ദില്ലി ആക്രമണാനന്തര കാലത്തെ ഇസ്‌ലാമിക രാഷ്ട്രം

ഒരു സാമൂഹിക മാറ്റത്തിന്റെ സാധ്യത പ്രവചിക്കുമ്പോൾ അതിനനുകൂലമായ ഘടകങ്ങൾ സാമൂഹിക ഘടനക്കകത്തു നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടി വരും. ആ നിലക്ക് ഇൻഡ്യ ഒരു ഇസ്‌ലാമിക രാഷ്ട്രമായിത്തീരുമോ എന്ന സംശയത്തിനു് നിലവിൽ പരിശോധന അനിവാര്യമാണ്; ദില്ലി ആക്രമണാനന്തര കാലത്ത് ഈ ചോദ്യത്തിനു വിശേഷിച്ചു പ്രസക്തിയുണ്ട്. ദില്ലി ആക്രമണത്തെ കലാപമെന്നു വിശേഷിപ്പിച്ച് ഇൻഡ്യാ ചരിത്രത്തിൽ തുടർന്നു വരുന്ന, മുസ്‌ലിം വംശഹത്യയെ സ്വാഭാവികവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ ലിബറൽ- സെക്കുലർ വ്യവഹാരങ്ങൾക്കകത്തേക്കും കടന്നുവരുന്നതു ചോദ്യം ചെയ്തേ മതിയാകൂ. അരവിന്ദ് ഇൻഡിജെനസ് എഴുതുന്നു.

എത്ര ഉയരത്തിൽ നിന്നായാലും ഭൂമിയിൽ നിൽക്കുന്ന ഒരാളുടെ കൈയിൽ നിന്നാണെങ്കിലും പന്ത് താഴെ വീഴുകയാണെങ്കിൽ അതു ഭൂഗുരുത്വാകർഷണ ബലത്താൽ സ്വാധീനിക്കപ്പെട്ടിരിക്കും. ഇത്ര സമയത്തിനകത്തു പന്ത് ഭൂമിയിൽ പതിക്കുമെന്നു കൃത്യമായി കണ്ടെത്താനുമാകും. പന്ത് താഴേക്കു പതിക്കുന്ന ത്വരണത്തെ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങൾ, ഭൂമിയുടെ ഭാരവും വ്യാസവുമാണ്. ഭൂഗുരുത്വ ത്വരണം, പന്ത് സ്ഥിതി ചെയുന്ന ഉയരം ഇവ ഉപയോഗിച്ച് താഴേക്കു പതിക്കുന്ന പന്ത് എത്ര സമയത്തിനകത്ത് എത്ര ദൂരം സഞ്ചരിക്കുമെന്നു ശാസ്ത്രീയമായി കണ്ടെത്താനാകും. ഭൂഗുരുത്വ ത്വരണം, പന്ത് ഭൂമിയിലേക്കു പതിക്കുന്ന പ്രവേഗം, ഭൂമിയിൽ നിന്നു പന്ത് സ്ഥിതി ചെയുന്ന ഉയരം ഈ ഘടകങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ പ്രവചനം സാധ്യമാകുന്നതും അതിനു കൃത്യത ഉണ്ടാകുന്നതും. ഈ പ്രവചനത്തിന്റെ സ്വഭാവം ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഈ ലേഖനത്തിൽ പ്രാഥമികമായി പരിശോധിക്കുന്നത് സാമൂഹികശാസ്ത്ര വസ്തുതകളാണ്. ഭൗതികശാസ്ത്രത്തിൽ നിന്നു വ്യത്യസ്തമായി, സാമൂഹികശാസ്ത്രത്തിൽ, സവിശേഷ സമൂഹിക സാഹചര്യം രൂപപെടുന്നതിന് അനേകം സ്വാധീന ഘടകങ്ങളുണ്ട്.

ഉദാഹരണത്തിന് ദേശീയ നിലവാരത്തെ അപേക്ഷിച്ചു് കേരളത്തിലെ വികസന സൂചികകൾ ഉയർന്നു നിൽക്കുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കുമ്പോൾ, അതിന് അനേകം സ്വാധീന ഘടകങ്ങളുണ്ടെന്നു ബോധ്യപ്പെടും. സാമൂഹിക മുന്നേറ്റങ്ങൾ, ഗൾഫ് കുടിയേറ്റം, ഭൂപരിഷ്കരണം, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ കാരണങ്ങളെല്ലാം പരിശോധിക്കുന്ന സാമൂഹിക ശാസ്ത്ര നിരീക്ഷണങ്ങൾ വസ്തുതാപരമായി ശരിയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിനും പശ്ചിമഘട്ട മലനിരകൾക്കും വരെ കേരള വികസനത്തിൽ സ്വാധീനമുണ്ടെന്ന വസ്‌തുതയും തള്ളിക്കളയാനാവുന്നതല്ല. ഇവയെല്ലാം തന്നെയും സാമൂഹികശാസ്‌ത്രപരമായി യാഥാർഥ്യമാണ്. ഒന്നും തന്നെ ഒറ്റയ്ക്കു് ശാസ്ത്രീയമായി, പൂർണമായി ശരിയാണെന്നോ തെറ്റാണെന്നോ തീർപ്പു കല്പിക്കാൻ കഴിയില്ല. ഇവയെല്ലാം ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ശരിയാണ്. സമൂഹത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ സവിശേഷതയാണിത്. ഒരു സാമൂഹികശാസ്ത്ര സാഹചര്യത്തിന് ബഹുവിധത്തിലുള്ള യാഥാർഥ്യങ്ങളുണ്ട് (Multiple Realities). ഈ യാഥാർഥ്യങ്ങളുടെ സങ്കലനമാണു സാമൂഹികശാസ്ത്രത്തിൽ പ്രധാനമാകുന്നത്. എന്നാൽ ശാസ്ത്രീയത മാത്രമായിട്ടു സാമൂഹികശാസ്ത്ര വിശകലനങ്ങൾ നിലനിൽക്കുന്നില്ല. ശാസ്ത്രീയമായ നിരീക്ഷണങ്ങളോടൊപ്പം തന്നെ സമൂഹത്തിൽ നീതി എന്താണ് എന്നതുകൂടി പ്രധാനമാണ്. അവിടെയാണ് കേരളത്തിലെ വികസനത്തിന്റെ ഉയർന്ന സൂചികകൾ, ദലിതരെയും ആദിവാസികളെയും സംബന്ധിച്ചതല്ല എന്നുള്ള സാമൂഹിക നിരീക്ഷണം, കേരള വികസന പരിപ്രേഷ്യത്തിൽ പ്രധാനമാകുന്നത്.

ബഹുവിധത്തിലുള്ള യാഥാർഥ്യങ്ങളിൽ സാമൂഹിക നീതിയെ നിലനിർത്തുന്ന യാഥാർഥ്യം എന്താണ് എന്നതിലാണു സാമൂഹികശാസ്ത്ര നിരീക്ഷണം പ്രധാനമാകുന്നത്. പലരും സമൂഹത്തിലെ പല യാഥാർഥ്യങ്ങളെയും ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും സാമൂഹികമായി പ്രശ്നബാധിതരായവർ ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങളോളം മറ്റൊന്നും തന്നെ നീതിയുക്തമാകുകയില്ല എന്ന പ്രാഥമികമായ തിരിച്ചറിവിലാണു ലേഖനം ആരംഭിക്കുന്നത്.

നേരത്തെ, ഭൂഗുരുത്വാകർഷണ ബലത്തിന്റെയും, താഴേക്കു പതിക്കുന്ന പന്തിന്റെ വേഗതയും സമയവും തമ്മിലുള്ള സങ്കലനത്തിന്റെയും ബന്ധം വ്യക്തമാക്കിയതു പോലെ ഒരു സാമൂഹികശാസ്ത്ര സാഹചര്യത്തിന്റെയും സ്വാധീന ഘടകങ്ങളുടെ സങ്കലനത്തിന്റെയും ബന്ധം കണ്ടെത്താൻ കഴിയില്ല. സാമൂഹിക സവിശേഷത പരിണമിക്കാൻ അവയുടെ കാരണമായ ഘടകങ്ങൾ എത്രമാത്രം സ്വാധീനം ഉണ്ടാക്കിയെന്ന് അളന്നു മുറിക്കാൻ ആവില്ലെന്നു ചുരുക്കം. സ്വാധീന ഘടകങ്ങൾ പോലും മുഴുവനായി തിട്ടപ്പെടുത്താൻ കഴിയില്ല, അത്രമാത്രം സങ്കീർണമാണ് അതിന്റെ സങ്കലനം.

ഒരേ സമയം അനേകം ഘടകങ്ങൾ സവിശേഷത്തിനു കാരണമാകും. കുറച്ചുകൂടി കൃത്യമായി വിശകലനം ചെയ്യുവാനായി കേരള വികസനത്തിന്റെ ഉയർന്ന സൂചികകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും മുന്നോട്ടുവക്കുകയാണ്. മുൻ ഖണ്ഡികകളിൽ വ്യക്തമാക്കിയ നീതിയുടെ പ്രശ്നം നിലനിൽക്കുമ്പോഴും സാമൂഹികശാസ്ത്ര സവിശേഷതയെക്കുറിച്ചു വ്യക്തമാക്കുവാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ്.

ദില്ലിയിലെ മുസ്‌ലിം വിരുദ്ധ ആക്രമണ കാലത്തെ ഒരു ദൃശ്യം

താഴേക്കു പതിക്കുന്ന പന്തിന്റെ ഉദാഹരണം നേരത്തെ പറഞ്ഞല്ലോ. അതുപോലെ, കേരളത്തിന്റെ വികസനത്തിൽ അനേകം കാരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ സങ്കലത്തിന്റെ ബന്ധം കണ്ടെത്താൻ കഴിയില്ല. കേരള വികസനത്തിൽ ഏതു ഘടകത്തിനാണു കൂടുതൽ സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞതെന്ന് ഒരുതരത്തിലും ഉറപ്പിക്കാൻ കഴിയില്ല. മറിച്ചു് ഏതെങ്കിലുമൊരു കാരണത്തിന്റെ അഭാവം കേരളത്തിന്റെ വികസനത്തിൽ വിള്ളൽ വീഴ്ത്തുമായിരുന്നു എന്നു നിരീക്ഷിക്കേണ്ടിവരും. അതായതു് ആകെ ഉണ്ടായ സാമൂഹിക മാറ്റത്തിന് അനേകം ഘടകങ്ങളുടെ സങ്കലനം അതിപ്രധാനമാകുകയും ഏതെങ്കിലുമൊരു ഘടകത്തിന്റെ അഭാവം അന്തിമ ഫലത്തിന്റെ പരിണാമത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിനു് സാമൂഹിക മുന്നേറ്റങ്ങൾ, ഗൾഫ് കുടിയേറ്റം, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ അനേകം കാരണങ്ങൾക്കൊപ്പം തന്നെ, പശ്ചിമഘട്ട മലനിരകളും 44 നദികളും ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ മൊത്തം വികസനത്തിനനുകൂലമായ സാമൂഹിക പരിണാമം ഒരിക്കലും സംഭവിക്കുകയില്ലായിരുന്നു. ഈ കാരണങ്ങളുടെയും വസ്തുതകളുടെയും സങ്കലനത്തിനാണു പ്രാധാന്യം. ആ കാരണങ്ങളിൽ ഒന്നില്ലായിരുന്നുവെങ്കിൽ ആകെയുള്ള മാറ്റം സംഭവിക്കുകയില്ല. ഓരോ ഘടകവും എത്ര ശതമാനം മാറ്റത്തിനു കാരണമായി എന്നു കണക്കാക്കാൻ കഴിയില്ല. മറിച്ചു് മൊത്തം മാറ്റത്തിൽ ഓരോ കാരണവും നിർണായകമായിരുന്നു എന്നതാണു പ്രധാനം.

