രാഷ്ട്രീയ തടവുകാരും ന്യൂനപക്ഷ വേട്ടയും

വിവിധ കുറ്റങ്ങളിലായി പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ 66 ശതമാനം ആളുകളും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് 2018ലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുണ്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയോട് ആനുപാതികമായി തട്ടിച്ചു നോക്കുമ്പോഴാണ് ഭൂരിപക്ഷ/ഹിന്ദുത്വ താൽപര്യങ്ങളാൽ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യം, അതിന്റെ ന്യൂനപക്ഷങ്ങളോട് വെച്ചുപുലർത്തുന്ന ക്രൂരതയുടെ ആഴം മനസ്സിലാക്കാൻ കഴിയുന്നത്. ആദിൽ അയ്യൂബി എഴുതുന്നു.

“ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നയം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”, സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് 2022 ജൂലൈ 11ന് കേന്ദ്ര സർക്കാരിനോട് ഇപ്രകാരം ശുപാർശ ചെയ്യുകയുണ്ടായി.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ‘പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് 2020’ പ്രകാരം, ഇൻഡ്യയിലെ മുഴുവൻ തടവുകാരിൽ 76 ശതമാനം ആളുകളും വിചാരണ തടവുകാരായി കഴിയുന്നവരാണ്. അതായത്, ആകെ 4,88,511 തടവുകാരിൽ 3,71,848 പേരും വിചാരണ തടവുകാരാണ്. ഇവരിൽ തന്നെ 7128 പേർ അഞ്ചു വർഷത്തിന് മുകളിലായി വിചാരണ തടവുകാരായി മാത്രം കഴിയുന്നവരാണ്. അതുപോലെ തന്നെ 3590 രാഷ്ട്രീയ തടവുകാരും, വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 1,12,589 പേരുമുണ്ട്. 2022 ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കനുസരിച്ച്, രാജ്യത്ത് മൊത്തം 4.5 കോടി കേസുകൾ തീർപ്പു കൽപ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നുവെന്ന് ഓഗസ്റ്റ് 4ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം മനസ്സലാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീകോടതിയുടെ ഈ സുപ്രധാന തീരുമാനം.

രാജ്യത്തെ ജയിലുകളിൽ വർധിച്ചു കൊണ്ടിരിക്കുന്ന തടവുകാരുടെ എണ്ണം മനുഷ്യത്വ രഹിതമായ അവസ്ഥകളിലേക്ക് രാജ്യത്തെ നയിക്കുന്നുവെന്നതിനാൽ തന്നെ, ഇത് ‘യുണൈറ്റഡ് നേഷൻസ് സ്റ്റാൻഡേർഡ് മിനിമം റൂൾസി’ന്റെ ലംഘനം കൂടിയാണ്.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

ജയിലിൽ കഴിയുന്നവരിൽ 66 ശതമാനം ആളുകളും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് 2018ലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുണ്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ആനുപാതികമായി തട്ടിച്ചു നോക്കുമ്പോഴാണ് ഭൂരിപക്ഷ/ഹിന്ദുത്വ താൽപര്യങ്ങളാൽ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യം അതിന്റെ ന്യൂനപക്ഷങ്ങളോട് വെച്ചുപുലർത്തുന്ന ക്രൂരതയുടെ ആഴം മനസ്സിലാക്കാൻ കഴിയുന്നത്. രാജ്യത്തെ മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങളും, ഭരണകൂട വിമർശകരും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ സാധ്യതകൾ മുന്നോട്ടുവെക്കുന്ന ആക്റ്റിവിസ്റ്റുകളുമെല്ലാം മാറിവരുന്ന ഏതു ഭരണകൂടങ്ങൾക്കകത്തും ഇൻഡ്യയുടെ മതേതര/ഹിന്ദുത്വ ഭാവനകളിൽ വേട്ടയാടപ്പെടേണ്ടവരാണ്. ഭരണകൂടത്തിന്റെ പ്രതികാര നടപടികളുടെ ഭാഗമായി, വിചാരണയുടെ പേരിൽ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് തടവിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരും ഒട്ടനവധിയാണ്.

