നൊമാഡ്‌ലാന്റ്: നാടോടികൾ കുറുക്കുന്ന മുന്തിരികൾ

മൂലധന ക്രമത്തിലെ പൊങ്ങച്ചങ്ങൾക്ക് നാടോടി ജീവിതത്തിൽ സ്ഥാനമില്ലാത്തതു കൊണ്ടാണ് മുതലാളിത്തവും അതിന്റെ പാവ ഭരണകൂടങ്ങളും അധിവാസത്തെ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ, അധികാര വ്യവസ്ഥകളുടെ സകല പരിമിതികളെയും മറികടക്കുന്ന വിപുലമായ സാധ്യതയാണ് നാടോടിത്തം എന്ന തിരിച്ചറിവാണ് നൊമാഡ്ലാന്റ് നൽകുന്നത്. അഫ്സൽ മങ്ങാട്ടുപുലം എഴുതുന്നു.

1962ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവ് ജോൺ സ്റ്റീൻബെക്കിൻ്റെ ദ് ഗ്രൈപ്സ് ഓഫ് വ്രാത്ത് ഇപ്പോൾ വായന അർഹിക്കുന്നുണ്ട്. ‘ഡസ്റ്റ് ബൗൾ’ നോവൽ ത്രയത്തിൽപ്പെടുന്ന ഇൻ ഡൂബിയസ് ബാറ്റിൽ, ഓഫ് മൈസ് ആൻഡ് മെൻ എന്നിവയെക്കാളും ഒരുപടി മുന്നിലാണ് ഈ പുസ്തകം എന്നതിന്റെ സാക്ഷ്യമാണ് അതു നേടിയ പുലിസ്റ്റർ പ്രെെസും അതുവഴി നവീകരിക്കപ്പെട്ട രാഷ്ട്രീയ വ്യവഹാരവും. 1930കളിലെ ആഗോള മാന്ദ്യത്തിനു പുറമെ, സമതല പ്രദേശങ്ങളിലുണ്ടായ പൊടിക്കാറ്റും യന്ത്രവത്കരണവും മൂലം സംജാതമായ അഭയാർത്ഥി-തൊഴിൽ പ്രതിസന്ധി കാരണം അമേരിക്ക ശ്വാസം കിട്ടാതെ കഴിഞ്ഞ കാലത്താണ് പുസ്തകം എഴുതപ്പെടുന്നത്. ട്രാക്ടർ തൊഴിൽ നഷ്‌ടപ്പെട്ട ഒക്ലഹോമ പ്രദേശവാസികളായ ജോഡ് കുടുംബം, ജോലി അന്വേഷിച്ച് കാലിഫോർണിയ അടക്കമുള്ള പൂർവപ്രദേശങ്ങളിലേക്ക് നടത്തുന്ന പലായനവും, അവിടെ അവരനുഭവിക്കുന്ന യാതനകളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

പതിനാലോളം പേർ ഒരു പഴയ വാനിൽ യാത്ര തിരിക്കുമ്പോൾ കിഴക്കിനെക്കുറിച്ച് അവർ മനഃപായസം ഉണ്ണുന്നതും, അസ്തമയത്തിൽ വെള്ളവും വിറകും കിട്ടുന്നിടങ്ങളിൽ കുടുംബങ്ങളൊന്നിച്ചു തമ്പടിക്കുന്നതും, പാട്ടും വർത്തമാനവും ഭരണഘടനയും പരസഹായവുമൊക്കെയുള്ള സ്വതന്ത്ര രാജ്യങ്ങളായി മാറുന്നതും ഈ പുസ്തകത്തിലുണ്ട്. ഈ രാജ്യങ്ങളിൽ വെച്ച് കൂടെയുണ്ടായിരുന്ന നായയും മുത്തച്ഛനും മുത്തശ്ശിയും മരണപ്പെടുന്നതോടെ ആത്മവിശ്വാസം ചോർന്നുപോയ രണ്ടു സഹോദരങ്ങൾ പരസ്പരം വേർപിരിയുന്ന ദുര്യോഗത്തിന്റെ അവസരം മാത്രമല്ല, കാലിഫോർണിയയിലെ തൊഴിലില്ലായ്മയും വേതനക്കുറവും തൊഴിൽ തേടിയുള്ള നാടോടി ജീവിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതോടെ അവരനുഭവിക്കുന്ന അര്‍ദ്ധപട്ടിണിയും വംശീയ പീഡനവും മുതലാളിത്ത ചൂഷണവുമെല്ലാം ഉദ്വേഗ തീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട് സ്റ്റീൻബെക്ക്.

