കാറ്റിനെതിരാവാത്ത പൂക്കളുടെ സുഗന്ധം

സംസ്കാരത്തിൽ, ഭാഷയിൽ, അടങ്ങിക്കിടക്കുന്ന നിലവിളികളെയും പോർനിലങ്ങളെയും ചോരപ്പാടുകളെയും തേടിയുള്ള യാത്ര കൂടിയായി സതിയുടെ കവിത മാറുന്നുണ്ട്. എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്റെ സുവർണ രേഖകൾ കൂടിയാണെന്ന പഴയ നിരീക്ഷണം സതിയുടെ പല കവിതകളിലും മുഴങ്ങുന്നതായി നമുക്കനുഭവപ്പെടും. ആഴത്തിൽ ചരിത്രപരമായിത്തീരുന്ന വാക്കിന്റെ മുഴക്കമാണത്. സതി അങ്കമാലിയുടെ ‘പൂക്കളുടെ വേദപുസ്തകം’ എന്ന കൃതിക്ക് ഡോ. സുനിൽ പി. ഇളയിടം എഴുതിയ ആമുഖം.

കവിതയിൽ വാക്ക് ചെയ്യുന്നതെന്താണ്?എത്രയോ പഴയ ചോദ്യമാണെങ്കിലും കവിതയെ സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യമായി ഇതിപ്പോഴും തുടരുന്നുണ്ട്. പ്രാഥമികമായൊരർത്ഥത്തിൽ, വാക്ക് അതിനെത്തന്നെ കവിഞ്ഞുപോകുന്ന സ്ഥാനമാണ് കവിത എന്നു പറയാം. അർത്ഥത്തിന്റെ സുനിശ്ചിതത്വത്തിൽ നിന്ന് അനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളിലേക്കുള്ള വാക്കിന്റെ സഞ്ചാര പഥം. വാക്കിനും അനുഭവത്തിനും ഇടയിലുള്ള അപരിഹാര്യമായ പിളർപ്പിലാണ് കവിതയുടെ വേരുകൾ ആഴ്ന്നു കിടക്കുന്നത്. കവിതയെ ചരിത്രവുമായി കൂട്ടിയിണക്കുന്ന പ്രധാന ഘടകങ്ങളിലൊന്നും ഇതാണ്. സാമാന്യമായ അർത്ഥമായി തീരുന്നതിൽ നിന്ന് അത് വാക്കിനെ തടയുന്നു. അർത്ഥത്തിൽ നിന്ന് അനുഭവത്തെ വീണ്ടെടുക്കുന്നു.

ഒരുദാഹരണം കൊണ്ട് ഇക്കാര്യം വിശദീകരിക്കാം. ‘അഞ്ചു കൊല്ലം കഴിഞ്ഞു’ എന്ന സാമാന്യമായ പ്രസ്താവനയെ ‘അതിൽ പിന്നഞ്ചുവട്ടമിഹ പൂത്തുകാനനം’ (ആശാൻ-നളിനി) എന്ന് കവി മാറ്റിയെഴുതുമ്പോൾ അനുഭവപരമായ ഒരു സൂക്ഷ്മ ലോകത്തിലേക്കുള്ള വാതിലുകൾ അവിടെ തുറന്നുവരുന്നു. ഏകമാനമായ ശൂന്യകാലം (homogeneous empty time) എന്ന് വാൾട്ടർ ബന്യമിൻ വിശേഷിപ്പിക്കുന്ന ആധുനികമായ കാലസങ്കൽപ്പത്തിലെ അമൂർത്തത അവിടെ അവസാനിക്കുന്നു. പകരം സവിശേഷവും മൂർത്തവുമായ ഒരു കാലാനുഭവത്തിലേക്കുള്ള വഴി വാക്കിൽ വിടർന്നുവരുന്നു. കാട്, വസന്തം, പൂക്കൾ എല്ലാം ഇടതിങ്ങി നിൽക്കുന്ന ഒരു അനുഭവപരിസരത്തിലേക്ക് അഞ്ചുവർഷം എന്ന കേവലമായ കാലസങ്കൽപ്പം വഴിമാറുന്നു. ഈ കാലകൽപ്പനയാകട്ടെ അതിന്റെ അനുഭവപരമായ വേരോട്ടങ്ങളാൽ മറ്റൊരു സന്ദർഭത്തിൽ അതേപടി ഉപയോഗിക്കാനാവുകയില്ലതാനും. ‘അതിൽ പിന്നെത്രരാവിന്റെ തൂവൽ കൊഴിഞ്ഞു’ എന്ന് (കടമ്മനിട്ട-കോഴി) എഴുതുമ്പോൾ കാലം ഒരു തിര്യക്കിന്റെ ജീവിതബോധമായി പരിണമിക്കുന്നു. ഇവിടെയെല്ലാം കാലം മൂർത്തമായ അനുഭവകാലമാണ്; സാമാന്യമായ കേവലകാലമല്ല. മനുഷ്യാനുഭവത്തിലെ അനന്തഭേദങ്ങളെ, അഥവാ യാഥാർത്ഥ്യത്തിന്റെ അനന്തഭേദങ്ങളെ, ചേറ്റിക്കൊഴിച്ച് അവയെ സാമാന്യമായ ആശയരൂപങ്ങളായി സംഗ്രഹിച്ചുകൊണ്ടാണ് സാധാരണ വാക്കുകൾ നിലകൊള്ളുന്നത്. ഈ സാമാന്യതയിലേക്ക് കവിത അനുഭവത്തെ മടക്കിക്കൊണ്ടുവരുന്നു. അനുഭവത്തിന്റെ മൂർത്തതയും ചരിത്രപരതയും വാക്കിൽ സന്നിഹിതമാകുന്നത് ഇങ്ങനെയാണ്. അവിടെ വാക്കിൽ ചരിത്രവും ജീവിതബന്ധങ്ങളും തൃഷ്ണാലോകങ്ങളും ഇടം പിടിക്കുന്നു. അർത്ഥത്തിന്റെ സാമാന്യതയിൽ നിന്ന് അനുഭവത്തിന്റെ അനന്യതയിലേക്ക് വാക്ക് കൂടുമാറുന്നു. അതോടെ കവിത ജനിക്കുന്നു.

