ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ല! ദലിത് ബഹുജന്‍ സ്ത്രീകളുടെ ആഖ്യാനങ്ങളും (സവർണ) ഫെമിനിസവും
സദാചാര പോലീസിങ്ങിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളെയും അക്രമങ്ങളെയും എതിർക്കാൻ ‘കിസ് ഓഫ് ലൗവ്’ എന്ന മുന്നേറ്റത്തിന് സാധ്യത നല്‍കിയ ഒരു വിർച്വൽ സ്‌പേസാണ് നമ്മുടേത്. എന്നാൽ, രൂപേഷിന്റെയും രജേഷിന്റെയും നേരെ വന്ന ആരോപണങ്ങളെ ഉപയോഗിച്ചു കൊണ്ട് അത്യന്തം ആക്ഷേപകരമായ രീതിയിൽ അവരെ അധിക്ഷേപിക്കുന്ന ഒരു ആൾക്കൂട്ടത്തിന്റെ അക്രമാസക്തിയെ കിസ് ഓഫ് ലൗവ് വക്താക്കളെല്ലാം കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല, ഇവരിൽ ചിലർ മറ്റു അക്രമികളെ പോലെ തന്നെ അമാനവ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് രൂപേഷിനെയും രജേഷിനെയും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിലുള്ള ക്രൂരമായ വാദങ്ങളാണ് മുന്നോട്ടു വെച്ചത്. ജെനി റൊവീനയും ശ്രീബിത പി.വിയും എഴുതുന്നു.
സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ടാണ് കേരളത്തിലെ ചില ദലിത് ബഹുജന്‍ സ്ത്രീകള്‍ അക്കാദമിക-ആക്ടിവിസ്റ്റ് മേഖലയിലും മാധ്യമലോകത്തും അവര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാന്‍ മുന്നോട്ടു വന്നത്. എന്നാല്‍ ഈ തുറന്നുപറച്ചിലുകളുടെ ശരിതെറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ഇത്തരം ആഖ്യാനങ്ങളെ പാശ്ചാത്യ രാജ്യങ്ങളിലെ #me too കാമ്പയിന്‍, റയാ സര്‍ക്കാറിന്റെ ലിസ്റ്റ് എന്നിങ്ങനെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പുതിയ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളെയാണ് ഇവിടെ പ്രശ്‌നവത്കരിക്കാന്‍ ശ്രമിക്കുന്നത്.
നിയമവും കോടതിയും മറ്റു സംവിധാനങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ഒരു ലോകത്ത് സോഷ്യല്‍ മീഡിയ സാധ്യമാക്കുന്ന സാമൂഹികമായ ഇടമുപയോഗിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ കഴിയുമെന്നും ഇതിലൂടെ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളുടെ വ്യാപ്തി വെളിപ്പെടുത്താന്‍ കഴിയുമെന്നും, ഇത് നീതി നിര്‍വഹണത്തെ സഹായിക്കുമെന്നുമുള്ള ഫെമിനിസ്റ്റ് വാദങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിലെ #me too കാമ്പയിന്‍ മുതല്‍ കേരളത്തിലെ തുറന്നു പറച്ചിലുകള്‍ വരെയുള്ള സംഭവവികാസങ്ങളെ നയിക്കുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ കര്‍തൃത്വസ്ഥാനത്ത് നില്‍ക്കാന്‍ ദലിത് ബഹുജന്‍ സ്ത്രീകളാണ് മുന്നോട്ടു വരുന്നത്. അതുകൊണ്ടു തന്നെ, ദലിത് സ്ത്രീയായ റയാ സര്‍ക്കാര്‍ പുറത്തുവിട്ട ലിസ്റ്റ് അക്കാദമിക ലോകത്തെ സവര്‍ണരുടെ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തുമ്പോഴും കേരളത്തിലെ ദലിത് ബഹുജന്‍ സ്ത്രീകള്‍ ദലിത് ബഹുജന്‍ പുരുഷന്‍മാരുടെ അതിക്രമങ്ങള്‍ സധൈര്യം വെളിപ്പെടുത്താന്‍ മുന്നോട്ടു വരുമ്പോഴും ഒരു പുതിയ ദലിത് ബഹുജന്‍ സ്ത്രീപക്ഷ രാഷ്ട്രീയമാണിവിടെ ഉണ്ടാകുന്നതെന്ന വാദങ്ങളും ശക്തമാകുന്നു. എന്നാല്‍ റയാ സര്‍ക്കാറിന്റെ ലിസ്റ്റായാലും കേരളത്തിലെ തുറന്നു പറച്ചിലുകളെ കുറിച്ചുള്ള വായനകളായാലും സവര്‍ണ-ഫെമിനിസ്റ്റ് ആശയങ്ങള്‍ക്കുള്ളില്‍ ജാതി-ലിംഗ-വര്‍ഗ ഘടനകളെയും മറ്റു അധികാരങ്ങളെയും കണക്കിലെടുക്കാതെയാണ് നിലനില്‍ക്കുന്നത് എന്നതാണ് വാസ്തവം.
ഇതു മനസ്സിലാക്കാന്‍, അവര്‍ മുന്നോട്ടുവെക്കുന്ന വ്യവഹാരങ്ങളിലൂടെ തെളിഞ്ഞു വരുന്ന ആധുനിക തൊഴിലിടങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബഹുഭൂരിപക്ഷം ദലിത് ബഹുജന്‍ സ്ത്രീകളും അസംഘടിതവും അനൗപചാരികവുമായ മേഖലകളില്‍ തൊഴിലെടുക്കുന്ന ഒരു ലോകത്ത്, സവര്‍ണ സ്ത്രീകള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന വരേണ്യ തൊഴിലിടങ്ങളില്‍ (അക്കാദമി, മാധ്യമലോകം തുടങ്ങിയവ) നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചാണിവിടെ എല്ലാ ചര്‍ച്ചകളും നടക്കുന്നത്. തീര്‍ച്ചയായും ഇതിനെ വരേണ്യ സ്ഥാനങ്ങളിലെ ദലിത് ബഹുജന്‍ സ്ത്രീകളുടെ തിക്താനുഭവങ്ങളുടെ ഭാഗമായി കാണാവുന്നതാണ്. എന്നാല്‍ ഇതുപയോഗിച്ചു കൊണ്ട് ഒരു ദലിത് ബഹുജന്‍ സ്ത്രീ രാഷ്ട്രീയം നിര്‍മിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉയരുന്നു.
