ഭക്ഷണത്തിന്റെ ജാതിയും ജാതിയുടെ ഭക്ഷണവും : ആധുനികതയുടെ (അ)ധാര്‍മ്മിക പ്രശ്നങ്ങള്‍

കീഴ്ജാതിക്കാരുണ്ടാക്കുന്ന ധാന്യത്തിന്റെ ജാതീയ അശുദ്ധിയെ നെയ്യുപയോഗിച്ചുള്ള പാചകത്തിലൂടെ മറികടക്കാമെന്ന മതാത്മക വിശ്വാസമാണ് ഇതിനു പുറകിലുള്ളത്. വ്യക്തമായി പറഞ്ഞാല്‍ ബ്രാഹ്മാണിക്ക്-ഹൈന്ദവമായ ശുദ്ധാശുദ്ധതയുടെ ധാര്‍മ്മിക ഘടനയാണ് ഇന്ത്യന്‍ ഭക്ഷണക്രമത്തിനും അതിനു പിന്നിലെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും കാരണമെന്നത് കൊളോണിയല്‍ ആദ്യഘട്ടത്തില്‍ പ്രബലമായൊരു ധാരണയും അറിവുമായിരുന്നു. ഈ ഭക്ഷണക്രമത്തിനും അതിലൂടെ പുനരുല്‍പാദിപ്പിക്കപ്പെട്ട ജാതിക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും മിശ്രഭോജന പ്രസ്ഥാനത്തിന്റെ രീതിയിലും മറ്റും രൂപം കൊണ്ടത്, ഇവ ആധുനികമായ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ മനുഷത്വരഹിതവും വിവേചന പൂര്‍ണ്ണവുമാണെന്ന അറിവ് കൊണ്ട് കൂടിയാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഈ പ്രസ്ഥാനങ്ങളെല്ലാം തന്നെ ഒരേ ധാര്‍മ്മികാടിത്തറയിലൂന്നിക്കൊണ്ടല്ല കാര്യങ്ങളെ കണ്ടതെന്ന് മനസ്സിലാവും.

ശങ്കരന്‍ ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ അടിസ്ഥാനത്തിനും ബുദ്ധിസത്തിന്റെ നിര്‍മ്മൂലനത്തിനും വേണ്ടി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയ അഹിംസാമാര്‍ഗ്ഗമായി സസ്യാഹാരരീതിയെ വ്യാഖ്യാനിച്ചു നടപ്പില്‍ വരുത്തിയ പദ്ധതിയേയാണ് ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുതിയ വ്യാഖ്യാനത്തിലൂടെ തിരിച്ചുകൊണ്ടുവരുന്നത്. അതായത് അഹിംസാമാര്‍ഗ്ഗത്തെ സസ്യാഹാരക്രമത്തിലേക്ക് ചുരുക്കി എടുത്ത ഗാന്ധിയന്‍ വ്യാഖ്യാനപദ്ധതിക്ക് ബുദ്ധധര്‍മ്മത്തോടല്ല ബ്രാഹ്മണ പ്രതിവിപ്ളവത്തിന്റെ ചിന്തകനായ ശങ്കരനോടാണ് കടപ്പാട്.

ബാബാസാഹിബ് അംബേദ്കറുടെ ദൈനംദിന ജീവിതത്തിലെ അപ്രസക്തമെന്ന് തോന്നിക്കുന്ന പ്രസക്തഭാഗങ്ങളെ വിപുലമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് വസന്ത്മൂണ്‍ എഴുതിയ ഡോക്ടര്‍ ബാബാസാഹിബ് അംബേദ്കര്‍. അംബേദ്കര്‍ മഹാരാഷ്ട്രയ്ക്കകത്തും പുറത്തും തീവണ്ടിയിലും മറ്റും സഞ്ചരിച്ച് മഹറുകളും മാംഗുകളുമടങ്ങുന്ന വ്യത്യസ്ത അസ്പൃശ്യ സമുദായങ്ങളോട് ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും അവരോടൊത്ത് വേവിച്ച ഇറച്ചി ഒരേ പാത്രത്തില്‍ പങ്കിട്ട് കഴിച്ചതിനെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ജാതിക്കെതിരായ അക്ഷീണ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ യാത്രകളെല്ലാം. ഭക്ഷണമെന്ന രൂപം(രൂപകം) വിവേചനത്തില്‍നിന്ന് വിമോചനത്തിന്റേതാവുന്ന സന്ദര്‍ഭവുമാണിത്. സമാന സംഭവങ്ങള്‍ ആധുനികതയിലും അതിനുമുമ്പും കീഴാള സന്യാസി(നി)കളാലും നേതൃത്വങ്ങളാലും പ്രാവര്‍ത്തികമാക്കിയതിന്റെ ഭൂതകാലം നമുക്കുണ്ട്. വ്യത്യസ്ത ജാതിക്കാര്‍ ഭക്ഷണം പങ്കുവച്ചുകൊണ്ട് ജാതീയമായ പരസ്പര വിവേചനത്തെ ഇല്ലാതാക്കുകയായിരുന്നു അവയുടെ ലക്‌ഷ്യം.

