കേരളീയ നവോഥാനവും മുസ്‌ലിംകളും
കേരളീയ നവോഥാനത്തെ കുറിച്ചുള്ള പൊതുധാരണ ഇപ്രകാരമാണ്: ‘ആധുനിക നവോഥാനം’ ഒരു പ്രത്യേക കാലത്ത് ആരംഭിക്കുകയും, മതേതര ചിന്തയുമായിയും ദേശീയതയുമായും കണ്ണിചേര്‍ന്നു കിടക്കുകയും ചെയ്യുന്നു. ഈ യുക്തിയുടെ ഭാഗമല്ലാത്ത, അതിനെ സാധൂകരിക്കാത്ത പ്രവണതകള്‍ പുറംതള്ളപ്പെടുന്നുവെന്നതാണ് കേരളീയ നവോഥാനം എന്ന വ്യവഹാര മണ്ഡലത്തിലെ ഏറ്റവും അപകടകരമായ സംഗതി. ബാബുരാജ് ഭഗവതി എഴുതുന്നു.
ഒരു നിശ്ചിത കാലഗണനയുടെ അടിസ്ഥാനത്തിൽ, ഒരു സമൂഹത്തെ അടിമുടി മാറ്റിത്തീര്‍ത്ത പ്രതിഭാസമായാണ് കേരളീയ നവോഥാനം പൊതുവെ വിശദീകരിക്കപ്പെടുന്നത്. അതൊരു പ്രത്യേക കാലത്തു തുടങ്ങി, ചരിത്രപരമായ ദൗത്യ നിര്‍വഹണത്തിനു ശേഷം മാഞ്ഞുപോയതായും സങ്കൽപ്പിക്കപ്പെടുന്നു. തുടക്കത്തെ കുറിച്ചും ഒടുക്കത്തെ കുറിച്ചും ചില അഭിപ്രായ ഭേദങ്ങളുണ്ടെങ്കിലും, അതിന്‍റെ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിൽ പലര്‍ക്കും പറയത്തക്ക വിയോജിപ്പുകളില്ല. ഈ നവോഥാന പ്രക്രിയയെ അതുകൊണ്ടുതന്നെ ഒരിടത്തു നിന്നു തുടങ്ങി മറ്റൊരിടത്തേക്ക് പോകുന്ന ഒരു തീവണ്ടിയാത്ര പോലെയാണെന്ന് വേണമെങ്കിൽ കരുതാം. ചിലര്‍ ആ യാത്രയിൽ തുടക്കം മുതൽ കയറുകയും അവസാനം വരെ യാത്ര ചെയ്യുകയും ചെയ്യും. മറ്റു ചിലര്‍ ഏറെ നേരത്തിനു ശേഷമാണ് ആ യാത്രയിൽ പങ്കുചേരുന്നത്. ഈ യാത്ര ദശകങ്ങള്‍ നീണ്ടുനിൽക്കുന്ന ചരിത്രകാലത്തിലൂടെയാണ് എന്നതാണ് സാധാരണ തീവണ്ടിയാത്രയിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഇതുപോലെ, ആദ്യ തീവണ്ടി പുറപ്പെടും മുൻപ് യാത്ര തുടങ്ങിയ മറ്റൊരു തീവണ്ടിയെ നമുക്ക് സങ്കൽപ്പിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും! അത് മറ്റൊരു ദിശയിൽ, അതേ ലക്ഷ്യത്തിലേക്കോ, അല്ലെങ്കിൽ വ്യത്യസ്തമായ മറ്റൊരു ലക്ഷ്യത്തിലേക്കോ കുതിക്കുന്നു. ചിലപ്പോള്‍ ഇടക്കത് നിന്നു പോവുകയും, നമ്മുടെ ആദ്യവണ്ടി ഓട്ടം നിര്‍ത്തിയിട്ടും ഓട്ടം തുടരുകയും ചെയ്തേക്കാം. ഇതിൽ ആദ്യ വണ്ടിയിലെ യാത്രക്കാരാണ് നമ്മുടെ പൊതു നവോഥാന ചരിത്രത്തിലുള്ളതെങ്കിൽ, രണ്ടാമത്തെ വണ്ടിയിൽ യാത്ര ചെയ്തിരുന്നവരാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനതകളും എന്നതാണ് കേരളീയ നവോഥാനത്തെ കുറിച്ചുളള ചര്‍ച്ചയുടെ സങ്കീര്‍ണത. നവോത്ഥാന ചരിത്രത്തിൽ മുസ്‌ലിംകളുടെ സാന്നിധ്യത്തെയും ഇടപെടലുകളെയും മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ വെളിപ്പെടുന്നത് ഈ സങ്കീര്‍ണതയാണ്. പലപ്പോഴും രേഖീയമായ മനസ്സിലാക്കലുകള്‍ക്ക് അപ്പുറം നിൽക്കുന്നതാണത്.
നവോഥാനത്തിന്റെ മൂല്യവ്യവസ്ഥ
മാര്‍ക്സിയന്‍ ചിന്തകനായ പി. ഗോവിന്ദപ്പിള്ളയുടെ ഒരു ഉദ്ധരണിയെ മുന്‍നിര്‍ത്തി കേരളത്തിന്‍റെ നവോഥാന പ്രക്രിയയിൽ മുസ്‌ലിംകൾ വഹിച്ച പങ്കിനെ കുറിച്ച് ആലോചിച്ചു തുടങ്ങാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “ആധുനിക നവോഥാനത്തിന്റെ തുടര്‍ച്ചയും വ്യാപനവുമായിട്ടാണ് 19ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കേരള നവോഥാനം ജന്മം കൊണ്ടതും വ്യാപിച്ചതും. ഭാരതീയ നവോഥാനം എന്ന പേരിൽ ഇവിടെ വിവരിക്കുന്നത് 19-ാം ദശകങ്ങളിൽ ബംഗാളിൽ പ്രകടമാവുകയും, ഇൻഡ്യയുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാംസ്കാരിക പ്രസ്ഥാനമാണ്” (കേരള നവോഥാനം: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം-പി. ഗോവിന്ദപ്പിള്ള, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇൻഡ്യാ ചരിത്രത്തിലെ ഏകവും ആദ്യത്തേതുമായ പ്രസ്ഥാനമല്ല ഇതെന്ന് അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നു. ഇൻഡ്യാ ചരിത്രത്തിൽ പല നവോഥാന പ്രസ്ഥാനങ്ങളും രൂപംകൊള്ളുകയും മാഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. അവയിൽ പലതും തങ്ങളുടെ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി അധോഗതിയിലേക്ക് ഒലിച്ചിറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ നമ്മുടെ പ്രത്യേക പരിഗണനയിലുള്ള നവോഥാന പ്രക്രിയ 18-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിൽ തളിരിട്ട്, 19-ാം നൂറ്റാണ്ടിൽ താരണിഞ്ഞ്, ഇൻഡ്യയൊട്ടാകെ സൗരഭ്യം പരത്തിയ ഒരു പ്രതിഭാസമാണ്. ബംഗാളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. പിന്നീട് മറ്റു ദിശകളിലേക്ക് പടര്‍ന്നുപിടിക്കുന്നു. അതോടൊപ്പം ദേശീയമായ വേരോട്ടങ്ങളും നമുക്കതിൽ ദര്‍ശിക്കാം.
