മിറാക്കിൾ: നന്മയെ സിനിമയാക്കുമ്പോൾ

93ആമത് ടർക്കിഷ് ഓസ്കാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ ദൃശ്യം, 2019ല്‍ ജനപ്രിയ ഹിറ്റ് ആയി. 1983ൽ സൈനിക നിയമപ്രകാരം തുർക്കിയിലെ തെക്കുപടിഞ്ഞാറന്‍ അതിർത്തിയിൽ താമസിക്കുന്ന മാനസിക വൈകല്യമുള്ള പിതാവായ മെമോയും മകൾ ഒവയും ചേർന്നുള്ള സ്നേഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആ കാലത്ത് ലോകത്തു നടന്നുകൊണ്ടിരുന്ന നീതിന്യായ വ്യവസ്ഥയുടെ പൊളിച്ചെഴുത്തായിരുന്നു യഥാർത്ഥത്തിൽ ഒസ്തുകിൻ ഉദേശിച്ചത്. മിറാക്കിൾ സിനിമയെ കുറിച്ച് അബ്ദുല്ല അഹ്‌മദ്‌ എഴുതുന്നു.

ഈ അടുത്തൊന്നും കണ്ണു നിറയെ കരഞ്ഞതായി ഓർമയിലില്ല. ഓർമകൾ എവിടെയോ വെച്ച് മുറിഞ്ഞതു കൊണ്ടല്ല, ഹൃദയം അവിടേക്ക് എത്താത്തതു കൊണ്ടാണ്‌. പക്ഷേ, ഈയടുത്ത് അതിനെല്ലാം കടംവീട്ടി നല്ലപോലെ കരഞ്ഞു. ‘മിറാക്കിൾ’ എന്ന, 2019ൽ പുറത്തിറങ്ങിയ തുർക്കിഷ് ദൃശ്യമാണ് കാരണം.

ദൃശ്യകലകൾ എല്ലാ കാലത്തും സ്വീകരിക്കപ്പെട്ടിട്ടുള്ള ആസ്വാദനാ രൂപമാണ്. കാലാന്തരങ്ങളിലൂടെ എല്ലാ സമൂഹങ്ങളുടെയും ജീവിതങ്ങളിലൂടെ കടന്നു പോകുന്ന സവിശേഷമായ ഒരു കല. ലോക്ഡൗൺ കാലം വിശാലമായ ഒഴിവു സമയങ്ങളാണ് മനുഷ്യർക്ക് സമ്മാനിച്ചത്.

ക്രിയാത്മകമായി ലോക്ഡൗണിനെ എങ്ങനെ ചെലവഴിക്കണമെന്ന ചിന്തയിൽ നിന്ന്, ദൃശ്യകല തെരഞ്ഞെടുത്തവരാണ് അധിക പേരും എന്നു തോന്നുന്നു. പ്രത്യേകിച്ച് തുർക്കിഷ് മൂവികളും ഇറാനിയൻ സീരീസുകളും ഏറെ കാണപ്പെട്ടു.

