. ബ്രാഹ്മണിക ദൈവശാസ്ത്രത്തെ നിഷേധിച്ച തദ്ദേശീയ ജനതയുടെ മേലുള്ള ജാതിയുടെ അധീശത്വം തുടരുക, ഹിന്ദുത്വ സംസ്ക്കാരിക ദേശീയതയുടെ നിർവചനങ്ങൾക്ക് പുറത്തുനിർത്തി അപരവൽക്കരിക്കപ്പെട്ടവരെ ഉന്മൂനം ചെയ്യുക എന്നീ ദ്വിമുഖ വംശീയ പദ്ധതിയുമായിട്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വികസിച്ചത്.

ഒരു ഭരണാധികാരി എന്ന നിലക്ക് ഒരാദർശവും കാത്തുസൂക്ഷിച്ചിരുന്നില്ല രാമനെന്നും, വ്യക്തി ജീവിതത്തിലും രാഷ്ടീയ ജീവിതത്തിലും ഒട്ടും നീതിമാനായിരുന്നില്ലന്നും രാമായണകഥയെ വിശകലനം ചെയ്തുകൊണ്ട് ‘രാമനും കൃഷ്ണനും: ഒരു പ്രഹേളിക’ എന്ന ലേഖനത്തിൽ ഡോ. അംബേഡ്കർ വിശദീകരിക്കുന്നുണ്ട്. (ഡോ.അംബേദ്ക്കർ സമ്പൂർണ കൃതികൾ, പേജ് 367, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)

രാമരാജ്യ സങ്കൽപത്തിൻ്റെ വരേണ്യാധികാര ഘടനയിൽ അടങ്ങിയിട്ടുള്ള ജാതിയുടെ ധർമശാസ്ത്രത്തയും അസമത്വ രൂപങ്ങളെയും സ്ത്രീവിരുദ്ധതയെയും ചോദ്യംചെയ്യുന്ന പ്രതിവ്യവഹാരത്തിൻ്റെ വൈയക്തികവും ആശയപരവുമായ പ്രതിനിധാനമാണ് ഡോ. അംബേഡ്കർ.

രാമരാജ്യം പോലെയുള്ള സങ്കൽപങ്ങളെ താലോചിക്കുകയും ജാതിഹിംസയുടെ ദർശനമായ ഗീതയിൽ നിന്ന് ഊർജം ഉൾക്കൊള്ളുകയും ചെയ്ത മതേതര ദേശീയതയുടെ ഗാന്ധിയൻ ഭാവനകൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്ത ‘രാഷ്ട്രീയ രാമനെ’ പ്രതിഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വ ഫാസിസം അധികാര പ്രവേശനം നടത്തിയത്.
മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഫലമായി രൂപപ്പെട്ട സവർണ-അവർണ ധ്രുവീകരണത്തെ മുസ്‌ലിം പൊതുശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് മറികടക്കാൻ രഥയാത്രയെയും രാമക്ഷേത്ര പ്രചരണത്തെയും ഉപയോഗിച്ചു. വർഗീയ ധ്രുവീകരണം, കോർപ്പറേറ്റ് ചെങ്ങാത്തം, ഇ.വി.എം കൃത്രിമത്വം എന്നീ ചേരുവകൾ തീർത്ത വിജയമെന്നോണം അധികാരത്തിലേറിയ സംഘ്പരിവാർ ദലിത്-മുസ്‌ലിം വേട്ടയിലൂടെയും മതേതര-ജനാധിപത്യ ഭരണഘടനയുടെ നിരാകരണത്തിലൂടെയും ഹിന്ദുരാഷ്ട്രത്തിലേക്ക് മുന്നേറുമ്പോൾ, ഇക്കാലമത്രയും ന്യൂനപക്ഷങ്ങൾ വിശ്വാസമർപ്പിച്ച കോൺഗ്രസും ഇടതുപക്ഷവും ദുർബലമായ നോക്കുകുത്തികൾ മാത്രമായി അവശേഷിച്ചത് ഇൻഡ്യയുടെ വർത്തമാനകാല ജനാധിപത്യത്തിന് സംഭവിച്ച മഹാദുരന്തമാണ്. ഒടുവിൽ കോൺഗ്രസ് തറവാട്ടിലെ കിരീടാവകാശികൾ രാമരാഷ്ട്രീയത്തിൻ്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിക്കുന്ന വിഢിക്കാഴ്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