എന്നിരുന്നാലും എന്തുകൊണ്ടാണ് ജാതി ഇന്നും അതിന്റെ ശ്രേണീപരമായ വിവേചനത്തിന്റെ ഭാഷ ശ്രേണീപരമായഭക്ഷണ രൂപം(രൂപകം) കൊണ്ട് പുനരുല്പാദിപ്പിക്കുന്നത്? എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ വെജിറ്റബിള്‍ ബിരിയാണിയും ബ്രാഹ്മണേതരര്‍ ചിക്കന്‍ ബിരിയാണിയും ദലിതരും മാപ്പിള മുസ്ളീങ്ങളും മറ്റും ബീഫ് ബിരിയാണിയും കഴിക്കുന്നത്?

ഇത് മാര്‍ക്സിയന്‍/ ദേശീയവാദ യുക്തിയിലൂടെ നോക്കുമ്പോള്‍ കണ്ടെത്താവുന്ന കാരണമായ ഇന്ത്യന്‍ സമൂഹം ആധുനികവല്‍ക്കരിക്കാത്തതിന്റെ പ്രശ്നമായാണോ കാണേണ്ടത്? അതോ നമ്മുടെ ആധുനികതയുടെ പ്രശ്നമായോ? അതുമല്ലെങ്കില്‍ നമ്മുടെ ആധിപത്യാധുനികതയുടെ ഭക്ഷണക്രമത്തിന്റെ/ഭക്ഷണശീലത്തിന്റെ; അതിനെ ഉറപ്പിച്ചിരിക്കുന്ന ധാര്‍മ്മിക അടിത്തറയുടെ പ്രശ്നമാണോ? ഇതു മനസ്സിലാക്കാന്‍ നമുക്ക് നമ്മുടെ ആധിപത്യാധുനികതയുടെ ഭക്ഷണസംബന്ധിയായ ധാര്‍മ്മിക അടിത്തറകള്‍ എങ്ങനെ രൂപപ്പെട്ടെന്നും അവ ഭക്ഷണത്തിന്റെ ജാതിയേയും ജാതിയുടെ ഭക്ഷണത്തേയും എങ്ങനെ രൂപപ്പെടുത്തിയെന്നും അറിയേണ്ടതുണ്ട്.

ശുദ്ധാശുദ്ധം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം മുതല്‍ കോളോണിയല്‍ ഭരണകൂടം നടത്തിയ സെന്‍സസുകള്‍, സര്‍വേകള്‍, പുരാവസ്തു ശേഖരണം, പഠനം തുടങ്ങിയവയിലൂടെ യൂറോപ്യര്‍ രൂപപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍, മാന്വലുകള്‍, റിക്കോഡുകള്‍ എന്നിവയും അവയുടെ മാനുസ്ക്രിപ്റ്റുകളെയും വിദേശകച്ചവടക്കാര്‍, മിഷണറിമാര്‍, സഞ്ചാരികള്‍ തുടങ്ങിയവരുടെ പുസ്തകങ്ങളെയും ഉപജീവിച്ച് യൂറോപ്യരും ബ്രാഹ്മണരടക്കമുള്ള ഇന്ത്യന്‍ വരേണ്യരും നടത്തിയ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യ എന്ന ദേശത്തേയും അതിലെ വ്യത്യസ്ത ജനജാതികളേയും കുറിച്ചുള്ള ആധുനികമായ അറിവ് നിര്‍മ്മിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ എന്ന ദേശത്തെക്കുറിച്ചും ഇന്ത്യയിലെ വ്യത്യസ്ത ജനജാതികളുടെ വസ്ത്ര, ആഹാര, പാര്‍പ്പിട, വിവാഹ രീതികളെക്കുറിച്ചും പൊതുവായ ധാരണ ഇവയാണ് നിര്‍മ്മിച്ചെടുക്കുന്നത്. ഇത്തരം ആഖ്യാനങ്ങള്‍ യൂറോപ്യന്മാരുടെ ഓറിയന്റലിനെക്കുറിച്ചുള്ള ഭാവനാത്മക മുന്‍ധാരണകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയായിരുന്നെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. ഈ വാദത്തെ പൂര്‍ണ്ണമായി അംഗീകരിക്കാതെ നോക്കുമ്പോള്‍ മനസ്സിലാവുന്നത് യൂറോപ്യന്‍ റെട്ടോറിക്കല്‍ ഉപകരണങ്ങളും പ്രതിനിധാന തന്ത്രങ്ങളുമായ സെന്‍സസ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍, അഡ്മിനിസ്ട്രേറ്റീവ് റിക്കോഡുകള്‍, പഠനങ്ങള്‍ എന്നീ ആഖ്യാനങ്ങളിലൂടെ യൂറോപ്പ്യര്‍ ഇവിടെ ഉണ്ടായിരുന്ന (പ്ര)ദേശങ്ങളെയും ജനജാതികളെയും കൊളോണിയല്‍ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയും പാഠവല്‍ക്കരിക്കുകയുമാണ് ചെയ്തതെന്നാണ്. മാത്രമല്ല ഇത്തരം പാഠവല്‍ക്കരണത്തിന് നിദാനമായത് ഹൈന്ദവപുരാണ-വേദ-ഇതിഹാസങ്ങളും ധര്‍മ്മമീമാംസങ്ങളും സ്മൃതികളും കൂടിയായിരുന്നു.