വാൾട്ടർ ബെന്യമിൻ

ഭാഷയുടെ അടിസ്ഥാന പ്രകൃതവും ഈ സ്ഥാനാന്തരണവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഇതോടൊപ്പം ആലോചിക്കാവുന്നതാണ്. ഭാഷാചിന്തകനും സംസ്കാരപഠിതാവും ഒക്കെയായ മിഖായേൽ ബഖ്തിൻ മിശ്രഭാഷകത്വം (heteroglossia) എന്നൊരു പരികൽപ്പന അവതരിപ്പിച്ചിട്ടുണ്ട്. ഏകഭാഷകത്വത്തിൽ (monoglossia) നിന്നും ബഹുഭാഷകത്വത്തിൽ (polyglossia) നിന്നും വ്യത്യസ്തമായ ഒന്നാണത്. ബഹുഭാഷകത്വം, ഒരു ഭാഷണ സമൂഹം ഒരേസമയം പല ഭാഷകളിൽ പങ്കുചേരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മിശ്രഭാഷകത്വത്തിന് ഇതിൽ കവിഞ്ഞ അർത്ഥ വ്യാപ്തിയുണ്ട്. ഭാഷയ്ക്കുള്ളിലരങ്ങേറുന്ന ഒരു സംഘർഷത്തെ കൂടി അതു സൂചിപ്പിക്കുന്നു. ഭാഷയെ- അർത്ഥവും ഉച്ചാരണവും വ്യാകരണവും എല്ലാം ഉൾപ്പെടുന്ന ഭാഷാവ്യവസ്ഥയെ- സുനിശ്ചിതമാക്കാനുള്ള ശ്രമവും, അതിനെതിരെ അവയെ അഴിച്ചുവിടാൻ ഭാഷയിൽ നടക്കുന്ന ശ്രമവും തമ്മിലുള്ള നിത്യമായ സംഘർഷത്തെക്കൂടി മിശ്രഭാഷകത്വം എന്ന ആശയം ഉൾക്കൊള്ളുന്നുണ്ട്. കവിത ഈ കെട്ടഴിച്ചുവിടലിന്റെ കലയാണ്. വാക്കിനെ വ്യവസ്ഥാപരമായ കെട്ടുപാടുകളിൽ നിന്ന് അതഴിച്ചുവിടുന്നു. ചരിത്രത്തിന്റെ, യാഥാർത്ഥ്യത്തിന്റെ അനുഭവഭേദങ്ങളിലേക്ക് അത് കടന്നുകയറുന്നു. വാക്ക് കവിതയാകുന്നു.

കവിതകൊണ്ട് തങ്ങളൊരു അപരലോകം പണിയുന്നുണ്ട് (‘കെട്ടജീവിതം ഉണ്ടെനിക്കെന്നാൽ/മറ്റൊരു കാവ്യജീവിതം’) എന്ന കവികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം വാക്കിന് കവിതയിൽ കൈവരുന്ന ഈ അനന്യ പദവി കൂടിയാകാം. ഇതിനെ യാഥാർത്ഥ്യത്തെ തന്നെ മറച്ചുയരുന്ന മായികഭംഗികളിലേക്കുള്ള വഴിയായും, യാഥാർത്ഥ്യത്തിന്റെ സൂക്ഷ്മപ്രകാരങ്ങളെ തെളിച്ചുകാണിക്കുന്ന വിമർശനബോധമായും ഉപയോഗപ്പെടുത്താം. രണ്ടും കവിതയുടെ സാധ്യതകളാണ്. രണ്ടും ഭാഷയിലുണ്ട്. രണ്ടും എത്രയോ വട്ടം ഭാഷയിൽ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. രണ്ടിനും ചരിത്രപരമായ വേരുകളുണ്ട് എന്നും പറയാം. കേവല സ്വപ്നങ്ങളുടെ മായിക ലോകത്തിലേക്കുള്ള വാക്കിന്റെ സഞ്ചാരത്തിനും സാമൂഹികമോ ചരിത്രപരമോ ആയ കാരണങ്ങൾ ഉണ്ടായെന്നു വരാം. കേവല ഭക്തികൊണ്ട് ഭക്തി പ്രസ്ഥാന കവികൾ ബ്രാഹ്മണ്യത്തിന്റെ ആചാരലോകത്തെ എതിരിട്ടതുപോലെ. കവിതയിലെ പ്രത്യക്ഷമായ അർത്ഥ ലോകങ്ങൾക്കപ്പുറത്ത് നിന്ന് അത് നാം കണ്ടെടുക്കേണ്ടിയിരിക്കുന്നു. കവിതയുടെ ചരിത്രമൂല്യം അങ്ങനെ കൂടി കൈവരുന്നതാണ്.

സതി അങ്കമാലിയുടെ കവിതയിൽ വാക്ക് യാഥാർത്ഥ്യത്തെ വലയം ചെയ്യുന്ന സാമാന്യതയെ മറികടക്കുന്നത് അങ്ങേയറ്റം ചരിത്രപരമായാണ്. സതിയുടെ കവിതയുടെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന അടിസ്ഥാന ഘടകവും ഇതാണെന്ന് പറയാം. ‘വീട്ടിലേക്കുള്ള വഴി’ എന്ന കവിത ഈ അനാവരണത്തിന്റെ വഴി നന്നായി തെളിച്ചു കാട്ടുന്നുണ്ട്.