മുസ്‌ലിം ‘പ്രതി’

ഈയടുത്ത്, ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന പ്രതികൾക്കെതിരെ പുതിയ തെളിവുകൾ സ്വീകരിക്കണമെന്ന കർണ്ണാടക സർക്കാരിന്റെ ഹരജി പരിഗണിക്കുകയും, നിലവിൽ അന്തിമവാദം കേൾക്കൽ നടപടിക്ക് സുപ്രീംകോടതി സ്റ്റേ കൊടുക്കുകയുമുണ്ടായി. ഇതോടെ, ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വിചാരണ തടവുകാരുടെ ജാമ്യം കൂടുതൽ അനിശ്ചിതത്തിലായിരിക്കുകയാണ്. പത്തു വർഷത്തിലധികമായി ഈ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസർ മഅ്ദനിക്കെതിരെയുള്ള പുതിയ തെളിവുകൾ പരിഗണിക്കരുതെന്ന ആവശ്യവും കോടതി തള്ളി. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. അതവരുടെ വിചാരണ അനന്തമായി നീട്ടാനും കാരണമാകും എന്നും പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ അബ്ദുന്നാസർ മഅ്ദനിയുടെ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനീതിയുടെ നാളുകൾ അന്ത്യമില്ലാതെ നീളുകയാണ്.

2008ൽ നടന്ന ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റ് 17നാണ് അബ്ദുന്നാസർ മഅ്ദനിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൃത്യമായ തെളിവുകളുടെ പിൻബലമില്ലാതെ പ്രതിചേർക്കപ്പെട്ട്, വിചാരണ തടവുകാരനായി കഴിയുകകയാണ് അദ്ദേഹം. നാലു വർഷം പരപ്പന അഗ്രഹാര ജയിലിലും, പിന്നീടുള്ള വർഷങ്ങൾ കർശന ഉപാധികളോടെ ബെന്‍സണ്‍ ടൗ​ണി​ലെ വ​സ​തി​യി​ലും കഴിയുകയാ​ണ് മ​അ്ദ​നി. 2014ല്‍ ​മ​അ്ദ​നി​ക്ക് ആദ്യ ജാ​മ്യം അ​നു​വ​ദി​ച്ച വേ​ള​യി​ല്‍, വി​ചാ​ര​ണ നടപടികൾ 4 മാസത്തിനകം പൂർത്തിയാക്കാം എന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പിന്നീട് 2016ൽ രണ്ടു വർഷത്തിനകം നടപടികൾ പൂർത്തീകരിക്കും എന്ന ഉറപ്പും സുപ്രീംകോടതിക്കു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ ഇപ്പോഴും വിചാരണ മന്ദഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 1998ലെ കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു പ്രതിചേർക്കപ്പെട്ട ഒൻപതര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ്, പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ കേസിൽ നീളുന്ന 12 വർഷങ്ങൾ.

മണ്ഡൽ-ബാബരിയാന്തരം ഇൻഡ്യയിൽ, പ്രതേകിച്ച് കേരളത്തിൽ രൂപപ്പെട്ടു വന്ന മുസ്‌ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ സംവാദങ്ങൾക്ക് പുതിയ സാധ്യതകൾ തുറന്നുവെച്ച ആളായിരുന്നു അബ്ദുന്നാസർ മഅ്ദനി. അവർണർക്ക് അധികാരം എന്ന ആശയവും സജീവമായി കേരളത്തിൽ ഉന്നയിച്ചയാളായിരുന്നു അദ്ദേഹം. ഇൻഡ്യയുടെ മതേതര/ഹിന്ദുത്വ ഭാവനകൾക്ക് ഉൾകൊള്ളാൻ കഴിയുന്ന ആളായിരുന്നില്ല മഅ്ദനി. അതുകൊണ്ടുതന്നെ, മഅ്ദനിയെ ഭീകരനാക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. മുസ്‌ലിം സ്വത്വത്തെ വസ്ത്രധാരണത്തിലടക്കം പ്രതിനിധീകരിക്കുന്ന വ്യക്തിയെന്ന നിലക്ക് അദ്ദേഹത്തെ പ്രതിയാക്കൽ അത്ര ബുദ്ധിമുട്ടല്ല താനും.

ഈ കേസുമായി തന്നെ ബന്ധപെട്ട് 13 വർഷങ്ങളായി വിചാരണ തടവുകാരനായി കഴിയുന്ന മറ്റൊരാളാണ് പരപ്പനങ്ങാടി സ്വദേശി സകരിയ. സ്ഫോടനത്തിന് ആവശ്യമായ ടയറുകൾ നിർമിക്കാൻ സഹായിച്ചു എന്ന ആരോപണത്തിന്മേലാണ് 19കാരനായ സകരിയയെ 2009 ഫെബ്രുവരിയിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. എം. ജിഷ എന്ന മാധ്യമ പ്രവർത്തകയുടെ ‘സകരിയ എന്ന 19കാരനെ തീവ്രവാദിയാക്കിയ വിധം’ എന്ന വാരാന്ത്യ മാധ്യമം ഫീച്ചറിന്‌ ശേഷമാണ് ഈ വിഷയം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് പാത്രമാകുന്നത്. അപ്പോഴേക്കും സകരിയയുടെ അറസ്റ്റ് കഴിഞ്ഞ് 2 വർഷങ്ങൾ പിന്നിട്ടിരുന്നു. കേസിൽ ഒൻപതാം പ്രതിയായാണ് സകരിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 8 വർഷങ്ങൾക്കു ശേഷമാണ് സകരിയക്ക് ആദ്യ ജാമ്യം ലഭിക്കുന്നത്. പിന്നീട് രണ്ടു തവണയും കോടതി ജാമ്യം അനുവദിച്ചു. താൻ ചെയ്ത കുറ്റം എന്താണെന്നു പോലും വ്യക്തമാവാതെ ഇന്നും വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ് അദ്ദേഹം. മഅ്ദനിയുടെ വിചാരണ പോലെ ഇതും മന്ദഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.

സകരിയ

ഭീമാ കോറേഗാവും അർബൻ നക്സൽ വാദവും

ദലിത് വിമോചന പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഭീമാ കോറേഗാവ് പോരാട്ട വിജയം. എല്ലാ വർഷവും ജനുവരി ഒന്നിന് ഈ ചരിത്രത്തിന്റെ ആഘോഷം ദലിത് സമൂഹം കൊണ്ടാടാറുണ്ട്.

2018 ജനുവരി ഒന്നിന് (200 വർഷം തികയുന്ന ഭീമാ കൊറേഗാവ് വിജയം) മഹാരാഷ്ട്രയിലെ കൊറേഗാവ് ഗ്രാമത്തിൽ വെച്ച് ‘എൽഗാർ പരിഷത്’ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഈ അനുസ്മരണ പരിപാടി വലിയ ജാതി സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ ഈ ആഘോഷ പരിപാടിക്കെതിരെ അവിടുത്തെ ഹിന്ദുത്വ ശക്തികൾ അക്രമം അഴിച്ചുവിടുകയും, ഇത് സാമുദായിക കലാപത്തിന് ഇടയാക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ വ്യാപകമായ തോതിൽ ദിവസങ്ങളോളം സംഘർഷം തുടർന്നു. ഒരു ദലിതനടക്കം മൂന്നു പേർ ഈ അക്രമത്തിൽ കൊല്ലപ്പെടുകയുണ്ടായി.