സാമൂഹിക ഘടനയുടെ ഏറ്റവും പ്രധാനമായ സവിശേഷതയാണ് ഇത്. ആ നിലക്കു വേണം ഓരോ സാമൂഹിക ഘടനയെയും പരിശോധിക്കുവാൻ. സവിശേഷ സാമൂഹിക സാഹചര്യം പ്രവചിക്കാൻ കഴിയണമെങ്കിൽ അതിനനുകൂലമായ ഏതെങ്കിലും സാമൂഹിക സവിശേഷതയെ കണക്കാക്കാൻ കഴിയണം. ഒരു സമൂഹത്തിന്റെ ഭാവി പ്രവചിക്കുമ്പോഴും ഇതു പ്രധാനമാണ്. പന്ത് താഴെ വീഴുന്നതിന്റെ തോതിനെ ഭൂഗുരുത്വാകർഷണബലവും പന്ത് സ്ഥിതി ചെയ്യുന്ന ഉയരവും സ്വാധീനിക്കുന്നതു പോലെ, ഒരു സാമൂഹിക മാറ്റത്തിന്റെ സാധ്യത പ്രവചിക്കുമ്പോൾ അതിനനുകൂലമായ ഘടകങ്ങൾ സാമൂഹിക ഘടനക്കകത്തു നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടി വരും.

ആ നിലക്ക് ഇൻഡ്യ ഒരു ഇസ്‌ലാമിക രാഷ്ട്രമായിത്തീരുമോ എന്ന സംശയത്തിനു് നിലവിൽ പരിശോധന അനിവാര്യമാണ്; ദില്ലി ആക്രമണാനന്തര കാലത്ത് ഈ ചോദ്യത്തിനു വിശേഷിച്ചു പ്രസക്തിയുണ്ട്. ദില്ലി ആക്രമണത്തെ കലാപമെന്നു വിശേഷിപ്പിച്ച് ഇൻഡ്യാ ചരിത്രത്തിൽ തുടർന്നു വരുന്ന, മുസ്‌ലിം വംശഹത്യയെ സ്വാഭാവികവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ ലിബറൽ- സെക്കുലർ വ്യവഹാരങ്ങൾക്കകത്തേക്കും കടന്നുവരുന്നതു ചോദ്യം ചെയ്തേ മതിയാകൂ.

ഇസ്‌ലാമിക സ്വത്വ മുന്നേറ്റങ്ങളും ലിബറൽ വ്യവഹാരങ്ങളും

ലിബറൽ -സെക്കുലർ വ്യവഹാരങ്ങൾക്കകത്തു നിലനിൽക്കുന്നവരെ സംബന്ധിച്ച് നിലവിൽ ഹിന്ദുത്വശക്തികളും ഇസ്‌ലാമിക സ്വത്വ മുന്നേറ്റങ്ങളും ഒരേ തട്ടിൽ വരുന്നത് ഇൻഡ്യ, ഇസ്‌ലാമിക രാഷ്ട്രമാകാനുള്ള സാധ്യതയെ അവർ തള്ളിക്കളയാത്തതുകൊണ്ടു മാത്രമല്ല. മറിച്ച് മുസ്‌ലിം സ്വത്വ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണിതു പ്രവർത്തിക്കുന്നതെന്നു് നീതിബോധമുള്ളവർ ഓർത്തിരിക്കേണ്ടതുണ്ട്. ഇതിനെ ന്യായീകരിക്കുന്ന ലിബറൽ -സെക്കുലർ വ്യവഹാരങ്ങളുടെ വാദഗതിയാണ് അവർ ഇടക്കിടെ ഓർമിപ്പിക്കുന്ന, മുൻപു സൂചിപ്പിച്ച, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാധ്യത.

സെക്കുലർ ആയിരിക്കുക എന്നത് അവരെ സംബന്ധിച്ച് മതാത്മകതയെ തള്ളിക്കളയുക എന്നതു കൂടിയാണ്. എന്നാൽ സാമൂഹിക ഘടനയെ, മുൻപു പറഞ്ഞ സാമൂഹിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇതു വസ്തുതാപരമായി ശരിയായ നിലപാടല്ലെന്നു ബോധ്യപ്പെടും. അതെന്തുകൊണ്ടാണെന്നു പരിശോധിക്കുകയാണിവിടെ.

ഇൻഡ്യൻ സാമൂഹിക ഘടനയിൽ മുസ്‌ലിംകളുടെ ജീവിത സാഹചര്യം മറ്റു സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച്‌ ഏതു നിലവാരത്തിലാണെന്നു പരിശോധിക്കേണ്ടത് ഏറ്റവും മർമപ്രധാനമായ, ശാസ്ത്രീയ രീതിയാണ്. പൊതുവിൽ മലയാള സിനിമകൾ ചിത്രീകരിക്കുന്ന രീതിയിൽ, ഗൾഫ് കുടിയേറ്റം നടത്തി, സാമൂഹികമായി മെച്ചപ്പെട്ടു വന്ന സാമുദായിക വിഭാഗമാണു മുസ്‌ലിംകളെന്നാണു കേരളത്തിലെ സവർണ പൊതുബോധം. എന്നാൽ പൊതുബോധത്തെ പങ്കുപറ്റി ദേശീയ സാഹചര്യത്തെ വിലയിരുത്താൻ കഴിയാത്തതുകൊണ്ട് ഇതിനനുകൂലമായ സാമൂഹിക ശാസ്ത്ര റിപ്പോർട്ടുകളെ ആശ്രയിക്കുകയാണ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ട്

രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചു പഠിക്കാനും മറ്റു മത- ജാതി സാമൂഹിക വിഭാഗങ്ങളുമായി തട്ടിച്ചു് അതിന്റെ മൊത്തം സാഹചര്യം വിലയിരുത്താനും ഒരു കമ്മിറ്റി രൂപവത്കരിക്കപ്പെട്ടിരുന്നു. 2005 മാർച്ച് 9നു് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരം കണ്ടെത്താൻ, ഉന്നത സമിതിയെ നിയോഗിച്ചു. 2006 നവംബർ 17 നു് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് രവീന്ദർ സച്ചാർ അധ്യക്ഷനായ ആ കമ്മിറ്റിയിൽ സഈദ് ഹമീദ്, ഡോ. ടി.കെ.ഉമ്മൻ, എം.എ. ബാസിത്, ഡോ.രാകേഷ് ബസന്ത്, ഡോ.അക്തർ മജീദ്, ഡോ.അബു സലീഹ് ഷെരീഫ് എന്നിവർ അംഗങ്ങളായിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇവിടെ ആശ്രയിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വകുപ്പുകളിൽനിന്നും വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാരിൽ നിന്നും റെജിസ്ട്രാർ ജനറൽ ഒഫ് സെൻസസ് ഓപ്പറേഷൻസ്, നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, നാഷനൽ ഫാമിലി ഹെൽത്ത് സർവേ, നാഷനൽ കൗൺസിൽ ഫോർ അപ്പ്ലൈഡ്‌ ഇക്കണോമിക്സ് റിസർച്ച്, നാഷനൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ, വിവിധ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, ഡീലിമിറ്റേഷൻ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, പിന്നോക്ക വിഭാഗ കമ്മീഷൻ, ഭാഷാ ന്യൂനപക്ഷ കമ്മീഷൻ, യു.പി.എസ്.സി, യു.ജി.സി, യൂണിവേഴ്സിറ്റികൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നീതിന്യായ സംവിധാനം എന്നിവയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. വിദ്യാഭ്യാസ സൂചികകൾ, തൊഴിൽ, വരുമാനം, ബാങ്കിങ് സംവിധാനവുമായുള്ള വിനിമയം, അടിസ്ഥാന സൗകര്യ വികസനം, ജീവിതനിലവാരം, ദാരിദ്ര്യം / ഉപഭോഗം, ഭരണകൂട സംവിധാനങ്ങളിലെ പ്രാതിനിധ്യം ഈ സാഹചര്യങ്ങളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ജനസംഖ്യ

2005 ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 1029 മില്യൺ ജനങ്ങളുണ്ട്. അതിൽ 138 മില്യണിലധികം മുസ്‌ലിംകളാണ്. മുസ്‌ലിംകൾ 13.4% വും മറ്റു ന്യൂനപക്ഷങ്ങൾ 6.1% വും. ദലിതരെയും ആദിവാസികളെയും പിന്നോക്ക സമുദായ വിഭാഗങ്ങളെയും ഹിന്ദു സവർണ വിഭാഗങ്ങളെയും ചേർത്തു് 80.5% ജനങ്ങളുണ്ട്. ഈ 80.5% ത്തിൽ ദലിതരും ആദിവാസികളും 31.2% വും പിന്നോക്ക സമുദായ വിഭാഗങ്ങൾ 43.0% വും സവർണ ജാതി വിഭാഗങ്ങൾ 25.9% വുമാണ്.

വിദ്യാഭ്യാസ സൂചികകൾ

വിദ്യാഭ്യാസ സൂചികകളിൽ രാജ്യത്തെ ദലിത് ആദിവാസി വിഭാഗങ്ങളും മുസ്‌ലിംകളും മറ്റു സാമൂഹിക വിഭാഗങ്ങളേക്കാൾ വളരെ പിന്നിലാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. 2001ൽ രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ നിലവാരം 59.1% മാണ്. ദേശീയ നിലവാരമായ 65.1% ത്തിനു വളരെ പിന്നിലാണിത്. ദലിത്/ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം, അതിലും താഴെയാണ്- 52.2% . ഈ രണ്ടു വിഭാഗങ്ങളെയും മാറ്റിനിർത്തി പരിഗണിക്കുകയാണെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സൂചിക 70.8% എന്ന ഉയർന്ന നിലവാരത്തിൽ എത്തും. അതായത് സവർണ പിന്നോക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യസ നിലവാരം ഈ വിഭാഗങ്ങളേക്കാൾ വളരെ മുന്നിലാണ്.

രാജ്യത്തെ നഗരങ്ങളിലെ മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ സൂചിക ദേശീയ വിദ്യാഭ്യാസ സൂചികയേക്കാൾ 11% കുറവാണ്. മറ്റു സവർണ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സൂചിക, ദേശീയ വിദ്യാഭ്യാസ സൂചികയേക്കാൾ 15% വർധിച്ചതാണ്. ദലിത്/ആദിവാസി പുരുഷന്മാരുടെ വിദ്യാഭ്യാസ സൂചിക  64% മാണ്; മുസ്‌ലിംകളുടേത് 68%വും. എന്നാൽ സവർണ വിഭാഗങ്ങളിലെ പുരുഷന്മാരുടെ സൂചിക 81% ലാണ് എത്തി നില്ക്കുന്നത്.