തുടര്‍ന്നദ്ദേഹം നേരത്തെ വ്യക്തമാക്കിയ വിവിധ നവോഥാന ധാരകളെ വേര്‍തിരിച്ചു കാണുന്നുണ്ട്. അതനുസരിച്ച് ആധുനികമായ ആ നവോഥാനത്തിനു മുൻപു സംഭവിച്ച നവോഥാനം ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യയിൽ നിന്നാരംഭിച്ച് വടക്കോട്ടു യാത്ര ചെയ്ത് ചരിത്രത്തിൽ വിലയം പ്രാപിക്കുകയായിരുന്നു അത്. എന്നാൽ ആധുനിക കാലത്തെ നവോഥാനം അതിൽ നിന്നു വ്യത്യസ്തമാണ്. ഇന്ന് ഇൻഡ്യയായി അറിയപ്പെടുന്ന, അല്ലെങ്കിൽ ഹിന്ദു സമൂഹത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെടുന്ന, ഭക്തിപ്രസ്ഥാനത്തിന്‍റെ സൗരഭ്യമേറ്റ, ദേശീയതയുമായി കണ്ണിചേര്‍ന്നു കിടക്കുന്ന, 19-ാം നൂറ്റാണ്ടിൽ ബംഗാളിൽ നിന്നാരംഭിച്ച് ഉത്തരേന്ത്യയിലേക്ക് വ്യാപിച്ച്, പഞ്ചാബിലെത്തി തെക്കോട്ടു രാജസ്ഥാനും ഗുജറാത്തും കഴിഞ്ഞ് മഹാരാഷ്ട്രയിലൂടെ കേരളമുള്‍പ്പെടുന്ന ദ്രാവിഡ നാടുകളിലേക്ക് അന്ത്യനാളുകളിൽ എത്തുകയാണ് ചെയ്തതെന്ന് പറഞ്ഞാൽ ആധുനിക നവോഥാനത്തിന്‍റെ ദിശയായി. ഭാരതീയ നവോത്ഥാനത്തിന്‍റെ ചരിത്രം ബംഗാളിൽ നിന്ന് ആരംഭിക്കുന്നതിന്റെ കാരണമാവട്ടെ, 1757ലെ പ്ലാസി യുദ്ധവും. ഇതിനിടയിൽ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ നോവലിൽ സൂചിപ്പിക്കുന്ന ഹൈന്ദവ സന്ന്യാസിമാരുടേതു പോലുള്ള വര്‍ഗീയ ഘടനയോട് ചേര്‍ത്തു വെച്ചാണ് ഇസ്‌ലാമിക നീക്കങ്ങളെ ഗോവിന്ദപ്പിള്ള വരവു വെക്കുന്നത്.
തുടര്‍ന്ന് യൂറോപ്യന്‍ നവോഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അദ്ദേഹം എണ്ണിപ്പറയുന്നു. ആ മൂല്യങ്ങളെ ഇൻഡ്യൻ പശ്ചാത്തലത്തിൽ അംഗീകരിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ഇൻഡ്യൻ നവോഥാന നായകര്‍ ചെയ്തതെന്ന് അദ്ദേഹം കണ്ടെത്തുന്നു. മതേതരം എന്ന ആശയത്തിന്‍റെ ചുവടുപിടിച്ചാണ് പിന്നീടത് വികസിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങള്‍, വിജ്ഞാനം, രാഷ്ട്രീയം തുടങ്ങിയവയെ മതവിമുക്തമോ മതേതരമോ ആക്കുകയും ചെയ്യുന്നു; യൂറോപ്യന്‍ നവോഥാനവും ഇൻഡ്യന്‍ നവോഥാനവും തമ്മിലുള്ള ബന്ധവും അതാണ്.
തുടര്‍ന്നദ്ദേഹം ഇൻഡ്യൻ നവോഥാനത്തിന്റെ സ്വഭാവങ്ങള്‍ എണ്ണിപ്പറയുന്നു. സര്‍വമത സമഭാവന, പരമത സഹിഷ്ണുത, അഭിനവഭാരത നിര്‍മാണത്തിനും ദേശീയോദ്ഗ്രഥനത്തിനും അത്യന്താപേക്ഷിതമായ മതേതരത്വം, സാമൂഹിക പദവി, സ്വത്തവകാശം, കുടുംബഘടന, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയിൽ സമത്വം, സതി, ശിശുവിവാഹം പോലുള്ളവയെ വിരോധിക്കൽ, ബഹുഭാര്യത്വം, സ്ത്രീധനം പോലുള്ളവ നിഷേധിക്കൽ, ദുര്‍മന്ത്രവാദം, ജ്യോതിഷം, മൃഗബലി തുടങ്ങിയവയെ ഇല്ലാതാക്കൽ- ഇതിനൊക്കെ പുറമെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും.
ഇത്രയും പറഞ്ഞതിൽ നിന്നും ഒരു കാര്യം നമുക്കു വ്യക്തമാകും. കേരളീയ നവോഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളിൽ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ചേരുവകളുണ്ട്. ഒന്നാമതായി, ബംഗാളിലെ നവോഥാനത്തിന്‍റെ ചുവടുപിടിച്ചാണ് നമ്മുടെ നവോഥാന ചിന്ത തുടങ്ങേണ്ടത്. അത് ഭക്തിപ്രസ്ഥാനത്തിൽ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളുന്നു. എങ്കിലും, തീര്‍ച്ചയായും മറ്റു ചില ധാരകളെയും അംഗീകരിക്കാതെയിരിക്കുന്നില്ല. ദേശീയതാ ബോധവും മതേതര ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അതിന്‍റെ സുപ്രധാനമായ മറ്റൊരു വശം. മുസ്‌ലിം, ദലിത്, പിന്നാക്ക ചരിത്രവും, ഈ വിഭാഗങ്ങള്‍ക്കിടയിൽ നടന്ന ജനാധിപത്യ പ്രക്രിയകളും മുന്നേറ്റങ്ങളും ഒഴിവാക്കപ്പെട്ടത് പൊതുസമ്മതമായ ഈ ചിന്താ പദ്ധതിയിലൂടെയാണെന്നാണ് ഈ ലേഖനം പറയാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ വിവിധ ചിന്താ പദ്ധതികളിൽ പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍ നവോഥാനത്തെ കുറിച്ച് എഴുതിയതും, അതിൽ മുസ്‌ലിം വിഭാഗങ്ങളെ പങ്കുചേര്‍ത്ത വിധവും പരിശോധിച്ചാൽ ഈ ‘ഒഴിവാക്കൽ’ കണ്ടെത്താന്‍ കഴിയും. ഇതേ കാര്യം ഇതര കീഴാള സമൂഹങ്ങളുടെ ചരിത്ര രചനകളിലും നമുക്ക് കണ്ടെത്താം.
