എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ വിവേക് അഗ്നിഹോത്രിയാണ് അർബൻ നക്സലൈറ്റ് എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഭീമാ-കൊറേഗാവ് കേസിൽ ഭരണകൂടം നടത്തിയ അന്യായമായ അറസ്റ്റുകളെ ന്യായീകരിക്കാൻ ഈ പ്രയോഗം വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു. വിമത സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ഭരണകൂടത്തിന്റെ മറ്റൊരു ശ്രമമാണിത്. ആദിൽ അയ്യൂബി എഴുതുന്നു.
മെയ് 19നു ചേർന്ന ബോംബെ ഹൈക്കോടതി, ഭീമാ-കൊറേഗാവ് കേസിൽ വിചാരണാ തടവുകാരായി കഴിയുന്ന മലയാളിയും ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഹാനി ബാബുവിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുവാനും, 84കാരനായ ആദിവാസി അവകാശ സംരക്ഷണ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നിലയെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് ഉടനെ സമർപ്പിക്കുവാനും ഉത്തരവുണ്ടായി. നീണ്ട നിയമ പോരാട്ടത്തിലൂടെയായിരുന്നു ഇവരുടെ ബന്ധുക്കൾക്ക് ബോംബെ ഹൈക്കോടതിയിൽ നിന്നും ഇങ്ങനെയൊരു ആശ്വാസ വിധി കിട്ടിയത്. കോവിഡ് മൂലം കഴിഞ്ഞ കുറച്ചു നാളുകളായി പ്രയാസപ്പെടുകയായിരുന്ന ഹാനി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഭീമ-കൊറേഗാവ് കേസിനെയും അതിന്റെ ഭാഗമായി ഭരണകൂടം നിർമിച്ചെടുത്ത ‘അർബൻ നക്സലൈറ്റ്’ എന്ന പ്രയോഗത്തെയും പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. ഭീമ-കൊറേഗാവ് കേസ് 1818 ജനുവരി 1ന് അന്നത്തെ പേഷ്വാ പ്രവിശ്യയുടെ രാജാവായിരുന്ന ബാജിറാവു രണ്ടാമനും ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയും തമ്മിൽ ഒരു യുദ്ധം നടക്കുന്നു. യുദ്ധത്തിൽ രാജാവിന്റെ കൂടെ അണിനിരക്കാൻ തയ്യാറെടുത്ത മഹർ സമുദായത്തിൽ പെട്ട ദലിതുകളെ “താഴന്ന ജാതിക്കാരുടെ കൂടെ യുദ്ധം ചെയ്യാൻ കഴിയില്ലന്ന്” പറഞ്ഞ്, അന്നത്തെ രാജാവിന്റെ കൂടെയുള്ള മറാഠകളായ ഉന്നത ജാതിക്കാർ തഴഞ്ഞു. അതിനോടുള്ള പ്രതിഷേധമായി ദലിതുകൾ യുദ്ധത്തിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ പക്ഷം ചേരുകയും, കമ്പനിക്ക് യുദ്ധത്തിൽ വിജയിക്കാൻ സാധിക്കുകയും ചെയ്തു. ദലിതർ ഈ ചരിത്രത്തെ സുപ്രധാനമായ ഒരു സംഭവമായാണ് കാണുന്നത്. കാരണം ദലിതരെ സംബന്ധിച്ചിടത്തോളം, അവർ അന്ന് അനുഭവിച്ചിരുന്ന ജാതി വിവേചനങ്ങൾക്കെതിരായ യുദ്ധം കൂടിയായിരുന്നു അത്. ഈ യുദ്ധത്തിൽ മരണപ്പെട്ട ദലിത് യോദ്ധാക്കളോടുള്ള ആദരസൂചകമായി എല്ലാ വർഷവും ജനുവരി 1 അവർ ആഘോഷിക്കാറുണ്ട്. 2018 ജനുവരി ഒന്നിനാണ് ഭീമാ-കൊറേഗാവ് അനുസ്മരണത്തിന് 200 കൊല്ലം തികഞ്ഞത്. ലക്ഷക്കണക്കിന് ദലിതരുടെ സാന്നിധ്യത്തിൽ മഹാരാഷ്ട്രയിലെ കൊറേഗാവ് ഗ്രാമത്തിൽ വലിയ ചടങ്ങായി ഈ ദിനം സംഘടിപ്പികപ്പെട്ടു. ‘എൽഗാർ പരിഷത്’ എന്ന പേരിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷ പരിപാടിക്കെതിരെ അവിടുത്തെ ഹിന്ദുത്വ ശക്തികൾ അക്രമം അഴിച്ചു വിടുകയും, ഇത് സാമുദായിക കലാപത്തിന് ഇടയാക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ വ്യാപകമായ തോതിൽ ദിവസങ്ങളോളം സംഘർഷം തുടർന്നു. ഒരു ദലിതനടക്കം മൂന്നു പേർ ഈ അക്രമത്തിൽ കൊല്ലപ്പെടുകയുണ്ടായി. മുൻ ആർഎസ്‌എസ് പ്രവർത്തകനായ സാംബാജി ഭൈഡെ, മുൻ ബിജെപി കോർപറേറ്ററായിരുന്നു മിലിന്ദ് എക്ബോട്ടെ തുടങ്ങിയവരാണ് ഈ അക്രമത്തിന് നേതൃത്വം നൽകിയത്. മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിൻ്റെ ഭരണസമയത്താണ് ഇത് സംഭവിച്ചത്. ഈ അക്രമ സംഭവത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷ അവകാശ സംരക്ഷണ പ്രവർത്തകരെയും ബുദ്ധിജീവികളെയും മാധ്യമ പ്രവർത്തകരെയും ‘കേന്ദ്ര അനേഷണ ഏജൻസിയെ’ ഉപയോഗിച്ചു കൊണ്ട് രണ്ടാം മോദി സർക്കാർ അറസ്റ്റു ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടലുകളെ ന്യായീകരിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ പ്രയോഗമാണ് ‘അർബൻ നക്സലറ്റ്’.
ഭീമാ-കൊറേഗാവ് കേസിൽ അറസ്റ്റിലായവർ
ദലിത് ആക്റ്റിവിസ്റ്റും, അംബേഡ്കറുടെ മരുമകനുമായ ആനന്ദ് തെൽതുംഡെ (ആരോഗ്യ പ്രശ്നത്തെ തുടർന്ന് പിന്നീട് കോടതി ജാമ്യം അനുവദിച്ചു), കവിയും തെലുങ്ക് സാഹിത്യ നിരൂപകനുമായ പി. വരവരറാവു, ജാർഖണ്ഡിലെ സർക്കാർ-കോർപറേറ്റ് കൂട്ടുകെട്ട് കുടിയിറക്കുന്ന ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി, ഛത്തീസ്ഖഡിലെ ചൂഷണത്തിനിരയാവുന്ന സ്ത്രീ-തൊഴിലാളി-ആദിവാസി സമൂഹത്തിനു വേണ്ടി വാദിക്കുന്ന അഡ്വ. സുധാ ഭരദ്വാജ്, ക്യാമ്പസുകളിലെ ജാതീയതക്കെതിരെ സംസാരിക്കുന്ന ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫ. ഹാനി ബാബു, ആക്റ്റിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമായ റോണാ വിൽസൺ, ഗൗതം നവലാഖ, സോമ സെൻ, അരുൺ ഫെറോറ, മഹേഷ് റാവത്ത്, വേർണോൺ ഗോൺസാൽവസ് തുടങ്ങി രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള 16 പേരെ മോദി ഭരണകൂടം ‘അർബൻ നക്സലൈറ്റു’കളായി മുദ്രകുത്തി, രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി വിചാരണാ തടവുകാരായി ജയിലിലടച്ചിരിക്കുകയാണ്. എന്നാൽ ഇവരാരും തന്നെ 2018ലെ ഭീമ-കൊറേഗാവ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുക പോലും ചെയ്തിട്ടില്ല. തീവ്രവാദി, വർഗീയവാദി, മാവോയിസ്റ്റ്, നക്സലൈറ്റ് തുടങ്ങിയ വാക്കുകൾ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥിതിയിൽ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള പ്രയോഗങ്ങളായാണ് പലപ്പോഴും ഉപയോഗിക്കപ്പെടാറുള്ളത്. എന്നാൽ അർബൻ നക്സലൈറ്റ് പുതുമയുള്ളതാണ്. എഴുത്തുകാരനും, ചലച്ചിത്ര സംവിധായകനുമായ വിവേക് അഗ്നിഹോത്രിയാണ് അർബൻ നക്സലൈറ്റ് എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത്.2018ൽ പുറത്തിറക്കിയ “Urban Naxals: The Making of Buddha in a Traffic Jam” എന്ന പുസ്തകത്തിലാണ് അർബൻ നക്‌സലുകളെ കുറിച്ച് വിശദീകരിക്കുന്നത്. “ഇവർ ഇൻഡ്യയുടെ അദൃശ്യ ശത്രുക്കളാണ്. സമൂഹത്തിൽ വളരെ സ്വാധീനമുള്ള ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളുമാണ് തങ്ങളെന്ന് ഇവർ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയുന്നു”. ഇങ്ങനെ തുടങ്ങുന്നു അർബൻ നക്സലുകളെ കുറിച്ച അഗ്നിഹോത്രിയുടെ വിവരണം. അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് ഈ പുസ്തക പ്രകാശനം നടക്കുന്നത്.
