ആരു വേണമെങ്കിലും ഒരു ദിവസം കഫീല്‍ ഖാന്‍ ആയേക്കാം

കഴിഞ്ഞ ഓ​ഗസ്റ്റിൽ, അജയ് ബിഷ്ട് (യോ​ഗി ആദിത്യനാഥ്) മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ, അജയ് ബിഷ്ടിന്റെ മണ്ഡലം കൂടിയായ ​ഗൊരഖ്പൂരിലെ മെഡിക്കൽ കോളേജിൽ ജാപ്പനീസ് എൻകഫലെെറ്റിസ് ബാധിച്ച് നൂറോളം കുഞ്ഞുങ്ങൾ ഒറ്റ ദിവസം കൊല്ലപ്പെട്ടു. അധികൃതർ പണമടക്കാത്തതിനാൽ ലിക്വിഡ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതു കാരണമുണ്ടായ ഭരണകൂടകൊലപാതകത്തെ പ്രതിരോധിക്കാൻ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച ഡോക്ടറാണു കഫീൽ അഹമ്മദ് ഖാൻ. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഡോക്ടറെ അജയ് ബിഷ്ട് ജയിലിലടച്ചു. നീതിയുടെയും മാനവികതയുടെയും പക്ഷത്തു നിൽക്കുന്ന വലിയൊരുവിഭാ​ഗം ജനങ്ങൾ കഫീൽ ഖാനെ ജയിലിലടക്കുന്നതു നിസ്സഹായമായി നോക്കിനിന്നു. ഈ ഡോക്ടർ ഇനി പുറത്തിറങ്ങുമോ എന്ന് ആശങ്കപ്പെട്ടു. വളരെ അർഥവത്തായ ആശങ്കയായിരുന്നു അതെന്നു കഫീൽ ഖാന്റെ ഈ വാക്കുകൾ തന്നെ തെളിയിക്കുന്നു: ഞാൻ ഇത്രവേ​ഗം പുറത്തിറങ്ങുമെന്നു കരുതിയില്ല, അവർക്കെന്നെ വേണമെങ്കിൽ കൊന്നു കളയാമായിരുന്നു. ഇനിയും ഏതു നിമിഷവും അതു സംഭവിക്കാം. എന്നെ കാണാതായാൽ നിങ്ങൾ എന്നെ തിരഞ്ഞു വരിക. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്നെ ഓർക്കുക. കുഞ്ഞുങ്ങൾക്കു സൗജന്യചികിത്സ നൽകുന്ന ആശുപത്രി തുടങ്ങുക എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ഡോ. കഫീൽ ഖാൻ സംസാരിക്കുന്നു.

മതം എനിക്ക് ആത്മീയതയും സമാധാനവുമാണ്. ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, അത് എന്റെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പുമാണ്. ഞാന്‍ മറ്റു മതസ്ഥരെ വെറുക്കുന്നില്ല, ആ എന്നോടാണ് അവരിത് ചെയ്തിരിക്കുന്നത്:- ഡോ.കഫീല്‍ അഹമ്മദ് ഖാന്‍.

കഴിഞ്ഞ എട്ടുമാസങ്ങൾക്കിടയിൽ എനിക്കു സംഭവിച്ച കാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞല്ലോ, ഇനിയും എന്താണ് അറിയാനുള്ളത്? ഡോ.കഫീൽ ഖാൻ ചോദിച്ചു. ശരിയാണ്. എട്ടു മാസങ്ങൾ കൊണ്ടു സഹിച്ച കാര്യങ്ങളെപ്പറ്റി ഇനിയും പറയിക്കുന്നത് അനീതിയാണ്. അറിയാനുണ്ടായിരുന്നതു മറ്റു ചില കാര്യങ്ങളാണ്. ഇത്രയേറെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന രോ​ഗം വേരുറപ്പിച്ചിരിക്കുന്നത് ഉത്തർപ്രദേശ് സർക്കാരിന്റെ അനാസ്ഥയിലും, ജാതിപരവും മതപരവുമായി യാതൊരു പ്രിവിലിജും അനുഭവിക്കാത്ത ജനവിഭാ​ഗങ്ങളോടുള്ള അവ​ഗണനയിലും തന്നെയല്ലേ എന്ന ചോദ്യം. ഇതിനു മുൻപും ബിആർഡി മെഡിക്കൽ കൊളേജിൽ അക്യൂട്ട് എൻകഫലെെറ്റിസ് ബാധിച്ച കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴും കൊല്ലപ്പെടുന്നു.

ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളെജിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ കാരണമായ ആ രോ​ഗത്തെക്കുറിച്ചു പറയാമോ?

അക്യൂട്ട് എൻകഫലെെറ്റിസ് സിൻ‍ഡ്രോം ആണു കുഞ്ഞുങ്ങളെ ബാധിച്ചിരിക്കുന്നത്. തലച്ചോർ വീർക്കുന്ന അവസ്ഥയാണ് എൻകഫലെെറ്റിസ്. അതി​ഗുരുതരമാണത്. ഒന്നാം ദിവസം കുഞ്ഞിനു പനി തുടങ്ങും. മൂന്നാം ദിവസം അതു മൂർഛിക്കും. അഞ്ചാം ദിവസം കുഞ്ഞു മരിക്കും. അതിനാടകീയവും തീവ്രവുമാണ് ഈ അവസ്ഥ. അക്യൂട്ട് എൻകഫലെെറ്റിസ് സിൻഡ്രോമുമായി ബന്ധപ്പെട്ട മറ്റു രോ​ഗാവസ്ഥകളുണ്ട്. അതിലൊന്നാണു ജാപ്പനീസ് എൻകഫലെെറ്റിസ്. 1971ല്‍ ജപ്പാനിലാണ് ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. വാക്സിൻ കണ്ടുപിടിക്കപ്പെട്ടതോടെ ജപ്പാനിൽ നിന്നു് ഈ രോ​ഗം തുടച്ചുമാറ്റപ്പെട്ടു. ഇന്ത്യയിലും ഈ വാക്സിൻ ലഭ്യമാണ്. വേൾഡ് ഹെൽത്ത് ഓർ​ഗനെെസേഷൻ അതു നൽകുന്നുണ്ട്. ഗവണ്‍മെന്റ് അത് വിതരണം ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന തലത്തിൽ പിഴവുകൾ സംഭവിക്കുന്നു. ഡോസ് തെറ്റിച്ചായിരിക്കും നൽകുന്നത്, അല്ലെങ്കിൽ വാക്സിന്റെ ​ഗുണത്തിൽ വ്യത്യാസം വരുത്തുന്നുണ്ട്. ഇതിലേതെങ്കിലും ആകാം. കഴിഞ്ഞ 2013, 2014, 2015, 2016 വർഷങ്ങളിൽ തുടർച്ചയായി ജാപ്പനീസ് എൻകഫലെെറ്റിസ് രോ​ഗികളായ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. പക്ഷേ 2016, 2017 വർഷങ്ങളിൽ അതു വീണ്ടും ഉയർന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത് സ്ക്രബ് ടെെഫസ് എന്ന ബാക്ടീരിയ ആണ് ജാപ്പനീസ് എൻകഫലെെറ്റിസിനു കാരണം എന്നാണ്. എലിയിൽ വളരുന്ന  പരാദമാണ് സ്ക്രബ് ടെെഫസ് ബാക്ടീരിയ പടർത്തുന്നത്. മഴക്കാലമായാൽ എലികൾ വീടുകളിൽ പെരുകുകയും എലിയുടെ ദേഹത്തുള്ള പരാദം കുഞ്ഞുങ്ങളെ കടിക്കുകയും ചെയ്യുന്നു. സ്ക്രബ് ടെെഫസിന്റെ ലാർവ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതോടെ അവർ ജാപ്പനീസ് എൻകഫലെെറ്റിസിന് അടിപ്പെടുന്നു.

