വിസമ്മതിയും വിമോചനാത്മക രാഷ്ട്രീയവും

ജനങ്ങളിൽ നിന്നുയരുന്ന എല്ലാ വിസമ്മതങ്ങളും ഭരണകൂടത്തെ പരിക്കേൽപ്പിക്കുന്നവയല്ല. എന്നാൽ, നിലനിൽക്കുന്ന വ്യവസ്ഥയിന്മേലുള്ള ആശങ്കകളിലൂന്നിക്കൊണ്ട് പരിവർത്തനോന്മുഖമായി സംവദിക്കുന്ന ആശയങ്ങളെ അഭിസംബോധന ചെയ്യുന്നത് സ്റ്റേറ്റിന്റെ മർദനപരമായ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. ആയതിനാൽ, അവയെ ദുർവ്യാഖ്യാനം ചെയ്ത് പൊതുഭീതി സൃഷ്ടിക്കുകയും അടിച്ചമർത്തുകയുമാണ് ഭരണകൂടം ചെയ്യുക. സന്തോഷ്‌. സി എഴുതുന്നു.

അധികാര ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ ഒരു സമൂഹത്തിന്റെയൊന്നാകെ ഇച്ഛയായി വ്യാഖ്യാനിക്കുന്നതിലൂടെ ഭാവന ചെയ്യപ്പെടുന്ന ‘പുരോഗമന’മാണ് മർദക വ്യവസ്ഥയുടെ അടിസ്ഥാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മർദക വ്യവസ്ഥ സ്വാഭാവികവത്കരിക്കപ്പെട്ട സമൂഹത്തിലാണ് പുരോഗമനം ഈ രീതിയിൽ ഭാവന ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ തീർത്തും സ്വാഭാവികവത്കരിക്കപ്പെട്ട ഏത് സമൂഹവും പരിഷ്കരിക്കപ്പെടുന്നത് മർദിത കീഴാള ജനത നടത്തുന്ന മുന്നേറ്റങ്ങളിലൂടെയാണ്. എന്നാൽ കീഴാള മുന്നേറ്റങ്ങളിലൂടെ സമൂഹമൊന്നാകെ നവീകരിക്കപ്പെടുന്നുണ്ട് എന്ന യാഥാർഥ്യം മറയ്ക്കപ്പെടുന്നു എന്നുമാത്രമല്ല, ഭൂരിപക്ഷ ഉദാരതയാൽ രക്ഷിക്കപ്പെടേണ്ടവരാണ് ന്യൂനപക്ഷ സമൂഹങ്ങൾ എന്ന മിഥ്യ സൃഷ്ടിച്ചുകൊണ്ട് രക്ഷാധികാരഭാവം നടിക്കാൻ ഭരണകൂടമുൾപ്പെടെയുള്ള അധികാര വ്യവസ്ഥകൾക്കു സാധിക്കുന്നുമുണ്ട്. അഥവാ, ഈ മേൽക്കൈയ്യിലൂടെ സ്ഥാപിക്കപ്പെടുന്ന അധികാരമാണ് ഭരണകൂടത്തെ നിലനിർത്തുന്നത്. കേവല പുരോഗമന യുക്തികളുടെ ആളവുകോൽ മാറ്റിവച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ മർദിത-ന്യൂനപക്ഷ സമൂഹങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളുടെ ആഴവും മർദക ‘പൊതു’വിനെ പരിഷ്കരിച്ചെടുക്കുന്നതിലും കൂടുതൽ ജനാധിപത്യവത്കരിക്കുന്നതിലും അവയുടെ പങ്കും ബോധ്യപ്പെടുകയുള്ളൂ.

ഈ തിരിച്ചറിവ് ഒരേസമയം ആത്മവിമർശനപരവും സവിശേഷമായ കീഴാള അവബോധ നിർമിതിയിൽ ഊന്നുന്നതുമാണ്. എന്നാൽ സംവാദ സന്നദ്ധമല്ലാത്തതും മുൻവിധികളാൽ നയിക്കപ്പെടുന്നതുമായ ഭൂരിപക്ഷ പൊതുബോധത്തിൽ വ്യത്യസ്തതകളെ പറ്റിയും അതിന്മേലുള്ള ഭരണകൂട-ഭൂരിപക്ഷ ഹിംസകളെപ്പറ്റിയുമുള്ള സംവാദങ്ങൾ നിരന്തരം അപഹസിക്കപ്പെടുകയോ ഭീകരവത്കരിക്കപ്പെടുകയോ ആണ് ചെയ്യുക. അതുകൊണ്ടുതന്നെ, അധികാരരഹിതരായ ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രതിഷേധങ്ങളും സമരങ്ങളും അവഗണിക്കപ്പെടേണ്ടവയും അടിച്ചമർത്തപ്പെടേണ്ടവയുമാണെന്ന ഭൂരിപക്ഷ ബോധ്യത്തിലും ഇച്ഛയിലുമാണ് നാം ജീവിക്കുന്നത്. പല കോടതി വിധികളും ഭരണകൂട നിയമങ്ങളും നിയമ ഭേദഗതികളും പുരോഗമന പ്രഘോഷണങ്ങളും ഇതിന്റെ പ്രതിഫലനമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

