ഫാഷിസം, പ്രതിരോധം, ധാർമിക പ്രചോദനങ്ങൾ: കെ.ഇ.എൻ സംസാരിക്കുന്നു (ഭാഗം രണ്ട്)

കേരളത്തിലുള്ളവര്‍ എന്റെ അഭിമുഖത്തിലെ അഭിപ്രായങ്ങളെ നേരിട്ട രീതി വളരെ വിചിത്രമാണ്. ‘അസ്സലാമു അലൈക്കും’ എന്നു കേട്ടാല്‍ ‘വ അലൈക്കുമുസ്സലാം’ എന്നു പറയുന്ന ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു കേള്‍ക്കുമ്പോള്‍ ‘ജയ് ശ്രീറാം’ എന്നു പറയണം എന്നാണ് ഒരു വിമര്‍ശനം. അതു ചരിത്രപരമായ അജ്ഞതയാണ്. കാരണം ‘ജയ് ശ്രീറാം’ സമകാലീന ഇന്ത്യയില്‍ ഏതു തരത്തിലാണു പ്രവര്‍ത്തിക്കുന്നത് എന്നു ചിന്തിക്കണം. അതൊരു അഭിവാദ്യമാണോ അതോ ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കു നേരെ ഉയരുന്ന ഒരു അലര്‍ച്ചയാണോ എന്നുള്ള പ്രാഥമിക ചോദ്യം ചോദിക്കാന്‍ വിമര്‍ശനമുന്നയിച്ച ജനാധിപത്യവാദികള്‍ക്കു കഴിയുന്നില്ല. സൈദ്ധാന്തിക പുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല, വര്‍ത്തമാനപത്രങ്ങള്‍ മാത്രം വായിച്ചാല്‍ തന്നെ ‘ജയ് ശ്രീറാം’ ഇന്നത്തെ ഇന്ത്യയില്‍ എന്താണെന്നു വ്യക്തമാവും. കെ.ഇ.എന്നുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ഭാഷകളുടെ ജാതിയും മതവും

അധഃസ്ഥിതരായ മനുഷ്യര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഭാഷ പോലും അവര്‍ക്ക് അതേപടി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാഷ തന്നെ നെടുകെ പിളര്‍ന്നിരുന്നു. ആചാരഭാഷ എന്നു പറഞ്ഞാല്‍ അടിമഭാഷയാണ്. ഭൂരിപക്ഷം മനുഷ്യര്‍ക്കും ‘ഞാന്‍’ എന്നു പറയാന്‍ അവകാശമില്ല. അവര്‍ ‘റാന്‍’, അല്ലെങ്കില്‍ ‘അടിയന്‍’ എന്നു പറയണം. അവര്‍ക്ക് ‘കഞ്ഞി കുടിച്ചു’ എന്നു പറയാന്‍ അനുവാദമുണ്ടായിരുന്നില്ല, പകരം ‘കരിക്കാടി മോന്തി’ എന്നു പറയണം. സ്വന്തം ശരീരത്തെ ‘പഴശരീര’മെന്നോ ‘നീചശരീര’മെന്നോ വിളിക്കണം. ഉപ്പിന് ‘പുളിക്കുന്നത്’ എന്നു തന്നെ പറയണം. ഇങ്ങനെ ഒരു അടിമഭാഷ രൂപപ്പെട്ടു. ഏതെങ്കിലും വഴിയിലൂടെ അവരുടെ ആത്മബോധം വളരുകയാണെങ്കില്‍ അതിനെ തകര്‍ക്കുകയെന്നതാണ് ഈ അടിമഭാഷയുടെ ലക്ഷ്യം. ഈ ഒരു വിധേയത്വത്തിന്റെ ലോകത്തു നിന്ന് ആത്മബോധത്തിന്റെ ലോകത്തിലേക്കു മനുഷ്യര്‍ കടന്നുവരാന്‍ തുടങ്ങിയത് അഭിവാദ്യത്തിലൂടെയാണ്.

പരസ്പര ബന്ധങ്ങളിലൂടെ മലയാള ഭാഷക്കകത്തും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സംസ്‌കൃതവും മലയാളവും ചേര്‍ന്ന് മണിപ്രവാളമുണ്ടായി. അതുപോലെ അറബിമലയാളവുമുണ്ടായി. മണിപ്രവാളവും അറബിമലയാളവും മലയാളഭാഷയുടെ സാധ്യത വികസിപ്പിക്കുകയാണ് ഉണ്ടായത്. അതിനെ നമ്മള്‍ ഒരേപോലെ തന്നെ സ്വാഗതം ചെയ്യേണ്ടതാണ്. പക്ഷേ, നമ്മുടെ സാമൂഹിക വളര്‍ച്ചയില്‍ മണിപ്രവാളത്തിനു കിട്ടിയ അത്ര ആദരവ് അറബിമലയാളത്തിനു കിട്ടിയില്ല. ഒരു ജനാധിപത്യ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ അത് അനുചിതമാണ്. അക്കാദമിക് സ്ഥാപനങ്ങളിലെങ്കിലും അറബിമലയാളത്തിനു ചെറിയൊരു പ്രാധാന്യം കിട്ടിയതു പില്‍ക്കാലത്താണ്. പ്രഭാഷണത്തിലോ സംഭാഷണത്തിലോ സംസ്‌കൃതം പറയുമ്പോള്‍ നമുക്കതു മനസ്സിലായാലും ഇല്ലെങ്കിലും അഭിമാനമാണ്. ഇംഗ്ലീഷ് പറയുമ്പോഴും അങ്ങനെത്തന്നെ. പക്ഷേ, അറബി പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍ നമുക്ക് അറിയാതൊരു പരിഭ്രമം ഉണ്ടാവുന്നുണ്ട്.