വടക്കേ പുഞ്ചയ്ക്കപ്പുറം
കുളിരാം തോടിന്റെ
കിഴക്കോറെ നിക്കണ
വെല്ലിന്റെ
പടിഞ്ഞാട്ടു മാറി
എടവഴീല്
നാലാമത്തെ
പാതിവീടിന്റെ
ഇറക്കാലിലൊരുകീറച്ചാക്ക്

ചാത്തന്റെ വീടാണ്. അവിടേക്ക് ‘സ്റ്റാർ സിങർ ഹരിഗോവിന്ദന്റെ’ വീടുതേടി കവലയിലെത്തിയ രണ്ടു പാന്റുകളോട് ചായക്കടക്കാരൻ രാമേട്ടൻ വഴിപറയുന്നത് മറ്റൊരു പ്രകാരത്തിലാണ്.

കൃഷ്ണന്റമ്പലം കഴിഞ്ഞ്
കരയോഗം ബിൽഡിങ്‌
നേരെ എതിരെ
ഗുരുദേവ മന്ദിരം ഹൈസ്കൂൾ
വലതുവശം ചേർന്ന്
വർഗീസിന്റെ ബാർ അറ്റാച്ച്ഡ് സൂപ്പർമാൾ
പൊളിഞ്ഞുവീണ
എൽ.പി സ്കൂൾ
ഷെമീറിന്റെ തടിമില്ല്
വളവുതിരിഞ്ഞ്
പടിഞ്ഞാറ്
പാർട്ടിയാപ്പീസ്
താഴെ ഇടതുമാറി രക്തസാക്ഷിമണ്ഡപം കോൺവെന്റ് റോഡിൽ ഓർഫനേജ്
സെമിനാരി
ഇംഗ്ലീഷ് മീഡിയം നേഴ്സറി
തൊട്ടരികെ
കെഴക്കോറെ കണ്ട്
ഒരംബേദ്കർ പ്രതിമ
അവിടന്നങ്ങോട്ട് തിരിഞ്ഞാ,
നാലാമത്
ചാത്തന്റെ മോൻ
പാട്ടുകാരൻ ചെക്കന്റെ
വീടാ
നോക്കിപോണംട്ടൊ
കേറ്റോം എറക്കോം
വഴുക്കലുണ്ട്.

ഒരു വീടിന്റെ മൂന്നു പ്രകാരങ്ങൾ എന്ന് തോന്നാവുന്ന വരികളാണ് ഈ കവിതയിലേത്. ചാത്തന്റെ വീട്, സ്റ്റാർ സിങർ ഹരിഗോവിന്ദന്റെ വീട്, ചാത്തന്റെ മകൻ പാട്ടുകാരൻ ചെക്കന്റെ വീട്. വീട്ടിലേക്കുള്ള വഴി ഒന്നായിരിക്കെത്തന്നെ വാക്കിന്റെ വഴിയിൽ അത് പലതായി പിരിയുന്നു. ഓരോ വഴിയിലും വീട് ചരിത്രാനുഭവത്തിന്റെ ഓരോ അടരായി മാറുന്നു. ഇങ്ങനെ വാക്കിനെ, യാഥാർത്ഥ്യത്തെ, ചരിത്രത്താൽ പൂരിതമാക്കിക്കൊണ്ടാണ് സതിയുടെ കവിത നിലകൊള്ളുന്നത്. ചരിത്രത്തെക്കുറിച്ചുള്ള പ്രകടമായ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ, അഗാധമായ നിലയിൽ ചരിത്രത്താൽ പൂരിതമായിരിക്കാൻ സതിയുടെ കവിതകൾക്ക് കഴിയുന്നതും അങ്ങനെയാണ്.

സതി അങ്കമാലി

ഒടുവിൽ നീ സംസാരിച്ചപ്പോൾ
നിനക്ക് രണ്ടു ശബ്ദങ്ങൾ ഉണ്ടായിരുന്നു
ഒരേസമയം
രണ്ടു മനുഷ്യർ സംസാരിക്കുന്നതുപോലെ
ഒരേ കാര്യം
ഒരാൾ പറഞ്ഞുകൊണ്ടിരിക്കെ മറ്റേയാൾ പറയുന്നപോലെ.

എന്ന് പ്രണയ പരിണാമങ്ങളെക്കുറിച്ച് സതി എഴുതുന്നത് കവിതക്കും ഇണങ്ങും. അത് ഒരേസമയം പല സ്വരങ്ങളിൽ പറയലാണ്. വാക്കിനെ ചരിത്രത്തിലേക്കും അതിന്റെ ഗാഢസംഘർഷങ്ങളിലേക്കും ചേർത്തുവയ്ക്കുമ്പോൾ അത് ഒന്നിൽ തന്നെ പലതു പറയുന്നു. ചരിത്രത്തിലെ അഗാധ വൈരുധ്യങ്ങൾ വാക്കിന്റെയും അർത്ഥത്തിന്റെയും പിളർപ്പുകളിൽ വേരൂന്നുന്നു.

വാമൊഴി, വരമൊഴി
തറ, പറ, പന
പിന്നെ എങ്ങനെയാണ്
ചായ ചിരട്ടയിലായത്?
ഓണം, ക്രിസ്മസ്, തിരുവാതിര എല്ലാം മാതൃഭൂമി കലണ്ടറിലുണ്ട്
കുതിർന്നും കരിഞ്ഞും
വിത്തു കതിരാക്കീതും
കതിരു വിത്താക്കീതും
കലണ്ടർ അറിഞ്ഞില്ല
കലണ്ടർ മനോരമ തന്നെ!

പറഞ്ഞതിനും പറയാത്തതിനുമിടയിലെ ചരിത്രത്തിന്റെ വിള്ളലുകളിലാണ് ഈ കവിതയുടെ വേര്. അത് പാഠപുസ്തകങ്ങളിലെ പറച്ചിലുകൾക്കും കലണ്ടറിലെ കാലപ്രമാണങ്ങൾക്കും കുറുകെ നീങ്ങുന്നു. ദമനം ചെയ്യപ്പെട്ട ദലിത് അനുഭവത്തെ ആഴത്തിൽ നിന്ന് കണ്ടെടുക്കുന്നു. അതോടെ ചരിത്രത്തിന് പുതിയൊരു പ്രകാരം കൈവരുന്നു. കവിതയ്ക്കും.