(വി)സമ്മതിയും ഭരണകൂടവും

ആശയഭിന്നതകൾ വിസമ്മതിയെ (dissensus) രൂപപ്പെടുത്തുമെങ്കിലും എല്ലാ വിസമ്മതങ്ങളും ഭരണകൂടത്തെ പരിക്കേൽപ്പിക്കാൻ പോന്നവയല്ല. എന്നാൽ നിലനിൽക്കുന്ന വ്യവസ്ഥയിന്മേലുള്ള ആശങ്കകളിലൂന്നിക്കൊണ്ട് പരിവർത്തനോന്മുഖമായി സംവദിക്കുന്ന ആശയങ്ങളെ അഭിസംബോധന ചെയ്യുന്നത് സ്റ്റേറ്റിന്റെ മർദകപരമായ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. അതിനാൽ അവയെ ദുർവ്യാഖ്യാനം ചെയ്ത് പൊതുഭീതി സൃഷ്ടിക്കുകയോ പൂർണമായും അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുക എന്നത് ഭരണകൂടാവശ്യമാണ്. ഇത്തരത്തിലുള്ള ഹിംസാത്മകത പ്രയോഗങ്ങളെ സ്വാഭാവികവത്കരിച്ചുകൊണ്ട്, ഈ നിർമൂലനം ഒരു അനിവാര്യതയാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്ന സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഭരണകൂടം അത് സാധ്യമാക്കുന്നതും. ഈ സ്വഭാവികവത്കരണത്തോട് സന്ധി ചെയ്യുന്ന ഒന്നിനെയാണ് ‘പൊതു’ എന്ന് വ്യവഹരിച്ചു പോരുന്നത്. അതിനോട് വിയോജിപ്പ്‌ പ്രകടിപ്പിക്കുന്ന ജനതയെല്ലാം ഈ പൊതുവിന്റെ അപരങ്ങളാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ‘അപരസമൂഹങ്ങൾ’ ഉന്നയിക്കുന്ന പ്രശ്നങ്ങളും നടത്തുന്ന ചെറുത്തുനിൽപ്പുകളും സമവായമോ തുടർച്ചയോ അർഹിക്കാത്തവിധം വിസ്മരിക്കപ്പെടുകയും, ‘പൊതുസമൂഹം’ അനുവദനീയമായ നിശബ്ദത പാലിക്കുകയുമാണ് ചെയ്യുക. അടിച്ചമർത്തപ്പെടുന്ന സമരങ്ങൾ, അവ എത്രത്തോളം മനുഷ്യാന്തസിനും സമത്വജീവിതത്തിനും വേണ്ടി വാദിച്ചാലും, പൊതുജീവിതത്തെ അലോസരപ്പെടുത്താതെ പോകുന്നത് ഭരണകൂടാശയങ്ങളാൽ ചരിത്രപരമായി കിഴ്പ്പെടുത്തപ്പെട്ട (subjugated) വിധേയശരീരങ്ങളായി നമ്മുടെ ‘പൊതുജീവിതം’ പരിമിതപ്പെട്ടതുമൂലമാണ്.

എന്നാൽ സമ്മതിസ്വഭാവം (Consensus) ഉള്ള ചെറുത്തുനിൽപ്പുകൾ ഭരണകൂടത്തിന് പ്രത്യേകിച്ച് പരിക്കുകളൊന്നും ഏൽപ്പിക്കില്ല എന്നു മാത്രവുമല്ല, തുടക്കത്തിലെ ഹിംസാത്മകമായ കാർക്കശ്യത്തിനു ശേഷം എതിർപ്പിനു കാരണമായ നീക്കങ്ങളിൽ അയവുവരുത്തുക എന്നത് ഭരണകൂട തന്ത്രവുമാണ്. പല അടവുകളും പയറ്റിനോക്കുന്ന സമവായ ചർച്ചകൾ പോലും ഇതിന്റെ ഭാഗമാണ്. ഒരു സമരസന്ദർഭം സമവായ ചർച്ചകൾക്കു പോലും ‘യോഗ്യത’ നേടുന്നതിൽ പൊതുസമ്മതിക്ക് പങ്കുണ്ട്. അതുകൊണ്ടുതന്നെ അതിനെ പൂർണമായും തള്ളിക്കളഞ്ഞ് നിലനിൽക്കാൻ ഭരണകൂടത്തിനു സാധ്യമല്ല. ജനങ്ങളെ കേൾക്കുന്നുണ്ടെന്നും ‘ശരിയായ’ സമരങ്ങളെ പരിഗണിക്കുന്നുണ്ടെന്നുമുള്ള സൂചനയും ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നുമുണ്ട്.

