അബ്രഹാം അക്കോഡും യുഎഇയും  ഫലസ്തീൻ പ്രശ്നവും: പശ്ചിമേഷ്യയിലെ പുതിയ നീക്കുപോക്കുകൾ

അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും തമ്മിൽ ധാരണയായ അബ്രഹാം അക്കോഡ് കരാറിന്റെ പശ്ചാത്തലത്തിൽ, മിഡിലീസ്റ്റ് ഭൗമ രാഷ്ട്രീയത്തിൽ ഈ കരാർ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങൾ, കരാർ ഉടലെടുത്തതിനു പിന്നിലെ ഉൾപിരിവുകൾ, ഏറ്റവും പ്രധാനമായി ഫലസ്തീൻ പ്രശ്നത്തിന് സംഭവിക്കുന്ന പരിണാമം എന്നിവ ചില സുപ്രധാന ചോദ്യങ്ങളാണ്. ശബീബ് മമ്പാട് എഴുതുന്നു.

അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും തമ്മിൽ സമാധാന ഉടമ്പടിക്ക് (അബ്രഹാം അക്കോഡ്) ധാരണയായതാണ് മിഡിലീസ്റ്റിൽ നിന്നുള്ള പുതിയ വാർത്ത. ഈജിപ്തിനും (1979) ജോർദാനും (1994) ശേഷം ഇസ്രായേലുമായി പൂർണാർഥത്തിൽ നയതന്ത്ര കരാറിൽ ഏർപ്പെടുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് യുഎഇ.

ഈ കരാറിന്റെ പശ്ചാത്തലത്തിൽ, മിഡിലീസ്റ്റ് ഭൗമ രാഷ്ട്രീയത്തിൽ ഈ കരാർ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങൾ, കരാർ ഉടലെടുത്തതിനു പിന്നിലെ ഉൾപിരിവുകൾ, ഏറ്റവും പ്രധാനമായി ഫലസ്തീൻ പ്രശ്നത്തിന് സംഭവിക്കുന്ന പരിണാമം എന്നിവ ചില സുപ്രധാന ചോദ്യങ്ങളാണ്.

അബ്രഹാം അക്കോഡിനെ കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണ് മുസ്‌ലിം ലോകത്തു നിന്ന് ഉണ്ടായത്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ), ഹമാസ് എന്നിവർ കടുത്ത ഭാഷയിലാണ് ഈ കരാറിനോട് പ്രതികരിച്ചത്. “നിങ്ങളുടെ സ്വന്തം രാഷ്ട്രം മോഷ്ടിക്കപ്പെടുന്നതിന്റെ വേദന നിങ്ങൾ അനുഭവിക്കാതിരിക്കട്ടെ, അധിനിവേശത്തിന്റെ പിടിയിൽ കഴിയുന്നതിന്റെ വേദന നിങ്ങൾക് ഉണ്ടാവാതിരിക്കട്ടെ, സ്വന്തം വീടുകൾ കണ്മുന്നിൽ തകർക്കപ്പെടുന്ന, ഉറ്റവർ കൊല്ലപ്പെടുന്ന കാഴ്ചകൾക്ക് നിങ്ങൾ സാക്ഷിയാവാതിരിക്കട്ടെ, നിങ്ങൾ സ്വന്തം സുഹൃത്തിന്റെ വിൽപന ചരക്കാവാതിരിക്കട്ടെ” എന്നായിരുന്നു പിഎൽഒ വക്താവ് ഹനാൻ അഷ്‌റാവിയുടെ ട്വീറ്റ്. ഈ ഉടമ്പടി ഫലസ്തീൻ പ്രശ്നത്തെ ഒരർഥത്തിലും സഹായിക്കുന്നില്ല. മറിച്ച് സയണിസ്റ്റ് ആഖ്യാനങ്ങൾക്ക് ബലം പകരുക മാത്രമാണ് ചെയ്യുന്നത്. ഇസ്രായേൽ അധിനിവേശത്തെയും ഫലസ്തീനികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ മാത്രമേ ഇതു വഴിയൊരുക്കൂ എന്നായിരുന്നു ഹമാസിന്റെ പ്രതികരണം. 

കരാറിന്റെ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ വ്യക്തമാവുന്ന കാര്യം, അമേരിക്കയുടെയും ഇസ്രായേലിന്റെയും യുഎഇയുടെയും മാത്രം താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയും ഫലസ്തീനികളുടെ ആകുലതകളും നീതിയെ കുറിച്ചുള്ള ചോദ്യങ്ങളും അപ്രസക്തമാവുകയും ചെയ്യുന്നു എന്നതാണ്. അറബ് രാഷ്ട്രങ്ങളുടെ വിദേശ നയങ്ങളെ, വിശിഷ്യാ ഇസ്രായേലുമായുള്ള ബന്ധത്തെ നിർണയിച്ചിരുന്ന സുപ്രധാന ഘടകം ഫലസ്തീൻ പ്രശ്നമായിരുന്നു.