മോഡിയുടെയും സംഘ്പരിവാറിൻ്റെയും ഹിന്ദുരാഷ്ട്ര അജണ്ഡയെ വെല്ലുവിളിച്ചു കൊണ്ട് രാജ്യത്ത് രൂപപ്പെട്ട ദലിത് ദേശീയ ബന്ദ്, ഡൽഹിയിലെ ദലിത് ക്ഷേത്ര പ്രക്ഷോഭം, ഭീമാ കൊറേഗാവ് മുന്നേറ്റം എന്നിവയിലൂടെ ഉയർന്നുവന്ന അംബേഡ്ക്കറൈറ്റ്-ദലിത് മുന്നേറ്റവും, രാജ്യമെമ്പാടും ജനങ്ങൾ അണിചേർന്ന പൗരത്വ പ്രക്ഷോഭത്തിലെ മുസ്‌ലിം സാമൂഹ്യ കർതൃത്വത്തിലൂടെയും വികസിച്ചുവന്ന ജനാധിപത്യപ്പോരാട്ടവുമാണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൻ്റെ പുതിയ സാദ്ധ്യതയും പ്രതീക്ഷയുമായി മാറിയത്.

85 ശതമാനത്തിലധികം വരുന്ന ഇൻഡ്യൻ ജനതയുടെ സാമൂഹ്യ ഘടകങ്ങളായ ദലിത്-മുസ്‌ലിം-പിന്നാക്ക ജനതയുടെ ഐക്യത്തിൻ്റെയും രാഷ്ടീയ പ്രാതിനിധ്യത്തിൻ്റെയും പ്രതീകമായ ബാബാസാഹെബ് അംബേഡ്കറുടെ സ്വാധീനശക്തിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1992ൽ ബാബരി മസ്ജിദ് തകർക്കാൻ അദ്ദേഹത്തിൻ്റെ ചരമദിനമായ ഡിസംബർ 6 തന്നെ തെരഞ്ഞെടുത്തത്. മനുസ്മൃതി കത്തിക്കുകയും ഹിന്ദുരാഷ്ട്രത്തെ എതിർക്കുകയും മാത്രമല്ല ഹൈന്ദവ-ബ്രാഹ്മണിക്കൽ മൂല്യങ്ങളെ റദ്ദുചെയ്തു കൊണ്ട് അവർണ ജനതക്ക് അധികാരപങ്കാളിത്തം കൽപ്പിക്കുന്നൊരു ഭരണഘടനക്ക് രൂപം കൊടുക്കുകയും ചെയ്ത ഡോ. അംബേഡ്കറെ എക്കാലവും ഹിന്ദുത്വത്തിൻ്റെ പ്രതിയോഗിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.

ഭീമാ കൊറേഗാവ് മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഡോ. അംബേഡ്കറുടെ കൊച്ചുമകനായ പ്രൊഫ. ആനന്ദ് തെൽതുംടെ അടക്കമുള്ളവരെ അംബേഡ്കർ ജയന്തി ദിനമായ ഏപ്രിൽ പതിനാലിന് അറസ്റ്റുചെയ്തതും പൗരത്വ പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാക്കളെ ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ടുമാണ് സംഘപരിവാർ ഇപ്പോൾ ബാബരിഭൂമിയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

പൗരത്വ പ്രക്ഷോഭത്തിനുമുന്നിൽ തോറ്റ് കീഴടങ്ങേണ്ടിവരുമായിരുന്ന മോഡിയെയും കൂട്ടരേയും രാമക്ഷേത്രത്തിന് കല്ലുപാകാൻ അനുഗ്രഹിച്ചത് രാമനല്ല, മറിച്ച് ഇൻഡ്യൻ ജനതയുടെ സാമൂഹ്യ-രാഷ്ടീയ സ്വാതന്ത്ര്യത്തെ തൽക്കാലം ലോക്ഡൗൺ ചെയ്ത കോവിഡ് 19 പകർച്ചവ്യാധിയും കൊറോണാ വൈറസുമാണ്.

