പ്രശാന്ത് ഭൂഷണു കിട്ടിയ പിന്തുണ ജസ്റ്റിസ് കർണനു കിട്ടാതിരുന്നതെന്തുകൊണ്ട്?

ഉന്നത ജുഡീഷ്യറിയിലെ ജാതി മേധാവിത്വത്തെയും ആധിപത്യ ഘടനയേയും തുറന്നുകാണിക്കുകയായിരുന്നു ജസ്റ്റിസ് കർണൻ. അതാവട്ടെ, അധികാര വരേണ്യരുടെ കണ്ണിൽ മഹാപാപവും. അദ്ദേഹത്തിന്റെ ആരോപണങ്ങളെ വെച്ചുനോക്കുമ്പോൾ മൗലികമായ യാതൊരു വിഷയവും പ്രശാന്ത് ഭൂഷൺ ഉയർത്തിയിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യമുന്നയിക്കുക മാത്രമാണ് ഭൂഷൺ ചെയ്തത്. എന്നാൽ ജസ്റ്റിസ് കർണനു പിന്തുണ കിട്ടാതെ പോയതിന്റെ കാരണമെന്താണ്? ദിലീപ് സി. മണ്ടൽ എഴുതുന്നു.

പ്രശാന്ത് ഭൂഷണെതിരെയുള്ള സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ ഉത്തരവ് ഇൻഡ്യയുടെ ആത്മാവിനെ ഇളക്കിമറിച്ചിരിക്കുകയാണ്. ലിബറലുകളുടെ പ്രതിഷേധസ്വരങ്ങൾ പുറത്തേക്കൊഴുകിയിരിക്കുന്നു. ഒരുപാട് ജഡ്ജുകൾ പോലും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ,  അഴിമതിക്കാരായ ജഡ്ജികളെ വെല്ലുവിളിച്ച ജസ്റ്റിസ് സി.എസ്. കർണനെ ആറു മാസത്തേക്ക് ജയിലിലടച്ചപ്പോൾ ഇവരിൽ പലരും കയ്യുംകെട്ടി നോക്കിനിന്നിട്ട് അധിക കാലമായിട്ടില്ല. വാസ്തവത്തിൽ ഭൂഷൺ അടക്കമുള്ള ചിലർ അഴിമതിക്കെതിരെ വെട്ടിത്തുറന്ന് പ്രതികരിച്ച ഒരു ദലിത് ജഡ്ജിയെ ജയിലിലടക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഇൻഡ്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് അങ്ങനെയൊരു സംഭവമുണ്ടായത്.

ഇപ്പോഴുള്ള ഈ പ്രതിഷേധങ്ങള്‍ തീര്‍ച്ചയായും പക്ഷഭേദമുള്ളതും അതിന് കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതുമാണ്. ജാതിഭേദമാണ് ഇതിന് പിന്നിൽ എന്നല്ല ഞാൻ പറയുന്നത്. അത്തരമൊരു നിരീക്ഷണം ലളിതവൽക്കരണവും ചുരുക്കിക്കാണലുമാകും. എന്നാൽ ദില്ലിയിലെ അധികാര വരേണ്യതയുടെ ഉൽപന്നമാണ്  പ്രശാന്ത് ഭൂഷൺ. ജസ്റ്റിസ് കർണനാകട്ടെ, ഈ സുരക്ഷിത വൃത്തത്തിന് പുറത്തുള്ളയാളും. ‘നീതിവാഴ്ചയെയും അതിന്റെ വിമതരെയും’ ഇൻഡ്യക്കാർ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ കുറിച്ച് കഴിഞ്ഞയാഴ്ചത്തെ സുപ്രീംകോടതി വിധിയേക്കാൾ കൂടുതൽ മേൽപറഞ്ഞ താരതമ്യത്തിന് പറയാനുണ്ട്.

പ്രശാന്ത് ഭൂഷൺ

കഥയിലെ ജസ്റ്റിസ് കർണന്റെ ഭാഗം ആർക്കുമറിയില്ല

പാർലമെന്റിനും ഇൻഡ്യൻ പ്രസിഡന്റ് പ്രണബ് മുഖർജീക്കും അടക്കം ജസ്റ്റിസ് കർണൻ നൽകിയ മാപ്പപേക്ഷകളും പുനരന്വേഷണത്തിനുള്ള ആവശ്യങ്ങളും തുടർച്ചയായി അവഗണിക്കപ്പെട്ടു. ശിക്ഷാ കാലാവധി മൊത്തം അദ്ദേഹത്തിന് ജയിലിൽ അനുഭവിച്ചു തീർക്കേണ്ടി വന്നു.