സംസ്ഥാന തലത്തിൽ ഝാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് ഈ സംസ്ഥാനങ്ങളിൽ ഈ സൂചികകൾക്കു മാറ്റമുണ്ടെന്ന വസ്തുത പ്രധാനപ്പെട്ടതാണ്. ആന്ധ്രാപ്രദേശിൽ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സൂചിക 68% മാണ്. ഇത് സംസ്ഥാനത്തെ ആകെ വിദ്യാഭ്യാസ സൂചികയായ 61% ത്തേക്കാൾ വളരെ മെച്ചപ്പെട്ടതാണ്. ഇവിടെ ലിംഗപരമായ നിലവാര സൂചികകളിലും മാറ്റമുണ്ട്. മുസ്‌ലിം പുരുഷന്മാരുടേത് 73% വും സ്ത്രീകളുടേത് 59% വുമാണ്.

മുൻപു സൂചിപിച്ച വിദ്യാഭ്യാസപരമായ വിവേചനം, വയസു തിരിച്ചുള്ള കണക്കുകളിലും കാണാം. പുതു തലമുറയിലെ കുട്ടികളിൽ, അതായത് 13 വയസുവരെയുള്ള സവർണ വിഭാഗങ്ങളിലെ കുട്ടികളിൽ 90.2% ത്തിനും വിദ്യാഭ്യാസം ലഭിക്കുമ്പോൾ ദലിത്- ആദിവാസി വിഭാഗങ്ങളിൽ 74.7% ത്തിനും മുസ്‌ലിംകളിൽ 74.6% ത്തിനുമാണ് അതു ലഭിക്കുന്നത്. 7 മുതൽ 16 വയസ്സു വരെയുള്ള കുട്ടികളിലെ, ശരാശരി വിദ്യാഭ്യാസം ലഭിക്കുന്ന വർഷങ്ങൾ (MYS – Mean Years of Schooling) കണക്കാക്കിയാൽ ദേശീയ നിലവാരം 4 വർഷമാണ്. മുസ്‌ലിം വിദ്യാർഥികളുടേതു 3 വർഷവും 4 മാസവുമാണ്. ഇതിൽ ഗ്രാമ -നഗര വ്യത്യാസങ്ങൾ എടുത്താലും ലിംഗപരമായ വ്യത്യാസങ്ങൾ എടുത്താലും മുസ്‌ലിം വിഭാഗം ദലിത്-ആദിവാസി വിഭാഗങ്ങളേക്കാൾ പിന്നിലാണ്. പ്രാഥമിക തലം മുതൽ മിഡിൽ സ്കൂൾ ഘട്ടത്തിലും സെക്കണ്ടറി തലത്തിലും തുടർന്നു കോളേജ് വിദ്യാഭ്യാസത്തിലും എത്തുന്ന വിദ്യാർഥികളുടെ കണക്കുകളിലും ഈ വിവേചനം കാണാനാകും. പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കുന്നവരിൽ മുസ്‌ലിംകൾ ഒഴിച്ചുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും സവർണ വിഭാഗങ്ങളിൽ നിന്നും 62% വിദ്യാർഥികൾ ഉണ്ടെങ്കിൽ മുസ്‌ലിംകളിൽ ഇതു 44% വും ദലിത് വിഭാഗത്തിൽ 39% വും ആദിവാസി വിഭാഗത്തിൽ 32% വുമാണ്. മിഡിൽ സ്കൂൾ ഘട്ടം പൂർത്തിയാക്കുന്നവരിൽ മുസ്‌ലിംകൾ ഒഴിച്ചുള്ള മറ്റു വിഭാഗത്തിൽ നിന്നു 75% വിദ്യാർഥികൾ ഉണ്ടെങ്കിൽ മുസ്‌ലിംകളിലും ദലിത്-ആദിവാസി വിഭാഗങ്ങളിലും ഇത് 65% ആണ്. ഈ വിധത്തിൽ സെക്കണ്ടറി തലത്തിൽ ഈ വിഭാഗങ്ങൾ 50% ആണെങ്കിൽ മുസ്‌ലിംകൾ ഒഴിച്ചുള്ള മറ്റു വിഭാഗങ്ങളും സവർണരും 62% മാണ്. കോളെജ് തലത്തിൽ എത്തുമ്പോൾ ദലിത്-ആദിവാസി വിഭാഗങ്ങൾ 23%വും മുസ്‌ലിംകൾ 26%വും മറ്റു വിഭാഗങ്ങൾ 34% വുമാകുന്നു. ഇങ്ങനെ വിദ്യാഭ്യാസ മേഖലയിൽ ഓരോ തട്ടിലും വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്.

രാജ്യത്തെ 300- ഓളം സർവകലാശാലകളിൽ ബിരുദ നിലവാരത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ 50%ത്തോളം സവർണ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മുസ്‌ലിംകളുടെ പങ്ക് ഇതിൽ 9%ത്തിൽ താഴെയാണ്. ദലിത്-ആദിവാസി വിഭാഗങ്ങളുടെ ശതമാനത്തേക്കാൾ കുറവാണത്. ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ 50 ശതമാനത്തിലധികം സവർണ വിഭാഗമാണുള്ളത്, മുസ്‌ലിംകൾ 5% ന് അടുത്തേ വരുകയുള്ളൂ.

തൊഴിൽ

മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചു കമ്മിറ്റി വിലയിരുത്തിയത്. സ്വയം തൊഴിൽ ചെയ്യുന്നവർ, സ്ഥിര വരുമാനം ഉള്ളവർ , ദിവസക്കൂലിക്കു തൊഴിൽ ചെയ്യുന്നവർ.

രാജ്യത്തെ ചെറു സ്വയം തൊഴിലുകളിൽ ആകെ ഏർപ്പെട്ടവരിൽ മുസ്ലിം വിഭാഗങ്ങളിൽ നിന്ന് 61% ആളുകളുണ്ട്. മറ്റു ന്യൂന പക്ഷങ്ങൾ ഒഴിച്ചുള്ള പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ 55% മാത്രമേ ചെറു സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവരായുള്ളൂ. നഗരങ്ങളിൽ ചെറു സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവരിൽ മുസ്ലിം വിഭാഗങ്ങളിൽ നിന്ന് 57%വും ഹിന്ദുക്കളിൽ നിന്നു 43%വും ആളുകളുണ്ട്. ലിംഗ വ്യത്യാസങ്ങൾ പരിഗണിക്കുമ്പോൾ ചെറു സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവരിൽ മുസ്ലിം സ്ത്രീകൾ 73% ഉള്ളപ്പോൾ, ഹിന്ദു സ്ത്രീകളിൽ 60% മാത്രമേ അതിൽ വരുന്നുള്ളൂ. സ്ഥിര വരുമാനമുള്ള തൊഴിലുകളിൽ ദലിതരുടേതിനു സമമാണു മുസ്ലിം വിഭാഗത്തിന്റെ സാഹചര്യം.

സ്ഥിര വരുമാനമുള്ള തൊഴിലെടുക്കുന്നവരിൽ ആകെ 25% സവർണ വിഭാഗമാണ്. മുസ്ലിങ്ങൾ 13% വും ദലിത്- ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ അതുപോലെ തന്നെ താഴ്ന്ന നിലയിലുമാണ്. നഗരപ്രദേശത്തു് സ്ഥിരവരുമാനമുള്ള തൊഴിലുകളിൽ 27% മുസ്ലിങ്ങളാണുള്ളതെങ്കിൽ സവർണ വിഭാഗങ്ങൾ 49% വരും.

പൊതുമേഖലയിലെ സ്ഥിരവരുമാനമുള്ള തൊഴിലുകളിൽ ദലിത് -ആദിവാസി വിഭാഗങ്ങളോടൊപ്പവും മുസ്ലിങ്ങളോടൊപ്പവും മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. 24%ത്തിൽ താഴെ മുസ്ലിങ്ങളാണു പൊതുമേഖലയിലും സർക്കാർ സേവനത്തിലും സ്ഥിരവരുമാനമുള്ള തൊഴിലുകൾ ചെയ്യുന്നത്. 39% ആദിവാസി- ദലിത് വിഭാഗങ്ങളും 30%  മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളും ഉണ്ടവിടെ. എന്നാൽ സവർണ വിഭാഗങ്ങൾ ഏകദേശം 37%ത്തോളം ആണ് ഈ മേഖലയിൽ. അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ വളരെ അധികമാണത്. സ്വകാര്യമേഖലയിലെ സ്ഥിരവരുമാനമുള്ള  തൊഴിലിലും ഇതേ മാതൃകയിൽ മുസ്ലിങ്ങൾ വിവേചനത്തിനു വിധേയമാകുന്നു .എന്നാൽ പൊതുമേഖലയെ അപേക്ഷിച്ചു സ്വകാര്യമേഖലയിൽ സ്ഥിരവരുമാനമുള്ള തൊഴിലുകളിൽ ദലിത്- ആദിവാസി വിഭാഗങ്ങൾ കൂടുതൽ വിവേചനം നേരിടുന്നു. പൊതുമേഖലയിലെ സംവരണ വ്യവസ്ഥകളാണ് ആ മേഖലയിലെ മെച്ചപ്പെട്ട ആദിവാസി- ദലിത് പ്രാതിനിധ്യത്തിനു കാരണം. സ്വകാര്യമേഖലയിലെ ഘടനാപരമായ ജാതിവിവേചനം ഇതിനു തടസം നില്ക്കുന്നു.

സർക്കാർ മേഖലയിലും സർക്കാർ ഇടപെടുന്ന മേഖലകളിലും മുസ്‌ലിം സമുദായത്തിന് 5%ത്തിൽ താഴെ പ്രാതിനിധ്യമേ ഉള്ളു. എന്നാൽ അസംഘടിത മേഖലയിലും ചെറുകിട കച്ചവട മേഖലയിലും മുസ്‌ലിം പ്രാതിനിധ്യം മെച്ചപ്പെട്ട നിലയിലാണ്. അതിൽ, ഗ്രാമ- നഗര വ്യത്യാസങ്ങളില്ലാതെയും ലിംഗഭേദങ്ങൾ ഇല്ലാതെയും മുസ്‌ലിം സമുദായത്തിനു് അധിക പ്രാതിനിധ്യമുണ്ട്. ഒരർഥത്തിൽ ഇത്തരം വരുമാന മാർഗങ്ങൾ, മുസ്‌ലിം സമുദായത്തിന്റെ നട്ടെല്ലെന്നു പറയാവുന്നതാണ്. രാജ്യത്തെ 12%ത്തോളം മുസ്‌ലിം പുരുഷന്മാർ ജീവിക്കുന്നത് തെരുവുകച്ചവടം ചെയ്തിട്ടാണ് എന്ന ഞെട്ടിക്കുന്ന കണക്ക് ഇതിന്റെ വസ്തുത മനസ്സിലാക്കിത്തരുന്നു. തെരുവുകച്ചവടം ചെയുന്ന ആളുകളുടെ ദേശീയ ശരാശരി 8%ത്തേക്കാൾ താഴെയാണ് എന്ന കണക്കു കൂടി ചേർത്തു വായിക്കുമ്പോഴാണ് മുസ്‌ലിം സമൂഹം എത്രമാത്രം ഇത്തരം കച്ചവടത്തെ ആശ്രയിച്ചു ജീവിക്കുന്നു എന്നു മനസ്സിലാകുക. സ്ത്രീകളുടെ കണക്കെടുത്താൽ, വീടുകൾ കേന്ദ്രീകരിച്ചു കച്ചവടം/സ്വയം തൊഴിൽ ചെയുന്ന സ്ത്രീകളുടെ ദേശീയ ശരാശരി 51% മാണെങ്കിൽ മുസ്ലിം സ്ത്രീകളിൽ 70%ത്തിനോടടുത്ത് ഇത്തരം വരുമാനമാർഗങ്ങളുള്ളവരാണ്. അതുപോലെ നഗരങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകളിൽ 20% പുരുഷന്മാർ ജീവിക്കുന്നത് ചെറുകിട കച്ചവടവുമായിട്ടാണ്. നഗരങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകളിൽ 30% ത്തിനോടടുത്തു മുസ്‌ലിംകളും ജീവിക്കുന്നത് ചെറുകിട കച്ചവടങ്ങളുമായി ബന്ധപ്പെട്ടാണ്.