വാഴ്ത്തപ്പെട്ടത്
അടിസ്ഥാനവർഗമെന്നാണ്
സ്ഥാനാരോഹണാനന്തരം
കർഷകത്തൊഴിലാളി
രതിച്ചതും സ്ഖലിച്ചതും
സോഷ്യലിസം
എന്നിട്ടും ആ പുരാതന ഗന്ധം

നമ്മുടെ ചരിത്രവും ആഖ്യാനങ്ങളും മറച്ചു വെക്കുന്ന ഈ പുരാതന ഗന്ധത്തെ പുറത്തുകൊണ്ടുവരൽ കൂടിയാണ് സതിയുടെ കവിത. അത് വാക്കിന്റെ വിധ്വംസക സഞ്ചാരങ്ങളാണ്. ചരിത്രത്തിന്റെ ഊർജ്ജം നിറഞ്ഞ വാക്കിനെയും അതിലെ അനുഭവ ലോകങ്ങളെയും സതി തന്റെ കവിതയിൽ കെട്ടഴിച്ചുവിടുന്നു. തന്നിൽ തന്നെ ചരിത്രത്തിന്റെ കടലിരമ്പം കേൾക്കുന്നു;

ജ്വലിച്ചും ജ്വലിപ്പിച്ചും
വരച്ചും രചിച്ചും
വഴികാട്ടിയും ബോധം ചുരത്തുന്ന വാക്കുകളുടെ രാജ്യമാകും ഞാൻ
ആഴമുള്ള സ്വപ്നങ്ങളുടെ
കടലുകളിരമ്പുന്നുണ്ട്.
അകലങ്ങളിൽ നിന്നല്ല
സ്വന്തം ഹൃദയത്തിൽ നിന്നു തന്നെ.

നമ്മുടെ വ്യവസ്ഥാപിത കാവ്യചരിത്രത്തിൽ വാക്കിനു വേണ്ടിയുള്ള കവികളുടെ കാത്തിരിപ്പിന്റെ ചിത്രങ്ങൾ എത്രയും കാണാം.

മിഖായേൽ ബഖ്തിൻ

‘വാരിധി തന്നിൽ തിരമാലകളായി വരേണ്ട വാക്ക്’ ഭാഷാ ജീവിതത്തിന്റെ തുടക്കം മുതലേ അവരുടെ പ്രാർത്ഥനയിലുണ്ട്. അപൂർണമായ ഭാഷയെക്കുറിച്ചുള്ള ആശങ്കയായും, “എന്തെനിക്കേകീല വാക്കൊന്നും?” എന്ന വിഷാദമായും, “വാക്കേ വാക്കേ കൂടെവിടെ” എന്ന് നാടോടിത്തമായുമെല്ലാം അത് പല പ്രകാരത്തിൽ സഞ്ചരിച്ചു. സതിയുടെ കവിത ആ ഖേദത്തിന്റെ മറുപുറത്താണ്. വാക്കിന്റെ ബലത്തിലും പ്രവാഹശേഷിയിലും ഉറച്ചു നിന്നാണ് സതി കവിതയെഴുതുന്നത്. അപ്പോൾത്തന്നെ അതു വാക്കിന്റെ അതിരറ്റ് ഒഴുക്കായി തീരുന്നില്ല. മറിച്ച് പുതിയ അർഥലോകങ്ങളിലേക്കുള്ള ബലിഷ്ഠമായ ചുവടായി മാറുന്നു. സ്ത്രീയനുഭവത്തിന്റെയും ദലിത് അനുഭവത്തിന്റെയും ചരിത്രപരമായ ആഴങ്ങളിൽ നിന്ന് വരുന്ന ബലമാണത്. വാഴ്ത്തപ്പെട്ട പരിത്യാഗങ്ങളെ ആഴത്തിൽ തിരുത്തുന്ന വാക്കായി മാറുന്നതും ഈ ബലമാണ്.

അപ്പോഴാണൊരുവൻ
എല്ലാരുമറങ്ങുമ്പോൾ
കാട്ടിലേക്ക്
എല്ലാം ശരിയായെന്നപോലെ,
ചിരി വരുന്നു.

ചരിത്രാനുഭവങ്ങളുടെയും ജീവിത സംഘർഷങ്ങളുടെയും വൈരുധ്യങ്ങളിൽ വേരാഴ്ത്തി നിന്ന് കൈവരിക്കുന്ന ഈ ബലമാണ് സതിയുടെ കാവ്യകൽപ്പനകളെ അത്യന്തം വേറിട്ടതാക്കുന്നത്.

ഒരുപോടു മരച്ചോട്ടിലേക്ക് രാത്രി വാതിലിറങ്ങിവന്ന നിനക്കെന്തറിയാമെന്ന് ചോദിക്കുന്നില്ല. പക്ഷേ, ഉച്ചവെയിലിൽ ഉമിനീരുണങ്ങി നടന്നവരുടെ മുതുകത്തടിച്ച നിന്റെ വൃത്തികെട്ട മൗനം എത്രയെത്ര നിലവിളികളെ,
കലാപങ്ങളെ
അടക്കിപ്പിടിച്ചിട്ടുണ്ട്?.

സംസ്കാരത്തിൽ, ഭാഷയിൽ അടങ്ങിക്കിടക്കുന്ന നിലവിളികളെയും പോർനിലങ്ങളെയും ചോരപ്പാടുകളെയും തേടിയുള്ള യാത്ര കൂടിയായി സതിയുടെ കവിത മാറിത്തീരുന്നു. എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്റെ സുവർണ രേഖകൾ കൂടിയാണെന്ന പഴയ നിരീക്ഷണം സതിയുടെ പല കവിതകളിലും മുഴങ്ങുന്നതായി നമുക്കനുഭവപ്പെടും. ആഴത്തിൽ ചരിത്രപരമായിത്തീരുന്ന വാക്കിന്റെ മുഴക്കമാണത്. അതോടെ പഴയ ദൈവപ്രതാപങ്ങൾ അത്രമേൽ നിസ്സഹായമായ ഒന്നായി സതിയുടെ കവിതയിൽ രൂപാന്തരത്തിന് വിധേയമാകുന്നു.