ഷെല്‍ഡന്‍ പൊള്ളോക്കിന്റെ അഭിപ്രായത്തില്‍ മധ്യകാലഘട്ടത്തില്‍, ഇന്ന് ഇന്ത്യയെന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് അന്ന് ഭരിച്ചിരുന്ന രാജാക്കന്മാര്‍ നേരിട്ട വൈദേശിക കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ അവരുടെ പുരോഹിതവര്‍ഗ്ഗമായ ബ്രാഹ്മണര്‍ നടത്തിയ ധാര്‍മ്മിക നിയമങ്ങളുടെയും ആചാരമര്യാദകളുടെയും വംശാവലികളുടേയും സമാഹരണവും പകര്‍ത്തലുമാണ് വേദങ്ങളുടെയും ധാര്‍മ്മ മീമാംസകളുടെയും സ്മൃതികളുടെയും പാഠവല്‍ക്കരണത്തിന് നിദാനമായിട്ടുള്ളത്. ഇവയാണ് അന്നത്തെ രാജാക്കന്മാരുടെ അധികാരത്തെ ആധികാരികമാക്കുകയും ബ്രാഹ്മണര്‍ക്കാധിപത്യമുള്ള ഒരു സംസ്കാരത്തെ നിര്‍മ്മിക്കുകയും ചെയ്തത്. അതുകൊണ്ടാണ് ഈ വ്യവഹാരിക നിര്‍മ്മിതിയെ പൊള്ളോക്ക് കൊളോണിയന്‍ ഓറിയന്റിലിസത്തിനുമുമ്പുള്ള തദ്ദേശീയ ഓറിയന്റലിസമായും പാഠവല്‍ക്കരണത്തിലൂടെ രൂപപ്പെട്ട ആദ്യ ആഭ്യന്തര കൊളോണിയലിസമായും കരുതുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കൊളോണിയലിസം അതിന്റെ റെട്ടോറിക്കല്‍ ഉപകരണങ്ങളിലൂടെയും പ്രതിനിധാന തന്ത്രങ്ങളിലൂടെയും അവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലൂടെയും ഇന്ത്യ എന്ന് കരുതപ്പെട്ട (പ്ര)ദേശത്തു നിലനിന്ന വ്യത്യസ്ത (പ്ര)ദേശങ്ങളെയും ജനജാതികളേയും ഏക ശിലാത്മകമായ ഒരു സംസ്കാരമായും ദേശമായും ജനതയായും പരിഭാഷപ്പെടുത്തുകയായിരുന്നു.

ഇത്തരം പരിഭാഷകള്‍ ഇന്ത്യയിലെ വ്യത്യസ്ത ജനങ്ങള്‍ക്കിടയിലുള്ള ഭക്ഷണസംസ്കാരത്തെയും അവയ്ക്കിടയിലെ മൂല്യപരമായ ഉച്ചനീചത്വങ്ങളെയും മനസ്സിലാക്കിയത് ബ്രാഹ്മണിക്ക് ഹൈന്ദവഗ്രന്ഥങ്ങളെ ഉപജീവിച്ച് രൂപപ്പെടുത്തിയ പ്യൂരിറ്റി-പൊല്യൂഷന്‍ (ശുദ്ധ-അശുദ്ധ) പരികല്‍പ്പനാഘടനയിലൂടെയായിരുന്നു. ഇന്ത്യന്‍ ഭക്ഷണസംസ്കാരത്തെ, മേല്‍ജാതിക്കാര്‍ കഴിക്കുന്ന നെയ്യില്‍ പാകം ചെയ്ത ഭക്ഷണത്തെ; പക്കാഫുഡെന്നും കീഴ്ജാതിക്കാര്‍ കഴിക്കുന്ന വെള്ളത്തില്‍ പാകം ചെയ്ത ഭക്ഷണത്തെ; കച്ചാഫുഡെന്നും വിളിക്കുന്നതും ഈ ശുദ്ധാശുദ്ധ പരികല്‍പനാഘടനയുടെ അടിസ്ഥാനത്തിലാണ്.

