കുഞ്ഞാടുകളെ എതിലേ എതിലേ? ചില സിറിയൻ ക്രിസ്ത്യൻ സംഘർഷങ്ങൾ

January 14, 2022

പ്രാദേശികമായി നിലനിന്നിരുന്ന ബഹുസ്വരമായ ക്രൈസ്തവതകളെ ഒഴിഞ്ഞും തഴഞ്ഞുമാണ് സാമാന്യമായ ഒരു സുറിയാനി ക്രൈസ്തവ സ്വത്വം രൂപപ്പെടുത്തപ്പെട്ടത്. എന്നാൽ, രാഷ്ട്രം എന്ന കൽപ്പിത ഭാവനക്കപ്പുറം, അതിനുള്ളിലെ വ്യത്യസ്തമായ ഒരു സംസ്കാരം എന്നതിലുമുപരി, വിശാലമായ നാഗരികതയുടെ ഭാഗമാകാനുള്ള അവകാശത്തെ, തങ്ങൾക്കെന്ന പോലെ എല്ലാവർക്കും ഉറപ്പാക്കുന്ന ഒരു സാമുദായിക പരികൽപ്പനയല്ലേ സുറിയാനി ക്രിസ്ത്യാനികൾ മുന്നോട്ടു വെക്കേണ്ടത്? ബിവിത ഈശോ എഴുതുന്നു.

2017ൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇസ്രായേൽ സന്ദർശിച്ചപ്പോൾ രാഷ്ട്രത്തിന്റെ ഉപഹാരമായി അന്നത്തെ ഇസ്രായേൽ പ്രധാന മന്ത്രിയായിരുന്ന നെതന്യാഹുവിനു കൊടുത്തത് കേരളത്തിൽ നിന്നുള്ള, ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം അവകാശപ്പെടുന്ന രണ്ടു ചെമ്പു തകിടുകളുടെ പ്രതിരൂപങ്ങളാണ്: ജൂതശാസനവും തരിസാപ്പള്ളി ചെപ്പേടും [1]. ആദ്യത്തേത് മട്ടാഞ്ചേരിയിലെ സിനഗോഗിന്റെ സഹായത്തോടെയും, രണ്ടാമത്തേത് തിരുവല്ല മാർത്തോമാ സുറിയാനി പള്ളിയുടെ സഹായത്തോടെയും നിർമിച്ചതാണ് എന്നാണ് വാർത്തകൾ. ഈ ഉപഹാരങ്ങൾ വെറും മോടിക്കു വേണ്ടിയല്ലെന്നും, തികച്ചും പ്രത്യയശാസ്ത്രപരമാണെന്നും ഏവർക്കും ഊഹിക്കാവുന്നതേയുള്ളു. ക്രിസ്താബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിലെങ്കിലും ഇന്നത്തെ കേരളത്തിൽ കുടിയേറി പാർത്ത ജൂതർക്ക് നൽകപ്പെട്ട ചെപ്പേട് എന്ന് വിശ്വസിക്കപ്പെടുന്ന ‘ജൂതശാസനം’ [2] ഇസ്രായേൽ പ്രധാന മന്ത്രിക്കു സമ്മാനമായി നൽകുന്നതിലെ ഔചിത്യം മനസ്സിലാക്കാമെങ്കിലും, അതിന്റെ കൂടെ ഇന്ന് സുറിയാനി ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന സമുദായത്തിന് ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്ന തരിസാപ്പള്ളി ചെപ്പേട് കൂടെ നൽകിയതിന്റെ സാംഗത്യം എന്തായിരിക്കും? ഇൻഡ്യയും ഇസ്രായേലും തമ്മിലുള്ള ഇടപാടുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഓർമിപ്പിക്കുന്നതിനപ്പുറം എന്തൊക്കെയായിരിക്കാം ഇതിന്റെ പിന്നിലെ പ്രമാണങ്ങൾ? തീർച്ചയായും, 2011ലെ സെൻസസ് അനുസരിച്ച് ഇൻഡ്യൻ ജനസംഖ്യയുടെ വെറും രണ്ടും ചില്ലറയും ശതമാനം വരുന്ന ക്രിസ്ത്യാനികളെ ആഗോള തലത്തിൽ ഇൻഡ്യൻ രാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമാക്കുന്ന നിമിഷമായി ഇതിനെ കാണാം. എന്നാൽ, അതിലുപരിയായി, ഈ രണ്ടും ചില്ലറയും വരുന്ന ഇൻഡ്യൻ ക്രിസ്ത്യാനികളുടെ ഉദാത്ത പ്രതിനിധിയായി, ഇങ്ങു തെക്കേ വാൽക്കഷ്ണമായ കേരളത്തിലെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളെ മതേതര (ഹിന്ദു) രാഷ്ട്രം വീണ്ടും വാഴിച്ച നിമിഷം കൂടിയാണത്. ലോകമെമ്പാടുമുള്ള ജൂതർക്കും ക്രിസ്ത്യാനികൾക്കുമെല്ലാം ‘ആർഷഭാരതത്തിൽ’ വേരുകളുണ്ടെന്ന് പറയുന്നതോടൊപ്പം, ഇൻഡ്യയിലുള്ള ജൂതരുടെയും ക്രിസ്ത്യാനികളുടെയും വേരുകൾ വിദേശങ്ങളിലാണെന്നു കൂടി ‘ഓർമിപ്പിക്കുന്ന’ ഇരുതല മൂർച്ചയുള്ള വാളാണ് ഇത്തരം പ്രതിനിധാനങ്ങൾ എന്നു മറക്കരുത്. ഈ ടോക്കണിസത്തിന്റെ പിന്നിലെ പ്രത്യയശാസ്ത്രം കാണാതെ, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നതു കൊണ്ടാണ്, ‘വിശുദ്ധ നാട് സന്ദർശനം’ എന്ന ടൂർ പാക്കേജല്ലാതെ ഇസ്രായേലിനോട് പ്രത്യേകിച്ച് കൂറൊന്നുമില്ലാത്ത സമുദായ സ്നേഹികളിൽ പാലും തേനും ഒഴുകുന്ന വാഗ്‌ദത്ത നാടിന്റെ ഓർമ പുതുക്കുന്ന നിമിഷങ്ങളായി ഇത്തരം പ്രതിനിധാനങ്ങൾ മാറുന്നത്. ഇങ്ങനെയൊരു ബൃഹത് പശ്ചാത്തലത്തിൽ നിന്നുകൊണ്ടു മാത്രമേ, ശരീരവും രക്തവും ബലി കഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പാലസ്തീനിൽ ബോംബ് വീഴുന്ന ഓരോ തവണയും കുടുംബ-പള്ളി-സഭാ വാട്സപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പടക്കം പൊട്ടുന്നതിന്റെ പിന്നിലെ ചേതോവികാരം മനസിലാക്കാൻ സാധിക്കുകയുള്ളൂ.

ഒരു വാർത്താശകലം കൂടി അവതരിപ്പിച്ചുകൊണ്ട് കാര്യത്തിലേക്കു കടക്കാം. 2019ൽ കാത്തലിക് സിറിയൻ ബാങ്ക് ലോപിച്ച് CSB Bank Ltd എന്ന് പേരു മാറ്റി എന്നൊരു വാർത്ത കാണാനിടയായി. സ്ഥാപനങ്ങൾ പേരു മാറ്റുന്നത് അസാധാരണമല്ലെങ്കിലും, ഈ പേരു മാറ്റത്തിനു കൊടുത്ത ന്യായീകരണം സാന്ദർഭികമായി തോന്നി. അന്തർദേശീയ തലത്തിൽ പണമിടപാടുകൾ തുടങ്ങാൻ തയ്യാറെടുക്കുന്ന ബാങ്കിന് യുദ്ധമുഖരിതമായ സിറിയയുമായി ബന്ധമുണ്ടെന്ന തെറ്റിദ്ധാരണയുടെ പുറത്ത് ഇടപാടുകാർ കുറയുന്നു എന്നതാണ് സിറിയനെ ‘S’ലേക്ക് ചുരുക്കുന്നതിനു കാരണമായി പറഞ്ഞിരിക്കുന്നത്. അതുപോലെ, കാത്തലിക് എന്ന പേര് ഒരു സമുദായത്തിന്റെ മാത്രം ബാങ്കാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നതിനാൽ കാത്തലിക് ‘C’ ആക്കിമാറ്റുന്നു എന്നും സി.ഇ.