ദൈവമേ
നിന്നോട് ഞാനെന്ത് പറയാൻ
നിന്നെയിന്ന് കണ്ടപ്പോൾ കോരതേട്ടന്റെ ചായക്കടേലെ പഴക്കുലയാണോർമ വന്നത് പ്രാർത്ഥനകൾക്കുള്ളിലിരുന്ന് പുകഞ്ഞ് പഴുത്തത്.

ദൈവത്തിന്റെ അതിഭൗതികതക്കും മഹിത താപങ്ങൾക്കും കുറുകെ സതിയുടെ കവിത സഞ്ചരിക്കുന്നത് നിത്യജീവിത സാധാരണകളുടെ പദകോശത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ദൈവത്തെ, അതിനെ പൊതിഞ്ഞു നിൽക്കുന്ന കൽപ്പനകളാലോ, അതു ജന്മം നൽകിയ സങ്കൽപ്പനങ്ങളാലോ സതി അഭിസംബോധന ചെയ്യുന്നതേയില്ല. ചൂടേറ്റു പഴുത്ത് നാട്ടുചായക്കടയിൽ തൂങ്ങിനിൽക്കുന്ന പഴക്കുലയിലേക്ക് ദൈവഭാവനയെ ചേർത്തുവച്ച്, അതിനെ നിർവീര്യമാക്കുന്ന ഈ സമീപനം സതിയുടെ പല കവിതകളിലും തുടരുന്നുണ്ട്. കൽപ്പനകളെയും അനുഭവലോകങ്ങളെയും അമൂർത്തമോ അതിഭൗതികമോ ആകാൻ സതി അനുവദിക്കുന്നില്ല, അത് മണ്ണിലേക്കും ഉടലിലേക്കും രതിയിലേക്കും ബലിഷ്ഠമായി വേരാഴ്ത്തുന്നു. ചരിത്രപരമായ മർദ്ദിതാവസ്ഥയോടുപോലും സതിയുടെ കവിത ഇതേ ബലത്തോടെ കലഹിക്കുന്നു. ദൈവത്തെ അതിന്റെ യുക്തിശാസ്ത്രത്തിന് പുറത്തുവെച്ചു ചിതറിക്കുന്ന കാവ്യഭാഷയുടെ തുടർച്ചകൾ എല്ലാ അനുഭവങ്ങളെക്കുറിച്ചെഴുതുമ്പോഴും സതിയുടെ കവിതയിൽ കാണാനാകുന്നതും അതുകൊണ്ടാണ്.

ഇത്തരമൊരു ബലിഷ്ഠ ഭാവനയുടെ ലോകം ഈ സമാഹാരത്തിൽ ഏറ്റവുമധികം തെളിയുന്ന ഇടം പ്രണയകൽപ്പനകളുടേതാണ് എന്നു തോന്നുന്നു. മധ്യവർഗപരമായ ഒരനുഭൂതിലോകമായാണ് പ്രണയം നമ്മുടെ ഭാവനാ വ്യവഹാരങ്ങളിൽ ഏറിയ പങ്കും ഇടംപിടിച്ചിട്ടുള്ളത്. അതിന്റെ പദകോശവും ബിംബാവലികളുമെല്ലാം ഏറിയകൂറും ഈ ഭാവനാത്മക പരിധികളെ ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു. സതിയുടെ കവിത സഞ്ചരിക്കുന്നത് ഈ ദിശയിലല്ല.

അതേസമയം തന്നെ, നമ്മുടെ പല പുതുകവിതകളും ചെയ്യുന്നതുപോലെ, ശാരീരികതയിൽ ബദ്ധശ്രദ്ധമായ ഒരു എതിർ ഭാവനയുടെ ലോകത്തേക്കും സതി നീങ്ങിനിൽക്കുന്നില്ല. അത്തരമൊരു പരിചരണം പ്രണയാനുഭൂതിയെക്കുറിച്ചുള്ള മധ്യവർഗ ഭാവനയെ വിപരീതനിലയിൽ ആവർത്തിക്കുക മാത്രമേ ചെയ്യൂ എന്ന ചരിത്രപരമായ വിവേകം സതിയിലുണ്ട്. അതുകൊണ്ട് ഈ ഇരുനിലകളിലും ചെന്നുവീഴാതെ, ചരിത്രപരമായ അനുഭവ സൂക്ഷ്മതകൊണ്ട് പ്രണയഭാവനയിലെ അതിഭൗതികതയെയും അതിന്റെ തന്നെ മറുപുറമായ കേവല ശരീരപരതയെയും സതി മറികടക്കുന്നു. ഈ മറികടക്കലാവട്ടെ ചരിത്രപരമായ ഒരു വീണ്ടെടുക്കലിനെ ലക്ഷ്യംവെക്കുകയും ചെയ്യുന്നുണ്ട്. ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വാക്ക് അനുഭവ സൂക്ഷ്മതകളിലേക്ക് വേരാഴ്ത്തി നിന്ന് അർത്ഥത്തിന്റെ സാമാന്യലോകത്തെ ഭേദിക്കുകയാണവിടെ അത്.

ഇലകൾ ഇലകളോട് ചെയ്യുന്നത് നമ്മൾ സ്നിഗ്ധപ്രണയത്തിന്റെ കരിമ്പച്ചകൾ എന്ന ജൈവവിവർത്തനം.
എന്ന് ലളിതമായ പ്രകൃതികല്പനയിലേക്കും

കുതറാനോ ഇടറാനോ
സമ്മതിക്കാതെ
ചേർത്തുപിടിച്ചപ്പോഴേ അറിയണമായിരുന്നു
ഉരച്ചുകത്തിക്കാനാണെന്ന്
കണ്ടില്ലേ?
പ്രണയം പൊള്ളലാണെന്ന്.