മിറാക്കിളിന്റെ കഥ നടക്കുന്നത് തുർക്കി പ്രാന്തപ്രദേശങ്ങളിലെ ഇടുങ്ങിയ ഒരു തെരുവിലാണ്. മാനസിക വൈകല്യമുള്ള പിതാവിന്റെ വേഷം ധരിച്ച് മെമോയും, നാലു വയസ്സ് പ്രായമുള്ള മകൾ ഒവയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഒരു കുന്നിൻ ചെരുവിലുള്ള മെമ്മോയുടെ വീട്ടിൽ ഒവയും മുത്തശ്ശിയും മാത്രമാണ് താമസിക്കുന്നത്. ആടിനെ മേച്ചും, ആപ്പിൾ കാന്റി വിറ്റും അവർ ദിനേനയുള്ള ചിലവുകൾ കണ്ടെത്തി. ഒവ സ്കൂളിൽ പോകുന്നതും വരുന്നതും അച്ഛന്റെ കൈപിടിച്ചായിരുന്നു. അമ്മയില്ലാത്ത ഒവയെ പരിലാളിച്ച് വളർത്തുക ഏറെ ശ്രമകരമായിരുന്നു. പക്ഷേ, അമ്മയുടെയും അച്ഛന്റെയും സ്നേഹം ഒരുപോലെ നൽകി അയാൾ അവളെ വളർത്തി. ഒരു ദിവസം സ്കൂൾ വഴിയിലെ ഒരു കടയിൽ ചുവന്ന നിറത്തിലുള്ള ബാഗിൽ ഒവയ്ക്ക് വല്ലാതെ താൽപര്യം തോന്നി. അത് വാങ്ങിക്കൊടുക്കാൻ വാശി പിടിച്ചു. മെമോയുടെ അടുത്താണെങ്കിൽ നയാ പൈസയില്ല. മെമോ ഒവയോട് പറഞ്ഞു: “നാളെ ആപ്പിള്‍ കാന്റി വിറ്റ് ആ ബാഗ് വാങ്ങിച്ചു തരാം”. ആരും വാങ്ങരുതെന്ന് കരുതി ആ കടക്കാരനോട് വിലയുറപ്പിച്ച് മെമോയും ഒവയും വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം തന്നെ ബാഗ് വാങ്ങാൻ ഒവയുടെ കൈപിടിച്ച് മെമോ കടയിലേക്ക് കയറുമ്പോൾ, ഒരു സൈനിക മേധാവി തന്റെ മകൾക്കു വേണ്ടി ആ ബാഗ് വാങ്ങിക്കൊടുക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത്. മകളുടെ മുന്നിൽ തല കുനിക്കാൻ ഇഷ്ടപ്പെടാത്ത മെമോ കരഞ്ഞുകൊണ്ട് മേധാവിയുടെ ദേഹത്ത് തട്ടി ബാഗിന് വേണ്ടി യാചിച്ചു. ആഢ്യത്വം തലക്കുപിടിച്ച മേധാവി, എല്ലാവരുടെയും മുന്നിൽവച്ച് മെമോയെ അടിച്ചു. ഒറ്റ അടിയിൽ നിലത്തുവീണു കരഞ്ഞ  മെമോയെ ആശ്വസിപ്പിക്കാൻ ഒവ കൂടെ കരയുന്നു.

പിന്നീടുള്ള ഓരോ രാത്രിയും പകലും കടന്നു പോകുന്നത് ആ ബാഗിന്റെ ചിന്തയിലാണ്. അങ്ങനെ സൈനിക പരേഡിന്റെ അവസാന ദിവസം സൈനിക മേധാവിയുടെ മകളും കുറച്ചു കൂട്ടുകാരും തന്റെ മേച്ചില്‍പ്പുറത്ത് നിന്നു കളിക്കുന്നത് കണ്ട മെമോ അങ്ങോട്ടു ചെന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മെമോ അവരോടൊപ്പം കളിച്ചും ചിരിച്ചും ആസ്വദിച്ചു. മേധാവിയുടെ മകളുടെ തോളത്ത് ആ ബാഗ് അപ്പോഴുമുണ്ട്. എല്ലാ കുട്ടികളും കളി നിർത്തിപ്പോയെങ്കിലും അവൾ മാത്രം മെമോയുമൊത്ത് കളി തുടർന്നു. നദിക്കരയിലെ പാറക്കെട്ടുകളിലൂടെ ഓടിക്കളിക്കുന്നതിനിടയിൽ അവൾ കാൽവഴുതി നദിയില്‍ വീണു. അവൾ മരിച്ചാൽ തന്നെ കൊലയാളിയാക്കുമെന്ന് നന്നായറിയുന്ന മെമോ പക്ഷേ, അവിടെ നിന്ന് രക്ഷപ്പെടുന്നതിനു പകരം, നദിയിലേക്ക് എടുത്തു ചാടുകയാണ് ചെയ്തത്. കൈയില്‍ അവളെയുമെടുത്ത് ചെവിയോട് ചേര്‍ത്ത് നെഞ്ചിടിപ്പ് നോക്കുമ്പോഴാണ് സൈനികനും അനുയായിയും കടന്നു വരുന്നത്. ഇനി പറയണ്ടല്ലോ, മെമോക്ക് ഇരുമ്പറയിൽ ഒരു സെൽ ബുക്ക് ചെയ്ത് ഉത്തരവിറങ്ങി. മിറാക്കിളിലെ കേന്ദ്രകഥാപാത്രം കുറ്റവാളിയായത് പെൺകുട്ടിയെ കൊന്ന കേസിലാണെങ്കിൽ, യഥാർഥ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് അയാൾ ജയിലിലടക്കപ്പെടുന്നത്.