നവോഥാന ചരിത്രം: ചില അവതരണങ്ങള്‍
‘നമ്മള്‍ നടന്ന വഴികള്‍’ എന്ന പേരിൽ പ്രൊഫ. എസ്.കെ വസന്തന്‍ കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പുസ്തകം ഒരു മാതൃകയെന്ന നിലയിൽ പരിശോധിക്കാം. നവോഥാനവുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളാണ് വസന്തന്‍റെ പുസ്തകത്തിലുള്ളത്- നവോഥാനം സാഹിത്യത്തിൽ, നവോഥാനം സമൂഹത്തിൽ, നവോഥാനം രാഷ്ട്രീയത്തിൽ എന്നിങ്ങനെ.
പുസ്തകത്തിൽ, ‘നവോഥാനം സാഹിത്യത്തിൽ’ എന്നതിൽ കൊടുങ്ങല്ലൂര്‍ കളരി മുതൽ കേസരി സദസ്സ് വരെ വിശദീകരിച്ചിരിക്കുന്നു. അതിൽ പത്രങ്ങളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ സ്വദേശാഭിമാനിയെ കുറിച്ച് പറയുന്നു. ഒപ്പം പത്രമുടമയെന്ന നിലയിൽ വക്കം മൗലവിയെ പരാമര്‍ശിക്കുന്നു. ‘നവോഥാനം സമൂഹത്തിൽ’ എന്ന തലക്കെട്ടിനു കീഴെ ചാന്നാര്‍ ലഹള മുത ക്ഷേത്രപ്രവേശന സമരങ്ങളും യുക്തിവാദ പ്രസ്ഥാനങ്ങളും അധ്യാപക പ്രസ്ഥാനങ്ങളും വരെ സ്ഥാനം പിടിച്ചിരിക്കുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒന്നിനെ കുറിച്ചും ഒരു പരാമര്‍ശവും അതിൽ കാണുന്നില്ല. ‘നവോഥാനം രാഷ്ട്രീയത്തിൽ’ എന്നു പറയുന്നിടത്താണ് മാപ്പിളമാര്‍ അൽപ്പമാത്രമായെങ്കിലും ഇടം പിടിക്കുന്നത്- അതും മാപ്പിള ലഹളയും വാഗണ്‍ ട്രാജഡിയും പരാമര്‍ശിക്കപ്പെടുന്നിടത്ത്.
പി.കെ ഗോപാലകൃഷ്ണന്‍ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തിൽ നവോഥന കാലം തുടങ്ങുന്നത് മിഷണറിമാരുടെ പ്രവര്‍ത്തനവും പിന്നീട് 1888ലെ അരുവിപ്പുറം പ്രതിഷ്ഠയോടും കൂടിയാണ്. ജാതിവിരുദ്ധ നീക്കങ്ങള്‍, ആചാര പരിഷ്കരണങ്ങള്‍, വിദ്യാഭ്യാസം, നമ്പൂതിരിമാര്‍ക്കിടയിലെ പരിഷ്കാരങ്ങള്‍, കുടുംബഭാഗം അനുവദിക്കൽ, ഇംഗ്ലീഷ് വിദ്യാഭ്യാസം, വിധവാ വിവാഹം, അപ്ഫന്‍ നമ്പൂതിരിക്ക് സ്വജാതി വിവാഹം അനുവദിക്കൽ, ഘോഷാ ബഹിഷ്കരണം, മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്കുള്ള നായന്മാരുടെ വരവ്, ക്ഷേത്രത്തിൽ മണിയടിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശം, ആളോഹരി ഭാഗം, വിദ്യാഭ്യാസം- ഇവിടെ വക്കം മൗലവിയുടെ വിദ്യാഭ്യാസ പരിഷ്കരണത്തെ കുറിച്ച് സൂചിപ്പിച്ച് അവസാനിപ്പിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിൽ രൂപംകൊണ്ട്, കേരളത്തിലേക്കെത്തിയ നവോഥാനത്തിന്‍റെ ദിശയെ കുറിച്ച് തുടര്‍ന്നദ്ദേഹവും എഴുതുന്നുണ്ട്. അവക്കിടയിൽ ചെറിയൊരു വ്യത്യാസം അദ്ദേഹം പറഞ്ഞുവെക്കുന്നു. ബംഗാള്‍ നവോഥാനം ആര്യസമാജം പോലുളള മതങ്ങള്‍ക്ക് രൂപം നൽകിയെങ്കിൽ, കേരളത്തിൽ അതു സംഭവിച്ചില്ലെന്നു മാത്രമല്ല, “മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്ന്” പഠപ്പിക്കുകയായിരുന്നു നവോഥാന പ്രസ്ഥാനം. ഒപ്പം ഈ പ്രസ്ഥാനം തന്നെ വര്‍ഗപരമായ ഉള്ളടക്കം കൊണ്ട് താണ തലത്തിലാണ് നിലനിന്നിരുന്നതെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.
ഇ.എം.എസ് എഴുതിയ ‘കേരള ചരിത്രം: മാർക്സിസ്റ്റ് വീക്ഷണത്തിൽ’ എന്ന പുസ്തകത്തിൽ മുസ്‌ലിം നവോഥാനകാല പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ഇടം നീക്കിവെച്ചതായി പോലും കാണുന്നില്ല. 1981ൽ എഴുതിയ ഈ ഗ്രന്ഥം അദ്ദേഹത്തിന്‍റെ തന്നെ “കേരള ചരിത്രവും സംസ്കാരവും മാര്‍ക്സിസ്റ്റ് വീക്ഷണത്തിൽ’ എന്ന ഗ്രന്ഥത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ്. ഈ ഗ്രന്ഥം തന്നെ അദ്ദേഹത്തിന്‍റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്. ഒരു ഗ്രന്ഥം മൂന്നു തവണ മാറ്റിയെഴുതിയിട്ടും മുസ്‌ലിം പ്രസ്ഥാനങ്ങളെ കുറിച്ച് അദ്ദേഹം വേണ്ട വിധത്തിൽ പരാമര്‍ശിക്കുകയുണ്ടായില്ല. 1967ൽ ഇംഗ്ലീഷിൽ പുറത്തിറക്കിയ ‘കേരളം: ഇന്നലെ, ഇന്ന്, നാളെ’ എന്ന കൃതിയിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണുന്നില്ലെ എന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടേണ്ടതില്ല.