എന്ന് തീപ്പെട്ടിക്കൊള്ളിയിൽ തെളിയുന്ന പ്രണയകൽപ്പനയുടെ തീവ്രമായ വിപരീതാനുഭവത്തിലേക്കും ഒരുപോലെ തുറന്നു കിടക്കുന്നുണ്ട്. ഏകതാനമായ അനുഭൂതിയായല്ല പ്രണയം സതിയുടെ കവിതയിൽ ഇടം പിടിക്കുന്നത്. അത് ജീവിതാനുഭവങ്ങളുടെ രണ്ടറ്റങ്ങളിലും പോയി മടങ്ങുന്നു. കുത്തിയുരച്ച തീപ്പെട്ടിക്കൊള്ളിയിലും തമ്മിലുരയുന്ന ഇലകളിലും പ്രണയഭാവനയുടെ ലോകങ്ങളെ കണ്ടടുക്കാൻ ഈ കവിതകൾക്ക് കഴിയുന്നത് അതുകൊണ്ടാണ്.

കടമ്മനിട്ട

നമ്മൾ തമ്മിൽ ഉമ്മ വയ്ക്കുമ്പോൾ
ചിറകളിൽ താഴ്ത്തപ്പെട്ട ഒരടിമ മുകളിലേക്ക് കരിങ്കൽ പടവുകളുള്ള ഭൂമിയെ
തൊടുന്നു.

എന്ന് മർദ്ദിതരുടെ പ്രണയഭാവനയെ കണ്ടെടുക്കുന്ന അനന്യമായ കൽപ്പനകളും സതിയുടെ കവിതകളിൽ കാണാം. ജാതിമർദനത്തിന്റെ ചരിത്രാനുഭവത്തെ ചെറുത്തുനിൽക്കാൻ പോന്ന വീര്യമുള്ള പ്രതിരോധ ഭാവനയിലേക്ക് പ്രണയത്തെ ആനയിക്കുകയാണ് സതി ഇവിടെ ചെയ്യുന്നത്. ഇത്തരമൊരു പ്രതിരോധഭാവനയും അതിന്റെ ബലിഷ്ഠതയും ഈ സമാഹാരത്തിലെ പല കവിതകളിലും കാണാം. പ്രണയവും പ്രതിരോധവും രതിയും കൈകോർത്തു നിൽക്കുന്ന അനുഭവപ്പകർച്ചകളിലേക്ക് പടരുന്നത് അവിടെ വ്യക്തമാണ്.

നീയെന്റെ മുക്കുത്തിയാണന്നോ? മുക്കുത്തിയെന്ന കാൽപ്പനികതയിൽ ഒരു സ്വപ്നത്തിന്റെ വേലിയേറ്റം നടക്കുമായിരിക്കും

ചെക്കാ

എന്റെ പൊന്നുമുത്ത

ആകുന്നെങ്കിൽ നീ വന്നെന്റെ അരഞ്ഞാണമാകും.

മൂർത്തശരീരത്തിലേക്കും അതിന്റെ ഭൗതികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളിലേക്കും പ്രണയത്തെ കൊണ്ടുവരുന്ന ഭാവനയാണിത്. സതിയുടെ കവിതകളിൽ പലയിടങ്ങളിലും ഇത്തരം വാങ്മയങ്ങൾ വാർന്നുവീഴുന്നത് കാണാം.

ചുംബിക്കുകയെന്നാൽ
ചുണ്ടുകളിൽ നിന്ന്
നിന്റെ ജീവന്റെ അറ്റത്തേക്കുള്ള ഒറ്റനടത്തം
എന്നും
ചിനുചിനെ ചാറി
ചിണുങ്ങി
നാവ് നാവിലേക്ക്
പ്രണയമെഴുതാനുള്ള ഭാഷതിരയുമ്പോൾ
വായിലേക്ക് പടംപോലെ പാറുന്ന
ചെവിയിലേക്ക്
ഉറയൊഴിഞ്ഞ പാമ്പുകൾ.

എന്നുമെല്ലാം പല പ്രകാരങ്ങളിൽ ശരീരകൽപ്പനകളുടെ ലോകം ഈ കവിതകളിൽ തെളിഞ്ഞുവരുന്നുണ്ട്. അതോടൊപ്പം തന്നെ അവ പലയിടങ്ങളിലും ശരീരപരതയെ അതിലംഘിക്കുന്ന സ്വപ്ന സഞ്ചാരങ്ങളിലേക്ക് ആയുന്നുമുണ്ട്. “തൃഷ്ണയുടെ പാളത്തൊട്ടികൾ” എന്നൊരു കൽപ്പന തന്റെ കവിതകളിലൊന്നിൽ സതി അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ശരീരവും രതിയും പ്രണയവും മൂർത്തമായ ജീവിത ബന്ധങ്ങളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുമ്പോൾ അതിന് കൈവരുന്ന അപൂർവ്വതയെകൂടി ആ കൽപ്പന പ്രകാശിപ്പിക്കുന്നു.

ഒരു ജന്മത്തെ പലതായിക്കീറി
എത്ര ഉള്ളിലേക്ക് കലർന്നാണ്
എനിക്കു മാത്രം കേൾക്കാവുന്ന സ്വരത്തിൽ നിയിങ്ങനെ
മിടിച്ചുകൊണ്ടിരിക്കുന്നത്?

എന്ന ചോദ്യത്തിലും ഈ മൂർത്തലോകമുണ്ട്. മർദ്ദിതമായ ജീവിതാവസ്ഥകളിൽ വേരാഴ്ത്തി നിൽക്കുന്ന ചരിത്രപരമായ പ്രതിരോധത്തിന്റെ മുഴക്കത്തെ സതി തന്റെ പ്രണയഭാവനയുടെ ആധാ രതിയായി കൊണ്ടുനടക്കുന്നു. അതുകൊണ്ട് മധ്യവർഗ പ്രണയ ഭാവനയിലെ തരളതയും പേലവഭാവവും അതിലില്ല. ചരിത്രത്തിന്റെ ഉൻമത്തമായ ബലമാണ് അതിന്റെ ഭാഷ

പ്രേമിക്കുമ്പോൾ
പ്രാന്ത് പിടിച്ചപോലെ
തന്നെ
പ്രേമിക്കണം
പ്രാന്ത് പിടിച്ചപോലെ തന്നെ.