കീഴ്ജാതിക്കാരുണ്ടാക്കുന്ന ധാന്യത്തിന്റെ ജാതീയ അശുദ്ധിയെ നെയ്യുപയോഗിച്ചുള്ള പാചകത്തിലൂടെ മറികടക്കാമെന്ന മതാത്മക വിശ്വാസമാണ് ഇതിനു പുറകിലുള്ളത്. വ്യക്തമായി പറഞ്ഞാല്‍ ബ്രാഹ്മാണിക്ക്-ഹൈന്ദവമായ ശുദ്ധാശുദ്ധതയുടെ ധാര്‍മ്മിക ഘടനയാണ് ഇന്ത്യന്‍ ഭക്ഷണക്രമത്തിനും അതിനു പിന്നിലെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും കാരണമെന്നത് കൊളോണിയല്‍ ആദ്യഘട്ടത്തില്‍ പ്രബലമായൊരു ധാരണയും അറിവുമായിരുന്നു. ഈ ഭക്ഷണക്രമത്തിനും അതിലൂടെ പുനരുല്‍പാദിപ്പിക്കപ്പെട്ട ജാതിക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും മിശ്രഭോജന പ്രസ്ഥാനത്തിന്റെ രീതിയിലും മറ്റും രൂപം കൊണ്ടത്, ഇവ ആധുനികമായ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ മനുഷത്വരഹിതവും വിവേചന പൂര്‍ണ്ണവുമാണെന്ന അറിവ് കൊണ്ട് കൂടിയാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഈ പ്രസ്ഥാനങ്ങളെല്ലാം തന്നെ ഒരേ ധാര്‍മ്മികാടിത്തറയിലൂന്നിക്കൊണ്ടല്ല കാര്യങ്ങളെ കണ്ടതെന്ന് മനസ്സിലാവും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അംബേദ്കര്‍ മിശ്രഭോജനത്തിന് മാംസാഹാരം തെരഞ്ഞെടുക്കുമ്പോള്‍ ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇതരജാതിവിരുദ്ധ, പരിഷ്കരണവാദ പ്രസ്ഥാനങ്ങള്‍ മിശ്രഭോജനത്തിന് പങ്കിടുന്ന ഭക്ഷണമായി തിരഞ്ഞെടുക്കുന്നത് സസ്യാഹാരത്തെയാണ്. ഹനു ജി. ദാസ് നിരീക്ഷിച്ചതുപോലെ മിശ്രഭോജനപ്രസ്ഥാനവും (http://utharakalam.com/?p=3167) കോണ്‍ഗ്രസിന്റെയും ആനന്ദതീര്‍ത്ഥന്റെയും പരിഷ്കരണവാദ മിശ്രഭോജന പദ്ധതികളും സസ്യാഹാരത്തെയാണ് പങ്കിട്ടു കഴിക്കാനുള്ള ഭക്ഷണമായി തെരഞ്ഞെടുക്കുന്നത്. ഇവ ദലിതരുടെ പാചക നിര്‍വ്വാഹകത്വത്തെ പൂര്‍ണ്ണമായി നിഷേധിച്ചാണ് രൂപപ്പെട്ടത്. ഈ അവസരത്തില്‍ അംബേദ്കറിന്റേതൊഴികെയുള്ള മിശ്രഭോജന പ്രസ്ഥാനങ്ങളെല്ലാം തന്നെ സസ്യാഹാരത്തെ പങ്കിട്ടുകഴിക്കാനുള്ള ഭക്ഷണമായി തെരഞ്ഞെടുത്തതെന്തുകൊണ്ടാണ്? എന്ന ചോദ്യം പ്രസക്തമാണ്.

എം.എന്‍. ശ്രീനിവാസന്‍ പറയുന്നപോലെ സംസ്കൃതവല്‍ക്കരണമായി, മേല്‍ജാതിക്കാരുടെ സംസ്കാരത്തെ സ്വീകരിച്ചുകൊണ്ട്, കീഴ്ജാതിക്കാര്‍ ജാതിപദവി ഉയര്‍ത്തുന്ന രീതിയായി ഇവയെ കാണാന്‍ കഴിയുമോ? അതോ അതിലുപരിയായി മറ്റ് ഏതെങ്കിലും വ്യവഹാരങ്ങളുമായി അതിന് ബന്ധമുണ്ടോ? ഉണ്ടെന്നാണ് തോന്നുന്നത്.