ജാതിയും വർ​ഗവും തീരുമാനിക്കുന്ന ജീവിത സാഹചര്യങ്ങളാണ് ഈ രോ​ഗബാധയ്ക്കു കാരണമല്ലേ?

അതെ, ഇതു ദരിദ്രരുടെ രോ​ഗമാണ്. ദരിദ്രർക്കു മാത്രമാണ് ഈ രോ​ഗം പിടിപെടുന്നത്. ദരിദ്രർക്കു മാത്രം ബാധിക്കുന്ന  രോ​ഗം. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ അവരിൽ 99% പേരും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണെന്നു കാണാം. അവർക്കു മതിയായ ശുചിത്വ സംവിധാനങ്ങളില്ല, കുടിക്കാൻ നല്ല വെള്ളമില്ല, മതിയായ വിദ്യാഭ്യാസമില്ല, ആവശ്യത്തിനു ഭക്ഷണവും ഇല്ല. ഭക്ഷണമില്ലാത്തതിനാൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. അടിസ്ഥാനപരമായ ഈ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്കു കഴിയുന്നില്ല. അതിനാൽ അവർ അനാരോ​ഗ്യത്തിലാണ്. പോഷകാഹാരമില്ല, വേ​ഗം രോ​ഗം ബാധിക്കുന്നു, രോ​ഗപ്രതിരോധ ശേഷി കുറവാണ്. അതിനാൽ ജാപ്പനീസ് എൻകഫലെെറ്റിസ് ദരിദ്രരുടെ ​രോ​ഗമാണ്. ദലിതർ കൂടുതൽ കൊല്ലപ്പെടുന്നുവെന്നോ ഉയർന്ന ജാതിക്കാർ കൊല്ലപ്പെടുന്നില്ല എന്നോ അല്ല, മുസ്‌ലിംകളും ഹിന്ദുക്കളും ഒക്കെ രോ​ഗബാധിതരായി എത്തുന്നുണ്ട്. താഴ്ന്ന സാമ്പത്തിക നിലയിലുള്ളവരെയാണ് ഈ രോ​ഗം ബാധിക്കുന്നത്. അവരുടെ വരുമാനം വളരെ കുറവാണ്, അവർക്കു ശരിക്കുള്ള വീടുകളില്ല, അവർ കുടിലുകളിലൊക്കെയാണു താമസിക്കുന്നത്.

ഡോ.കഫീൽ ഖാൻ ഇതിനെ കൂട്ടക്കൊല എന്നു വിളിക്കുന്നു?

അതെ. ഇതൊരു കൂട്ടക്കൊലയാണ്. അന്ന് ബി.ആർ.ഡി മെഡിക്കൽ കോളേജിൽ സംഭവിച്ചതു കൂട്ടക്കൊലയാണ്. ബന്ധപ്പെട്ടവര്‍ പണമടക്കാത്തതുകൊണ്ട്, ലിക്വിഡ് ഓക്സിജൻ തീര്‍ന്നുപോയതിനാലാണ് അതു സംഭവിച്ചത്. അതുകൊണ്ടു മാത്രമാണ്‌ ഇതു സംഭവിച്ചത്. സംഭവം നടക്കുന്നതിന് ആറുമാസം മുൻപു തന്നെ പുഷ്പ സെയിൽസ് ഡയറക്ടർ മനീഷ് ഭണ്ഡാരി മെഡിക്കൽ കൊളേജിലേക്കു കത്തുകൾ അയച്ചുകൊണ്ടേ ഇരുന്നു. ജില്ലാ മജിസ്ട്രേറ്റിനു കത്തെഴുതി, പ്രിൻസിപ്പലിനു കത്തെഴുതി, പീഡിയാട്രിക്സ് എച്ച്.ഓ.ഡിക്കു കത്തെഴുതി, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ജനറൽ കെ.കെ ​ഗുപ്തയ്ക്കു കത്തെഴുതി. പ്രിൻസിപ്പൽ സെക്രട്ടറി അമിത ജെയ്ൻ ഭട്ന​ഗറിനു കത്തെഴുതി, ആരോ​ഗ്യ മന്ത്രിക്കു കത്തെഴുതി, മുഖ്യമന്ത്രിക്കു വരെ കത്തെഴുതി!

