പാനായിക്കുളം കേസ്: എനിക്കു പറയാനുള്ളത്

കുറ്റവിമുക്തരായ ഈ വേളയിലും ഭാഗികമായ സന്തോഷം മാത്രമാണ് നമുക്കുള്ളത്. ഈ സന്തോഷം പൂർണമാകണമെങ്കിൽ രാജ്യത്തിന്റെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ മോചനം സാധ്യമാകേണ്ടതുണ്ട്. ഏപ്രിൽ 19ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വെച്ചു പാനായിക്കുളം കേസിലെ കുറ്റവിമുക്തർക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് റാസിഖ് റഹീം നടത്തിയ പ്രഭാഷണം.

വേദിയിലും സദസ്സിലുമുള്ള ആദരണീയരായ സഹോദരങ്ങളെ സുഹൃത്തുക്കളെ,

2006ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ രാജ്യത്തിന്റെ സാഹചര്യം വലിയ അളവിൽ മാറ്റം വന്നിട്ടുണ്ട്. നമ്മൾ ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ, രാജ്യത്തിന്റെ ഭാവി ആശങ്കയോടെ ആളുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യമാണ് ഓർമ വരുന്നത്. 2006 മുസ്‌ലിം ചെറുപ്പക്കാരെ ജയിലുകളിലേക്ക് കൊണ്ടുപോകാൻ യാതൊരു തടസ്സവുമില്ലാത്ത കാലമായിരുന്നു. 2006ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ഞങ്ങൾ കടന്നുവരുമ്പോൾ അന്ന് ഞങ്ങളെ അഡ്മിഷനെടുത്ത ജയിലുദ്യോഗസ്ഥൻ വലിയ ഒച്ചയിൽ ഞങ്ങളോട് ചോദിച്ചത് ഉത്തരേന്ത്യയിലേത് പോലെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലാൻ ഒരു സംവിധാനവുമില്ലേ ഇവിടെ എന്നാണ്.

14 വർഷം ശിക്ഷയാണ് എനിക്കുള്ളത്. അൻസാർ നദ്‌വിക്കും 14 വർഷമുണ്ട്. ബാക്കിയുള്ളവർക്കൊക്കെ 12 വർഷത്തെ ശിക്ഷയാണ്. കാക്കനാട് ജില്ല ജയിലിൽ ഞങ്ങളെ പ്രവേശിപ്പിക്കുമ്പോൾ അവിടത്തെ ജയിൽ മേധാവി വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. ഒരു പ്രസംഗം നടത്തിയതിനാണോ നിങ്ങൾക്ക് ഇത്രയും വലിയ ശിക്ഷ കിട്ടിയിരിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. 2006ൽ നിന്ന് 2015ലേക്കും പത്തൊമ്പതിലേക്കും എത്തുമ്പോൾ രാജ്യത്തെമ്പാടുമുള്ള മുസ്‌ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ ചെറുപ്പക്കാരെ പിടിച്ച് കൊണ്ട് പോകുന്നത് മനപ്പൂർവമാണെന്നും കെട്ടിച്ചമച്ച കേസുകളിലൂടെയാണെന്നും രാജ്യം ഫാസിസ്റ്റ്‌വൽക്കരിക്കപ്പെടുന്ന സന്ദർഭത്തിൽ പോലും നമ്മുടെ നാട്ടിലെ പൗരസമൂഹം തിരിച്ചറിയുന്ന ഒരു ചുറ്റുപാട് നമ്മുടെ ഇടയിലൊക്കെ വളർന്നു വന്നിട്ടുണ്ട്.

മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളുമൊക്കെ ഇടപെട്ട, അവരുടെ പ്രവർത്തന ഫലമായുണ്ടായ ഒരു കാര്യമാണിത്. പാനായിക്കുളം കേസിന്റെ നാൾവഴികൾ ഇവിടെ ഞങ്ങളുടെ വക്കീലായ അഡ്വ.സലീം സാഹിബ് സൂചിപ്പിക്കുകയുണ്ടായി. പാനായിക്കുളത്ത് ഹാപ്പി ഓഡിറ്റോറിയത്തിൽ സെമിനാറിൽ പ്രസംഗിച്ചു എന്നതാണ് അല്ലെങ്കിൽ അതിൽ പങ്കെടുത്തു എന്നതായിരുന്നു ഞങ്ങൾക്കെതിരെയുള്ള കുറ്റം. പ്രോസിക്യൂഷന്റെ നുണക്കൂമ്പാരങ്ങളെ ഓരോ ദിവസവും വളർത്തി വലുതാക്കിയാണ് എൻഐഎ കോടതിയിൽ പാനായിക്കുളം കേസ് എത്തുന്നത്. ഞങ്ങളെ വെറുതെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു എന്നാണ് രേഖകളിലുള്ളത്. പിന്നെയും രണ്ട് മൂന്ന് ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു നിരോധിത സംഘടനയുടെ ലിറ്ററേച്ചറുകൾ അവിടേക്കെത്തിച്ചിട്ടുണ്ട് എന്ന് പറയാൻ. ഞങ്ങളെ പിടിക്കുമ്പോൾ അങ്ങനത്തെ പ്രശ്‌നങ്ങൾ ഒന്നും ഇല്ല. പക്ഷേ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവിടെ നിരോധിത സാഹിത്യങ്ങൾ ഉണ്ടായിരുന്നു എന്ന നിലക്ക് പോലീസ് കണ്ടെത്തി.

