മുത്തങ്ങ: വരൂ, ഈ കോളനികളിലെ ജീവിതം കാണൂ
ചീങ്ങേരിയിലും പനവല്ലിയിലും കുടില്‍ കെട്ടല്‍ സമരം നയിച്ചതിനു ശേഷമാണ് 2001ല്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിനു ചുറ്റും സി.കെ ജാനു അനുയായികൾക്കൊപ്പം കുടിലുകള്‍ കെട്ടിയത്. ലഭ്യതക്കനുസരിച്ച് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി നൽകുമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ ഒരു വർഷമായിട്ടും പാലിക്കാതായപ്പോഴാണ് ജാനുവും ഗോത്ര മഹാസഭയും മുത്തങ്ങയിൽ സമരം തുടങ്ങിയത്.
2011ൽ കെ.കെ സുരേന്ദ്രൻ എഴുതിയ ലേഖനം
ഭരണാധികാരികള്‍ പറയുന്നത്, റോഡും വീടുമാണ് ആദിവാസി വികസന പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനകൾ എന്നാണ്. എന്നാൽ, ഇതു രണ്ടും ഭരണാധികാരികളുടെയും കരാറുകാരുടെയും മുന്‍ഗണനകളാണ്. അരയേക്കറും ഒരേക്കറും കൂടുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കുറയുന്നു. വീടുകള്‍ കൂടുന്നു. ജനസംഖ്യ കൂടുന്നു. ഇത്തരമൊരു ദുരവസ്ഥയിലാണ് ആദിവാസികളിലെ അടിത്തട്ടുകാരുടെ ഭൂമി പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കേണ്ടത്.
വലതു കൈപ്പത്തി പൂര്‍ണമായും നഷ്‌ടപ്പെട്ട്, ഒരു വൃഷണം എടുത്തു മാറ്റിയതിന്റെ വേദന തിന്ന് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന സുധീഷിനെ കാണാന്‍ കഴിഞ്ഞ ദിവസം പോയി. പണിയ വിഭാഗത്തില്‍ പെട്ട ആറാം ക്ലാസ് വിദ്യാര്‍ഥിയായ സുധീഷ്, കഴിഞ്ഞ ജനുവരി ഒന്നിന് കൂട്ടുകാരൊത്ത് വീടിനടുത്തുളള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കളിക്കാന്‍ പോയതായിരുന്നു. ജനുവരി 16ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കരിമരുന്നു പ്രയോഗം പ്രസ്‌തുത സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്.
അന്നു പൊട്ടാതെ ഉപേക്ഷിക്കപ്പെട്ട മാരക പ്രഹരശേഷിയുളള ഗുണ്ടാണ് ഈ കുട്ടികള്‍ക്ക് വിനയായത്. സുധീഷിനു പുറമെ സച്ചിന്റെ വിരലുകൾ തകര്‍ന്നു. മറ്റു രണ്ട് കുട്ടികള്‍ക്കേറ്റ പൊള്ളല്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. സ്‌കൂള്‍ പഠനം മുടങ്ങി, വേദന തിന്ന് ഒരു മാസമായി ഈ കുരുന്നുകള്‍ ആശുപത്രിയിലും കോളനിയിലുമായി കഴിയുന്നു.
പണിയ വിഭാഗക്കാരായ കുട്ടികള്‍ ആയതുകൊണ്ടു മാത്രം ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. കേസെടുത്തെന്ന് അധികാരികള്‍ പറയുന്നു. നാമമാത്രമായ ഒരു ‘നക്കാപ്പിച്ച’ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൊടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയും തടിതപ്പിയിരിക്കുന്നു. മെച്ചപ്പെട്ട ചികിത്സ പോലും ഈ കുഞ്ഞുങ്ങൾക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ആദിവാസി പ്രശ്‌നങ്ങളെ, അതിലേറ്റവും നിസ്വരായ അധസ്ഥിതരുടെ പ്രശ്‌നങ്ങളെ പൊതു സമൂഹവും അധികാരികളും നോക്കിക്കാണുന്നതിന്റെ, അല്ലെങ്കില്‍ അവഗണിച്ചു തള്ളുന്നതിന്റെ പ്രകടമായ ദൃഷ്‌ടാന്തമാണ് മേല്‍ സൂചിപ്പിച്ചത്. അപകടം പറ്റി, ആശുപത്രി വിട്ട് കോളനിയില്‍ കഴിയുന്ന മറ്റു കുട്ടികളുടെ നിജസ്ഥിതി എന്തെന്നറിയാന്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ തന്നെയുളള മാനിക്കുനി കോളനിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്‌ച്ച അതിനെക്കാള്‍ ദയനീയമായിരുന്നു.