പക്ഷേ ആരും അതു ​ഗൗരവത്തിലെടുത്തില്ല. അവർ കത്തുകൾ അങ്ങോട്ടുമിങ്ങോട്ടും ഫോർവേർഡ് ചെയ്യുക മാത്രമാണു ചെയ്തത്. അതാണ് അവർ ആകെ ചെയ്തത്. മനീഷ് ഭണ്ഡാരി  ലീ​ഗൽ നോട്ടീസും അയച്ചു; 15 ദിവസത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടർ വിതരണം നിർത്താൻ പോകുകയാണെന്ന്. നിർത്തുകയും ചെയ്തു.

ഞാനൊരിക്കലും കരുതിയിരുന്നില്ല ഇന്ത്യയൊട്ടുക്കും എനിക്കിത്രയും പിന്തുണ കിട്ടുമെന്ന്. ലോകത്തെമ്പാടുനിന്നും എന്നെ ആളുകൾ പിന്തുണ അറിയിക്കുന്നു. അത്രയും സ്നേഹവും സഹാനുഭൂതിയുമാണ് എന്നിലേക്കു വരുന്നത്. കർണാടകത്തിൽ പോയപ്പോൾ ഞാനേതോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുകയാണെന്നു വരുത്തിത്തീർക്കാൻ ശ്രമങ്ങളുണ്ടായി, എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. പൊളിറ്റിക്സ് എന്റെ മേഖലയല്ല. എന്റെ പാഷൻ കുഞ്ഞുങ്ങളാണ്, അവരെ പരിചരിക്കലാണ്. അതാണ് എനിക്കു സന്തോഷം നൽകുന്നത്.

ബി.ആർ.ഡി മെഡിക്കൽ കൊളേജിൽ ഇപ്പോൾ എന്താണു സംഭവിക്കുന്നത്?

കേരളത്തിൽ 14 ജില്ലകളിലായി 14 മെഡിക്കൽ കൊളേജുകളുണ്ട്. പക്ഷേ ​ഗൊരഖ്പൂരിൽ ഒരൊറ്റ മെഡിക്കൽ കോളേജ് മാത്രമേയുള്ളു. ബീഹാറിന്റെ പകുതിയിൽ നിന്നും നേപ്പാളിന്റെ പകുതിയിൽ നിന്നും ഉത്തർപ്രദേശിലെ തന്നെ അഞ്ചോളം ജില്ലകളിൽ നിന്നുമുള്ളവർ ഈ മെഡിക്കൽ കൊളേജിനെ ആശ്രയിക്കുന്നവരാണ്. ബി.ആർ.ഡിയിൽ മാത്രം സൗകര്യങ്ങൾ വർധിപ്പിക്കുന്നതുകൊണ്ടു കാര്യമൊന്നും ഇല്ല. അതുകൊണ്ടു രോ​ഗം നിയന്ത്രിക്കാൻ കഴിയില്ല. അരികുവൽക്കരിക്കപ്പെട്ട തലങ്ങളിലാണു പ്രവർത്തിക്കേണ്ടത്. എൻകഫലെെറ്റിസ് നമുക്കു കൂടുതൽ സമയം തരില്ല. വളരെ വേ​ഗത്തിലാണ് അതു പടരുന്നത്. പനി തുടങ്ങുമ്പോൾത്തന്നെ പ്രതിരോധിക്കണം. അപ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ കുഞ്ഞ് കോമയിലേക്കു പോകും. പിന്നീടു രക്ഷപ്പെടുത്തൽ വളരെ പ്രയാസമാണ്. അതിനാൽ നേരത്തെ പ്രതിരോധിക്കുന്നതാണു നല്ലത്. ​ഗൊരഖ്പൂരിലെ അരികുവൽക്കരിക്കപ്പെട്ട ഇടങ്ങളിലുള്ള ആരോ​ഗ്യ പ്രവർത്തനങ്ങൾ സത്യത്തിൽ വെള്ളാനയാണ്. അവർക്കു കെട്ടിടങ്ങളുണ്ടാകും; പക്ഷേ ജോലിക്കാർ ഉണ്ടാകില്ല. മരുന്നുകൾ ഉണ്ടാകില്ല, 24 മണിക്കൂർ പ്രവർത്തിക്കില്ല. ഈ അവസ്ഥക്കാണ്‌ മാറ്റം വരുത്തേണ്ടത്. ആ സംഭവത്തിനു ശേഷം സർക്കാർ പണം ചെലവഴിച്ചു. അവർ ഉണർന്നു. കടം അടച്ചു തീർത്തു. പക്ഷേ, കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് ഇനിയൊരിക്കലും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയില്ല.