പാനായിക്കുളം കേസിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോൾ ഒരുപാട് അനുഭവങ്ങൾ ഞങ്ങൾക്കുണ്ട്. എന്ത്‌കൊണ്ട് രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ട് ഇവരുടെ കൈയ്യിൽ നിന്ന് രേഖകൾ കണ്ടെത്തി എന്ന് കോടതി ചോദിക്കുന്നുണ്ട്. നമ്മുടെ വക്കീലന്മാർ അവരോട് ചോദിച്ചു, എന്തുകൊണ്ട് നിങ്ങൾ ഇവരെ സ്‌പോട്ട് അറസ്റ്റ് ചെയ്തില്ല? 18 പേരല്ലേ ഉള്ളൂ? പോലീസ് എന്ന് പറഞ്ഞാൽ രാജ്യത്തെ വലിയൊരു സംവിധാനമാണ്. ഞങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഒരു ദിവസത്തിന് ശേഷമാണ്. അപ്പോൾ അവർ പറഞ്ഞു, സിമി പ്രവർത്തകരല്ലെ, ഭീകരരല്ലെ. ഞങ്ങളെ എങ്ങാനും അക്രമിച്ചേക്കുമോ എന്ന് ഭയന്നു എന്നാണ് അന്നത്തെ എസ്ഐ ആയിരുന്ന രാജേഷ് കോടതിയിൽ ബോധിപ്പിച്ചത്. 9 ദിവസത്തെ പ്രോസിക്യൂഷന്റെയും അതുപോലെ നമ്മുടെ വക്കീലുമാരുടെയും ക്രോസിങ്ങിന് ശേഷം ഒമ്പതാമത്തെ ദിവസമെത്തുമ്പോൾ എൻഐഎ കോടതി ജഡ്ജിയായ എൻ.ബാലചന്ദ്രൻ ചോദിച്ചു, ഈ നിൽക്കുന്ന അവസ്ഥയിൽ തന്റെ യൂണിഫോം അഴിച്ചു വെപ്പിച്ചിട്ട് ഇറക്കിവിടണമോ വേണ്ടയോ എന്ന്. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു അദ്ദേഹം. ആ എസ്ഐ ഇന്ന് സിഐ ആണ്. എന്റെ ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവമാണ് ഒരു കോടതിയിൽ നിന്ന് ഉണ്ടാകുന്നത് എന്ന് അന്ന് പുറത്തിറങ്ങിയിട്ട് ഞങ്ങളോടൊക്കെ വിഷമം പറഞ്ഞു. ഞങ്ങളെയൊക്കെ അറസ്റ്റ് ചെയ്ത ആളാണ്. കെട്ടിച്ചമച്ച കേസാണ് എന്ന് കോടതിക്ക് ബോധ്യം വന്നുകൊണ്ടിരിക്കുന്നു എന്ന് ഞങ്ങളിങ്ങനെ അഹ്ലാദത്തോടെ കേട്ട ഒരുപാട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

2006ൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 2018ൽ വീണ്ടും 13 പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് മാപ്പുസാക്ഷിയാക്കപ്പെട്ട റഷീദ് മൗലവി ഉൾപ്പടെയുള്ളവരെ മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി ആയിരുന്ന ശശിധരൻ അറസ്റ്റ് ചെയ്യുന്നുണ്ട്. 2014ൽ ഈ കേസിന്റെ വിചാരണ നടക്കുന്ന വേളയിൽ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട മെഡൽ ലഭിക്കുന്നുണ്ട്. ഞാനാരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറയുന്നത്. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ അദ്ദേഹത്തിന് കിട്ടി. ശശിധരൻ ഡിവൈഎസ്പിയെ പരാമർശിക്കുന്നതിന് മുമ്പ് ഒരുകാര്യം കൂടെയുണ്ട്. ഞാൻ പറഞ്ഞുവല്ലോ പാനായിക്കുളം കേസ് 2006 ഓഗസ്റ്റ് 15ന് അറസ്റ്റിന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചില രേഖകൾ ഈ കേസിലേക്ക് കടത്തിക്കൊണ്ട് വരുന്നതെന്ന്. പക്ഷേ 2008ൽ ഇതിലേക്ക് സുപ്രധാനമായ മറ്റൊരു കൃത്രിമ രേഖ ഡിവൈഎസ്പി ശശിധരൻ കടത്തി കൊണ്ടുവരുന്നുണ്ട്. ഒരു ഡയറി. പാനായിക്കുളം കേസിൽ ആ ഓഡിറ്റോറിയം നിസാമുദ്ദീൻ ബുക്ക് ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണിത്. പക്ഷേ അതിനദ്ദേഹം ഹാജരാക്കിയ റെക്കോഡ് ഡയറി എന്ന് പറയുന്നത് 2004ലേതാണ്. 2004 ഓഗസ്റ്റ് 15ൽ ഈ പേജ് ശൂന്യമാണ്. പക്ഷേ ആ ഡയറിയുടെ അവസാന പേജിൽ ‘ഓഗസ്റ്റ് 15 നിസാമുദ്ദീൻ ഖുർആൻ ക്ലാസ്’ എന്നെഴുതിയിരിക്കുന്നു. നോക്കൂ, 2006ൽ ഇല്ലാത്ത ഒരു രേഖ 2008ൽ അവിടെ ജനിക്കുകയാണ്.

ഏതായാലും ഡിവൈഎസ്പി ശശിധരനെ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ കിട്ടിയ വിവരം അന്ന് വളരെ സന്തോഷത്തോടെ പ്രോസിക്യൂട്ടർ എഴുന്നേറ്റ് നിന്ന് കോടതിയോട് പറയുകയാണ്. ഉടനെ സ്‌പെഷ്യൽ കോർട്ട് ജഡ്ജി പറഞ്ഞു, “പ്രോസിക്യൂട്ടർക്ക് ഒരു വലിയ സേവനം ചെയ്യാൻ കഴിയുമെങ്കിൽ ഞാനൊരൊറ്റ കാര്യം ആവശ്യപ്പെടുകയാണ്. ഡിവൈഎസ്പി ശശിധരന് കിട്ടിയ ആ മെഡൽ പിൻവലിപ്പിക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്യാൻ കഴിഞ്ഞാൽ അത് പ്രോസിക്യൂട്ടർ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും. കാരണം ഈ കേസിനെ അത്രയും കുളമാക്കിയത് ആ ഒരാളാണ്.”

പാനായിക്കുളം കേസിന്റെ വിചാരണവേളയിലുടനീളം നമ്മൾ വളരെ പ്രതീക്ഷയിലാണ്. എൻഐഎയുടെ ഓഫീസർ എന്നോടൊരിക്കൽ പാനായിക്കുളം കേസിന്റെ വിചാരണയുടെ അഞ്ചാമത്തെ ദിവസം തുടങ്ങുന്നതിന് മുമ്പ് വന്ന് പറഞ്ഞു “റാസിഖേ, നിങ്ങൾ അഞ്ചുപേരെയും ശിക്ഷിക്കും. വലിയ വക്കീലിനെയൊന്നും വെക്കണ്ട.” എന്ന്. നമുക്കൊരു ആശ്വാസമായിക്കോട്ടെയെന്നും കാശൊന്നും കളയണ്ട എന്നും വിചാരിച്ചിട്ടായിരിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക. പക്ഷേ ഞാനദ്ദേഹത്തോട് പറഞ്ഞു, ഞങ്ങൾ കേസ് നടത്തുന്നത് എൻഐഎ കോടതിയിൽ ഒരു വിജയം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. മറിച്ച് ഹൈക്കോടതിയിൽ ഞങ്ങളെത്തുമ്പോൾ ഞങ്ങൾക്ക് നീതി കിട്ടും. ആ നീതി പ്രതീക്ഷിച്ചിട്ടാണ് ഞങ്ങൾ കേസ് നടത്തുന്നത് എന്ന പറയുകയുണ്ടായി. പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് എൻഐഎയുടെ ആ ഓഫീസറെ അവിചാരിതമായി കണ്ടപ്പോൾ അദ്ദേഹത്തോട് ഞാൻ ഈ വിഷയം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, “ഞങ്ങളങ്ങനെയാണ്. ഞങ്ങൾക്ക് മുൻകൂട്ടി കാര്യങ്ങളൊക്കെയറിയാം. ഞങ്ങൾ അന്യായമായി ആരെയും അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. നിങ്ങളഞ്ചു പേരേ കുറ്റക്കാരുള്ളൂ. അതിനാലാണ് ഞാനത് മുൻകൂട്ടി പറഞ്ഞത്.” എന്നദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