ചിത്രത്തിലെ ഒരു രംഗം

നിരപരാധിയായ മെമോ പോലീസ് വാഹനത്തിൽ കയറുമ്പോൾ ഒവയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി. താൻ നിരപരാധിയാണെന്ന് മകളെ വിശ്വസിപ്പിക്കാൻ കഴിയാതെ ജയിലിലേക്ക് പോകേണ്ടി വന്നു അയാൾക്ക്. സിനിമയിലുടനീളം ജയിലിനുള്ളിനെ ഡ്രാമയാണ് ഫോക്കസായി കാണിക്കുന്നത്. മെമോയെ പ്രത്യേകം വിളിച്ചുവരുത്തി ഓഫീസറും വാർഡനുമൊക്കെ പരിചയപ്പെട്ടു. കാരണം, മേധാവിയുടെ മകളെ കൊന്ന കേസിലാണ് മെമോ ജയിലിലടക്കപ്പെടുന്നത്. മാനസിക വൈകല്യമുള്ളവർക്ക് നൽകുന്ന ഇളവ് പോയിട്ട്, മനുഷ്യർക്ക് നൽകുന്ന ബഹുമാനം പോലും മെമോയോട് അവർ കാണിച്ചില്ല. ജയിലിലെ അവസ്ഥകൾ വളരെ സമ്മിശ്രമാണ്. സാഹചര്യങ്ങൾ അറിഞ്ഞു മെമോ നിരപരാധിയാണെന്ന് മനസ്സിലാക്കിയ ഓഫീസർ, മേധാവിയുടെ ആജ്ഞകൾ വെള്ളം തൊടാതെ വിഴുങ്ങുന്ന ക്രൂരനായ വാർഡൻ, ഇവരൊക്കെയാണ് കഥയിലെ പുതിയ അവതാരങ്ങൾ. സെൽ നമ്പർ ഏഴിലേക്ക് മെമോ ദുഃഖത്തോടെ പ്രവേശിക്കുമ്പോൾ, തലതിരിച്ചുകൊണ്ടാണ് അവിടുത്തെ അന്തേവാസികൾ മെമോയെ സ്വീകരിക്കുന്നത്. ആദ്യത്തെ രാത്രി തന്നെ സെല്ലിലുണ്ടായിരുന്നവർ മെമോയെ  വേണ്ടുവോളം ഉപദ്രവിച്ച് വെന്റിലേറ്ററിൽ കിടത്തി. മേധാവിയുടെ പ്രത്യേക ആജ്ഞയുണ്ടായത് കൊണ്ട്‌ മെമോയുടെ ശരീരത്തിൽ ഒരു പോറലു പോലുമേൽക്കാതെ കൈമാറണമായിരുന്നു. കാരണം, അയാൾക്ക് മെമോയെ ജീവനോടെ കൊല്ലാനുള്ളതാണ്. എല്ലാവർക്കും പുതിയ ഇരയെ കിട്ടിയ സന്തോഷമാണുള്ളത്. സെല്ലിൽ ഒരു നേതാവും ബാക്കിയുള്ളവർ അയാളുടെ അണികളും എന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. അവിടുത്തെ നേതാവിന് മെമോയുടെ സ്വഭാവവും പെരുമാറ്റവും തീരെ ഇഷ്ടപ്പെട്ടിട്ടില്ല.

അച്ഛൻ ജയിലിൽ പോയതു മുതൽ ഒവയുടെ ജീവിതം കൂടുതൽ മോശമായി. ഭക്ഷണം കഴിക്കാനും, കൂട്ടുകാരുടെ കൂടെയിരിക്കാനും സ്കൂളിൽ പോകാനുമൊന്നും അവൾ കൂട്ടാക്കിയില്ല. സ്കൂളിൽ ചെല്ലാത്തതു കാരണം, ടീച്ചർ വീട്ടിലെത്തി അവളെ അനുയയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഒടുവിൽ മെമോയെ കാണിച്ചു തരാമെന്ന കരാറിലാണ് ഒവ സമ്മതം മൂളിയത്. മെമോയെ കാണാനുള്ള പേപ്പറും കാര്യങ്ങളുമൊക്കെ ശരിയാക്കി ജയിൽ കവാടത്തിന് മുന്നിലെത്തിയപ്പോൾ “നിങ്ങള്‍ക്ക് മെമോയെ കാണാന്‍ സാധിക്കില്ല, ചീഫിന്റെ പ്രതേക കൽപനയുണ്ട്” എന്ന മറുപടിയാണ് ലഭിച്ചത്.