കാർഷികമേഖലയെ അപേക്ഷിച്ച് വ്യവസായ- ഉത്പാദന മേഖലകളിൽ മുസ്‌ലിം പ്രാതിനിധ്യം ഭേദപ്പെട്ടതാണ്. രാജ്യത്ത് ആകെ തൊഴിലെടുക്കുന്ന മുസ്ലിങ്ങളിൽ 35% വും ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരാണ്. രാജ്യത്താകമാനം 21 % ആളുകൾ മാത്രമേ ഈ മേഖലയിൽ തൊഴിലെടുക്കുന്നുള്ളൂ. സവർണർ 19% വും ഈ മേഖലയിലാണു തൊഴിലെടുക്കുന്നത്. ഉല്പാദന മേഖലയിൽ 35% മുസ്‌ലിം സ്ത്രീകൾ ജോലി ചെയുന്നു, എന്നാൽ സവർണ സ്ത്രീകളിൽ 8% മാത്രമേ ഈ മേഖലയിൽ തൊഴിലെടുക്കുന്നുള്ളൂ.

വരുമാനം

മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് രാജ്യത്തെ തൊഴിൽ/വേതന സാഹചര്യങ്ങളെക്കുറിച്ചു കമ്മിറ്റി പഠിച്ചത്. തൊഴിൽ കരാറിന്റെയും തൊഴിലാനുകൂല്യങ്ങളുടെയും സുരക്ഷയുടെയും വേതന വിതരണത്തിലെ വ്യത്യാസങ്ങൾക്കനുസരിച്ചും വിവിധ സാമൂഹിക വിഭാഗങ്ങളിലെ തൊഴിലാളികളുടെ പങ്ക് ഇതാണു പഠനവിധേയമാക്കിയത്.

മുസ്‌ലിം സമുദായത്തിന്റെ വരുമാന സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ സാമൂഹിക വിവേചനത്തിന്റെ മറ്റൊരവസ്ഥയാണു കാണാൻ കഴിയുക.ഒരു തരത്തിലുള്ള ഔദ്യോഗിക രേഖകളുമില്ലാതെ, കരാറുകളോ ആനുകൂല്യങ്ങളോ ഇല്ലാതെ, തൊഴിലെടുക്കുന്ന വിഭാഗത്തിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള 73% ആളുകൾ രാജ്യത്തുണ്ട്. സവർണ സമുദായത്തിലെ 52% ആളുകൾ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നുള്ളു. നേരിടുന്നുള്ളു. ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്നും മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളിൽ നിന്നും 63% വീതം ആളുകളും ഇത്തരത്തിൽ തൊഴിലെടുക്കുന്നുണ്ട്. സ്ഥിരവരുമാനത്തേക്കാൾ പീസ് റേറ്റിനു തൊഴിലെടുക്കുന്നവരാണു മുസ്‌ലിം വിഭാഗത്തിലെ ഭൂരിപക്ഷവും എന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു തരത്തിലുമുള്ള സാമൂഹിക സുരക്ഷയോ അനുകൂല്യങ്ങളോ ഇല്ലാതെ തൊഴിലെടുക്കുന്നവരിൽ 71% വരുന്ന ആളുകൾ മുസ്‌ലിംകളാണ്. ഈ കണക്കുകൾ രാജ്യത്തെ മുസ്‌ലിം സമുദായം സാമൂഹികമായി എത്രമാത്രം ദുർബലരാണെന്നു വ്യക്തമാക്കുന്നു. ദലിത് -ആദിവാസി- മുസ്‌ലിം വിഭാഗങ്ങൾക്ക് മറ്റു സാമൂഹിക വിഭാഗങ്ങളേക്കാൾ വളരെക്കുറഞ്ഞ ശരാശരി വേതനമാണു ലഭ്യമാകുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാങ്കിങ് സംവിധാനം

സംസ്ഥാന തലത്തിൽ 2001 മുതൽ 2005 വരെ എടുത്ത ബാങ്കുകളുടെ ധനവിനിമയ കണക്കുകളിൽ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽപ്പോലും അസ്വസ്ഥജനകമായ വസ്തുതകളുണ്ട്. വാണിജ്യ ധനകാര്യ സ്ഥാപനങ്ങൾ/ബാങ്കുകൾ എന്നിവ സർക്കാരിന്റെ നിർദേശപ്രകാരമുള്ള മുൻഗണന മേഖലകൾക്കു നൽകുന്ന വായ്പകളുടെ കണക്കുകളാണു ബാങ്കിങ് സംവിധാനങ്ങളുടെ ഗുണങ്ങൾ വിവിധ സാമൂഹിക വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കാവുന്ന വിവരങ്ങൾ.

ഇൻഡ്യയിലെ വാണിജ്യബാങ്കുകളെ അവയുടെ ഉടമസ്ഥാവകാശവും പ്രവർത്തന സ്വഭാവവും അനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: (എ) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യയും അതിന്റെ ഘടകങ്ങളും, (ബി) ദേശസാൽകൃത ബാങ്കുകൾ, (സി) പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, (ഡി) വിദേശ ബാങ്കുകൾ, (ഇ) മറ്റ് ഇൻഡ്യൻ സ്വകാര്യ വാണിജ്യ ബാങ്കുകൾ. റിസേർവ് ബാങ്ക് നൽകിയ, 27 പൊതുമേഖലാ ബാങ്കുകളിലെയും 29 സ്വകാര്യമേഖലാ ബാങ്കുകളിലെയും വിവരങ്ങളാണു നിരീക്ഷണത്തിനു് ഉപയോഗിച്ചിരിക്കുന്നത്. മുസ്ലിങ്ങൾ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ, മറ്റുള്ളവർ  ഇങ്ങനെയാണു വിവരങ്ങൾ പരിശോധിച്ചത്. വായ്പകൾക്കായി സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ട് ഓരോ സാമൂഹിക വിഭാഗങ്ങളുടെയും അക്കൗണ്ടുകളുടെ എണ്ണം, എടുത്തുപറയാവുന്ന തുകകളുള്ള അക്കൗണ്ടുകളുടെ എണ്ണം, ആകെ എടുത്തുപറയാവുന്ന തുകകൾ എന്നിവയാണു താരതമ്യത്തിനു കണക്കാക്കിയ സൂചകങ്ങൾ. ദേശീയ തലത്തിൽ 15 പോയിന്റ് സർക്കാർ പദ്ധതിക്കു കീഴിൽ വരുന്ന, ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള 44 ജില്ലകളിലുമാണ് ഈ വിവരങ്ങൾ നിർണയിച്ചത്.

ദേശീയ തലത്തിൽ, മുസ്‌ലിംകളുടേതായുള്ള അക്കൗണ്ടുകളുടെ കണക്കിൽ ജനസംഖ്യാനുപാത പ്രകാരം മെച്ചപ്പെട്ട പങ്ക് കണ്ടുവെങ്കിലും 44 ന്യൂനപക്ഷ ജില്ലകളിൽ മുസ്‌ലിംകളുടെ അകൗണ്ടുകളുടെ എണ്ണത്തിന്റെ പങ്ക് 12 പോയന്റുകൾ കുറവാണ്. മുൻഗണന മേഖലകൾക്കു നൽകുന്ന വായ്പകളുടെ കണക്കുകൾ പ്രകാരം, മുസ്ലിങ്ങൾക്കു ലഭിച്ച വായ്പകളുടെ ദേശീയ ശരാശരി നിലവാരം, മുസ്‌ലിംകളുടെ ജനസംഖ്യാനുപാതത്തേക്കാൾ 12 പോയിന്റുകൾ കുറവാണ്. ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള 44 ജില്ലകളിൽ മുസ്‌ലിംകൾക്കു ലഭിക്കുന്ന വായ്പകളുടെ നിലവാരം 25 പോയന്റുകൾ കുറവാണ്. എന്നാൽ മറ്റുവിഭാഗങ്ങളെ സംബന്ധിച്ച് അക്കൗണ്ടുകളുടെ എണ്ണത്തിൽ ജനസംഖ്യാനുപാതത്തിലുള്ള പങ്ക് അവർക്കുണ്ട്. മറ്റുവിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ 10 പോയന്റ് പങ്ക് അധികം വായ്പകൾ ലഭിക്കുന്നു. ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള 44 ജില്ലകളിൽ മുസ്‌ലിംകൾ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങൾക്ക് അക്കൗണ്ടുകളുടെ എണ്ണത്തിലും വായ്പകൾ ലഭിക്കുന്ന തോതിലും അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ ഇരട്ടി പങ്കാണുള്ളത്.

ഇനി സംസ്ഥാനങ്ങൾ തിരിച്ച് ഈ കണക്കുകൾ പരിശോധിക്കുമ്പോൾ അതിനേക്കാൾ ഞെട്ടിക്കുന്ന നീതി നിഷേധങ്ങളാണു കാണാൻ കഴിയുക. പശ്ചിമ ബംഗാളിൽ 29% ബാങ്ക് അക്കൗണ്ടുകൾ മുസ്‌ലിം ജനതക്കുണ്ട്. ഇതു ജനസംഖ്യയുടെ പങ്കിന്റെ 4% ത്തിലധികമാണ്. എന്നാൽ എടുത്തുപറയാവുന്ന തുകകളുള്ള അക്കൗണ്ടുകൾ 9.2% മാത്രമേ ഉള്ളു. കേരളത്തിലും 22% അക്കൗണ്ടുകൾ മുസ്‌ലിം ജനതക്കുണ്ട് . എന്നാൽ എടുത്തുപറയാവുന്ന തുകകളുള്ള അക്കൗണ്ടുകൾ 16% മാത്രമാണു്. കേരളത്തിൽ 25% മുസ്‌ലിം ജനസംഖ്യയുണ്ടെന്നത് ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്. ഉത്തർപ്രദേശിൽ 17% അക്കൗണ്ടുകൾ മുസ്‌ലിംകളുടേതാണെങ്കിൽ 9% അക്കൗണ്ടുകൾ മാത്രമേ എടുത്തു പറയാവുന്ന തുകകൾ ഉള്ളവയായുള്ളൂ. ബിഹാറിൽ യഥാക്രമം ഇതു 13% വും 7%വുമാണ്. ദില്ലിയിൽ 4.2% അക്കൗണ്ടുകൾ മുസ്‌ലിംകൾക്കുണ്ടെങ്കിൽ 0.5% ത്തിൽ മാത്രമാണ് എടുത്തു പറയാവുന്ന തുകകൾ ഉള്ളത്. ദില്ലിയിലെ ആക്രമണങ്ങളിൽ മുസ്‌ലിംകളുടെ ചെറു കച്ചവട സ്ഥാപനങ്ങൾ തകർക്കുന്നതിനെ ഇതുമായി ചേർത്തുവേണം വായിക്കാൻ. മുസ്‌ലിംകളുടെ ചെറു സ്ഥാപനങ്ങൾ തകർക്കുക എന്നത് അവരുടെ തലമുറകളെക്കൂടി തകർക്കാൻ പര്യാപ്തമായ ഒന്നാണ്.