വിചാരണക്കോടതിയുടെ നടപടി ക്രമങ്ങൾ വലിയ വേദനയാണ് ആ ശിക്ഷയിലൂടെ തന്നത്. സലീം സാഹിബും ശരീഫ് സാഹിബും ഇവിടെ സൂചിപ്പിക്കുകയുണ്ടായി. സാധാരണ കേസുകളിൽ എത്ര വലിയ ശിക്ഷയും ആയിക്കൊള്ളട്ടെ വളരെ വലിയ ശിക്ഷകളിൽ പോലും ആ ശിക്ഷ ഒന്നിച്ചനുഭവിക്കാൻ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മറ്റു കേസുകളൊന്നുമില്ലാതെ ജീവിതത്തിൽ മറ്റ് നെഗറ്റീവായ ഒരു ചുറ്റുപാടുമില്ലാത്ത വിദ്യാസമ്പന്നരായവരെ കുറിച്ച കേരള ഹൈക്കോടതി നിരീക്ഷണങ്ങളിലൊക്കെയുള്ള പരാമർശങ്ങളാണ് ഞാൻ പറഞ്ഞത്.

ആളുകളെ വളരെ മുൻവിധിയോട് കൂടി ഒരു കോടതി ശിക്ഷിക്കുന്ന ഒരു സാഹചര്യം നമുക്കനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 14 വർഷം തടവിന് ശിക്ഷിച്ചു! സത്യത്തിൽ ആ വിധി കേട്ട് ഞങ്ങളെല്ലാവരും സ്തംഭിച്ചു പോയി. കേരള ഹൈക്കോടതി പറഞ്ഞല്ലോ. ജീവപരന്ത്യത്തിന് തുല്ല്യമായ ശിക്ഷയാണ് ഇവർക്ക് നൽകുന്നത് എന്ന്.

എന്നാൽ ആ കേസിന്റെ മുൻകാല റെക്കോർഡ് നോക്ക്. 2006ൽ 64 ദിവസം ഞങ്ങൾ കിടന്നപ്പോൾ അന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ജെയിംസ് പറഞ്ഞത് ഇവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും മതിയായത് അനുഭവിച്ച് കഴിഞ്ഞു എന്നാണ്. 2006ൽ ആ കോടതിയിൽ അങ്ങനെ പറഞ്ഞ അവസ്ഥയിൽ നിന്ന് എൻഐഎ കോടതിയിൽ വിധി പ്രഖ്യാപിക്കുമ്പോൾ വലിയ ദീർഘകാലയളവിലേക്കുള്ള ഒരു ശിക്ഷയാണ് പ്രഖ്യാപിക്കുന്നത്.

എൻഐഎയുടെ ഭാഗത്ത് നിന്ന് വ്യക്തിപരമായി യാതൊരു അലോസരവും ഞങ്ങൾക്കുണ്ടാക്കിയിട്ടില്ല. ഞങ്ങളാരെയും ഒന്ന് കണ്ണുരുട്ടി നോക്കുക പോലും ചെയ്തിട്ടില്ല. പക്ഷേ അന്തർനാടകങ്ങൾ ആ കേസിൽ ഒരുപാട് നടന്നിട്ടുണ്ട്. കേരള പോലീസിലെ സംഘ്പരിവാർ മാനസികാവസ്ഥയിലുള്ള ഉദ്യേഗസ്ഥർ തയ്യാറാക്കിയ തിരിക്കഥക്കനുസരിച്ചാണ് പാനായിക്കുളം സംഭവത്തിലെ ആദ്യനാടകങ്ങൾ നടന്നത്. എന്നാൽ ഇത് പലപ്പോഴും കോടതി മുഖവിലക്കെടുത്തിട്ടില്ല എന്നതാണ് നമുക്ക് സന്തോഷമുള്ള സംഗതി. പക്ഷേ എൻ. ഐ. എ ഈ കേസെടുത്തതിന് ശേഷം റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കി. പ്രീണിപ്പിച്ചിട്ടാണെങ്കിലും പീഡിപ്പിച്ചിട്ടാണെങ്കിലും റഷീദ് മൗലവി മാപ്പുസാക്ഷിയായി. എൻഐഎ കേരളത്തിലേറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം കേസ്. എൻഐഎ ഏറ്റെടുത്ത മറ്റു കേസുകളിലെല്ലാം മാപ്പുസാക്ഷികളെ ഉണ്ടാക്കിയിട്ടുണ്ട്. പാനായിക്കുളം കേസിൽ പോലും ഈ പതിനെട്ട് പേരിൽ 5 പേരൊഴികെയുള്ള മുഴുവൻ പേരെയും മാപ്പുസാക്ഷിയാകാൻ വേണ്ടി എൻഐഎ സമീപിച്ചു. എല്ലാവരുടെ അടുത്തും അവരുടെ ആവശ്യവും ആഗ്രഹവും ഉന്നയിച്ചു. പക്ഷേ അതിലാരും സന്നദ്ധമായില്ല എന്നതാണ് സത്യം. വാഗമൺ കേസിൽ മാപ്പുസാക്ഷിയുണ്ട്. കളമശ്ശേരി ബസ്സു കത്തിക്കലിൽ മാപ്പുസാക്ഷിയുണ്ട്. കശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ മാപ്പുസാക്ഷിയുണ്ട്. ഇപ്പോൾ ഈ അടുത്തു നടക്കുന്ന ഐഎസ് കേസിൽ മാപ്പുസാക്ഷികളുടെ ഒരു മഹാപ്രളയമാണ്. രണ്ട് പ്രതികൾക്ക് 4 മാപ്പുസാക്ഷികൾ വീതം ആ കേസിലുണ്ട്.