ടീച്ചർ ദേഷ്യത്തോടെ അധികൃതരോട് നിയമാവശങ്ങളെ കുറിച്ച് പ്രസംഗിക്കാന്‍ തുടങ്ങി. എന്തൊക്കെയോ തർക്കിക്കുന്നതിനിടയിൽ ഓഫീസർ വന്ന്  കാണാന്‍ അനുവാദം കൊടുക്കുമ്പോഴേക്കും ഒവയെ കാണാനില്ല. ചുമരുകളുടെ മറയിൽ നിന്ന് മെമോയോട് എന്തൊക്കെയോ സംസാരിക്കുന്ന ഒവയെയാണ് ഒടുവിൽ കാണാനായത്. ഒരു രാത്രി, സെല്ലിലെ നേതാവിനെ ആരോ കത്തികൊണ്ട് കുത്താൻ വരുന്നതു കണ്ട മെമോ, സ്വന്തം ശരീരം കൊണ്ട് അയാളെ തടഞ്ഞു. ഭാഗ്യവശാൽ അരയുടെ താഴെ കൊണ്ടതിനാൽ, ആരെയും അറിയിക്കാതെ തന്നെ നേതാവ് ശുശ്രൂഷിച്ചു. കാരണം, മെമോയുടെ ശരീരത്തിൽ ഒരു മുറിവ് പോലും ഉണ്ടാകരുതെന്ന കൽപനയുണ്ട്. ആ സംഭവത്തിനു ശേഷം നേതാവിന് മെമോയോട് ഇഷ്ടം തോന്നുകയും, മെമോയുടെ ഏറ്റവും ഓമനയായ ഒവയെ ജയിലേക്ക് കൊണ്ടുവരാനുള്ള ഏർപ്പാടു ചെയ്യുകയും ചെയ്തു.

ഞാൻ അച്ഛനെ കാണാൻ പോകുന്നു എന്ന കുറിപ്പ് മേശപ്പുറത്ത് വെച്ച്, ആ സെല്ലിലെ നേതാവ് പറഞ്ഞയച്ചവരുടെ കൂടെ ഒവയും പോയി. ചായ കൊണ്ടു പോകുന്ന ഉന്തുവണ്ടിയിൽ പതിഞ്ഞ് കയറിയ ഒവ സെൽ നമ്പർ 7ൽ എത്തുന്നു. സിനിമയിലെ ഏറ്റവും വൈകാരികമായ നിമിഷം! നീണ്ട ഇടവേളക്കു ശേഷം പാതിമുറിഞ്ഞ ഹൃദയങ്ങൾ തമ്മിൽ ചേരുന്ന രംഗം. അവർ ഒരുമിച്ചു വർത്തമാനങ്ങളും കളി തമാശകളും പറഞ്ഞിരുന്നു. ജയിലിനുള്ളിൽ രസകരമായ ഒരു സംഭവം നടക്കുന്നുണ്ട്. ഇനി വീട്ടിലേക്കു പോകുന്നില്ലെന്നും, അച്ഛന്റെ കൂടെ ഇവിടെ തന്നെ കഴിഞ്ഞോളാമെന്നും ഒവ പറയുന്നു. ജയില്‍ എന്നു പറഞ്ഞാൽ കുറച്ചിലാണെന്ന് കരുതിയ അവിടുത്തെ നേതാവ് പറഞ്ഞു, ഇതൊരു ആശുപത്രിയാണ്, ഇവിടെയുള്ളവർക്കൊക്കെ പലതരം രോഗങ്ങളുണ്ട്, അതുകൊണ്ട് ഇവിടെ നിന്ന് കൂടാ. മോൾ തിരികെ പോകണം.