രാജ്യമൊട്ടുക്കും കമ്മീഷൻ കണക്കെടുത്തതിൽ, വാണിജ്യ ബാങ്കുകളിൽ 12% അക്കൗണ്ടുകളുടെ പങ്ക് മുസ്‌ലിംകളുടേതാണ്. ഇതു ജനസംഖ്യാനുപാതത്തിനടുത്തു വരും. മറ്റു ന്യൂനപക്ഷങ്ങളുടേതായി 8% ലധികം അക്കൗണ്ടുകൾ ഉണ്ട്. ഇത് അവരുടെ 5.6% എന്ന ജനസംഖ്യാനുപാതത്തേക്കാൾ അധികമാണ്. എന്നാൽ മുസ്‌ലിംകളുടേതായി എടുത്തു പറയാവുന്ന തുകകളുള്ള ബാങ്ക് അകൗണ്ടുകൾ 4.7% മാത്രവും മറ്റു ന്യൂനപക്ഷങ്ങളുടേതു് 6.5%വുമാണെന്ന വസ്തുത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വർധിച്ച 44 ജില്ലകളിലെ, 2001 മുതൽ 2005 വരെയുള്ള കണക്കെടുത്തതിൽ, വാണിജ്യ ബാങ്കുകളിൽ ശരാശരി 20.6% അക്കൗണ്ടുകൾ മാത്രമാണു മുസ്ലിങ്ങളുടേതായുള്ളത്. എന്നാൽ ഇവിടങ്ങളിൽ മുസ്‌ലിം ജനസംഖ്യ 32.8%ത്തിനടുത്തു വരും എന്നതുകൂടി പരിഗണിക്കണം. മറ്റു ന്യൂനപക്ഷങ്ങളുടേതായി 5.0% അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവരുടെ ജനസംഖ്യ ഈ ജില്ലകളിൽ 2.0% മാത്രമേ വരികയുള്ളൂ. ഇനി ഈ അക്കൗണ്ടുകളിൽ എടുത്തുപറയാവുന്ന തുകകളുള്ള മുസ്‌ലിംകളുടെ അക്കൗണ്ടുകൾ 8% മാത്രമേ ഉള്ളു; എന്നാൽ മറ്റു ന്യൂനപക്ഷങ്ങളുടേതു 3.8% ഉണ്ട്.

ഈ കണക്കുകൾ വ്യക്തമാക്കുന്നത് ബാങ്കുകൾ ന്യൂനപക്ഷങ്ങൾക്കു പൊതുവിൽ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നുണ്ടെങ്കിലും മുസ്‌ലിം വിഭാഗങ്ങൾക്ക് ഈ സഹായങ്ങൾ ഉപയോഗപ്രദമാക്കാനാവും വിധം ബാങ്കുകൾ മെച്ചപ്പെടുന്നില്ല; അല്ലെങ്കിൽ മുസ്‌ലിം വിഭാഗത്തോടു ഘടനാപരമായി വിവേചനം ചെയുന്നു എന്നാണ്.

അടിസ്ഥാന സൗകര്യ വികസനം

ദേശീയ തലത്തിൽ 2000 ത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിലെല്ലാം ഓരോ വിദ്യാഭ്യാസ സ്ഥാപനമുണ്ട്. എന്നാൽ ആകെ ജനസംഖ്യ കുറയുകയും അതിനനുസരിച്ചു മുസ്‌ലിം ജനസംഖ്യ വർധിക്കുകയും ചെയുന്ന ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ കുറഞ്ഞുവരുന്നതായും കാണുന്നു. മുസ്‌ലിം ജനസംഖ്യ വർധിച്ച ഗ്രാമങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ കുറയുന്നതു് ദേശീയ തലത്തിലെ വസ്തുതയാണ്. 10% ത്തിൽ കുറവ് മുസ്‌ലിം ജനസംഖ്യയുള്ള രാജ്യത്തെ 82% ഗ്രാമങ്ങളിലും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുണ്ട്, എന്നാൽ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 69% ഗ്രാമങ്ങളിലേ ഇത്തരം വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളൂ.

സംസ്ഥാന തലത്തിലെ കണക്കെടുക്കുകയാണെങ്കിൽ പശ്ചിമ ബംഗാളിലെയും ബിഹാറിലെയും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 1000ത്തിലധികം ഗ്രാമങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല. ഉത്തർപ്രദേശിൽ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 1943 ഗ്രാമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. രാജ്യത്തെ വിദ്യാഭ്യസ സൗകര്യങ്ങളുള്ള ആകെ ഗ്രാമങ്ങളുടെ എണ്ണമെടുത്താൽ, അതിൽ, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള, വിദ്യാഭ്യസ സൗകര്യങ്ങളുള്ള ഗ്രാമങ്ങളുടെ എണ്ണം വളരെ കുറവാണ്.

ദേശീയ തലത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കെടുത്താൽ അതിലും ഈ ഭരണകൂട വിവേചനം കാണാനാകും. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവുമില്ലാത്ത രാജ്യത്തെ 16% ഗ്രാമങ്ങളും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളവയാണ്. അസമിലും ജമ്മു കശ്മീരിലും 2000 ത്തിലധികം ഗ്രാമങ്ങളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും 3000 ത്തിലധികം ഗ്രാമങ്ങളിലും ഉത്തർപ്രദേശിലെ 5000 ത്തോളം ഗ്രാമങ്ങളിലും ഒരു തരത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളും ഇല്ല. ഈ ഗ്രാമങ്ങളെല്ലാം തന്നെ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളതുമാണ്.

ഇതേ മാതൃകയിൽ ബസ് സ്റ്റോപ്പുകളും വഴികളും പൊതു ഗതാഗത സംവിധാനമടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങളും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളിൽ വളരെ കുറവാണെന്ന, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്.

ജീവിത നിലവാരം

ജീവിത നിലവാര സൂചികയിൽ ഏറ്റവും പ്രധാനമായത് ശൗചാലയങ്ങളുടെ കണക്കാണ്. രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റേ വീടുകളിൽ പകുതിയിലും ശൗചാലയ സൗകര്യങ്ങളില്ല. ഗ്രാമീണ മേഖല മാത്രം പരിഗണിക്കുകയാണെങ്കിൽ ഈ ശതമാനം കൂടുതലാണ്. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം മുസ്‌ലിംകൾ ദലിതരേക്കാളും മെച്ചപ്പെട്ട സാഹചര്യത്തിലാണ്.

രാജ്യത്തെ വൈദ്യുതീകരിച്ച ഗ്രാമങ്ങളുടെ കണക്കിലും ഈ മാതൃക കാണാനാകും. ദലിത്- ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾ ഏറ്റവും മോശമായി വൈദ്യുതീകരിച്ചവയാണ്. എന്നാൽ സവർണ വിഭാഗങ്ങളുടേത് മികച്ച രീതിയിൽ വൈദ്യുതീകരിച്ചവയാണ്. ശുദ്ധജലം പോലും മോശമായി വിതരണം ചെയ്യപ്പെടുന്നത് മുസ്‌ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന ഗ്രമങ്ങളിലാണ്.

ദാരിദ്ര്യം / ഉപഭോഗം

ദേശീയ തലത്തിൽ പല സാമൂഹിക വിഭാഗങ്ങളിലെ 2004-05 ലെ ശരാശരി ആളോഹരി ചെലവു കണക്കാക്കുകയാണെങ്കിൽ, സവർണ വിഭാഗങ്ങളുടേത് 1023 രൂപയും ഒബിസി വിഭാഗങ്ങളുടേത് 646 രൂപയും മുസ്‌ലിംകളുടേത് 635 രൂപയും ദലിത്- ആദിവാസി വിഭാഗങ്ങളുടേത് 520 രൂപയുമാണ്. ആദിവാസികൾ മുതൽ ഒബിസി വിഭാഗങ്ങൾ വരെയുള്ളവരേക്കാൾ നേരെ ഇരട്ടിയാണു സവർണരുടെ ആളോഹരി ചെലവ്. നഗരപ്രദേശങ്ങളിൽ സവർണരുടെ ഈ ചെലവ് 1469 രൂപയോളം വരും. ദലിത്- ആദിവാസി- മുസ്‌ലിം സമൂഹത്തിനു് ഇതു കേവലം 800 രൂപ മാത്രമാണ്. ഇതാണ് ഈ രാജ്യത്തെ വിവേചനത്തിന്റെ കണക്ക്. അതായത് ദലിത്- ആദിവാസി- മുസ്‌ലിം വിഭാഗങ്ങളേക്കാൾ 80% ത്തിലധികം ആളോഹരി ചെലവാണു സവർണ വിഭാഗങ്ങൾക്കുള്ളത്.

നാഷനൽ സാമ്പിൾ സർവേയുടെ 2005 ലെ 365 ദിവസത്തെ റഫറൻസ് പിരിയഡിലെ കണക്ക് ഉപയോഗിച്ച നാഷണൽ പ്ലാനിങ് കമ്മീഷന്റെ രീതിശാസ്ത്ര പഠനം വെളിപ്പെടുത്തുന്നത് ഇതുപോലത്തെ പ്രധാനപ്പെട്ട വിവരങ്ങളാണ്. ഇതു പ്രകാരം ഹെഡ് കൗണ്ട് റേഷ്യോ (Head Count Ratio) എന്നതു് ദാരിദ്ര്യത്തിന്റെ കൃത്യമായ സൂചികയാണ്. ഇതനുസരിച്ചു് 22.7% ത്തോളം ഇൻഡ്യക്കാർ ദരിദ്രരാണ്. വിവിധ സാമൂഹിക വിഭാഗങ്ങളായി തിരിച്ച് ദരിദ്രരുടെ കണക്കെടുക്കുമ്പോൾ ആകെ ദരിദ്രരിൽ 35%വും ദലിത് -ആദിവാസി വിഭാഗങ്ങളാണെന്നു കാണാം. രണ്ടാമതായി മുസ്‌ലിം വിഭാഗങ്ങളാണ്; 31%ത്തോളം വരും. ഒബിസി വിഭാഗത്തിന്റെ ദാരിദ്ര്യം 21% ആണ്. ദരിദ്രരുടെ ഈ കണക്കിൽ സവർണർ 8.7% മാത്രമേ വരുന്നുള്ളൂ.

മുസ്‌ലിം വിരുദ്ധ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട മസ്ജിദ്.