ബഹുഭൂരിപക്ഷം ദലിത് ബഹുജന്‍ സ്ത്രീകളും അസംഘടിതവും അനൗപചാരികവുമായ മേഖലകളില്‍ തൊഴിലെടുക്കുന്ന ഒരു ലോകത്ത്, സവര്‍ണ സ്ത്രീകള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന വരേണ്യ തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചാണിവിടെ എല്ലാ ചര്‍ച്ചകളും നടക്കുന്നത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ആദ്യമായി രൂപംകൊണ്ട ‘വിശാഖ മാര്‍ഗനിര്‍ദേശ’ങ്ങളെ (Vishaka Guidelines) കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ചൂണ്ടികാണിക്കുന്നത് പോലെ, സവര്‍ണ ഫെമിനിസം എന്നും സ്ത്രീകളുടെ തൊഴിലിടങ്ങളെ മധ്യവര്‍ഗ വരേണ്യ സ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ, ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ക്ക് ശേഷം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ രൂപംകൊടുത്ത വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍ കീഴാള സ്ത്രീകളുടെ കാര്യത്തില്‍ ഉപയോഗശൂന്യമായി തീര്‍ന്നു. ഇങ്ങനെ നോക്കുമ്പോള്‍, സവര്‍ണ ഫെമിനിസം സ്ത്രീകളുടെ തൊഴിലിടങ്ങളെ വിഭാവന ചെയ്തതിനെ ചോദ്യം ചെയ്യാതെ മുന്നോട്ടു പോകുന്ന ഒരു ദലിത് ബഹുജന്‍ സ്ത്രീ രാഷ്ട്രീയം സവര്‍ണ ഫെമിനിസത്തിന്റെ ജാതീയമായ പരികല്‍പനകളെ വിപുലപ്പെടുത്താന്‍ മാത്രമെ സഹായിക്കുകയുള്ളു.
മാത്രമല്ല, ആധുനിക പൊതുമണ്ഡലങ്ങളും തൊഴിലിടങ്ങളും ജാതി-ലിംഗ-വര്‍ഗ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നിരിക്കെ, ഇതൊന്നും കാണാതെ ഇത്തരം ഇടങ്ങളില്‍ ‘സ്ത്രീകള്‍’ അനുഭവിക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറയുന്നത് വെളുത്ത/സവര്‍ണ ഫെമിനിസ്റ്റ് രാഷ്ട്രീയങ്ങള്‍ക്ക് ഉചിതമായിരിക്കും. എന്നാല്‍, സവര്‍ണ സ്ത്രീകളെ കളങ്കപ്പെടുത്താതെ സംരക്ഷിക്കപ്പെടേണ്ടവരായും, കീഴാള സ്ത്രീകളെ അമിത ലൈംഗികതയുടെ പ്രതിരൂപങ്ങളായും കാണുന്ന ഒരു സംസ്‌കാരത്തില്‍ സ്ത്രീ-പുരുഷന്‍ എന്ന ദ്വന്ദ്വത്തിലൂന്നിയ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ കീഴാള സ്ത്രീപക്ഷങ്ങള്‍ക്ക് പ്രധാനമാകണമെന്നില്ല. സവര്‍ണ സ്ത്രീകളുടെ ‘നന്മ’ക്കെതിരെ കീഴാള സ്ത്രീകളെ ദുര്‍നടത്തിപ്പുകാരികളായി ചിത്രീകരിച്ച്, ഇവരെ കൂടുതല്‍ ആക്രമണത്തിനിരയാക്കുന്ന രീതികള്‍ ഇത്തരമൊരു (സവര്‍ണ) ഫെമിനിസ്റ്റ് രാഷ്ട്രീയം തിരിച്ചറിയണമെന്നില്ല.
അതുപോലെ തന്നെ, ഇത്തരം സ്ഥലങ്ങളില്‍ ചെറിയ കാരണങ്ങള്‍ക്ക് പോലും കീഴാള പുരുഷന്‍മാരെ അക്രമികളായി മുദ്രകുത്തി ശിക്ഷിക്കുന്നതും പുറത്താക്കുന്നതും സാധാരണമാണ്. അതേസമയം, തികഞ്ഞ ലൈംഗിക ഇരപിടിയന്‍മാരായ സവര്‍ണ പുരുഷന്‍മാര്‍ തങ്ങളുടെ ജാതി അധികാരത്തിന്റെ ബലത്തില്‍ നന്മയുടെയും കഴിവിന്റെയും ആകര്‍ഷണതയുടെയും പര്യായമായി തുടരുന്ന കാഴ്ചയും കുറവല്ല. ഇങ്ങനെയൊരു പ്രക്രിയയില്‍ പലപ്പോഴും ഇവരുടെ കൂടെ നില്‍ക്കുന്നതും ഇവരെ സഹായിക്കുന്നതും സവര്‍ണ സ്ത്രീകള്‍ തന്നെയാണ്.
യഥാര്‍ഥത്തില്‍, ആധുനിക പൊതുമണ്ഡലത്തില്‍ സവര്‍ണ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധങ്ങള്‍ വിപുലമാണ്. മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കിയാല്‍ ഒ.ബി.സി പുരുഷന്‍മാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരാകാന്‍ പോകുന്ന സവര്‍ണ പുരുഷന്‍മാരുടെ ജോലി തട്ടിയെടുക്കുമെന്ന് ആശങ്കപ്പെട്ട് ചൂലുമെടുത്ത് തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയ സവര്‍ണ സ്ത്രീകളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതൊന്നും കാണാതെ കീഴാള സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ‘അക്രമിക്കുന്ന പുരുഷന്‍’, ‘അക്രമിക്കപ്പെടുന്ന സ്ത്രീ’ എന്ന ഫെമിനിസ്റ്റ് ബൈനറി മാത്രം ഉപയോഗിച്ചു കൊണ്ട് സംസാരിക്കുന്നത് സവര്‍ണ ഫെമിനിസത്തിന്റെ ജാതീയതയെ പിന്തുണക്കാനും പുനരുല്‍പാദിപ്പിക്കാനും മാത്രമെ സഹായിക്കുകയുള്ളു.