ആറു മാസം ജയിൽവാസം ഒപ്പം/അല്ലെങ്കിൽ 2000 രൂപ പിഴ എന്ന പരമാവധി ശിക്ഷ ലഭിക്കാവുന്ന കോടതിയലക്ഷ്യ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ടതാണ് ഇരു കേസുകളും (ജസ്റ്റിസ് കർണന്റെയും പ്രശാന്ത് ഭൂഷന്റെയും). ജസ്റ്റിസ് കർണന്റെ കാര്യത്തിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ പോലും തയ്യാറാവാതെ പരമാവധി ശിക്ഷയ്ക്ക് വിധിക്കുകയാണുണ്ടായത്.

കേസിനെ കുറിച്ച ചെറിയൊരു വിവരണത്തിൽ ബിബിസി വേൾഡ് എഴുതിയതിങ്ങനെ: “2017 ജനുവരിയിൽ അഴിമതിക്കാരെന്ന് ആരോപിച്ച് 20 ജഡ്ജികളുടെ പേരുൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജസ്റ്റിസ് കർണൻ കത്തയച്ചതോടെയാണ് ഭിന്നത ഉടലെടുക്കുന്നത്..”. ജസ്റ്റിസ് കർണന്റെ പ്രസ്താവനകൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ സുപ്രീംകോടതി വിലക്കിയതായി റിപ്പോർട്ട് പറയുന്നു. ആയതിനാൽ സംഭവം പൂർണമായോ അതിലെ അദ്ദേഹത്തിന്റെ ഭാഗമോ നമുക്കറിയില്ല.

കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളുടെ വായ്മൂടുന്ന ഈ വിലക്കിനെ പല മാധ്യമപ്രവർത്തകരും ചോദ്യം ചെയ്തിരുന്നു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ പോളിസി ഉപദേഷ്ടാവായ അശോക് മലിക് അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെ: “ഒരു പത്രം ജസ്റ്റിസ് കർണന്റെ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്താൽ എന്താവും? സുപ്രീംകോടതി അതിന്റെ എഡിറ്ററേയും റിപ്പോർട്ടറെയും ജയിലിലടക്കുമോ? ഏത് നിയമത്തിന്റെ കീഴിലാണ് അതുണ്ടാവുക?”

കോടതിയലക്ഷ്യ നിയമത്തോടുള്ള ഇൻഡ്യൻ അഭിനിവേശം

ആദ്യമായി 1926ൽ നടപ്പിലാക്കപ്പെട്ട പ്രയോഗസാധുത നഷ്ടപ്പെട്ട (archaic) ഒരു നിയമനിർമാണമാണ് കോടതിയലക്ഷ്യ നിയമം. അതിന്റെ വേരുകൾ കിടക്കുന്നത് ബ്രിട്ടീഷ് നിയമങ്ങളിലാണ്. ഈ നിയമനിർമാണം പിന്നീട് ഭേദഗതി ചെയ്യുകയും നിലവിലുള്ള നിയമമായി 1971ൽ നടപ്പാക്കുകയും ചെയ്തു. യുകെ പണ്ടേ ഈ നിയമം ഉപേക്ഷിച്ചെങ്കിലും ഇൻഡ്യ ഇപ്പോഴും ഇതിനെ വിട്ടുപിടിക്കാൻ തയ്യാറല്ല. 1971ലെ കോടതിയലക്ഷ്യ നിയമത്തെ കുറിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷൻ വാദിക്കുന്നത് ഇൻഡ്യയിൽ ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ ഒരുപാടുണ്ടെന്നും എന്നാൽ യുകെയിൽ ഏറ്റവും അവസാനമായി ഒന്നുണ്ടായത് 1931ൽ മാത്രമാണ് എന്നുമാണ്. അതിനാൽ തന്നെ കേസുകളുടെ ഈ വർധിച്ച തോത് നിയമത്തിന് ഇപ്പോഴുമുള്ള പ്രസക്തിയെ സൂചിപ്പിക്കുന്നു എന്നും കമ്മീഷൻ കണ്ടെത്തുന്നുണ്ട്.

വൈരുധ്യമെന്തെന്നാൽ, 2017ൽ ജസ്റ്റിസ് കർണനെതിരായ സുപ്രീംകോടതി വിധിയെ പ്രശാന്ത് ഭൂഷൺ പ്രകീർത്തിക്കുകയും “പ്രകടമായ ഈ കോടതിയലക്ഷ്യത്തിന്റെ പേരിൽ സുപ്രീംകോടതി ഒടുക്കം കർണനെ ജയിലിലടച്ചതിൽ താൻ സന്തോഷവാനാണ്” എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൽക്കത്ത ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയായ ഒരാളെ ഭൂഷൺ തന്റെ ട്വീറ്റിൽ ‘ജസ്റ്റിസ്’ എന്ന് അഭിസംബോധന ചെയ്യാത്തതും കാണാതിരിക്കാനാവില്ല. 