ഇൻഡ്യയുടെ ഐക്യത്തെ തല്ലിക്കെടുത്തി സ്നേഹവും സമാധാനവും നശിപ്പിച്ചുകൊണ്ടാണ് അഞ്ച് നൂറ്റാണ്ടോളം പള്ളിനിന്ന ഭൂമിയിൽ ഫാഷിസത്തിൻ്റെ കല്ലുപാകിയത്. ഭരണഘടനാ സദാചാരത്തെ കയ്യൊഴിഞ്ഞ് സുപ്രീംകോടതിയേപ്പോലും ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് വംശീയ ഫാഷിസം ഒറ്റയാൾ ഗോളടിച്ചത്. 130 കോടി ജനങ്ങളിൽ ഭൂരിപക്ഷവും സംഘ്പരിവാർ നിർമിക്കുന്ന സവർണ-ബ്രാഹ്മണ ക്ഷേത്രത്തിൽ പ്രവേശനം പോലും ലഭിക്കാനിടയില്ലാത്ത അയിത്തക്കാരും അവർണരുമാണെന്ന സത്യം മറച്ചുപിടിക്കാൻ കഴിയില്ല.

◆◆◆

എന്തുകൊണ്ട് ഹിന്ദുത്വം?
– കെ.കെ. കൊച്ച്

കെ.കെ. കൊച്ച്

ദലിത്-പിന്നോക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിനിധികരിക്കുന്ന മുഖ്യ സമുദായങ്ങൾക്കെതിരെ ചെറുസമുദായങ്ങളെ അണിനിരത്താനും മുഴുവൻ ഹിന്ദു സമുദായത്തിന് ബാധകമാക്കി മുസ്‌ലിം വിരോധം മുന്നോട്ടുവെച്ചുമാണ് സംഘ്പരിവാർ 2014ലും 2019ലും തെരഞ്ഞെടുപ്പ് വിജയം നേടിയത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാർ നിലപാടുകളാണ്. നൂറ്റാണ്ടുകളായി സവർണ-ബ്രാഹ്മണ മേധാവിത്വത്തിലായിരുന്ന ക്ഷേത്രങ്ങളിൽ അവർണരുടെ സാന്നിധ്യം അംഗീകരിച്ചും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചും ഹിന്ദുത്വത്തിൻ്റെ ഭാഗമാക്കുന്നു. കൂടാതെ, ശൂദ്രരുൾപ്പെടുന്ന പിന്നണി ജനവിഭാഗങ്ങൾക്ക് വിലക്കപ്പെട്ടിരുന്ന വേദങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുക്കൾ, സ്മൃതികൾ, ശ്രുതികൾ, ദേവീദേവന്മാർ, ആചാരാനുഷ്ഠാനങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവയെ ദേശീയതയുടെ ചിഹ്നവ്യവസ്ഥയും ചരിത്രവുമാക്കി മാറ്റിയിരിക്കുകയാണ്. ഈ വ്യവഹാരമണ്ഡലത്തെ ഫൂലെ, അംബേഡ്ക്കർ, ഇ.വി. രാമസ്വാമി, ശ്രീനാരായണ ഗുരു, എന്നിവരെപ്പോലെ ചോദ്യംചെയ്യാതെ സവർണർക്കനുകൂലമായ പാഠവൽക്കരണമാണ് ഇടതുപക്ഷം പോലും നടത്തുന്നത്. അതുകൊണ്ടാണ് വ്യത്യസ്തമായ സാമൂഹ്യ വിമർശനത്തിൻ്റെ അഭാവത്തിൽ ഹിന്ദുത്വം അവർണരുടേതുമായി മാറിയിരിക്കുന്നത്.