എന്നാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവല്‍ഭാഷയായി അറബി നിലനില്‍ക്കുന്നു. കേരളത്തില്‍ നിന്ന് എഴുപതുകളോടു കൂടി ധാരാളം പേര്‍ ഗള്‍ഫ്‌നാടുകളിലൊക്കെ പോയി അറബി ഭാഷയുമായി പരിചയപ്പെട്ടു. അവരുടെ ഈ പരിചയം മലയാളഭാഷയില്‍ കലര്‍ന്നു. അതിനു മുന്‍പു തന്നെ അറബിയിലുള്ള ധാരാളം വാക്കുകള്‍ മലയാളത്തിലേക്കു വന്നിട്ടുണ്ട്. ‘ഹരജി’, ‘വക്കാലത്ത്’, ‘ഉറുമാല്‍’, ‘ഒസ്യത്ത്’, ‘മുന്‍സിഫ്’, ‘സുല്‍ത്താന്‍’, ‘ഖലീഫ’, ‘സലാം’ ഇതൊക്കെ മലയാളത്തിലെത്തിയ അറബി വാക്കുകളാണ്. മലയാളത്തിലെ ചില വാക്കുകള്‍ അറബിയിലേക്കും കടന്നിട്ടുണ്ടാവാം. ഇങ്ങനെ പരസ്പരം കൂടിച്ചേര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, മലയാളി സംസ്‌കൃതത്തോടും ഇംഗ്ലീഷിനോടും കാണിക്കുന്ന ആദരവ് അനിവാര്യമായും അറബി ഭാഷയോടും ഉണ്ടാവണമായിരുന്നു. പക്ഷേ, നമ്മുടെ സാമൂഹിക ബോധത്തിന്റെ അസമമായ വളര്‍ച്ചകൊണ്ടാകാം മറ്റു ഭാഷകളെ പോലെ അറബിഭാഷയെ അഭിവാദ്യം ചെയ്യാന്‍ നാം മടിച്ചു നിന്നു. ഈയൊരു പശ്ചാത്തലത്തിലാണ് അഭിവാദ്യ-പ്രത്യഭിവാദ്യങ്ങള്‍ ഒരു പ്രശ്‌നമായി തീരുന്നത്. ‘നമസ്‌തേ’ എന്നു പറയുമ്പോള്‍ ‘നമസ്‌തേ’, ‘ഹലോ’ക്ക് ‘ഹലോ’ ഇതിലൊന്നും ഒരു പ്രശ്‌നവുമില്ല. യഥാര്‍ഥത്തില്‍ ജനാധിപത്യവാദികളും ഇടതുപക്ഷവാദികളും മതനിരപേക്ഷവാദികളുമായിരുന്നു ഈ അഭിവാദ്യങ്ങളുടെ മണ്ഡലത്തിലുള്ള വിലക്കുകള്‍ മുറിച്ചുകടക്കാന്‍ നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. പക്ഷേ, അവര്‍ക്കതിനു കഴിഞ്ഞില്ല.

വിമര്‍ശകരുടെ പരിമിതിയും മലയാളിയുടെ അബോധവും

കേരളത്തിലുള്ളവര്‍ അഭിമുഖത്തിലെ അഭിപ്രായങ്ങളെ നേരിട്ട രീതി വളരെ വിചിത്രമാണ്. ഉദാഹരണമായി ‘അസ്സലാമു അലൈക്കും’ എന്നു കേട്ടാല്‍ ‘വ അലൈക്കുമുസ്സലാം’ എന്നു പറയുന്ന ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു കേള്‍ക്കുമ്പോള്‍ ‘ജയ് ശ്രീറാം’ എന്നു പറയണം എന്നാണ് ഒരു വിമര്‍ശനം. അതു ചരിത്രപരമായ അജ്ഞതയാണ്. കാരണം ‘ജയ് ശ്രീറാം’ സമകാലീന ഇന്ത്യയില്‍ ഏതു തരത്തിലാണു പ്രവര്‍ത്തിക്കുന്നത് എന്നു ചിന്തിക്കണം. അതൊരു അഭിവാദ്യമാണോ അതോ ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കു നേരെ ഉയരുന്ന ഒരു അലര്‍ച്ചയാണോ എന്നുള്ള പ്രാഥമിക ചോദ്യം ചോദിക്കാന്‍ വിമര്‍ശനമുന്നയിച്ച ജനാധിപത്യവാദികള്‍ക്കു കഴിയുന്നില്ല. സൈദ്ധാന്തിക പുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല, വര്‍ത്തമാനപത്രങ്ങള്‍ മാത്രം വായിച്ചാല്‍ തന്നെ ‘ജയ് ശ്രീറാം’ ഇന്നത്തെ ഇന്ത്യയില്‍ എന്താണെന്നു വ്യക്തമാവും. അഭിവാദ്യവും ‘ജയ് ശ്രീറാം’ഉം ഒരുപോലെയല്ല. രാമഭക്തിയെ അട്ടിമറിച്ച് ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ മുന്നോട്ടുവച്ച ഫാഷിസ്റ്റ് വിശ്വാസമാണത്. ‘അസ്സലാമു അലൈക്കും’ ആയി ഒരുതരത്തിലും അതിനെ താരതമ്യം ചെയ്തുകൂടാ.