മാത്രമല്ല, ഇത്തരം കാമ്പയിനുകളെ ചൂഴ്ന്നു നില്‍ക്കുന്ന മറ്റൊരു വസ്തുത എന്താണെന്ന് നോക്കാം. ഇവര്‍ക്ക് ഇപ്പോഴുള്ള തരത്തിലൊരു പ്രചാരണം നേടാന്‍ കഴിയുന്നത്, ഇത് സ്ത്രീ ശാക്തീകരണത്തെ പിന്തുണക്കുന്നത് കൊണ്ടോ, സോഷ്യല്‍ മീഡിയ ഇതിനിടം നല്‍കുന്നത് കൊണ്ടോ മാത്രമല്ല. മറിച്ച്, ജാതി-വംശ-ലിംഗ ഘടനകള്‍ സങ്കീര്‍ണ്ണമായി പ്രവര്‍ത്തിച്ചു കൊണ്ട് ജാതീയവും വംശീയവുമായ ചില പരികല്‍പനകളും വിശ്വാസങ്ങളും പുനരുല്‍പാദിപ്പിക്കുന്നത് കൊണ്ടും കൂടിയാണ് ഇത്തരം കാമ്പയിനുകള്‍ വിജയകരമാവുന്നത്.
അക്രമിയുടെ പേരു വെളിപ്പെടുത്തി അവരെ നാണംകെടുത്തുക (Name and Shame) എന്ന രീതി ഉപയോഗിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര ക്രമങ്ങള്‍ ലംഘിക്കുന്നതിനൊപ്പം ഉണ്ടാവുന്ന ‘അപമാനം’, ‘ചീത്തപ്പേര്’ എന്നിങ്ങനെയുള്ള സംഗതികളെ പുതിയൊരു ഫെമിനിസ്റ്റ് തലത്തില്‍ നിന്ന് പുനരുത്തേജിപ്പിച്ചു കൊണ്ടാണ് റയാ സര്‍ക്കാറിന്റെ ലിസ്റ്റും കേരളത്തിലെ തുറന്നു പറച്ചിലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
അക്രമിയുടെ പേരു വെളിപ്പെടുത്തി അവരെ നാണംകെടുത്തുക (Name and Shame) എന്ന രീതി ഉപയോഗിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര ക്രമങ്ങള്‍ ലംഘിക്കുന്നതിനൊപ്പം ഉണ്ടാവുന്ന ‘അപമാനം’, ‘ചീത്തപ്പേര്’ എന്നിങ്ങനെയുള്ള സംഗതികളെ പുതിയൊരു ഫെമിനിസ്റ്റ് തലത്തില്‍ നിന്ന് പുനരുത്തേജിപ്പിച്ചു കൊണ്ടാണ് റയാ സര്‍ക്കാറിന്റെ ലിസ്റ്റും കേരളത്തിലെ തുറന്നു പറച്ചിലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പ്രശ്‌നകരമായ ഇത്തരം രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ റയാ സര്‍ക്കാര്‍ പറഞ്ഞത് തരുണ്‍ തേജ്പാല്‍, മുഹമ്മദ് ഫാറൂഖി എന്നിവരെ നിയമപരമായി ലൈംഗിക കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴും അതവരെ നാണംകെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നാണ്. ഇത് ശരി തന്നെയാണ്. കാരണം, മറ്റൊരു കുറ്റത്തിനുമില്ലാത്ത രീതിയില്‍ ഒരാളെ അപകീര്‍ത്തിപ്പെടുത്താനും കുറ്റം ചെയ്തവരെയും (പിടിക്കപ്പെടുമ്പോള്‍) അതിന്റെ ഇരകളെയും ഒരു പോലെ ‘ഇല്ലാതാക്കാനും’ (പ്രത്യേകിച്ച് കീഴാള സ്ഥാനങ്ങളിലുള്ളവരെ) ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കഴിയും. ആണ്‍കോയ്മ മാത്രമല്ല ഇതിനു കാരണം.
ലൈംഗിക സദാചാരം സ്ത്രീ-പുരുഷ ബന്ധങ്ങളെ മാത്രമല്ല, ജാതി ഘടനകളുടെ അതിരുകളെ തന്നെയാണ് എന്നും നിലനിര്‍ത്താന്‍ സഹായിച്ചിട്ടുള്ളത്. സ്വവംശ വിവാഹങ്ങള്‍, പുലപ്പേടി, മണ്ണാപ്പേടി, സ്മാര്‍ത്ഥ വിചാരം, ദുരഭിമാന കൊലകള്‍ എന്നിങ്ങനെയുള്ള വഴക്കങ്ങളെ കുറിച്ച് ആലോചിച്ചാല്‍, ഇവയെല്ലാം തന്നെ ഒരു ജാതിസമൂഹത്തില്‍ നിലനിന്നു പോരാന്‍ (ജീവനും സാമൂഹിക സ്ഥാനവും നിലനിര്‍ത്തി കൊണ്ട്) സ്ത്രീകളും പുരുഷന്‍മാരും തുടരേണ്ടതായ ലൈംഗിക സദാചാരത്തെ ഊട്ടിയുറപ്പിക്കുന്ന മുറകളാണെന്ന് മനസ്സിലാവും.