ദൈനംദിന സന്ദർഭങ്ങൾ മുതൽ വലിയ തോതിൽ ചർച്ചയാകുന്ന ഭരണകൂട നിയമങ്ങളും കോടതി വിധികളും വരെ വലിപ്പഭേദമില്ലാതെ സമ്മതി/വിസമ്മതി രാഷ്ട്രീയത്തിൽ (consensus/dissensus politics) പ്രസക്തമാണ്. ഉദാഹരണത്തിന് ദേശീയതലത്തിൽ ചർച്ചയായ കാർഷിക-പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ടു നടന്ന രണ്ടു സമരങ്ങളോടുള്ള ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതികരണങ്ങളും പരിണതിയും നാം കണ്ടതാണ്. സമരങ്ങളുടെ സംഘാടനത്തേയും ചെലവഴിച്ച ഊർജത്തേയും നഷ്ടമായ മനുഷ്യ ജീവനുകളെയും ഒടുവിൽ നേടിയെടുത്ത വിജയത്തെയും ഒട്ടും നിസാരവത്കരിക്കാതെ കാണുമ്പോഴും, കർഷക സമരത്തിന് ഒരു കൺസെൻസസിന്റെ (പൊതുസമ്മത) സ്വഭാവമുണ്ടായിരുന്നു എന്നു തിരിച്ചറിയുക ഷാഹീൻബാഗിലും മറ്റുമായി നടന്ന പൗരത്വസമരങ്ങളോട് ചേർത്തു വായിക്കുമ്പോഴാണ്. പൊതുജന സമരങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമായി കർഷക സമരത്തെ സ്ഥാനപ്പെടുത്തുമ്പോഴും, പൊതുജന സമ്മതി ആർജിക്കാൻ സാധിക്കാതെപോയ, എന്നാൽ ജനാധിപത്യത്തെ വിപുലപ്പെടുത്താനും സമൂഹത്തെ നവീകരിക്കാനും ശേഷിയുള്ള സമരങ്ങളെ ഏത് അളവുകോൽ വച്ചാണ് നാം മൂല്യനിർണയം നടത്തുന്നത്? ഇവയെ വായിച്ചെടുക്കാൻ സാമ്പ്രദായിക സംവർഗങ്ങളും (categories) വിശകലന ഉപാധികളും പരിമിതമാണ് എന്ന പ്രാഥമിക തിരിച്ചറിവിൽ നമുക്ക് താൽപര്യമില്ലെങ്കിൽ, ജനാധിപത്യത്തെപ്പറ്റിയുള്ള നമ്മുടെ മനസ്സിലാക്കൽ തന്നെ എത്രത്തോളം സങ്കുചിതമായിരിക്കും!

വിസമ്മതിയുടെ ഷാഹീൻബാഗ് പാഠങ്ങൾ

‘ഏകാന്തതയും കൂട്ടായ്മയും’ എന്ന ശീർഷകത്തിലുള്ള തന്റെ ഒരു പ്രഭാഷണത്തിൽ പ്രൊഫ. ഉദയകുമാർ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: “ഇനിയുള്ള ചെറുത്തുനിൽപ്പുകൾക്ക് ഒരുപക്ഷേ ഷാഹീൻബാഗ് പോലുള്ള സമരങ്ങളാകും തുടക്കമാകാൻ പോവുക. പൊതുസ്ഥലങ്ങൾ ഒഴിപ്പിക്കാൻ മഹാമാരിയുടെ അടിയന്തരാവസ്ഥയുടെ ശക്തി ഉപയോഗിച്ച ഭരണകൂടത്തിന് ഷാഹീൻബാഗ് ഇല്ലാതാക്കാൻ വേഗത്തിൽ സാധിച്ചു. അല്ലാത്തപക്ഷം നഗ്നമായ ഭരണകൂട ശക്തിപ്രയോഗമില്ലാതെ ഇങ്ങനെ ഒഴിവാക്കുക വിഷമമായേനെ. കൂടെനിൽപ് സാധ്യമാകുന്ന കാലത്ത് ഇനി വരുന്ന മനുഷ്യർ പ്രതിരോധങ്ങൾക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തിയേക്കാം. അന്ന് ഷാഹീൻബാഗ് പോലുള്ള സമരങ്ങളാകും പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രധാനമാവുക“. പുതിയതരം നൈതികമായ സമീപനങ്ങൾ കൊണ്ട് നിലവിലുള്ള സാമൂഹിക പ്രവർത്തകരെയും പ്രതിരോധ രീതികളെയും ഷഹീൻബാഗ് ഞെട്ടിക്കുകയും ജീവിതം തന്നെ സമരമാക്കി ഭരണകൂടത്തെ അങ്കലാപ്പിലാക്കുകയും ചെയ്തുവെന്ന ഒരു ശ്രോതാവിന്റെ നിരീക്ഷണത്തോടുള്ള പ്രതികരണമായിട്ടാണ് ഉദയകുമാർ ഇതു പറഞ്ഞത്. അതുപോലെ, സർവകലാശാലാ അതിരുകളെ ഭേദിക്കുന്ന, വരുംനാളുകളുടെ ബോധനശാസ്ത്ര സന്ദർഭമായും (Pedagogic moment) ബോധനരീതിയെ ഭാഷണകേന്ദ്രിത വ്യവഹരമാക്കി തളച്ചിടുന്ന സ്ഥലപരമായ വേർതിരിക്കലിൽ നിന്നും വിദ്യാഭ്യാസമാതൃകയിൽ തന്നെ വ്യതിയാനമുണ്ടാക്കുന്ന ഒന്നായും ഷാഹീൻബാഗിനെ മുൻനിർത്തി സന്തോഷ്‌. എസ് നിരീക്ഷിക്കുന്നുണ്ട് (Politics as Pedagogy). ഇതിനൊപ്പം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു ചില നിരീക്ഷണങ്ങളും സൂചിപ്പിക്കാം.

രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ നടുത്തളത്തിൽ ഉയർത്തിയ സമരപ്പന്തലിന് ‘വെളിവാട’ എന്ന് പേരിട്ടിരുന്നു. ഈ നാമകരണ പ്രക്രിയക്ക് സമാനമായി, തങ്ങളെ ദേശദ്രോഹികളായി മുദ്ര ചാർത്തുന്നത്തിനെതിരെ, ജെഎൻയു കമ്മ്യുണിറ്റി ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനു മുന്നിലുള്ള സ്ഥലം ‘ഫ്രീഡം സ്ക്വയർ’ എന്ന പേരിൽ പ്രഖ്യാപിക്കുകയുണ്ടായി. സമരകേന്ദ്രമാക്കിയ ഈ രണ്ട് ഇടങ്ങളെയും വിവിധ പ്രവർത്തനങ്ങൾക്ക് വേദിയാക്കുക വഴി വിമർശനങ്ങളും ബദൽ ആശയങ്ങളും പങ്കുവെക്കുന്ന ‘ബോധന ഇടങ്ങളായി’ പരിവർത്തിപ്പിക്കുകയാണുണ്ടായതെന്നും, പ്രത്യേകമായ നാമകരണങ്ങളിലൂടെ ഈ രണ്ടു സംഭവങ്ങളും ബോധന പ്രക്രിയയുടെ വ്യവസ്ഥാപിതത്വത്തെ ക്ലാസ്സ്റൂമുകൾക്ക് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു എന്നും സന്തോഷ്‌ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അതിനായി ഉപയോഗിച്ച പേരുകളെ (ഫ്രീഡം സ്ക്വയർ, വെളിവാട) മുൻനിർത്തി ഈ സമര സന്ദർഭങ്ങൾ ആന്തരവത്കരിച്ചിരിക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ഭാഷാ-സാംസ്‌കാരിക സൂചകമായ രണ്ട് സംജ്ഞകളാണ്.