ഇടതുപക്ഷ ചരിത്ര വിശകലനത്തിൽ അയ്യങ്കാളി ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് പലരും ഏറെ പറഞ്ഞുകഴിഞ്ഞു. ചിലരെങ്കിലും ഇതിനെ ജാതിക്കുശുമ്പായി കാണാനും ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു പരാമര്‍ശം നടത്തിയ രാജഗോപാൽ വാകത്താനത്തിന്‍റെ നിലപാടുകളെ കുറിച്ച് ഒരു വായനക്കാരന്‍ ചോദിച്ച ചോദ്യത്തിന്, താന്‍ അയ്യങ്കാളിയെ കുറിച്ച് 1948 കാലത്ത് കേട്ടിരുന്നില്ലെന്ന മറുപടിയാണ് ‘ചിന്ത’യിലൂടെ (11.03.94 ചോദ്യോത്തര പംക്തി, ചിന്ത മാസിക) ഇ.എം.എസ് നൽകുന്നത്. ഒരു പരിധിവരെ അത് വാസ്തവമായിരിക്കാം. അതേസമയം, അതറിഞ്ഞതിനു ശേഷവും വേണ്ടത്ര പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താതിരുന്നത് ദേശീയവാദ കണ്ണടയിലൂടെ നോക്കിക്കാണുമ്പോഴുള്ള കാഴ്ചപ്പിശകായും കാണാന്‍ കഴിയും. കാരണം, ഈ അജ്ഞത അയ്യങ്കാളിയോട് മാത്രമല്ല, മുസ്‌ലിം സമൂഹത്തിലെ പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോഴും ദൃശ്യമാകുന്നുണ്ട്.
കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് ധാരാളം പഠിച്ചിട്ടുള്ള ഡോ. എം. ഗംഗാധരന്‍ ‘കേരളത്തിലെ മുസ്‌ലിം സമുദായം’ എന്ന അഭിമുഖത്തിൽ, കേരള സാമൂഹിക പരിഷ്കരണ സംരംഭങ്ങളിലെ ഇസ്‌ലാമിക സ്വാധീനത്തെ കുറിച്ച് വിശകലനം ചെയ്യുന്നുണ്ട്. അത്തരം സ്വാധീനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് എം. ഗംഗാധരന്‍ അഭിപ്രായപ്പെടുന്നത്. മുസ്‌ലിമേതര പരിഷ്കര്‍ത്താക്കളെ ഇസ്‌ലാമിക പ്രത്യയശാസ്ത്രം സ്വാധീനിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. യഥാര്‍ഥത്തിൽ ഇസ്‌ലാമിക പ്രത്യയശാസ്ത്രം തന്നെ കേരളീയ സമൂഹത്തിൽ വിമോചനപരമായ പങ്കുവഹിച്ചിരുന്നുവെന്ന് കാണാനാവാത്തത് ഒരുപക്ഷേ, നവോഥാനത്തെ കുറിച്ച് എഴുതിയ നമ്മുടെ എഴുത്തുകാരുടെ ചിന്തയുടെ പ്രത്യേകത കൊണ്ടായിരിക്കണം.
കേരളീയ നവോഥാനത്തെ കുറിച്ചുള്ള നമ്മുടെ പൊതുധാരണയെ ഇപ്രകാരം സംഗ്രഹിക്കാം: ‘ആധുനിക നവോഥാനം’ ഒരു പ്രത്യേക കാലത്ത് ആരംഭിക്കുകയാണ്. അത് മതേതര ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയതയുമായി അത് കണ്ണിചേര്‍ന്നു കിടക്കുകയും ചെയ്യുന്നു. ഈ യുക്തിയുടെ ഭാഗമല്ലാത്ത, അതിനെ സാധൂകരിക്കാത്ത പ്രവണതകള്‍ പുറംതള്ളപ്പെടുന്നുവെന്നതാണ് കേരളീയ നവോഥാന പഠനശാഖ എന്ന വ്യവഹാര മണ്ഡലത്തിലെ ഏറ്റവും അപകടകരമായ സംഗതി.
മതംമാറ്റം: ഒരു വിമോചന മൂല്യമെന്ന നിലയിൽ
കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങള്‍ക്കു കാരണമായ ഒരു പ്രതിഭാസമായിരുന്നു മതംമാറ്റം. ഒരുപക്ഷേ, ഏതൊരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തെക്കാളും അത് കേരളീയ ജീവിതത്തെ മാറ്റിമറിച്ചു. എന്നാൽ മതം മാറ്റം നമ്മുടെ സമൂഹത്തിൽ ആഖ്യാനം ചെയ്യപ്പെട്ടതെങ്ങനെയാണ്? മതംമാറ്റത്തെ കുറിച്ചുള്ള ഏതാണ്ടെല്ലാ ചര്‍ച്ചകളും സവര്‍ണ കാഴ്ച്ചപ്പാടുകളിൽ നിന്നുകൊണ്ടാണ് എല്ലായ്പ്പോഴും ആഖ്യാനം ചെയ്യപ്പെട്ടത് എന്നതുകൊണ്ടും, മതംമാറിയവരുടെ ‘നിര്‍വാഹകത്വം’ അഥവാ ഏജന്‍സി ഒരിക്കൽ പോലും ആഖ്യാനം ചെയ്യപ്പെട്ടില്ല എന്നതുകൊണ്ടും, മതംമാറ്റത്തെ ‘ചൂഷണം’ അല്ലെങ്കിൽ ‘അധികാര പ്രയോഗമെന്ന’ മട്ടിലാണ് വിശകലനം ചെയ്യപ്പെട്ടത്. മാത്രമല്ല, ‘മതസ്പര്‍ധയെന്ന’ ആശയമായിരുന്നു മതം മാറ്റത്തെ മനസ്സിലാക്കാനുളള മറ്റൊരു താക്കോൽ വാക്ക്. മതം മാറ്റത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യ കാമനകളുടെയും വൈകാരിക തൃഷ്ണകളുടെയും ആത്മീയാന്വേഷണങ്ങളുടെയും പങ്ക് അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും മറച്ചുവെക്കപ്പെട്ടു.
കേരളീയ മുസ്‌ലിംകളുടെ ചരിത്രത്തിൽ സുപ്രധാനമായ ഒരേടായ ചേരമാന്‍ പെരുമാളിനെ കുറിച്ചുള്ള രണ്ട് കഥകളാണ് പ്രചാരത്തിലുള്ളത്. ഒന്ന്, ഒരു സ്വപ്ന വ്യാഖ്യാനമാണ്. അറേബ്യയിൽ ഒരു അമാവാസി ദിനത്തിൽ ഒരു പൂര്‍ണ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു മാറുന്നതായി ചേരമാന്‍ പെരുമാള്‍ സ്വപ്നം കാണുന്നു. ഒരിക്കൽ രാജാവിനെ കാണാനെത്തിയ മുസ്‌ലിം പണ്ഡിതര്‍ ആ സ്വപ്നത്തെ വ്യാഖ്യാനിക്കുന്നു. അതിൽ ആകൃഷ്ടനായാണ് അദ്ദേഹം മതംമാറിയതെന്ന് ഒന്നാമത്തെ കഥ പറയുന്നു. മറ്റൊരു കഥയിലാവട്ടെ, മറ്റിതര മതങ്ങളിലെ തത്ത്വചിന്ത കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത ഒരു കൊലപാതകം രാജാവ് നടത്തുകയാണ്. ഇസ്‌ലാം അതിനും പരിഹാരം നിര്‍ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. തുടര്‍ന്നാണ് പെരുമാളുടെ ഇസ്‌ലാം മതപ്രവേശം. രണ്ട് വ്യാഖ്യാനത്തിലും ഏതെങ്കിലും തരത്തിലുള്ള ജാതിപീഡകളെ തുടര്‍ന്നായിരുന്നില്ല മതംമാറ്റമെന്നതാണ് ശ്രദ്ധേയം. ഇത് കഥയായി പരിഗണിച്ചു കൊണ്ടുതന്നെ, കേരളത്തിന്റെ വ്യാവഹാരിക ലോകത്ത് മതംമാറ്റം വലിയൊരു കാലത്തോളം ആത്മീയാന്വേഷണങ്ങളുടെയും ജീവിത കാമനകളുടെയും ഭാഗമായിരുന്നുവെന്ന നിഗമനത്തിലേക്ക് നമുക്കെത്താവുന്നതാണ്.