ജാതിവ്യവസ്ഥയുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമായതു കൊണ്ടാണ് ഇത്തരം സദാചാരങ്ങളെ ലംഘിക്കുന്നവരെ ഭ്രഷ്ട് കല്‍പ്പിച്ചും കടുത്ത ആക്രമണത്തിന് വിധേയരാക്കിയും നേരിടുന്നത്. ഇത്തരമൊരു ജാതീയമായ സാമ്പ്രദായിക സദാചാരത്തിന്റെ തുടര്‍ച്ചയായി തന്നെയാണ് ലൈംഗികാപരാധങ്ങള്‍ ഇന്നും കടുത്ത മാനക്കേട്, മാനനഷ്ടം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നത്. അതുകൊണ്ട്, ഇത്തരം രീതികളെ പുനഃസ്ഥാപിക്കുന്ന ഒരു രാഷ്ട്രീയം കീഴാളപക്ഷത്തിന് സഹായകരമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
മാത്രമല്ല, നമ്മുടെ സാംസ്‌കാരിക ലോകത്ത് ക്ഷതമേറ്റ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്ത്രീ എന്ന ചിഹ്നം ഇത്തരം മുന്നേറ്റങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍, പല ലിബറല്‍ ഫെമിനിസ്റ്റുകളും വിമര്‍ശിക്കുന്നതു പോലെ, ദുര്‍ബലമായ ഒരു സ്ത്രീസ്ഥാനം മാത്രമല്ല ഇവിടെ പ്രചരിക്കുന്നത്. ഇങ്ങനെയൊരു ചിഹ്നത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുകയാണെങ്കില്‍ ‘കളങ്കപ്പെടുന്ന സ്ത്രീ’ എന്ന ജാതി-ലിംഗപരമായ സങ്കല്‍പ്പമാണ് ജാതി-വംശ ഘടനകളെ നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. അതുകൊണ്ട്, ഇതിനെ ആസ്പദമാക്കിയുള്ള ഒരു സ്ത്രീ രാഷ്ട്രീയം ഇങ്ങനെയൊരു ചിഹ്നത്തെ സ്വാഭാവികമായും ചരിത്രപരമായും പ്രതിനിധാനം ചെയ്യുന്ന സവര്‍ണ സ്ത്രീകളെ തന്നെയാണ് സഹായിക്കുക. കീഴാള സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നകരമായ പ്രചരണങ്ങള്‍ക്കപ്പുറം ജാതി-ലിംഗ-വര്‍ഗ ഘടനകളെ കുറിച്ച് ആലോചിച്ചു കൊണ്ട്, അവരുടെ പ്രത്യേകതകളെയും സങ്കീര്‍ണതകളെയും അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യം.
എന്നാല്‍ ഇത്തരം പ്രശ്‌നകരമായ രീതികളെയും പ്രതിനിധാനങ്ങളെയും പ്രചരിപ്പിച്ചു കൊണ്ട്, അധീശ ഫെമിനിസ്റ്റ് നേതൃത്വത്താല്‍ വിഭാവന ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ പാലിക്കേണ്ട ‘മുറ പോലെയുള്ള നടപടികളെ’ (due process) പോലും നിസാരവല്‍കരിച്ചു കൊണ്ട്, അതിനു പകരം സോഷ്യല്‍ മീഡിയയുടെ സാമൂഹിക തലത്തില്‍ നീതി തേടാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഒരു രാഷ്ട്രീയമാണ് ആഗോളതലത്തിലിപ്പോള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യന്‍ സാഹചര്യത്തിലും വെളുത്ത/സവര്‍ണ ഫെമിനിസ്റ്റ് പക്ഷത്ത് നിന്ന് ഇതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ജാതി-ലിംഗ ഘടനകളെ മുന്‍നിര്‍ത്തി, ഇതിനെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നത് പ്രധാനമാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ സവര്‍ണപക്ഷ ചിന്തകള്‍ ഭരണകൂടത്തെ ഏറ്റവും പ്രശ്‌നകരമായി കാണുമ്പോള്‍, ഇതിനപ്പുറമുള്ള സാമൂഹിക ഘടനയുടെ അലിഖിത ജാതി നിയമങ്ങളെയാണ് കീഴാളര്‍ ഭയക്കുന്നത്. ഈ അവസ്ഥയില്‍ നിന്ന് രക്ഷ നേടാനാണവര്‍ ഭരണകൂടത്തില്‍ അഭയം തേടുന്നത്. എന്നാല്‍, കോടതിയും നിയമവും പോലീസും കമ്മീഷനുകളുമെല്ലാം നിരന്തരം പരാജയപ്പെടുന്ന ഒരു സാഹചര്യത്തില്‍ വിര്‍ച്വല്‍ ലോകം (Virtual world) മുന്നോട്ടു വെക്കുന്ന ഒരു സാമൂഹിക തലത്തില്‍ രക്ഷ നേടാനാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്ത #me too കാമ്പയിനുകള്‍ തുടങ്ങിവെച്ച ഫെമിനിസ്റ്റ് രാഷ്ട്രീയം ആഹ്വാനം ചെയ്യുന്നത്.
‘മുറ പോലെയുള്ള നടപടികള്‍ക്ക്’ വേണ്ടി വാദിക്കുന്ന സവർണ ഫെമിനിസ്റ്റുകളെ കളിയാക്കുന്ന ദലിത് ബഹുജൻ ഫെമിനിസ്റ്റുകളും ഈ പാതയാണ് പിന്തുടരുന്നത്. എല്ലാ നിയമനിർമാണ പദ്ധതികളും പരാജയപ്പെടുന്ന ഒരു സന്ദർഭത്തിൽ വിർച്വൽ ലോകത്ത് കീഴാളർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് കൂടുതൽ ദൃശ്യത നേടാൻ കഴിയുമെന്നത് തീർച്ചയാണ്. എന്നാലിവിടെ ജാതി പ്രവര്‍ത്തിക്കുന്നില്ലായെന്നും ഇത് വ്യക്തമായ നിയമ നടപടികൾക്കു പകരമാകുമെന്ന് ചിന്തിക്കുന്നതും പ്രശ്‌നകരമാണ്.
രൂപേഷ്‌കുമാറിനെക്കുറിച്ചും പിന്നീട് രജേഷ് പോളിനെക്കുറിച്ചുമുള്ള ആരോപണങ്ങൾ എഫ്. ബിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിർച്വൽ സാമൂഹികതയുടെ അന്തർലീനമായ കീഴാളവിരുദ്ധതയും അക്രമാസക്തതയും വളരെ വ്യക്തമായി നമ്മൾ കണ്ടതാണ്.