കുറച്ചു മാസങ്ങള്‍ക്കു മുൻപ് കരാറുകാർ വീട് പൊളിച്ചുകളഞ്ഞ്, പുതിയത് പാതി പണിതു നിർത്തിയപ്പോൾ, മഴക്കാലത്ത് കക്കൂസില്‍ താമസിക്കേണ്ടി വന്ന ആളുകൾ ഇവിടെയാണുളളത്. ഇപ്പോഴും ആ വീടുകള്‍ പണി തീരാതെ കിടക്കുന്നു. വീടുകൾ തമ്മിലുളള അകലം ഒരു മീറ്റര്‍ പോലുമില്ല എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇതു വായിക്കുന്നവരും അതിശയോക്തിയെന്നേ കരുതൂ. എന്നാൽ, വയനാട്ടിലെ മിക്ക പണിയ കോളനികളുടെയും സ്ഥിതി ഇതു തന്നെയാണ്.
കഴിഞ്ഞ ദിവസം നൂല്‍പ്പുഴ പഞ്ചായത്തിലെ മുളഞ്ചിറ പണിയ കോളനിയില്‍ പോയി. കുറെ വര്‍ഷങ്ങള്‍ക്കു മുൻപ് സര്‍ക്കാര്‍ പണിതു നല്‍കിയ കൂരകള്‍ മിക്കതും തകര്‍ന്നു. പുതിയ വീടുകള്‍ കരാറുകാര്‍ തറ പണിതും ഭിത്തി കെട്ടിയും ഇട്ടിരിക്കുന്നു. മേല്‍ക്കൂര ആകാശമായി നില്‍ക്കുന്ന ഒരു വീട്ടുടമയോട് എത്ര കാലമായി ഈ വീട് ഇങ്ങനെ കെട്ടിയിട്ടിട്ട് എന്നു ചോദിച്ചപ്പോള്‍, അഞ്ചു വര്‍ഷമെന്നാണ് മറുപടി.
എന്റെ കുട്ടിക്കാലത്ത് അനവധി പണിയ മിരവന്മാരെയും (വൃദ്ധൻ) മിരാത്തിമാരെയും കണ്ടിട്ടുണ്ട്. വയസ്സേറെ ചെന്നിട്ടും ആരോഗ്യ ദൃഢഗാത്രര്‍, തലമുടി നരക്കാത്തവര്‍. എന്നാല്‍, മുളഞ്ചിറയിൽ ഞാന്‍ കണ്ട വയസ്സരൊക്കെ പഴകിയ കൂറ പുതച്ച് അര വയർ പട്ടിണിക്കിട്ട്, എല്ലും തോലുമായി പലവിധ രോഗങ്ങളാല്‍ പീഡിതര്‍. വൃദ്ധരായ പണിയ മുത്തശ്ശിമാരോട് അവരുടെ ഭാഷയില്‍ തമാശ പറയാറുള്ള ഞാന്‍, ഇതു കണ്ടു നിൽക്കവയ്യാതെ പെട്ടെന്നവിടം വിടാന്‍ കൊതിച്ചു.
കോളനിയുടെ വേറൊരു ഭാഗത്ത് മദ്യപിച്ച് ബോധം നശിച്ച ദമ്പതിമാര്‍. തോലനും അമ്മിണിയും വഴക്കു കൂടുകയാണ്. അലക്കിയിട്ടും കുളിച്ചിട്ടും നാളുകളായ അവർ, പരസ്‌പരം തെറി വിളിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കുടകില്‍ പണിക്കുപോയ മൂത്ത മകന്‍ മരിച്ചതിനെച്ചൊല്ലി അമ്മിണി അയാളെ ചീത്ത പറയുകയാണ്. ഉത്തരവാദിത്വമില്ലാത്ത ആ അച്ഛനെ കള്ളനെന്നും തെണ്ടിയെന്നുമൊക്കെ വിഷമം മൂത്ത ആ അമ്മ വിളിക്കുകയാണ്. ഞങ്ങള്‍ നോക്കിനില്‍ക്കുന്നതു കൊണ്ടുമാത്രം അയാളവളെ ചവിട്ടുകയും അടിക്കുകയുമൊന്നും ചെയ്യുന്നില്ലെന്നു മാത്രം. ഞങ്ങള്‍ അവിടം വിട്ടാല്‍ അതും സംഭവിക്കും. അതിനിടെ അവിടെ അടുത്തു തന്നെ നല്ല വാറ്റു ചാരായം കിട്ടുമെന്നും, പൈസ കൊടുത്താൽ വാങ്ങിത്തരാമെന്നും അയാളെന്നോടു കാതില്‍ രഹസ്യം പറയുന്നുണ്ടായിരുന്നു.