ഫ്രീഡം സ്ക്വയറും, വെളിവാടയും. താരതമ്യേന അമൂർത്തമായ സാർവലൗകിക സങ്കൽപനമാണ് സ്വാതന്ത്ര്യം (freedom) എങ്കിൽ, വെളിവാട എന്നത് സവിശേഷവും പ്രാദേശികവും മൈനറുമായ ഒരു പദപ്രയോഗമാണ്. ജാതിശ്രേണീ വ്യവസ്ഥയുടെ സ്ഥലപരമായ നിർമിതിയിൽ നാഗരികതക്കു പുറത്തുനിൽക്കുന്ന ‘യോഗ്യരല്ലാത്ത’ സമൂഹത്തിന്റെ വാസസ്ഥലത്തെ സൂചിപ്പിക്കുന്ന, വേർതിരിക്കലിന്റെയും ഒഴിവാക്കലിന്റെയും ജാതിചരിത്രം പേറുന്ന തെലുങ്ക് വാക്കാണ് ‘വെളിവാട’. ഒരു സ്ഥലത്തെ ഫ്രീഡം സ്ക്വയർ എന്ന് നാമകരണം ചെയ്യുന്നതിലൂടെ അത് നഷ്ടപ്രതാപത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് സാധ്യമാക്കുന്നത്; അതുവഴി നിലനിൽക്കുന്ന മൂല്യവ്യവസ്ഥകളെ ഉറപ്പിക്കുകയും. എന്നാൽ നിലനിൽക്കുന്ന മൂല്യവ്യവസ്ഥകളെ വീണ്ടെടുക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന (restitution) രാഷ്ട്രീയത്തിൽ വിശ്വസമർപ്പിക്കാതെ, ബോധനത്തിന്റെ അഗ്രഹാരമായ യൂണിവേഴ്സിറ്റിയിലേക്ക് ‘വെളിവാട‘യെ പ്രവേശിപ്പിക്കുക വഴി, യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന യുക്തിയെത്തന്നെ പുനർസംഘാടനത്തിന് വിധേയമാക്കുകയും, പുതിയ സാർവലൗകികതകളെ (universals) നിർമിക്കുകയുമാണ് ചെയ്യുന്നത്.”

ആധുനികതയോടെ രൂപംകൊണ്ട സാർവലൗകിക സങ്കൽപനങ്ങൾ രാഷ്ട്രീയത്തെ സമകാലികമായി പുനർനിർവചിക്കാൻ അപര്യാപ്തമാണെന്നും സവിശേഷതയിൽ നിന്നും (particular) വികസിക്കുന്ന പുതുസാർവലൗകികതകളിലൂടെയാകും വിമോചനാത്മക രാഷ്ട്രീയം സാധ്യമാകുക എന്നുമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഭാഷാജഡത്വം ബാധിച്ച സാർവലൗകിക സങ്കൽപനങ്ങളെ സവിശേഷതകളിലും വൈവിധ്യത്തിലും ഊന്നുന്ന സമീപനത്തിലൂടെ സമകാലികമായി പുനർനിർവചിക്കുകയെന്നത് വിസമ്മതിയുടെ (Dissensus) നൈതിക രാഷ്ട്രീയമാണ്.

പ്രതിരോധത്തിന്റെ സർവസമ്മതമായ ലാവണ്യ രീതിശാസ്ത്രങ്ങളോടൊന്നും സന്ധിചെയ്യാത്ത സമരരൂപമായി ഷാഹീൻബാഗ് മാറുന്നതിനെപ്പറ്റി സന്തോഷ്‌ ഇങ്ങനെ സൂചിപ്പിക്കുന്നു: “ഭരണഘടനയെ കേവല നീതിപുസ്തകം എന്നതിനപ്പുറം രാഷ്ട്രീയത്തെ തന്നെ പുനർ നിർവചിക്കുന്ന ഒന്നായി അവതരിപ്പിക്കുകയും അത് വാഗ്ദാനം ചെയ്യുന്ന പുതുസമൂഹസൃഷ്ടി (coming community) എന്ന ആശയത്തെ സാധ്യമാക്കുകയുമായിരുന്നു ഷഹീൻ ബാഗ്. ഭരണഘടനയാൽ നിർമിക്കപ്പെടുന്ന മനുഷ്യർ എന്നതിനപ്പുറം, പരസ്പര ബന്ധപരതയിലൂടെ ഭരണഘടനയെ സാധ്യമാക്കുന്ന മനുഷ്യർ ദൃശ്യപ്പെടുന്നതിലൂടെ ഭരണഘടനയുടെ ഫലപ്രദമായ നിലനിൽപ്പിനെ ഉറപ്പിക്കുകയായിരുന്നു ആ സന്ദർഭം.” കേവലം നീതിയിൽ ലഭ്യമാകുന്ന സ്വാതന്ത്ര്യത്തിനപ്പുറം ഓരോ ശരീരവും സ്വാതന്ത്ര്യമാകുന്ന, സുഘടിതമായ വ്യക്തികളെയും രാഷ്ട്രീയ മാതൃകകളെയും വിഘടിപ്പിച്ചുകൊണ്ട് (de-individuation) അറിയപ്പെടാത്തതിന്റെ ഇടമായി രാഷ്ട്രീയം പുനരാവിർഭവിക്കുന്ന (politics re-emerges as a space of the unknown) ആയിരിക്കലിന്റെ (becoming) ദ്രവാത്മക (fluid) സന്ദർഭമായാണ് അദ്ദേഹം ഷാഹീൻബാഗിനെ വായിച്ചെടുക്കുന്നത്.