 

1992 ഡിസംബര്‍ 6-ന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക സീമാ മുസ്തഫ എഴുതിയ ഒരു പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വിവരണമുണ്ട്. അവര്‍ ലക്‌നൗവില്‍ നിന്നും തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇതു കേട്ട് തൊട്ടടുത്ത സീറ്റിലിരിക്കുന്ന യാത്രക്കാരനു കടുത്ത അസഹിഷ്ണുതയുണ്ടായി. അയാള്‍ ‘ജയ് ശ്രീറാം’ എന്നു വിളിച്ചു. ആക്രമണത്തിനുള്ള തുറന്ന ആഹ്വാനമായിരുന്നു അത്. പക്ഷേ, അവരുടെ കൂടെയുണ്ടായിരുന്ന, സമൃദ്ധമായി താടിയുള്ള ഹിന്ദുമത വിശ്വാസിയായിട്ടുള്ള ഒരാള്‍ ‘അല്ലാഹു അക്ബര്‍’ എന്നു വിളിച്ചു. അതോടെ ‘ജയ് ശ്രീറാം’ വിളിച്ചയാള്‍ അല്‍പം പതറി എന്നാണു സീമ മുസ്തഫ പറയുന്നത്. ഞാന്‍ പറഞ്ഞുവന്നത് ‘ജയ് ശ്രീറാമി’നു ബദലായിട്ടു വല്ലതും വേണമെങ്കില്‍ അത് ‘അല്ലാഹു അക്ബര്‍’ ആണ്, അസ്സലാമു അലൈക്കും അല്ല. എന്നാല്‍ ഇതു രണ്ടും കൊലവിളിക്കാര്‍ക്കു കളിക്കാനുള്ളതല്ല.

‘അസ്സലാമു അലൈക്കും’ എന്നു കേട്ടാല്‍ ‘വ അലൈക്കുമുസ്സലാം’ എന്നു പറയുന്ന ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു കേള്‍ക്കുമ്പോള്‍ ‘ജയ് ശ്രീറാം’ എന്നു പറയണം എന്നാണ് ഒരു വിമര്‍ശനം. അതു ചരിത്രപരമായ അജ്ഞതയാണ്. കാരണം ‘ജയ് ശ്രീറാം’ സമകാലീന ഇന്ത്യയില്‍ ഏതു തരത്തിലാണു പ്രവര്‍ത്തിക്കുന്നത് എന്നു ചിന്തിക്കണം. അതൊരു അഭിവാദ്യമാണോ അതോ ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കു നേരെ ഉയരുന്ന ഒരു അലര്‍ച്ചയാണോ എന്നുള്ള പ്രാഥമിക ചോദ്യം ചോദിക്കാന്‍ വിമര്‍ശനമുന്നയിച്ച ജനാധിപത്യവാദികള്‍ക്കു കഴിയുന്നില്ല.

ഭക്തിപ്രസ്ഥാനത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രാമന്‍. കബീറൊക്കെ രാമനെ വാഴ്ത്തുന്നുണ്ട്. എന്നാല്‍, അക്കാലത്തു വാഴ്ത്തപ്പെട്ട രാമനല്ല പുതിയ രാമന്‍, പഴയരാമനും. സീമ മുസ്തഫയുടെ ‘മെമ്മൊയേഴ്‌സ് ഓഫ് സെക്കുലര്‍ മുസ്‌ലിമില്‍’ അതു കൃത്യമായി പറയുന്നുണ്ട്. അതുപോലെ പ്രശസ്ത സിനിമാ-നാടകപ്രവര്‍ത്തകയായ നന്ദിതാ ദാസ് പറയുന്നത് അവര്‍ക്കു ‘ഹലോ’യും ‘നമസ്‌തേ’യും ആദാബും (സലാം) ഒരേപോലെ പറയാന്‍ കഴിയുന്ന ഒരു കംഫര്‍ട്ട് ഇന്നുണ്ട് എന്നാണ്. എന്നാല്‍, വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി അവര്‍ക്ക് അത്ര പഥ്യമല്ലത്രേ. അതു ഹിന്ദു പൂജകളുടെയും മതാചാരത്തിന്റെയും ഭാഗമാണ്. എന്നാല്‍, ഇതു സംസ്കാരത്തിന്റെ ഭാഗമായി പൊതുയിടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു പ്രവണത ഇന്നുണ്ട്. അതു ശരിയല്ല. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ അകത്തു മതരഹിത ഉദ്ഘാടനം കൊണ്ടുവരാന്‍ അവര്‍ അതിന്റെ നേതൃത്വത്തിലിരുന്നപ്പോള്‍ ശ്രമിച്ചിരുന്നു, ചിത്രം വരച്ചും പട്ടംപറത്തിയുമൊക്കെ. ‘ഹലോ’, ‘നമസ്‌തേ’, ‘സലാം’ എന്നിവയിലൊക്കെ ഒരു ബഹുസ്വരതയുണ്ടെന്നു നന്ദിതാ ദാസ് കരുതുന്നു. ഒരു ലിബറല്‍ കലാപ്രതിഭയ്ക്കു മുന്നോട്ടുവയ്ക്കാന്‍ കഴിയുന്ന കാര്യംപോലും ഇടതുപക്ഷത്തില്‍പ്പെട്ട ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

