കേരളീയ നവോത്ഥാനവും മുസ്‌ലിംകളും

ഇൻഡ്യ ഒരു യാഥാര്‍ത്ഥ്യമല്ലാതിരുന്ന കാലത്ത് ഏകദൈവാരാധനയെ അട്ടിമറിക്കുന്ന ആരാധനാക്രമങ്ങളോടുളള വിയോജിപ്പ് അത്ര പ്രശ്നമായി തോന്നിയിരുന്നില്ലെങ്കിലും, സ്വാതന്ത്ര്യാനന്തര കാലത്ത് അതിനെ മതമൗലികവാദത്തിന്‍റെയും വര്‍ഗീയതയുടെയും പരിധിയിലാണ് പെടുത്തിയത്. ഈ ആലോചന മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ തന്നെ വേറിട്ട രൂപത്തിൽ കാണുന്നതിലേക്ക് നയിച്ചു. ചരിത്രത്തെ ദേശീയതയുടെ മാത്രം ചരിത്രമായി കാണുന്ന ഒരു പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു അത്. ബാബുരാജ് ഭഗവതി എഴുതുന്നു.

മുസ്‌ലിംകൾ: സാമുദായികതക്കും ദേശീയതക്കുമിടയിൽ

കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ ഘടകമായി പഠിതാക്കള്‍ പരിഗണിച്ചവയിലൊന്ന് ദേശീയതയുമായുള്ള അതിന്‍റെ ബന്ധമായിരുന്നു. നവോത്ഥാന ശ്രമങ്ങള്‍ ക്രമേണ ദേശീയതയിലേക്കു വികസിക്കുമെന്ന് നവോത്ഥാന ചരിത്രകാരന്മാര്‍ കരുതി. അവരുടെ നോട്ടത്തിൽ അത് ശരിയുമായിരുന്നു. അവര്‍ പഠനവിധേയമാക്കിയ ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പമാണ് വികസിച്ചുവന്നത്. നമ്പൂതിരിമാരുടെയും നായന്മാരുടെയും സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുവിൽ എല്ലാ കാലത്തും ദേശീയതയുമായി സജീവമായ ബന്ധം സ്ഥാപിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുളള കാര്യവുമായിരുന്നില്ല. ഹിന്ദുമത പരിഷ്കരണവും ദേശീയ പ്രസ്ഥാനവും പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം ഒന്നു ചേര്‍ന്നിരുന്നു. കേരളത്തിലെ ആദ്യകാല ദേശീയ പ്രസ്ഥാന നേതാക്കളിൽ പലരും ഒരേസമയം സവര്‍ണരും, ബ്രഹ്മസമാജത്തിലോ ബ്രഹ്മവിദ്യാസംഘത്തിലോ അംഗങ്ങളുമായിരുന്നു. ദേശീയ പ്രസ്ഥാനം മറ്റൊരു രൂപത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഹൈന്ദവ പ്രസ്ഥാനവുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്‍റെ അപ്രമാദിത്വവും മുന്‍കൈയും ബ്രിട്ടീഷ് മലബാറിലെ പൊതുസാഹചര്യവും കീഴ്ജാതി പ്രസ്ഥാനങ്ങള്‍ക്ക് മലബാറിൽ വേണ്ടത്ര വേരോട്ടമുണ്ടാവാതിരിക്കാന്‍ കാരണമായി.

മലബാറിലും നാട്ടുരാജ്യങ്ങളായ കൊച്ചിയിലും തിരുവിതാംകൂറിലും രാഷ്ട്രീയം വ്യത്യസ്തമായ രീതിയിലാണ് വളര്‍ന്നുവന്നത്. ഈ വ്യത്യസ്തതയോട് വിവിധ ജാതികളുടെ നിലപാടുകളും വ്യത്യസ്തമായിരുന്നു. നാട്ടുരാജ്യങ്ങളിൽ കീഴ്ജാതി പ്രസ്ഥാനങ്ങള്‍ വലിയ തോതിൽ വളര്‍ന്നു വന്നുവെന്നും, ബ്രിട്ടീഷധീന പ്രദേശങ്ങളിൽ അവയുടെ സ്ഥാനം തുലോം കുറവായിരുന്നുവെന്നും പൊതുവായി നിരീക്ഷിക്കാം.