മാപ്പുസാക്ഷികളെ സൃഷ്ടിച്ച് കൊണ്ട് ഒരു കേസ് വിജയിക്കുക. സത്യത്തിൽ നീതിക്ക് നിരക്കാത്ത ഒരു വലിയ പ്രവർത്തിയാണ്. രാജ്യത്തെ ഏറ്റവും വലിയ ഏജൻസിയാണ് എൻഐഎ. അവരുടെ പ്രാപ്തിയോ കഴിവോ സന്നദ്ധതയോ കൊണ്ടല്ല കേസുകൾ വിജയിക്കുന്നത്. മറിച്ച് മാപ്പുസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടാണ്.

ഞാൻ പറഞ്ഞല്ലോ പ്രീണിപ്പിച്ചും പീഡിപ്പിച്ചുമാണ് മാപ്പുസാക്ഷികളെ ഉണ്ടാക്കുന്നത്. നമ്മുടെ ഒരു പ്രീഹിസ്റ്ററിയെങ്കിലും പരിശോധിക്കണ്ടേ. ഇയാൾക്കെന്തെങ്കിലും ക്രൈമുണ്ടോ? ബീഡി വലിച്ചിട്ട് അന്യന്റെ മുഖത്തേക്ക് ഒരു പുകച്ചുരുൾ പോലും ഊതിവീശാത്ത അത്രയേറെ സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് പ്രതികളാക്കപ്പെട്ടത്.

പലജാതി പ്രശ്‌നങ്ങൾ ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഇല്ലെന്നല്ല. പക്ഷേ അതൊന്നും ഞങ്ങളുടെ വ്യക്തിത്വത്തെ ഹനിച്ചു കൊണ്ടായിരുന്നില്ല. നിങ്ങളൊരു എൻഐഎ പ്രതിയാണ്. നിങ്ങളൊരു യുഎപിഎ പ്രതിയാണ്. അത്രമാത്രമാണ് അവരുടെ പ്രശ്‌നം. നമ്മുടെ വ്യക്തിത്വത്തെ അക്രമിക്കുന്ന യാതൊരു പരാമർശങ്ങളും അവർ ഞങ്ങളോട് നടത്തിയിട്ടില്ല. പക്ഷേ രാജ്യത്തെ ഏജൻസികൾ ഞങ്ങളെ സംശയത്തിന്റെ മുൾമുനയിൽ എല്ലാ നിമിഷവും നിലനിർത്തിയിട്ടുണ്ട്. മാസത്തിലൊരു തവണ ഞങ്ങളെ കാണാൻ വരുന്നവരുടെ ലിസ്റ്റ് പോലീസ് എടുത്തുകൊണ്ടു പോകുന്നുണ്ട്. എൻഐഎ പ്രതികളെയോ യുഎപിഎ പ്രതികളെയോ കാണാൻ മാത്രമാണ് അവിടെ ഒറിജിനൽ ആധാർ കാർഡ് ആവശ്യമുള്ളത്. മറ്റുള്ളവർക്ക് അതാവശ്യമില്ല. മൂന്നര വർഷം ജയിലിൽ കിടന്ന് ഞങ്ങൾ നിരപരാധികളായി പുറത്തിറങ്ങി വരുമ്പോൾ ആരു തിരുത്തും ഇത്തരം തെറ്റുകളെ? ആർക്കാണ് തിരുത്താൻ കഴിയുക?

മീഡിയകളെ കുറിച്ച്, മൃദുല സൂചിപ്പിക്കുകയുണ്ടായി. ഒരു പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ തീർത്തും അപ്രസക്തമായി പോകുമായിരുന്ന കേസിനെ ലഭ്യമാകുന്നതിനെക്കാൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു എന്ന കാര്യത്തിൽ മാധ്യമങ്ങളോട് എനിക്ക് നന്ദിയുണ്ട്. ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ വലിയ പ്രാധാന്യമാണ് ആ വാർത്തക്ക് കിട്ടിയത്. ഞാൻ പത്രങ്ങളുടെയൊന്നും പേര് പരാമർശിക്കുന്നില്ല. കാരണം ആരെയും ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് പോകേണ്ടതല്ലല്ലോ നമ്മുടെ പ്രവർത്തനങ്ങൾ. മുകളിൽ നിന്നുള്ള ഇടപെടലുകൾ മൂലമുണ്ടാകുന്നതാണ് ഇത്തരം പത്രവാർത്തകൾ എന്ന് നമുക്കറിയാം.

പക്ഷേ, 2006 ഓഗസ്റ്റ് 17ആം തിയ്യതിയിലെ പത്രങ്ങളുടെ തലക്കെട്ടുകൾ എന്തെല്ലാമായിരുന്നു? വലിയ സ്‌ഫോടകശേഖരത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഈ പത്രങ്ങൾ നടത്തി. ഇവർക്ക് വിദേശസഹായം വരുന്ന തരത്തിലുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്, കാശ്മീരിന്റെ തലയില്ലാത്ത ഭൂപടം ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചു, ആലുവ റെയിൽവേ സ്റ്റേഷന്റെ മാപ്പിൽ ചില അടയാളപ്പെടുത്തലുകളുള്ള ചില സൂചനകൾ ഇവരുടെ കൈയ്യിൽ നിന്ന് കിട്ടി… എന്നിങ്ങനെ.