കഥകളിലെ ഓരോ സീനും മിറാക്കിളുകൾ അഥവാ അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഒവ തിരിച്ചുപോരുമ്പോൾ  ബഹളം നിറഞ്ഞ വീടിന്റെ മുറ്റമാണ് കാണാൻ സാധിച്ചത്. വീട്ടിൽ പ്രവേശിക്കുമ്പോൾ മുത്തശ്ശിയുടെ വിയോഗ വാര്‍ത്ത. ആകെ തളർന്നു പോയ ഒവയുടെ  ജീവിതത്തിലേക്ക് മാലാഖയുടെ കൈകൾ തുറന്നു വെച്ചത് നാട്ടിൻപുറത്തുള്ള  പഴയ ടീച്ചർ ആയിരുന്നു. ടീച്ചറുടെ കൂടെയുള്ള ജീവിതത്തിൽ ഒവ സംതൃപ്തയാണെങ്കിലും, മെമോയുടെയും മുത്തശ്ശിയുടെയും  ഓർമകൾ അന്വേഷിച്ചു യാത്ര ചെയ്യലാണ് ഇപ്പോഴത്തെ അവളുടെ ഹോബി. ജയിലിലെ ഓഫീസറുടെ കാര്യം നേരത്തെ പറഞ്ഞല്ലോ. ഒവയോട് വല്ലാത്ത സ്നേഹമാണ് അയാൾക്ക്. ഇടയ്ക്ക് ടീച്ചറെ വിളിച്ച് ഒവയെയും കൂട്ടി വരാൻ പറയും.

കഥ പറയുന്നതിനിടയിൽ പ്രധാനപെട്ട ഭാഗം ഞാൻ സ്കിപ്പ് ചെയ്തിട്ടുണ്ട്‌. മെമോ ഒരിക്കലും ഒരുറുമ്പിനെ പോലും നോവിക്കില്ലെന്ന് ഉറപ്പാണ്. എന്നിട്ടല്ലേ ഒവയുടെ അതേ പ്രായമുള്ള പെൺകുട്ടിയെ കൊല്ലുക! ആ സംഭവം ഒരു പട്ടാളക്കാരന്‍ കണ്ടതായി ഒവയക്ക് അറിയാം. കോടതിയില്‍ അദ്ദേഹം സാക്ഷി പറയുമായിരുന്നെങ്കിൽ തന്റെ അച്ഛനെ ജയിലില്‍ നിന്നു പുറത്തു കൊണ്ടുവരാൻ സാധിക്കും. പക്ഷേ, അയാളെ കുറിച്ച് ഒരു വിവരവുമില്ല. അടുത്ത ആഗ്രഹം ആ പട്ടാളക്കാരനെ കണ്ടു പിടിക്കലാണ്. അവസാനം പട്ടാളക്കാരനെ ടീച്ചര്‍ കണ്ടു പിടിച്ചെങ്കിലും, തന്റെ മകള്‍ ജീവനോടെയില്ലാത്തതിന്റെ കാരണക്കാരനും പുറം ലോകം കാണരുതെന്ന് പ്രതിജ്ഞ ചെയ്ത മേധാവിക്ക് തെളിവ് നശിപ്പിക്കൽ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആ പട്ടാളക്കാരനെ ഒരു വെടികൊണ്ട് അയാൾ കൊന്നുകളഞ്ഞു. അതോടെ അവശേഷിച്ച തെളിവും ഇല്ലാതായി.

മെമോയുടെ അന്ത്യം വധശിക്ഷയാണെന്ന് നന്നായറിയുന്നവരാണ് ഓഫീസറും ഗാർഡനും. അവസാന ഭാഗങ്ങളിലൊക്കെ അവർ മെമോയെ രക്ഷിക്കാൻ ഒരുപാട്‌ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. വധശിക്ഷയ്ക്ക് മേധാവി ഉത്തരവിറക്കിയ ദിവസം ഓഫീസര്‍ മെമോയോട് കാര്യങ്ങൾ വാക്കുകളിടറി അവതരിപ്പിച്ചു. അവസാന നിമിഷം മകളെ കാണിക്കാൻ വേണ്ടി ടീച്ചറോടും വരാൻ പറഞ്ഞു. സെല്ലിലുള്ള എല്ലാവരും നിറകണ്ണുകളോടെ യാത്രയയച്ചു. എല്ലാവരുടെയും പ്രാർത്ഥന എങ്ങനെയെങ്കിലും മെമോ രക്ഷപ്പെടണമെന്നായിരിക്കും.