അറബി മലയാളത്തെ കുറിച്ചും, അതിന്റെ ചരിത്രത്തെ കുറിച്ചും പഠിച്ച ഗവേഷകനായ ഡോ. ജമീൽ അഹ്മദ്, മുസ്‌ലിം സമൂഹത്തെ കുറിച്ച് പഠിക്കാനുള്ള സൂചകമായും കൂടി ആ ഭാഷയെ ഉപയോഗപ്പെടുത്തുന്നുണ്ട് (മലയാള മുസ്‌ലിം: ഭാഷ, സംസ്കാരം, ചരിത്രം, ഡോ. ജമീൽ അഹ്മദ്). ഇസ്‌ലാമുമായി മാത്രം ബന്ധപ്പെടുത്തി അറബി മലയാളത്തെ കാണുന്ന പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന അദ്ദേഹം, സുപ്രധാന കൃതികളെല്ലാം മുസ്‌ലിംകള്‍ക്ക് മാത്രം അറിയാവുന്ന ഭാഷയെന്ന നിലയിൽ അറബി മലയാളത്തിലാണ് എഴുതപ്പെട്ടിരുന്നത് എന്നതിലൂടെ ഉപരിവര്‍ഗ, ഹൈന്ദവ സമൂഹങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ ചില കാലത്തെങ്കിലും മുസ്‌ലിം പദ്ധതിയുടെ ഗൗരവമായ ഭാഗമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ആത്മീയാന്വേഷണങ്ങളുടെ ഭാഗമായ ഇക്കാലത്തെ ഒറ്റപ്പെട്ട മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് കേരളീയസ മൂഹത്തെ അടിമുടി പുതുക്കിപ്പണിയാനോ സാമൂഹിക ശക്തിയാക്കാനോ കഴിയുമായിരുന്നില്ല എന്നു മാത്രം ഈ ഘട്ടത്തിൽ നമുക്കു പറഞ്ഞുവെക്കാം. കൂട്ടമായ മതപരിവര്‍ത്തനത്തിനു മാത്രമേ ആ ദൗത്യം നിര്‍വഹിക്കാനാവുമായിരുന്നുള്ളൂ. അതിനാകട്ടെ കേരളീയ സമൂഹത്തിന് കുറേ കാലം കൂടി കാത്തിരിക്കേണ്ടി വന്നു.
സവര്‍ണേതര ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം മതംമാറ്റം ജാതിപീഡനങ്ങള്‍ മറികടക്കാനുള്ള ബൃഹത്പദ്ധതിയുടെ ഭാഗമായിരുന്നു. ഇക്കാലത്ത് ധാരാളം പേര്‍ കീഴ് ജാതികളിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ചു. ജാതീയ പീഡനങ്ങള്‍ ശക്തമായ അക്കാലത്തെ സംബന്ധിച്ചിടത്തോളം, അത് സ്വാഭാവികവുമായിരുന്നു. 18-ാം നൂറ്റാണ്ടിൽ ഹളറമൗത്തിൽ നിന്നു വന്ന മതപ്രചാരകരായ ഇന്നത്തെ തങ്ങള്‍മാരുടെ പൂര്‍വികരുടെ കാലത്താണ് മലബാർ ഉള്‍പ്രദേശങ്ങളിലെ പല കീഴാളരും ഇസ്‌ലാം സ്വീകരിക്കുന്നത്. മമ്പുറം തങ്ങള്‍മാര്‍ മലബാറിലെ മതപരിവര്‍ത്തന ശ്രമങ്ങളെ സഹായിക്കുകയും ചെയ്തു. ജാതി പീഡനങ്ങള്‍ക്കെതിരെയുളള പ്രതിരോധം എന്നതിനൊപ്പം, പലരും ഈ പണ്ഡിതരുടെ വ്യക്തി വൈശിഷ്ട്യത്തിൽ ആകൃഷ്ടരായി വന്നുചേര്‍ന്നവരാണെന്നും കരുതപ്പെടുന്നുണ്ട്. മമ്പുറം തങ്ങള്‍മാരെ മലബാറിലെ ജനത ദൈവമായി പരിഗണിച്ചതിനെ കുറിച്ച് ബ്രിട്ടീഷ് ഭരണരേഖകളെ ഉദ്ധരിച്ച് ലോഗൺ വിസ്തരിച്ചെഴുതുന്നുണ്ട്.
19ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ മാപ്പിളമാരുടെ ജനസംഖ്യ പല ഘട്ടങ്ങളിലായി വളര്‍ന്നു വരുന്നുണ്ടെന്ന് രേഖകള്‍ പറയുന്നു. മില്ലര്‍ ഉദ്ധരിക്കുന്ന കണക്കു പ്രകാരം 1831-51 കാലത്ത് മുസ്‌ലിം ജനസംഖ്യയിൽ 42.8 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. ഇക്കാലത്ത് പള്ളികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ചെറുമരായിരുന്നു കൂടുതലും മതംമാറിയത്. കുറേയേറെ മുക്കുവരും ഇക്കാലങ്ങളിൽ ഇസ്‌ലാമിലേക്ക് ചേര്‍ന്നു. മുഴുവന്‍ ജനങ്ങളും ഇസ്‌ലാമിലേക്കെത്തിയേക്കുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ പോലും ഭയപ്പെട്ടു. ആ ഭയം വെറുതേയായിരുന്നില്ല. 1871-1911 കാലത്ത് നാൽപ്പതു വര്‍ഷം കൊണ്ട് മാപ്പിളമാര്‍ 63.9 ശതമാനം വളര്‍ന്നു. അതേസമയം ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ച 22.6 ശതമാനം മാത്രമായിരുന്നു. മാപ്പിളമാരുടെ ജനസംഖ്യയിലുളള വളര്‍ച്ചയെക്കുറിച്ച് ലോഗണും എഴുതുന്നുണ്ട്. ജനസംഖ്യാ വര്‍ധനക്കു കാരണമായി ലോഗൺ കാണുന്നത് അവരുടെ വര്‍ധിച്ച ജനന നിരക്കല്ല, മറിച്ച് മതം മാറ്റമാണ്- (പേജ്: 153). 1871ലെയും 1881ലെയും ജനസംഖ്യയെ താരതമ്യം ചെയ്തുകൊണ്ട് ലോഗൺ എഴുതുന്നു: 1871ൽ ചെറുമരുടെ ജനസംഖ്യ മലബാറിൽ 99,009 ആയിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 64,715 ആയി ചുരുങ്ങി. മലബാര്‍ ജില്ലയിൽ മൊത്തം ഉണ്ടായ ജനസംഖ്യാ വര്‍ധന 5.71 ശതമാനമായിരുന്നു. ചെറുമരുടെ ജനസംഖ്യ 34.63 ശതമാനം ചുരുങ്ങുകയായിരുന്നു. മൊത്തം കണക്കനുസരിച്ച് ചെറുമര്‍ 40,000 ആയി വര്‍ധിക്കേണ്ടതായിരുന്നു, പക്ഷേ, അതുണ്ടായില്ല. ഇസ്‌ലാമിലേക്കുള്ള കൂട്ടമായ പരിവര്‍ത്തനമാണ് ഇതിനു പിന്നിലുളള അസ്വസ്ഥജനകമായ കാരണമെന്ന് ജില്ലാ ഓഫിസര്‍ക്കറിയാം!