ഇക്കാലങ്ങളിൽ രണ്ട് പ്രദേശങ്ങളിലെയും സംഘടനകളെ പൊതുവെ പരിശോധിച്ചാൽ ദേശീയതയും സാമുദായികതയും തമ്മിലുള്ള ഒരു സംഘര്‍ഷം വിവിധ ജാതി-മത വിഭാഗങ്ങളുടെ ബന്ധത്തെ സ്വാധീനിച്ചിരുന്നതായി കാണാം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഓരോ സമരത്തിലും ഈ സംഘര്‍ഷം നിര്‍ണായകമായിരുന്നു. കീഴ്ജാതി വിഭാഗങ്ങള്‍ സാമുദായികതയുടെ രാഷ്ട്രീയത്തെ മുറുകെപ്പിടിച്ചപ്പോള്‍ മേൽജാതി വിഭാഗങ്ങള്‍ ദേശീയവാദികളായി സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയത്തിലിടപെട്ടു. ഈഴവരുടെയും മുസ്‌ലിംകളുടെയും രാഷ്ട്രീയ ചരിത്രം ഇക്കാര്യത്തിൽ നിരവധി സമാനതകള്‍ പുലര്‍ത്തുന്നു. ആദ്യഘട്ടത്തിൽ മുസ്‌ലിം നേതാക്കളും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്നുനിന്നു. സാമുദായികതയും ദേശീയതയും തമ്മിലുള്ള സംഘര്‍ഷം രൂപപ്പെട്ട ശേഷമാണ് ഒരു വിഭാഗം മുസ്‌ലിംകളുടെ ഈ ബന്ധത്തിന് ഉലച്ചിൽ തട്ടിയത്. ഏറെ താമസിയാതെ ദേശീയ പ്രസ്ഥാനങ്ങളിൽ നിന്നും അവര്‍ പൊതുവെ അകന്നു. മുസ്‌ലിംകള്‍ക്കു പുറത്ത് ഈഴവരുടെ കാര്യത്തിലാവട്ടെ, ഇത് ഏറെ ദൃശ്യമായിരുന്നു. തിരു-കൊച്ചി പ്രദേശങ്ങളിൽ മുസ്‌ലിം വിഭാഗങ്ങളെക്കാള്‍ എണ്ണംകൊണ്ട് കൂടുതലായിരുന്നതു കൊണ്ടുതന്നെ അവരുടെ ഇടപെടൽ ശക്തമായിരുന്നു.

വക്കം മൗലവി

20-ാം നൂറ്റാണ്ടിനു ശേഷം ദേശീയതയും സാമുദായികതയും തമ്മിലുള്ള സംഘര്‍ഷം അവരുടെ പ്രസ്ഥാനത്തെ നിര്‍ണയിക്കുകയും ചെയ്തു. അതിനിടയിൽ മറ്റൊരു കാര്യം പറഞ്ഞുവെക്കേണ്ടതുണ്ട്; ദേശീയത എല്ലാക്കാലത്തും ഇൻഡ്യന്‍ ദേശീയതയായിരുന്നില്ലെന്നും, പലപ്പോഴും ദേശീയതയുടെ സങ്കൽപ്പത്തിൽ തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജ്യങ്ങളും ഉള്‍പ്പെട്ടിരുന്നു എന്നതാണത്. അക്കാലത്തെ കീഴാള സമൂഹത്തിന് സാധുവായ പലതും മുസ്‌ലിം സമുദായത്തിനും സാധുവായിരുന്നു. ദേശീയതയുമായി കീഴാളര്‍ അകലം സൂക്ഷിച്ചപോലെ മുസ്‌ലിംകളും പൊതുവെ അകലം പാലിച്ചു.
എല്ലാക്കാലത്തുമുണ്ടായിരുന്നതുപോലെ അപവാദങ്ങള്‍ ധാരാളമുണ്ടായിരുന്നു, അതിൽ അത്ഭുതവുമില്ല. ദേശീയതയുമായുള്ള ഈ അകലത്തെ ജനാധിപത്യ ശ്രമങ്ങളോടുള്ള അകലമായാണ് കേരളീയ നവോത്ഥാന പഠിതാക്കള്‍ മനസ്സിലാക്കിയത്. കാരണം അവരെ സംബന്ധിച്ചിടത്തോേളം നവോത്ഥാനത്തിന്‍റെ സ്വാഭാവിക പരിണാമഗുപ്തി ദേശീയതയായിരുന്നു. അതേസമയം ഇതേ സാഹചര്യത്തിൽ ദേശീയതയോട് ഇടഞ്ഞുനിന്ന ഈഴവ പ്രസ്ഥാനങ്ങള്‍ നവോത്ഥാന പഠനങ്ങളുടെ കേന്ദ്രപ്രമേയമായി മാറിയതായി കാണാം. ഹൈന്ദവതയുമായി അത് സ്ഥാപിച്ച ബന്ധം പിൽക്കാലത്ത് ദേശീയതയുമായി കണ്ണിചേര്‍ക്കാനുള്ള അവരുടെ ശ്രമങ്ങളെ എളുപ്പമാക്കിത്തീര്‍ത്തു. അവരുടെ ചരിത്രത്തെയും അവരുടെ നവോത്ഥാന നേതാക്കളെയും അമ്മട്ടിൽ വ്യാഖ്യാനിക്കാനും നിരവധി എഴുത്തുകാരുണ്ടായി. സ്വാതന്ത്ര്യാനന്തരം ഇൻഡ്യന്‍ യൂണിയനിൽ ചേരേണ്ടതില്ല എന്ന് നിലപാടെടുത്ത സംഘടനയാണ് എസ്എന്‍ഡിപി എന്ന് ഓര്‍ക്കുന്ന എത്ര പേരുണ്ടാവും നമ്മുടെ പഠിതാക്കളിൽ?എസ്എന്‍ഡിപി ചെയ്ത ഒരു പാതകമെന്ന മട്ടിലല്ല അതിവിടെ ചൂണ്ടിക്കാട്ടുന്നത്, മറിച്ച് കാതലായ ഒരു അടിസ്ഥാന വ്യത്യാസം ചൂണ്ടിക്കാട്ടുക മാത്രമാണ്

കേരളീയ നവോത്ഥാന ചരിത്രരചനയിൽ പിൽക്കാലത്ത് ഏറ്റവും കൂടുതൽ ഉള്‍പ്പെടുത്തപ്പെട്ടത് മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവരണങ്ങളാണ്. അതിൽ ഇടപെട്ട നേതാക്കളും ചരിത്രകാരന്മാരുടെ ശ്രദ്ധ നേടി. ദേശീയതയുമായി മലബാര്‍ സമരത്തിനുള്ള ബന്ധം ചരിത്രകാരന്മാരെ സംബന്ധിച്ച് അത്തരമൊരു നിലപാടെടുക്കുന്നതിനെ എളുപ്പമാക്കി.