അറസ്റ്റുചെയ്ത് മാസങ്ങൾ കഴിഞ്ഞ് പാനായിക്കുളം കേസിൽ നിന്ന് മുക്തനായി ഞാൻ പുറത്ത് വന്നു. എന്റെ ഭാര്യ ബാംഗ്ലൂരുള്ള ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഈ ജോലിക്കാലത്ത് മലയാളത്തിലെ മറ്റൊരു പത്രം ഒരു നുണക്കഥ എഴുതി. മുൻപേജിൽ. ‘പാനായിക്കുളം കേസിലെ പ്രതിയുടെ ഭാര്യയെ പാകിസ്താനിയായ ഫഹദ് എന്ന് പറയുന്ന ആൾ നിരന്തരമായി ഓഫീസിൽ സന്ദർശിച്ചിരുന്നു’ എന്ന്. ഒരു മലയാള പത്രത്തിലെ വാർത്തയാണിത്. കേരളകൗമുദി. സത്യത്തിൽ വളരെ വേദനയുണ്ടാകുന്ന ഒരു വാർത്തയാണ്. ഭാര്യയെ ജോലിക്ക് കൊണ്ടുപോകുന്നതിനെയാണ് ഇങ്ങനെ വാർത്ത ആക്കുന്നത്. കേരളകൗമുദിയുടെ കോഴിക്കോടുള്ള ഓഫീസിലേക്ക് ഞാനും എന്റെ ഭാര്യയും കടന്നു ചെന്നിട്ട് പറഞ്ഞു, നിങ്ങളിങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മിനിമം ഞങ്ങളോടൊന്ന് അന്വേഷിച്ച് കൂടായിരുന്നോ? പൊതുരംഗത്തുള്ളവനാണല്ലോ ഞാൻ. അപ്പോ അവർ പറഞ്ഞു ഇത് ഏജൻസിയുടെ ന്യൂസാണ്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഇത് വളരെ തെറ്റായ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത്. അല്ല അത് ഞങ്ങൾ തിരുത്താം. ഒരു മറുകുറിപ്പ് തന്നാൽ മതി. അപ്പോൾ ഞാനവരോട് പറഞ്ഞു, മറുകുറിപ്പ് ചരമക്കോളത്തിലല്ലേ വരുകയുള്ളു. അവർ മറുകുറിപ്പ് പ്രസിദ്ധീകരിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എഡിജിപി പത്മകുമാർ സാറിനെ ഞാൻ നേരിൽ കണ്ട് ഈ വിവരം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഞാൻ കേസിൽ നിന്ന് പുറത്തിറങ്ങിയ ആളാണല്ലോ. അദ്ദേഹം പറഞ്ഞു, ഇങ്ങനെ പലജാതി നാടകങ്ങൾ കേന്ദ്ര ഏജൻസി ചെയ്യുന്നുണ്ട്. ഞങ്ങളുടെ നിയന്ത്രണത്തിന് മുകളിലാണവരുള്ളത്. ഇനിയെന്തെങ്കിലും ഉപദ്രവമുണ്ടായാൽ എന്നെ അറിയിച്ചോ എന്ന് പറഞ്ഞ് ഫോൺ നമ്പറും തന്ന് എന്നെ മടക്കിയയച്ചു അദ്ദേഹം. എന്തിനുവേണ്ടിയാണ് ഇത്തരം തിക്താനുഭവങ്ങൾ?

റാസിഖ് റഹീം

ഈ രാജ്യം എന്റെ ജന്മനാടാണ് എന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ട്, നമുക്ക് നിലപാടുകളിൽ വിയോജിപ്പുകളുണ്ടാകാം. ഭരണകൂടത്തിന്റെ മേഖലകളിൽ നമ്മൾ യോജിക്കാത്ത ഒരുപാട് മേഖലകളുണ്ടാകാം. ഒരുപാട് വിമർശനങ്ങൾ ഉന്നയിച്ച ആളുകളാകാം നമ്മൾ. പക്ഷേ അതിലൊന്നും രാജ്യത്തിന്റെ നിലനിൽപിനെയല്ല നമ്മൾ ചോദ്യം ചെയ്തത്. രാജ്യത്തെ അല്ല ചോദ്യം ചെയതത്. മറിച്ച് രാജ്യത്ത് നിലനിൽക്കുന്ന തെറ്റായ ഓരോ പ്രവണതകൾക്കെതിരായാണ് നിലപാടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ള ആളുകൾക്കെതിരെ ഇത്തരം കെട്ടിച്ചമക്കലുകളിലൂടെ ഇവർ എന്താണ് ഉന്നം വെക്കുന്നത് എന്ന് നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. സത്യസന്ധരായ ഒരുപാട് മാധ്യമപ്രവർത്തകർ ഉയർന്നു വരുന്നുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങളിൽ നിന്ന് അവരും വിട്ടുനിൽക്കുന്നില്ല എന്നതാണ് വിഷമിപ്പിക്കുന്നത്.

പിന്നെയും കുറെ നാളുകൾക്ക് ശേഷം, മംഗളം പത്രത്തിലൊരു ന്യൂസ് ഒരു ദിവസം വരുകയാണ്. ‘ഷിബിലിയുടെ ബന്ധുവിനെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു’ എന്ന്. എന്റെ ഭാര്യാസഹോദരനാണ് ഇനിയും ജയിൽ മോചിതനാകേണ്ട ഷിബിലി. പത്രത്തിന്റെ കോപ്പിയൊക്കെ എന്റെ കൈയ്യിൽ ഉണ്ട്. എല്ലാം ഞാൻ ശേഖരിച്ച് വച്ചിട്ടുണ്ട്. അപ്പോൾ ഞാൻ വളര അത്ഭുതപ്പെട്ടു. കാരണം എനിക്ക് അറിയാവുന്നവരൊക്കെയാണല്ലോ ഷിബിലിയുടെ ബന്ധുക്കൾ എന്നൊക്കെ പറയുന്നത്. ഞാൻ മംഗളത്തിന്റെ റിപ്പോർട്ടറെ ഫോൺ ചെയ്തു. വളരെ നയപരമായ ഭാഷയിൽ ഞാൻ സംസാരിച്ചു. തൃശ്ശൂർ ബ്യൂറോയിലാണ് അദ്ദേഹം വർക്ക് ചെയ്തുകൊണ്ടിരുന്നത്. ഞാൻ വിളിച്ചിട്ട് പറഞ്ഞു ഞാൻ ഷിബിലിയുടെ അളിയനാണ്. ഇങ്ങനെയൊരു ന്യൂസ് നിങ്ങളുടെ പത്രത്തിൽ വന്നിട്ടുണ്ടല്ലോ, എവിടെ നിന്നാണ് സോഴ്‌സ് കിട്ടിയത്? പതിവ് പല്ലവി അവർ പറഞ്ഞു. ഇത് പോലീസ് സോഴ്‌സാണ്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ. അപ്പോൾ ഞാൻ പറഞ്ഞു ഇവിടെ ഈരാറ്റുപേട്ടയിൽ ജീവിച്ചിരിക്കുന്നവരാണ് ഞങ്ങളൊക്കെയെന്ന്. കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നോട് മര്യാദക്ക് സംസാരിക്കുന്നതെന്ന്. നുണക്കഥകളെഴുതിവിട്ട് മനുഷ്യന്മാരുടെ പ്രാക്കും ആക്ഷേപവും കേട്ട് മടുത്ത ആളായിരിക്കില്ലേ അദ്ദേഹം? ഇല്ലെങ്കിൽ അദ്ദേഹം എന്നോട് പറയുമോ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ മര്യാദക്ക് സംസാരിക്കുന്നതെന്ന്. ഒരുപാട് തിക്താനുഭവങ്ങൾ. നമ്മുടെയൊക്കെ നിലപാടുകളുടെ ഭാഗമായിരിക്കാം ഇത്തരം തിക്താനുഭവങ്ങളൊക്കെ.