ജോൺ സ്റ്റീൻബെക്ക്

ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കെയാണ് ഈ വർഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഓസ്കാർ അവാർഡുകൾ നൊമാഡ്ലാന്റിനെ തേടിയെത്തുന്നത്. സ്റ്റീൻബെക്കിനെപ്പോലെ ജെസീക്ക ബ്രൂഡർ എഴുതിയ വസ്തുതാഖ്യാന കൃതിയായ നൊമാഡ്ലാന്റിനെ ആധാരമാക്കിയാണ് ‘ക്ലോയ് ഷാവോ’യുടെ ഈ ഡോക്യൂഫിക്ഷൻ വരുന്നത്. ദ് ഗ്രെയ്പ്സ് ഓഫ് വ്രാത്ത് സിനിമയാക്കിയതിന് ജോൺ ഫോർഡിനും മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ ഫേൺ, ഭർത്താവ് ബോവിന്റെ മരണശേഷം നെവാഡയിലെ എംപയർ ടൗണിലെ വീടുവിട്ട് സ്വന്തം വാനിൽ ജോലി തിരക്കി യാത്ര തിരിക്കുന്നതും, ശേഷമുള്ള അലച്ചിലും അതിനിടയിലെ അവരുടെ അനുഭവങ്ങളുമാണ് കഥാതന്തു. പുസ്തകവും ചിത്രവും തമ്മിലുള്ള ചേർച്ചയും ചോർച്ചയും പരിശോധിക്കപ്പെടേണ്ടതാണ്. ഗ്രൈപ്സ് ഓഫ് വ്രാത്തിലെ ഒക്ലഹോമ പ്രേതഭൂമിയാകുന്നത് കൃഷിയിടങ്ങളിലെ പാട്ടക്കാരായ ജോഡ് കുടുംബത്തിനെ ബാങ്ക് ജോലിയിൽ നിന്നു മാറ്റി, ട്രാക്ടറുകൾ ഉൾപ്പെടെയുള്ള യന്ത്രസംവിധാനത്തെ ഏൽപ്പിക്കുന്നതോടെയാണെങ്കിൽ, ഖനന വ്യവസായം കെട്ടിപ്പടുത്ത നൊമാഡ്ലാന്റിലെ എംപയർ ഖനനം അവസാനിക്കുന്നതോടെ ഇവിടവും പ്രേതനഗരമാവുകയാണ്. പുസ്തകവും സിനിമയും ‘റോഡ് ഫിക്ഷനാ’ണെങ്കിൽ, രണ്ടിലുമുള്ള സഞ്ചാര ഹേതു സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള ആശങ്കയാണ്.