എന്നിട്ടും മലബാര്‍ സമരത്തിന്‍റെ ‘മതപരത’ വലിയൊരു വിഭാഗം ദേശീയവാദികള്‍ക്ക് അലോസരമുണ്ടാക്കി. എങ്കിലും മലബാര്‍ സമരത്തെ ‘രക്ഷിച്ചെടുക്കുന്നതിൽ’ നമ്മുടെ പഠിതാക്കള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നു തന്നെ നമുക്ക് കാണാന്‍ കഴിയും. ദേശീയതയുമായുള്ള അതിന്‍റെ ചാര്‍ച്ചയാണ് അവര്‍ക്കത് എളുപ്പമാക്കിയത്.

ബംഗാളിൽ നിന്നല്ല, ഈജിപ്തിൽ നിന്ന്

മുസ്‌ലിംകള്‍ക്കിടയിൽ പടര്‍ന്നുപന്തലിച്ച സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത ഇടങ്ങളിൽ നിന്നാണ് പ്രചോദനമുള്‍ക്കൊണ്ടത്. ഇസ്‌ലാഹി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സലഫി പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ കൂടിയായ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പ്രചോദനമുള്‍ക്കൊണ്ടത് ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് രിദാ തുടങ്ങിയവരിൽ നിന്നാണ്. ബംഗാളായിരുന്നില്ല, ഈജിപ്തായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്. സാര്‍വദേശീയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്‍റെ ആദ്യ വക്താക്കളിലൊരാളായ അഫ്ഗാനിയുടെ സ്വാധീനമായിരുന്നു വക്കം മൗലവിയിൽ അധികവുമുണ്ടായിരുന്നതെന്ന് അദ്ദേഹത്തെക്കുറിച്ച് പഠിച്ചവര്‍ പറയുന്നു. അന്തിമവിശകലനത്തിൽ അദ്ദേഹത്തിന്‍റെ സമീപനം പാന്‍-ഇസ്‌ലാമിസവുമായി ബന്ധപ്പെടുന്നതായിരുന്നെന്ന് ജീവചരിത്രമെഴുതിയ ഡോ. ടി. ജമാൽ മുഹമ്മദ് പറയുന്നുണ്ട്: “അദ്ദേഹത്തിന്‍റെ സമകാലികരിൽ പലരും കേരളത്തിന്‍റെ മണ്ണിലുറച്ചു നിന്നുകൊണ്ട് ചുറ്റുപാടുകളോട് പ്രതികരിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുകയും ചെയ്തപ്പോള്‍, വക്കം മൗലവി വിശ്വമാനവികത എന്ന ആശയത്തിലേക്ക് ഉയരാനാണ് ശ്രമിച്ചത്. അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം അദ്ദേഹത്തെ നയിച്ച വിശ്വാസപ്രമാണത്തിന്‍റെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്‍റെ മതം പ്രത്യേക ജനവിഭാഗത്തിന്‍റെയോ രാജ്യത്തിന്‍റെയോ അതിര്‍ത്തികള്‍ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന പ്രത്യയശാസ്ത്രമായിരുന്നില്ല. അതിന്‍റെ പരമമായ ലക്ഷ്യം ലോകത്തെമ്പാടുമുളള എല്ലാ വിഭാഗം മനുഷ്യരുടെയും ആത്മീയവും ഭൗതികവുമായ പുരോഗതിയായിരുന്നു. മൗലവിയുടെ പ്രവര്‍ത്തനമേഖല പ്രാദേശികമായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വീക്ഷണം സാര്‍വലൗകികമായിരുന്നു”.

ജമാലുദ്ധീൻ അഫ്ഗാനി

മൗലവിയുടെ സമുദായ പരിഷ്കരണവും ഇതേ നിലപാടുകളിൽ നിന്നുകൊണ്ടായിരുന്നു. മൗലവിയുടെ സ്കൂള്‍ ഓഫ് തോട്ട് അൽ മനാറിൽ നിന്നായിരുന്നുവെന്നാണ് മറ്റൊരു ലേഖകന്‍ നിരീക്ഷിക്കുന്നത് (മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍, പൗരോഹിത്യം വേണ്ട- വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പേജ് 30). വക്കം മൗലവി മാത്രമല്ല, അക്കാലത്തെ മുസ്‌ലിം പരിഷ്കരണ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നവരിൽ പലരും ഇത്തരം വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് ആവേശം ഉള്‍ക്കൊണ്ടിരുന്നവരാണ്.