◆◆◆

രാമക്ഷേത്രവും ഹിന്ദുരാഷ്ട്രവും: സംഘ് പദ്ധതികളെ പുനരാലോചിക്കുമ്പോൾ
– കെ.കെ ബാബുരാജ്

കെ. കെ. ബാബുരാജ്

അക്രമണ ദേശീയതയും അപര വെറുപ്പും ബ്രാഹ്മണ വംശീയതയും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ അക്രമസംഘമായ സംഘ്പരിവാർ ശക്തികൾക്ക് കേവലം തെരഞ്ഞെടുപ്പ് വിജയങ്ങൾക്കുള്ള ആസ്തി മാത്രമായിട്ടാവില്ല രാമക്ഷേത്ര നിർമാണം ഉപകാരപ്പെടുക. മറിച്ച്, രണ്ടാം ഗുപ്ത രാജവാഴ്ചയുടെ പുനഃസ്ഥാപനമായിട്ടാവും അവരതിനെ ഉൾകൊള്ളുക എന്ന് ആർ.എസ്.എസ് മേധാവിയുടെ വാക്കുകളും പ്രധാന മന്ത്രിയുടെ സമന്വയ സിദ്ധാന്തവും തെളിയിക്കുന്നു.

ഇൻഡ്യയുടെ മതനിരപേക്ഷത, വൈവിധ്യങ്ങളെ അംഗീകരിക്കുകയോ വ്യത്യാസങ്ങളെ പരിഗണിക്കുകയോ ചെയ്തിട്ടുള്ളത് വളരെക്കുറച്ച് മാത്രമാണ്. ദേശീയ പ്രസ്ഥാനകാലത്ത് രൂപപ്പെട്ട ‘നാനാത്വത്തിൽ ഏകത’ എന്ന സങ്കൽപം ബഹുസ്വരതയെ ഉൾക്കൊള്ളുന്നു എന്നു പറയാമെങ്കിലും, ഇതിനാധാരമായ പരികൽപന ഉണ്ടായത് ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ സമഭാവന അഥവാ റാം-റഹിം-ഡേവിഡ്‌ എന്ന ചുരുക്കെഴുത്തിൽ നിന്നാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സമഭാവന ബഹുസ്വരത ഉള്ളടങ്ങുന്നതാണോ? സത്യത്തിൽ ഗാന്ധി വിഭാവന ചെയ്ത സനാതന ഹിന്ദുമതം എന്നത് ഒരു മിഥ്യയാണ്. അത് ജാതികളുടെ ഒരു കൂട്ടം മാത്രമാണ്. മുസ്‌ലിം വിരുദ്ധ വംശീയ അതിക്രമങ്ങളുടെ സമയത്ത് മാത്രമേ ഈ ജാതികൾ ‘ഹിന്ദു’ എന്ന ഐക്യബോധത്തിലേക്ക് ഉണരുകയുള്ളു എന്ന് ഡോ. ബി.ആർ അംബേഡ്കർ എഴുതിയിട്ടുണ്ട്‌. ഇപ്രകാരം, ജാതിവ്യവസ്ഥയെ മത സ്ഥാനത്തേക്ക് ഉയർത്തുക മാത്രമല്ല, മത ഐഡന്റിറ്റികളായ ഇസ്‌ലാമിനെയും ക്രൈസ്തവതയെയും തരംതാഴ്ത്തിക്കൊണ്ട് അവയുടെ വ്യത്യാസത്തെ നിരാകരിക്കുകയുമാണ് ഉണ്ടായത്. ഇതിലൂടെ റാം എന്ന മൂത്തസഹോദരന്റെ അനുസരണയുള്ള രണ്ട് അനുജന്മാർ എന്ന സ്ഥാനമാണ് റഹീമിനും ഡേവിഡിനും കൊടുത്തതെന്ന് ഗെയിൽ ഓംവെഡ്ത് (Gail Omvedt) വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ജാതി വ്യവസ്ഥയിലെ അവർണ-സവർണ സംഘർഷങ്ങളെയും കീഴാള വൈജ്ഞാനിക ധാരകളെയും ഈ സമഭാവന റദ്ദുചെയ്യുന്നു എന്നതാണ്.