പിന്നീട് കൊഴിഞ്ഞു പോകുമ്പോൾ ഗാഢമായി നൊന്ത് നൊന്ത് കൂടെക്കൂട്ടാവുന്ന ഒന്നായി പ്രണയത്തെ രേഖപ്പെടുത്താൻ സതി തുനിയുന്നത്, കീഴാളമായ ബലം അതിന് നൽകിക്കൊണ്ടാണ്. ചരിത്രം അനുഭൂതിയുടെ അടിപ്പടവായ ഇടമാണത്. ബഹുസ്വരവും ബലിഷ്ഠവുമായ ഒരിടം.

അനുഭവത്തിന്റെ പലപല അതിരുകളിലേക്കുള്ള ഈ സഞ്ചാരങ്ങൾ കവിതയിലെ കർതൃത്വത്തെ ഏകമാനമായ ഒന്നായി തുടരാൻ അനുവദിക്കുന്നില്ല. സതിയുടെ കവിതയിലെ വലിയൊരു വിമോചനമൂല്യം അതിന്റെ ആന്തരികമായ ഈ ബഹുത്വമാണെന്ന് പറയാം. പ്രണയഭാവന മുതൽ തന്നെ പല ലോകങ്ങളിലേക്കുള്ള ഈ സഞ്ചാരം തുടങ്ങുന്നുണ്ട്.

നീ വരുംവരെ
ഞാനിങ്ങനെ
നനഞ്ഞു കുതിർന്ന്
പച്ചച്ച പുല്ലുമൂടിന്റെ കാടേയെന്ന് തണുത്ത്
വിറച്ച് കിടുകിടുത്ത്
പല്ലു കൂട്ടിയിടിച്ച്
പല ഭാഷകളുടെ പാലമാവുന്നു.

അനുഭവത്തിന്റെ ഏകലോകത്തെ പല
ഭാഷകളിലേക്ക് പകരുന്ന ഈ പ്രവൃത്തി കവിയെത്തന്നെ രണ്ടായി പിളർത്തി മാറ്റുന്നുമുണ്ട്. അതോടൊപ്പം ഈ പിളർപ്പിൽ നിന്ന് പ്രണയത്താലും കവിതയാലും നേടുന്ന വിടുതിയുടെ ലോകവും കവിത സ്വപ്നം കാണുന്നു.

ശരിക്കും
രണ്ട് ഞാൻ
സതിയും
അങ്കമാലിയും
എനിക്കറിയാവുന്ന
എല്ലാ പെണ്ണുങ്ങളും ഇങ്ങനാ യഥാർത്ഥത്തിലുള്ള
ഞങ്ങളൊന്നുമല്ലത്.

നിത്യജീവിതത്തിലെ പിളർന്നുമാറിയ ഈ ലോകങ്ങളിൽ നിന്ന് തന്റെ സ്വത്വ പൂർണതയിലേക്കുള്ള ഒരു വഴി കവിത തുറക്കുന്നു. അനുഭവപരം എന്നതിനപ്പുറം പ്രത്യാശയുടെ അപരലോകമായാണ് അത് കവിതയിലെത്തുന്നത്.

സതിയോ? അങ്കമാലിയോ? എന്ന് നിരന്തരം വിഭജിച്ചുകൊണ്ടിരിക്കെ വറ്റാത്ത സ്നേഹത്തിന്റെ
ഉപ്പുരുചിക്കുന്ന വിയർപ്പാകും
മഞ്ഞളിന്റെ മണമുള്ള
പെണ്ണാവും
വഴിയും വാക്കുമില്ലാതെ ഉന്മാദത്തിന്റെ
കരിം പച്ചക്കാടാവും.

ഇവിടെ, പ്രണയം ആദിമമായ ഒരു വീണ്ടെടുപ്പിന്റെ ഭാഷയായി പരിണമിക്കുന്നു. ഇത്തരത്തിലുള്ള നിരവധി കൽപ്പനകൾ സതിയുടെ കാവ്യലോകത്തു നിന്നു കണ്ടെത്താനാവും. കീഴാള ജീവിതാനുഭവങ്ങളും ബലിഷ്ഠമായ ശരീരഭാവനകളും തൃഷ്ണാസഞ്ചയങ്ങളും മുതൽ കേവല പ്രകൃതിയുടേത് എന്നു പറയാവുന്ന രമ്യഭംഗികൾ വരെയായി പടർന്നുകിടക്കുന്ന ഒരനുഭവലോകമായി സതിയുടെ കവിതകളിൽ പ്രണയം ഇടംപിടിക്കുന്നു. പിളർന്നുമാറുന്ന നിത്യജീവിതം മുതൽ വീണ്ടെടുപ്പിന്റെ പുരാവൃത്തങ്ങൾ വരെ വന്നു നിറയുന്ന ഒരിടമായി അത് മാറിത്തീരുന്നു. ബലിഷ്ഠവും ബഹുസ്വരവുമായി നില കൊള്ളുന്നു. ജീവിതത്തിലേക്ക് തുറന്നുകിടക്കുന്ന ഇത്രയേറെ വാതിലുകൾ ഒരനുഭവത്തിനു തന്നെ കൈവരുന്നതിന്റെ അപൂർവചിത്ര മാണത്. അന്തിമമായി അതു ചെന്നുചേരുന്നത് നീതിയുടെ വാങ്മയങ്ങളിലാണ്.

നീ നട്ട വാക്കിന്റെ
നേരു പൂക്കുമ്പോൾ
സ്വന്തം മരണത്തിൽ നിന്നുപോലും
ജ്വലിച്ചുണർന്ന്
ജീവിതം തരാത്തതൊക്കെ
ഞാൻ ഭാവനകൊണ്ട്
ഭോഗിച്ചെടുക്കും
പറയുന്നതെന്താണെന്നുവച്ചാൽ
നീതി എന്നത് എന്റെ മാനമാകും
ഈ ലോകമെന്നെ പിൻതുടരും .