മാധ്യമങ്ങളുടെ മൗനം

ആ സമയത്തെ എഡിറ്റോറിയലുകളും ലേഖനങ്ങളും എടുത്തുനോക്കിയാൽ എല്ലാ എഡിറ്റർമാരും എഴുത്തുകാരും പ്രസ്തുത വിധിയെ ഒരേപോലെ അനുകൂലിച്ചിരുന്നു എന്ന് കാണാൻ കഴിയും. ചാനലുകളിലെ പ്രൈം  ടൈം സംവാദങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു.

അദ്ദേഹത്തിന്റെ കേസിനെ മാധ്യമങ്ങൾ സമീപിക്കുന്നതിൽ മനംനൊന്ത് ജസ്റ്റിസ് കർണൻ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു: “എന്റെ സംസാരങ്ങളിൽ പലപ്പോഴും ഞാനൊരു ജാതി വിവേചനത്തിന്റെ ഇരയാണെന്ന് പറഞ്ഞിട്ടുണ്ട്.. ഇത്തരത്തിൽ ഗൗരവമാർന്ന വിഷയങ്ങൾ ഒരിക്കലും വേണ്ടപോലെ ദേശീയ പ്രസിദ്ധീകരണങ്ങളിൽ വരാത്തത് ദൗർഭാഗ്യകരവും ദേശീയ ദുരന്തവുമാണ്”. നല്ല രീതിയിൽ, പക്ഷപാതിത്വമില്ലാതെ മാധ്യമങ്ങൾ വിഷയത്തെ കൈകാര്യം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

പ്രതിഷേധവും മൗനവും

ജസ്റ്റിസ് കർണന്റെയും പ്രശാന്ത് ഭൂഷന്റെയും കേസുകൾ തമ്മിൽ തികഞ്ഞ വ്യത്യാസങ്ങളുണ്ട്. ഏതെങ്കിലും ജഡ്ജിക്കെതിരെ പരസ്യമായി അഴിമതിയാരോപണം നടത്തുകയല്ല ജസ്റ്റിസ് കർണൻ ചെയ്തത്. പകരം, മുദ്രവെച്ച ഒരു തപാലിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തന്റെ പരാതി അയക്കുകയാണ് അദ്ദേഹം ചെയ്തത്. ഭൂഷൺ ആരോപണമുന്നയിച്ചത് സാമൂഹിക മാധ്യമത്തിലായതിനാൽ അതിനൊരു പരസ്യ സ്വഭാവം കൈവരുന്നുണ്ട്.

അപ്പോൾ, പ്രശാന്ത് ഭൂഷന്റെ കേസിലുണ്ടായ പ്രതിഷേധത്തെയും ജസ്റ്റിസ് കർണൻ കുറ്റാരോപിതനായപ്പോൾ ഉണ്ടായ മൗനത്തെയും ഒരാൾ എങ്ങനെയാണ് മനസിലാക്കേണ്ടത്?

ചുരുക്കിക്കാണലും ലളിത വായനയുമാണ് ഇതിനെ മനസിലാക്കാനുള്ള ഒരു വഴി. ജസ്റ്റിസ് കർണൻ ദലിതായതിനാൽ മാധ്യമങ്ങൾ മുൻവിധിയോടെ പ്രവർത്തിക്കുകയും അങ്ങനെ അദ്ദേഹത്തിന്റെ കേസ് പൂർണമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്ന വീക്ഷണമാണത്. അതുപോലെത്തന്നെ, പ്രശാന്ത് ഭൂഷൺ മേൽജാതിക്കാരനായതിനാലും അദ്ദേഹത്തിന്റെ പിതാവ് ശാന്തി ഭൂഷൺ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമ മന്ത്രിയായതിനാലും ഈ കേസ് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പറയാം.

ഞാൻ ഈ സാധ്യതകളെ അപ്പാടെ അനുകൂലിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. ഈയൊരു അവസരത്തിലേക്കെങ്കിലും ഞാനതിന് മുതിരുന്നില്ല. എന്നാൽ ബുദ്ധിജീവി വൃത്തങ്ങൾ ജസ്റ്റിസ് കർണനെ പിന്തുണക്കാതിരിക്കാൻ വലിയ രീതിയിൽ കാരണമായത് ഭരിക്കുന്ന വ്യവസ്ഥയുമായുള്ള അവരുടെ ബന്ധങ്ങളും ഇരുവരുടെയും ആരോപണങ്ങളിലെ വ്യത്യസ്തമായ സ്വഭാവവുമാണ്.