ഗാന്ധിയന്‍ അഹിംസയുടെ ഹിംസകള്‍

കൊളോണിയലിസത്തിന്റെ ഘട്ടത്തില്‍ ആധുനികമായ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ജാതിവ്യവസ്ഥയോടും അതിന്റെ പ്രാവര്‍ത്തിക രൂപമായ ഭക്ഷണക്രമത്തോടും കടുത്ത എതിര്‍പ്പ് കീഴ്ജാതിക്കാര്‍ക്കിടയില്‍ ശക്തമായിരുന്നതിന് സമാന്തരമായാണ് കൊളോണിയല്‍ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും സംഭവിക്കുന്നത്. ഫൂലെയും അംബേദ്കറും പെരിയോറും സ്വാമി അച്യുതാനന്ദും മറ്റും ഇതിനെ മേല്‍ജാതിക്കാരുടെ, സവര്‍ണ്ണരുടെ ബ്രാഹ്മണ നേതൃത്വത്തോടു കൂടിയ സവര്‍ണ്ണ നിഷിപ്ത താല്‍പര്യ സംരക്ഷണപ്രസ്ഥാനമായാണ് കണ്ടത്. എന്നാല്‍ കൊളോണിയല്‍ ആധിപത്യത്തിന് ശേഷം രൂപപ്പെട്ട ആധുനികമായ അവബോധത്തെയും സംസ്കാരത്തെയും സവര്‍ണ്ണനേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനം കണ്ടത് ദേശത്തിന്റെ ആത്മബോധത്തെയും സാംസ്കാരിക പൈതൃകത്തേയും അശുദ്ധമാക്കുന്നതായാണ്. ഈ സന്ദര്‍ഭത്തിലാണ് ദേശീയപ്രസ്ഥാനം ചില ഓറിയന്റലിസ്റുകള്‍ പൌരസ്ത്യമായ ഉന്നത മൂല്യമായി കണ്ട വെജിറ്റേറിയനിസത്തെ, ആധുനികഅവബോധത്തില്‍ സ്വീകാര്യത നേടിയ മിശ്രവും സസ്യേതരവുമായ ഭക്ഷണസംസ്കാരത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിയുടെ കടന്നുവരവോടെയാണ് വ്യവഹാരികമായി ഈ സസ്യാഹാര രീതി മറ്റൊരു ധാര്‍മ്മികഘടന കൈവരിക്കുന്നത് . ആധുനിക അവബോധത്തില്‍ ഉച്ചനീചത്വത്തിന്റെതായി കരുതിയ ഭക്ഷണക്രമത്തെ, അതിന്റെ ധാര്‍മ്മിക അടിത്തറയെ, ഗാന്ധി മറ്റൊരു ധാര്‍മ്മികാടിത്തറ നിര്‍മ്മിച്ചുകൊണ്ടാണ് വ്യാഖ്യാനിച്ചത്. അദ്ദേഹം ഇന്ത്യന്‍ ഭക്ഷണക്രമത്തിന്റെ ഉന്നതമൂല്യമായി മേല്‍ജാതിക്കാരുടെ സസ്യാഹാര രീതിയെ അവതരിപ്പിക്കുകയും ആ സസ്യാഹാരരീതിയെ അഹിംസാത്മക ജീവിതചര്യയായി വ്യാഖാനിച്ചുകൊണ്ട് പുതിയൊരു ധാര്‍മ്മിക അടിത്തറയില്‍ അതിനെ ഉറപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ സസ്യാഹാരരീതിയെ അഹിംസയുടെ ഏകവചനമാക്കുകയാണ് അദ്ദേഹം ചെയ്തത്.

ഇന്ത്യന്‍ ഭക്ഷണക്രമത്തിന് പുറകിലെ ജാതീയ അസമത്വങ്ങളെയും വിവേചനത്തേയും അദൃശ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഈ പുതിയ വ്യാഖ്യാനത്തിന് കഴിഞ്ഞു. ഇത് ഭക്ഷണത്തിന്റെ ജാതിയേയും ജാതിയുടെ ഭക്ഷണത്തെയും ഇല്ലാതാക്കുകയല്ല മറിച്ച് ഇന്ത്യന്‍ ജനജാതികളുടെ ദൈനംദിന ജീവിതത്തില്‍ ശക്തമായ സാന്നിദ്ധ്യമായി അതിനെ പുനരുല്‍പ്പാദിപ്പിക്കുകയാണുണ്ടായത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഭക്ഷണക്രമത്തിലെ സസ്യ/സസ്യേതര വ്യത്യാസത്തെ ഗാന്ധി അഹിംസയുടെയും ഹിംസയുടെയും ധാര്‍മ്മികതലത്തില്‍ വ്യാഖ്യാനിച്ചതും സസ്യാഹാരത്തെ അഹിംസാമാര്‍ഗ്ഗമായി കണ്ടതും, ആധുനികമായ അവബോധത്തിലൂടെ കീഴ്ജാതിക്കാര്‍ക്കിടയില്‍ ശക്തമായ, ഇന്ത്യന്‍ ഭക്ഷണത്തോടും അതിലൂടെ പുലരുന്ന ജാതീയ ഉച്ചനീചത്വത്തോടുള്ള എതിര്‍പ്പിനെ അപ്രസക്തമാക്കാനും ആധുനിക അവബോധത്തെ അസന്നിഹിതമാക്കാനും കാരണമായി. ഇതോടൊപ്പം പശുവിനെ ഹൈന്ദവ പവിത്രമൃഗമായി കാണുന്ന, ഗോമാതാവായി കാണുന്ന, ദേശത്തിന്റെ അകളങ്കിത രൂപകമായി കാണുന്ന, അതിനെ കൊല്ലുന്നത് തീവ്ര ഹിംസയായി കാണുന്ന ഗാന്ധിയന്‍ വ്യാഖ്യാനം ഭക്ഷണക്രമത്തിന്റെ ധാര്‍മ്മികഘടനയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണുണ്ടായത്. കാരണം, സസ്യാഹാരത്തെ അഹിംസമാര്‍ഗ്ഗമാക്കുന്നതും പശുവിനെ ഗോമാതാവാക്കി മാറ്റുന്നതുമായ രണ്ടു വ്യാഖ്യാനങ്ങളും ഹിംസയുടെയും ആഹാരക്രമത്തിന്റെയും പരസ്പര പൂരിതമായ ഒരു സാങ്കല്പിക ശ്രേണിക്രമം വ്യാവഹാരികമായി നിര്‍മ്മിച്ചു. അത് ഏറെക്കുറെ പശുവിനെ കൊല്ലുന്നതും തിന്നുന്നതും കൊടിയ ഹിംസയായി കാണുകയും ആടിനെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും കോഴിയെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും സസ്യത്തെ കൊല്ലുന്നതും തിന്നുന്നതും ‘അഹിംസയായി’ കരുതുന്നതുമായ ഹൈന്ദവമായ ഒരു ഭാവനയെ നിര്‍മ്മിക്കുകയും അതിനെ ജനകീയവും യാഥാര്‍ത്ഥ്യവുമായി മാറ്റുകയും ചെയ്തു. മാത്രമല്ല, ഹിംസയുടെ അളവിനെ ശ്രേണീപരമായ പ്രതിനിധാനം ചെയ്യുന്ന ഇത്തരമൊരു ഭക്ഷണക്രമം ഓരോ ഭക്ഷണത്തിന്റെയും ഉപഭോക്താക്കളെ അവരവര്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് അവരുടെ ഹിംസയുടെ അളവ് നിര്‍ണ്ണയിക്കുന്ന ഒരു ഘടനയില്‍ സ്ഥാനപ്പെടുത്തി. അതായത് സസ്യാഹാര രീതിയെ അഹിംസാമാര്‍ഗ്ഗമായി വ്യാഖ്യാനിക്കുന്നതിലൂടെ അതിന്റെ ഉപഭോക്താക്കളെ അഹിംസാവാദികളായി കാണാനിടയാവുകയും പശുവിനെ വിശുദ്ധ മൃഗമാക്കി വ്യാഖ്യാനിക്കുന്നതിലൂടെ ആ മാംസത്തിന്റെ ഉപഭോക്താക്കളെ ഹിംസാവാദികളായി കാണാനിടയാക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമാണ് ഗാന്ധിയന്‍ വ്യാഖ്യാനപദ്ധതിയിലൂടെ രൂപപ്പെട്ടത്.
ഇത് സാമാന്യബോധത്തില്‍ പശുവിനെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന ദലിതരെയും മറ്റ് സമുദായങ്ങളേയും കൊടിയ ഹിംസയുടെ പ്രതിരൂപമാക്കിമാറ്റുകയും ആടിനെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന ശൂദ്രരെ അതിലും കുറഞ്ഞ ഹിംസയുടെ പ്രതിരൂപമാക്കുകയും കോഴിയെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന വിഭാഗങ്ങളെ അതിലും കുറഞ്ഞ ഹിംസയുടെ പ്രതിരൂപമാക്കുകയും സസ്യാഹാരികളെ ‘അഹിംസയുടെ’ പ്രതിരൂപമാക്കുകയും ചെയ്യുന്ന ഭക്ഷണരീതിക്ക് സമാന്തരമായ ഹിംസയുടെ അളവിനെ കുറിക്കുന്ന ശ്രേണീപരമായ ധാര്‍മ്മിക ഘടന (hierarchical ethical order) രൂപപ്പെടുത്തുന്നതിന് കാരണമായി. മാത്രമല്ല, ഈ ശ്രേണീപരമായ ധാര്‍മ്മിക ഘടന സസ്യത്തെ ജീവനില്ലാത്തതായി കാണുന്ന മുന്‍ധാരണ വെച്ചുപുലര്‍ത്തുകയും സസ്യങ്ങള്‍ക്കെതിരെയുള്ള ഹിംസയെ പൊതുബോധത്തില്‍നിന്ന് അദൃശ്യമാക്കുകയും ചെയ്തു. ഗാന്ധിയുടെ ഈ അധാര്‍മ്മികമായ ധാര്‍മ്മിക വ്യാഖ്യാനം ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും ആധിപത്യപരവും ഹിംസാത്മകവുമായ ബ്രാഹ്മണകര്‍ത്താവിനെ/ ബ്രാഹ്മണവിഷയിയെ അഹിംസയുടെ ആള്‍രൂപമാക്കി മാറ്റി. ആധുനിക വൈദ്യശാസ്ത്രത്തേയും പരമ്പരാഗത വൈദ്യശാസ്ത്രത്തേയും തന്ത്രപരമായി വ്യാഖ്യാനിക്കുന്നതും ആധുനികശാസ്ത്രത്തിന്റെ വംശീയതകളെ വിമര്‍ശനരഹിതമായി പിന്‍തുടരുന്നതും സസ്യാഹാരം മനസ്സിനും ശരീരത്തിനും ഉത്തമമായ സ്വാത്വിക ഭക്ഷണമാണെന്ന ധാരണ ഉല്‍പാദിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഇംഗ്ളീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ആഹാരരീതിയെ വ്യവച്ഛേദിക്കുന്നതിന്റെ മൂലപദമായി ‘സസ്യം’ എങ്ങനെ മാറിയെന്നും അന്വേഷിക്കേണ്ടതുണ്ട്. അതായത് ആഹാരരീതിയെ (സസ്യാഹാരമെന്നും സസ്യേതര ആഹാരമെന്നും, (Vegetarian Non-Vegetarian) വ്യവച്ഛേദിക്കുമ്പോള്‍ മൂലപദമായി ‘സസ്യം’ എന്ന പദം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.

ഗാന്ധി എന്ന ശങ്കരന്‍

ബ്രാഹ്മണിക് ഹൈന്ദവത സസ്യാഹാര രീതിയെ സ്വീകരിക്കുന്നതിന്റെയും അതിനെ അഹിംസാത്മക ജീവിതക്രമത്തിന്റെ ഭാഗമായി വ്യാഖ്യാനിച്ച് നടപ്പില്‍വരുത്തിയതിന്റെയും ചരിത്രപരമായ പശ്ചാത്തലം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഗാന്ധിയുടെ വ്യാഖ്യാനപദ്ധതി രൂപപ്പെടുത്തിയ ഭക്ഷണസംബന്ധിയായ (അ)ധാര്‍മ്മി അടിത്തറയുടെ അപകടങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. വര്‍ണ്ണവ്യവസ്ഥ അടക്കമുള്ള അസഖ്യം ആധിപത്യഘടനകളെ ചോദ്യം ചെയ്ത ബുദ്ധന്‍ വധവര്‍ജനം ഒരു നിഷ്ഠയായി കരുതിയപ്പോഴും തന്റെ സന്യാസി(നി) സംഘത്തേയും അനുയായികളായ ബഹുജനങ്ങളേയും മാംസാഹാരം കഴിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നില്ല. മാത്രമല്ല, ചത്തമൃഗങ്ങളുടെയും ജീവികളുടെയും മാംസം ഭക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ അനുവദിച്ചിരുന്നുതാനും. (ചത്തമൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതായിരുന്നു അസ്പൃശ്യതയുടെ രൂപപ്പെടലിന് ഒരു കാരണമെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്). ഇതിനുപുറമെ തന്റെ അനുയായികള്‍ നല്‍കുന്ന ഏതു ഭക്ഷണവും പശു ഇറച്ചി എന്നോ പന്നി ഇറച്ചി എന്നോ സസ്യാഹാരമെന്നോ ഭേദമില്ലാതെ അദ്ദേഹം ഭക്ഷിച്ചിരുന്നു. ഹിംസയെ ലഘൂകരിക്കുന്നതിനെ സംബന്ധിച്ച് തീവ്രമായ നിലപാടെടുക്കാതെ അയഞ്ഞ സമീപനം പ്രത്യേകിച്ച്, ഭക്ഷണകാര്യത്തില്‍ സ്വീകരിക്കാന്‍ ബുദ്ധനെ നിര്‍ബന്ധിച്ചത് അദ്ദേഹത്തിന്റെ തത്വചിന്താ പദ്ധതിയുടെ അടിത്തറയായ മധ്യമാര്‍ഗ്ഗമായിരുന്നു. മാത്രമല്ല, എല്ലാ ജീവിതവും ഹിംസയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന തത്വചിന്താപരമായ തിരിച്ചറിവും അദ്ദേഹം പുലര്‍ത്തിയിരുന്നു. എല്ലാ ജീവജാലങ്ങളുടെയും ജീവിതവഴികള്‍ ഹിംസാത്മകമാണെന്ന തിരിച്ചറിവ് ഭവശാസ്ത്രപരമായ നീതിയെ (ontological justice) സങ്കല്‍പ്പിക്കുന്നതായിരുന്നു. ഇവയെല്ലാം വേദിക്ക് മതാത്മകധാരകളെ അപ്രസക്തമാക്കുകയും ‘ബുദ്ധമതത്തെ’ ബഹുജനമതമാക്കി മാറ്റുകയും ചെയ്തു. മാത്രമല്ല, ആ കാലഘട്ടത്തിലുടനീളം ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ പ്രരൂപമായ വേദിക് വിശ്വാസധാരകള്‍ ഗോബലിയിലൂടയും ഗോമാംസഭോജനത്തിലൂടെയും മറ്റുമായിരുന്നു അവരുടെ വിശ്വാസ ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്നത്.

ബുദ്ധന്റെ ആത്മീയവിപ്ളവത്തിലൂടെ, ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ പ്രരൂപമായ വേദിക് വിശ്വാസധാരകള്‍ അപ്രസക്തമായ സന്ദര്‍ഭത്തിലാണ് ശങ്കരാചാര്യര്‍ പ്രതിവിപ്ളവവുമായി രംഗത്തുവരുന്നത്. ബുദ്ധമതത്തിന്റെ ജനകീയതയ്ക്കും നൈതികസങ്കല്പത്തിനും നിദാനമായ മൂല്യങ്ങളെ അതിന്റെ തീവ്രരൂപത്തില്‍ അനുകരിച്ച് ബുദ്ധിസത്തെ തകര്‍ക്കുകയായിരുന്നു ശങ്കരന്റെ രീതി. അതിനായി അഹിംസാമാര്‍ഗ്ഗത്തെ സസ്യാഹാരമെന്ന രൂപകത്തിലേക്ക് തീവ്രമായി ചുരുക്കുകയും അന്നുവരെ മാംസാഹാരികളായിരുന്ന വൈദിക ജനവിഭാഗങ്ങള്‍ക്ക് സസ്യാഹാരരീതി മതനിഷ്ഠയും ജീവിതക്രമവുമായി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് ശങ്കരന്‍ ചരിത്രത്തില്‍ പ്രച്ഛന്ന ബുദ്ധനായി അറിയപ്പെടുന്നതിന് കാരണങ്ങളിലൊന്നായി.