‘അസ്സലാമു അലൈക്കും’ എന്നു പറയുമ്പോള്‍ സലാം മടക്കും എന്ന് അഭിമുഖത്തില്‍ പറഞ്ഞത് വ്യക്തിപരമായ എന്റെ ഒരു തീരുമാനം എന്ന അര്‍ഥത്തില്‍ മാത്രമായിരുന്നു. മുഴുവന്‍ ആളുകളും പിന്തുടരേണ്ട പെരുമാറ്റച്ചട്ടം എന്ന നിലയിലല്ല. പക്ഷേ, പലര്‍ക്കും വ്യക്തിപരമായ കാര്യമായി പോലും അതിനെ കാണാന്‍ കഴിഞ്ഞില്ല. എന്തോ അതിഭീകരമായ പ്രശ്‌നമാണ് എന്ന രീതിയില്‍ അതിനെ ചൊല്ലി കേരളത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചയും സംവാദവും കേരളീയ സമൂഹത്തിന്റെ ‘അബോധ’ത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമാണ്. ഏതു തരത്തിലുള്ള അഭിവാദ്യവും ആവിഷ്‌കരിക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ടെന്ന കാര്യം നാം അംഗീകരിക്കണം. അതിലേതെങ്കിലുമൊന്ന് മുകളിലോ താഴെയോ അല്ല. എല്ലാ മനുഷ്യരും അവരുടെ അടുപ്പം ആവിഷ്‌കരിക്കുന്നത് അഭിവാദ്യത്തിലൂടെയാണ്. ഏതെങ്കിലും ഒരാള്‍ ഒരഭിവാദ്യം പ്രകടിപ്പിക്കുമ്പോള്‍ അതു കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ മൗനം പാലിക്കാം. പ്രത്യഭിവാദ്യം ചെയ്യാതിരിക്കാം. അതേ രീതിയില്‍ തന്നെ പ്രത്യഭിവാദ്യം ചെയ്യണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അങ്ങനെയുമാവാം. അതു വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്‌നമല്ല, മനുഷ്യബന്ധത്തിന്റെ പ്രശ്‌നമാണ്.

ഒരു അനുഭവം കൂടി പറയാം: എന്നോട് ഏറ്റവും കൂടുതല്‍ ‘അസ്സലാമു അലൈക്കും’ പറഞ്ഞിട്ടുള്ളത് പി മണികണ്ഠന്‍ എന്ന സുഹൃത്താണ്. അദ്ദേഹം ഗള്‍ഫില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്, എഴുത്തുകാരനാണ്, പ്രഭാഷകനാണ്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയാള്‍ ദുബൈയില്‍ നിന്നു വിളിക്കുമ്പോള്‍ എല്ലാ തവണയും ‘അസ്സലാമു അലൈക്കും’ എന്നു പറഞ്ഞാണു തുടങ്ങുക. അപ്പോള്‍ ഇത് ഒരു മുസ്‌ലിം-ഹിന്ദു പ്രശ്‌നമല്ല. മനുഷ്യബന്ധത്തിന്റെ പ്രശ്‌നമാണ്. ഞാനെന്റെ അഭിമുഖത്തില്‍ ഉദാഹരണമായി കൊടുത്തതു പി ടി കുഞ്ഞിമുഹമ്മദിന്റെ കാര്യമാണ്. മണികണ്ഠന്‍ അഭിവാദ്യം ചെയ്യുമ്പോള്‍ സാധാരണ ഞാന്‍ ചിരിക്കുകയാണു ചെയ്യുക. അതുകേട്ടു മണികണ്ഠനും ചിരിക്കും. ഞാന്‍ ഒരിക്കലും ആ വിധം തിരിച്ചു പ്രത്യഭിവാദ്യം ചെയ്യില്ലെന്നു മണികണ്ഠനറിയാം. അതുകൊണ്ടാണ് അദ്ദേഹം ചിരിക്കുന്നത്. മണികണ്ഠന്‍ പൊന്നാനിക്കാരനാണ്. പൊന്നാനിയില്‍ നിന്നു പോവുമ്പോള്‍ അദ്ദേഹത്തിന് ഈ രീതി ഉണ്ടായിരുന്നുവോ എന്നറിയില്ല. ഗള്‍ഫില്‍ മലയാളികള്‍ക്കൊപ്പവും അവിടത്തെ ആള്‍ക്കാര്‍ക്കൊപ്പവും ഇടകലര്‍ന്നപ്പോള്‍ അവിടത്തെ അഭിവാദ്യരീതി പരിചിതമാവുകയും അതു മറ്റുള്ളവരോടു കൈമാറുകയും ചെയ്തതാവാം. അതു മതവിശ്വാസത്തിന്റെ പ്രശ്‌നമല്ല. അയാള്‍ മതരഹിതനാണ്. ജന്‍മം കൊണ്ടു ഹിന്ദുവാണ്. സാംസ്‌കാരിക വിമര്‍ശകനാണ്. അദ്ദേഹത്തിന് ഇതൊരു മതപ്രശ്‌നമല്ല. പക്ഷേ, നമ്മുടെ നാട്ടില്‍ ആളുകള്‍ ഇതു മുസ്‌ലിം-അമുസ്‌ലിം പ്രശ്‌നമായി ചുരുക്കുകയാണു ചെയ്തത്. മനുഷ്യര്‍ ഒത്തുചേരുമ്പോഴാണു സാംസ്‌കാരിക സമന്വയം സാധ്യമാകുന്നത്. അങ്ങനെയാണു നമ്മുടെ ഭക്ഷണത്തിലും വസ്ത്രത്തിലും കലകളിലും ബന്ധങ്ങളിലുമൊക്കെത്തന്നെ മാറ്റങ്ങളുണ്ടാവുന്നത്. ഈ മാറ്റങ്ങളുടെ തുടര്‍ച്ച തന്നെയാണ് അഭിവാദ്യങ്ങളിലുണ്ടായ വൈവിധ്യവും. അതില്‍ ഏത് അഭിവാദ്യ രീതിയും വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സ്വീകരിക്കാവുന്നതാണ്. ആ മാനസിക വിസ്തൃതിയാണു നമുക്കു വേണ്ടത്. മത ജാതി ഭേദമന്യേ അറബി പഠിക്കുന്നതില്‍, മാപ്പിളപ്പാട്ട് പാടുന്നതില്‍, ഭക്തിഗാനങ്ങള്‍ ആസ്വദിക്കുന്നതില്‍, ഫാഷന്റെ ഭാഗമായി പൊട്ടും തട്ടവുമിടുന്നതില്‍ ഒക്കെ മുന്‍പത്തേതില്‍ നിന്നും നമ്മളെത്ര മാറി. എന്നിട്ടും നാം മനസ്സിന്റെ ആഴങ്ങളില്‍ വേണ്ടത്ര മാറിയിട്ടില്ല.