തുർക്കിയുടെ വിദേശ നയങ്ങളുടെ ചരിത്രം, ഈജിപ്തിൽ അൻവർ സാദത് കൊല്ലപ്പെടുന്ന പശ്ചാത്തലം എന്നിവ വിശകലനം ചെയ്താൽ ഈ ചരിത്ര വസ്തുത വ്യക്തമാകും. മുസ്‌ലിം രാഷ്ട്രങ്ങളിൽ ഇസ്രയേൽ രാഷ്ട്രത്തെ ആദ്യമായി ഔദ്യോഗികമായി അംഗീകരിച്ചത് തുർക്കി ആയിരുന്നു. അക്കാലത്ത് മറ്റു മുസ്‌ലിം രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിന് അതു കാരണമായിരുന്നു. പിന്നീട് പടിഞ്ഞാറൻ കേന്ദ്രീകൃത വിദേശ നയരൂപീകരണങ്ങളിൽ നിന്ന് തുർക്കി ക്രമേണ പിൻവാങ്ങുകയും ഒഐസിയുടെ അടക്കം നിർണായക സാന്നിധ്യമാവുകയും ചെയ്തു.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം

ഫലസ്തീനികൾ വിശേഷിപ്പിച്ചത് പോലെ അബ്രഹാം അക്കോഡ് ഫലസ്തീൻ പ്രശ്‌നത്തോടുള്ള ചരിത്രപരമായ വഞ്ചനയാണ് എന്നതാണ് ഏറ്റവും സുപ്രധാനമായ സംഗതി. നയതന്ത്ര ബന്ധ രൂപീകരണത്തിനു ബദലായി ഇസ്രായേൽ വെസ്റ്റ് ബാങ്കിലെ അധിനിവേശ പദ്ധതി നിർത്തിവെക്കുമെന്നാണ് യുഎഇയുടെ വാദം.

ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, അന്താരാഷ്ട്ര സമൂഹത്തിന്റെയും ഇസ്രായേലിലെ തന്നെ ഒരു വിഭാഗം ആളുകളുടെയും സമ്മർദവും എതിരഭിപ്രായവും കാരണം വെസ്റ്റ് ബാങ്ക് പദ്ധതി നെതന്യാഹുവിന് മുൻപേ തന്നെ തൽകാലത്തേക്ക് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ഏകപക്ഷീയമായ അധിനിവേശ പദ്ധതിയുമായി മുന്നോട്ടു പോയാൽ തന്നെ അത് ഈജിപ്തുമായും ജോർദാനുമായും ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ലംഘനമാണ്. ഒപ്പം ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ ശക്തികളുടെ ഉപരോധ ഭീഷണിയും ഇസ്രായേലിനുണ്ടായിരുന്നു. മാത്രമല്ല, കരാറിന് ശേഷം തന്നെ വെസ്റ്റ് ബാങ്ക് പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്നും നെതന്യാഹു പ്രഖ്യാപിക്കുകയുണ്ടായി. അതായത്, വെസ്റ്റ് ബാങ്ക് പ്രശ്നത്തെ മുൻനിർത്തിയുള്ള ഈ ഉടമ്പടി ഒരു നിലക്കും ഫലസ്തീനികളുടെ താൽപര്യങ്ങളെ മുഖവിലക്കെടുക്കുന്നില്ല.

ഒപ്പം ഫലസ്തീനികളോടുള്ള ചരിത്രപരമായ അനീതികളുടെ, അധിനിവേശത്തിന്റെ പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയും സ്വന്തം താൽപര്യ സംരക്ഷണത്തിനുള്ള മറയായി ഉപയോഗിക്കുകയും ചെയ്യുന്നു.

1967ലെ അതിർത്തികൾ ഫലസ്തീനികൾക്ക് തിരിച്ചു നൽകിയാൽ മാത്രമേ ഇസ്രായേലിനോടുള്ള നയതന്ത്ര ബന്ധങ്ങൾ സ്വാഭാവികവൽക്കരിക്കുകയുള്ളൂ എന്നത് സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് ലീഗ് 2002ൽ അറബ് പീസ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി എടുത്ത സുപ്രധാന തീരുമാനമാണ്. ആ ഉടമ്പടിയുടെ കൂടെ ലംഘനമാണ് പുതിയ കരാർ.

മറ്റു അറബ് രാഷ്ട്രങ്ങളും യുഎഇയുടെ വഴി പിന്തുടരുമോ എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. ബഹ്‌റൈൻ, ഒമാൻ, മൊറോക്കോ, ഈജിപ്ത് എന്നിവർ ഈ നടപടിയെ സ്വാഗതം ചെയ്തു കഴിഞ്ഞു. സൗദി അറേബ്യ നിശ്ശബ്ദത പാലിക്കുന്നുവെങ്കിലും സൗദിയുടെ അനുമതിയോ പിൻബലമോ ഇല്ലാതെ യുഎഇ ഇത്തരമൊരു നിലപാട് എടുക്കില്ല എന്നത് വ്യക്തമാണ്. കൂടുതൽ അറബ് രാഷ്ട്രങ്ങൾ ഇതേ വഴിയിലേക്ക് നീങ്ങിയാൽ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തെ അത്‌ സാരമായി തന്നെ ബാധിക്കും എന്നതിൽ സംശയമില്ല.