സന്തോഷ്‌ എസ്

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ‘സെക്കുലർ പൊതുബോധ’ത്തിനു പുറതത്തു നടന്ന സമരത്തുടർച്ചയെ ഗൗരവമായി കണ്ട പലരും ഷാഹീൻബാഗിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തുകൊണ്ടാകും പൊതുബോധവും ഭരണകൂടവും അജ്ഞത ഭാവിച്ചും ഭീകരവത്കരിച്ചും ഇല്ലാതാക്കിയിട്ടും ഭാവി സമരങ്ങൾക്ക് ഷാഹീൻബാഗിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടാകുമെന്നു കരുതുന്നത്? പ്രതിരോധത്തിന്റെ നിലവിൽ സ്വീകാര്യമായ ഭാഷയെയും കീഴ്‌വഴക്കങ്ങളെയും പിൻപറ്റാതെയുള്ള ആവിഷ്കരണസ്വഭാവം (idiom) തന്നെയാകും അതിനു കാരണമെന്ന് തോന്നുന്നു. വ്യത്യസ്തമായ സമര രൂപങ്ങളിലൂടെയും സെക്കുലറിസം, ഡെമോക്രസി തുടങ്ങിയ ആശയങ്ങളുടെ ആന്തര വിമർശനങ്ങളിലൂടെയും ഷാഹീൻബാഗ് മുന്നോട്ടുവച്ച പരിവർത്തനാത്മക രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവുമാണ് (transformative politics & aesthetics) ആ ആവിഷ്കാരം. ഇത് മുൻമാതൃകകളില്ലാത്തതാണ്. വിസമ്മതിയുടെ രാഷ്ട്രീയം (politics of dissensus) പ്രസക്തമാകുന്നതും അതിലൂടെയാണ്. നിലനിൽക്കുന്ന സംവർഗങ്ങളെ പിൻപറ്റി സാമൂഹിക ചലനങ്ങളെയും മനുഷ്യ മുന്നേറ്റങ്ങളെയും വ്യാഖ്യാനിക്കുന്ന പ്രതിനിധാന രാഷ്ട്രീയത്തിന് വ്യത്യസ്തതകളെ മനസ്സിലാക്കാനും സംവാദ സന്നദ്ധമാകാനും സാധ്യമല്ല. ഏതിനും ഇടനില നിൽക്കാനും സ്വാംശീകരിക്കാനും ഈ പ്രതിനിധാന രാഷ്ട്രീയത്തിന് സാധ്യമാണെങ്കിലും, പരിവർത്തനാത്മകമായ ചലനങ്ങൾ സൃഷ്ടിക്കാൻ അതു തികച്ചും അപര്യാപ്തമാണ്. ഈ പരമ്പരാഗത രാഷ്ട്രീയ മാതൃകക്ക് ഷാഹീൻബാഗ് അപവാദമാകുന്നത് സവിശേഷമായ ആവിഷ്കരണ സ്വഭാവത്തിന്റെ (idiom) നൈതികതയിലൂടെയാണ്.

ജാക്വസ് റാൻസിയർ

രാഷ്ട്രീയത്തെ മുൻമാതൃകകളുപയോഗിച്ച് മാത്രം സ്വീകരിക്കുന്ന, രാഷ്ട്രീയം സംസാരിക്കാൻ ‘യോഗ്യത’യുള്ളവരെ നിശ്ചയിക്കുന്ന, സ്വത്വത്തിന്റെ പേരിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ കേവല ‘സെക്കുലർ പുരോഗമനകാരി’യായി സമരം ചെയ്യണമെന്ന പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നുള്ള ഒരു വിച്ഛേദം കൂടിയായിരുന്നു പൗരത്വസമരങ്ങൾ. സങ്കുചിത നിർവചനങ്ങളളിൽനിന്നും ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കൽപ്പനങ്ങളെ സംവാദോന്മുഖമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടി ഇവയെ തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം സ്വത്വത്തിന്റെ പേരിൽ വ്യക്തികളും ഒരു സമൂഹവും നാനാവിധത്തിൽ ആക്രമിക്കപ്പെടുകയും ഉന്മൂലന ഭീഷണി നേരിടേണ്ടി വരികയും ചെയ്യുമ്പോൾ “stand as a Muslim” എത്രത്തോളം പ്രധാനമാണെന്ന് ഷാഹീൻബാഗ് ഉൾപ്പെടെയുള്ള ചെറുത്തുനിൽപ്പുകൾ ഓർമിപ്പിക്കുന്നുണ്ട്. ഹന്ന ആരെന്റിന്റെ പ്രശസ്തമായ വാക്യങ്ങൾ ഇവിടെ ഓർക്കാവുന്നതാണ്. “If one is attacked as a Jew, one must defend oneself as a Jew. Not as a German, not as a world-citizen, not as an upholder of the Rights of Man, or whatever” (ഒരാൾ ജൂതനായതു കൊണ്ട് അന്യായമായ അക്രമണങ്ങൾക്ക് വിധേയനാകുന്നുവെങ്കിൽ, ജൂതനായി നിന്നുകൊണ്ട് തന്നെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. മറിച്ച് ഒരു ജർമനോ ആഗോള പൗരനോ മനുഷ്യാവകാശ പാലകനോ ആയി ചമഞ്ഞുകൊണ്ടല്ല”). അതുകൊണ്ടുതന്നെ പൊതുസമ്മതിയുടെ വ്യാകരണവും പദാവലികളും ഇത്തരം സമരങ്ങളുടെ ഭാഗമല്ല എന്നു മാത്രവുമല്ല, പുതിയൊരു ഭാഷ കൂടിയാണ് ഇതിലൂടെ നിർമിക്കപെടുന്നതും. ചിലതിന്റെ അപരവത്കരണത്തിലൂടെ മാത്രം രൂപപ്പെടുന്ന ‘പൊതു’വിനോട് ആ അന്യവത്കരണത്തെപ്പറ്റി, അപരത്വത്തെപ്പറ്റി സംവദിച്ചുകൊണ്ട് ജനാധിപത്യമെന്ന ആശയത്തെതന്നെ വിപുലപ്പെടുത്തുന്ന മൈനർ ഭാഷയാണത്.