ഏകീകൃത വിശ്വാസമോ പ്രമാണ ഗ്രന്ഥമോ ഒറ്റ മതാധികാര കേന്ദ്രമോ ഇല്ലാത്തതുമൂലം ജാതിവ്യവസ്ഥ മതമായി മാറാൻ തടസ്സമുണ്ട്. അതുകൊണ്ടാണ് മതരാഷ്ട്രം അല്ലെങ്കിൽ ‘തിയോളജിക്കൽ സ്റ്റേറ്റ്’ രൂപീകരിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നതെന്ന ഇടതുപക്ഷ കാഴ്ചപ്പാട് അസാധുവാകുന്നത്.

അതേസമയം, ദേശീയതയുടെ അടയാളമായും വരേണ്യ ജാതികളുടെ ആത്മഭാവമായും ആധിപത്യ ശക്തികളുടെ ഭരണ മനോഭാവമായും ഹൈന്ദവത നിലനിൽക്കുന്നുണ്ട്‌. ഇതെല്ലാം ഉൾകൊള്ളുന്ന ഇൻഡ്യൻ മതനിരപേക്ഷത സവർണാധിപത്യത്തിനും ബ്രാഹ്മണിസത്തിനും വിധേയമാണെന്ന് സാരം.

പ്രാചീന ഇൻഡ്യയിലെ ഗുപ്ത രാജവാഴ്ചകളുടെ ഓർമകളെ ഹിന്ദുത്വവാദികൾ നിരന്തരം പുനഃസ്ഥാപിക്കുന്നത്, അതിന്റെ മതപരത മൂലമല്ല. മറിച്ച് കീഴാള-ശ്രമണ വിരുദ്ധമായ അതിന്റെ വംശീയ ഉള്ളടക്കം കൊണ്ടാണ്. പിൽക്കാലത്ത് ഗുപ്ത ഭരണങ്ങൾ തകർന്നുവീണത്‌ ബാഹ്യസമ്മർദ്ദങ്ങൾ മൂലവും അവർണ-സവർണ വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ച പശ്ചാത്തലത്തിലുമാണ്.

ഇന്ന് ഹിന്ദുത്വ ജൈത്രയാത്രയെ പ്രതിരോധിക്കാൻ പഴയ സമഭാവനകളെ പുനഃസ്ഥാപിച്ചതുകൊണ്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുപോലെ ജാതിയെയും സമുദായത്തെയും പൂർവാധുനിക സ്ഥാപനങ്ങളായി കണ്ട നെഹ്‌റുവിന്റെ ‘ഉൽകൃഷ്ട ഹിന്ദു’ നിലപാടും ഏറെക്കുറെ നിർവീര്യമാണ്. ഇതിനർഥം അവയെ അപ്പാടെ നിരാകരിക്കണമെന്നല്ല. പകരം, ജാതിവിരുദ്ധ സമരങ്ങളുടെ തുടർച്ചകളെയും വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ഉൾക്കൊള്ളുന്ന സമകാലീന ചിന്തകൾ കൊണ്ടുമാത്രമേ ഹിന്ദുത്വ ജൈത്രയാത്ര പ്രതിരോധിക്കപ്പെടുകയുള്ളൂ എന്നു തോന്നുന്നു.

◆◆◆

ബാബരി: ചില പര്യാലോചനകൾ
– സി.കെ. അബ്ദുൽ അസീസ്

സി.കെ. അബ്ദുൽ അസീസ്

ബാബരി ഞങ്ങൾ മറക്കില്ല, ബാബരി മസ്ജിദ് മരിക്കില്ല, ബാബരിയുടെ ഓർമകൾ വരും തലമുറക്ക് കൈമാറും എന്നൊക്കെയുള്ള ആവേശകരമായ പ്രസ്താവനകൾ വായിച്ച് വയറുനിറഞ്ഞത് കൊണ്ട് ചോദിക്കുകയാണ്. എന്തൊക്കെയാണ് വരും തലമുറക്ക് കൈമാറാൻ പോവുന്നത്? 1949ൽ പള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച അക്രമികൾക്കെതിരെ ഫൈസാബാദ് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ കാര്യത്തിൽ പോലും തീർപ്പുകൽപ്പിക്കാൻ കൂട്ടാക്കാത്ത കോടതിയുടെ പിറകെ എഴുപതു കൊല്ലം സിവിൽ കേസുമായി കറങ്ങി നടന്നകഥയോ? അതോ, ബാബരി പ്രശ്നത്തെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ പുറത്ത് കടക്കാതിരിക്കാൻ കോൺഗ്രസുമായി ഒത്തുകളിച്ച കഥയോ? 1992 ഡിസംബർ 6ന് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ‘വിവാദ പള്ളി’ സംഘ്പരിവാർ ഇടിച്ചു തകർത്തതിന് ശേഷമുള്ള ദീർഘമായ കാലയളവിൽ ഒരിക്കലെങ്കിലും തകർക്കപ്പെട്ട പള്ളി യഥാസ്ഥാനത്ത് പുനർനിർമിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ശക്തമായി ആവശ്യപ്പെടാനോ അതിനുവേണ്ടി ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനോ തയ്യാറാവാതിരുന്നതിന് എന്ത് ന്യായമാണ് വരും തലമുറക്ക് വേണ്ടി നമ്മൾ കരുതിവെച്ചിട്ടുള്ളത്?