ഈ പരിപാടി സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ അക്രമങ്ങൾ നടത്താൻ പദ്ധതിയിട്ടെന്ന പേരിൽ ഈ പാരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത, രാജ്യത്തെ ന്യൂനപക്ഷ അവകാശ സംരക്ഷണ പ്രവർത്തകരെയും ബുദ്ധിജീവികളെയും മാധ്യമ പ്രവർത്തകരെയും ‘കേന്ദ്ര അന്വേഷണം ഏജൻസിയെ’ ഉപയോഗിച്ചു കൊണ്ട് രണ്ടാം മോഡി സർക്കാർ അറസ്റ്റു ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടലുകളെ ന്യായീകരിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ പ്രയോഗമാണ് ‘അർബൻ നക്സലൈറ്റ്’.

16ഓളം ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയുമാണ് എൽഗാർ പരിഷത്ത് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്.

ദലിത് ആക്റ്റിവിസ്റ്റും അംബേഡ്കറുടെ മരുമകനുമായ ആനന്ദ് തെൽതുംഡെ, കവിയും തെലുങ്ക് സാഹിത്യ നിരൂപകനുമായ പി. വരവരറാവു (ആരോഗ്യ പ്രശ്നത്തെ തുടർന്ന് പിന്നീട്‌ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു), ജാർഖണ്ഡിലെ സർക്കാർ-കോർപറേറ്റ് കൂട്ടുകെട്ടിൽ കുടിയിറക്കപ്പെടുന്ന ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി (മരണപ്പെട്ടു), ഛത്തീസ്ഖഡിലെ ചൂഷണത്തിനിരയാവുന്ന സ്ത്രീ-തൊഴിലാളി-ആദിവാസി സമൂഹത്തിനു വേണ്ടി വാദിക്കുന്ന അഡ്വ. സുധാ ഭരദ്വാജ് (പിന്നീട് ജാമ്യം ലഭിച്ചു), ക്യാമ്പസുകളിലെ ജാതീയതക്കെതിരെ സംസാരിക്കുന്ന ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഹാനി ബാബു, ആക്റ്റിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമായ റോണാ വിൽസൺ, ഗൗതം നവലാഖ, സോമ സെൻ, അരുൺ ഫെറോറ, മഹേഷ് റാവത്ത്, വേർണോൺ ഗോൺസാൽവസ് തുടങ്ങി രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 16 പേരെ മോഡി ഭരണകൂടം ‘അർബൻ നക്സലൈറ്റു’കളായി മുദ്രകുത്തി, രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി വിചാരണാ തടവുകാരായി ജയിലിലടച്ചിരിക്കുകയാണ് ഇവരെ.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജാമ്യം അനുവദിക്കാതെ വിചാരണ തടവുകാരനായിരിക്കെയാണ് ഫാ. സ്റ്റാൻ സ്വാമി ജയിലിൽ കിടന്നു മരിക്കുന്നത്. ഇവരെല്ലാവരും തന്നെ രാജ്യത്തെ ആദിവാസി-ദലിത്-ന്യൂനപക്ഷ പ്രവർത്തകരും, അവരുടെ നീതിക്കു വേണ്ടി ഭരണകൂടത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരുമായിരുന്നു.

പൗരത്വ സമരങ്ങളിലെ പൗരന്മാർ

ഇൻഡ്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സി.എഎ-എൻ.ആർ.സി നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി വലിയ സമരങ്ങൾ നടന്നു. ലോകശ്രദ്ധ ആകർഷിച്ച സമരങ്ങൾ തന്നെയായിരുന്നു ഇവ. സമരത്തിന്റെ നേതൃനിരയിൽ നിന്ന വലിയൊരു വിഭാഗം ഇൻഡ്യയിലെ കേന്ദ്ര സർവകലാശാലകളിലെ വിദ്യാർഥികൾ തന്നെയായിരുന്നു. ജാമിയ മില്ലിയയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ തുടങ്ങിയ  സമരങ്ങളാണ് പിന്നീട് രാജ്യം ഏറ്റെടുത്തത്. ഈ സമരങ്ങളുടെ മറവിൽ ഭരണകൂട ഒത്താശയോടെ ഹിന്ദുത്വ ശക്തികൾ നടത്തിയ ഡൽഹി കലാപവും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു.