രൂപേഷ്‌കുമാറിനെക്കുറിച്ചും പിന്നീട് രജേഷ് പോളിനെക്കുറിച്ചുമുള്ള ആരോപണങ്ങൾ എഫ്. ബിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിർച്വൽ സാമൂഹികതയുടെ അന്തർലീനമായ കീഴാളവിരുദ്ധതയും അക്രമാസക്തതയും വളരെ വ്യക്തമായി നമ്മൾ കണ്ടതാണ്. രൂപേഷിനും രജേഷ് പോളിനുമെതിരായ ആരോപണങ്ങൾ വന്നപ്പോൾ ഇവരുടെ എഫ്. ബി വാളിൽ തുരുതുരാ കമന്റുകളുമിട്ടു കൊണ്ട് നിരവധിയാളുകൾ രംഗത്തു വരുന്നതും രുപേഷിന്റെയും രജേഷിന്റെയും ദലിത്, മുസ്‌ലിം പക്ഷരാഷ്ട്രീയത്തെയും അമാനവസംഘങ്ങളുമായുള്ള അവരുടെ ബന്ധത്തെയും കുറിച്ച് പറഞ്ഞു കൊണ്ട് ഇവരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്യുന്നത് നമ്മളെല്ലാം കണ്ടുനിന്നതാണ്. ഏറ്റവും അക്രമാസക്തവും തീർത്തും ദലിത് – മുസ്‌ലിം വിരുദ്ധവുമായ ഒരു ആൾക്കൂട്ട വിചാരണയാണവിടെ ഉടലെടുത്തത്. ഈ സന്ദർഭത്തിൽ ഇതിനെതിരെ സംസാരിക്കാൻ പോലും അധികമാരും തുനിഞ്ഞില്ല.
സദാചാര പോലീസിങ്ങിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളെയും അക്രമങ്ങളെയും എതിർക്കാൻ ‘കിസ് ഓഫ് ലൗവ്’ എന്ന മുന്നേറ്റത്തിന് സാധ്യത നല്‍കിയ ഒരു വിർച്വൽ സ്‌പേസാണ് നമ്മുടേത്. എന്നാൽ, രൂപേഷിന്റെയും രജേഷിന്റെയും നേരെ വന്ന ആരോപണങ്ങളെ ഉപയോഗിച്ചു കൊണ്ട് അത്യന്തം ആക്ഷേപകരമായ രീതിയിൽ അവരെ അധിക്ഷേപിക്കുന്ന ഒരു ആൾക്കൂട്ടത്തിന്റെ അക്രമാസക്തതയെ കിസ് ഓഫ് ലൗവ് വക്താക്കളെല്ലാം കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല, ഇവരിൽ ചിലർ മറ്റു അക്രമികളെ പോലെ തന്നെ അമാനവ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് രൂപേഷിനെയും രജേഷിനെയും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിലുള്ള ക്രൂരമായ വാദങ്ങളാണ് മുന്നോട്ടു വെച്ചത്.
എഫ്. ബിയിൽ ഒരു ലൈംഗികാരോപണം ഉണ്ടായ ഉടനെ രൂപേഷിനും രജേഷിനും സംസാരിക്കാനുള്ള, അവർക്കെതിരെയുള്ള ആരോപണങ്ങളെ എതിർക്കാനുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുന്ന കാഴ്ചയാണ് ഏറെ ഭയപ്പെടുത്തിയ മറ്റൊരു കാര്യം. വളരെ വ്യക്തമായിത്തന്നെ, കീഴാള ജനത വിചാരണയില്ലാത്ത ദണ്ഡനക്കെതിരെ (lynching) നേടിയെടുത്ത എല്ലാ അവകാശങ്ങളും ഫെമിനിസത്തിന്റെ സമ്മർദ്ദത്തിനു കീഴെ റദ്ദാവുന്ന ഒരു കാഴ്ചയാണ് നാമവിടെ കണ്ടത്. ഇങ്ങനെയൊരു വിർച്വൽ സാമൂഹികത ആരെയാണ് സഹായിക്കാൻ പോകുന്നതെന്ന് എല്ലാവർക്കുമറിയാം. തീർച്ചയായും, ഇത്തരം പ്രതിഭാസങ്ങൾക്കിടം നൽകുന്ന ഒരു ഫെമിനിസത്തിനൊപ്പം നിൽക്കാൻ പല ദലിത് ബഹുജൻ സ്ത്രീകൾക്കും പ്രയാസമായിരിക്കും. ഈ അവസരത്തിൽ ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ല എന്നവർക്ക് പറയേണ്ടി വരും.
ഈ ഘട്ടത്തിൽ, ഫെമിനിസ്റ്റ് പൊതുബോധത്തിന്റെ ഭാഗമായ ചില ആശയങ്ങളെ പുനർപരിശോധിക്കുന്നത് അത്യാവശ്യമാണ്. ആദ്യമായി, ഈയിടെയായി പല സംഭാഷണങ്ങളിലും, സവർണ ഫെമിനിസ്റ്റുകൾ അവരുടെ ആണുങ്ങളെ സംരക്ഷിക്കുന്നത് പോലെ, ദലിത് ബഹുജൻ പുരുഷന്‍മാരെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കില്ലെന്നും, ഇങ്ങനെ പറയുന്നതിലൂടെ സവർണ പക്ഷത്തെക്കാളുപരി റാഡിക്കൽ ഫെമിനിസ്റ്റ് സ്ഥാനത്തേക്കാണ് ദലിത് ബഹുജൻ സ്ത്രീകൾ നീങ്ങുന്നതെന്നുമുള്ള ഒരു അഭിപ്രായം ഉയർന്നു വരുന്നുണ്ട്. സവർണ പുരുഷന്റെ അധികാരത്തിന്റെ നിഴലിൽ നിന്നുകൊണ്ട് അവരെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന സവർണ സ്ത്രീകളുടെ വ്യവഹാരങ്ങളും എന്നും എപ്പോഴും കീഴാള പുരുഷന്‍മാരുടെ അധികാരമില്ലായ്മയുടെ ഭാരം താങ്ങി, അവരുടെ വിലയില്ലാത്ത, എളുപ്പം തകരുന്ന ജീവിതങ്ങൾ കണ്ടു നിൽക്കുന്ന കീഴാള സ്ത്രീകളുടെ വ്യവഹാരങ്ങളും എങ്ങനെയാണ് ഒരു പോലെയാവുക?