ശങ്കരന്‍ ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ അടിസ്ഥാനത്തിനും ബുദ്ധിസത്തിന്റെ നിര്‍മ്മൂലനത്തിനും വേണ്ടി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയ അഹിംസാമാര്‍ഗ്ഗമായി സസ്യാഹാരരീതിയെ വ്യാഖ്യാനിച്ചു നടപ്പില്‍ വരുത്തിയ പദ്ധതിയേയാണ് ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുതിയ വ്യാഖ്യാനത്തിലൂടെ തിരിച്ചുകൊണ്ടുവരുന്നത്. അതായത് അഹിംസാമാര്‍ഗ്ഗത്തെ സസ്യാഹാരക്രമത്തിലേക്ക് ചുരുക്കി എടുത്ത ഗാന്ധിയന്‍ വ്യാഖ്യാനപദ്ധതിക്ക് ബുദ്ധധര്‍മ്മത്തോടല്ല ബ്രാഹ്മണ പ്രതിവിപ്ളവത്തിന്റെ ചിന്തകനായ ശങ്കരനോടാണ് കടപ്പാട്. ഗാന്ധിയുടെ വ്യാഖ്യാന പദ്ധതിയുടെ ധാര്‍മ്മിക അടിത്തറ ഉച്ചവും നീചവുമായ ദ്വന്ദാത്മക ഭക്ഷണസമ്പ്രദായത്തെ നിര്‍മ്മിക്കുന്നതുകൊണ്ട് ഭവശാസ്ത്രപരമായ അനീതിയിലാണ് (ontological Injustice) അധിഷ്ഠിതമായിരിക്കുന്നത്.
ഇവയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മിശ്രഭോജന പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും പങ്കിട്ടു കഴിക്കുന്ന ഭക്ഷണമായി സസ്യാഹാരത്തെ തിരഞ്ഞെടുത്തത് ഭക്ഷണസംബന്ധിയായ ഗാന്ധിയന്‍ വ്യാഖ്യാനത്തിലൂടെ (ശങ്കരന്റെ വ്യാഖ്യാനത്തെ പുനരവതരിപ്പിക്കുന്നതിലൂടെ) രൂപപ്പെട്ട ധാര്‍മ്മിക (അ)ബോധത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിയാത്തതിനാലാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഭവശാസ്ത്രപരമായ അനീതിയിലൂന്നുന്ന ഗാന്ധിയന്‍ ധാര്‍മ്മിക അടിത്തറയേയും അത് രൂപപ്പെടുത്തുന്ന ഹിംസയുടെ അളവിനെ സൂചിപ്പിക്കുന്ന ശ്രേണീപരമായ ഭക്ഷണക്രമത്തേയും നിഷേധിച്ചുകൊണ്ട് ഭവശാസ്ത്രപരമായ നീതിയെ വിഭാവനം ചെയ്യുന്ന മറ്റൊരു ധാര്‍മ്മിക അടിത്തറയെ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഭക്ഷണത്തിന്റെ ജാതിയേയും ജാതിയുടെ ഭക്ഷണത്തേയും നമുക്ക് അസന്നിഹിതമാക്കാന്‍ കഴിയുകയുള്ളു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആധിപത്യാധുനികതയുടെ ഭക്ഷണസംബന്ധിയായ ധാര്‍മ്മിക അടിത്തറക്കു നിദാനമായ ശങ്കര/ഗാന്ധിയന്‍ വ്യാഖ്യാനത്തെ നിഷേധിക്കുന്ന മറ്റൊരു വ്യാഖ്യാനത്തിലൂടെ ഭവശാസ്ത്രപരമായ നീതിയെ രൂപപ്പെടുത്തുന്ന ധാര്‍മ്മിക അടിത്തറയെ പ്രായോഗികമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
______________________________________

(സിമി കോറോട്ട്, ഹനു ജി. ദാസ്, ജോബി മാത്യു, ബാബാ വിജീഷ് പ്രേം എന്നിവരുടെ ചിന്താജീവിതത്തോടും ജീവിതചിന്തയോടും ഈ കുറിപ്പ് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം എഡ്വേഡ് സെയ്ദ്, ബെര്‍ണാഡ് കോഹന്‍, നിക്കോളാസ് ഡിര്‍ക്ക്, ഷെല്‍ഡന്‍ പൊള്ളോക്ക് എന്നിവരുടെ പാണ്ഡിത്യത്തോടുള്ള ഇതിന്റെ ബന്ധവും അനിഷേധ്യമാണ്.)
**************************

Top