മതത്തിലേക്കുളള തിരിച്ചുപോക്കും നവോത്ഥാനമൂല്യവും

‘ഏകദൈവാരാധയിൽ നിന്ന് അകന്ന്, ഇസ്‌ലാം മതം അടിസ്ഥാനപരമായി നിരോധിച്ചിട്ടുളള അനുഷ്ഠാനങ്ങളും നടപടികളും പിന്തുടര്‍ന്ന വിശ്വാസികളിലുണ്ടായ ജീര്‍ണതകള്‍ക്കെതിരെയായിരുന്നു’ അക്കാലത്തെ മുസ്‌ലിം പരിഷ്കരണ ശ്രമങ്ങള്‍ പൊതുവെ. ഹൈന്ദവ സമുദായവുമായുളള ചാര്‍ച്ചകള്‍ നിമിത്തം വന്നുചേര്‍ന്ന വെച്ചുകെട്ടലുകളെ അല്ലെങ്കിൽ സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യലും അക്കാലത്തെ മുസ്‌ലിം സമുദായ നവീകരണത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. സ്ത്രീവിദ്യാഭ്യാസം, സ്ത്രീകളുടെ പളളിപ്രവേശം, അറബി അധ്യാപനത്തിന്‍റെ ആധുനികവൽക്കരണം, ഖുര്‍ആന്‍ വിവര്‍ത്തനം, പുണ്യവാളാരാധനയുടെ നിന്ദ എന്നിവയും പരിഷ്കര്‍ത്താക്കള്‍ കൈകാര്യം ചെയ്തു (മലബാര്‍ മുസ്‌ലിംകള്‍: ഒരു വ്യത്യസ്ത കാഴ്ചപ്പാട്.- ഡോ. എ.ആര്‍.എസ് ലക്ഷ്മി).

20-ാം നൂറ്റാണ്ടിലെ മുസ്‌ലിം പരിഷ്കരണ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിൽ നമ്മെ കുഴക്കുന്ന ഒരു പ്രയോഗമാണ് ‘യാഥാസ്ഥിതികര്‍’ എന്നത്. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും, അതായത് ഇൻഡ്യ സ്വതന്ത്രമാവുന്നതിനു മുൻപും ശേഷവും ഈ പദത്തിനോടും അത്തരം പ്രയോഗങ്ങളോടും ചരിത്രകാരന്മാര്‍ എടുത്തിരുന്ന സമീപനങ്ങള്‍ തികച്ചും വ്യത്യസ്മായിരുന്നു. മതത്തെ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായും പ്രയോഗമായും കണ്ടിരുന്നവരാണ് അക്കാലത്തെ മിക്കവാറും പരിഷ്ക്കര്‍ത്താക്കള്‍. ആരാധനയിലെ പങ്കുചേര്‍ക്കലിനെ പ്രതിരോധിച്ചവര്‍ തന്നെയാണ് മുസ്‌ലിം സമുദായത്തെ ആധുനികതയിലേക്ക് നയിച്ചവരും. അനിസ്‌ലാമിക പ്രവണതകളെ നീക്കം ചെയ്ത് മതത്തെ ശുദ്ധീകരിക്കുകയാണ് തങ്ങളുടെ ചരിത്രദൗത്യമെന്ന് അവര്‍ കരുതി. അതുതന്നെയായിരുന്നു അവരെ സംബന്ധിച്ചിടത്തോളം പരിഷ്കരണവും. അവരുടെ എതിരാളികളെ ചരിത്രകാരന്മാര്‍ യാഥാസ്ഥിതികരെന്നു വിശേഷിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യാനന്തരം നവോത്ഥാനം ഒരു ചരിത്രരചനാ വിഷയമായപ്പോള്‍ അതൊരു കീറാമുട്ടി പ്രശ്നമായി മാറി. മറ്റ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മതത്തെത്തന്നെ പരിഷ്കരിച്ചപ്പോള്‍, മകള്‍ മതത്തിലേക്കുള്ള ‘തിരിച്ചുപോക്കിനാണ്’ ശ്രമിച്ചതെന്നത് മതേതര ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം വിശകലനത്തിന് വിഘാതമായി. മതപരതയെ ഒഴിവാക്കുകയോ സ്വകാര്യ ഇടങ്ങളിലേക്ക് ആട്ടിയോടിക്കുകയോ ആയിരുന്നല്ലോ അവരെ സംബന്ധിച്ചിടത്തോളം ആധുനികതയും നവോത്ഥാനവും. രാഷ്ട്രീയവും മതവുമായി കൂട്ടിക്കലര്‍ത്തിയ മുസ്‌ലിം പരിഷ്കര്‍ത്താക്കളെ ചരിത്രകാരന്മാര്‍ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്തു. എന്‍എസ്എസും എസ്എന്‍ഡിപിയും യഥാക്രമം 1946ലും 1947ലും ഔദ്യോഗികമായിത്തന്നെ രാഷ്ട്രീയമുപേക്ഷിച്ചുകൊണ്ട് അത്തരമൊരു നിലപാടെടുക്കാന്‍ പ്രയാസമുണ്ടായില്ല.