ഈ കലാപത്തിന്റെ പേരിൽ സമരങ്ങൾക്കു നേതൃത്വം നൽകിയവരെ ഭരണകൂടം നിരന്തരമായി വേട്ടയാടിക്കൊണ്ടിരികുന്നുണ്ട്. ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ യുഎപിഎ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ട് വർഷങ്ങൾ പിന്നിടുന്നു. വടക്കു-കിഴക്കൻ ഡൽഹിയിലെ കലാപത്തിൽ ഗൂഢാലോചന കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ജാമിയ മില്ലിയ സർവകലാശാലയിലെയും അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റിയിലും ഇവർ നടത്തിയ പ്രസംഗങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇൻഡ്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പിനെ, മുസ്‌ലിം സ്വത്വത്തെ കുറിച്ച പുതിയ സംവാദങ്ങളെ, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ രാഷ്ട്രീയ സാധ്യതകളെ തുറന്നു വെക്കുന്നതിൽ വലിയ പങ്ക് വഹിച്ചതായിരുന്നു പൗരത്വ സമരങ്ങൾ .

ഇവർക്കു പുറമെ സമര നേതാക്കളായ മീരാൻ ഹൈദർ, മുഹമ്മദ് സലിം ഖാൻ എന്നിവരും ജാമ്യം നിഷേധിക്കപ്പെട്ട് ജെയിലിൽ കഴിയുന്നവരാണ്. സമര നേതാക്കളിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്ത 6 പേർക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജാമ്യം ലഭിച്ചത്. കോൺഗ്രസ്​ വനിതാ നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇ​ശ്​റത്ത് ജഹാൻ, എസ്​.ഐ.ഒ നേതാവ്​ ആസിഫ്​ ഇഖ്​ബാൽ തൻഹ, പിഞ്ച്​റ തോഡ്​ നേതാക്കളായ നതാഷ, ദേവാൻഗ്‌ന കലിതാ, സഫൂറ സർഗാർ, ഫൈസാൻ ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ഷർജീൽ ഇമാം

ഇരകൾക്കു വേണ്ടി ഇരയാക്കപ്പെട്ടവർ 

2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫരിയുടെ വിധവ സാകിയ ജാഫരിയുടെ കേസിൽ സുപ്രീംകോടതി തീർപ്പു കൽപ്പിച്ചിരിക്കുകയാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെയും, സർക്കാരിലെ 63 ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കികൊണ്ട് വിധിപറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇതിനു പിന്നാലെ മോദിയും അമിത് ഷായും വേട്ട തുടങ്ങിയിരിക്കുകയാണ്. കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ നീതിക്കു വേണ്ടി പോരാടിയവർ തന്നെ ഇവ്വിധം ഇരയാക്കപ്പെട്ടു. കേസിലെ സഹ ഹരജിക്കാരിയായ ടീസ്റ്റ സെറ്റിൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ബട്ട് എന്നിവരെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കലാപത്തിലെ ഇരകളുടെ കേസുകൾ ആദ്യമായി ഏറ്റെടുത്ത വ്യക്തിയാണ് ടീസ്റ്റ. കലാപത്തെ തുടർന്ന് രൂപപ്പെട്ട ‘പീസ് ആൻഡ് ജസ്റ്റിസ്’ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളുമാണ് ടീസ്റ്റ. ഇരകൾക്ക് നിയമസഹായം നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നീതി തേടി പോരാടിയവർക്ക് വേണ്ടി പ്രവത്തച്ച സജീവ സാന്നിദ്ധ്യമായിരുന്നു ടീസ്റ്റ. ഗുജറാത്ത് വംശഹത്യ കമ്മീഷനായ നാനാവതി കമ്മീഷൻ മുൻപാകെ സർക്കാറിനെതിരെയും, സർക്കാരും കലാപകാരികളും തമ്മിലുള്ള ബന്ധത്തെയും തുറന്നുകാട്ടിയ വ്യക്തിയാണ് ഗുജറാത്ത് മുൻ ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ. സർക്കാരിനെതിരെയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് കമ്മീഷൻ മോഡിക്ക് ക്‌ളീൻചിറ്റ് നൽകിയെങ്കിലും, ടീസ്റ്റയുമായി സഹകരിച്ച് ഇരകൾക്കു വേണ്ടി നിയമ സഹായങ്ങളും അദ്ദേഹം നൽകി. അതുപോലെ തന്നെ മോഡിക്കും സർകാരിനുമെതിരെ കലാപത്തിലുള്ള പങ്കു തുറന്നുപറഞ്ഞ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ബട്ട്. അദ്ദേഹത്തിന്റെ അന്നത്തെ റിപ്പോർട്ടുകൾ പിന്നീട് കോടതിക്കും അന്വേഷണ സംഘത്തിനും വ്യക്തമായ തെളിവുകളയിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണം പല കള്ളകേസുകളിലായി നിലവിൽ ജയിലിലാണ് അദ്ദേഹം. 1996ലെ ഒരു കള്ളക്കേസിൽ ഉൾപ്പെടുത്തി 23 വർഷങ്ങൾക്കു ശേഷം 2018ൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