ബി.ആർ.ഡിയിൽ ഇപ്പോഴും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടോ?

ഞാൻ അറിഞ്ഞിടത്തോളം ഓരോ മാസവും 250-ഓളം കു‍ഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ട്. മഴ കാരണം ജൂലെെ, ഓ​ഗസ്റ്റ് മാസങ്ങളിൽ മരണ സംഖ്യ കൂടും. എന്റെ അറസ്റ്റിനു ശേഷം ഒരു ഡോക്ടറെ നിയമിക്കാൻ പോലും അവർക്കു കഴിഞ്ഞിട്ടില്ല. ഒരു നഴ്സിനെപ്പോലും നിയമിച്ചിട്ടില്ല. ഹ്യൂമന്‍ റിസോഴ്സ് ആണ് ഇല്ലാത്തത്. അവർ കൂടുതൽ കിടക്കകൾ വാങ്ങിക്കുന്നു, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഉപകരണങ്ങൾ വാങ്ങിക്കാനും പണം നൽകുന്നുണ്ട്, പക്ഷേ അടിസ്ഥാന തലത്തിൽ, അരികുവൽക്കരിക്കപ്പെട്ട ഇടങ്ങളിൽ പ്രവർത്തിക്കുന്നില്ല.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

അലഹാബാദ് ഹെെക്കോടതി എനിക്കു ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. വിധിയിൽ ജഡ്ജി സുന്ദരമായി എഴുതിയിട്ടുണ്ട്, ‘ലിക്വിഡ് ഓക്സിജന്റെ ടെണ്ടർ ഇടപാടുകളിൽ കഫീൽ ഖാനു പങ്കില്ലെന്ന്’. തെളിവുകളില്ലാത്തതിനാൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ എനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷണ സമയത്തു തന്നെ തള്ളിക്കളഞ്ഞിരുന്നു. ആരോപിക്കപ്പെട്ട മെഡിക്കൽ അനാസ്ഥയ്ക്ക് തെളിവുകളായി ഒന്നും കോടതിക്കു മുൻപാകെ സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാറിനു കഴിഞ്ഞിട്ടില്ലെന്നും വിധിയിൽ എഴുതിയിട്ടുണ്ട്. അങ്ങനെ, എനിക്കു മേൽ ചാർജ് ചെയ്യപ്പെട്ട വകുപ്പുകൾ നീക്കം ചെയ്തു. പക്ഷേ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. എെ.പി.സി സെക്ഷൻ 308 ചാർജ് ചെയ്തിട്ടുണ്ട്. ശിക്ഷാർഹമായ നരഹത്യ ആണു വകുപ്പ്. എനിക്കീ കേസിനോടു പൊരുതണം. എഫ്.ഐ.ആർ ക്വാഷ് ചെയ്യാൻ ഞാൻ കോടതിയെ സമീപിക്കും, കുറഞ്ഞത് എന്റെ പേരെങ്കിലും അതിൽ നിന്നു മാറ്റിക്കിട്ടണം.

മുൻപു ജോലി ചെയ്തിരുന്ന കർണാടകത്തില്‍ നിന്നു തുടങ്ങിയ ഡോ. കഫീൽ ഖാന്റെ ഈ യാത്ര ഏതെങ്കിലും തരത്തിലുള്ള കാമ്പയിന്‍ ആണോ?

ഇതൊരു കാമ്പയിന്‍ ഒന്നുമല്ല. എന്റെ യാത്ര എല്ലാവർക്കും നന്ദിയറിയിക്കാനുള്ളതാണ്. ഇതൊരിക്കലും ഒരു കാമ്പയിന്‍ അല്ല. എല്ലായിടത്തുനിന്നും, ഇന്ത്യയുടെ എല്ലാ ഭാ​ഗങ്ങളിൽ നിന്നും ജനങ്ങൾ എന്നെ വിളിക്കുന്നു. ഞാനൊരിക്കലും കരുതിയിരുന്നില്ല ഇന്ത്യയെമ്പാടും നിന്ന് എനിക്കിത്രയും പിന്തുണ കിട്ടുമെന്ന്. ലോകത്തെമ്പാടുനിന്നും എന്നെ ആളുകൾ പിന്തുണ അറിയിക്കുന്നു. അത്രയും സ്നേഹവും സഹാനുഭൂതിയുമാണ് എന്നിലേക്കു വരുന്നത്. കർണാടകത്തിൽ പോയപ്പോൾ ഞാനേതോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുകയാണെന്നു വരുത്തിത്തീർക്കാൻ ശ്രമങ്ങളുണ്ടായി, എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. പൊളിറ്റിക്സ് എന്റെ മേഖലയല്ല. എന്റെ പാഷൻ കുഞ്ഞുങ്ങളാണ്, അവരെ പരിചരിക്കലാണ്. അതാണ് എനിക്കു സന്തോഷം നൽകുന്നത്. ഞാൻ രാഷ്ട്രീയത്തിലേക്കു പോകുന്നില്ല. രാഷ്ട്രീയം എന്റെ മേഖലയേ അല്ല. ഞാനീ ജനങ്ങളെ കാണുന്നത് അവരെന്നെ ഓർക്കുകയെങ്കിലും ചെയ്യുമല്ലോ എന്നോർത്തിട്ടാണ്. കാരണം എനിക്കു തോന്നുന്നു, ഏതൊരാളും ഡോ. കഫീൽ ഖാൻ ആയേക്കാം; എപ്പോൾ വേണമെങ്കിലും. ആരു വേണമെങ്കിലും ഒരു ദിവസം കഫീൽ ഖാൻ ആയേക്കാം. നല്ല കാര്യം ചെയ്താലും നിങ്ങൾ കുറ്റവാളിയായേക്കും. ആ അവസ്ഥ മോശമാണ്. ഈ അനീതി അനുഭവിക്കുന്ന നിഷ്കളങ്കരായ ജനങ്ങൾക്കു വേണ്ടി നമ്മൾ പോരാടണം. ഞാൻ നന്ദി പറയാൻ വേണ്ടി വന്നതാണ്, എന്റെ പോരാട്ടം അവസാനിച്ചിട്ടുമില്ല. ഞാൻ ഓർമിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും വേണം.

(സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് , 2018 മെയ് 12ന് എറണാകുളത്തുവച്ച് ഡോ കഫീൽഖാനു നൽകിയ സ്വീകരണത്തിനുശേഷം നടത്തിയ ഇൻറര്‍വ്യൂ ആണിത്)

Top