ഓഫീസറുടെ റൂമിൽ കയറുമ്പോൾ ജനാലയിലൂടെ തൂക്കുമരം കാണാമായിരുന്നു. മകളെയും കെട്ടിപ്പിടിച്ച് ഒരുപാടു നേരം കരഞ്ഞു. പതിവിനും കൂടുതൽ കരഞ്ഞ അച്ഛനെ നോക്കിയ ഒവയോട് കണ്ണുകളടച്ച് യാത്ര പറഞ്ഞു. വേണ്ടുവോളം സ്നേഹിച്ചു തീരുന്നതിനു മുൻപ് വേർപിരിയുന്ന രംഗമാണ് വൈകാരികത കത്തിപ്പടരുന്ന നിമിഷം.

എല്ലാവര്‍ക്കും കൈ കൊടുത്ത് ഒവയെയും കെട്ടിപിടിച്ച് തൂക്കുമരത്തിലേക്ക് നടക്കുന്ന വഴിയിൽ വെച്ച് സ്ക്രീൻ ഒവയുടെ വീട്ടിലേക്ക് മടങ്ങി. ഒവ മുത്തശ്ശി പറഞ്ഞു കൊടുത്ത ഒന്നു രണ്ടു കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയാണ്. ഒന്ന്‌, നിന്റെ അച്ഛനെ കുറിച്ച് ആരെന്തു പറഞ്ഞാലും അച്ഛൻ സത്യമാണ്. രണ്ട്, നീ ആ സത്യം അന്വേഷിച്ച് അധിക ദൂരം യാത്ര ചെയ്യരുത്. ക്ലൈമാക്സിൽ മെമോയുടെ സ്ഥാനത്ത് വയസ്സായ ഒരാൾ തൂക്കുമരത്തിലേക്ക് കയറുന്നതാണ് കാണാനായത്.

ചിത്രത്തിലെ അഭിനേതാക്കൾ

ആ ദിവസവും കടന്നുപോയി. ഒവ അതിരാവിലെ എഴുന്നേറ്റ് വരുമ്പോഴുണ്ട്  വീട്ടുമുറ്റത്ത് ഓഫീസറുടെ വാഹനം. അപ്രതീക്ഷിതമായ ആ വരവിൽ എന്തോ പന്തികേട് മണത്ത ഒവ ഓടി പോയി.  ഓഫീസർ സർ  ഒരു ശൂന്യമായ് ബോക്സ് നൽകിയിട്ട് പറഞ്ഞു “നിന്റെ അച്ഛൻന്റെ സ്ഥാനത്ത് തൂക്കുമരത്തിൽ കയറിയ ആൾ തന്നു വിട്ടതാണ്”. തൂക്കു മരത്തിൽ കയറിയ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷംകൊണ്ട് ഓഫീസറോട് നന്ദി പറയാൻ പോകുമ്പോഴാണ് മെമോ ഓടി വന്നു അവളെയും എടുത്തു വീട്ടിലേക്കു പോകുന്ന, ഏറ്റവും മനോഹരമായ രംഗം കണ്ട് കഥയവസാനിക്കുന്നത്.

റീമേക്കിൽ ഓസ്കാര്‍ വരെയെത്തിയ ദൃശ്യം

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പെന്ന് കേട്ടിട്ടില്ലേ. അതേ ചാരിതാര്‍ത്ഥ്യമാണ് മിറാക്കിൾ ഇൻ സെൽ നമ്പര്‍ 7 എന്ന ദൃശ്യം ജനങ്ങൾക്ക് നല്‍കുന്നത്. 2013ല്‍ റിലീസായ കൊറിയന്‍ ഡ്രാമയായ ‘മുസീസിൽ’ നിന്നും രൂപാന്തരപ്പെട്ട, മഹ്മൂദ് അദാ ഒസ്തുകിന്റെ മിറാക്കിളിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മുസീസ് ഒരു കോമഡി ഡ്രാമയാണെങ്കിൽ മിറാക്കിൾ വികാരനിർഭരമായ ഒരു ഡ്രാമയാണ്. മുസീസിൽ നിന്നും പ്രചോദനമുൾകൊണ്ട് നിർമിച്ച സിനിമയെന്ന് ആരും പറയാത്ത വിധം ഔട്ട്പുട്ട് നല്‍കിയാണ് മഹ്മൂദ് അദാ ഒസ്തുകിന്റെ മിറാക്കിൾ വരുന്നത്.

