മാധ്യമ പ്രവർത്തനവും മനുഷ്യാവകാശവും കശ്മീരിൽ: റാകിബ് ഹമീദ് സംസാരിക്കുന്നു

2019 ഓഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക പദവിയും പരിമിത സ്വയംഭരണ അവകാശവും ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയിലെ 370ആം വകുപ്പ് ഇൻഡ്യൻ ഗവണ്മെന്റ് നീക്കം ചെയ്തു. ഇതിന് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ കശ്മീരിലെ രാഷ്ട്രീയാവസ്ഥയെയും മാധ്യമ പ്രവർത്തനത്തെയും കുറിച്ച് മൾട്ടിമീഡിയ ജേർണലിസ്റ്റായ റാഖിബ് ഹമീദുമായി നജ്ദ റൈഹാൻ നടത്തിയ സംഭാഷണം.

370ആം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം ഇൻഡ്യൻ മുഖ്യഭൂമിയിൽ (mainland) നിന്ന് കൂടുതൽ മുമ്പുള്ളതിനേക്കാൾ ശക്തവും കൃത്യവുമായ ശബ്ദങ്ങള്‍ കശ്മീരിന് വേണ്ടി ഉയരുന്നുണ്ട് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?

കോൺഗ്രസ്‌ പാർട്ടി പോലും അതിനെ ആഘോഷിക്കുകയാണുണ്ടായത്. ചില നേതാക്കൾ അത് പരസ്യമായി പ്രസ്താവിക്കുകയുമുണ്ടായി. ഇൻഡ്യൻ ജനസമൂഹത്തിൽ വളരെ ചുരുക്കം പേരൊഴിച്ച് വലിയ വിഭാഗവും ഓഗസ്റ്റ് അഞ്ചിന് കശ്മീരിൽ സംഭവിച്ചതിനെ ആഘോഷപൂർവമാണ് സ്വീകരിച്ചത്. വളരെക്കാലമായി കശ്മീർ ദുരിതത്തിലാണ്. എന്നാൽ ഇൻഡ്യൻ സമൂഹത്തിൽ നിന്നുള്ള പിന്തുണയുടെ അഭാവം ഇക്കാലങ്ങളിലൊക്കെയും അനുഭവപ്പെട്ടിട്ടുണ്ട്. കശ്മീരിന് വേണ്ടി ഉയർന്നുകേട്ട ശബ്ദങ്ങളിൽ അധികവും ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നിന്നാണെന്ന് കശ്മീരികൾക്ക് ബോധ്യമുണ്ട്. ഇൻഡ്യയുടെ മറ്റുഭാഗങ്ങളിൽ നിന്ന് കാര്യമായ പിന്തുണ കാശ്മീരിന് ലഭിച്ചിട്ടില്ല. അവിടെ നിലനിക്കുന്ന അവസ്ഥകളെ കുറിച്ച് മറന്നുകൊണ്ടല്ല ഞാൻ പറയുന്നത്. കശ്മീരിന് വേണ്ടി ശബ്‌ദിച്ചാൽ അടുത്ത നിമിഷം ഇടുങ്ങിയ സെല്ലുകളിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്.

ഭരണഘടനയെ ഒരു മർദ്ദനോപാധിയായി കശ്‌മീരിൽ പ്രയോഗിച്ചുകൊണ്ടിരിക്കുമ്പോൾ, കശ്മീരിന്റെ തെരഞ്ഞെടുപ്പ് – തെരഞ്ഞെടുപ്പിതര (electoral – non electoral) രാഷ്ട്രീയ ഭാവിയെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്. മെഹ്ബൂബ മുഫ്തിയുടെയും ഒമർ അബ്‌ദുള്ളയുടെയുമൊക്കെ ഭാവിയെന്താവും?

2015ൽ ഞാനെഴുതിയ ഒരു ലേഖനത്തിൽ ‘ബ്ലഡ് പൊളിറ്റിക്സ്’ എന്ന പ്രയോഗം ഞാൻ നടത്തിയിരുന്നു. കാരണം, ഒമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടെയുള്ളവർ അണിചേർന്നു പ്രാദേശിക രാഷ്ട്രീയ കക്ഷികൾ കാശ്മീരികളുടെ രക്തംകൊണ്ടാണ് അവരുടെ രാഷ്ട്രീയ കളികൾ കളിച്ചുതീർത്തിരുന്നത്. ഈ രക്ത രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. പിഡിപി അധികാരത്തിൽ വന്നപ്പോൾ കശ്മീരിന്റെ പ്രശ്ങ്ങൾക്ക് അന്ത്യമാകുമെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. 

ഒമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും

370ആം വകുപ്പ് പിൻവലിച്ചതിന്  ശേഷം കശ്മീരിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മാറ്റം വന്നിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയ കക്ഷികൾ പുതിയ മുദ്രാവാക്യങ്ങളുമായി ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒമർ അബ്‌ദുള്ളയുടെ നാഷണൽ കോൺഗ്രസ്‌ കശ്മീരിന് സ്വതന്ത്ര രാഷ്ട്രീയാധികാരം എന്ന പ്രചരണവുമായി ജനങ്ങളെ സമീപിച്ചിട്ടുണ്ട്. പിഡിപിക്ക് അത്രയധികം പിന്തുണ കശ്മീരികൾ കൊടുക്കുന്നതായി ഞാൻ കാണുന്നില്ല. പാർട്ടിയുടെ ജനകീയാടിത്തറ നഷ്ടപ്പെടാതിരിക്കാൻ പിഡിപിയും 370ആം വകുപ്പ് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഈ രാഷ്ട്രീയ കക്ഷികളെയൊന്നും പ്രാദേശിക രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിക്കാൻ ഇൻഡ്യൻ ഗവണ്മെന്റ് അനുവദിക്കുന്നില്ല. 

കശ്മീരിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. കാരണം ദിനേന പുതിയ പ്രസ്താവനകൾ രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഒമർ അബ്‌ദുല്ലയുടെയും ഫാറൂഖ് അബ്‌ദുള്ളയുടെയും അഭിമുഖങ്ങൾ, മെഹ്ബൂബ മുഫ്തിയുടെ മകളുടെ പ്രസ്താവന എന്നിങ്ങനെ. ഇനി ഇൻഡ്യൻ ഗവണ്മെന്റിന് മുന്നിലുള്ള ഒരേയൊരു പരിഹാരം 370ആം വകുപ്പ് പുനഃസ്ഥാപിക്കുകയും, ജമ്മു കശ്മീർ, ലഡാക് എന്നീ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യ സംസ്ഥാന പദവി നൽകുകയുമാണ്. അല്ലെങ്കിൽ ജമ്മു കശ്മീരിനെ സംസ്ഥാനമായി അംഗീകരിക്കുകയും, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി നിലനിർത്തുകയുമാവാം. എന്തായാലും കശ്മീരിന്റെ രാഷ്ട്രീയ ഭാവി കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

മാധ്യമ പ്രവർത്തനങ്ങൾക്ക് കശ്മീരിൽ ഇപ്പോഴുള്ള ഇടം എന്താണ്?

മാധ്യമ പ്രവർത്തകർ വളരെ മുമ്പുതന്നെ കശ്മീരി ജനതയുടെ ദുരിതങ്ങളെ സത്യസന്ധമായി പകർത്തിക്കൊണ്ടിരിക്കുന്നുണ്ട്. കശ്മീരിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ അങ്ങേയറ്റം നൈതികവും സത്യസന്ധവുമായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക സ്ഥാപനമായി കശ്മീരിലെ ഇതപര്യന്തമുള്ള മാധ്യമ പ്രവർത്തനത്തെ വിലയിരുത്താനാവും. 

വാർത്തകളെ വസ്തുനിഷ്ഠമായി എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിൽ ആഗോള മാധ്യമ സ്ഥാപനങ്ങൾക്ക് തന്നെ മാതൃകയാണ് കാശ്മീരി മാധ്യമ പ്രവർത്തകർ. ഞാൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ആളായതുകൊണ്ടല്ല ഇത്‌ പറയുന്നത്. നിയന്ത്രണങ്ങളെയും ഭീഷണികളെയും അക്രമങ്ങളെയും വകവെക്കാതെ ദിവസവും അവർ കശ്മീരിലെ വാർത്തകൾ പുറത്തെത്തിക്കാൻ പാടുപെടുന്നത് നിരന്തരം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇൻഡ്യൻ ഗവണ്മെന്റ് പത്രസ്വതന്ത്രത്തെ അമർച്ച ചെയ്യാൻ ശ്രമിക്കുമ്പോഴും കശ്മീരി മാധ്യമ പ്രവർത്തകർ പുതിയ തന്ത്രങ്ങളാവിഷ്കരിച്ചുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കും. അതെന്തൊക്കെയെന്ന് വരും കാലങ്ങളിൽ കൂടുതൽ ദൃശ്യമാവും.

കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസ്‌ ക്ലബ്ബ് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?

അതെ, കശ്മീരിന്റെ പ്രസ്‌ ക്ലബ്ബ് ഘടന ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് സക്രിയവുമാണ്.

കശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന ഉപരോധിതാവസ്ഥ എത്ര കാലം നീണ്ടുനിൽക്കും എന്നാണ് നിങ്ങൾ കരുതുന്നത്?

സത്യസന്ധമായി പറഞ്ഞാൽ എനിക്കറിയില്ല. ഇപ്പോൾ സ്തംഭനാവസ്ഥയിലാണ് കശ്മീർ നിലനിൽക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ കേന്ദ്ര ഗവൺന്മെന്റ് തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ് കശ്മീരിന്റെ മുന്നോട്ട് പോക്കുള്ളത്. കോവിഡ് പ്രതിസന്ധിയും വഴിമുട്ടിയായി കശ്മീരിലുണ്ട്.