ഞാന്‍ നടത്തിയ ഒരു പ്രായോഗിക പരീക്ഷണ രീതി കൂടി പറഞ്ഞ് ഈ ഭാഗം അവസാനിപ്പിക്കാം. തിരുവനന്തപുരത്തു നടന്ന ഒരു മതനിരപേക്ഷ സമ്മേളനത്തില്‍ ഞാന്‍ വളരെ ബോധപൂര്‍വം തന്നെ അറബിയില്‍ നിന്നുള്ള ഒരു പ്രയോഗം ഉദ്ധരിച്ചു സംസാരിച്ചു. അങ്ങനെ ചെയ്യുമെന്ന് എന്റെ ചില സുഹൃത്തുക്കളോടും ഞാന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെതന്നെ അതെന്തോ വര്‍ഗീയമായ ഒന്നാണ് എന്ന രീതിയില്‍ ചിലര്‍ മുറുമുറുക്കുകയുണ്ടായി. സാധാരണ പ്രഭാഷണങ്ങളില്‍ ഇംഗ്ലീഷോ ഫ്രഞ്ചോ സംസ്‌കൃതമോ അറബിയോ ഓരോരുത്തരുടെ വൈദഗ്ധ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. പക്ഷേ, സംസ്കൃതമോ ഇംഗ്ലീഷോ പറയുമ്പോള്‍ ഇല്ലാത്ത എന്തോ ഒരു പ്രശ്‌നം അറബി പറയുമ്പോള്‍ ഉണ്ട് എന്നത് നമ്മുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ലക്ഷണമാണ്. അതുകൊണ്ട് നന്ദിതാ ദാസ് പറഞ്ഞതുപോലെ എന്താണോ ആ സമയത്തു സൗകര്യപ്രദം അതനുസരിച്ചു നമുക്കു പ്രതികരിക്കാമെന്ന കാര്യമാണു നമ്മള്‍ മുന്നോട്ടുവയ്‌ക്കേണ്ടത്. അതു ‘ഹലോ’യോ ‘നമസ്‌തേ’യോ ‘സലാ’മോ എന്തുമാവാം.

സാധാരണ പ്രഭാഷണങ്ങളില്‍ ഇംഗ്ലീഷോ ഫ്രഞ്ചോ സംസ്‌കൃതമോ അറബിയോ ഓരോരുത്തരുടെ വൈദഗ്ധ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. പക്ഷേ, സംസ്കൃതമോ ഇംഗ്ലീഷോ പറയുമ്പോള്‍ ഇല്ലാത്ത എന്തോ ഒരു പ്രശ്‌നം അറബി പറയുമ്പോള്‍ ഉണ്ട് എന്നത് നമ്മുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ലക്ഷണമാണ്.

നാം പൊതുവില്‍ ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമൊക്കെ പറയുമെങ്കിലും അതിനൊക്കെ ചില അതിര്‍ത്തികളുണ്ട്. അതിനപ്പുറത്ത് ഒരു ജനാധിപത്യവും ഉള്‍ക്കൊള്ളാന്‍ നമുക്കു പറ്റിയിട്ടില്ല. ഇത്തരം ചര്‍ച്ചകളെ ആത്മവിചാരത്തിനുള്ള അവസരമാക്കുന്നതിനു പകരം ഈ ആശയം അവതരിപ്പിക്കുന്നവരെ അധിക്ഷേപിക്കാനാണു നാം ഉല്‍സാഹിക്കുന്നത്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ തുറന്ന സമീപനം പുലര്‍ത്തേണ്ടതുണ്ട്. മാതൃഭൂമി അഭിമുഖത്തില്‍ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ ഇത്രയധികം ആലോചിച്ചിരുന്നില്ല. ഒരു വ്യക്തിപരമായ കാര്യമായേ ഞാന്‍ പരിഗണിച്ചുള്ളൂ. പക്ഷേ, ഇപ്പോള്‍ ഈ രണ്ടാം ഘട്ടത്തില്‍ ആളുകള്‍ നടത്തിയ വിമര്‍ശനം കാണുമ്പോള്‍ ഇതു വ്യക്തി എന്ന നിലയ്ക്കുള്ള എന്റെ ഒരു പ്രശ്‌നമല്ലെന്നും ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഈ രീതിയില്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ അവര്‍ക്കു ഇഷ്ടമാണെങ്കില്‍ മാത്രം പരിശീലിക്കണമെന്നും അത് അവരുടെ അകത്ത് അവരറിയാതെ നിലനില്‍ക്കുന്ന സങ്കുചിതത്വം പൊളിക്കാന്‍ സഹായകരമായിരിക്കും എന്നും പറയാനാണു തോന്നുന്നത്. ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നുവന്നിട്ടില്ലായിരുന്നെങ്കില്‍ ഈ രീതിയില്‍ എനിക്ക് എന്റെ ആലോചന വികസിപ്പിക്കാന്‍ കഴിയുമായിരുന്നില്ല, അതുകൊണ്ടു വിമര്‍ശകരോടു എനിക്കു സ്‌നേഹവും നന്ദിയുമുണ്ട്. പ്രത്യഭിവാദ്യത്തിന്റെ ഭാഗമായി നിങ്ങള്‍ക്കു സൗകര്യമുണ്ടെങ്കില്‍ മാത്രം പറയുകയോ പറയാതിരിക്കുകയോ ചെയ്യാവുന്ന ഒരു സലാമിനോടുമാത്രം ബഹുസ്വരത ആഘോഷിക്കുന്ന സുഹൃത്തുക്കള്‍ക്ക് എന്തിനിത്ര ആത്മരോഷം?