ഈ രാജ്യത്തെ സ്‌നേഹിക്കുന്ന, ഈ രാജ്യം നന്നാവണം എന്നാഗ്രഹിക്കുന്ന, ഈ രാജ്യം മോചിപ്പിക്കപ്പെടണം എന്നാഗ്രഹിക്കുന്ന, ഈ രാജ്യത്തിന്റെ എല്ലാ ഉന്നമനത്തിനൊപ്പവും നമ്മുടെ നിലപാടുകളെ ചേർത്ത് പിടിക്കുന്ന ആളുകളെന്ന നിലയിൽ ഇത്തരം തിക്താനുഭവങ്ങൾ വളരെ വേദനയുണ്ടാക്കുന്നുണ്ട്.

ഷമ്മാസ് ജയിലിൽ വെച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ കൺമുന്നിൽ വെച്ച് ഹെർണിയ ബാധിച്ച ഒരു സഹോദരൻ രണ്ട് രണ്ടര മണിക്കൂർ വേദന കൊണ്ട് തീ തിന്നുന്ന അവസ്ഥയെക്കുറിച്ച്. തൊട്ടടുത്ത് മനുഷ്യാവകാശ കമ്മീഷന്റെ വിസിറ്റിങ് ഉണ്ടായി ജയിലിൽ. മനുഷ്യാവകാശ കമ്മീഷൻ അംഗമായ പ്രമുഖനായ വ്യക്തി ജയിലിൽ വന്നപ്പോൾ ഈ സങ്കടം പറഞ്ഞു അദ്ദേഹത്തോട്. അപ്പോളദ്ദേഹം അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ തൊട്ടടുത്തിരുന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു എൻഐഎ കേസാണെന്ന്. “എൻഐഎ കേസാണോ എന്നാൽ പിന്നെ നടക്കില്ല” എന്ന് പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന്റെ അംഗം അവിടെ നിന്ന് പോവുകയുണ്ടായി.

മൂന്നര വർഷത്തിനു ശേഷം അദ്ദേഹത്തിന് പാനായിക്കുളം കേസിലെ പ്രതികളെയോ അല്ലെങ്കിൽ മറ്റു കേസിലെ പ്രതികളെയോ വിട്ടയച്ചെന്നു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെയുള്ളിൽ ഒരു വേദന വരാൻ സാധ്യതയില്ലേ? ബാലചന്ദ്രൻ ജഡ്ജിക്ക് തന്നെ തോന്നിയിട്ടുണ്ടാകില്ലേ വളരെയേറെ വിഷമം? ആ വിഷമം ഉണ്ടായില്ലെങ്കിൽ അടിസ്ഥാനപരമായി മനുഷ്യനെന്ന നിലക്കുള്ള യാതൊരു ക്വാളിറ്റിയും അദ്ദേഹത്തിനില്ല എന്ന് മാത്രമെ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയൂ. തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോട് കൂടി മാത്രമാണ് ജയിലുകളിൽ ഈ യുഎപിഎയുടെയും എൻഐഎയുടെയും പ്രതികൾ ജീവിക്കുന്നത് എന്നൊരു സത്യം കൂടി നിങ്ങളെ ഉണർത്താൻ ആഗ്രഹിക്കുകയാണ്. തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോട് കൂടിത്തന്നെ. അങ്ങനെയൊന്നും ജീവിക്കേണ്ട ആവശ്യമില്ല അടിസ്ഥാനപരമായിട്ട്. കാരണം, പരോൾ തരില്ല, മര്യാദക്ക് ഇന്റർവ്യൂ തരില്ല, ആശുപത്രികളിൽ അമിതമായ എസ്‌കോർട്ടില്ലാതെ നമ്മളെ വിടില്ല. ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങൾ നമുക്ക് ജയിലുകളിൽ ലഭിക്കാതിരിക്കുമ്പോഴും തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോട് കൂടിയാണവർ കഴിയുന്നത്.

ഒരു കറക്ഷണൽ സർവ്വീസാണ് ജയിലെപ്പോഴും. കറക്ഷണൽ സർവീസിലേക്ക് ഒരു ജയിൽ മാറാൻ എന്തെല്ലാം ആവശ്യമുണ്ടോ അത്തരം പ്രവർത്തനങ്ങളുടെയെല്ലാം മുൻപന്തിയിൽ ഞങ്ങൾ ഓരോരുത്തരും ഉണ്ടായിരുന്നു. ഏതാണ്ട് അഞ്ചാറ് മാസം മുമ്പ് ജയിലിലെ ജോയിന്റ് സുപ്രണ്ട് ഇതൊരു കാമ്പസ് പോലെയായി എന്ന് പറയുകയുണ്ടായി. ജയിലിനകത്ത് പരിവർത്തനത്തിനുതകുന്ന എന്തെല്ലാം സാധ്യതകൾ ഉപയോഗപ്പെടുത്താമോ അത്തരം സാധ്യതകളിലെല്ലാം ഞങ്ങൾ ഇടപെട്ടു പ്രവർത്തിച്ചിട്ടുണ്ട്. പ്രസംഗിച്ചതിനാണല്ലോ എനിക്ക് കേസുണ്ടായത്. പക്ഷേ, ജയിലിൽ ഞാനെത്തിപ്പെട്ട അന്നു മുതൽ ഇറങ്ങുന്നതിന്റെ അവസാനത്തെ ആഴ്ചവരെയും അവിടെ നടക്കുന്ന എല്ലാ പരിപാടിയിലും ഞാൻ പ്രസംഗിച്ചിട്ടുണ്ട്. ഞാനകറ്റി നിർത്തപ്പെടേണ്ടവനോ മാറ്റി നിർത്തപ്പെടേണ്ടവനോ ആണെന്ന ചിന്ത അവരുടെ മനസ്സിലുണ്ടെങ്കിൽ അവരിങ്ങനെ അനുവദിക്കുമോ? നമ്മളുമായി അടുത്തിടപഴകിയതിന്റെ അടിസ്ഥാനത്തിൽ അവർ മന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖരായ ആരൊക്കെ ജയിൽ സന്ദർശിച്ചിട്ടുണ്ടോ അവരുടെയൊക്കെ വേദികളിൽ ‘ജയിൽ മാറി’ എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താൻ വേണ്ടിയാണെങ്കിൽ പോലും ജയിൽ വകുപ്പ് നമ്മളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാ രംഗത്തും നമ്മളെ നിർത്തിയിട്ടുണ്ട്. അപ്പോൾ അത്തരം മാറ്റങ്ങളോടൊപ്പം വിശ്വാസത്തിന്റെ മതപരമായ അച്ചടക്കം നമ്മൾ നിലനിർത്തിക്കൊണ്ട് ഏതറ്റം വരെ നമുക്ക് സഹകരിക്കാൻ കഴിയുമോ അതുവരെ പൂർണമായും നമ്മൾ ജയിലിൽ സഹകരിച്ചിട്ടുണ്ട്.