രണ്ടിലും കേന്ദ്ര കഥാപാത്രങ്ങൾക്ക് മൂർത്തമായ ഭൗതിക-മാനസിക പ്രതിബന്ധങ്ങളെ ചെറുക്കാനുള്ള അസാധാരണമായ ഇച്ഛാശക്തിയുണ്ട്. കാലിഫോർണിയക്കടുത്തുള്ള ഹൂവെർവില്ലയിൽ (ക്യാമ്പ്‌) വെച്ച് കണ്ടുമുട്ടുന്ന ഫ്ലോയ്ഡ് നോൽസിനെപ്പോലെ, കാലിഫോർണിയയിൽ തൊഴിൽ ലഭിക്കാതെ മടങ്ങുന്ന പലരും ജോഡുകളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും അവർ പിന്നോട്ടടിക്കുന്നില്ല. ഫേണിനെ സഹോദരി ഡോളിയും മുൻപരിചയക്കാരിയുമൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പരിചയക്കാരിയുടെ ചെറിയ മകൾ “നിങ്ങൾക്ക് വീടില്ലാതായെന്ന് അമ്മ പറഞ്ഞല്ലോ” എന്നു പറയുമ്പോൾ, “എനിക്ക് വീടുണ്ട്, പാർപ്പിടമാണില്ലാത്തത്” എന്നാണ് ഫേൺ മറുപടി കൊടുക്കുന്നത്. ജോഡ് കുടുംബവും ഫേണും സഞ്ചാരത്തിനിടയിൽ ധാരാളം പേരെ കണ്ടുമുട്ടുന്നുണ്ട്. ക്യാമ്പംഗങ്ങളെ പോലീസ് ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സ്വയം ബലിയാടാകുന്ന ജോൺ കാസി എന്ന പഴയ പള്ളിവികാരിയാണ് ഗ്രൈപ്സ് ഓഫ് വ്രാത്തിലെ എടുത്തുപറയേണ്ട കഥാപാത്രം. 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ ജോലി നഷ്ടപ്പെട്ട് വിഷാദത്തിലായി ഒടുവിൽ ആമസോൺ വെയർഹൗസിൽ ജോലി കിട്ടി അവിടെ വെച്ച് ഫേണുമായി സന്ധിക്കുന്ന ലിൻഡ മേയും, ശ്വാസകോശത്തെയും മസ്തിഷ്കത്തെയും ക്യാൻസർ തിന്നുകൊണ്ടിരിക്കുമ്പോഴും യാത്രയിൽ അഭയംതേടുന്ന വൃദ്ധനായ സ്വാങ്കിയുമൊക്കെ ഫേൺ ഇടകലരുന്ന മനുഷ്യന്മാരിൽ ചിലരാണ്. പരസ്പരം ആത്മാനുഭവങ്ങൾ പങ്കുവെക്കുന്ന ഇത്തരം സമാഗമങ്ങളിലൂടെ പല ദേശങ്ങളിൽ നിന്നുള്ളവർ ഒന്നിക്കുന്നു. ക്ലേശങ്ങളിൽ നിന്നും വിടുതിയാകുന്നതിനാൽ അവർക്കിത് കുടുംബ സംഗമങ്ങളാകുന്നു. എകാന്തതയെ അകറ്റുന്നതിനാൽ അവർക്കത് ധെെര്യംപകരുന്ന അമൂല്യ നിമിഷങ്ങളാകുന്നു.