93ആമത് ടർക്കിഷ് ഓസ്കാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ ദൃശ്യം, 2019ല്‍ ജനപ്രിയ ഹിറ്റ് ആയി. 1983ൽ സൈനിക നിയമപ്രകാരം തുർക്കിയിലെ തെക്കുപടിഞ്ഞാറന്‍ അതിർത്തിയിൽ താമസിക്കുന്ന മാനസിക വൈകല്യമുള്ള പിതാവായ മെമോയും മകൾ ഒവയും ചേർന്നുള്ള സ്നേഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആ കാലത്ത് ലോകത്തു നടന്നുകൊണ്ടിരുന്ന നീതിന്യായ വ്യവസ്ഥയുടെ പൊളിച്ചെഴുത്തായിരുന്നു യഥാർത്ഥത്തിൽ ഒസ്തുകിൻ ഉദേശിച്ചത്. പുഴയില്‍ വീണ ഒരു കുട്ടിയെ മെമോ കൈയിലെടുത്ത് കരയിലെത്തുമ്പോൾ കുറ്റവാളിയെന്ന് മുദ്രകുത്തി തടവറയിലേക്ക് അയക്കുന്നു. മരിച്ചത് സേനയിലുള്ള ചീഫ് കമാന്‍ഡറിന്റെ കുട്ടിമയായത് കൊണ്ട്‌ നിരപരാധിത്വം തെളിയിക്കപ്പെടാൻ പോലും അവസരം നഷ്ടപ്പെടുന്ന സാധാരണക്കാരന്റെ മനോനില വളരെ കൃത്യമായി വരച്ചു കാട്ടുന്നു.

റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഇത്രയധികം ജനകീയമാവാൻ കാരണം ഇതു നിർമിക്കുന്ന വൈകാരികമായ ഭാവുകത്വം തന്നെയാണ്. കാൽപനികമായ കഥയിൽ ആധികാരികമായഭാവുകത്വം നിർമ്മിക്കാൻ ഓസ്തുകിൻ നന്നായി പരിശ്രമിച്ചെന്ന് പറയാതെ വയ്യ.

അതുകൊണ്ടുതന്നെ ഫ്രാങ്ക് ഡാരാബോണ്ടിന്റെ കൾട്ട് ഹിറ്റായ “ദി ഗ്രീന്‍ മൈല്‍” എന്ന ചിത്രത്തിനോട്‌ സമാനമായ രംഗങ്ങള്‍ മിറാക്കിളിലും കടന്നു വന്നതായി തോന്നിയിട്ടുണ്ട്. രണ്ട് ചിത്രത്തിലെയും കഥകൾ വ്യത്യസ്തമാണെങ്കിലും “ദി ഗ്രീന്‍ മൈല്‍” ചിത്രത്തില്‍ ജോൺ കോഫി അനുഭവിക്കുന്ന, നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ പോകുന്ന സമാന സ്വഭാവമാണ് മെമോയും അനുഭവിക്കുന്നത്.

അരിസ്റ്റോട്ടിൽ തത്വമനുസരിച്ച് മിറാക്കിൾ വിജയിക്കാൻ കാരണമെന്നു പറയാവുന്ന മൈമസിസ്, കഥാർസിസ് എന്നീ രണ്ട് ആശയങ്ങളും ഈ ചിത്രത്തിൽ നല്ലപോലെ ഇണങ്ങിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ നാടകീയമായ ധാരണയുടെ ചട്ടക്കൂട്ടിനുള്ളിൽ ക്ലാസിക്കല്‍ സിനിമ അനാവരണം ചെയ്യുമ്പോൾ, യാഥാര്‍ത്ഥ ജീവിതത്തെ അതിന്റെ പ്രതിഫലനമുപയോഗിച്ച് അനുകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളിലൂടെ സിനിമയെ നിർമിക്കുമ്പോഴും, ജീവിത സ്പര്‍ശിയെന്ന് കാണികള്‍ക്ക് തോന്നുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. ആ വിജയമാണ് മെമോ എന്ന അച്ഛനിലൂടെയും, ഒവയെന്ന മകളിലൂടെയും ഒസ്തുകിൻ നേടിയെടുത്തത്. കഥയിലുടനീളം കഥാപാത്രത്തോടൊപ്പം ചിരിച്ചു കരഞ്ഞും കാണികൾ സഞ്ചരിക്കുമ്പോഴും, നിയമവിരുദ്ധമായ പ്രോസിക്യൂഷന്‍ മെമോയെ തേടി വരുമ്പോൾ നിയമപരമായി പരിഹരിക്കാൻ ശ്രമിക്കുമ്പോഴും കഥാർസിസ് എന്ന തത്ത്വം വിജയിക്കുന്നു.