പാനായിക്കുളം കേസ് ഏതെങ്കിലും ഒരു ഏജൻസിയുടെ തെറ്റായ പ്രവർത്തനം കൊണ്ട് ഉണ്ടായതല്ല. അടിമുടി നാടകീയതകൾ നിറഞ്ഞ അടിമുടി കെട്ടിച്ചമക്കപ്പെട്ട ഒരു കഥയാണ് പാനായിക്കുളം കേസിന്റെ ചരിത്രം എന്ന് പറയുന്നത്.

ഇനിയും ഏജൻസികൾ മാറേണ്ടതുണ്ട്. ഇങ്ങനെയൊരു സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമ്പോഴും ഭാഗികമായ സന്തോഷം മാത്രമാണ് നമുക്കുള്ളത്. തീർത്തും ഭാഗികമായ ഒരു സന്തോഷം. നമ്മുടെ സന്തോഷം പൂർണമായി സാധ്യമാകണമെങ്കിൽ രാജ്യത്തിന്റെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മോചനം സാധ്യമാകേണ്ടതുണ്ട്. ജയിൽ എന്നെ പഠിപ്പിച്ച വലിയൊരു പാഠമാണ് പ്രോസിക്യൂഷന്റെ നുണയെ നുണ കൊണ്ടോ അർധസത്യം കൊണ്ടോ വിജയിക്കേണ്ട ദുരവസ്ഥയാണ് രാജ്യത്തെ തടവറയിലെ ഓരോ മനുഷ്യനുമുള്ളത് എന്നത്. നമ്മൾ പത്രങ്ങളിൽ വായിക്കുന്ന ഒരു വാർത്തയും സത്യമല്ല. ജയിലിൽ നമ്മൾ പരിചയപ്പെടുന്ന ആളുകളെയൊക്കെ കാണുമ്പോൾ വലിയ വേദന തോന്നും. ഓരോ കേസുകളും താൽപര്യത്തിനനുസരിച്ച് കെട്ടിച്ചമക്കപ്പെട്ട വ്യാജരേഖകളായി മാറുകയാണ് നമ്മുടെ നാട്ടിൽ. പൈസയുള്ളവർക്ക് കേസ് നടത്താം. പൈസയില്ലാത്ത സാധാരണക്കാരണോ? പൂർണമായും ഈയൊരടിസ്ഥാനത്തിൽ ഏജൻസികൾ അവരുടെ മഞ്ഞക്കണ്ണട എടുത്തുമാറ്റി നമ്മുടെ ഉള്ളിലുള്ള മനുഷ്യാവസ്ഥയെ നല്ല നിലയിൽ കാണാനും അതിനനുസരിച്ച് മാറ്റം വരുത്താൻ തയ്യാറാകേണ്ടതുണ്ട്.

പാനായിക്കുളം കേസിൽ കുറ്റവിമുക്തരായവർ

1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതാണ്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ഒരുപാട് കരിനിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അത്തരം നിയമങ്ങൾക്കെതിരായി ഒരുപാട് ശബ്ദങ്ങളും സമരങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിൽ ഇടത് വലത് രാഷ്ട്രീയപാർട്ടികൾ പൂർണമായും പടിക്കകത്ത് നിർത്തിയിരുന്നതായിരുന്നു ടാഡയെയും പോട്ടയെയും. യുഎപിഎ വന്നു. യാതൊരു വൈമനസ്യവുമില്ലാതെ അതും കേരളത്തിൽ നടപ്പാക്കപ്പെട്ടു. ഇടതായാലും വലതായാലും അവർ ചെയ്ത വലിയൊരു തെറ്റാണിത്. അതുപോലെ എൻഐഎ എന്നൊരു ഏജൻസിയെയും. നമുക്കറിയാം എൻഐഎക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കയറാൻ പോലും അവകാശമില്ല. ഗുജറാത്തിൽ എൻഐഎ കോടതിയോ എൻഐഎ ഏജൻസിയോ ഇല്ല. വെസ്റ്റ് ബംഗാളിലില്ല. പക്ഷേ നമ്മൾ വിദ്യാസമ്പന്നരും സംസ്‌കാരസമ്പന്നരുമായ ഈ കേരളത്തിലെ മനുഷ്യന്മാരുടെ ഇടയിലേക്ക് ഇത്തരം ഒരു ഏജൻസിയെ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

നമ്മുടെ കണ്ണൂരിൽ ദിനേന എന്നോണം നമ്മൾ കേൾക്കുന്ന വാർത്തകൾ രാഷ്ട്രീയ പകപോക്കലുകളുടെയും കൊലപാതകങ്ങളുടെയും വാർത്തയാണ്. അത്തരം കേസുകൾ അവസാനിപ്പിക്കാൻ അവർക്കെതിരെ ഇതൊന്നും പ്രയോഗിക്കപ്പെടുന്നില്ല. പൂർണമായും നമ്മൾ യുഎപിഎക്ക് എതിരാണ്. പക്ഷേ ഉള്ളിൽ നിന്നുള്ള ഒരു വേദനകൊണ്ട് പറയുകയാണ്. അവർക്കെതിരെങ്കിലും നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ രാജ്യത്ത് കിടക്കുന്ന ഈ മുസ്‌ലിങ്ങളോ, ദളിതരോ, മാവോയിസ്റ്റുകളോ ഒന്നും കിടക്കേണ്ടി വരില്ല. കാരണം അവരെ കിടത്തിയാൽ അവർ ഊരിപ്പോകാനുള്ള എല്ലാ പഴുതുകളും ഉണ്ടാക്കും. ആ കെയറോഫിലെങ്കിലും നമുക്ക് ഇറങ്ങിപ്പോകാമല്ലോ എന്നോർത്തിട്ടാണ് പറയുന്നത്. എന്തുകൊണ്ട് അവർക്കെതിരെ ചുമത്തുന്നില്ല എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. എന്തെല്ലാം രാഷ്ട്രീയ കൊലപാതകങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു? അപ്പോൾ തീർത്തും പക്ഷപാതപരമായിട്ടാണ് ഈ നിയമങ്ങൾ പ്രയോഗിക്കപ്പെടുന്നത് എന്ന് മനസ്സിലാകും.