അവിടെ പണിക്കു പോയാല്‍ മുന്നൂറു രൂപ കിട്ടുമായിരുന്നിട്ടും 250 രൂപക്ക് കുടകില്‍ പണിക്കു പോകുന്നതിന്റെ രഹസ്യം എന്നോടയാള്‍ പറഞ്ഞു. ഇവിടെ മുന്നൂറു കിട്ടിയാല്‍ വൈകുന്നേരം മദ്യപിക്കാന്‍ ഇരുനൂറിലധികം ചെലവാകും. കുടകിലാണെങ്കില്‍ എഴുപതു രൂപ മതി. ചാരായ നിരോധം അടിച്ചേല്‍പ്പിച്ച, പ്രവാസത്തിന്റെ ദുരിതം പേറുന്ന ആദിവാസികള്‍!
അരയേക്കര്‍ മുതൽ ഒരേക്കര്‍ വരെയാണ് വയനാട്ടിലെ ഓരോ പണിയ കോളനിയുടെയും വിസ്‌തൃതി. ഏതു കോളനിയെടുത്താലും ചുരുങ്ങിയത് മുപ്പതു വീടെങ്കിലും കാണും. 300 ചതുരശ്ര അടിയില്‍ താഴെയായിരിക്കും ഓരോവീടും. അതില്‍ തന്നെ അച്ഛനും അമ്മയും, അവരുടെ ഏറ്റവും ചുരുങ്ങിയത് മൂന്ന് മുതിര്‍ന്ന മക്കളും അവരുടെ ഭാര്യ/ഭര്‍ത്താക്കന്മാരും കുട്ടികളും. എന്നു പറഞ്ഞാൽ, ഏറ്റവും ചുരുങ്ങിയത് രണ്ട് വൃദ്ധരും ആറു മുതിര്‍ന്നവരും ആറു കുട്ടികളും. ഇവരുടെ ആഹാര-നീഹാര മെഥുനങ്ങള്‍ വരെ ഈ 300 ചതുരശ്ര അടിയിലാണ് വര്‍ഷങ്ങളായി നടക്കുന്നത്.
ചിലപ്പോള്‍ കുടിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് ഷീറ്റ് കുത്തിമറച്ച കിടപ്പു സ്ഥലങ്ങള്‍ കാണാം. അതും ചുരുങ്ങിയത് മൂന്നു മീറ്ററെങ്കിലും മുറ്റമുളളിടത്തു മാത്രം. അല്ലാത്തിടത്ത് അതുമില്ല. എല്ലാ കോളനികളിലും ഓരോ വര്‍ഷവും കുറേ വീടുകള്‍ പൊളിച്ചുകളഞ്ഞ് പുതിയ വീടുകള്‍ക്ക് തറകെട്ടിയിട്ടുണ്ടാവും. തൊട്ടു മുൻപത്തെ വർഷം പണിത വീടുകള്‍ (അനുവദിക്കപ്പെട്ട വീടുകൾ എന്നു പറയുന്നതാവും ഉചിതം) ജനലും വാതിലും വെക്കാതെ പലപ്പോഴും മേല്‍ക്കൂര വാര്‍ക്കാതെ അങ്ങനെ നില്‍ക്കുന്നുണ്ടാവും. വീണ്ടും അടുത്ത വര്‍ഷം തറകള്‍, പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടുകള്‍!
ആദിവാസി, കക്കൂസിലോ അതിനെക്കാള്‍ ദുര്‍വഹമായ മറ്റിടങ്ങളിലോ പഞ്ഞക്കെട്ടും പരാധീനതകളുമായി കഴിയുന്നുണ്ടാവും. അങ്ങനെയിരിക്കെയാണ് നമ്മുടെ ആദിവാസികള്‍ക്കു വേണ്ടിയുളള, അവരുടെ വിഭാഗത്തില്‍ നിന്നുവരുന്ന ഭരണാധികാരികൾ പറയുന്നത്, റോഡും വീടുമാണ് ആദിവാസി വികസന പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെന്ന്! ഇതു രണ്ടും ഭരണാധികാരികളുടെയും കരാറുകാരുടെയും മുന്‍ഗണനയാണ്, ആദിവാസിയുടേതല്ല.
1990കൾ മുതല്‍ ആദിവാസികളുടെ ഭൂമിക്കും ജീവിതത്തിനും വേണ്ടി പൊരുതിയ ജനനേതാവാണ് സി.കെ ജാനു. അവരിപ്പോള്‍ താമസിക്കുന്ന സ്ഥലം ഒരു സമരത്തിന്റെ ഭാഗമായി കൈയ്യേറി കുടില്‍ കെട്ടിയിരുന്നതാണ്. 1000 ചതുരശ്രയടിയില്‍ ഒരു സാധാരണ വാര്‍പ്പുവീട് പണിതതിന്, അവരിനി കേള്‍ക്കാൻ പഴിയൊന്നും ബാക്കിയില്ല.