വിവേക് അഗ്നിഹോത്രി
ഈ പുസ്തകം പുറത്തിറങ്ങിയത്തിനു ശേഷമാണ്, രണ്ടാം മോദി സർക്കാർ 2018 ഓഗസ്റ്റ് മുതൽ ഭീമ-കൊറേകാവ് കേസിലെ അറസ്റ്റുകൾ തുടങ്ങുന്നതും, അർബൻ നക്സലൈറ്റ് എന്ന പ്രയോഗം വ്യാപിപ്പിക്കുന്നതും. എൽഗാർ പരിഷത് സംഘടിപ്പിക്കുന്നതിലൂടെ രാജീവ് ഗാന്ധി വധിച്ചതു പോലെ നരേന്ദ്ര മോദിയെ വധിക്കാനും, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ആക്രമണങ്ങൾ സംഘടിപ്പിക്കാനും ഇവർ പദ്ധതിയിട്ടതായി പറയുന്ന കത്തുകൾ ഇവരിൽ ചിലരുടെ ലാപ്‌ടോപ്പുകളിൽ നിന്നും കണ്ടെടുത്തു എന്നു പോലീസ് പറയുണ്ട്. എന്നാൽ 2020 ജനുവരിയിൽ റോണാ വിൽസന്റെ ലാപ്‌ടോപ്പ് പരിശോധനയിൽ, തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസിയായ ‘ആർസണൽ കൺസൾട്ടൻസി’ മുന്നോട്ടു വന്നു. കംപ്യൂട്ടറിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന കത്ത് മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്നാണ് ഇവർ കണ്ടെത്തിയത്. ഇങ്ങനെ കൃത്യവും വ്യക്തവുമല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെല്ലാവരും ജയിലിൽ കഴിയുന്നത്. വെളുത്ത വംശീയതക്കെതിരെ അമേരിക്കയിൽ രൂപപെട്ട ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മുന്നേറ്റത്തിന്റെ പ്രവർത്തകരായ പട്രീസ് ഖാന്‍ കുള്ളേഴ്‌സും ആശാ ബെന്റലെയും ചേർന്ന് തങ്ങളുടെ സമര-ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുസ്തകം എഴുതുന്നുണ്ട്. When They Call You a Terrorist: A Black Lives Matter Memoir’ എന്ന തലക്കെട്ടിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കറുത്ത വംശജരുടെ അവകാശ സമരങ്ങളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അമേരിക്കൻ ഭരണകൂടം ‘തീവ്രവാദികൾ’ എന്ന മുദ്ര കുത്തുന്നതിലൂടെ എപ്രകാരമാണ് നിശ്ശബ്ദമാക്കൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറയാൻ ശ്രമിക്കുന്നത്. ഇൻഡ്യയിലും സംഭവിക്കുന്നത് മറിച്ചല്ല. ന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങളെ കുറിച്ച ബോധ്യത്തിൽ നിന്ന് സംഘടിക്കുന്നത് ഹിന്ദുത്വത്തിന്റെ നിലനിൽപിന് എന്നും ഭീഷണിയാണ്. അതുകൊണ്ടു തന്നെയാണ് ഭീമ-കൊറേഗാവ് അനുസ്മരണത്തെ ഹിന്ദുത്വ വാദികൾ ഭയക്കുന്നത്. ന്യൂനപക്ഷ ചെറുത്തുനിൽപ്പുകൾ സാധ്യമാക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും ചിന്തകരെയും അർബൻ നക്സലൈറ്റുകളാക്കുന്നതിലൂടെ ഭരണകൂടം നിശബ്ദമാക്കൻ ശ്രമിക്കുന്നതും ഇതുതന്നെയാണ്.
ആദിൽ അയ്യൂബി- മീഡിയ വൺ അക്കാദമിയിൽ ജേർണലിസം വിദ്യാർഥിയാണ് ലേഖകൻ