ഒരു അഭിമുഖ സംഭാഷണത്തിൽ ജാക്വസ് റാൻസിയർ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: “ചില സന്ദർഭങ്ങളെ/മുന്നേറ്റങ്ങളെ മുൻനിർത്തി അത് ഒരു രാഷ്ട്രീയത്തിന്റെ തുടക്കമാണ് എന്ന എന്റെ കഴിഞ്ഞകാല അഭിപ്രായങ്ങളോട് പ്രാമാണിക വിശകലനങ്ങൾ തീർച്ചയായും വിയോജിച്ചേക്കാം. ആകസ്മികം, താൽകാലികം, അസംഘടിതം എന്നിവയാണ് ഇത്തരം തുടക്കങ്ങളുടെ പരാജയകാരണങ്ങളായി അവർ പറയുക. ഈ മുന്നേറ്റങ്ങൾക്കു പതനം സംഭവിച്ചു എന്നത് നേര് തന്നെയാണ്. എന്നിരുന്നാലും പുതിയ ഒരു സമയ ബോധത്തിലേക്കുള്ള തുറവി എന്ന നിലയിൽ ഈ തുടക്കങ്ങളിൽ

യഥാർത്ഥമായ ഒരു രാഷ്ട്രീയക്രമം ഉണ്ടായിരുന്നു എന്ന് പറയേണ്ടതുണ്ട്. വിമോചനപരമായ സമയബോധം നിർവീര്യമാകുന്നത് സ്റ്റേറ്റിന്റെ അധികാരത്താൽ നിർണിതമായ സമയക്രമത്തിൽ പെട്ടുപോകുന്നതോടെയാണ്. കളിയുടെ നിയമങ്ങളിൽ വിള്ളൽ വീഴ്ത്താൻ വിമോചനപരമായ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ട്. ഇതിന് കാരണമായി പലരും എത്തിച്ചേരുന്ന നിഗമനം ഒരു രാഷ്ട്രീയ സംഘടനയുടെ അഭാവം അവക്കുണ്ട് എന്നതാണ്. പക്ഷേ അക്കൂട്ടർ ചിന്തിക്കുന്ന സംഘടന എന്നത് എല്ലായിപ്പോഴും സ്റ്റേറ്റിന്റെ സമയബോധം പിന്തുടരുന്ന ഏകതാനമായ ഒന്നാണ്”.

