ബിജെപിയുടെ ‘ഉൾക്കൊള്ളൽ’ തന്ത്രങ്ങൾ: ദ്രൗപതി മുർമു പ്രസിഡന്റാകുമ്പോൾ
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷവും, ഒരു ഹിന്ദു അമ്പലത്തിന്റെ പരിസരം അടിച്ചുവാരുന്നത് പ്രക്ഷേപണം ചെയ്യാൻ ദേശീയ മാധ്യമങ്ങളെ മുർമു അനുവദിക്കുകയുണ്ടായി. ബിജെപിയുടെ സന്നദ്ധയായ കാര്യകർത എന്ന നിലക്ക്, ഗവർണറായിരിക്കുമ്പോൾ പോലും കർഷക നിയമങ്ങൾ, ഹിന്ദി ദേശീയ ഭാഷ, ഗോമൂത്രം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയുടെ ഔദ്യോഗിക നയങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വരികയും ചെയ്തു മുർമു. ശിവസുന്ദർ എഴുതുന്നു.
ജൂലൈ 28ന്, അഥവാ ബിജെപി നാമനിർദേശം ചെയ്ത എൻ.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി സാന്താളി വിഭാഗത്തിൽപ്പെട്ട ആദിവാസി വനിത ദ്രൗപതി മുർമു പത്രിക സമർപ്പിച്ചതിന് നാലു ദിവസങ്ങൾക്കു ശേഷമാണ് “വന (സംരക്ഷണ) നിയമങ്ങൾ-2022″നെ കുറിച്ച അറിയിപ്പ് ബിജെപി ഗവണ്മെന്റ് പുറത്തു വിടുന്നത്. അവസാന അനുമതിയുടെ ഘട്ടത്തിൽ പോലും വന നിയമങ്ങളെ അംഗീകരിക്കേണ്ടതില്ലാത്ത വിധം ‘ബിസിനസ് എളുപ്പമാക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങൾ നിർമിച്ചെടുത്തിട്ടുള്ളത്. പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2022 ജനുവരി ആറിനു നൽകിയ വിജ്ഞാപനമനുസരിച്ച്, ആദിവാസികൾക്ക് അർഹതപ്പെട്ട വനഭൂമി ഹെക്ടറിന് പരമാവധി 16 ലക്ഷം രൂപ വരെ നൽകി കൈവശപ്പെടുത്താൻ കച്ചവട താൽപര്യക്കാർക്ക് കഴിയും. ജൽ-ജംഗിൾ-ജമീൻ അഥവാ, ജലം-വായു-വനം എന്നിവക്കു മേലുള്ള ആദിവാസികളുടെ അവകാശത്തിന് നിയമ സാധുത നൽകുന്ന 2006ലെ വന നിയമത്തിന്റെ ആത്മാവിനെ മൊത്തമായും ചോർത്തിക്കളയുന്നതാണ് പുതിയ നിയമങ്ങൾ.
ഇൻഡ്യയുടെ ആദ്യ ആദിവാസി പ്രസിഡന്റാവും എന്നുറപ്പുള്ള ദൗപതി മുർമു, തന്റെ അധികാരമുപയോഗിച്ച് മോഡി ഭരണകൂടത്തിനും കൂട്ടാളികൾക്കും എതിരായി ആദിവാസികളുടെ താൽപര്യ സംരക്ഷണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കും എന്നു കരുതുന്നതിൽ കാര്യമുണ്ടോ?