സ്വാതന്ത്ര്യാനന്തരം ഈ പ്രശ്നം അവര്‍ പരിഹരിച്ചത് യാഥാസ്ഥിതികതയെ പുനര്‍നിര്‍വചിച്ചു കൊണ്ടാണ്. ഇസ്‌ലാമികേതര ചിഹ്നങ്ങളെ വിശ്വാസത്തിൽ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചവരെ സ്വാതന്ത്ര്യാനന്തരം മതേതര എഴുത്തുകാര്‍ യാഥാസ്ഥിതികരും വര്‍ഗീയവാദികളുമായി പുനര്‍നിര്‍വചിച്ചു. അതേസമയം പാരമ്പര്യവാദികള്‍ മതേതരവാദികളാണെന്നും അവര്‍ക്കു തോന്നി. നേര്‍ച്ചകളുടെ ഭാഗമാവുന്നവര്‍ മതേതര വീക്ഷണക്കാരും മറിച്ചുള്ളവര്‍ യാഥാസ്ഥിതികരും വര്‍ഗീയവാദികളുമായി വിലയിരുത്തപ്പെട്ടത് അങ്ങനെയാണ്. അടിസ്ഥാനപരമായി ചരിത്രം ദേശീയതയുടെ ചരിത്രമാണല്ലോ!

ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുപോക്ക് നവോത്ഥാനവിരുദ്ധമായ മൂല്യമായിരുന്നെങ്കിൽ, ഇസ്‌ലാമിലേക്കുള്ള തിരിച്ചുപോക്കും അങ്ങനെത്തന്നെയല്ലേ എന്നായിരുന്നു വിമര്‍ശകരുടെ യുക്തി. എന്തായാലും മുസ്‌ലിം സമുദായത്തിൽ ചലനാത്മകത സൃഷ്ടിച്ച പ്രവണതകളെ അവഗണിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ഹിന്ദു, ഇസ്‌ലാം മതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ വേണ്ടവിധം പരിഗണിച്ചില്ലെന്നതാണ് അവര്‍ക്കു പറ്റിയ തെറ്റ്. അങ്ങനെ പരിഗണിക്കണമെങ്കിൽ മതേതരചിന്തയെ അപനിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ കാഴ്ചകള്‍ രൂപപ്പെടേണ്ടതുണ്ടായിരുന്നു. അതാവട്ടെ, ഇനിയും രൂപപ്പെട്ടിട്ടുമില്ല.

വിദ്യാഭ്യാസം: മറ്റൊരു മാതൃക

മറ്റ് സമുദായങ്ങളിൽ നിന്ന് വ്യതിരിക്തമായ ജ്ഞാനവ്യവസ്ഥ മുസ്‌ലിംകള്‍ എല്ലാക്കാലത്തും സൂക്ഷിച്ചിരുന്നു. അത് എല്ലായ്പ്പോഴും ഇതര സാമുദായിക വിഭാഗങ്ങള്‍ക്കു സമാന്തരമായി സഞ്ചരിച്ചു. അറബികളും ഇതര മുസ്‌ലിം സമുദായങ്ങളുമായുള്ള ബന്ധവും സവര്‍ണ സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളീയ മുസ്‌ലിം സമൂഹത്തിന്‍റെ ചലനാത്മകത വര്‍ധിപ്പിച്ചു. സവര്‍ണ ചരിത്രത്തോടൊപ്പമായിരുന്നില്ല അതു വളര്‍ന്നുവന്നത്. ദറസുകളിലും മറ്റും വഴി കൈമാറ്റം ചെയ്തത് സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള മതപഠനമായിരുന്നില്ല. ചരിത്രവും ശാസ്ത്രവും ഭാഷയും വൈദ്യവും വിഷയമായി. 19-ാം നൂറ്റാണ്ടിൽ പൊന്നാനി പോലുള്ള മതകേന്ദ്രങ്ങള്‍ വിജ്ഞാനത്തിന്‍റെയും കേന്ദ്രമായിരുന്നു. മലയാളത്തിന് ഇന്നത്തെ എഴുത്തുഭാഷയില്ലാത്ത കാലത്തും അറബിമലയാളം (1) നിലവിലുണ്ടായിരുന്നു. അതുവഴി മുസ്‌ലിംകൾ സ്വന്തമായ ആശയലോകം പടുത്തുയര്‍ത്തി. അതിൽ മുഴുവന്‍ മുസ്‌ലിം സമൂഹവും ഒന്നാകെ ഉള്‍പ്പെട്ടിരുന്നില്ലെന്നത് തീര്‍ച്ചയാണ്. 19ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20ആം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലും നടന്ന വിദ്യാഭ്യാസ ശ്രമങ്ങള്‍ അടിസ്ഥാനപരമായും മുസ്‌ലിംകളെ ഒരു കേരളീയ പൊതുമണ്ഡലവുമായി കൂട്ടിയിണക്കുന്നതിനുള്ള നീക്കമായിരുന്നുവെന്ന് വിലയിരുത്താവുന്നതാണ്. അതാവട്ടെ പൊതുവായ രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുസ്‌ലിം സമൂഹത്തിന് അത്യാവശ്യവുമായിരുന്നു. ഇത്തരമൊരു നീക്കം മാത്രമാണ് സാമ്പ്രദായിക നവോത്ഥാന വായനയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് സ്വാഭാവികവുമായിരുന്നു.

മുസ്‌ലിം പരിഷ്കര്‍ത്താവ് യഥാർത്ഥത്തിൽ ആരാണ്?

