മാലിക്: ചരിത്രം, പ്രതിനിധാനം, ഭരണകൂട ഭീകരത
കടപ്പുറം നിവാസികളെക്കുറിച്ച് സിനിമകളും സാഹിത്യവും നിർമിച്ച മുന്‍വിധികൾ തന്നെയാണ് മാലിക്കും പിന്തുടരുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ പോലീസ് വെടിവെപ്പിന്റെ ദൃക്സാക്ഷികൾ ഇപ്പോഴും ജീവിച്ചിരിക്കെയാണ്, മുസ്‌ലിം അപരവത്കരണത്തിന്റെ പതിവു ശൈലിയിൽ മാലിക് ചിത്രീകരിക്കപ്പെടുന്നത്. ഉവൈസ് നടുവട്ടം എഴുതുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമ പുനർവിചിന്തനങ്ങൾക്ക് വിധേയമാവുകയാണ്. ഭരണകൂട ഭീകരതയുടെ ചരിത്ര സാക്ഷ്യങ്ങളെ പൂർണമായല്ലെങ്കിലും, അത്തരമൊരു വംശീയ നരനായാട്ടിനെ ഭാഗികമായി ചിത്രീകരിക്കാൻ സാധിച്ചതു കൊണ്ടുതന്നെയാണ് മാലിക് എന്ന സിനിമ പ്രേക്ഷകശ്രദ്ധ ആകർഷിച്ചത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരുടെ അഭിനയം മാലികിനെ മികച്ചതാക്കുന്നുണ്ടെങ്കിലും, വസ്തുതാപരമായി സിനിമ സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.
ബദ്‌രീ കടപ്പുറം, റമദാപള്ളി എന്നിവയിൽ നിന്നു തുടങ്ങുന്ന സിനിമ ബീമാപള്ളിയിലെ ഇടതു സർക്കാറിനു കീഴിലുള്ള പോലീസ് നരനായാട്ടിനെയാണ് ദൃശ്യപ്പെടുത്തുന്നത്. കടലോര ഗ്രാമങ്ങളിലെ ദൈനംദിന ജീവിതങ്ങൾ, സംഘർഷഭരിതമാവുന്ന തീരദേശ വാസികളുടെ വർത്തമാന ശൈലി, മുസ്‌ലിം വ്യക്തിക്ക് ചാർത്തിക്കിട്ടുന്ന വില്ലനിസം, കയ്യൂക്കുള്ളവർ കൈകാര്യം ചെയ്യുന്ന നിയമ നിയന്ത്രണങ്ങൾ, സുലൈമാൻ അലി മാലിക് എന്ന നായകൻ സ്വയം സൃഷ്ടിച്ചെടുക്കുന്ന നിയമങ്ങളും പരിഹാരങ്ങളും തുടങ്ങി, രണ്ടേമുക്കാൽ മണിക്കൂറോളം മികച്ച ഷോട്ടുകളിലൂടെ മാലിക് പ്രേക്ഷകരുമായി സംവദിക്കുന്നു.
മറച്ചുവെക്കപ്പെടുന്ന ബീമാപള്ളി വെടിവെപ്പ് സംഭവം 2009 മെയ് 17ന് എസ്ഐ രാജശേഖരന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് നടത്തിയ ആസൂത്രിത നീക്കം തന്നെയായിരുന്നു. ഭരണകൂടത്തിന്റെ ബ്രാഹ്മണ വയലൻസ് മാത്രമായിരുന്നു വെടിവെപ്പിനു പിന്നിലെന്ന് വിദഗ്ധ അന്വേഷണ റിപ്പോർട്ടുകൾ ബാക്കിയിരിക്കെയാണ്, അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമടങ്ങുന്ന പ്രതികളെ പരാമർശിക്കാതെ, മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തിൽ നിന്ന് ഉടലെടുത്ത ലഹള എന്ന ഇസ്‌ലാമോഫോബിക് ആഖ്യാനത്തെ ഒളിച്ചുകടത്താൻ സംവിധായകൻ ശ്രമിച്ചത്. രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ എന്ന് പറയാൻ മൗലികമായ ഒരു കഥയും മാലിക് എന്ന സിനിമയിലില്ല. പകരം, ഇത്രയും കാലം കണ്ട ഗ്യാങ്സ്റ്റർ സിനിമകളുടെ ഒരു ട്രിബ്യൂട്ട് എന്ന ആശയമാണ് സിനിമയുടെ പിന്നിൽ.
കടലോരങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അക്രമങ്ങളായി മാറുമ്പോൾ, സിനിമയടക്കമുള്ള സാമൂഹിക ഇടങ്ങളിലെ നിര്‍മിത പൊതുബോധം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; “അജ്ഞരും അക്രമാസക്തരുമായ കടപ്പുറത്തുകാരുടെ പ്രതികരണ രീതിയാണ് ഇത്”. കേരളത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുമായോ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളുമായോ ഇതിനു യാതൊരു ബന്ധവുമില്ലെന്നും ഒരേ സംഭവങ്ങള്‍ക്കു ശേഷവും മുഖ്യധാരാ മലയാളി സമൂഹം ആവര്‍ത്തിച്ചു വിലയിരുത്തിക്കൊണ്ടേയിരിക്കാന്‍ ഇടതുപക്ഷ ചിന്തകര്‍ സമീപകാലങ്ങളിലായി ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരത്തിലൊന്നായ് മാലിക് എന്ന സിനിമയെ വിലയിരുന്നതിൽ തെറ്റൊന്നുമില്ല.
ബീമാപള്ളിയിൽ നടന്ന ഇടതു സർക്കാറിന്റെ വംശീയ നരനായാട്ടിനെ രാഷ്ട്രീയ വിഷയമാക്കുകയോ ജനാധിപത്യ പ്രശ്‌നമാക്കുകയോ ചെയ്യാതിരുന്നതിന്റെ രാഷ്ട്രീയം തീർച്ചയായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.ഈ വെടിവെപ്പ് സാധൂകരിക്കപ്പെടുന്നത് വെടിവെച്ചവരുടെയോ അതിനു നേതൃത്വം നൽകിയ ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയോ നിലപാടുകളില്‍ മാത്രമല്ല മറിച്ച്, സംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ തന്നെയുള്ള പ്രബലമായ പ്രതിനിധാനങ്ങളിലും കൂടിയാണ്. ഈ വാദം കൂടുതല്‍ വ്യക്തമാകാനും, മുഖ്യധാരാ വ്യവഹാരങ്ങളില്‍ ബീമാപള്ളി എങ്ങനെ അടയാളപ്പെടുത്തപ്പെട്ടു എന്നു മനസ്സിലാക്കാനും രണ്ടായിരത്തി പതിനൊന്നില്‍ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന സിനിമയിലെ അജ്മല്‍ നാസര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയലോഗ് സഹായിക്കും: ”ബിലാല്‍ കോളനി…ന്യൂനപക്ഷ സമുദായം ശക്തമായ സ്ഥലമാണ് പള്ളിയോടു ചേര്‍ന്നു കിടക്കുന്ന കോളനി. പോലീസിന് പെട്ടെന്നങ്ങോട് കടന്നുചെല്ലാന്‍ പറ്റില്ല. ബ്ലാക്ക് മാര്‍ക്കറ്റ് ഗുഡ്‌സ് പിടിക്കാന്‍ ഒന്നു രണ്ടു തവണ ശ്രമിച്ചിട്ട് വെടിവെപ്പും മറ്റും ഉണ്ടായ സ്ഥലമാണ്”. ഇവിടെ ബിലാല്‍ കോളനി വളരെയെളുപ്പം മുസ്‌ലിംകളുമായും അവരുടെ ന്യൂനപക്ഷ സ്ഥാനവുമായും ബന്ധപ്പെടുന്ന ‘ഭീഷണിയായി’ മാറുന്നു. അതിലേറെ, കേരളത്തില്‍ ബീമാപള്ളിയെ വ്യത്യസ്തമാക്കുന്ന ‘നിയമവിരുദ്ധ വിപണിയെ’ കുറിച്ച സൂചനയിലൂടെയും, അവിടെ നടന്ന വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചുള്ള പ്രസ്താവനയിലൂടെയും ബീമാപള്ളിയെ തെറ്റായി അടയാളപ്പെടുത്താൻ ചിത്രം ശ്രമിക്കുന്നു. മറ്റൊരർത്ഥത്തിൽ മുസ്‌ലിം ഇടത്തെ വലിയൊരു ഭീഷണിയായും, യാഥാസ്തികരോട് പൊരുതി നേടിയ സ്ഥാനമായും ഇൻജക്റ്റ് ചെയ്യാൻ മുഖ്യധാര നിരന്തരം ശ്രമിചിട്ടുണ്ട്. മാലികിൽ ഫഹദ് ഫാസിലിന്റെ ഡയലോഗ്, “പോലീസുണ്ടാക്കിയ ലഹള, അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിൽ ഇവിടെയൊരു ലഹളയുമില്ല” എന്നതാണ് സിനിമയിൽ വസ്തുതക്കു നിരക്കുന്ന ഒരു സംഗതി.