കീഴാള ജനതയുടെ കൂട്ടത്തോടെയുള്ള മതംമാറ്റത്തോട് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് ജന്മിമാരായിരുന്നു. ഏതു കാരണം കൊണ്ടായാലും ഇത് ഹിന്ദു മേധാവികളുമായുള്ള (മാപ്പിളമാരുടെ) ഇടച്ചിലിന് കാരണമായിട്ടുണ്ടെന്ന് എം. ഗംഗാധരനും എഴുതുന്നു (എം. ഗംഗാധരന്‍, ‘വിരുദ്ധരും വിധേയരും: മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും’). എന്തുകൊണ്ടായിരുന്നു ഈ ഇടച്ചിൽ എന്നത് നമ്മുടെ ആലോചനയിൽ പ്രധാനമാണ്. ഹിന്ദുവെന്ന് ഇന്നു നാം മനസ്സിലാക്കുന്ന ഒരു സമൂഹം രൂപം കൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഹിന്ദു സമുദായത്തിന്‍റെ അംഗസംഖ്യയിലുണ്ടാവുന്ന കുറവല്ല ഈ വിരോധത്തിനു പിന്നിൽ. മറിച്ച്, വിമോചന മാര്‍ഗമെന്ന നിലയിൽ സ്വീകരിച്ച പുതിയ മതം കീഴാളര്‍ക്ക് നൽകിയ അന്തസ്സും ആത്മാഭിമാനവും സവര്‍ണ ജന്മിമാര്‍ക്ക് വിനയായി മാറിയതാണ്. അതുവരെ സാമൂഹിക വ്യവസ്ഥയിൽ സവര്‍ണ മേധാവികള്‍ കൈവശം വെച്ചനുഭവിച്ചിരുന്ന അധികാരം പുതു മുസ്‌ലിംകൾ ചോദ്യം ചെയ്തു. അക്കാലഘട്ടങ്ങളിൽ മേൽ ജാതിക്കാരുമായി നിരവധി സംഘര്‍ഷങ്ങള്‍ ഇതിന്‍റെ പേരിലുണ്ടായി. മാപ്പിള കലാപമായി കരുതപ്പെടുന്ന 1843ലെ ചേറൂര്‍ കലാപം തന്നെ ആത്മാഭിമാനവും അന്തസ്സുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നല്ലോ അടിസ്ഥാനപരമായി ഉയര്‍ത്തിയത്.
അലവി തങ്ങളുടെ മകന്‍ ഫസൽ പൂക്കോയ തങ്ങളെക്കറിച്ചുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ടു തന്നെ അദ്ദേഹം സമുദായത്തിലെ പാവപ്പെട്ടവരിൽ ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍ സ്വീകരിച്ചുവെന്നതായിരുന്നു. മേൽജാതിക്കാരായ ഭൂവുടമകളുടെ എച്ചിൽ ഭക്ഷിക്കരുത്, ഇങ്ങോട്ട് നീയെന്ന് വിളിക്കുന്നവരെ നീ എന്നുതന്നെ തിരിച്ചുവിളിക്കണം, പുണ്യദിവസമായ വെള്ളിയാഴ്ചകളിൽ പണിക്കു പോകരുത്- ഫസൽ പൂക്കോയ തങ്ങളുടെ ഉപദേശങ്ങള്‍ ഇങ്ങനെ പോകുന്നു.
ഇസ്‌ലാം അടിയാളര്‍ക്ക് നൽകിയ വിമോചന മൂല്യം എത്രയായിരുന്നുവെന്ന് ലോഗണും നിരീക്ഷിക്കുന്നുണ്ട്: അടിയാള വര്‍ഗത്തെ അവരുടെ മുന്‍കാല സാമൂഹിക ബന്ധങ്ങളിൽ നിന്ന് വിടര്‍ത്തിയെടുക്കുന്ന കാര്യത്തിൽ ഇസ്‌ലാം മതത്തിലേക്കുള്ള അവരുടെ കൂട്ടമായുള്ള പരിവര്‍ത്തനം വഹിച്ച പങ്ക് ഒട്ടും നിസ്സാരമല്ല. മതംമാറ്റം നടത്തുന്ന ചെറുമന്‍ സമൂഹത്തിൽ രായ്ക്കുരാമാനം അസ്പൃശ്യനല്ലാതാവുന്നു. അയാള്‍ ‘മനുഷ്യനായി’ അംഗീകരിക്കപ്പെടുന്നു. മതംമാറിയ ആളെ ഭീഷണിപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്താൽ മുസ്‌ലിം സമുദായം ഒന്നടങ്കം അയാളുടെ രക്ഷക്കെത്തും (മലബാര്‍ മാനുവൽ, പേജ് 118).
കീഴാളരിൽ നിന്നു കൂടുതൽ പേര്‍ മതംമാറി തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുത്തപ്പോള്‍ അതിനെതിരെയുള്ള മേൽജാതിക്കാരുടെ പ്രതികരണവും രൂക്ഷമായിരുന്നിരിക്കണം. ഏറ്റവും കൂടുതൽ കലാപം നടന്ന കാലത്തുതന്നെ മുസ്‌ലിം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വളര്‍ച്ചയുണ്ടായെന്ന് മില്ലര്‍ എഴുതി. യഥാര്‍ത്ഥത്തിൽ, ഏറ്റവും കൂടുതൽ പേര്‍ മുസ്‌ലിംകളായി മതംമാറിയതിനോടുളള പ്രതികരണമെന്ന നിലയിൽ കൂടിയായിരിക്കണം ഇക്കാലത്ത് കലാപങ്ങളും വര്‍ധിച്ചത്. ഈ കലാപങ്ങളിൽ മറുപക്ഷത്ത് ചോദ്യം ചെയ്യപ്പെടാത്തത് അടിമത്തം ആവശ്യപ്പെട്ട ജന്മിമാരായിരുന്നുവെന്നതും യാദൃച്ഛികമായിരുന്നില്ല.