ഏകദൈവ വിശ്വാസത്തിലുള്ള ഊന്നലും വിദേശ ഇസ്‌ലാമിക പണ്ഡിതരുമായുള്ള ചാര്‍ച്ചയും വക്കം മൗലവിയെ എവിടെ പെടുത്തുമെന്ന ചിന്ത പിൽക്കാല എഴുത്തുകാരെ വല്ലാതെ കുഴക്കിയിരുന്നു. പ്രത്യേകിച്ചും സ്വാതന്ത്ര്യാനന്തര ചരിത്രരചനകളിൽ ഇത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചു. ഇൻഡ്യ ഒരു യാഥാര്‍ത്ഥ്യമല്ലാതിരുന്ന കാലത്ത് ഏകദൈവാരാധനയെ അട്ടിമറിക്കുന്ന ആരാധനാക്രമങ്ങളോടുളള വിയോജിപ്പ് അത്ര പ്രശ്നമായി തോന്നിയിരുന്നില്ലെങ്കിലും, സ്വാതന്ത്ര്യാനന്തര കാലത്ത് അതിനെ മതമൗലികവാദത്തിന്‍റെയും വര്‍ഗീയതയുടെയും പരിധിയിലാണ് പെടുത്തിയത്. ഈ ആലോചന മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ തന്നെ വേറിട്ട രൂപത്തിൽ കാണുന്നതിലേക്ക് നയിച്ചു. ചരിത്രത്തെ ദേശീയതയുടെ മാത്രം ചരിത്രമായി കാണുന്ന ഒരു പാരമ്പര്യത്തിന്‍റെ ഭാഗമായിരുന്നു അത്.

ഇതിനെ മതേതരവാദിയായ ഒരു എഴുത്തുകാരന്‍ ഇങ്ങനെയാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്: (മുസ്‌ലിം)സംഘടനകളിലുള്ളവരുടെയും അതിന്‍റെ നേതൃനിരയിലുള്ളവരുടെയും ആത്യന്തിക ലക്ഷ്യം പലരും വിമര്‍ശിച്ചിരുന്നതുപോലെ ഇസ്‌ലാമിലേക്കുള്ള യാന്ത്രികമായ തിരിച്ചുപോക്കായിരുന്നില്ല. മറിച്ച്, അത് ജൈവികവും മൗലികവും ആധുനികത ഉയര്‍ത്തിയ വെല്ലുവിളികളുമായുള്ള സംവദിക്കലുമായിരുന്നു (കേരള നവോത്ഥാനം: പുതുവായനകള്‍, കെ.എം സീതി, എഡി: ഡോ. അജയ് ശേഖര്‍, ഡോ. എസ്.ആര്‍ ചന്ദ്രമോഹന്‍, റെയ്വന്‍ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം). ഒരര്‍ത്ഥത്തിൽ ഇക്കാര്യത്തിൽ വക്കം മൗലവി ഭാഗ്യവാനായിരുന്നെന്നു വേണം കരുതുവാന്‍. സ്വദേശാഭിമാനിയുമായുള്ള ബന്ധം പിൽക്കാലത്തും അദ്ദേഹത്തിന് ധാരാളം അനുയായികളെ നേടിക്കൊടുത്തു. അതിനു ശേഷം രംഗത്തുവന്ന സീതി സാഹിബിനെപ്പോലുള്ള മുസ്‌ലിം നേതാക്കള്‍ അത്രമേൽ സ്വീകാര്യരായില്ല. സ്ഥാനത്തും അസ്ഥാനത്തും ദേശീയതയുമായുള്ള ‘സംശയാസ്പദമായ’ ബന്ധത്തിന്‍റെ പേരിൽ പലപ്പോഴും അവര്‍ അപഹസിക്കപ്പെടുക പോലും ചെയ്തു.

കേരളീയ നവോത്ഥാന പഠിതാക്കള്‍ മുന്‍കൂറായി രൂപപ്പെടുത്തിയ മാനദണ്ഡങ്ങള്‍ മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ തെറ്റായ രീതിയിൽ വായിക്കാനോ, അവയെ അവഗണിക്കാനോ ഇടയാക്കിയത് ഇങ്ങനെയാണ്. മുസ്‌ലിം സമുദായത്തെ ഉള്‍ക്കൊള്ളാവുന്ന വിധം ഒരു ഘടന രൂപപ്പെടുത്താന്‍ നമ്മുടെ നവോത്ഥാന പഠിതാക്കള്‍ക്കും കഴിഞ്ഞില്ല.