സവർണ പുരുഷന്റെ അധികാരത്തിന്റെ നിഴലിൽ നിന്നുകൊണ്ട് അവരെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന സവർണ സ്ത്രീകളുടെ വ്യവഹാരങ്ങളും എന്നും എപ്പോഴും കീഴാള പുരുഷന്‍മാരുടെ അധികാരമില്ലായ്മയുടെ ഭാരം താങ്ങി, അവരുടെ വിലയില്ലാത്ത, എളുപ്പം തകരുന്ന ജീവിതങ്ങൾ കണ്ടു നിൽക്കുന്ന കീഴാള സ്ത്രീകളുടെ വ്യവഹാരങ്ങളും എങ്ങനെയാണ് ഒരു പോലെയാവുക ?
രണ്ടാമതായി, ‘ഇര പറയുന്നത് വിശ്വസിക്കൂ, അതിനു പ്രാധാന്യം കൊടുക്കൂ’ എന്ന് പറയുന്ന ഫെമിനിസ്റ്റ് സൂക്തം കീഴാളപക്ഷത്തിന് അഭികാമ്യമാണോ എന്നിവിടെ ചിന്തിക്കേണ്ടതുണ്ട്. ഒന്നാമതായി സവർണ സ്ത്രീകൾ നന്മയുടെ പര്യായമായി പ്രതിനിധാനം ചെയ്യപ്പെടുമ്പോൾ, എപ്പോഴും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന, കള്ളിയും അമിത ലൈംഗികതയുടെ പ്രതീകവുമായി കാണപ്പെടുന്ന കീഴാളസ്ത്രീകൾക്ക് ഈ രാഷ്ട്രീയം എത്രമാത്രം പ്രസക്തമാണ് എന്നിവിടെ ആലോചിക്കണം. മാത്രമല്ല, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒരു കേസുണ്ടായാൽ അതിലൊരു ‘അക്രമിക്കപ്പെടുന്ന ആൺ’, ‘അക്രമിക്കപ്പെടുന്ന പെൺ’ എന്ന രണ്ട് പക്ഷങ്ങൾ മാത്രമാണുള്ളത് എന്നത് ഒരു യാഥാസ്ഥിക വെളുത്ത/സവർണ ആശയമാണ്. കുറ്റം, കുറ്റാരോപണം, ന്യായം, നീതി എന്നിവയെല്ലാം വംശം, ജാതി, വർഗം എന്നിങ്ങനെ നിരവധി അധികാരങ്ങൾക്കുള്ളിൽ നിലനിൽക്കുന്നത് കൊണ്ടുതന്നെ, സ്ത്രീ-പുരുഷൻ എന്ന ബൈനറിക്കപ്പുറം നില്‍ക്കുന്ന പല ഘടനകള്‍ക്കും ഒരു കേസിനു മേലെ പ്രവർത്തിക്കാന്‍ കഴിയും.
ഇതുകൊണ്ടു തന്നെ, ഇര പറയുന്നത് വിശ്വസിക്കുക എന്നത് സവർണ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായതു പോലെ, ദലിത് ബഹുജൻ സ്ത്രീ പക്ഷത്തു നിന്ന് ഇരയോടൊപ്പം നിൽക്കുമ്പോഴും, കുറ്റാരോപിതർക്ക് തങ്ങളുടെ പക്ഷം പറയാനുള്ള അവകാശത്തോടൊപ്പം നിൽക്കാനും നമുക്ക് കഴിയണം. ഇങ്ങനെയൊരു കാഴ്ചപ്പാടിനെ സഹായിക്കാൻ ലൈംഗികാതിക്രമങ്ങളെ അന്വേഷിക്കുന്ന കമ്മിറ്റികളിൽ എസ്.സി/എസ്.ടി/ഒ.ബി.സി നിരീക്ഷകരായി ദലിത് ബഹുജൻ സ്ത്രീകളുടെ സാന്നിധ്യം വേണമെന്ന് നമുക്ക് വാദിക്കാവുന്നതാണ്.
ഇതുപോലെ തന്നെ, കേരളത്തിലെ ദലിത് ബഹുജന്‍ സ്ത്രീകളുടെ തുറന്നു പറച്ചിലുകളുടെ ഭാഗമായി ഉയര്‍ന്നുവന്ന ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ പരിശോധിക്കുന്നത് പ്രധാനമാണ്. ആരതി രഞ്ജിത്ത് രൂപേഷ് കുമാറില്‍ നിന്നും നേരിട്ട ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച ആരോപണങ്ങള്‍ ഫേസ്ബുക്കിലെഴുതിയപ്പോള്‍ ചില ദലിത് ബഹുജന്‍ സ്ത്രീകള്‍ ചോദിച്ചത് ‘എന്തിനാണ് ആരതി രൂപേഷിന്റെ കൂടെ സ്വയം ഇറങ്ങി തിരിച്ചിട്ട് ഇപ്പോള്‍ പരാതി പറയുന്നത്?’ എന്നാണ്. ഒരു ദശാബ്ദത്തിലേറെ തന്റെ തൊഴിലിടത്തിലെ ജാതി-ലിംഗ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ജീവിക്കുന്ന ചിത്രലേഖയും അത്തരമൊരു അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ജോലിയുടെ ഭാഗമായോ അല്ലാതെയോ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത് അയാളുമായുള്ള ഒരു മാനസിക/ശാരീരിക ബന്ധത്തിനുള്ള സമ്മതമല്ല എന്നും, അതുകൊണ്ട് പ്രതികരണങ്ങള്‍ യഥാര്‍ഥത്തില്‍ ഇരയെ പഴിചാരലാണ് (Victim blaming) എന്നുമുള്ള ന്യായമായ മറുവാദവും ഈ സമയത്ത് ഉയര്‍ന്നുവന്നു. യഥാര്‍ഥത്തില്‍, ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വരുന്ന ഒരു വലിയ മാറ്റത്തെയാണ് ഇത്തരം സംവാദങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഹോളിവുഡിലെ #me too മുന്നേറ്റത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.