സിദ്ദീഖ് കാപ്പൻ

ഹഥ്റാസിലെ പി.എഫ്.ഐക്കാർ

സവർണ ജാതിക്കാരാൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഹഥ്റാസിലെ ദലിത് പെൺകുട്ടിയുടെ സംഭവത്തെ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകനും ഡൽഹി പത്രപ്രവർത്തക യൂണിയൻ ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് രണ്ടു വർഷം പൂർത്തിയാകുന്നു. അദ്ദേഹത്തോടപ്പം ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തകരായ അതീഖുറഹ്മാൻ, മസൂദ് അഹ്മദ് ആലം, അൻഷാദ്, ഫിറോസ് ഖാൻ എന്നിവരെയും യു.പി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. യുഎപിഎ നിയമത്തിലെ സെഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സമാഹരിക്കൽ, ഹഥ്റാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കേസുളിലാണ് ഇവർരെ പ്രതിചേർത്തിട്ടുള്ളത്. ഇവർക്കു ശേഷം ക്യാമ്പസ് ഫ്രണ്ടിന്റെ ദേശീയ സെക്രട്ടറി റൗഫ് ശരീഫിനെയും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖ് കാപ്പനും കൂടെ ഉള്ളവർക്കും സാമ്പത്തിക സഹായം നൽകിയത് റഊഫ് അണെന്നാണ് ഇ.ഡിയുടെയും യു.പി പോലീസിന്റെയും വാദം .

കൃത്യമായ തെളിവുകളുടെ പിൻബലമില്ലാതെ, ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ രാജ്യദ്രോഹ കേസിൽ ജയിലിൽ കഴിയുന്നത് ഒട്ടനവധി പേരാണ്. മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട്, വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജാമ്യം നൽകാതെ ജയിൽ തന്നെ കഴിയുന്നവരുണ്ട്. ഇവരെല്ലാവരും പി.എഫ്.ഐയുടെ പ്രവർത്തകരോ, ആ സംഘടനയുമായി ബന്ധമുള്ളവരോ ആണന്നാണ് പോലീസ് കോടതിയിൽ ഉന്നയിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഇൻഡ്യയിൽ നിരോധിത സംഘടനയല്ലാത്ത ഒരു പ്രസ്ഥാനത്തോട് ബന്ധമുണ്ടെന്ന് മാത്രം ആരോപിച്ച് ഇവരെ രാജ്യദ്രോഹികളാക്കുക. അവിടെയാണ് ഭരണകൂടത്തിന്റെ വിചാരണ തടവുകളും ന്യൂനപക്ഷ വിരുദ്ധതയും സമംചേരുന്നത്.

ആദിൽ അയ്യൂബി- തിരൂർ സ്വദേശി, ജേർണലിസം വിദ്യാർഥി 

Top