അധികാര വരേണ്യതയുടെ മേലുള്ള ‘ദലിത് നോട്ടം’

ഉന്നത ജുഡീഷ്യറിയെ വെറുതെ ചോദ്യംചെയ്യുകയായിരുന്നില്ല ജസ്റ്റിസ് കർണൻ. പക്ഷേ മൊത്തം അധികാര ഘടനയെത്തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കരിയാ മുണ്ട പാർലമെൻററി കമ്മിറ്റി പ്രസ്താവിച്ച പോലെ, മേൽജാതി ആധിപത്യമുള്ള നീതിന്യായ വ്യവസ്ഥയിലേക്കുള്ള ഒരു ദലിത് ജഡ്ജിയുടെ നോട്ടം അധികാര വരേണ്യതയ്ക്ക് അസഹ്യമായിരുന്നു. പാർലമെൻററി കമ്മിറ്റി അതിന്റെ റിപ്പോർട്ടിൽ പറഞ്ഞതിങ്ങനെ: “അനുയോജ്യരും അർഹരും യോഗ്യരുമായ എസ്.സി/എസ്.റ്റി ഉദ്യോഗാർഥികൾ ഉണ്ടായിരുന്നിട്ട് കൂടി 1-5-1998 വരെയുള്ള കണക്കുപ്രകാരം 481 ഹൈക്കോടതി ജഡ്ജികളിൽ യഥാക്രമം 15ഉം 5ഉം പേർ മാത്രമേ എസ്.സി, എസ്.റ്റികളിൽ നിന്നുള്ളൂ. സുപ്രീംകോടതിയുടെ ജഡ്ജ് പദവിയിലാകട്ടെ, ഈ വിഭാഗങ്ങളിൽ നിന്ന് ഒറ്റൊരാൾ പോലും ആയിട്ടില്ല എന്നു കണ്ടെത്തിയതിൽ കമ്മിറ്റി  ആശ്ചര്യം പ്രകടിപ്പിക്കുന്നു.”

ജസ്റ്റിസ് സി.എസ്. കർണൻ

ഇൻഡ്യൻ ജുഡീഷ്യറിയുടെ അവസ്ഥ ഇന്നും വലുതായിട്ടൊന്നും മാറിയിട്ടില്ല. ഉന്നത ജുഡീഷ്യറിയിലെ ജാതി മേധാവിത്വത്തെയും ആധിപത്യ ഘടനയേയും തുറന്നുകാണിക്കുകയായിരുന്നു ജസ്റ്റിസ് കർണൻ. അതാവട്ടെ, അധികാര വരേണ്യരുടെ കണ്ണിൽ മഹാപാപവും.

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച ജസ്റ്റിസ് കർണന്റെ ആരോപണങ്ങൾ ഈ അധികാര വരേണ്യർക്ക് കോട്ടംതട്ടുന്നതായിരുന്നു. ജസ്റ്റിസ് കർണന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെയോ ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റിയെയോ സ്ഥാപിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് ആർക്കുമറിയില്ല.

ജസ്റ്റിസ് കർണന്റെ ആരോപണങ്ങളെ വെച്ചുനോക്കുമ്പോൾ മൗലികമായ യാതൊരു വിഷയവും പ്രശാന്ത് ഭൂഷൺ ഉയർത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് ഒരു വ്യക്തിയെയാണ് ഉന്നമിട്ടത്. ഒരു സൂപ്പർബൈക്കിൽ ഇരിക്കുന്ന ഇൻഡ്യയുടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യമുന്നയിക്കുക മാത്രമാണ് ഭൂഷൺ ചെയ്തത്. അതാവട്ടെ ബോബ്ഡെയുടെ വ്യക്തിപരമായ ധാർമികതയുടെ കാര്യമാണ്. 

സുപ്രീംകോടതി വിധിക്ക് ശേഷവും ഭൂഷൺ തനിക്ക് അധികാരി വരേണ്യർക്കിടയിൽ കൂട്ടുകാരെ കണ്ടെത്തുന്നു. അവരിൽ ഒരാളായതുകൊണ്ട് മാത്രമല്ല, അദ്ദേഹം സ്വയം ഈ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നതിനാലാണ് ഇങ്ങനെയുണ്ടാകുന്നത്. ജസ്റ്റിസ് കർണൻ ഇവർക്കെല്ലാം പുറത്തുള്ള ഒരാളാണ്. ആയതിനാൽ വരേണ്യർക്കും അഭിപ്രായരൂപകർത്താക്കൾക്കും ഇടയിൽ നിന്ന് പിന്തുണ ലഭിക്കാത്തത് സ്വാഭാവികതയാണ്.  

കടപ്പാട്: ദി പ്രിന്റ്

വിവർത്തനം: ബാസിൽ ഇസ്‌ലാം

  • https://theprint.in/opinion/india-turned-a-blind-eye-to-justice-karnan-an-outsider-prashant-bhushan-is-different/484656/
Top