ചുരുക്കത്തിൽ, മാപ്പിള കലാപങ്ങള്‍ ജന്മിത്തവിരുദ്ധമായ കലാപങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച്, മതംകൊണ്ട് ആത്മാഭിമാനത്തിലേക്ക് ഉയര്‍ന്ന ഒരു വിഭാഗത്തോടുള്ള അധികാരി വര്‍ഗത്തിന്‍റെ പ്രതികരണങ്ങളിൽ നിന്നു രൂപംകൊണ്ടതായിരുന്നു അത്. മതംമാറ്റം എന്നത് ഏതൊരു സാമൂഹിക പരിഷ്കരണ നീക്കങ്ങളെക്കാളും കീഴ്ജാതിക്കാര്‍ക്ക് ആത്മാഭിമാനം നേടിക്കൊടുക്കുകയും, ലോഗൺ നിരീക്ഷിക്കുന്നതുപോലെ അവരെ മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അതേസമയം മതംമാറ്റത്തിൽ ബലപ്രയോഗത്തിന്‍റെ യാതൊരു അംശവും ഇല്ലാതിരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. സവര്‍ണരെ ബലംപ്രയോഗിച്ച് മതംമാറ്റിയതിന്‍റെ നിരവധി രേഖകള്‍ ഉദ്ധരിക്കുന്ന മില്ലര്‍ തുടര്‍ന്നു പറയുന്നു: “മാപ്പിള ഭരണാധികാരികളുടെ (മൈസൂര്‍ രാജാക്കന്മാര്‍) താരതമ്യേന ഹ്രസ്വമായ ഭരണകാലത്ത് ധാരാളം പേര്‍ മാപ്പിളമാരായി മതംമാറി. പക്ഷേ, ബലപ്രയോഗം അതിനിസ്സാരമായ പങ്കേ വഹിച്ചുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മലബാറിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ തെക്കന്‍ ഭാഗങ്ങളിൽ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. തിരുവിതാംകൂറിൽ മതപരിവര്‍ത്തനം പ്രധാനമായും നടന്നത് ക്രിസ്തു മതത്തിലേക്കാണ്. ചരിത്രകാരന്മാരായ വാര്‍ഡും കോണറും പറയുന്നതനുസരിച്ച് 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തിരുവിതാംകൂറിൽ ജനസംഖ്യയുടെ എട്ടിലൊന്ന് ക്രിസ്ത്യാനികളായിരുന്നു. മുസ്‌ലിംകൾ 42,058 പേരും.
എന്നാൽ നവോഥാന ചരിത്രം നിര്‍മിച്ച മുഖ്യധാരാ ചരിത്രകാരന്മാരും എഴുത്തുകാരും ഈ വസ്തുതകള്‍ മറച്ചുവെക്കുകയും മുന്‍ നൂറ്റാണ്ടുകളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളെ കാര്‍ഷിക കലാപങ്ങള്‍ മാത്രമായോ വര്‍ഗീയ കലാപങ്ങളായോ ചിത്രീകരിച്ചു. സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള കീഴാള ജനതയുടെ ശ്രമങ്ങളെ അവരുടെ സ്വത്വ സ്ഥാപനത്തിന്‍റെ ഭാഗമായി മനസ്സിലാക്കുന്നതിനു പകരം അവരുടെ സ്വതന്ത്രമായ നിര്‍വാഹകത്വത്തെ മറച്ചു പിടിക്കാനായിരുന്നു അവരുടെ ശ്രമം. മതംമാറിയ കീഴ്ജാതിക്കാരുടെ അന്തസ്സിനുവേണ്ടി കൂടി നടത്തിയ പോരാട്ടങ്ങളെ കേവലം ഹിന്ദു/മുസ്‌ലിം പ്രശ്നമായി അവതരിപ്പിക്കുന്നതിലും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
മതംമാറ്റം: കീഴാള അനുഭവമെന്ന നിലയിൽ
മതംമാറ്റത്തോടുള്ള കീഴാള ജനതയുടെ മനോഭാവം സവര്‍ണരുടേതിനു തുല്യമായിരുന്നില്ലെന്നതിന് ഈഴവ ചരിത്രത്തിൽ നിന്നുതന്നെ ധാരാളം തെളിവുകള്‍ ലഭ്യമാണ്. മതംമാറ്റത്തിന്‍റെ വ്യത്യസ്ത തരംഗങ്ങളിലൂടെ കടന്നുപോയ ഈഴവര്‍, മുസ്‌ലിമായി മതംമാറുന്നതിനെ ആശാവഹമായ ഒന്നായാണ് കണ്ടത്. കോഴിക്കോട് 1934ൽ സി. കൃഷ്ണന്റെ എംപയര്‍ പ്രസ്സിൽ നിന്ന് പുറത്തിറങ്ങിയ ‘തീയ്യരുടെ അഭിവൃദ്ധി മാര്‍ഗങ്ങള്‍, അതിനെ കുറിച്ചുള്ള പ്രബന്ധങ്ങള്‍’ എന്ന സമാഹൃത കൃതിയിൽ പല ലേഖകരും ഇസ്‌ലാം മതം സ്വീകരിക്കുന്നതു വഴി ഈഴവര്‍ ലോകം ഭരിക്കാന്‍ പോകുന്ന ഒരു വിഭാഗത്തിന്‍റെ (മുസ്‌ലിംകളുടെ) ഭാഗമായി മാറുമെന്നും, അത് തങ്ങളുടെ അന്തസ്സും സാധ്യതയും വര്‍ധിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു. അതേ കാലത്തിറങ്ങിയ ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന പുസ്തകത്തിലും ഇതേ അഭിപ്രായമാണ് ലേഖകര്‍ പ്രകടിപ്പിക്കുന്നത്.