ദൗർഭാഗ്യവശാൽ, ഇല്ല എന്ന ഉത്തരം ഏതാണ്ട് വ്യക്തമായ സാഹചര്യമാണുള്ളത്. സമാനമായ ഉദ്ദേശ്യങ്ങളോടെ, മുർമു ജാർഖണ്ഡ് ഗവർണറായിരിക്കുന്ന സമയത്ത് അന്നത്തെ ബിജെപി ഗവണ്മെന്റ് സമർപ്പിച്ച ബില്ലുകളെ തിരിച്ചയച്ച ധീരമായ നടപടിയാണ് അവരുടെ ‘നിഷ്പക്ഷരായ’ പിന്തുണക്കാർ എടുത്തുകാട്ടുന്നത്. എങ്കിൽ പോലും, അവരിൽ പലരും വിഷയത്തെ നേരെ ചൊവ്വേ അഭിമുഖീകരിക്കാൻ വിമുഖത കാട്ടുന്നവരാണ്: ആദിവാസിയായിരിക്കുമ്പോൾ തന്നെ, ഒരു തികഞ്ഞ സസ്യാഹാരിയും ബ്രഹ്മകുമാരിയുമാണ് (അഥവാ, ഒരു മേൽജാതി ആത്മീയ സംഘം) അവർ. ഒരു മതേതര ഭരണഘടനയുടെ അമരക്കാരിയായി മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷവും, താൻ ഒരു ഹിന്ദു അമ്പലത്തിന്റെ പരിസരം അടിച്ചുവാരുന്നത് പ്രക്ഷേപണം ചെയ്യാൻ ദേശീയ മാധ്യമങ്ങളെ അനുവദിക്കുക വഴി സവർണ ഹിന്ദു യഥാസ്ഥിതികതയോടുള്ള കൂറ് ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട് മുർമു. ബിജെപിയുടെ സന്നദ്ധയായ ഒരു കാര്യകർത എന്ന നിലക്ക്, ഗവർണറായിരിക്കുമ്പോൾ പോലും കർഷക നിയമങ്ങൾ, ഹിന്ദി ദേശീയ ഭാഷ, ഗോമൂത്രം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയുടെ ഔദ്യോഗിക നയങ്ങളെ പിന്തുണച്ചു കൊണ്ട് നിലപാട് പ്രഖ്യാപിക്കാൻ അവരൊട്ടും അമാന്തം കാണിച്ചിട്ടില്ല. ഗവർണർ ബംഗ്ലാവിന്റെ അടുക്കളയിൽ സസ്യാഹാരം മാത്രമേ പാകം ചെയ്യാവൂ എന്ന കർശനമായ നിർദ്ദേശവും അവർ നൽകിയിരുന്നു. അവർ ഗവർണറായിരിക്കുമ്പോൾ, ജാർഖണ്ഡിലെ പതാൽഗഡി മുന്നേറ്റത്തിനു മേൽ സ്റ്റേറ്റ് അഴിച്ചുവിട്ട ഭീകരമായ മർദനങ്ങളെ പറ്റി അവർ പാലിച്ച ഭീതിതമായ മൗനം, ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അവരുടെ കൂറിന്റെ ആഴം വ്യക്തമാക്കുന്നു. ഇങ്ങനെ വരുമ്പോൾ, ബിൽ തിരിച്ചയച്ച നടപടി വിചിത്രമായ ഒരു അപവാദം മാത്രമാണ്.
ഭരണഘടനയുടെ തലവിയായുള്ള ആദിവാസിയായ മുർമുവിന്റെ തീരുമാനിച്ചുറപ്പിച്ച ഉയർച്ച, അല്ലെങ്കിൽ അതിനും മുൻപ്, ആ സ്ഥാനത്തേക്ക് തന്നെയുള്ള ദലിതനായ കോവിന്ദിന്റെ ഉയർച്ച, ഇതെല്ലാം കീഴാള വിഭാഗങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്റെയും ഉയർന്ന അവബോധങ്ങളുടെയും പുതിയ വെല്ലുവിളികളെ ആട്ടിമറിച്ചുകൊണ്ട്, ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥയെ സ്ഥാപിക്കാനുള്ള ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ പ്രത്യയശാസ്ത്രപരമായ തന്ത്രങ്ങളുടെ ഭാഗമാണ്. അവർ പ്രയോഗിക്കുന്ന തന്ത്രം വളരെ ലളിതമാണ്, “പ്രതീകാത്മകമായ ഉൾക്കൊള്ളലിലൂടെ സ്ഥിരമായ പുറംതള്ളൽ!”