നമ്മള്‍ ഇടത്തുനിന്നു വലത്തോട്ട് എഴുതുമ്പോള്‍ അവര്‍ ഇടത്തുനിന്നു വലത്തോട്ട് എഴുതുന്നു. നാം എന്തുചെയ്താലും അതിന്റെ എതിരാണവര്‍ ചെയ്യുന്നത് എന്നാണ് അറബിഭാഷയെക്കുറിച്ചുള്ള സംഘപരിവാര്‍ പ്രതിഭ സ്വാമി ഋത്വംബരയുടെ തീസിസ്സ്. അവര്‍ക്ക് അറബി അപരനിര്‍മിതിക്കുള്ള ഒരു അസംസ്‌കൃത വസ്തുമാത്രം. അറബി അധ്യാപികയായിരുന്ന ഗോപാലിക അന്തര്‍ജനം എഴുതുമ്പോഴും പ്രശസ്ത സാഹിത്യപ്രതിഭ ജിബ്രാന്‍ എഴുതുമ്പോഴും അതങ്ങനെയാവുന്നത് ആര്‍ക്കെങ്കിലും എതിരോ അനുകൂലമോ ആവുന്നതുകൊണ്ടല്ല. അറബി മാത്രമല്ല, ഹീബ്രുവും സുറിയാനിയും നമ്മുടെ ഉറുദുവുമെല്ലാം എഴുതുന്നത് ഇടത്തുനിന്നു വലത്തോട്ടാണ്. അങ്ങനെയല്ലാതെ ആര്‍ക്കും അതെഴുതാന്‍ കഴിയില്ല. ഭാഷകള്‍ക്കൊന്നും പൊതുവില്‍ മതമില്ല. എന്നാല്‍ സാമൂഹിക വളര്‍ച്ചയുടെ സവിശേഷ പശ്ചാത്തലത്തില്‍ ഭാഷകള്‍ക്കു മതപരമായ പ്രാധാന്യം ഉണ്ടായിത്തീരും. സലാം പ്രത്യഭിവാദ്യം വിശകലനവിധേയമാക്കുമ്പോള്‍ ഇതൊക്കെയും പരിഗണിക്കണം. അതിലുപരി ഇന്ത്യനവസ്ഥയില്‍ താടിയും തലേക്കെട്ടും ബീഫും അറബിയുമെല്ലാം വിവേചന കാരണമാവുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രതീകാത്മകമായെങ്കിലും, അതുയര്‍ത്തി പിടിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യണം. പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ വരെ ബീഫ് തിന്നാത്തവര്‍ പോലും ബീഫ് തിന്നാന്‍ തുടങ്ങിയെങ്കില്‍ പിന്നെ ഒരു സലാം വീട്ടലില്‍ നിന്നും എന്തിന് ഒഴിയണം!

വിശ്വാസങ്ങളും പ്രയോഗങ്ങളും

‘അധാര്‍മികമല്ലെങ്കില്‍ യുക്തിരഹിതമായ മതവികാരങ്ങളെയും ഞാന്‍ സഹിഷ്ണുതയോടെ വീക്ഷിക്കും’ എന്നു ഗാന്ധി പറഞ്ഞതിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. മാനദണ്ഡം പൊതുവില്‍ യുക്തിയായിരിക്കണം. എന്നാല്‍ ജനാധിപത്യ ധാര്‍മികതയ്ക്കും ധാര്‍മിക പ്രചോദനത്തിനും ഊര്‍ജ്ജം പകരുമെങ്കില്‍ ‘യുക്തിരഹിതമായ കാര്യങ്ങളും’ പരിഗണിക്കണം. സമരങ്ങളുടെ ചരിത്രം ‘യുക്തിരഹിതമായ കാര്യങ്ങള്‍’ കൂടിച്ചേര്‍ന്നതാണ്. ഒരു ബഹുമത സമൂഹത്തില്‍, ഒരൊറ്റ മതത്തില്‍ത്തന്നെ നിരവധി പ്രവണതകള്‍ നിലനില്‍ക്കുന്നൊരവസ്ഥയില്‍, മതഗ്രന്ഥങ്ങള്‍ ചേര്‍ത്തു വയ്ക്കുന്നതും ‘ഈശ്വര അള്ളാ’ എന്ന് ചൊല്ലുന്നതും, ദൈവസംബോധനകള്‍പോലും അലര്‍ച്ചകളാവുന്നൊരു കാലത്ത്, നല്ലതാണ്. മതത്തെ മനുഷ്യരെ തമ്മില്‍ അകറ്റാനുള്ള മാര്‍ഗവും ലക്ഷ്യവുമായി ഭരണകൂട നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുമ്പോള്‍ ‘പൗരസമൂഹം’ അതിനെ പ്രതിരോധിക്കണം. പല വഴികളിലൂടെയും അതിനെതിരെ പൊരുതണം. അതിലൊരു വഴിയാണു മര്‍ദ്ദിത മതങ്ങളോടുള്ള പ്രതീകാത്മകമായ ഐക്യദാര്‍ഢ്യം.