മറ്റൊന്ന് രാജ്യദ്രോഹമാണ്. ബ്രിട്ടീഷ് ഗവണ്മെന്റ് നടപ്പാക്കിയതാണ് ആ നിയമം. അവരുടെ രാജ്യത്ത് തന്നെ ഈ നിയമം എടുത്ത് കളഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ രാജ്യത്ത് ഇപ്പോഴും രാജ്യദ്രോഹം കേസായി നിലനിൽക്കുകയാണ്.

കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും പ്രകടനപത്രികകൾ രാജ്യദ്രോഹം എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ അനുഭവങ്ങളിൽ നിന്ന് നമ്മുടെയൊക്കെ വേദനകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പോലും തിരിച്ചറിവ് നേടിയിരിക്കുന്നു എന്ന തോന്നലാണ് നമുക്കുള്ളത്. ആ നിയമം വിവേചനപരമായി ഇവിടെ പ്രയോഗിക്കുന്നു എന്ന തിരിച്ചറിവ്. അപ്പോൾ ഇത്തരം അവസരങ്ങളിൽ നിന്നൊക്കെ രാജ്യത്തിനൊരു മാറ്റം ഉണ്ടാകണം.

നമ്മുടെയൊക്കെ വിഭവങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കപ്പെടുന്ന ഒരു സാഹചര്യം നമ്മുടെ രാജ്യത്ത് ഉണ്ടാവണം. ഷിബിലിയുടെയും ഷാദിലിയുടെയും ഒക്കെ മോചനം നമുക്ക് സാധ്യമാകണം. രാമേന്ദ്രൻ മൊകേരി മാലിദ്വീപ് ജയിലിൽ നിന്ന് പുറത്ത് വന്ന് തക്കിഞ്ച എന്ന പേരിൽ ഒരു ആത്മകഥ എഴുതിയിട്ടുണ്ട്. വലിയ പുസ്തകമാണ്. അദ്ദേഹത്തിന്റെ മോചനം വന്ന സമയത്ത് ഞാനൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. വേറൊരു രാജ്യത്തുള്ള ജയിലിൽ കിടക്കുന്ന നമ്മുടെ നാട്ടിലുള്ള സഹോദരനെ മോചിപ്പിക്കാൻ നമ്മളെടുക്കുന്ന പരിശ്രമത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സത്യസന്ധമായി നമ്മുടെ ഭരണകൂടങ്ങൾ ഇടപെട്ടിരുന്നെങ്കിൽ നിരപരാധികളായ മഅ്ദനിയും ഷാദിലിയും അൻസാറുമുൾപ്പെടെയുള്ള ആളുകൾ എത്രയോ മുമ്പ് ഈ തടവറകളിൽ നിന്ന് മോചിതരായേനെ. ഏകാന്തമായ തടവറയിൽ, കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളായി ഒരു മണിക്കൂർ മാത്രമാണ് അവർക്ക് സൂര്യപ്രകാശം ലഭിക്കാനുള്ള അവസരം അവിടെ ഉണ്ടായിരുന്നത്. ഭോപാലിലെ ജയിലറകളിൽ കഴിയുകയാണ് അവർ. നമ്മുടെയൊക്കെ മോചനം യഥാർഥത്തിൽ സന്തോഷകരമാകുന്നത് അവരുടെ മോചനം സാധ്യമാകുമ്പോഴാണ്. ഇൻഡോർ കേസിലവർ ശിക്ഷിക്കപ്പെട്ടു. അതേ ഒഫൻസുകളുള്ള ആളുകളെ അഞ്ചോ ആറോ വർഷം മുമ്പ് വെറുതെ വിട്ട കേസിലാണ് ഇപ്പോൾ ഇവർ ജീവപരന്ത്യം ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്നത്. ഗുജറാത്തിലെ കേസ് പതിനൊന്ന് വർഷമായി. ഇന്ന് പോലും ആ കേസ് വിചാരണ പൂർത്തിയായിട്ടില്ല. എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക് എന്ന് നമ്മൾ ആലോചിക്കണം. ഏത് നിലക്ക് മാറ്റം സാധ്യമാകുമെന്നും.

നമ്മുടെയൊക്കെ പ്രാർഥനകൾ.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നമ്മളൊക്കെ പ്രാർഥിക്കുമ്പോൾ അവരുടെ മോചനം കൂടി പ്രാർഥനകളിൽ ഉൾപ്പെടുത്താൻ കഴിയുമ്പോൾ മാത്രമേ ഈ യാത്ര ശരിക്കും സഫലമാവുകയുള്ളു. രാജ്യത്തിന്റെ തടവറകളിൽ അന്യായമായി ഒരാളും കിടക്കരുത് എന്ന ശാഠ്യത്തോടെയുള്ള ഒരു പ്രാർത്ഥന നമുക്ക് നടത്താൻ കഴിയണം. അത് നമുക്ക് മാത്രമല്ല ഈ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തർക്കും അത് ബാധകമാണ്. നമ്മുടെ കാലാവസ്ഥകൾ നിയന്ത്രണമില്ലാതെ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ഒരുപക്ഷേ നിരപരാധികളായി ജയിലിൽ കഴിയുന്ന മനുഷ്യരുടെ വേദനകൾ കാരണമായിരിക്കാം പ്രപഞ്ചനാഥന്റെ ഇടപെടലുകളിലൂടെ മനുഷ്യരെ പരീക്ഷിച്ച് കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് നമുക്കോരോരുത്തർക്കും ഉണ്ടാകണം. ഒരു മാറ്റം ആവശ്യമാണ് എന്ന് നിങ്ങളോരോരുത്തരോടുമൊപ്പം ഞാനും ചിന്തിക്കുകയാണ്. അത്തരം ഒരു മാറ്റത്തിനുള്ള അവസരം നമുക്ക് ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾക്ക് വിരാമം കുറിക്കുന്നു.

കേട്ടെഴുതിയത്: ഹാബീൽ എൻ.കെ

Top