ദാരിദ്ര്യത്തിന്റെ ഗ്രാമ നഗര വ്യത്യാസങ്ങൾ വീണ്ടും പരിശോധിക്കേണ്ടതാണ്. നഗരങ്ങളിൽ മുസ്ലിം വിഭാഗത്തിൽ 38.4% വും ദരിദ്രരാണ്. ദലിത്- ആദിവാസി വിഭാഗങ്ങൾ 36.4% വും ദരിദ്രരാണ്. 1983 മുതൽ 2004-05 വരെ പല സാമൂഹിക വിഭാഗങ്ങളിലും ദാരിദ്ര്യത്തിന്റെ അളവിൽ മാറ്റമുണ്ടായി. 1987-88 വർഷത്തിൽ ദലിത്- ആദിവാസി വിഭാഗങ്ങളുടെ ഹെഡ് കൗണ്ട് റേഷ്യോ 54 ആയിരുന്നു. 1993-94 ൽ ഇത് 50 ആയി മാറുകയും 2004-05 ആയപ്പോൾ നേരെ 42 ലേക്കു കുത്തനെ ഇടിയുകയും ചെയ്തു. ഇതേ മാതൃകയിൽ മുസ്ലിം വിഭാഗത്തിന്റേത് 1993-94 വർഷത്തിൽ 47ൽ നിന്നു 46 ലേക്കും 2004-05ൽ നേരെ 37 ലേക്കും കുത്തനെ ഇടിഞ്ഞു. ആ നിലക്ക് ഈ കാലയളവിൽ നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങൾ പോലും പ്രാഥമികമായി ബാധിച്ചത് ഈ രാജ്യത്തെ ദലിത് -ആദിവാസി- മുസ്‌ലിം ജനവിഭാഗങ്ങളെ മാത്രമാണെന്ന് വസ്തുതാപരമായി പറയാം.

ഭരണകൂട സംവിധാനങ്ങളിലെ പ്രാതിനിധ്യം

88 ലക്ഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കമീഷൻ പരിശോധിച്ചതിൽ 4.4 ലക്ഷം തൊഴിലാളികൾ മാത്രമേ മുസ്ലിങ്ങളായുള്ളൂ. ഇത് ഏകദേശം 5.1% മാത്രമേ വരികയുള്ളൂ. സർക്കാർ ഏറ്റെടുത്ത മേഖലകളിൽ ആകെ 1.4 മില്യൺ തൊഴിലാളികളിൽ കേന്ദ്രതലത്തിൽ കേവലം 3.3% മാത്രമേ മുസ്‌ലിം പ്രാതിനിധ്യമുള്ളൂ. സംസ്ഥാന തലത്തിൽ ഇതു 10.8% വരും.

സിവിൽ സർവീസ്

സിവിൽ സർവീസ് വിഭാഗങ്ങളിൽ 8837 പേരുടെ വിവരങ്ങൾ പരിശോധിച്ചതിൽ പേരുകൊണ്ടു മാത്രം മുസ്‌ലിം ആയി തിരിച്ചറിഞ്ഞതിൽ 3% മാത്രമാണ് ഐ.എ.എസ് വിഭാഗത്തിലുണ്ടായിരുന്നത്; 1.8% ഐ.എഫ്.എസ് വിഭാഗത്തിലും 4% ഐ.പി.എസ് വിഭാഗത്തിലും ഉണ്ടായിരുന്നു. ഇതിൽത്തന്നെ പ്രൊമോഷനിലൂടല്ലാതെ, നേരിട്ടു പൊതു പരീക്ഷ എഴുതി സേവനത്തിൽ എത്തിയവർ 2.4% മാത്രമാണ് ഐ.എ.എസ് വിഭാഗത്തിലുണ്ടായിരുന്നത്; 1.9% ഐ.എഫ്.എസ് വിഭാഗത്തിലും 2.3% ഐ.പി.എസ് വിഭാഗത്തിലും.

കേന്ദ്ര വകുപ്പുകളിലെ പ്രാതിനിധ്യം

പൊതുവിൽ എല്ലാ വകുപ്പുകളിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണെങ്കിലും അധികാരം കുറഞ്ഞ ഡി ഗ്രൂപ്പ് തസ്തികകളിൽ മുസ്ലിം പ്രാതിനിധ്യത്തിൽ നേരിയ മാറ്റം ഉണ്ടായിരുന്നു. എന്നാൽ അതുപോലും കേവലം 5% മാത്രമേ വരികയുള്ളൂ. ദേശീയ സുരക്ഷാ സേനകളിലാണ് ഈ പ്രാതിനിധ്യം ഏറ്റവും മോശമായ നിലയിൽ ഉള്ളത്. വിവിധ സൈന്യ വിഭാഗങ്ങളിലടക്കം സുരക്ഷാ ചുമതലകളിൽ 19 ലക്ഷം ആളുകൾ തൊഴിലെടുക്കുന്നുണ്ട്. അതിൽ ഉയർന്ന സ്ഥാനങ്ങളിൽ കേവലം 3.6% മാത്രമേ മുസ്‌ലിം പ്രാതിനിധ്യമുള്ളൂ. മറ്റു കീഴുദ്യോഗസ്ഥർക്കിടയിലും 4.6% പ്രാതിനിധ്യമേ ഉള്ളു. എല്ലാ സൈന്യ വിഭാഗങ്ങളിലും ആകെ മുസ്‌ലിം പ്രാതിനിധ്യം പരിഗണിച്ചാൽ 96%വും കീഴ്ത്തട്ടുകളിലാണെന്നു ബോധ്യപ്പെടും. കേവലം 2% മാത്രമാണു ഗ്രൂപ്പ് എയോ ബിയോ ആയ, ഉയർന്ന തസ്തികകളിൽ പ്രാതിനിധ്യമുള്ളത്. എന്നാൽ എല്ലാ സൈന്യ വിഭാഗങ്ങളിലും ഗ്രൂപ്പ് ഡി തസ്തികകളിൽ 37% വും ദലിത് -ആദിവാസി വിഭാഗങ്ങളാണ് എന്നതാണു ഞെട്ടിക്കുന്ന കണക്ക്. മറ്റെല്ലാ സൈന്യ വിഭാഗങ്ങളിലും ഉയർന്ന സ്ഥാനങ്ങളിലെല്ലാം സവർണ- ഒബിസി വിഭാഗങ്ങളാണു മുഖ്യമായും ഉള്ളത്.

ഇൻഡ്യൻ റെയിൽവേയിൽ 14 ലക്ഷം തൊഴിലാളികൾ ഉണ്ടായിരുന്നതിൽ കേവലം 64,000 ആളുകൾ മാത്രമാണു മുസ്‌ലിംകൾ. ഇതു കേവലം 4.5% ആണ്. റെയിൽവേയിൽ തൊഴിലെടുക്കുന്ന മുസ്‌ലിംകളിൽ 98.7% വും കീഴുദ്യോഗസ്ഥ സ്ഥാനങ്ങളിലാണ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിൽ വരാവുന്ന ഉയർന്ന പോസ്റ്റുകളിൽ 1.3% മാത്രമാണു മുസ്‌ലിം പ്രാതിനിധ്യം.

രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ തൊഴിലെടുക്കുന്നവരുടെ കണക്കും ഇതേ മാതൃകയിലുള്ളതാണ്. 129 യൂണിവേഴ്സിറ്റികളിലും 84 കോളേജുകളിലുമായി 1.37 ലക്ഷം തൊഴിലാളികളെ പരിശോധിച്ചപ്പോൾ 42% അധ്യാപകരും 58% അനധ്യാപകരും ഉണ്ടെന്നു കമ്മീഷനു ബോധ്യപ്പെട്ടു. ഈ രണ്ടു വിഭാഗങ്ങളിലും സവർണ വിഭാഗങ്ങൾക്ക് 50% ത്തിലധികം അധിക പ്രാതിനിധ്യമുണ്ട്. അവരുടെ ജനസംഖ്യനുപാതത്തേക്കാൾ വളരെ കൂടുതലാണത്. 6% ജനസംഖ്യയുള്ള മറ്റു ന്യൂനപക്ഷങ്ങൾക്ക് ഈ മേഖലയിലും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. മുസ്‌ലിംകളുടെ പ്രാതിനിധ്യം, 3.7% അധ്യാപകരും 5.4% അനധ്യാപകരും ആണ്. ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് 7.4% അധ്യാപക പ്രാതിനിധ്യവും 16.4% അനധ്യാപക പ്രാതിനിധ്യവുമുണ്ട്. ദലിത്- ആദിവാസി- മുസ്‌ലിം വിഭാഗങ്ങളാണ് പ്രാതിനിധ്യത്തിൽ തഴയപ്പെട്ടവർ.

ഇൻഡ്യൻ സാമൂഹിക ഘടന ഹിന്ദുത്വമാണ്.

ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ, ഇൻഡ്യൻ സാമൂഹിക ഘടനയെ സാമൂഹികശാസ്ത്രപരമായി വിലയിരുത്തുമ്പോൾ, അതു ഹിന്ദുത്വ സാമൂഹിക ഘടനയാണെന്നു ബോധ്യപ്പെടുന്നു. ഈ രാജ്യത്തെ, ഭൂമി അടക്കമുള്ള വിഭവങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ഹിന്ദുത്വത്തിന്റെ സാമൂഹിക ഘടനക്കനുസരിച്ചാണ്. ജനസംഖ്യ ഏറ്റവും കുറവുള്ള ബ്രാഹ്മണരുടെ കൈവശമാണു രാജ്യത്തെ സമ്പത്ത് ഏറ്റവുമധികം കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടാമതായി ഏറ്റവുമധികം സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യ കുറവുള്ള ക്ഷത്രിയരുടെ കൈയിലാണ്. മൂന്നാമതായി വൈശ്യരുടെയും അതിനു ശേഷം ശൂദ്ര ജാതികളുടെയും കൈയിൽ സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ദലിതരും ആദിവാസികളും മുസ്‌ലിംകളുമടക്കമുള്ള വലിയ വിഭാഗം, സമ്പത്തിനും വിഭവത്തിനും മേലുള്ള വിതരണത്തിലെ സാമൂഹിക നീതിക്കു പുറത്താണെന്നാണു വേൾഡ് ഇനീക്വാലിറ്റി ഡെയ്റ്റബെയ്സ് വ്യക്തമാക്കുന്നത്. പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് ഗവേഷകൻ നിഥിൻകുമാർ ഭാരതിയുടെ ഗവേഷണമാണ് ഇതിന്റെ അടിസ്ഥാനം. രാജ്യത്തെ 60 ശതമാനത്തിലധികം സമ്പത്ത് ബ്രാഹ്മണ, ബനിയ, ക്ഷത്രിയ സമുദായങ്ങളുടെ കൈവശമാണെന്നാണ് അതു വ്യക്തമാക്കുന്നത്.