പ്രാദേശികവത്കരണത്തിന്റെ വിജയം

മിറാക്കിൾ എന്ന സിനിമയിൽ മെമോ ജയിലില്‍ പോകുമ്പോൾ ഒവയക്ക് കൂട്ടിനായി ഒരു ടീച്ചറെ അവതരിപ്പിക്കാന്‍ ഒസ്തുകിൻ ശ്രമിക്കുന്നുണ്ട്. അതാണ്‌ കഥയിലെ ആദ്യത്തെ പ്രാദേശിക കഥാപാത്രം. പ്രാദേശികവത്കരണത്തിന്റെ പേരില്‍ സിനിമയില്‍ വരുത്തിയ ചില മൗലിക പ്രഭാവങ്ങൾ റേറ്റിങ് വർദ്ധിപ്പിക്കുകയും കഥയുടെ ക്ലൈമാക്സ് കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

1980ലെ തുര്‍ക്കി അട്ടിമറിക്ക് ശേഷമുള്ള കാലത്തെ ദാരുണമായ ഒരു കഥ അവതരിപ്പിക്കുന്നതു തന്നെ പ്രാദേശികവത്കരണത്തിന്റെ ആദ്യ ഉദാഹരണമായി ഭവിക്കുന്നു. ആ ശ്രമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ടീച്ചർ മൈനും, മുത്തശ്ശി ഫാതനയും, ജയില്‍ അന്തേവാസികളും സിനിമയുടെ റീമേക്കിന് വലിയ വിജയം സമ്മാനിച്ചു. എന്നിരുന്നാലും പ്രാദേശികവത്കരണത്തിൽ സംഭവിച്ചു പോയ ചില പോരായ്മകൾ ചൂണ്ടികാട്ടിയുള്ള ചില പഠനങ്ങള്‍ പറയുന്നത്, തടവറയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള അറിവുകൾ വളരെ പരിമിതമായ രീതിയിലാണ്‌ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ്.

കഥയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജയിലിലുള്ളിലായത് കൊണ്ട്‌  കുറച്ചുകൂടി വിശാലമായി കഥാപാത്രങ്ങളെ പരിചയപ്പെടുത്താമായിരുന്നു. പ്രാദേശികരായ ആളുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അത് മറ്റു കഥാപാത്രങ്ങളുടെ വികസനത്തെ പൂര്‍ണമായും അവഗണിക്കുന്നു. പ്രധാനികളല്ലാത്ത കഥാപാത്രങ്ങൾക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിച്ചില്ലെന്നു ചുരുക്കം.

മറ്റൊരു പ്രകടമായ പോരായ്മ സംഭവിച്ചത് ക്ലൈമാക്സിലാണ്. ഒരു ജിജ്ഞാസ ബാക്കിവെക്കാതെ, പ്രതീക്ഷയോടെയാണ് കഥയവസാനിക്കുന്നത്. അതും സംഭവങ്ങളുടെ ഒഴുക്കിൽ ചില നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ മെമ്മോയുടെ ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് കാഴ്ചക്കാർ കാണുന്നു. ഈ സന്തോഷകരമായ അന്ത്യം പ്രേക്ഷകരിൽ കഥാർസിസ് എന്ന തോന്നലിനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, അതിൽ ചില യുക്തിപരമായ പിശകുകൾ അടങ്ങിയിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ, അത്തരമൊരു അന്ത്യം സംഭവിക്കാൻ സാധ്യതയില്ല. എന്താണ്‌ മിറാക്കിൾ നമ്മോട് പറയുന്നു എന്ന് ചോദിച്ചാല്‍, സാധാരണക്കാരന്റെ അവകാശങ്ങൾക്കു മേൽ അധികാരവും ബ്യൂറോക്രസിയും ചേർന്ന് ഏർപ്പെടുത്തുന്ന വിലക്കുകളുടെയും പ്രതിബന്ധങ്ങളുടെയും കഥയാണ്. ജനകീയമായ മുന്നേട്ടങ്ങൾ മാത്രമാണ് ഇതിനു പ്രതിവിധി.

Top