മണ്ഡലാനന്തരം ഹിന്ദുത്വ ശക്തികൾ ആർജിച്ചെടുത്ത തന്ത്രമാണിത്. പ്രബലരല്ലാത്ത ഒബിസി, പ്രാദേശിക ദലിത് ജാതി വിഭാഗങ്ങൾ എന്നിവർക്കിടയിൽ തങ്ങളുടെ സാമൂഹിക അടിത്തറ വികസിപ്പിക്കാൻ ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന സുസംഘടിതമായ മുന്നേറ്റങ്ങൾ 2014 മുതൽ ഫലം നൽകുന്നുണ്ട്. സ്വതവേ പുറംതള്ളൽ സ്വഭാവമുള്ള ബ്രാഹ്മണിക ശക്തികൾക്ക് ‘ഉൾകൊള്ളലിന്റേതായ’ ഒരു മുഖം നൽകുന്നതിൽ, മുന്നാക്കക്കാരല്ലാത്ത കല്യാൺ സിങ്, നരേന്ദ്ര മോഡി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ അധികാരത്തിലേക്കുള്ള തന്ത്രപരമായ ഉയർച്ച പ്രതീകാത്മകമായ ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹിന്ദു ഐക്യത്തിന്റെ മൗലികമായ വാർപ്പ് മുസ്‌ലിംവിരുദ്ധ വിദ്വേഷത്തിന്റേതാണെങ്കിലും: ശ്രേണീബദ്ധമായ ജാതി ക്രമവും ബ്രാഹ്മണിക അപ്രമാദിത്യവും, സംസ്‌കൃതവത്കരിക്കപ്പെട്ട (sanskritized) ശൂദ്ര-ദലിത വിഭാഗങ്ങളുടെ സമ്മതത്തോടെയുള്ള ഭാഗഭാഗികത്വത്തിലും രക്ഷാകർതൃത്വം ഏറ്റടുക്കലിലും ഊന്നിയ മനുസ്മൃതിയുടെ പ്രയോഗം, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിനവ ബ്രാഹ്മണികതയിൽ ബുദ്ധിപരമായി കണ്ണിചേർക്കപ്പെട്ടതാണ് അതിന്റെ (ഹിന്ദു ഐക്യത്തിന്റെ) രാഷ്ട്രീയം.
2022 യുപി ഇലക്ഷനെ സംബന്ധിച്ച് ക്രിസ്റ്റോഫ് ജെഫ്രലോട്ട്, ഗിൽസ് വെർണിയേഴ്സ് എന്നിവർ നടത്തിയ പഠനം ഈ സൂചനയെ ശരിവെക്കുന്ന മറ്റനേകം വിവരങ്ങൾ നൽകുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെയും, ഗവണ്മെന്റിൽ യഥാർഥ അധികാരങ്ങളുള്ള മന്ത്രിമാരുടെയും എണ്ണത്തിൽ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി ഗവണ്മെന്റിന് അഭൂതപൂർവമായ മേൽക്കൈ ഉണ്ടെന്ന് നിസ്തർക്കമായ സ്ഥിതിവിവര കണക്കുകളുടെ അകമ്പടിയോടെ പഠനം തെളിയിക്കുന്നു. പ്രബലരല്ലാത്ത ഓബീസീ-ദലിത് വിഭാഗങ്ങൾക്കു മേൽ മണ്ഡൽ പാർട്ടികൾക്കുള്ള സ്വാധീനത്തെ തകർക്കാൻ ഇത്തരം പ്രതീകാത്മക ഏറ്റെടുക്കലുകൾ സഹായകമാവുമ്പോൾ തന്നെ, സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിൽ നിന്നും ഉരുവംകൊള്ളുന്ന, രാഷ്ട്രീയപരമായ വെല്ലുവിളികൾ ഉയർത്തുന്ന വിഭാഗങ്ങളെ അലസിപ്പിക്കാനും ഇതുവഴി സാധിക്കുന്നു. കുറച്ച് ഓബീസീ സമുദായങ്ങളുടെ മാത്രവും, ദലിതരിൽ നിന്ന് സംഖ്യാപരമായി ഭൂരിപക്ഷമുള്ള ഏതാനും ജാതികളുടെ മാത്രവും ആധിപത്യം സാധ്യമാക്കിയ സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ (social justice politics) ഒരു മൗലികമായ പ്രശ്നമായിരുന്നു ഇത്. നിലനിൽക്കുന്ന ‘സാമൂഹിക നീതി രാഷ്രീയത്തെ’ കുറിച്ച് മാത്രമല്ല, ‘സാമൂഹിക നീതി’ എന്ന ആശയത്തെ കുറിച്ചു തന്നെയുള്ള ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ അവിശുദ്ധമായ ആഖ്യാനങ്ങൾക്ക് ഇതുമുഖേന വിശ്വാസ്യത കൈവന്നു. അപ്രകാരം, ദലിതരിൽ നിന്നും ഓബീസീ വിഭാഗങ്ങളിൽ നിന്നും ഇതുവരെ അവഗണിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്തിരുന്ന വിഭാഗങ്ങളെ (പ്രതീകത്മകമായി) ഉൾക്കൊള്ളുകയും പ്രതിനിധീകരിക്കുകയും ചെയ്യുക വഴി, ശ്രേണീബദ്ധമായ സാമൂഹിക ക്രമത്തെ തുടർത്താനുള്ള സ്ഥാപനപരമായ ശ്രമങ്ങൾക്ക് സാധുത നൽകപ്പെട്ടു.