സമ്പത്തും വിഭവങ്ങളും സവർണരിൽ കേന്ദ്രീകരിക്കുന്നതുപോലെ, ഈ ദേശരാഷ്ട്ര സംവിധാനങ്ങളിലെ അധികാര സ്ഥാനങ്ങളും സവർണരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. മാധ്യമങ്ങളും രാഷ്ട്രീയാധികാരവുമടക്കം എല്ലാ ദേശരാഷ്ട്ര സംവിധാനങ്ങളിലും എല്ലാ സ്ഥൂല ഘടനകളിലും സവർണരുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലായതുകൊണ്ടും അവിടങ്ങളിലെല്ലാം അവർക്ക് അനുകൂലമായ പൊതുബോധം രൂപപ്പെടുന്നു. വിപരീതമായി, സമ്പത്തും വിഭവങ്ങളിൽന്മേലുള്ള അധികാരവും കുറഞ്ഞുപോകുന്ന, ഈ സംവിധാനങ്ങൾകക്കകത്തു പ്രാതിനിധ്യം കുറഞ്ഞു പോകുന്ന ദലിത്- ആദിവാസി- മുസ്‌ലിം ജനതകൾക്കെതിരായ പൊതുബോധം അവിടങ്ങളിലെല്ലാം രൂപപ്പെടുകയും ചെയ്യുന്നു. ദില്ലി ആക്രമണത്തിൽ പോലീസ്‌ വകുപ്പ് അക്രമികളൊടോപ്പം വംശഹത്യയിൽ പങ്കെടുക്കുന്നത് അതുകൊണ്ടാണ്.

ദില്ലി ആക്രമണാനന്തര കാലഘട്ടത്തിൽ കോടതികളിൽ നീതിയെ സംരക്ഷിക്കാൻ തയ്യാറെടുക്കുന്ന നീതിന്യായ വിദഗ്ധർ സ്ഥലം മാറ്റപ്പെടുന്നത് അതുകൊണ്ടാണ്. ഒരു ജനതയെ കൊന്നു കൊലവിളിച്ചതിന്റെ വിസ്താരം ഹോളി ആഘോഷങ്ങൾക്കു ശേഷം നടത്താമെന്നു കോടതികൾ വിധിയെഴുതുന്നത് അതുകൊണ്ടാണ്. ജനപ്രതിനിധികൾ ഹോളി ആഘോഷങ്ങൾക്കു ശേഷം അതിനെക്കുറിച്ചു ചർച്ച ചെയ്യാമെന്നു തീരുമാനമെടുക്കുന്നതും അതുകൊണ്ടാണ്. മാധ്യമങ്ങൾ അതൊരു വംശഹത്യയാണെന്നു പറയാതെ, ഹിന്ദു മുസ്‌ലിം കലാപമാണെന്നു വരുത്തിത്തീർക്കുന്നതും അതുകൊണ്ടാണ്. കാരണം ഈ ദേശത്തിന്റെ പൊതുബോധം ഹിന്ദുത്വ പൊതുബോധമാണ്. അതിന്റെ മൂല്യവ്യവസ്ഥയും സാമൂഹിക മൂലധന വ്യവസ്ഥയും ഹിന്ദുത്വത്തിൽ അധിഷ്ടിതമാണ്.

ഈ ഹിന്ദുത്വ സാമൂഹിക ഘടനയുടെ സവിശേഷതയാണ് അതിന്റെ സാമൂഹിക-സാംസ്‌കാരിക മൂലധന വ്യവസ്ഥ. സമൂഹത്തിലെ വ്യത്യസ്ത സ്വത്വ വിഭാഗങ്ങൾക്ക് സമൂഹത്തിൽ ലഭ്യമായ മൂല്യവും അതിനെ അനുസരിച്ചുനിൽക്കുന്ന സാമൂഹിക അധികാരവും ഈ ഹിന്ദുത്വ ഘടനക്കനുസരിച്ചാണു രൂപപ്പെട്ടത്. ബ്രാഹ്മണ്യം അല്ലെങ്കിൽ സവർണത എന്ന സ്വത്വത്തിനു മൂല്യമേറുകയും ദലിത്-ആദിവാസി-മുസ്‌ലിം സ്വത്വ പദവിക്ക് അധമ സ്വത്വം അടിച്ചേല്പിക്കപ്പെടുകയും ചെയുന്നതാണ് ഇവിടത്തെ സാമൂഹിക ഘടന. ലോകവ്യാപകമായ മുസ്‌ലിം പേടിയും ഹിന്ദുത്വ സാമൂഹിക ഘടനയുടെ അടിച്ചമർത്തലും കൂടിയാകുമ്പോൾ മുസ്‌ലിം സ്വത്വം കൂടുതൽ അടിച്ചമർത്തൽ നേരിടുന്നു. 1969ലെ ഗുജറാത്ത് കൂട്ടക്കൊല,1970ലെ ഭിവന്ദി കൂട്ടക്കൊല, 1980ലെ മൊറാദാബാദ് കൂട്ടക്കൊല, 1983ലെ നെല്ലി കൂട്ടക്കൊല, 1987ലെ ഹാഷിംപുര കൂട്ടക്കൊല, 1985ലെ ഗുജറാത്ത് കൂട്ടക്കൊല, 1989ലെ ഭഗൽപൂർ ആക്രമണം, 1992ലെ ബോംബെ കൂട്ടക്കൊല, 1993ലെ പങ്കൽ കൂട്ടക്കൊല, 2002ലെ ഗുജറാത്ത് കൂട്ടക്കൊല, 2006ലെ മലേഗാവ് ബോംബ് സ്ഫോടനം, 2014ലെ അസം കലാപം എന്നിങ്ങനെയുള്ള മുസ്‌ലിം വംശഹത്യയുടെ നീണ്ട ലിസ്റ്റ് ഈ ഹിന്ദു രാഷ്ട്രത്തിൽ സംഭവിച്ചവയാണ്. സംഘപരിവാർ നേതൃത്വത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അതിവേഗം ഈ സാമൂഹിക ഘടന ഒരു ഹിന്ദുത്വ ദേശരാഷ്ട്രമായി പരിണമിച്ചു. മാധ്യമങ്ങളും കുത്തകകളും ഉദ്യോഗസ്ഥ സംവിധാനങ്ങളും നീതിന്യായ സംവിധാനങ്ങളുമടക്കം ഹിന്ദുത്വത്തെ ശക്തിപ്പെടുത്തി. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഒരു ദേശരാഷ്ട്രമായി പരിണമിക്കാതിരുന്ന കാലത്താണ് മുൻപു സൂചിപ്പിച്ച മുസ്‌ലിം വംശഹത്യകളും എണ്ണമില്ലാത്ത ദലിത്- ആദിവാസി ഉന്മൂലനങ്ങളും നടന്നതെന്നു് ഓർക്കേണ്ടതുണ്ട്. ഒരു പക്ഷേ ഇന്നിപ്പോൾ സംഭവിച്ചതുപോലെ ഇതൊരു ഹിന്ദുത്വ ദേശരാഷ്ട്രമായിരുന്നില്ലെങ്കിൽപ്പോലും ഇവിടെ ഈ ആക്രമണങ്ങൾക്ക് അനുകൂലമായ സാമൂഹിക ഘടനയാണു നിലനിൽക്കുന്നത് എന്നതാണു വസ്തുത.

ഹിന്ദുത്വ ദേശരാഷ്ട്രത്തിന്റെ ഹിംസ

ഹിന്ദുത്വ ദേശരാഷ്ട്രമായി പരിണമിച്ചതിനുശേഷം ഈ ഹിന്ദുത്വ സാമൂഹിക ഘടന, എത്ര മുസ്‌ലിംകളെയും ദലിതരെയും കൊലപ്പെടുത്തി? എത്ര സ്വതന്ത്ര ചിന്തകരെ ഈ കൊലപ്പെടുത്തി? ഈ ഹിന്ദു ദേശരാഷ്ട്രത്തെ ചോദ്യം ചെയ്തതുകൊണ്ടു മാത്രമാണ് സവർണരായ ബുദ്ധിജീവികൾ വരെ കൊല്ലപ്പെട്ടത്. ഹിന്ദു ദേശരാഷ്ട്രത്തിന്റെ പരിണാമത്തിന്റെ അവസാനഘട്ടമായി സവർണ ബുദ്ധിജീവികളുടെ കൊലപാതകങ്ങളെ അടയാളപ്പെടുത്താവുന്നതാണ്. അപ്പോഴും ഒരു മുസ്‌ലിമോ ദലിതനോ കൊലപ്പെടുന്നതുപോലെ അപമാനിക്കപ്പെട്ട് ഒരു സവർണ ഹിന്ദുവും ഈ രാജ്യത്തു കൊലചെയ്യപ്പെടുകയില്ലെന്നു ബോധ്യപ്പെടേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്ത് ഇസ്ലാമിക വിശ്വാസത്തെ ചവിട്ടിമെതിച്ചതു് ഈ ഹിന്ദുരാഷ്ട്രത്തിലാണ്. അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുവാൻ പോലും കഴിയാത്തവിധം ഈ ഹിന്ദുത്വ ഘടന മുസ്‌ലിംകളെ ബഹിഷ്കരിക്കുകയാണു ചെയ്തത്. ഹിന്ദുത്വ സാമൂഹിക ഘടനയിലെ സാമൂഹിക അധികാരത്തിലുള്ള ഈ വ്യത്യാസങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. മുസ്‌ലിം ആയതിന്റെ പേരിൽ, ആ വിശ്വാസ സംഹിതയിൽ നിലനില്ക്കുന്നതിന്റെ പേരിൽ മാത്രം പൗരന്മാർ കൊല്ലപ്പെട്ടു വീഴുന്ന രാജ്യമാണിത്.

സർക്കാർ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും വളരെ സ്വാഭാവികമായി ഹിന്ദുത്വ ചടങ്ങുകളുടെ പ്രകടനപരതയുണ്ട്. ഏതെങ്കിലും സർക്കാർ പരിപാടിക്ക് നിലവിളക്കു കൊളുത്തി പ്രാർഥിക്കുന്നതിനു പകരം മറ്റെന്തെങ്കിലും സങ്കല്പിക്കുവാൻ പോലും കഴിയാത്ത വിധം ഹിന്ദുത്വം സ്വാഭാവികവത്കരിക്കപ്പെട്ട സാമൂഹിക ഘടനയാണ് ഇവിടെ നിലനിൽക്കുന്നത്. വിപണിയിൽ ഉൽപന്നങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതിന് ബ്രാഹ്മിൺസ് അച്ചാറെന്നും പപ്പടമെന്നും സവർണ മൂല്യ വർധിത മാർക്കറ്റിങ് തന്ത്രങ്ങളുണ്ട്. അതിനെ കാലങ്ങളായി ബലപ്പെടുത്തിക്കൊണ്ടിരിക്കുന്ന സിനിമ -വിനോദ വ്യവസായങ്ങളും ഉണ്ടിവിടെ. ഇതെല്ലം തന്നെ മുൻപു സൂചിപ്പിച്ച ഹിന്ദുത്വ സാമൂഹിക ഘടനയുടെ സവിശേഷതകളാണ്.