ദെറീദ

രാഷ്ട്രീയം എന്നതിനെ മുൻപേ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നായി കാണുന്നതിനെയാണ് റാൻസിയർ വിമർശിക്കുന്നത്. പകരം പലതരം തുറവികളും ആന്തരിക വിമർശനങ്ങളും സാധ്യമാക്കുന്ന സന്ദർഭങ്ങളിലൂടെ രൂപപ്പെട്ടു വരുന്ന ഒന്നായാണ് അദ്ദേഹം രാഷ്ട്രീയത്തെ മനസിലാക്കുന്നത്. അത് ശ്രവ്യമല്ലാത്ത ശബ്ദങ്ങളെയും തിരിച്ചറിയപ്പെടാത്ത ഒച്ചകളെയും കേൾപ്പിക്കുന്നതിലൂടെ സാധ്യമാകുന്ന ഒന്നാണ്. നടപ്പുസംവർഗങ്ങൾ (existing categories) ഉപയോഗിച്ച് ഇവയെ മൂല്യനിർണയ വിധേയമാക്കുന്നത് മുൻവിധികളാൽ നയിക്കപ്പെടുന്നവരും ഈ മുന്നേറ്റങ്ങളോട് ശത്രുത പുലർത്തുന്നവരുമാണ്. ഭരണകൂടത്തിന്റെ സമയയുക്തിയിൽ നിന്നും വിഭിന്നമായ ഈ സന്ദർഭങ്ങളിലൂടെയാണ് വിസമ്മതി (Dissensus) രൂപപ്പെടുന്നതും. എന്നാൽ എതിർപ്പിന്റെ സ്വരം പ്രത്യക്ഷത്തിൽ കേൾപ്പിക്കുന്നതാണെങ്കിൽ കൂടി ഭരണകൂട-ക്യാപിറ്റലിസ്റ്റ് സമയബോധത്തിന് ഘടനാപരമായി പരിക്കേൽപ്പിക്കാത്ത പ്രതിഷേധരൂപങ്ങൾക്കെല്ലാം സ്വാഭാവികമായും സമ്മതിയുടെ (consensus) ഭാഷയാണുണ്ടാവുക. അതുകൊണ്ടുതന്നെ അവയെ നിരുപാധികം നിഷേധിക്കുക ഭരണകൂടത്തിന് അസാധ്യവുമാണ്. എന്നാൽ സംശയലേശമില്ലാതെ, ന്യൂനപക്ഷ സ്വരങ്ങളൊഴികെ മറ്റൊരു എതിർപ്പുമില്ലാതെ, ഹർഷാരവത്തോടെ വിസമ്മതിയെ നിർമ്മാർജനം ചെയ്യാൻ സാധിക്കുകയും ചെയ്യും. ഈ കെണിയെ സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഹിംസ എന്നത് ഭരണകൂടം അതായി നിലനിൽക്കുന്നതിന്റെ അടിസ്ഥാന നീതീകരണങ്ങളിൽ ഒന്നാണെന്നും അതിന്റെ സെലക്റ്റീവ് ആയ ശരിതെറ്റുകളിലേക്ക് കടക്കുന്നതുപോലും ജനാധിപത്യം എന്ന വാഗ്ദാനത്തിൽ നിന്നും അകന്നുപോകുന്നതിന്റെ സൂചനയുമാണെന്നും ബോധ്യപ്പെടുകയുള്ളൂ.

ജനാധിപത്യത്തെപ്പറ്റി ദറീദ ഇങ്ങനെ പറയുന്നു: “ജനാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ പേരിലാണ് നിലവിലെ ജനാധിപത്യം എന്ന് നിർദേശിക്കപ്പെടുന്ന ഒന്നിനെ നമുക്കെപ്പോഴും വിമർശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത്. മറ്റേത് രാഷ്ട്രീയ സംവിധാനത്തെക്കാളും- രാജവാഴ്ച ജന്മിവാഴ്ച, പ്രഭുവാഴ്ച എന്നിങ്ങനെ- ജനാധിപത്യത്തെ വേറിട്ടുനിർത്തുന്നത് സ്വന്തം ചരിത്രപരതയെ അഥവാ ഭാവിയെ അംഗീകരിക്കുന്ന ഒരേയൊരു രാഷ്ട്രീയ പ്രക്രിയയാണ് അത് എന്നതാണ്. മാതൃകകളില്ലാത്ത മാതൃകയാണത്. അത് ആത്മവിമർശനത്തെ സ്വീകരിക്കുന്നു. മികവിന്റെ പൂർണത സാധ്യമാകുമെന്ന് കരുതുന്നു”.

സന്തോഷ്‌ സി– ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ

  • Being Alone and Being Together by Prof Udaykumar, JNU https://youtu.be/NqgEeMdJOuk
  • Being Alone and Being Together by Prof Udaykumar, JNU https://youtu.be/8nr3MUndSHM
  • https://www.e-flux.com/architecture/education/322666/politics-as-pedagogy/
  • https://raiot.in/a-spectre-of-velivada-haunts-indian-politics-thinking-with-shaheen-bagh/
  • Hannah Arendt, Essays in Understanding, 1930-1954: Formation, Exile, and Totalitarianism
  • https://www.versobooks.com/blogs/5132-jacques-ranciere-the-issue-is-to-manage-to-maintain-dissensus
  • മുസ്തഫ ഷെരീഫ്, ഇസ്ലാമും പടിഞ്ഞാറും: ദറീദയുമായി സംഭാഷണം
Top