ഇത്തരത്തിൽ രൂപപ്പെടുന്ന ക്യാമ്പുകൾക്കപ്പുറം ജോഡുകൾ എത്തിപ്പെടുന്ന, അവർ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ശൗച്യ സൗകര്യങ്ങളൊക്കെയുള്ള കാലിഫോർണിയയിലെ വീഡ്പാത്ത് ക്യാമ്പും, ഫേൺ എത്തിപ്പെടുന്ന അരിസോണയിലെ റബ്ബർ ട്രംപ് റോണ്ടീവൂ ക്യാമ്പും പോലെ, അഭയാർത്ഥികൾക്കായി പ്രത്യേകം സജ്ജമാക്കിയ വലുപ്പമുള്ളതും വ്യവസ്ഥാപിതവുമായ ക്യാമ്പുകളുമുണ്ട്. ആ ക്യാമ്പുകൾ അവരെ പരിധിവിട്ട് ആകർഷിക്കുന്നുണ്ടെങ്കിലും, ലക്ഷ്യബോധം അതിനനുവദിക്കുന്നില്ല. ഇത്തരം അലച്ചിലിനിടയിൽ അവരെത്തിപ്പെടുന്ന തൊഴിലിടങ്ങളും അവിടുത്തെ പെരുമാറ്റ രീതികളും സമാനമാണ്. ജോഡ് കുടുംബം അഭയം തേടുന്ന കോട്ടൺ, പീച്ച് എസ്റ്റേറ്റുകളും, ഫേൺ എത്തിപ്പെടുന്ന ആമസോൺ വെയർഹൗസും ഇത്തരം താത്കാലിക തൊഴിലാളികളെ മുതലാളിമാരുടെ മൂലധനം വികസിപ്പിക്കുന്ന ഉപാദികളായാണ് കാണുന്നത്. നാടോടി വിഭാഗങ്ങളാൽ തിങ്ങിനിറഞ്ഞ കാലിഫോർണിയയിൽ വെള്ളക്കാരായ മുതലാളിമാർ തൊഴിലന്വേഷകരുടെ ആധിക്യം ചൂഷണം ചെയ്ത് ദിനംപ്രതി വേതനം കുറക്കുന്നതും, തൊഴിലാളികൾ സംഘടിക്കാതിരിക്കാൻ പോലീസ് സേനയെയും അവരെ അനുനയിപ്പിക്കാൻ ചർച്ചിനെയും തരപ്പെടുത്തുന്നത് ‘ഗ്രൈപ്സ് ഓഫ് വ്രാത്തിലുണ്ട്’. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ജോൺ കാസിയെ ഇത്തരമൊരു എസ്റ്റേറ്റിൽ വെച്ച് ടോം ജോഡ് കണ്ടുമുട്ടുന്നതും സംസാരത്തിനിടയ്ക്ക് ആരോ കലാപകാരിയെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്നതും, ടോം തലനാരിഴക്ക് രക്ഷപ്പെടുന്നതും ഇവരുടെ അരക്ഷിതാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

ക്ലോയ് ഷാവോ

എന്നാൽ നൊമാഡ്ലാൻഡും ഗ്രൈപ്സ് ഓഫ് വ്രാത്തും തമ്മിലുള്ള മൗലികമായ വിത്യാസം, ജോഡ് കുടുംബം നാടോടി ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവർ പൂർണമായും മുക്തരാണെന്നിരിക്കെ, ഫേണിന്റെ നാടോടി ജീവിതത്തിൽ അവൾക്കും പങ്കുണ്ട് എന്നതാണ്. ജോഡുകളും അവർ കണ്ടുമുട്ടുന്നവരുമായ മറ്റു നാടോടികളും ജീവസന്ധാരണത്തിന് വേണ്ടി മാത്രം പുറപ്പെട്ടുപോയവരാണ്. വ്യാവസായിക മുതലാളിത്തമാണ് അവരെ കുടിയൊഴിപ്പിച്ചത്. കുടിയിറക്കപ്പെട്ട നാടോടികളുടെ വീക്ഷണത്തിലൂടെ, സാമൂഹികവും സാമ്പത്തികവുമായ മേധാവിത്തം കയ്യടക്കിയ വെള്ളക്കാരോടും ബൂര്‍ഷ്വാ വര്‍ഗത്തോടും മുഖം തിരിക്കാനാണ് ഗ്രൈപ്സ് ഓഫ് വ്രാത്ത് ശ്രമിക്കുന്നത്. കൊടും വിഷാദകാലത്തെ മുഴുവൻ അവലക്ഷണങ്ങളുടെയും അപരാധം ഇവരുടെ മേൽ ചാർത്തുകയാണ്. എന്നാൽ, ഫേൺ സാമ്പത്തിക പ്രതിസന്ധി മൂലം മാത്രമല്ല, തൻ്റെ വരണസ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് കൂടിയാണ് വീടു വിടുന്നത്. അവളെ സ്വീകരിക്കാനിടങ്ങളുണ്ട്. പക്ഷേ, മനുഷ്യ വംശത്തിന്റെ പുരാതനമായ ജന്മവാസനയെ അവളും കൂടെയുള്ളവരും സ്വയം വരിക്കുകയാണ്. നാടോടിത്തം വിപുലമായ സാധ്യതയാണെന്നും, സർവ അധികാര വ്യവസ്ഥകളെയും, അതിന്റെ പരിമിതികളെയും മറികടക്കാൻ ഇതുകൊണ്ടേ സാധിക്കൂ എന്നുമുള്ള തിരിച്ചറിവാണ് അവർക്കുള്ളത്. അതാണ് ഴിൽ ദെലൂസും ഫെലിക്സ് ഗത്താരിയും ‘നൊമാഡോളജി’ എന്ന പേരിൽ സമർഥിച്ചത്.