നവോത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ പരിഗണനകള്‍ നേരത്തെ ഗോവിന്ദപ്പിള്ള പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന ചിന്ത ഇന്ന് മുഖ്യധാരാ ചരിത്രരചനക്കു പുറത്ത് ഏറെ വളര്‍ന്നുവന്നിട്ടുണ്ട്. ആ മാനദണ്ഡം മറ്റൊരു എഴുത്തുകാരന്‍ വിശദീകരിക്കുന്നത് നോക്കുക: മതം പരിവര്‍ത്തന വിധേയമാണ് എന്ന വിശ്വാസം, ഇഹലോക ജീവിതത്തിന് കൽപിച്ച പ്രാധാന്യം, വര്‍ഗീയതക്കെതിരെ മാനവികത എന്ന ആശയം, ആധുനിക വിദ്യാഭ്യാസത്തോട് പുലര്‍ത്തിയ ആഭിമുഖ്യം, മാതൃഭാഷാ പ്രചാരണത്തിനു നൽകിയ മുന്‍ഗണന, സ്ത്രീപുരുഷ സമത്വബോധം, മതത്തിന്‍റെ വിമോചനസങ്കൽപ്പം (പാവങ്ങളുടെ ഉന്നമനം), മതവും രാജ്യകാര്യവും രണ്ടായി കണ്ട സമീപനം, കലാസാഹിത്യ പ്രോത്സാഹനം, വിദേശാധിപത്യവിരോധം തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ (എ.പി അഹമ്മദ്, മുസ്‌ലിം നവോത്ഥാനം: ചില കേരളീയ ചിത്രങ്ങള്‍, കൈരളി ബുക്സ്). ഇവ നാം മുൻപ് ചര്‍ച്ചചെയ്ത പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നല്ല പറഞ്ഞുവരുന്നത്. നവോത്ഥാനം എന്ന സങ്കൽപ്പത്തിന്‍റെ മാനദണ്ഡങ്ങള്‍ പോലും പുനഃപരിശോധിക്കുന്നതിനെക്കുറിച്ചുള്ള ബോധം വികസിച്ചുവരുന്നുണ്ട് എന്നാണ്.

പ്രവാസം സൃഷ്ടിച്ച നവോത്ഥാനം കേരളത്തിൽ ഏറെ മുൻപേ തന്നെ നവോത്ഥാന ശ്രമങ്ങള്‍ ആരംഭിക്കുകയും സ്വന്തമായ അറിവിന്‍റെ ലോകം വികസിപ്പിച്ചെടുക്കുകയും പ്രത്യേക ഘട്ടത്തിൽ ചരിത്രഗതിയുടെ സമ്മര്‍ദ്ദത്താൽ നിശ്ചലമാവുകയും പിന്നീടു ചലനാത്മകമാവുകയും ചെയ്ത ഒന്നാണ് കേരളീയ മുസ്‌ലിം സമുദായം. മുസ്‌ലിംകളുടെയും ഇതര സമുദായങ്ങളുടെയും നവോത്ഥാന ശ്രമങ്ങളുടെ സ്വഭാവത്തിൽ മാത്രമല്ല, കാലഗണനയിൽ പോലും വ്യത്യാസമുണ്ട്. അത് നാം ലേഖനാരംഭത്തിൽ പറഞ്ഞ തീവണ്ടിയുടെ ഉപമ പോലെയാണ്. ഹൈന്ദവ മൂല്യങ്ങള്‍ ഉള്ളടങ്ങിയ മതേതര ഭരണകൂടത്താലും മതേതര ചിന്തയാലും നിരന്തരം ആക്രമിക്കപ്പെട്ട ആ സമൂഹത്തെ ശിഥിലമാകാതെ പിടിച്ചുനിര്‍ത്തിയതിൽ അവര്‍ക്കിടയിൽ നിന്നുതന്നെ വളര്‍ന്നുവന്ന സാമുദായിക, മതപ്രസ്ഥാനങ്ങളുടെ പങ്ക് ഒട്ടും ചെറുതല്ല.

ദീര്‍ഘകാലത്തെ സാമുദായികമായ മന്ദതക്ക് പിൽക്കാലത്ത് അറുതി വരുന്നത് ഗള്‍ഫ് പ്രവാസത്തിലൂടെയാണ്. അറുപതുകള്‍ക്കു ശേഷം നിരവധി കേരളീയര്‍ ആദ്യം ഒറ്റപ്പെട്ടും പിൽക്കാലത്ത് കൂട്ടം കൂട്ടമായും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറി. മുസ്‌ലിംകള്‍ക്കു പുറമെ നിരവധി ഇതര മതസ്ഥരും കുടിയേറ്റക്കാരായെങ്കിലും ഇക്കാര്യത്തിൽ മുസ്‌ലിംകളുടെ പങ്ക് വളരെ വലുതായിരുന്നു. ആദ്യകാല പ്രവാസികള്‍ കുടുംബങ്ങളോടൊപ്പമായിരുന്നില്ല കുടിയേറിയിരുന്നത്. അവര്‍ നാട്ടിലേക്കയക്കുന്ന സമ്പത്ത് ധാരാളം മുസ്‌ലിം കുടുംബങ്ങളുടെ പട്ടിണി മാറ്റി. പുതിയ സാമ്പത്തിക സാധ്യതകള്‍ തുറന്നു. ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച സാധ്യതകളും ചലനപരതയും മറ്റെന്തിനേക്കാളും ആ സമൂഹത്തെ മുന്നോട്ടു നയിച്ചു. അടുത്ത ഘട്ടത്തിൽ ധാരാളം മുസ്‌ലിം കുടുംബങ്ങളും പ്രവാസികളായി ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയിരുന്നു. ഇത് പുതു തലമുറയുടെ സാധ്യതകള്‍ വിപുലമാക്കി. ഇതേ സമയത്തുതന്നെ മുസ്‌ലിം സംഘടനകളുടെ ശ്രമഫലമായി നാട്ടിൽ ധാരാളം ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. തീര്‍ച്ചയായും ഇംഗ്ലീഷിനോടൊപ്പം മലയാളവും അറബിയും അത്തരം സ്ഥാപനങ്ങളിൽ പഠിപ്പിച്ചിരുന്നു. ഇതുവഴി ഭാഷയിലും സാമൂഹിക ശാസ്ത്രങ്ങളിലും ശാസ്ത്രത്തിലും നിപുണരായ പുതിയൊരു തലമുറ മുസ്‌ലിംകള്‍ക്കിടയിൽ വളര്‍ന്നുവന്നു. ഇതിനു സമാന്തരമായിത്തന്നെ മുസ്‌ലിം സംഘടനകള്‍ പത്രങ്ങളും അച്ചടി മാധ്യമങ്ങളും ആരംഭിച്ചു. ഒരുപക്ഷേ, സമുദായമെന്ന നിലയിൽ കേരളത്തിൽ ഇത്രയേറെ അച്ചടി മാധ്യമങ്ങള്‍ സ്ഥാപിക്കുകയും വൈജ്ഞാനിക മേഖലയിൽ ഇടപെടുകയും ചെയ്ത മറ്റൊരു സമൂഹമുണ്ടായിരിക്കുകയില്ല.