ഇത്രമാത്രം ശക്തമായ ഹിന്ദുത്വ സാമൂഹിക ഘടനയിൽ ഒരു ഇസ്‌ലാമിക രാഷ്ട്രം എന്നതിന്റെ സാധ്യത പരിശോധിക്കുന്നതു തന്നെ ലജ്ജാകരമാണെന്നു പറയേണ്ടി വരും. വിഭവങ്ങളും രാഷ്ട്രീയാധികാരവും സാമൂഹിക- സാംസ്‌കാരിക മൂലധനവും അതിനോടു ചേർന്ന സാമൂഹികാധികാരവും ഹിന്ദുത്വ സാമൂഹിക ഘടനയിൽ അധിഷ്ഠിതമാകുകയും മുസ്‌ലിം എന്ന സ്വത്വം അപരവത്കരിക്കപ്പെടുകയും മുസ്‌ലിം ആയിരിക്കുന്നതുതന്നെ കൊല്ലപ്പെടുവാനുള്ള കാരണമായിരിക്കുകയും ചെയുന്ന സാഹചര്യത്തിലാണു നമ്മൾ ഇതു പരിശോധിക്കുന്നത്. മുസ്‌ലിംകളെയും അതിന്റെ ദൈവശാസ്ത്ര സങ്കൽപങ്ങളെയും അധമ സത്വത്തിലും ശത്രുതയിലും വീക്ഷിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ അവരെ ഈ രാഷ്ട്രം നിരന്തരം പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. അതിന്റെ മറ്റൊരു പ്രകടനം കൂടിയാണ് ഈ പൗരത്വ ഭേദഗതി നിയമം. ഒരുപക്ഷേ സംഘപരിവാർ ഭരണത്തിലല്ലെങ്കിൽക്കൂടിയും ഹിന്ദുത്വ സാമൂഹിക ഘടന സ്വാഭാവികമായി അതു ചെയ്യുമെന്നതാണു സാമൂഹിക ശാസ്ത്രപരമായ സത്യം. സംഘപരിവാർ ഭരണം ഒരിക്കലുമില്ലാതിരുന്ന കേരളത്തിൽ പോലും ഭരണകൂടം വേട്ടയാടിയ മുസ്‌ലിം സ്വത്വ മുന്നേറ്റങ്ങളിലുള്ളവരുടെ വലിയ ലിസ്റ്റ് മാത്രം മതി അതിനു തെളിവ്. അല്ലെങ്കിൽ, കേരളത്തിന്റെ മുഖ്യധാരാ വികസനത്തിൽനിന്നു പുറത്തായ ദലിതരും ആദിവാസികളും മാത്രം മതി. കേരളത്തിന്റെ സാഹചര്യത്തിൽ ഈ സവർണ ഹിന്ദുത്വഘടന പ്രവർത്തിക്കുന്നത് ഈ രീതിയിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ വരെ, കേരളത്തിൽ മുസ്‌ലിംകൾ മാത്രം ജയിലിലടക്കപ്പെട്ടത് അതുകൊണ്ടാണ്.

മുസ്‌ലിം സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ലക്ഷ്യം

അവിടെയാണു മുസ്‌ലിം സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ലക്ഷ്യം, ഇൻഡ്യൻ സാമൂഹിക ഘടനയെ ഇസ്‌ലാമികമായി പുതുക്കിപ്പണിയുക എന്നതാണെന്ന് ഊഹിക്കുന്നത്. അതിനവർക്കു പ്രഖ്യാപിതമായ ലക്ഷ്യമുണ്ടായാൽ  പോലും അതു സിപിഎമ്മിന്റെ ജനകീയ ജനാധിപത്യവിപ്ലവം പോലെയുള്ള തമാശയാണെന്നേ പറയാനാകൂ. പ്രാഥമികമായി ഒരു മതരാഷ്ട്രമുണ്ടാകുന്നത് സാമൂഹിക ഘടന അതിനു് അനുകൂലമായിരിക്കുമ്പോഴാണ്. വിഭവങ്ങൾ , രാഷ്ട്രീയാധികാരം, സാമൂഹികാധികാരം, സാമൂഹിക- സാംസ്‌കാരിക മൂല്യം എന്നിവ ഒരു സാമൂഹിക വിഭാഗത്തിലേക്കു കേന്ദ്രീകരിക്കുമ്പോഴാണ് ആ വിഭാഗത്തിനു സമൂഹത്തിൽ പൂർണമായ ആധിപത്യം നേടാനാകുന്നത്. ഇൻഡ്യൻ സാഹചര്യത്തിൽ ഇപ്പറഞ്ഞതെല്ലാം ഹിന്ദു സവർണ വിഭാഗങ്ങളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അതിനു നേരെ എതിർവശത്ത് മുസ്‌ലിം സാമൂഹിക വിഭാഗത്തിന് അവയെല്ലാം നഷ്ടപ്പെടുകയും ചെയുന്നുണ്ട്. കശ്മീരിലും ഇപ്പോൾ രാജ്യത്താകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

മുൻപു സൂചിപ്പിച്ച അനേകം യാഥാർഥ്യങ്ങളെല്ലാം ഇവിടുത്തെ ഹിന്ദുത്വ രാഷ്ട്ര ഘടന എന്ന സാമൂഹിക സാഹചര്യം ഉണ്ടാകുന്നതിനു കാരണങ്ങളായിട്ടുണ്ട്. പന്തിന്റെയും ഭൂഗുരുത്വാകർഷണ ബലത്തിന്റെയും സവിശേഷതകളുടെ സങ്കലനത്തെക്കുറിച്ചു വ്യക്തമാക്കിയതുപോലെ, ഈ സാമൂഹിക ഘടനയുടെ സവിശേഷതകളുടെ സങ്കലനം, ഇസ്‌ലാമിക രാഷ്ട്രം എന്ന തെറ്റായ, മതേതര ഭയത്തിന്റെ സാധ്യതയെ തള്ളിക്കളയുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ അനേകമനേകം യാഥാർഥ്യങ്ങളിൽ ഏറ്റവും നീതിരഹിതമായതിനെക്കുറിച്ചു നാം സംസാരിക്കേണ്ടിയിരിക്കുന്നു.ഹിന്ദുത്വ ദേശരാഷ്ട്രം ഇവിടുത്തെ വിഭവങ്ങളുടെ പങ്കിൽ നിന്നും ദേശരാഷ്ട്ര സംവിധാനങ്ങളിലെ പ്രാതിനിധ്യത്തിൽ നിന്നും ദലിത്- ആദിവാസി -മുസ്‌ലിം- പിന്നോക്ക സാമൂഹിക വിഭാഗങ്ങളെ തകർത്ത് സവർണ വിഭാഗങ്ങൾക്കു മുഖ്യ പങ്കു നൽകുന്നു. ഈ വിഭവാധികാരവും ദേശരാഷ്ട്ര സംവിധാനങ്ങളിലെ പ്രാതിനിധ്യവും സാമൂഹികമായി മത്സരിച്ചു നേടാൻ കഴിയാത്ത രീതിയിൽ ഇതേ ഭരണകൂട സംവിധാനവും ഹിന്ദുത്വ പൊതുബോധവും ഈ വിഭാഗങ്ങളെ ശാരീരികമായും സാമൂഹികമായും ആക്രമിച്ചു തകർക്കുന്നു എന്നതാണ് ഇവിടുത്തെ നീതിനിഷേധം. കുറച്ചുകൂടി വ്യക്തമാക്കിയാൽ, വിഭവങ്ങൾ, രാഷ്ട്രീയാധികാരം, സാമൂഹികാധികാരം, സാമൂഹിക- സാംസ്കാരിക മൂല്യം എന്നിവ ഇൻഡ്യൻ ദേശരാഷ്ട്രത്തിൽ ഒരിക്കലും മുസ്‌ലിം ജനവിഭാഗങ്ങളിലേക്കോ ദലിതരിലേക്കോ മാത്രമായി കേന്ദ്രീകരിക്കില്ല. മറിച്ചു് അത്തരം അടിച്ചമർത്തപ്പെട്ട സ്വത്വ മുന്നേറ്റങ്ങളിലുള്ളവരുടെ രാഷ്ട്രീയമായ ദൃശ്യത ഇല്ലാതാകുന്നതോടുകൂടി ഹിന്ദുത്വം കൂടുതൽ ഭീമാകാരമായ സ്ഥൂല- സാമൂഹിക ഘടനയായി മാറും. ഹിന്ദുത്വത്തിനു് ഒരു ദേശരാഷ്ട്ര സ്വഭാവം പോലുമില്ലാത്ത കേരളത്തിൽ മാത്രം സവർണ ഹിന്ദുത്വ നയങ്ങൾ നടപ്പാക്കാൻ അതിനു ശേഷിയുണ്ടെന്നതു നാം ഓർത്തിരിക്കേണ്ടതുണ്ട്. സവർണ സംവരണം നടപ്പാക്കാനും ഭൂരഹിതർക്കുള്ള ഭൂവിതരണം ഒരിക്കലും നടപ്പാക്കില്ല എന്ന തീരുമാനം എടുപ്പിക്കാനും ഈ സാമൂഹിക ഘടനക്കു കഴിഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനകത്തു സ്വാഭാവികമായി മുസ്‌ലിം വേട്ട നടപ്പാക്കിയെടുക്കാനും അതിനു കഴിഞ്ഞിട്ടുണ്ട്

ഈ സവിശേഷതകളുടെ അടിസ്ഥാനത്തിൽ, ഭാവിയിൽ ഇൻഡ്യ ഒരു ജനാധിപത്യ രാഷ്ട്രമാകാൻ സാധ്യതയുണ്ടോ എന്നു പ്രവചിക്കാൻ കഴിയില്ലെങ്കിലും ഒരിക്കൽപ്പോലും ഇതൊരു ഇസ്‌ലാമിക രാഷ്ട്രമായി മാറില്ലെന്നു ശാസ്ത്രീയമായി തെളിയിക്കാനാകും. ഭാവിയിൽ ഹിന്ദുത്വ സാമൂഹിക ഘടനയോടു ചേർന്നു നിൽക്കുന്ന മുഴുവൻ പിന്നോക്ക- ബഹുജൻ വിഭാഗങ്ങളെ പിൻവലിപ്പിക്കാനും മുസ്‌ലിംകളടക്കമുള്ള വിവിധങ്ങളായ സാമൂഹിക വിഭാഗങ്ങൾക്കു ജനാധിപത്യപരമായി വിഭവങ്ങളും രാഷ്ട്രീയാധികാരവും വിതരണം ചെയ്യാൻ സാധിച്ചാലും മാത്രമേ ഈ സാമൂഹിക ഘടനയെ അൽപമെങ്കിലും ജനാധിപത്യവത്കരിക്കാൻ നമുക്കു കഴിയൂ. എന്നാൽ മാത്രമേ ഈ ഹിന്ദുത്വ ഘടനക്ക് അനുകൂലമായ സാമൂഹിക- സാംസ്കാരിക മൂല്യവും സാമൂഹികാധികാരവും സ്വാഭാവികമായി തകരുകയുള്ളു. അതുകൊണ്ട് ഇസ്‌ലാമിക സ്വത്വ മുന്നേറ്റങ്ങളിലുള്ളവരുടെ ദൃശ്യത തകർത്തുകൊണ്ടല്ല, അവരുടെ കൂടി രാഷ്ട്രീയ അധ്വാനത്തെ ജനാധിപത്യപരമായി പ്രചരിപ്പിക്കുമ്പോഴേ നമ്മൾ മതേതരത്വത്തോടൊപ്പമാണെന്നു് അവകാശപ്പെടാനാകൂ. അല്ലാത്തതെല്ലാം കേവലം ഈ ഹിന്ദുത്വ സാമൂഹിക ഘടനയെ താലോലിക്കുന്നവയാണ്.

ലേഖകൻ തൃശ്ശൂർ സ്വദേശിയാണ്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ സോഷ്യോളജി നേടി. സി.ഡിറ്റിൽ റിസർച്ച് അസിസ്റ്റൻ്റ് ആയി പ്രവർത്തിച്ചു. ഓൺലൈൻ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.

Top