അടുത്തിടപഴകി എന്ന കാരണം കൊണ്ടു മാത്രം, തങ്ങള്‍ക്ക് വേണ്ടാത്ത ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കപ്പെടുന്നത് തീര്‍ച്ചയായും വേദനാജനകമാണ്. എന്നാല്‍ ഇങ്ങനെയൊരു പ്രശ്‌നം പലപ്പോഴും സ്ത്രീകളും പുരുഷന്‍മാരും അടുത്തിടപഴകാന്‍ സാധ്യതയുള്ള ലിബറല്‍ സ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാനമാവുന്നത്. ചില ദലിത് ഫെമിനിസ്റ്റ് വായനകള്‍ കാണിക്കുന്നത് പോലെ, ലൈംഗികതക്ക് സമ്മതം കൊടുക്കാന്‍ പോലുമുള്ള അവസ്ഥയില്ലാത്ത, അല്ലെങ്കില്‍ തനിക്ക് സമ്മതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ക്കുള്ളില്‍ തൊഴിലിടത്തിന്റെ ഭാഗമായി നില്‍ക്കേണ്ടി വരുന്ന നിരവധി ദലിത് ബഹുജന്‍ സ്ത്രീകളുടെ ലോകത്ത്, അതുമല്ലെങ്കില്‍ ആണും പെണ്ണും അടുത്തിടപഴകുന്നതിനെ കര്‍ശനമായി നിയന്ത്രിക്കുന്ന ഒരു സാംസ്‌കാരിക സന്ദര്‍ഭത്തില്‍, Affirmative consent എന്ന ആശയം നിരര്‍ഥകമായി തോന്നിയേക്കാം.
മാത്രമല്ല, നിരവധി സാഹചര്യങ്ങളില്‍ ദലിത് ബഹുജന്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ പലപ്പോഴും അടുത്തിടപഴകുമ്പോഴോ, കൂടെ യാത്ര ചെയ്യുമ്പോഴോ, കൂട്ടുകാരെ പോലെ സമയം ചിലവഴിക്കുമ്പോഴോ ആവണമെന്നില്ല. പകരം, സ്ഥാപനവല്‍കരിക്കപ്പെട്ട ലൈംഗിക ചൂഷണം, കീഴ്ജാതി സ്ത്രീകളെ തകര്‍ക്കാനും നിലക്ക് നിര്‍ത്താനുമായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന അപവാദ പ്രചാരണങ്ങള്‍ മുതല്‍ നഗ്നമായി നഗരപ്രദക്ഷിണം വരെയുള്ള അക്രമ രീതികള്‍ പല ദലിത് ബഹുജന്‍ സ്ത്രീകള്‍ക്കും ജാതീയമായ പൊതുമണ്ഡലത്തില്‍ അനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ, പൂര്‍ണമായും കീഴടങ്ങി, ശബ്ദമടക്കി തന്റെ ജാതി സ്ഥാനത്ത് താഴ്ന്നു നില്‍ക്കാത്ത ദലിത് ബഹുജന്‍ സ്ത്രീകള്‍ക്ക് ലൈംഗികമല്ലാത്ത രീതിയിലും അതിക്രൂരമായ ബഹിഷ്‌കരണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിത്രലേഖയുടെ അനുഭവങ്ങള്‍ നോക്കിയാല്‍, തൊഴിലിടത്തില്‍ അവര്‍ നേരിട്ടത് ഇങ്ങനെയൊരു പ്രശ്‌നമാണെന്ന് കാണാം.
ആണും പെണ്ണും ഇടപഴകി ജീവിക്കുമ്പോഴുണ്ടാകുന്ന സൗഹൃദ/ഔദ്യോഗിക ബന്ധങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ, ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത ജീവിതങ്ങള്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും മനസ്സിലാക്കണമെന്നില്ല. തെറ്റാണെങ്കിലും, ഇവരതിനെ നിസ്സാരവത്കരിച്ചേക്കാം. എന്നാല്‍, ദലിത് ബഹുജന്‍ സ്ത്രീകളുടെ പേരില്‍ സംസാരിക്കുന്നവരെങ്കിലും ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതിനു പകരം, ഇങ്ങനെയൊരു ലോകം എല്ലാ സ്ത്രീകളും സ്വാഭാവികമായി അധിവസിക്കുന്ന ഒന്നാണെന്ന രീതിയില്‍ സംസാരിക്കുന്നത്, ലിബറല്‍ ഫെമിനിസവും ബഹുഭൂരിപക്ഷം കീഴാള സ്ത്രീകളുടെ ജീവിത ലോകങ്ങളും തമ്മിലുള്ള അന്തരത്തെയാണ് സൂചിപ്പിക്കുന്നത്.
അധീശ ലിബറല്‍ ലോകത്തു നിന്ന് ലൈംഗികതയെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും പറയുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സവര്‍ണ ലിബറല്‍ പൊതുമണ്ഡലത്തിന്റെ രീതികളും ഭാഷയും നിറവുമെല്ലാം ഹിന്ദു സവര്‍ണതയിലൂന്നിയതാണ്; അവ തീര്‍ത്തും സ്ത്രീവിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ അത്തരമിടങ്ങളുടെ അധീശമായ സമ്പ്രദായങ്ങളില്‍ നിന്നെല്ലാം ദൂരെ മാറിനിന്നും കൊണ്ടാണ് പല ദലിത് ബഹുജന്‍ സ്ത്രീകളും അവിടങ്ങളില്‍ ജീവിച്ചുപോരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി, അങ്ങനെയൊരു സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സവര്‍ണ സ്ത്രീകളുടെ സാംസ്‌കാരിക സ്ഥാനം അവരെ സംരക്ഷിക്കുമ്പോള്‍, കീഴാള സ്ത്രീകളാണ് പലപ്പോഴുമിവിടെ ഇരകളായി തീരുന്നത്.