കശ്മീരിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പിന്തുണ എത്രത്തോളമാണ്. സമകാലിക ഇൻഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചരണങ്ങൾ അതിന് തടസ്സമാകുന്നുണ്ടോ?

അനേകം രാഷ്ട്രങ്ങൾ കശ്മീരിന് വേണ്ടി സംസാരിക്കുന്നത് തീർച്ചയായും ശുഭസൂചകമാണ്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇൻഡ്യ വലിയ സാധ്യതകളുള്ള വിപണി കൂടിയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇൻഡ്യയിലെ തങ്ങളുടെ വിപണി സാധ്യതകളെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നിരവധി രാഷ്ട്രങ്ങൾ കശ്മീരിന് പ്രത്യക്ഷ പിന്തുണ നൽകാൻ മടിക്കുകയാണ്. എന്നാൽ കശ്‌മീർ പ്രശ്നം എത്രയും പെട്ടെന്ന് പരിഹൃതമാക്കണമെന്ന് താൽപര്യപ്പെടുന്ന രാഷ്ട്രങ്ങളും കൂട്ടായ്മകളുമുണ്ട്. ഐക്യരാഷ്ട്ര സംഘടന ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുകയുണ്ടായി.

കശ്മീരിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പിന്തുണ എത്രത്തോളമുണ്ടെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കില്ലങ്കിലും ചെറിയ തോതിൽ ഇൻഡ്യൻ ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കാൻ അവയ്ക്ക് സാധിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ കശ്മീരിന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര കൂട്ടായ്മകൾ കശ്മീരിന് നൽകുന്ന പിന്തുണ ഇൻഡ്യൻ ഗവണ്മെന്റിനെ പ്രകോപിപ്പിച്ചിട്ടുണ്ടോ?

തീർച്ചയായും, അന്താരാഷ്ട്ര പിന്തുണകൾ ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഗവണ്മെന്റ് കാശ്മീരിൽ ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും. അന്താരാഷ്ട്ര സമൂഹം കശ്മീരിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോക്ഡൗൺ പിൻവലിച്ചാൽ കശ്മീരികൾ വീണ്ടും ശബ്ദമുയർത്തിത്തുടങ്ങും. അതുകൊണ്ട് കശ്മീരികളെ നിശ്ശബ്ദരാക്കാൻ കൂടിയാണ് ഗവണ്മെന്റ് ലോക്ഡൗണിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മറ്റനേകം നല്ല സംഗതികളും അന്താരാഷ്ട്ര ശ്രദ്ധ മൂലം സംഭവിച്ചിട്ടുണ്ട്.

റാകിബ് ഹമീദ് നായ്ക്

കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ അറസ്റ്റുകൾക്കും പീഡനങ്ങൾക്കുമെതിരെ ഏതെങ്കിലും പ്രവർത്തനങ്ങൾ കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നുണ്ടോ?

കശ്മീർ ഹൈക്കോർട്ട് ബാർ അസോസിയേഷൻ പ്രസിഡണ്ട്‌ മിയ ഖയ്യൂം പോലും തടവിലാക്കപ്പെട്ട അവസ്ഥയിലാണുള്ളത് എന്ന് പറയുമ്പോൾ ഏതു തരം പ്രവർത്തനമാണ് കശ്മീരിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്? അദ്ദേഹമിപ്പോൾ തിഹാർ ജയിലിലാണുള്ളത്. നിയമം നടപ്പാക്കുന്നവർ പോലും നിയമവിരുദ്ധമായി തടവിലാക്കപ്പെടുന്ന അവസ്ഥയിൽ എന്തു പ്രവർത്തനമാണ് കാശ്മീരികൾ നടത്തുക! ഈ ലോക്ഡൗണിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് ഇനിയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കശ്മീർ പ്രതിസന്ധിയുടെ ആഴമറിയണമെങ്കിൽ നിങ്ങളൊരു കശ്മീരിയാകണമായിരുന്നു. അതുകൊണ്ടാണ് ‘സഹാനുഭൂതി’ എന്ന പദം ഈ ചർച്ചയിലുടനീളം ഞാൻ പ്രയോഗിച്ചത്. കശ്മീരികളോട് നാം അനുഭാവപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങൾ കേൾക്കുന്നത് അർഥം നഷ്ട്ടപ്പെട്ട ഏതാനും വാക്കുകൾ മാത്രമാകും. അങ്ങനെയെങ്കിൽ കാശ്മീരികളുടെ കാര്യം കഷ്ടം തന്നെയെന്ന് പരിതപിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയാതാകും.

ഫ്രറ്റേർണിറ്റി മൂവ്മെന്റ്  കേരള കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരു വർഷം പൂർത്തിയായ 2020 ഓഗസ്റ്റ് 5ന് സംഘടിപ്പിച്ച ഓൺലൈൻ സംഭാഷണത്തിൽ നിന്ന് . 

മൊഴിമാറ്റം: അഫ്സൽ ഹുസൈൻ

Top