മതവിശ്വാസികളേക്കാള്‍ എളുപ്പത്തില്‍ ഇതിന്റെ മാതൃകയാവാനും നേതൃത്വമാവാനും കഴിയേണ്ടത് മതരഹിതര്‍ക്കും മതവിശ്വാസികള്‍ കൂടിയായ മാര്‍ക്‌സിസ്റ്റുകാര്‍ക്കുമാണ്. മതരഹിത മാര്‍ക്‌സിസ്റ്റും ചിന്തകനുമായ ടി എന്‍ ജോയിയുടെ ‘ഇസ്‌ലാം മതാശ്ലേഷം’, മതരഹിത- മത മസിലുപിടുത്തത്തിനപ്പുറമുള്ള രാഷ്ട്രീയമാനമാര്‍ജ്ജിക്കുന്ന രാഷ്ട്രീയസന്ദര്‍ഭം ഇതാണ്. മഹത്തായൊരു പ്രതീകാത്മക സമരമായി പലര്‍ക്കും അതിനിയും മനസ്സിലായിട്ടില്ല. ഒരിക്കല്‍ മനുഷ്യരെ ഒരുമിപ്പിച്ചിരുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുന്നതോടൊപ്പം, ഇപ്പോള്‍ ഒരുമിപ്പിക്കാനുള്ള വ്യത്യസ്ത വഴികളും വിസ്തൃതമാക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ സീനോവീവ് പൗരസ്ത്യ കമ്യൂണിസ്റ്റുകാരുടെ സമ്മേളനത്തില്‍, ‘മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരേ ‘ജിഹാദ്’ നടത്താനാണു നാമിവിടെ സമ്മേളിച്ചതെ’ന്നു പ്രഖ്യാപിച്ചപ്പോള്‍ ആ സദസ്സാകെ എഴുന്നേറ്റു നിന്നു കയ്യടിച്ച് ആവേശം പ്രകടിപ്പിച്ചുവത്രേ. ഇന്ന് ‘ജിഹാദ്’ എന്ന വാക്ക് ജനാധിപത്യപ്രസ്ഥാനത്തിനും മതത്തിനു തന്നെയും നഷ്ടപ്പെട്ടിരിക്കുന്നു. ‘ചുവപ്പന്‍ ജിഹാദ്’ എന്ന സംഘപരിവാര്‍ പ്രയോഗമാണ് ഇപ്പോള്‍ ഇന്ത്യയിലെങ്കിലും ചിലരെ ആവേശം കൊള്ളിക്കുന്നത്. സാമ്രാജ്യത്വവും സംഘപരിവാറും അധികാര പിന്തുണയോടെ ഭാഷയെ കൂടി മലിനമാക്കുകയാണ്. പ്രശസ്ത കഥാകൃത്തായ ഉണ്ണി ആര്‍ എഴുതിയ ‘ഇന്‍ശാ അല്ലാഹ്’ കൂടി, ചിലര്‍ വിവാദമാക്കിയ സലാമിനോടൊപ്പം ഇന്നു ചേര്‍ക്കുന്നതു നന്നാവുമെന്നാണ് എനിക്കു തോന്നുന്നത്. സര്‍വവും സ്വന്തം നിയന്ത്രണത്തിലാണെന്ന സാമ്രാജ്യത്വ-കോര്‍പറേറ്റ് അഹന്തയെ കൂടിയാണതു മതപശ്ചാത്തലത്തില്‍ വെല്ലുവിളിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ സീനോവീവ് പൗരസ്ത്യ കമ്യൂണിസ്റ്റുകാരുടെ സമ്മേളനത്തില്‍, ‘മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരേ ‘ജിഹാദ്’ നടത്താനാണു നാമിവിടെ സമ്മേളിച്ചതെ’ന്നു പ്രഖ്യാപിച്ചപ്പോള്‍ ആ സദസ്സാകെ എഴുന്നേറ്റു നിന്നു കയ്യടിച്ച് ആവേശം പ്രകടിപ്പിച്ചുവത്രേ. ഇന്ന് ‘ജിഹാദ്’ എന്ന വാക്ക് ജനാധിപത്യപ്രസ്ഥാനത്തിനും മതത്തിനു തന്നെയും നഷ്ടപ്പെട്ടിരിക്കുന്നു. ‘ചുവപ്പന്‍ ജിഹാദ്’ എന്ന സംഘപരിവാര്‍ പ്രയോഗമാണ് ഇപ്പോള്‍ ഇന്ത്യയിലെങ്കിലും ചിലരെ ആവേശം കൊള്ളിക്കുന്നത്. സാമ്രാജ്യത്വവും സംഘപരിവാറും അധികാര പിന്തുണയോടെ ഭാഷയെ കൂടി മലിനമാക്കുകയാണ്.