എന്നാല്‍, സവര്‍ണ ലിബറല്‍ പൊതുമണ്ഡലത്തിനോടുള്ള കീഴാള സ്ത്രീകളുടെ അസ്വാസ്ഥ്യം പക്ഷേ ലിബറല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഷയില്‍ മാത്രമാണ് പുറത്തുവരുന്നത്. ഇതാണ് വാസ്തവത്തില്‍ കേരളത്തിലെ തുറന്നു പറച്ചിലുകളിലൂടെ നാം കണ്ടത്. സമ്മതം-സമ്മതമില്ലായ്മ എന്ന രീതിയില്‍ എല്ലാ പ്രശ്‌നങ്ങളെയും കണ്ടുകൊണ്ട്, ലിബറല്‍ ലൈംഗികതയുടെ സേഫ്റ്റി വാള്‍വ് മാത്രമായാണ് സവര്‍ണ/വെളുത്ത ഫെമിനിസം ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനപ്പുറം കടന്ന്, സവര്‍ണ ലിബറല്‍ പൊതുമണ്ഡലത്തെയും അവിടെ നിലനില്‍ക്കുന്ന ലൈംഗികതയെ കുറിച്ചുള്ള അധീശ വ്യവഹാരങ്ങളെയും ഒരു ദലിത് ബഹുജന്‍ സ്ത്രീപക്ഷത്തു നിന്ന് ഘടനാപരമായി വിശകലനം ചെയ്യാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
കീഴാള സ്ത്രീകളുടെ മുറിവേറ്റ ശരീരത്തിന് മുകളിലാണ് ഇന്ത്യന്‍ ഫെമിനിസം നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്ന യഥാര്‍ഥ്യം ഇന്ത്യന്‍ അക്കാദമിക ലോകത്തിന്റെ സവര്‍ണ യുക്തിക്കുള്ളില്‍ നിന്നുകൊണ്ട് ഫെമിനിസത്തിന്റെ വ്യവഹാരങ്ങള്‍ ദലിത് ബഹുജന്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഥവത്താക്കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
അവസാനമായി, കീഴാള സ്ത്രീകളുടെ മുറിവേറ്റ ശരീരത്തിന് മുകളിലാണ് ഇന്ത്യന്‍ ഫെമിനിസം നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്ന യഥാര്‍ഥ്യം ഇന്ത്യന്‍ അക്കാദമിക ലോകത്തിന്റെ സവര്‍ണ യുക്തിക്കുള്ളില്‍ നിന്നുകൊണ്ട് ഫെമിനിസത്തിന്റെ വ്യവഹാരങ്ങള്‍ ദലിത് ബഹുജന്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഥവത്താക്കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
റമീസാ ബീ എന്ന മുസ്‌ലിം സ്ത്രീ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളാണ് ഇന്ത്യന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ പ്രസിദ്ധമാക്കിയത്. മതുര എന്ന ആദിവാസി സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളാണ് ഇന്ത്യയിലെ ബലാത്സംഗ നിയമങ്ങള്‍ മാറ്റിയെഴുതുന്നതിലേക്ക് നയിച്ചത്. ബന്‍വാരി ദേവി എന്ന ഒ.ബി.സി സ്ത്രീയുടെ കൂട്ടബലാത്സംഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിശാഖ എന്ന എന്‍.ജി.ഒ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സംരക്ഷണം വേണമെന്ന് പറഞ്ഞ് കേസു കൊടുക്കുന്നത്. ഇതിന്റെ അനന്തരഫലമായാണ്, നേരത്തെ സൂചിപ്പിച്ചത് പോലെ, കീഴാള സ്ത്രീകള്‍ക്ക് ഉപയോഗശൂന്യമായ ‘വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍’ ഉണ്ടാകുന്നത്. കേരളത്തിലും “പീഡനം” എന്ന ആശയത്തിന് ഇത്രയധികം പ്രസിദ്ധി നേടാന്‍ കാരണമായത്, കീഴാള സ്ഥാനത്ത് നില്‍ക്കുന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ പ്രമാദമായ കേസും അതിനെ ചുറ്റിപറ്റിയുണ്ടായ ഫെമിനിസ്റ്റ് പ്രതിഷേധങ്ങളുമാണ്.
എന്നാല്‍, ഇത്തരത്തിലുയര്‍ന്നു വന്ന ഫെമിനിസവും അതിനു കീഴെ ഉണ്ടായ നിയമങ്ങളും കീഴാള സ്ത്രീകള്‍ക്ക് വലുതായൊന്നും നേടി കൊടുത്തിട്ടില്ല. റമീസാ ബീ, മതുര, ബന്‍വാരി ദേവി എന്നിവര്‍ക്കൊന്നും തന്നെ ഇന്നുവരെ നീതി കിട്ടിയിട്ടില്ല. തന്റെ പേരില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബലാത്സംഗത്തെ സംബന്ധിച്ചുള്ള നിയമങ്ങള്‍ മാറിയെന്നോ, പ്രതിഷേധങ്ങള്‍ നടന്നുവെന്നോ മതുരക്ക് ഇന്നും അറിയില്ല. ഇന്നും ഓരോ ദിവസവും നാലു ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്ന ഒരു രാജ്യമാണിത്. ഇതില്‍ പലതും കൂട്ടബലാത്സംഗങ്ങളാണ്. എന്നാല്‍ ഫെമിനിസ്റ്റ് പക്ഷത്തു നിന്ന് കൂട്ടബലാത്സംഗത്തെ കുറിച്ചുള്ള ഒരു വിശകലനവും ഇന്നുവരെ മുന്നോട്ട് വന്നിട്ടില്ല. അതിനുപകരം മധ്യവര്‍ഗ സ്ഥാപനങ്ങളിലെ പൂവാലശല്യം, ലൈംഗികാതിക്രമം, പൊതുവിടങ്ങളിലെ അതിക്രമം എന്നിങ്ങനെയുള്ള സംഗതികളാണ് ഫെമിനിസ്റ്റ് പ്രതിഷേധങ്ങളെ പ്രസിദ്ധമാക്കിയത്.
ഇതൊന്നും കാണാതെ, ‘ആക്രമിക്കുന്ന പുരുഷന്‍’, ‘ആക്രമിക്കപ്പെടുന്ന സ്ത്രീ’ എന്ന സവര്‍ണ ഫെമിനിസത്തിന്റെ ബൈനറിയില്‍ നിന്നു കൊണ്ട്, സൂര്യനെല്ലി മുതലിങ്ങോട്ടുള്ള ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് കീഴെ ദലിത് ബഹുജന്‍ സ്ത്രീകളെ കൊണ്ടുനിര്‍ത്താനാണ് ഫേസ്ബുക്കില്‍ നടന്ന ദലിത് ബഹുജന്‍ സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ ഉപയോഗിക്കപ്പെട്ടത്. എന്നാല്‍, മേല്‍സൂചിപ്പിച്ചത് പോലെ, ദലിത് ബഹുജന്‍ സ്ത്രീകളുടെ വ്യത്യസ്തവും അതിസങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ നിലവിലുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ തന്നെയാണിവിടെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടത്.