ഇടത്-പുരോഗമന രാഷ്ട്രീയത്തിലെ ജനാധിപത്യവത്കരണത്തിന്റെ അപര്യാപ്തത ബിജെപി-ആർഎസ്എസ് ഇരട്ടത്താപ്പിന് കളമൊരുക്കുകയും ചെയ്തു.
2019ന് ശേഷം മോഡി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ, ഭരണഘടനാ തത്വങ്ങളുടെ എല്ലാ തരം ലംഘനങ്ങളും, ദലിതരുടെയും മറ്റു അരികുവത്കൃത വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളും കണ്ടില്ലെന്നു നടിച്ച പ്രസിഡന്റ് ഓഫീസിന്റെ നടപടികൾ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഇവരുടെ ഉൾക്കൊള്ളൽ നടപടികൾ സ്ഥിരമായി പുറംതള്ളലുകളെ സാധ്യമാക്കുന്നത് എന്നതിന് കൂടുതൽ തെളിവുകളും ഇതു നൽകുന്നുണ്ട്.
മോഡി ഗവണ്മെന്റിന് കീഴിലെ ഉന്നത ജുഡീഷ്യറിയുടെ പ്രവർത്തനത്തിലും ഈ പ്രതീകാത്മകതയുടെ സീമകൾ വ്യക്തമാകുന്നുണ്ട്. ഭരണത്തിലിരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളാത്ത ജഡ്ജിമാരെ മോഡി ഗവണ്മെന്റ് നിരാകരിക്കുമ്പോൾ തന്നെ, കുറഞ്ഞ പ്രതിനിധാനമുള്ള സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരെ ഉയർത്തിക്കൊണ്ടു വന്നവർ എന്ന് സ്വയം അഭിമാനം കൊള്ളുകയും ചെയ്യുന്നു ഇവർ. എന്നാൽ, സുപ്രീംകോടതിൽ ഉള്ള ഒരേയൊരു ദലിത് ജഡ്ജി തന്നെയാണ് സാമ്പത്തിക സംവരണം, ജുഗ്ഗി സെറ്റിൽമെന്റിന്റെ കുടിയൊഴിപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ മേൽജാതി-വർഗ പ്രിവിലേജുകളെ തുടർത്തുന്നതും.
സുപ്രീംകോടതിയിലുള്ള ഒരേയൊരു മുസ്‌ലിം ജഡ്ജി തന്നെയാണ് ബാബരി മസ്ജിദ് തകർത്തവർക്ക് രാമ ക്ഷേത്രം നിർമിക്കാനുള്ള അനുമതി കൊടുക്കുക വഴി ബാബരി മസ്ജിദ് തകർച്ചയെ നിയമപരമായി അംഗീകരിച്ചത്. ഈ മുസ്‌ലിം ജഡ്ജി തന്നെ, ഒരു പടി കൂടി കടന്ന്, മനുവിൽ നിന്നും കൗടില്യനിൽ നിന്നും ലഭ്യമായ അറിവുകൾ ഉപയോഗിച്ച് നിയമതത്വങ്ങളെ ഇൻഡ്യൻവത്കരിക്കണം എന്നുപോലും അഭിപ്രായപ്പെട്ടു.
ഇപ്രകാരം, സ്വത്വ രാഷ്ട്രീയത്തെ പ്രതീകാത്മക പ്രതിനിധാനത്തിലേക്ക് ചുരുങ്ങിയതു വഴി ഹിന്ദുത്വ രാഷ്ട്രീയത്തിന് ദ്വിമുഖമായ ഗുണങ്ങളുണ്ടായിട്ടുണ്ട്.
ഒരുവശത്ത്, അടിച്ചമർത്തപെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്ത സമുദായങ്ങളിൽ നിന്നുള്ള ഒരു ചെറു വിഭാഗത്തിന്റെ അവസരവാദപരമായ ഉയർച്ചക്ക് അതു വഴിയൊരുക്കി. അടിച്ചമർത്തപെട്ടവരുടെ മൂല്യങ്ങളിൽ നിന്ന് വേർപ്പെടുത്തപ്പെട്ട ഈ വിഭാഗം സ്വാഭാവികമായും ഹിന്ദുത്വ ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയും ചെയ്തു. അപ്രകാരം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കീഴളാരുടെ ഇടയിൽ ഒരു സാമൂഹിക അടിത്തറ രൂപപ്പെട്ടു.