തുർക്കി, ഇറാൻ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണ് യുഎഇയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. പുതിയ ഉടമ്പടിയെ തന്ത്രപരമായ വിഡ്ഢിത്തമെന്നാണ് (strategic stupidity) ഹസൻ റൂഹാനി വിശേഷിപ്പിച്ചത്. യുഎയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചേക്കുമെന്നും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുമെന്നും ഉർദുഗാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫലസ്തീൻ പ്രശ്ന പരിഹാരമെന്ന മേമ്പൊടി ഉണ്ടെങ്കിൽ കൂടി ഇത്തരമൊരു കരാറിന് പിന്നിലുള്ളത് രാഷ്ട്രീയവും ഭൗമ രാഷ്ട്രീയവുമായ മറ്റു ചില പ്രധാന കാര്യങ്ങൾ ആണ് എന്നത് വ്യക്തമാണ്. നിലവിൽ ജോ ബിഡനുമായുള്ള തെരെഞ്ഞെടുപ്പ് വേദിയിൽ ഏറെ പിന്നാക്കം നിൽക്കുന്ന ഡൊണാൾഡ് ട്രംപിന് ഇതൊരു തെരെഞ്ഞെടുപ്പ് ചീട്ടാണ്. മിഡിലീസ്റ്റിൽ സമാധാനം സ്ഥാപിക്കുന്ന നയതന്ത്ര വിജയം എന്ന പദാവലികളിൽ തന്നെ അതു വളരെ കൃത്യമാണ്. നെതന്യാഹുവാകട്ടെ നിലവിൽ അഴിമതിയാരോപണങ്ങൾ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചകൾ തുടങ്ങിയ രാഷ്ട്രീയ വെല്ലുവിളികൾക്കു നടുവിലാണ്.

ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളോടുള്ള നയതന്ത്ര നീക്കങ്ങൾ വലിയ അളവിൽ നെതന്യാഹുവിനും ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. വെസ്റ്റ് ബാങ്ക് അധിനിവേശ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചതിനെതിരെ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ എതിർപ്പുണ്ടെങ്കിൽ കൂടി, വിശാലമായ രാഷ്ട്രീയ ക്യാൻവാസിൽ ഗുണം ലഭിച്ചേക്കുമെന്ന് തന്നെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതീക്ഷ.

യുഎഇ, സൗദി അറേബ്യ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇറാനിയൻ സ്വാധീന വ്യാപനം തടയുക എന്നത് ഈ ഉടമ്പടിക്കു പിന്നിലെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. നിലവിൽ മിഡിലീസ്റ്റ് ഭൗമ രാഷ്ട്രീയത്തിൽ ഇറാൻ വലിയ രീതിയിൽ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. യമനിൽ സൗദി പിന്തുണയുള്ള ഗവണ്മെന്റിനെതിരെ ഹൂതികൾക്ക് സർവ വിധ പിന്തുണ നൽകിയും സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിനൊപ്പവും ഇറാന്റെ ഇടപെടലുകളുണ്ട്. ഇത് തങ്ങളുടെ കൂടെ പ്രാദേശിക മണ്ഡലത്തിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയും അതിനെ മറികടക്കണമെങ്കിൽ ആവശ്യമായ സായുധ സാങ്കേതിക പിന്തുണ ഇസ്രായേലിൽ നിന്ന് സ്വന്തമാക്കാം എന്നുള്ളതാണ് ഉടമ്പടി അവർക്ക് മുന്നിൽ തുറക്കുന്ന സാധ്യത.

ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു

ഒപ്പം ഗൾഫ് രാഷ്ട്രങ്ങൾക്ക് അധികാര സുരക്ഷയും ജനകീയ ഉയിർത്തെഴുന്നേൽപ്പുകൾ തുടക്കത്തിൽ തന്നെ അമർച്ച ചെയ്യാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സർവൈലൻസ് പരിപാടികളും ആവശ്യമാണ്. അതിനുള്ള വിപുലമായ ഒരു സ്രോതസായിട്ടാണ് ഇസ്രയേലിനെ അവർ കാണുന്നത്. ഭൂരിപക്ഷം ഗൾഫ് രാഷ്ട്രങ്ങളും ഇസ്രായേലുമായി രഹസ്യമായ നീക്കുപോക്കുകൾ വ്യാപാര-സുരക്ഷാ മേഖലകളിൽ വർഷങ്ങളായി നടത്തുന്നുണ്ട് എന്നത് പരസ്യമായ കാര്യമാണ്. അബ്രഹാം അക്കോഡിലൂടെ അതിന് ഔദ്യോഗിക മുഖം തന്നെ ലഭിക്കുന്നുവെന്നർഥം.

 

ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ലേഖകൻ. 

Top