എന്തുകൊണ്ടാണ് ബീമാപള്ളി വെടിവെപ്പ് ഒരു ബ്രാഹ്മണ-ഭരണകൂട ഹിംസയായി നമ്മുടെ മനസ്സിൽ പതിയാതെ പോകുന്നത്. അപരിഷ്‌കൃതരും അന്ധവിശ്വാസികളും നിയമം മറികടന്നു പ്രവര്‍ത്തിക്കുന്ന, പെട്ടെന്ന് അക്രമാസക്തരാവുന്ന ആളുകളുമാണ് ബീമാപള്ളിക്കാര്‍ എന്ന ധാരണ തന്നെയല്ലേ ഇന്നും പൊതുസമൂഹത്തിലുള്ളത്. ഒരര്‍ത്ഥത്തില്‍, വളരെ അപകടകരമായ ഇത്തരം ധാരണകളാണ് ഓരോ മുസ്‌ലിമിനെക്കുറിച്ചും പൊതുബോധം നിർമിക്കുന്നത്. വക്രീകരിക്കപ്പെട്ട ചരിത്രത്തിൽ മുസ്‌ലിമിന് ചാർത്തിക്കിട്ടുന്ന വില്ലനിസവും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.
ബീമാപള്ളി വെടിവെപ്പിനു പിന്നിൽ നടന്ന സംഭവങ്ങളെ ഇവിടെ സൂചിപ്പിക്കുന്നത് നന്നാവുമെന്ന് കരുതുന്നു. മെയ് 16, വെടിവെപ്പിന്റെ തലേദിവസം കൊമ്പ് ഷിബു എന്നയാള്‍ ബീമാപള്ളിയിലെത്തി വാഹനം പാര്‍ക്ക് ചെയ്തവരോടും കച്ചവടക്കാരോടുമെല്ലാം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും, ഇയാളുടെ അതിക്രമത്തിനെതിരെ സ്വാഭാവികമായും ബീമാപള്ളിക്കാര്‍ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഷിബുവിനെതിരെ നടപടിയെടുക്കാമെന്ന് പോലീസ് വാക്കു കൊടുത്തു. ഷിബു എന്നയാള്‍ ക്രിസ്ത്യന്‍ സമുദായക്കാരനാണെന്ന കാര്യം അവിടെ വിഷയമേയല്ല. അയാളുടെ അന്യായമായ പണപ്പിരിവാണ് പ്രശ്‌നം. സ്വാഭാവികമായും പോലീസ് നിസ്സംഗത കാണിച്ചു. മെയ് 17ന് കൊമ്പ് ഷിബു പോലീസ് ഉണ്ടായിരിക്കെത്തന്നെ ബീമാപള്ളിയിലെത്തി. അത് ബീമാപള്ളിക്കാര്‍ ചോദ്യം ചെയ്തു. വൈകാതെ തന്നെ ഷിബുവിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം രൂപപ്പെട്ടു. എന്നിട്ടും അയാളെ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറായില്ല. പ്രദേശത്ത് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്ന പോലീസ്, ഷിബുവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടവരും അല്ലാത്തവരുമായ, ജോലിയിലേര്‍പ്പെട്ടവും ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നവരുമായ ബീമാപള്ളിക്കാര്‍ക്കു നേരെ ഏകപക്ഷീയമായി വെടിവെപ്പു നടത്തുകയാണുണ്ടായത്. അതില്‍ ആറോളം പേർ കണ്ണിലും നെഞ്ചിലുമായി ബുള്ളറ്റ് തറച്ചാണ് കൊല്ലപ്പെട്ടത്. മറ്റൊരു തരത്തിൽ മാലിക് എന്ന സിനിമയിലെ ബദ്‌രീ കടപ്പുറം ചെറിയതുറയായും, റമദാപള്ളി ബീമാ പള്ളിയായും വിലയിരുത്തുമ്പോൾ, സുനാമി വന്ന് സർവ്വതും നഷ്ടമായ ചെറിയതുറയിലെ നിവാസികളെ പള്ളിയിൽ പാർപ്പിക്കാതെ ഗൈറ്റ് താഴിട്ടു പൂട്ടി, അതാണ് ജമാഅത്തിന്റെ തീരുമാനമെന്ന് തൂവെള്ള മൊല്ലമാർ പറയുമ്പോൾ, മാനത്തേക്ക് വെടിയുതിർത്ത് അതല്ല വേണ്ടതെന്ന് തിരുത്തിപ്പറയുന്ന നായകൻ സമുദായത്തെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് ചിന്തജിക്കണം. കേരളീയ സമാജത്തിൽ മത സാമുദായിക വിഷയത്തിൽ ന്യൂനപക്ഷങ്ങളായ മുസ്‌ലിം വിഭാഗം കെടുതികളുടെ കാലത്ത് സ്വീകരിച്ച മനുഷ്യത്വപരമായ നടപടികൾ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ മുസ്‌ലിം ആരാധാനാലയങ്ങളെയും അതിന്റെ കൈകാര്യ കർത്താക്കളെയും അപകീർത്തിപ്പെടുത്തുക തന്നെയല്ലേ സംവിധകൻ ചെയ്യുന്നത്. മലയാള സവർണ ബോധ്യങ്ങളിൽ മുസ്‌ലിം സ്വത്വത്തെ പിശാചുവത്കരിക്കുന്നത് മുൻ സിനിമകളിലേതുപോലെ മാലികിലുമുണ്ട് എന്നു പറയേണ്ടി വരും.
മാലികിൽ കണ്ട റമദാപള്ളിക്കാരുടെ ഉറൂസ് അവരുടെ തന്നെ ജീവവായുവായി മാറിയതിന്റെ ചരിത്രം മാർത്താണ്ഡവർമ കാലത്തേക്ക് മടങ്ങുന്നതാണ്. മാഹീൻ അബൂബക്കർ എന്ന സൂഫീ വര്യൻ ശുദ്ധി ചെയ്ത ബീമാ പള്ളിയിലെ പ്രദേശ വാസികളായ മുസ്‌ലിംകളെയാണ് മഹേഷ് നാരായണൻ മാലികിലൂടെ പ്രതികളായി ചിത്രീകരിക്കുന്നത്. ഐ.യു.ഐ.എഫ് എന്ന സാമുദായിക പാർട്ടിക്ക് സ്റ്റീരിയോ ടൈപ്പിക്കൽ കഥകളിലൂടെ ‘കാരണക്കാർ ഇവർ’ എന്ന് ആർകിടെക്റ്റ് ചെയ്യാൻ സിനിമ നന്നായി ശ്രമിച്ചിട്ടുണ്ട്. മറ്റൊന്ന്, ടാക്സ് കൊടുക്കാത്ത ക്രയവസ്തുക്കളുടെയും ആയുധങ്ങളുടെയും വ്യാജ സിഡി ശേഖരണത്തിന്റെയും അധോലോക മാർക്കറ്റായി റമദാപള്ളി പരിസരം സിനിമയിൽ സൃഷ്ടിച്ചത് ഖേദകരം തന്നെയാണ്. ശരിയായ സ്കൂൾ വിദ്യാഭ്യാസമില്ലെങ്കിലും പസോലിനിയുടെയും കിം കിം ഡുക്കിന്റെയുമൊക്കെ ലോക സിനിമ ശേഖരം, പൈറസി, ബ്രാന്റ് കൾച്ചർ തുടങ്ങിയവയുടെ ഒരു വലിയ ലോകം തന്നെയാണ് ബീമാ പള്ളി പ്രദേശ വാസികളുടെ വിപണി. അതെല്ലാം നിയമപരമാണങ്കിൽ പോലും അധികാരികളുടെ കണ്ണിൽ ഇവ ‘ബ്ലാക്ക് മാർക്കറ്റും’ കള്ളക്കടത്തും നിയമ ലംഘനവുമൊക്കെയാണ്. ഇതേ സർക്കാർ തന്നെയാണ് ബീമാപള്ളി വെടിവെപ്പ് വിഷയത്തിലുള്ള ജസ്റ്റിസ് രാമകൃഷ്ണൻ റിപ്പോർട്ടിനെ അട്ടിമറിച്ചതും.