മതം മാറാന്‍ തീരുമാനിച്ചാൽ, പിന്നെ ഏതു മതം വേണമെന്ന് ആലോചനയാണ് അടുത്തതെന്ന് പറഞ്ഞുകൊണ്ട് കേരളകൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരന്‍ ബി.എ എഴുതുന്നു: “ഇസ്‌ലാം മതം- ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന ശ്രീനാരായണ ഗുരു സ്വാമിയവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചു കാണുന്നത് ഈ മതത്തിലും, മതക്കാരുടെ ഇടയിലുമാണ്”. ഇസ്‌ലാമാകുന്നതു കൊണ്ടുതന്നെ അവര്‍ മറ്റെല്ലാ മതാനുസാരികളെക്കാളും മഹിമയേറുന്നവരാണെന്ന ഒരു അഭിമാനവും ബോധവും അവന്‍റെ മുഖത്തും അവന്‍റെ നടപടികളിലും എപ്പോഴും സ്ഫുരിച്ചു കാണും. ലോകാവസ്ഥയിൽ അവന്‍ എത്ര തന്നെ ദരിദ്രനായാലും ശരി, അവനിൽ ഒരിക്കലും ഒരു അടിമ സ്വഭാവം വന്നുകാണുകയില്ല. എല്ലാ കാര്യത്തിലും അവര്‍ക്ക് ഒരു നിലയും ചിട്ടയും കാണുന്നുണ്ട്. കൃത്യനിഷ്ഠയും വാക്കിനു വിലയും വഞ്ചനയില്ലായ്മയും വിശ്വാസ്യതയുമുള്ളവരാണ്”. തുടര്‍ന്നദ്ദേഹം ഈഴവര്‍ മുതലായ കീഴ്ജാതിക്കാര്‍ മതംമാറിയാൽ ഹിന്ദു മതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്‌ലാം മതക്കാരുടെ സംഖ്യ ജാസ്തിയാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡ്യ ഒടുവിൽ ഹിന്ദുസ്ഥാനിനു പകരം ഇസ്‌ലാംസ്ഥാനം ആയിത്തീരുമെന്നു പോലും സുകുമാരന്‍ ഭാവന ചെയ്യുന്നു. അദ്ദേഹം അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല. തുര്‍ക്കിസ്ഥാനം, ബെലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യാമൈനര്‍, ടര്‍ക്കി, അറബിയ്യ, വടക്കന്‍ ആഫ്രിക്ക എന്നിങ്ങനെ തൊട്ടു തൊട്ടുകിടക്കുന്ന വലിയൊരു ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സാധ്യതയെയും അദ്ദേഹം കാണുന്നുണ്ട്!
സുകുമാരന്‍റേത് ഏതെങ്കിലും ഒരു ഒറ്റപ്പെട്ട ശബ്ദമായിരുന്നില്ല. ഒറ്റക്കൊറ്റക്ക് മതംമാറുന്നതുകൊണ്ട് ഫലമില്ലെന്നും, കീഴ്ജാതിക്കാര്‍ കൂട്ടമായി മതംമാറുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായം സഹോദരന്‍ അയ്യപ്പനും കെ.പി തയ്യിലും എ.കെ ഭാസ്കരനും മറ്റും ഉന്നയിക്കുന്നുണ്ട്. ഈഴവര്‍ക്കിടയിൽ വലിയൊരു മുന്നേറ്റം തന്നെയായിരുന്നു മതംമാറ്റ പ്രസ്ഥാനം. എത്ര പേര്‍ മതംമാറിയെന്നതിനെക്കാള്‍ ഇവിടെ പ്രധാനം അവര്‍ണര്‍ക്ക് അതിനോടുണ്ടായിരുന്ന മനോഭാവമാണ്. അതു തെളിയിക്കാന്‍ വേണ്ടിയാണ് സമീപ ഭൂതകാലത്തിൽ നിന്നുള്ള ഈ ചരിത്രം എടുത്തു കാട്ടിയത് [1].
കേരള ചരിത്രത്തിൽ ഇസ്‌ലാമിനുള്ള വിമോചന മൂല്യം തിരിച്ചറിയുന്നതിനു പകരം, മതംമാറ്റത്തെ വര്‍ഗീയതയുടെ പൊതു പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതിനു പിന്നിൽ സവര്‍ണ പൊതുബോധത്തിന്‍റെ പ്രതിഫലനമാണുള്ളതെന്ന് പറയേണ്ടതില്ലല്ലോ. ഒപ്പം കേരളത്തിലെ കീഴാളരെ സംബന്ധിച്ചിടത്തോളം അവരുടെ നവോഥാന ശ്രമങ്ങള്‍ ഇടതു ചരിത്രകാരന്മാര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതു പോലെ ബംഗാളിൽ നിന്ന് ഉരുവം കൊണ്ടതോ, ആ പ്രത്യേക കാലത്ത് ആരംഭിച്ചതോ ആയിരുന്നില്ല. മറിച്ച് തികച്ചും വ്യത്യസ്തമായ കാലത്ത്, വ്യത്യസ്ത സാഹചര്യത്തിൽ, വ്യത്യസ്ത സ്രോതസ്സിൽ നിന്നും ഊര്‍ജ്ജം നേടിയതായിരുന്നു. അതാവട്ടെ ദേശീയതയുടെ ഒരു നൂലുകൊണ്ട് കോര്‍ത്തിണക്കിയതുമായിരുന്നില്ല. ദേശീയതയെന്ന സങ്കൽപ്പം തന്നെ തിരിച്ചറിയപ്പെടാത്ത, അതെക്കുറിച്ച് അജ്ഞാതമായ ഒരു കാലത്താണ് അതാരംഭിച്ചത്. അതോടൊപ്പം മറ്റൊന്നുകൂടി പറയേണ്ടിവരും. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ ഘട്ടത്തിൽ സവര്‍ണ വിഭാഗങ്ങള്‍ക്ക് ദേശീയത നൽകിയ ഊര്‍ജ്ജം അവര്‍ണരെയും ഇതര മതസ്ഥരെയും സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുപോലും പറയാവുന്നിടത്തോളം വിനാശകരമായിരുന്നു. മുസ്‌ലിം സമുദായം നൽകിയ സംഭാവനകളെക്കാള്‍, മേൽപ്പറഞ്ഞ ആ സംത്രാസത്തിന്‍റെ ഒരു ഏകദേശ ചിത്രമാണ് ഇനിയുളള ഭാഗങ്ങളിൽ നൽകാന്‍ ശ്രമിക്കുന്നത്. അതുവഴി കേരളീയ നവോഥാന ചരിത്രം പുറത്തു നിര്‍ത്തിയ മുസ്‌ലിം വിഭാഗത്തെ സ്വത്വപരമായി മനസ്സിലാക്കാനും കഴിഞ്ഞേക്കും.
[തുടരും]
കുറിപ്പ്
[1] മതംമാറ്റം എന്ന് ലേഖനത്തില്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അതില്‍ ശരികേടുണ്ടെന്ന് പറഞ്ഞുവെക്കട്ടെ. അങ്ങനെ മാറാന്‍ ഒരു മതം തന്നെ അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചേര്‍ത്തവര്‍ക്കും അതുണ്ടായിരുന്നോ എന്നതും ചിന്തിക്കാവുന്നതാണ്. എങ്കിലും മതംമാറ്റം എന്ന വാക്ക് ലാളിത്യത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു. അതുപോലെ തിയ്യ, ഈഴവ തുടങ്ങിയ പദങ്ങള്‍ പര്യായ പദങ്ങളെപ്പോലെ ഉപയോഗിച്ചിട്ടുമുണ്ട്. അതും സവിശേഷമായി പരിശോധിച്ചാല്‍ തെറ്റായിരിക്കും.
ബാബുരാജ് ഭഗവതി– ദീർഘകാലത്തോളം മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഇപ്പോൾ തേജസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു.