നജീബിനെപ്പോലെ എന്നെയും കാണാതായേക്കാം; ഉപേക്ഷിക്കപ്പെട്ട നിലയിൽ ശവം കണ്ടേക്കാം
രാജ്യത്തെ പിടിച്ചുലച്ച ഗോരഖ്പൂര്‍ കൂട്ടശിശുമരണ ദുരന്തത്തെതുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സംഘപരിവാര്‍ ഭരണകൂടം വേട്ടയാടിയ ഡോ.കഫീല്‍ അഹമ്മദ് ഖാന്‍ ഏഴരമാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം നേടി കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നല്‍കിയ സ്വീകരണ പരിപാടിയില്‍ നടത്തിയ പ്രഭാഷണം.
തയ്യാറാക്കിയത്: വിനീത വിജയന്‍
എന്നെയറിയാതെ തന്നെ എനിക്കായി കരഞ്ഞവർ, എനിക്കായി പ്രാർഥിച്ചവർ, എനിക്കായി പരമകാരുണികനോട് ദുആ ചെയ്തവർ, സോഷ്യൽ മീഡിയയിലൂടെ എനിക്കു വേണ്ടി കാംപെയ്ൻ ചെയ്തവർ, ജയിലെന്ന നരകത്തിൽ നിന്ന് എന്നെ പുറത്തെത്തിക്കാൻ എനിക്കൊപ്പം നിന്ന മുഴുവൻ കേരള ജനതയ്ക്കും നന്ദി പറയുന്നതിനാണു ഞാനിവിടെ എത്തിയിരിക്കുന്നത്…
2017, ആഗസ്റ്റ് പത്തിനു നടന്ന, ആ സംഭവത്തേപ്പറ്റി, ഞാനിതിനോടകം ഒരുപാടു പറഞ്ഞു, ഒരുപാടെഴുതി. എല്ലാം നിങ്ങൾക്കറിയുന്നതു തന്നെയാണ്. സത്യത്തിൽ അതേപ്പറ്റി വീണ്ടും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, അതേപ്പറ്റി സംസാരിക്കുമ്പോഴൊക്കെയും ആ രംഗം എന്റെ കൺമുന്നിലേക്കു വീണ്ടും വീണ്ടും വരികയാണ്.. മരിച്ചു വീഴുന്ന നിരപരാധികളായ കുഞ്ഞുങ്ങൾ, കരഞ്ഞു തളർന്നു വീഴുന്ന നിസ്സഹായരായ അവരുടെ അച്ഛനമ്മമാർ..
എങ്ങനെയാണ് അതെല്ലാം സംഭവിച്ചത്?
കുടിശ്ശിഖ 20 ലക്ഷമായിരുന്നപ്പോൾ,40 ലക്ഷമായപ്പോൾ,60 ലക്ഷമായപ്പോൾ…ഒക്കെ അറിയിച്ചു കൊണ്ടിരുന്നു, ആരും ശ്രദ്ധിച്ചില്ല .ഒരു നടപടിയും എടുത്തില്ല.ഒടുവിൽ കമ്പനി സപ്ലൈ നിർത്തിയപ്പോൾ, ആ ദുരന്തം സംഭവിച്ചു, അറുപതു കുഞ്ഞുങ്ങളുടെ ദാരുണ മരണം..!
ആ രാത്രി, ഞാൻ ഉറങ്ങാൻ കിടന്നതിനു ശേഷമാണ് എന്റെ വാട്സാപ്പിൽ ആശുപത്രിയിൽ നിന്നുള്ള അപകട സന്ദേശം എത്തിയത്.ആ അസമയത്ത്, വലിയ പ്രതിസന്ധിയിലേക്ക് ഒറ്റക്കു പുറപ്പെട്ട എന്നോട് ഭാര്യ അവളുടെ ആശങ്ക പങ്കുവച്ചു, നമുക്കുമില്ലേ പതിനൊന്നു മാസം പ്രായമായ ഒരു കുഞ്ഞ്! എന്തുവന്നാലും നേരിട്ടേ പറ്റൂ, പോയേ പറ്റൂ എന്നു പറഞ്ഞാണു ഞാനിറങ്ങിയത്.. അധികൃതരെ വിവരമറിയിച്ചു, ആരും എത്തിയില്ല! സമീപത്തുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ എല്ലായിടങ്ങളിലും സിലിണ്ടറിനായി ഓടി; അവ ആശുപത്രിയിലെത്തിച്ചു, ബി.ആർ.ഡി ഹോസ്പിറ്റലിലെ ഡോക്ടർമാർ, സിസ്റ്റേഴ്സ്, ജീവനക്കാർ, അക്ഷരാർഥത്തിൽ ആ ആശുപത്രി മുഴുവനായിത്തന്നെ നാൽപ്പത്തെട്ടു മണിക്കൂർ അശ്രാന്ത പരിശ്രമം ചെയ്തു.
അക്കൂട്ടത്തിലെ മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ ദാരുണ മരണ രംഗം ഇപ്പോഴുമെന്നെ പിന്തുടരുന്നു. പ്രാണവായു കിട്ടാതെ അവളുടെ മൂക്കിലൂടെ രക്തമൊഴുകുകയായിരുന്നു, ജീവനു വേണ്ടി പിടച്ചു കൊണ്ടിരുന്ന ആ പിഞ്ചുടലിനെ കണ്ണീരോടെയല്ലാതെ ഞങ്ങൾക്കുപരിചരിക്കാനായില്ല.. ആ കുഞ്ഞിനെയും ഞങ്ങൾക്കു രക്ഷിക്കാനായില്ല. ഞങ്ങളുടെ മാനസികാവസ്ഥ തന്നെ അത്ര തകർന്നതായിരിക്കെ, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെപ്പറ്റി എന്തു പറയാനാണ്? സിലിണ്ടറുകളെത്തിക്കാനും പരിചരിക്കാനും ഉള്ള ഓട്ടത്തിനിടയിലും അവരുടെ തീവ്രദു:ഖത്തിനും രോഷത്തിനും മറുപടി പറയാതെ ഒഴിഞ്ഞു മാറാൻ സാധിക്കില്ലായിരുന്നു. വളരെ പണിപ്പെടേണ്ടിവന്നു ഓരോരുത്തരെയും കാര്യം ധരിപ്പിക്കാൻ.വല്ലാത്തൊരു പ്രതിസന്ധി ഘട്ടമായിരുന്നു അത്.
പിറ്റേന്നു യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി. എന്നെ വിളിപ്പിച്ചു. “താനാണല്ലേ, ഡോ. കഫീൽ ഖാൻ, കാറിൽ സിലിണ്ടറെത്തിച്ചു ഹീറോയാകാൻ ശ്രമിച്ച ഡോക്ടർ, തന്നെ കാണിച്ചുതരുന്നുണ്ട്…” എന്നായിരുന്നു എന്നോടു പറഞ്ഞത്.. അവർ പറഞ്ഞതു ചെയ്തു, പിന്നീടെനിക്ക് പീഡന കാലമായിരുന്നു. ഞാൻ മാത്രമല്ല,എന്റെ കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാവരും വേട്ടയാടപ്പെട്ടു.
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട് തകർന്ന മനസ്സോടെ ഇരുന്ന ആ മാതാപിതാക്കളെ ഒന്നാശ്വസിപ്പിക്കാൻ പോലും ഭരണകൂടം തയ്യാറായില്ല.സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞത് “ഇതൊക്കെ സ്വാഭാവികമാണ്, രാജ്യത്തു ദിവസേന ആയിരക്കണക്കിനു കുട്ടികൾ മരിക്കുന്നില്ലേ? അതുപോലെ സാധാരണം” എന്നായിരുന്നു!!
ആയിരക്കണക്കിനു സംഘ്പരിവാർ സൈബർ പ്രചാരകരെ ഉപയോഗിച്ചാണ് അവർ എനിക്കെതിരെ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയത്. ഡോ :കഫീൽ അഹമ്മദ് ഖാനാണ് ബി.ആർ.ഡി.മെഡിക്കൽ കോളേജിന്റെ വൈസ് പ്രിൻസിപ്പാൾ എന്നും പീഡിയാട്രിക് മെഡിസിൻ വിഭാഗം തലവൻ എന്നും അവർ വ്യാജ പ്രചാരണം നടത്തി.ബി.ആർ ഡിമെഡിക്കൽ കോളേജിന്റെ മുഴുവൻ ചുമതലയുള്ള ആളെന്ന് വാസ്തവ വിരുദ്ധമായി അവർ വരുത്തിത്തീർക്കാൻ ശ്രമിച്ചത് ആ ദുരന്തത്തിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു. സത്യത്തിൽ വെറും ഒരു വർഷം മുൻപു മാത്രമാണു ഞാൻ ബി.ആർ.ഡി ഹോസ്പിറ്റലിൽ ജോയ്ൻ ചെയ്തത്. കുറഞ്ഞത് 20 വർഷത്തെ സർവീസ് വേണം പ്രൊഫസറാകാൻ. സ്ഥാപനത്തിന്റെ എച്ച് .ഒ .ഡി. ഡോ:മഹിമാ മിത്തൽ ആയിരുന്നു. യാഥാർഥ്യങ്ങൾ ഇതായിരിക്കെ, ഞാൻ ആശുപത്രിയിലേക്കുള്ള സിലിണ്ടറുകൾ മോഷ്ടിച്ചു വിറ്റു എന്നു വരെ അവർ കള്ളക്കഥകളുണ്ടാക്കി. (സിലിണ്ടറുകളിലല്ല, പൈപ്പുകൾ വഴിയാണ് ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചിരുന്നത് )അവർ പ്രചരിപ്പിച്ച പലതരം നുണകൾ യഥാർഥത്തിൽ പലരെയും രക്ഷപ്പെടുത്താനുള്ള വഴികളായിരുന്നു.. അതെല്ലാം അവർ ബോധപൂർവം തന്നെ പ്രചരിപ്പിച്ചതായിരുന്നു.
എന്തായാലും അറുപതു ലക്ഷത്തിന്റെ പേരിൽ അറുപതു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. എന്നെ ജയിലിലടച്ചു.എന്റെ കുടുംബത്തെയും ബന്ധുക്കളെയും ടോർച്ചർ ചെയ്തു.പോലീസ് രാപകലില്ലാതെ എന്റെ വീട്ടിൽ കയറിയിറങ്ങി. എന്റെ ഉമ്മയും സഹോദരനും ഹജ്ജിനു പോയിരിക്കുകയായിരുന്നു പൊലീസുകാരുടെ ഭീകരമായ ടോർച്ചർ സഹിക്കാനാവാതെ എന്റെ സഹോദരി എനിക്കയച്ച കത്ത്, ജയിലിൽ വച്ചു വായിച്ചു ഞാൻ നിശ്ശബ്ദമായി കണ്ണീരൊഴുക്കി. എന്റെ കുടുംബം ഏഴു മാസത്തോളം ഭയത്താൽ നിശ്ശബ്ദരായിരുന്നു. ഭരണകൂടം എന്നെ കൊന്നു കളഞ്ഞേക്കുമെന്നവർ ഭയന്നു.
ഞാൻ അന്നുവരെ ഒരു മൂവ്മെൻറിന്റെയും ഭാഗമായിരുന്നില്ല. ജുനൈദിന്റെയോ അഖ്ലാഖിൻെറയോ നജീബിന്റെയോ ഒക്കെ വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ പോലും, എന്തുകൊണ്ടാണ് അത്തരം അനീതികൾ നടക്കുന്നതെന്നു ഞാൻ ചിന്തിച്ചിരുന്നില്ല, പ്രതികരിച്ചിരുന്നില്ല, അനീതിക്കെതിരായ ഒരു പ്രസ്ഥാനത്തിലും ഭാഗമായിരുന്നില്ല.എന്നാൽ ഇന്നു ഞാൻ തിരിച്ചറിയുന്നത്, അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമാവേണ്ടതുണ്ടെന്നാണ്. കാരണം, ഭരണകൂടം എനിക്കെതിരെ ശിക്ഷാ നടപടിയുമായി പ്രതികാരം ചെയ്തപ്പോൾ, ഞാൻ ജനങ്ങളാൽ അത്രയേറെ സ്നേഹിക്കപ്പെട്ടത്, ആദരിക്കപ്പെട്ടത്, പരിഗണിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് എനിക്കിന്നു വ്യക്തമായ ബോധ്യമുണ്ട്. ഭരണപക്ഷത്തിന്റേതിൽ നിന്നു ഭിന്നമായ ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന, മതപരമോ ഇതരമോ ആയ വിശ്വാസങ്ങൾ പുലർത്തുന്ന ഏതൊരിന്ത്യാക്കാരനും ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവിന്റെ ജാഗ്രതയാണ് എനിക്കു കൂടിയുള്ള കരുതലും പിന്തുണയുമായത് എന്നതാണു ഞാൻ നേടിയ ആ തിരിച്ചറിവ്.
മതം മാനവികതയാണെന്നാണു ഞാൻ കരുതുന്നത്. പരമകാരുണികനായ അള്ളായിൽ ഞാൻ വിശ്വസിക്കുന്നു. അതെന്റെ സ്വാതന്ത്ര്യമാണ്. ഒപ്പം ഇതര മതസ്ഥരുടെ വിശ്വാസങ്ങളെ ഞാൻ ആദരിക്കുന്നു, അംഗീകരിക്കുന്നു., ഇതര മതസ്ഥരായ സഹോദരങ്ങളെ ഞാൻ സ്നേഹിക്കുന്നു..
പിറ്റേന്നു യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി. എന്നെ വിളിപ്പിച്ചു. “താനാണല്ലേ, ഡോ. കഫീൽ ഖാൻ, കാറിൽ സിലിണ്ടറെത്തിച്ചു ഹീറോയാകാൻ ശ്രമിച്ച ഡോക്ടർ, തന്നെ കാണിച്ചുതരുന്നുണ്ട്…” എന്നായിരുന്നു എന്നോടു പറഞ്ഞത്.. അവർ പറഞ്ഞതു ചെയ്തു, പിന്നീടെനിക്ക് പീഡന കാലമായിരുന്നു. ഞാൻ മാത്രമല്ല,എന്റെ കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാവരും വേട്ടയാടപ്പെട്ടു.
ഞാൻ, ജയിലിലായിരുന്ന സമയത്തു നടന്ന മറ്റൊരു സംഭവം ഓർക്കുന്നു. 2017 ഒക്ടോബർ നാലിന് കേരളം സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള മുഖ്യമന്ത്രിക്കയച്ച കത്ത്, പത്രത്തിലൂടെ ഞാൻ ജയിലിരുന്നാണു വായിച്ചത്. യു പിയിൽ വന്ന് എങ്ങനെയാണ് ആശുപത്രികൾ മാതൃകാപരമായി നടത്തേണ്ടതെന്നു കണ്ടു പഠിക്കാനായിരുന്നു ആദിത്യനാഥ് കേരള മുഖ്യമന്ത്രിയെ ഉപദേശിച്ചത്. യു.പിയിലെ ബാല/ശിശു മരണനിരക്കുകൾ യഥാക്രമം കേരളത്തിലേതിന്റെ അഞ്ചും പതിനൊന്നും ഇരട്ടി അധികമാണ് .പ്രസവത്തെത്തുടർന്ന് ഒരു ലക്ഷം അമ്മമാരിൽ അറുപത്തിയൊന്നു പേരാണു കേരളത്തിൽ മരിക്കുന്നതെങ്കിൽ യുപിയിൽ അത് 285 ആണ്.. കേരള ജനസംഖ്യക്ക് ആറായിരം പേർക്ക് ഒരു ഡോക്ടർ വച്ചുണ്ടെങ്കിൽ യുപിയിൽ 20000 പേർക്കാണ് ഒരാൾ.. കണക്കുകൾ ഇതായിരിക്കെ ആദിത്യനാഥിന്റെ പ്രസ്താവന ചിരിച്ചു തള്ളുകയല്ലാതെ വഴിയില്ല. എന്റെ സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന രംഗത്തിന്റെ പരിതാപവസ്ഥയിൽ എനിക്ക് അതിയായ ഖേദമുണ്ടെന്നു തുറന്നു പറയുകയാണ്.
കഴിഞ്ഞ, രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ഞാനൊരു ചെറിയ കുട്ടിയെ എടുത്തു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുട്ടിയും ആ ദുരന്തത്തിൽ ഉൾപ്പെട്ടിരുന്നു. ഭാഗ്യവശാൽ അവനെ രക്ഷിക്കാനായി. ഇന്നവൻ ആരോഗ്യവാനായി ഓടിച്ചാടി കളിച്ചു നടക്കുന്നു. എനിക്കതിൽ അഭിമാനവും സന്തോഷവും ഉണ്ട്. ഞാനവനെ എടുത്തു നിൽക്കുന്ന ചിത്രം വന്നപ്പോൾ അവന്റെ മാതാപിതാക്കൾ ഭയത്തോടെ എന്റെ അരികിലെത്തി. ആ ചിത്രം മൂലം തങ്ങളും കോടതി കയറേണ്ടി വരുമോ, ശിക്ഷിക്കപ്പെടുമോ എന്നാണവരുടെ ഭയം. അവരുടെ ഭയം അസ്ഥാനത്തല്ല. കൊല്ലപ്പെട്ട ആ അറുപതു കുഞ്ഞുങ്ങളിലൊരാളുടെ പോലും രക്ഷിതാക്കൾ ആ സംഭവത്തേക്കുറിച്ചു പറയാൻ ഇന്നും തയ്യാറല്ല! അവർക്കു ഭയമാണ്, സംഘപരിവാർ ഭരണകൂടത്തെ !!
ഞാൻ ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ “മോനേ നീ പുറത്തു വന്നല്ലോ…” എന്നു നെഞ്ചു പൊട്ടി നിലവിളിച്ചുകൊണ്ട് എന്റെ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു.2019ലെ തെരഞ്ഞെടുപ്പിനു മുൻപ് ഞാൻ വെളിയിലിറങ്ങില്ലെന്നായിരുന്നു പലരുടെയും ധാരണ. ഞാൻ ഉമ്മയെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു ” “ഉമ്മ ഭാഗ്യവതിയാണ്, ഉമ്മക്ക് ഉമ്മയുടെ മകനെ ജീവനോടെ തിരിച്ചുകിട്ടി, എന്നാൽ ആ അറുപത് അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങളെ തിരിച്ചു കിട്ടിയില്ല, ഇനിയൊരിക്കലും തിരിച്ചു കിട്ടുകയുമില്ല…”
എന്റെ ഉമ്മയെപ്പറ്റി പറഞ്ഞപ്പോൾ ഖുശി നഗറിൽ നടന്ന തീവണ്ടിയപകടത്തിൽ മൂന്നു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരമ്മയെപ്പറ്റിക്കൂടെ പറയേണ്ടതുണ്ടെന്നു കരുതുന്നു.ഒരാൾക്കു പത്തു വയസ്സ്, മറ്റൊരാൾക്ക് എട്ട്, ഇളയ ആൾക്ക് ഏഴ്.. അവർ സ്കൂളിലേക്കു പുറപ്പെട്ടതായിരുന്നു. പാളം മുറിച്ചുകടക്കവെ, അവർ മൂവരും തീവണ്ടിയിടിച്ചു ദാരുണമായി മരിച്ചു! ഛിന്നഭിന്നമായിപ്പോയ തന്റെ മക്കളുടെ ശവശരീരം കണ്ടു നില തെറ്റിയ ആ അമ്മയുടെ ആർത്തലച്ച നിലവിളി കണ്ട, യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്തിയത്, ” നാടകം കളിക്കരുതെ”ന്നായിരുന്നു.പ്രതീക്ഷിക്കാനായി ജീവിതത്തിലൊന്നും അവശേഷിക്കാതിരുന്ന ആ അമ്മ രണ്ടു ദിവസത്തിനുള്ളിൽ സ്വയം മരണം തെരഞ്ഞെടുത്തു .മക്കളുള്ളവർക്കല്ലേ അവർ നഷ്ടപ്പെടുന്നതിലുള്ള വേദന മനസ്സിലാവൂ !!.ഹൃദയം തകരുന്ന വേദനയെ നാടകമായി കാണുന്ന ഭരണാധികാരി ശിലാഹൃദയമുള്ളവനാണ്. ഹൃദയാലുക്കളായ ഭരണാധികാരികൾക്കു മാത്രമേ ജനങ്ങളുടെ രക്ഷിതാക്കളാകാനാവൂ. ദൗർഭാഗ്യവശാൽ അരക്ഷിത്വം സൃഷ്ടിക്കുന്ന സ്വേഛാധിപതികളുടെ ഭരണത്തിൻ കീഴിലാണ് ഇന്ന് ഇന്ത്യ!
ജുനൈദിന്റെയോ അഖ്ലാഖിൻെറയോ നജീബിന്റെയോ ഒക്കെ വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ പോലും, എന്തുകൊണ്ടാണ് അത്തരം അനീതികൾ നടക്കുന്നതെന്നു ഞാൻ ചിന്തിച്ചിരുന്നില്ല, പ്രതികരിച്ചിരുന്നില്ല, അനീതിക്കെതിരായ ഒരു പ്രസ്ഥാനത്തിലും ഭാഗമായിരുന്നില്ല.എന്നാൽ ഇന്നു ഞാൻ തിരിച്ചറിയുന്നത്, അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമാവേണ്ടതുണ്ടെന്നാണ്.
ഞാൻ ഭാഗ്യവാനാണ്, എല്ലാവരുടെയും പ്രയത്നത്താൽ, പ്രാർഥനയാൽ എനിക്കു തിരിച്ചു വരാൻ കഴിഞ്ഞു. ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. എനിക്കു നേരെ കെട്ടിച്ചമച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വ്യാജമായിരുന്നുവെന്നു നീതിപീഠത്തിനു ബോധ്യമായി. എന്തിനാണെന്നെ കഴിഞ്ഞ എട്ടു മാസം ജയിലിലടച്ചതെന്നു കോടതി എടുത്തു ചോദിച്ചു.. എന്നിട്ടും ഇപ്പോഴും എന്റെ സസ്പെൻഷൻ ഭരണകൂടം പിൻവലിച്ചിട്ടില്ല. തിരികെ ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല… നാളെയല്ലെങ്കിൽ മറ്റന്നാൾ നജീബിനെ കാണാതായതു പോലെ എന്നെയും കാണാതായേക്കാം, ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്റെ ശവശരീരം എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാം, അതുവരെ ഞാനെന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും!
കേരളത്തിൽ നിന്നുൾപ്പെടെ എന്റെ ധാരാളം സുഹൃത്തുക്കൾ അവരുടെ നാടുകളിൽ താമസമാക്കാനായി എന്നെ സ്നേഹത്തോടെ ക്ഷണിക്കുന്നുണ്ട്. എന്റെ സുരക്ഷിതത്വവും നന്മയും ആണ് അവർ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കുമ്പോഴും ഞാനാ ക്ഷണങ്ങളെ സ്നേഹപൂർവം നിരസിക്കുകയാണ്.. ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ ഇരുപത്തിയയ്യായിരത്തിലധികം ശിശുമരണങ്ങൾ നടന്ന, നടന്നുകൊണ്ടിരിക്കുന്ന നാടാണു ഗോരഖ്പൂർ. മരിച്ചു കൊണ്ടിരിക്കുന്ന ആ കുഞ്ഞുങ്ങളെ മറന്ന് എനിക്കു മറ്റൊരിടത്തേക്കും പോകാനാവില്ല. മാരക രോഗം ബാധിച്ച, സംസാരശേഷിയില്ലാത്ത, വൈകല്യം ബാധിച്ച ഏഴും പത്തും പതിനേഴും വയസ്സുള്ള തങ്ങളുടെ കുഞ്ഞുങ്ങളെ, പ്രയാസപ്പെട്ടു ചുമലിലേറ്റി എന്നെ വിശ്വസിച്ചു വരുന്ന അമ്മമാരെ എനിക്കു കൈവിടാനാവില്ല! അവർക്കു വേണ്ടി പരിപൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന അഞ്ഞൂറു ബെഡുകളെങ്കിലും ഉള്ള ഒരാശുപത്രി; അതാണെന്റെ ഏറ്റവും വലിയ സ്വപ്നം! അതിനായുള്ള സഹായ വാഗ്ദാനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ലഭിക്കുന്നുണ്ട്, ശരിയായ വഴി തെരഞ്ഞെടുത്താൽ പ്രപഞ്ചനാഥന്റെ സഹായം ഒപ്പമുണ്ടാകും എന്നു വിശ്വസിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും; ബാക്കിയെല്ലാം ദൈവഹിതത്തിനു വിടുന്നു.
ഒന്നുകൂടി പറഞ്ഞോട്ടേ,
ആ ഇരുണ്ട നശിച്ച രാത്രി, ഒരുപാടു മനുഷ്യരുടെ മനോനില തെറ്റിച്ചു, ഒരുപാടു പേരുടെ ജീവിതവും സന്തോഷങ്ങളും തകർത്തു.. ആ കൂട്ടക്കശാപ്പിന് ഉത്തരവാദി ഭരണകൂടം മാത്രമാണ്. അവരുടെ മനപൂർവമായ അശ്രദ്ധ മൂലം ഇല്ലാതായ ജീവനുകൾക്ക് ഇന്നും നഷ്ടപരിഹാരം നൽകപ്പെട്ടിട്ടില്ല.. ഇരുപതും പതിമൂന്നും വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ദീർഘനാളത്തെ വന്ധ്യതാ ചികത്സയ്ക്കു ശേഷം ഒക്കെ ലഭിച്ച കുഞ്ഞുങ്ങൾ ആ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ദു:ഖം വാക്കുകളാൽ പറയാനാവാത്തതാണ്. അത് ഈ നാടിന്റെ ദു:ഖമാണ്, അവരോടൊപ്പം നിങ്ങളുണ്ടാവണം, ഡോ: കഫീലിനു വേണ്ടിയല്ല, സംഘ്പരിവാർ ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ടവർക്കു വേണ്ടിയാണ് നിങ്ങളീ പോരാട്ടത്തോടൊപ്പം ചേരേണ്ടത്. ഞാൻ മുൻപു പറഞ്ഞതുപോലെ, നജീബിനെയെന്നതു പോലെ എന്നെയും കാണാതായേക്കാം, അപ്പോഴും നിങ്ങൾ എന്നെയും എന്റെ വാക്കുകളെയും മറക്കാതിരിക്കുക… ഒപ്പം നിൽക്കുക, പോരാട്ടം തുടരുക. ഏവർക്കും നന്ദി, അഭിവാദ്യങ്ങൾ