സത്യത്തിൽ മാലിക്കിൽ മഹേഷ് നാരായണൻ പറഞ്ഞതല്ല വസ്തുതകൾ. എൺപതുകളിലും തൊണ്ണൂറുകളിലും ഏറിയും കുറഞ്ഞും പരസ്പരം പക്ഷം ചേർന്ന് മുസ്‌ലിം അപരവത്കരണത്തിന്റെ തേരോട്ടം നടത്തുന്ന പ്രവണത തിരക്കഥയിൽ കാണാൻ കഴിയുന്നുണ്ട്. ബ്രാഹ്മണിക്കൽ അധീശത്വവും അന്യയമായ അപനിർമിതികളും ചേർത്ത് നിർമിച്ച മാലിക് കേട്ടുകേൾവിയില്ലാത്ത അധോലോക മാഫിയയായി ബീമാപള്ളി പ്രദേശവാസികളെ ചിത്രീകരിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. പച്ചക്കൊടി പിടിച്ച രാഷ്ട്രീയക്കാരൻ ഉണ്ടാക്കിയെടുത്ത കലാപമായി ആഖ്യാനം ചെയ്തുകൊണ്ട് ബീമാപള്ളിക്കു നേരെ രണ്ടാം വെടിവെപ്പ് നടത്തുകയാണ് മഹേഷ് നാരായണൻ ചെയ്തിരിക്കുന്നത്.
ജെനി റൊവീനയെ പോലുള്ള എഴുത്തുകാരുടെ നിരീക്ഷണത്തില്‍, കടപ്പുറം നിവാസികളെക്കുറിച്ച് സിനിമയിലും സാഹിത്യത്തിലും വരുന്ന ചിത്രീകരണങ്ങളിൽ അവർ കൊല്ലപ്പെടേണ്ടവരാണന്ന മുന്‍വിധി പൊതുസമൂഹത്തിൽ സൃഷ്ടിച്ച്, സ്റ്റേറ്റിന്റെ വംശീയവും ആസൂത്രിതവുമായ വെടിവെപ്പുകളെ ന്യായീകരിക്കുന്ന രീതിയുടെ മറ്റൊരു പതിപ്പായി മഹേഷ് നാരായണൻ ചിത്രീകരിച്ച മാലികിനെ കാണേണ്ടിയിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെ മുറിവുകൾക്ക് ദൃക്സാക്ഷികളായ ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കെയാണ് മുസ്‌ലിം അപരവത്കരണത്തിന്റെ പതിവു ശൈലിയിൽ മാലിക് എന്ന സിനിമ ചിത്രീകരിക്കപ്പെടുന്നത്. ടെക്നിക്കൽ ബ്രില്യൻസ് കൊണ്ട് മാലിക് മികച്ചതാണങ്കിലും, ചരിത്ര വസ്തുതകളിലുള്ള പൊരുത്തക്കേടുകൾ മുഴച്ചുനിൽക്കുന്ന മാർക്കറ്റിങ് സിനിമയായി ഇതിനെ വിലയിരുത്താം.
- https://muslimheritage.in/innermore/56
- https://utharakalam.com/malik-review