ചീങ്ങേരിയിലും പനവല്ലിയിലും അങ്ങനെ പല സ്ഥലത്തും ജാനു കുടില്‍ കെട്ടല്‍ സമരം നയിച്ചതിനു ശേഷമാണ് 2001ല്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിനു ചുറ്റും അവര്‍ അനുയായികളോടൊപ്പം കുടിലുകള്‍ കെട്ടിയത്. ആ സമരത്തിന്റെ പ്രധാനപ്പെട്ട ഒത്തുതീര്‍പ്പു വ്യവസ്‌ഥ 2002 ജനുവരി ഒന്നു മുതൽ ലഭ്യതക്കനുസരിച്ച് ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്‍കുമെന്നായിരുന്നു. ഒരുവര്‍ഷം കാത്തിരുന്നിട്ടും കരാര്‍ ലംഘനമല്ലാതെ ഭൂമി കിട്ടില്ലെന്നുറപ്പായപ്പോഴാണ് 2003 ജനുവരിയില്‍ ജാനുവും ഗോത്ര മഹാസഭയും നേതൃത്വം കൊടുത്ത, മുത്തങ്ങ വനഭൂമിയിലെ കുടില്‍ കെട്ടൽ സമരം ആരംഭിച്ചത്. വനാവകാശത്തിന്റെയും ആദിവാസി സ്വയംഭരണ നിയമത്തിന്റെയും ഭരണഘടനാദത്തമായ അവകാശങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലവും ന്യായവും. അതുകൊണ്ടായിരിക്കണം യൂക്കാലി മുറിച്ച വനഭൂമിയില്‍ കയറി അവർ കുടില്‍ കെട്ടിയത്. എന്നാൽ പാരിസ്ഥിതിക പ്രാധാന്യമുളള സ്ഥലം കയ്യേറിയെന്നും, ആദിവാസി വിമോചന മേഖലയായി അവിടം പ്രഖ്യാപിക്കപ്പെട്ടെന്നുമൊക്കെ ചിത്രീകരിക്കപ്പെട്ടു.
തിരുവനന്തപുരത്തെ സമരത്തിന്റെ വിജയം നല്‍കിയ അമിത ആത്മവിശ്വാസം കൊണ്ടൊക്കെ ജനകീയ പിന്തുണയാര്‍ജിക്കാൻ ഗോത്ര മഹാസഭയും നേതാക്കളും തീരെ ശ്രമിച്ചില്ല. ഇങ്ങോട്ടു തേടിവന്ന പിന്തുണ പോലും അവര്‍ ഗൗനിച്ചുമില്ല. വയനാട്ടിലെ കുടിയേറ്റക്കാരുടെ ആദിവാസി വിരുദ്ധതയും, ഗീതാനന്ദന്റെയും മറ്റും നക്‌സലൈറ്റ് ഭൂതകാലവും, വനം വകുപ്പിന്റെയും പരിസ്‌ഥിതി സംരക്ഷണക്കാരുടെയും ഒത്തുകളികളുമൊക്കെ കൂടി ആകെ ഒരു തീവ്രവാദ പൊയ്‌മുഖം സമരത്തിനു നല്‍കപ്പെട്ടു. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ “ഒറ്റിക്കൊടുക്കാനാളായി, ചൂടിക്കാന്‍ മുള്‍ക്കിരീടവും, ക്രിസ്‌തു നിര്‍മാണം ക്ഷണമാമിനി” എന്ന അവസ്ഥയായി.
ഒരു പോലീസുകാരന്‍ ഏറ്റുമുട്ടലിനൊടുവില്‍ മരിക്കാനിടയായതോടെ ഭ്രാന്തരായ പോലീസുകാര്‍, ഇനിയൊരു പ്രസ്ഥാനത്തിനും പ്രക്ഷോഭത്തിനും തയ്യാറാകാത്ത വിധം ആദിവാസികളെ വേട്ടയാടി. മൂന്ന് ക്രിമിനല്‍ കേസുകളും അനവധി ഫോറസ്റ്റ് കേസുകളുമായി കഴിഞ്ഞ പത്തു വര്‍ഷമായി ഗോത്ര മഹാസഭയെന്ന പ്രസ്ഥാനം ഊര്‍ധ്വന്‍ വലിക്കുന്നു. ഇതൊക്കെയാണ് മുത്തങ്ങയുടെ ബാക്കിപത്രമെങ്കിലും, കേരളത്തിലെ ആദിവാസികളിലെ അടിത്തട്ടുകാര്‍ക്കു കൃഷിഭൂമി നല്‍കി അവരെ ജീവിക്കാനനുവദിക്കണമെന്ന സമ്മതിയിലേക്കെത്തിക്കാൻ പൊതു സമൂഹത്തെയും ഭരണാധികാരികളെയും നിര്‍ബന്ധിച്ചു എന്നത് അത്ര ചെറിയ കാര്യമല്ല.
കടപ്പാട്: മംഗളം