പറങ്കികള്‍ക്കെതിരേ വിരോജ്ജ്വലമായി പൊരുതിയ കുഞ്ഞാലി മരക്കാര്‍ കൊല്ലപ്പെട്ട അതേസമയം തന്നെ അദ്ദേഹം ഉച്ചയ്ക്കു മുന്‍പേ നല്‍കിയിരുന്നൊരു പഴയ തൂവാലയില്‍ രക്തക്കറ പ്രത്യക്ഷപ്പെട്ടുവത്രേ. അദ്ദേഹത്തിന്റെ മൃതദേഹത്തിനു പകരം കോട്ടക്കല്‍ പള്ളിയില്‍ ആ ‘തൂവാല’യെ കുഞ്ഞാലി മരക്കാര്‍ തന്നെയായി പരിഗണിച്ച് ഖബറടക്കം ചെയ്തു. ഡല്‍ഹൗസി പ്രഭു ഇരുന്ന കസേരയേക്കാള്‍ മൂല്യമുണ്ട്, ക്ലിയോപാട്രയുടെ അത്തര്‍ പുരട്ടിയ തൂവാലയേക്കാള്‍ മൂല്യമുണ്ട്, രക്തക്കറ പടര്‍ന്ന കുഞ്ഞാലി മരക്കാരുടെ ആ പഴയ തൂവാലയ്ക്ക്. ശരിക്കും അതങ്ങനെ സംഭവിച്ചുവെന്നു വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അവര്‍ മനുഷ്യരാണെങ്കില്‍, വെറും വരണ്ടൊരു ‘യുക്തിയന്ത്ര’മല്ലെങ്കില്‍ അതാവേശം പകരും. പറഞ്ഞു വന്നത് ‘ഇന്‍ശാ അല്ലാഹ്’ അതായതു ദൈവം ഇച്ഛിക്കുകയാണെങ്കില്‍ എന്നതിനെക്കുറിച്ചാണ്. പ്രമുഖ എഴുത്തുകാരന്‍ ജയാകാന്തന്‍, ഒരു ശീലം പോലെ ‘ഇന്‍ശാ അല്ലാഹ്’ എന്ന വാക്കു ജീവിതത്തിനൊപ്പം ചേര്‍ത്തു എന്നാണ് ഉണ്ണി ആര്‍ എഴുതിയത്.

ഏറെക്കുറെ വിധിവാദപരമെന്നു കൃത്യമായും പറയാവുന്നൊരു നിലപാടാണു ജയകാന്തന്റേത്. എന്നാല്‍ ‘വിധിവാദത്തോട്’ വിയോജിച്ചുകൊണ്ടു തന്നെ ‘ശ്രമിക്കാം’, ‘നോക്കാം’ എന്ന അര്‍ഥത്തിലും ആ പ്രയോഗം പ്രസക്തമാണ്. അതോടൊപ്പം സാമൂഹ്യശാസ്ത്രങ്ങളിലെല്ലാം ഏതു തത്ത്വവും തുടങ്ങുന്ന, ‘മറ്റു കാര്യങ്ങളെല്ലാം അങ്ങനെ നില്‍ക്കുകയാണെങ്കില്‍’ എന്ന അര്‍ഥത്തിലും ‘ഇന്‍ശാ അല്ലാഹ്’ പ്രസക്തമാണ്. സര്‍വം, സ്വയം നിയന്ത്രണത്തിലാണെന്നോ, ഒന്നും സ്വയം നിയന്ത്രണത്തിലല്ലെന്നോ പറയാനാവില്ല. സര്‍വം വിജയിയായ പഴയ ‘വിധി’ക്കെതിരെ പുതിയ ‘ആസൂത്രണം’ നേടിയ വിജയം വന്‍ വിജയം തന്നെയാണ്. അപ്പോഴും പ്രകൃതി-മനുഷ്യബന്ധത്തില്‍, ഒരു മാര്‍ക്‌സിസ്റ്റ് അനിവാര്യമായും ‘പ്രകൃതി’യുടെ മുന്‍ഗണന അംഗീകരിക്കണം. മാര്‍ക്‌സും എംഗല്‍സുമെല്ലാം പലയിടത്തായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രകൃതിക്കു മേലുള്ള ഒന്നാംവട്ട ‘വിജയം’, രണ്ടാംവട്ട ‘പരാജയ’മായി തീരാമെന്ന്. എന്നാല്‍ സെബാസ്റ്റ്യാനോ ടിമ്പരാനോയാണ് ഇക്കാര്യം കുറേ കൂടി കര്‍ക്കശമായി ഓര്‍മിപ്പിച്ചത്. ബാഹ്യപരിസരം, വസ്തുനിഷ്ഠ പ്രപഞ്ചം, പ്രാഥമികം മാത്രമല്ല ചിലപ്പോഴെങ്കിലും പ്രധാനവുമാകും. നമ്മളതിനെ തിരഞ്ഞെടുക്കുകയല്ല, ഇതിന്റെ ഭാഗമാവുകയാണ്. സാമൂഹ്യവളര്‍ച്ചയുടെ ഭാഗമായി നിയന്ത്രണം സാധ്യമാവുമ്പോഴും ആ സാമൂഹികതയുടെ സ്രോതസ്സായ പ്രകൃതിയുടെ പ്രവചനാതീത പെരുമാറ്റങ്ങള്‍ക്കു മുന്നില്‍ ആ നിയന്ത്രണങ്ങലെല്ലാം അപര്യാപ്തമാവുകയും ചെയ്യാം.

‘വരികള്‍ക്കിടയില്‍’ എന്ന എസ് ജോസഫിന്റെ ശ്രദ്ധേയമായ കവിതയാണു മലയാളത്തില്‍ ഞാന്‍ കണ്ട ‘മതേതര ഇന്‍ശാ അല്ലാഹ്’.

‘… നാമെല്ലാം എത്ര സാധാരണക്കാരാണല്ലേ

പക്ഷേ, അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു,

താങ്കള്‍ ഒരു വണ്ടി ഓടിക്കുന്നു

കട നടത്തുന്നു

ഞാന്‍ പരീക്ഷ ജയിക്കുന്നു

പാട്ടു പാടുന്നു

നമ്മുടെ ചെയ്തികള്‍ നമ്മേക്കാള്‍ നീണ്ടുനിന്നേക്കാം

എഴുതുന്നതിനിടയില്‍ ചിലപ്പോള്‍ ഞാനില്ലാതാകും

വായിക്കുന്നതിനിടയില്‍ ഒരു പക്ഷേ, താങ്കളും…’

Top