ഴിൽ ദെലൂസ്

മൂലധനാധിഷ്ഠിത ക്രമത്തിലെ പൊങ്ങച്ചങ്ങൾക്ക് നാടോടി ജീവിതത്തിൽ സ്ഥാനമില്ലാത്തതു കൊണ്ടാണ് മുതലാളിത്തവും അതിന്റെ കളിപ്പാവകളായ ഭരണകൂടങ്ങളും എന്നും അധിവാസത്തെ അടിച്ചേൽപ്പിക്കുന്നത്. അതുകൊണ്ടാണ് നൊമാഡ്ലാന്റ് വ്യവസ്ഥിതിയോട് കലഹിക്കുന്നത്. ഗ്ലോബൽ ക്യാപിറ്റലിസത്തിൽ നിന്ന് ഉരുവംകൊണ്ട സാമൂഹിക, സാമ്പത്തിക പ്രവണതയായ ‘ഭോഗപരതയെ’ മിതവാദ സമീപനം കൊണ്ടാണ് എതിരിടുന്നത്. ഒരു ആത്മീയ മയം സിനിമക്ക് അകത്തും പുറത്തുമുണ്ട്. അഥവാ, ഗ്രൈപ്സ് ഓഫ് വ്രാത്തിലേത് പോലെ വികാര തീവ്രതയോ ഗതിവേഗമോ നൊമാഡ്ലാന്റ് തേടുന്നില്ലെന്നർത്ഥം.

ചുരുക്കത്തിൽ രണ്ടു സൃഷ്ടികളും തമ്മിൽ എഴുപത് വർഷത്തെ ദൂരമുണ്ടെങ്കിലും സംവേദന വിഷയം ഒന്നാണ്. ശീതയുദ്ധ കാലത്ത് അമേരിക്ക ലോകപോലീസും ഏകശക്തിയുമൊക്കെയായി ആവിർഭവിച്ചിട്ടുണ്ടെങ്കിലും, അതിനു സഹായിച്ച ക്യാപിറ്റലിസത്തിൻ്റെ പരിണിതിയായ ഭിന്നത അന്നും ഇന്നും ഒരുപോലെ തന്നെയുണ്ട്. ഒരുപക്ഷേ മൂലധന ശക്തികൾ ആഗോളീകരണത്തിൻ്റെ ക്ലാസ്സ്മുറിയിൽ സാംസ്‌കാരിക സമ്പന്നതയുടെ സ്വരൂപമായി ബോർഡിൽ വരച്ചിട്ടതാകാം ഈ അമേരിക്ക. മൂന്നാംലോക രാഷ്ട്രങ്ങളിലേതു പോലെ ആ ബോർഡ് കീഴാളരെ മറച്ച മതിലുമാകാം. അവരുടെ ജീവിതങ്ങൾ ഓർമയുടെ മുന്തിരികൾ കുറുക്കി ഭാഷയിലൂടെ ഇനിയും നാടുചുറ്റുമായിരിക്കും.

Top