സൂക്ഷ്മാനുഭവങ്ങളുടെ പടർച്ചകളിലൂടെ നീതിയെന്ന് അന്തിമ സ്വപ്നത്തിലേക്കുള്ള യാത്രയായി തന്റെ കവിതയെയും ജീവിതത്തെയും പ്രകാശിപ്പിക്കാനാണ് സതി അങ്കമാലി ഈ സമാഹാരത്തിലെ രചനകളിലുടനീളം ശ്രമിക്കുന്നത്. സ്ത്രീ ജീവിതത്തിനും ദലിത് ജീവിതത്തിനും മേൽ കോരിനിറയ്ക്കപ്പെട്ട യാതനകളെയതയും അത് ഭേദിച്ചുയരുന്നുണ്ട്.

ഞാനെന്നത്
വാക്കും
മണ്ണും
തീയും
വെള്ളവും
ഒരൊറ്റ മുറിയിൽ
ചിതറിക്കിടക്കുന്നൊരടുക്കളയല്ലേ!

എന്ന് സ്ത്രീജീവിതത്തിന്റെ ആഴമേറിയ മുറിവുകളെയും,

ആരും കാത്തിരിക്കണ്ട
പൊന്തിവരില്ല. തീർച്ച
ദലിതാണ്
കറുപ്പാണ്
സ്ത്രീലിംഗമാണ്
സർവോപരി ഭാര്യയാണ് .

എന്ന് ഗാർഹികതയുടെ ഇരുട്ട്, ദലിത് സ്ത്രീജീവിതാവസ്ഥ മേലും വന്നുകൂടുന്നതിനെയും സതി തന്റെ കവിതയിൽ രേഖപ്പെടുത്തുന്നുണ്ട്. സ്വാധികാരമുള്ള സ്വത്വം അസാധ്യമായിത്തീരുന്ന ഒരിടമാണത്. മുനകൂർപ്പിച്ച് ഇല്ലാതാക്കിയ പെൻസിൽ പോലെ, കൂർപ്പിച്ച് കൂർപ്പിച്ച് ഇല്ലാതാകും വരെയുള്ള പിടഞ്ഞോട്ടമായി മാറിയ ജീവിതം. ഇവിടെ നിന്ന് കുതറിമാറി, അനുഭവത്തെയും ജീവിതത്തെയും തിരിച്ചുപിടിക്കുന്ന വാക്കാണ് സതിയുടെ കവിത. ഉപരിതലത്തിൽ നിസ്സംഗമായിരിക്കുമ്പോഴും, പ്രകടമായ ക്ഷോഭങ്ങൾ ഏറെയൊന്നും ഇല്ലാതിരിക്കുമ്പോഴും, ചരിത്രപരമായ യാതനകളുടെയും പീഡനാവസ്ഥകളുടെയും അടിപിളർത്താൻ കെൽപ്പുള്ള ജീവിത വാസനകളുടെ ഒഴുക്ക് അതിലുണ്ട്.

അകത്ത്
ഞാനെന്ന തെരുവ്
നാൽക്കവലയിലോ
ജാലകങ്ങളും വാതിലുകളുമടച്ച് നിശബ്ദമായ ഇടനാഴിയിലോ വച്ച് മനുഷ്യന് മനുഷ്യനോടു തോന്നുന്ന പ്രാകൃതമായ ആത്മീയതയെ തൊട്ടുതൊട്ടറിയുമ്പോൾ ഉപരിതലം ഒരടയാളവും തരുന്നില്ല.

മനുഷ്യന് മനുഷ്യനോടു തോന്നുന്ന പ്രാക്തനമായ ആത്മീയതയിലേക്ക് തുറന്നുകിടക്കുന്ന വാക്കാണ് സതിയുടെ കവിത. പ്രാചീനവും പ്രകൃതിസഹജവുമായ ആ ബന്ധത്തിന്റെ വീണ്ടെടുപ്പ്. അന്യവത്കൃതമല്ലാത്ത ജീവിതത്തിന്റെ പ്രകാശനം. മനുഷ്യന് മനുഷ്യനോടു തോന്നുന്ന പ്രാക്തനമായ ആത്മീയതയുടെ ലോകം അതാണ്. ജാതിയും വംശീയതയും ലിംഗവിവേചനങ്ങളും വർഗപരമായ ചൂഷണങ്ങളും കൊണ്ട് പിളർന്നുപോയ മാനുഷികതയിൽ നിന്ന് അതിന്റെ ആദിമമായ മഹിമയെ, വീണ്ടെടുക്കുന്ന വാക്കായി കവിത മാറുന്നു. പണ്ടെങ്ങോ അടിമകളാക്കപ്പെട്ടവരുടെ ചിതൽപ്പുറ്റുകളിൽ നിന്ന് ഉയർന്നുവരുന്ന വാക്ക്. “മരുഭൂമിയിൽ വിരിയുന്ന, സൂര്യ ഗന്ധമുള്ള പൂവ്’. ആ സൂര്യസുഗന്ധത്തെ വീണ്ടെടുത്ത്, മനുഷ്യനു മനുഷ്യനോട് തോന്നുന്ന പ്രാചീനമായ ആത്മീയതയുടെ വഴിയിലൂടെ സതിയുടെ കവിത ചുവടുറപ്പോടെ നീങ്ങുന്നു. അവിടെ പൂക്കളുടെ സുഗന്ധവും കാറ്റുമെന്ന പോലെ മനുഷ്യവംശത്തിന്റെ പുതിയൊരു പ്രകാരം ചേർന്നുനിൽക്കുന്നു. “പൂക്കളുടെ സുഗന്ധം കാറ്റിനെതിരല്ല” എന്ന് സതിയുടെ കവിത അവിടെ നിന്ന് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു.

Top