ബാബരി മസ്ജിദ് യഥാസ്ഥാനത്ത് തന്നെ പുനർനിർമിക്കണം എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയർന്നുവന്ന സന്ദർഭത്തിൽ അതിനെ ‘ആൾക്കൂട്ട കൊല’ നടത്തി അടിച്ചമർത്തുകയും അതുയർത്തിക്കൊണ്ടുവന്നവരെ തീവ്രവാദി മുദ്രകുത്തി ഭരണകൂടത്തിന് ഒറ്റിക്കൊടുക്കുകയും ചെയ്തതിന്റെ ചരിത്രം നമുക്ക് പറയാതിരിക്കാനാവുമോ? അത് പറയുമ്പോൾ നമ്മൾ ആരുടെ പക്ഷത്തായിരുന്നു (ബാബരി പള്ളിയുടെ പക്ഷത്തോ ഒറ്റുകാരുടെ പക്ഷത്തോ) എന്നുകൂടി പറയേണ്ടിവരില്ലേ? ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ മുൻനിരയിൽ നിന്നുകൊണ്ട് പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത പൂർവികരുടെ ചരിത്രം നമുക്കവരിൽ നിന്ന് മറച്ചുപിടിക്കാനാവുമോ? ആ ചരിത്രം മനസ്സിലാക്കുമ്പോൾ അവർ ചോദിക്കാൻ പോവുന്ന ചോദ്യങ്ങൾക്ക് നമ്മുടെ കൈയ്യിൽ ഉത്തരങ്ങളുണ്ടാവുമോ? ധീരോദാത്തരായ ആ പൂർവികരുടെ ചരിത്രപാരമ്പര്യത്തിന്റെ ഒരംശമെങ്കിലും നിങ്ങളിൽ കാണുന്നില്ലല്ലോ എന്നു ചോദിച്ചാൽ എന്ത് മറുപടി നൽകും? നിങ്ങളിൽ പെട്ടവരെ വളഞ്ഞിട്ട് തല്ലികൊല്ലുകയും നിങ്ങളുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും നിങ്ങളുടെ ഭവനങ്ങൾ ചുട്ടെരിക്കുകയും ചെയ്തപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്നവർ ചോദിക്കില്ലേ? നിങ്ങളിൽ നിന്ന് ഞങ്ങൾക്കെന്താണ് പഠിക്കാനുള്ളതെന്ന് ഒറ്റവാചകത്തിൽ പറയാനാവശ്യപെട്ടാൽ കുഴങ്ങില്ലെ നമ്മൾ?

അതുകൊണ്ട് നല്ലവണ്ണം ആലോചിച്ചുവെക്കുക. ആലോചനയാണല്ലോ നമ്മുടെ പ്രധാന സവിശേഷത. ആലോചിക്കാൻ ഇഷ്ടംപോലെ സമയമുണ്ട്. ചുരുങ്ങിയത് അടുത്ത പള്ളി പൊളിക്കുന്നത് വരെയെങ്കിലും. അടുത്ത കൂട്ടക്കൊലകളും വംശഹത്യയും അരങ്ങേറുന്നത് വരെയെങ്കിലും സമയം നമ്മുടെ കൂടെ തന്നെയുണ്ടാവും.

Top