ഈ മാറ്റം ഏറ്റവും ദൃശ്യമായ ഒരു പ്രദേശമായി മലപ്പുറത്തെ കണക്കാക്കാം. ഗള്‍ഫ് സൃഷ്ടിച്ച സാധ്യതകളാണ് മുസ്‌ലിം സമുദായത്തെ മൊത്തത്തിലും മുസ്‌ലിം പെണ്‍കുട്ടികളെ പ്രത്യേകിച്ചും പുതിയ കാലത്ത് സാമൂഹിക പദവിയുടെ മുന്നിലേക്ക് തള്ളിക്കയറ്റുന്നത്. ഒരു വിഭാഗമെന്ന നിലയിൽ ഇന്ന് കേരളത്തിൽ നിന്ന് കേന്ദ്ര സര്‍വകലാശാലയിലേക്ക് പഠിക്കാനെത്തുന്നവരിൽ മലപ്പുറം മുസ്‌ലിംകളുടെ പങ്കു ചെറുതല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനവരെ പ്രാപ്തമാക്കിയതോ, നമ്മുടെ പൊതുവിദ്യാഭ്യാസം നൽകിയ സാധ്യതയെക്കാള്‍ ഗള്‍ഫ് പണം നൽകിയ മൂലധന സുരക്ഷിതത്വവും ചലനസ്വാതന്ത്ര്യവും ഇംഗ്ലീഷ് സ്കൂളുകളുമാണ്. ഇംഗ്ലീഷ് നരകത്തിന്‍റെ ഭാഷയെന്ന് കരുതിയിരുന്ന ഒരു സമൂഹം ആ ഭാഷ വഴി തന്നെ വിജയത്തിലേക്ക് കടന്നുകയറുകയായിരുന്നു. അതിൽ സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുവിദ്യാലയങ്ങളുടെ പങ്ക് തള്ളിക്കളയാനാവുകയില്ലെങ്കിലും, സ്വന്തമായി രൂപംകൊടുത്ത ഇംഗ്ലീഷ് സ്കൂളുകളുടെ പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. അതേസമയം ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന മുസ്‌ലിംവിരുദ്ധ നിലപാടകളും പ്രചാരണങ്ങളും ഒരു സമൂഹമെന്ന നിലയിൽ മുസ്‌ലിംകളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല. പറഞ്ഞുവരുന്നത് കേരളീയ മുസ്‌ലിം സമൂഹം അവരുടെ നവോത്ഥാനാനുഭവങ്ങളിലൂടെ ഇതാ ഇപ്പോള്‍ കടന്നുപോകുകയാണ് എന്നതാണ്. ഇത് മുസ്‌ലിംള്‍ക്കു മാത്രം ബാധകമായ കാര്യമല്ല, ഒരു പരിധിവരെ ദലിത് അനുഭവവുമാണ്.

കുറിപ്പുകൾ

1. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതേ ഈഴവരിലെ ഒരു വിഭാഗവും മുസ്‌ലിംകളും തമ്മിൽ ചില ഉരസലുകള്‍ രൂപപ്പെടുകയുണ്ടായി. ഇത് മതപരമെന്നതിനേക്കാള്‍ സാമ്പത്തിക പ്രശ്നത്തിലൂന്നിയായിരുന്നു എന്നാണ് ദിലീപ് മേനോനെ പോലുളള എഴുത്തുകാര്‍ കരുതുന്നത്.

2. ഇസ്‌ലാം കേരളത്തിലെത്തും മുൻപേ അറബികള്‍ കേരളത്തിലുണ്ടെങ്കിൽ, അറബി മലയാളവും കേരളത്തിലുണ്ടായിരിക്കുമെന്ന് ഡോ. ജമീൽ അഹ്മദ്‌ പറയുന്നു. അറബി മലയാളം സജീവമായിരുന്ന കാലത്ത് മലയാളം എഴുതിയിരുന്നത് വട്ടെഴുത്തിലും കോലെഴുത്തിലുമായിരുന്നു.

Top