മറ്റൊരു വശത്ത്, ജനാധിപത്യപരമായ പുനർവിതരണത്തിന്റെ അജണ്ടകളിൽ നിന്നും മുക്തമായ സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോഗവും പ്രചാരണവും ബ്രാഹ്മണിക ഹിന്ദുത്വത്തിന് ഗുണകരമായി.
ഹിന്ദു സ്വത്വത്തെ കാര്യമായി ഉയർത്തിക്കാട്ടിയ ഹിന്ദുത്വത്തിന്റെ അദ്വാനി കാലഘട്ടത്തിൽ, ഹിന്ദു എന്ന വിശാല സ്വത്വത്തിൽ ഉള്ളടങ്ങിയ ജാതിയുടെയും വർഗത്തിന്റെയും പ്രശ്നങ്ങളെ പ്രയോജനപ്പെടുത്താൻ സമത്വത്തെയും സാമൂഹിക നീതിയെയും അടിസ്ഥാനപ്പെടുത്തി ഉയർന്നുവന്ന ബദൽ രാഷ്ട്രീയ കക്ഷികൾക്ക് കഴിയാതെ പോയി. ഇപ്പോൾ, സാമൂഹിക നീതിയുടെയും പ്രതിനിധാനത്തിന്റെയും രാഷ്ട്രീയ മുന്നേറ്റങ്ങൾ ഈ പരിമിതിയെ തിരുത്തി മുന്നോട്ടു വരുമ്പോൾ, അടിച്ചമർത്തപെട്ടവർ എന്ന വിശാല സ്വത്വത്തിൽ ഉള്ളടങ്ങിയ വർഗ പ്രശ്നത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റൊരു അടി അടിച്ചിരിക്കുകയാണ് മോഡിയുടെ ഹിന്ദുത്വം. മുസ്‌ലിംകളിലുള്ള മർദിത വിഭാഗങ്ങളിലേക്ക് കൂടുതലായി കടന്നു ചെല്ലണം എന്ന, അടുത്തിടെ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ എടുത്ത തീരുമാനവും ഈ പശ്ചാത്തലത്തിൽ വേണം വായിക്കാൻ.
മർദിത വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും ആകുലതകളെ അലസിപ്പിക്കാനും വഴിതിരിച്ചു വിടാനും 90കളിൽ ബിജെപി-ആർഎസ്എസ് ശക്തികൾ ഹിന്ദു സ്വത്വ രാഷ്ട്രീയത്തെ പ്രയോഗിച്ചപ്പോൾ, 2014നു ശേഷം, ഹിന്ദുത്വ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്തിയേക്കാവുന്ന സ്വത്വങ്ങളെ ഏറ്റെടുത്തുകൊണ്ട് അവരുടെ രാഷ്ട്രീയത്തെ അട്ടിമറിച്ചു കൊണ്ടാണ് അത് വിജയം കൊള്ളുന്നത്.
മർദിത വിഭാഗങ്ങളിൽ നിന്നുള്ള അവസരവാദികളായ ഒരു ചെറു വിഭാഗത്തിന്റെ ഉയർച്ചയെ സഹായിക്കുകയും, അവരെ പ്രതീകത്മകമായി ഉൾക്കൊള്ളുകയും ഏറ്റെടുക്കകയും ചെയ്യുകയും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വെല്ലുവിളിയാകുന്ന സ്വത്വ വിഭാഗങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന തന്ത്രം ഇപ്പോൾ ബിജെപി-ആർഎസ്എസ് സഖ്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. നവ-ബ്രാഹ്മണിക അധീശത്വം നിർമിക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് ഇത്തരം നീക്കങ്ങൾ.
ജനാധിപത്യ ശക്തികളുടെ സത്യസന്ധമായ പുനരവലോകനങ്ങളിലൂടെ മാത്രമേ വഞ്ചനാത്മകമായ ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള വെല്ലുവിളികൾ ഉയർത്താനാവൂ. നിത്യമായ ഉൾകൊള്ളാലുകളെ സാധ്യമാക്കുന്നതും റാഡിക്കലുമായ രാഷ്ട്രീയത്തിലൂടെ സ്വയം പുനരവതരിക്കേണ്ടതും അവരുടെ മേൽ അത്യാവശ്യമാകുന്നു.
ശിവസുന്ദർ- സീനിയർ മാധ്യമ പ്രവർത്തകനാണ് ലേഖകൻ