ഒ കൂട്ടിച്ചേർക്കുന്നു. പ്രാദേശികവും സാമുദായികവുമായ പ്രത്യേകതകളെ ഉന്മൂലനം ചെയ്ത് രൂപപ്പെടുത്തിയെടുക്കുന്ന ‘സാർവത്രികമായ സ്വത്വത്തിനു’ മാത്രമേ ആധുനിക മതേതര മൂലധന വ്യവസ്ഥയിൽ ഭാഗധേയമുള്ളൂ എന്ന യുക്തിയുടെ ആവർത്തനമായി ഈ പ്രക്രിയയെ സ്വാഭാവികമായും വായിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാണ്, ഇത്തരം സമവാക്യങ്ങൾക്കുപരിയായി, സംഘർഷങ്ങളും അസ്തിത്വ പ്രതിസന്ധികളുമില്ലാതെ തുടരുന്നു എന്നു കരുതപ്പെടുന്ന ‘സുറിയാനി ക്രൈസ്തവർ’ എന്ന സംവർഗത്തെ കുറിച്ച് ഒന്ന് ഇരുന്നു ചിന്തിക്കേണ്ടത് ആവശ്യമായിത്തീരുന്നത്. ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം പേരും തങ്ങൾ ഇൻഡ്യക്കാരാണ് എന്നു തെളിയിക്കേണ്ടി വരുമ്പോൾ, ഞങ്ങൾ ‘സുറിയാനികളാണ്’ എന്ന് യാതൊരു ആൾകൂട്ടക്കൊലകളെയും പേടിക്കാതെ പറയാൻ പറ്റുക, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ആഗോള തലത്തിൽ അതു സാധൂകരിക്കുക എന്നതൊക്കെ ചില്ലറ കാര്യമാണോ! ഈ സമൂഹം എപ്പോൾ എങ്ങനെ എന്തുകൊണ്ട് ‘സുറിയാനി’യായി എന്നത് ഈ ബഹുസ്വര സമൂഹത്തിൽ ഒരു പദപ്രശ്നം പോലും ആകുന്നുമില്ല. നല്ലത് എന്ന് ദൈവം കണ്ടു! അതുകൊണ്ട്, ആ സമസ്യയിൽ നിന്നു തന്നെ തുടങ്ങാം.

സ്ഥല-സമയ ബന്ധിതമല്ലാത്ത ദേശാന്തര ഗമനങ്ങളിലൂടെയും ജനിതക കൈമാറ്റങ്ങളിലൂടെയും പരിവർത്തനങ്ങളിലൂടെയും വാണിജ്യ ബന്ധങ്ങളിലൂടെയും നാഗരിക-സാംസ്‌കാരിക വ്യവഹാരങ്ങളിലൂടെയും പരിണമിച്ചു വന്ന മനുഷ്യ വർഗത്തിന് കലർപ്പില്ലാത്ത, ശുദ്ധമായ ഒരു വംശപമ്പര അസാധ്യമാണെന്നു വാദിക്കുന്ന അനേകം പഠനങ്ങൾ ഇതിനോടകം തന്നെ പ്രചാരത്തിലുണ്ട് (Harari, 2011; Joseph, 2018). അതിന്റെ ചുവടു പിടിച്ച് ചിന്തിക്കുമ്പോൾ, അനേകം കുടിയേറ്റങ്ങളിലൂടെയും പരിവർത്തനങ്ങളിലൂടെയും ഒരൊറ്റ ഉത്പത്തിയിലേക്കു (origin) ഒതുക്കാൻ പറ്റാത്ത, പല തുടക്കങ്ങളുള്ള (beginning) ഒരു സമുദായ സങ്കൽപ്പം തന്നെയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും അവകാശപ്പെടാനുള്ളത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വരികയും പ്രാദേശികമായി നിലനിന്നിരുന്ന ബഹുമുഖമായ ക്രൈസ്തവ സമൂഹങ്ങൾ അപര്യാപ്തമാണെന്നും (insufficient), ആഗോള ക്രൈസ്തവതയുടെ ആഭ്യന്തര ശത്രുക്കളാണ് അവരെന്നും വാദിച്ചു. തുടർന്ന് പാശ്ചാത്യവൽക്കരണം/റോമാവൽക്കരണം/ലാറ്റിൻവൽക്കരണം എന്നിവയിലൂടെ ഒരു സാർവത്രിക സഭയിലെക്കു പരിവർത്തനം ചെയ്താൽ മാത്രമേ ‘യഥാർത്ഥ’ ക്രിസ്ത്യാനികളാകൂ എന്നവർ പ്രഖ്യാപിച്ചപ്പോളാണ് സാമാന്യമായ ഒരു സ്വത്വ നിർമിതിക്കു തുടക്കം കുറിക്കുന്നത് എന്ന് അനുമാനിക്കാം. എന്നാൽ, അപ്പോൾ പോലും അതിനോട് കലഹിച്ചു നിന്ന പ്രാദേശിക ക്രൈസ്തവ സമുദായ സങ്കൽപത്തിന് കൂനിയ ഒരു കുരിശാണ് സാക്ഷി! അങ്ങനെ, കുരിശു പോലും കനിഞ്ഞിട്ടും, (ലോകമെമ്പാടുമുള്ള കുരിശിന്റെ ബഹുരൂപങ്ങൾ സാക്ഷ്യം പറയുന്ന പോലെ), കൂനിയിട്ടും, പാശ്ചാത്യൻ ക്രൈസ്തവത വളഞ്ഞില്ലെന്നത് അധിനിവേശാനന്തര ആധുനിക ദേശരാഷ്ട്രത്തിന്റെ കൂടി ചരിത്രമാണ്. ഇന്ന് രണ്ടാമതും മൂന്നാമതുമൊക്കെ കക്ഷികൾ മാറി മാറി കൂനൻ കുരിശു സത്യം ചൊല്ലുമ്പോൾ, ഒന്നാമത് ചൊല്ലിയതിന്റെ പൊരുൾ (പാശ്ചാത്യൻ ക്രൈസ്തവതയോടും ക്രൈസ്തവ യൂറോപ്പിനോടും അധിനിവേശ ദൈവശാസ്ത്രത്തോടും മല്ലിട്ട്, തദ്ദേശീയമായ ഒരു സമുദായത്തിന്റെ സ്വാതന്ത്ര്യവും സ്വയംഭരണവും ബഹുത്വവും പ്രഖ്യാപിച്ചത്) വീണ്ടെടുക്കുന്നത് കാലോചിതമായേക്കാം. പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട വർത്തമാനപുസ്തകം (Kathanar, 1994) വായിക്കുമ്പോഴും അതുവരെയുള്ള തദ്ദേശീയ നസ്രാണി സമൂഹത്തിന്റെ പലവിധമായ ജാതി-വർഗ-വർണ സമ്മിശ്രമായ ഒരു സാമുദായിക-ചരിത്ര സങ്കൽപമാണ് തുറന്നു വരുന്നത്. ഒരു കത്തനാര് (പാറേമ്മാക്കൽ തോമ) മലങ്കരയിൽ നിന്നു പുറപ്പെട്ട്, കടൽ താണ്ടി റോമയിലെത്തി പ്രഖ്യാപിച്ചത് അന്തർദേശീയമായ ഒരു സമുദായത്തിന്റെ ഭാഗമാകുമ്പോളും പ്രാദേശികമായ ഭാഗധേയങ്ങളും സ്വയംഭരണവും ഉറപ്പാക്കുന്ന ഒരു സവിശേഷ സാഹചര്യം തന്നെയാണ്. ഇത്തരത്തിൽ അനേകം തുടക്കങ്ങളുടെയും കുടിയേറ്റങ്ങളുടെയും പരിവർത്തനങ്ങളുടെയും കലർപ്പുകളുടെയും കൈമാറ്റങ്ങളുടെയും ശകലങ്ങൾ ഉൾച്ചേർന്ന ഭിന്നമായ ഒരു വംശാവലിയെ (geneology) തമസ്കരിച്ചു കൊണ്ടാണ് പത്തൊൻപതാം നൂറ്റാണ്ടു മുതൽ സംഘടിതമായി നടക്കുന്ന സഭാ-കുടുംബ ചരിത്ര രചനയിലൂടെ ഒറ്റ ഉത്പത്തിയും വംശാവലിയും അടിസ്ഥാനമാക്കിയ ഏകശിലാത്മക സുറിയാനി ക്രൈസ്തവ സ്വത്വം രൂപപ്പെട്ടുവരുന്നത് [3]. അതിനാൽ, പാശ്ചാത്യ യൂറോപ്യൻ ക്രൈസ്തവതയോട് അന്നും ഇന്നും കലഹിച്ചു നിൽക്കുന്ന, അതു സാമാന്യവൽക്കരിച്ച പ്രത്യേക മൂലധനാധിഷ്ഠിത, മതേതര, ആധുനിക ദേശരാഷ്ട്രത്തിന്റെ വിമർശനാത്മക കർതൃത്വമായി നിലകൊണ്ട ഒരു പൗരസ്ത്യ ക്രൈസ്തവ സാമുദായികതയുടെ ഭാഗഭാക്കാവാൻ, അല്ലെങ്കിൽ അങ്ങനെയൊരു സാമുദായികതയെ വിഭാവനം ചെയ്യാൻ, സുറിയാനി ക്രൈസ്തവതക്ക് ഇപ്പോഴും ശേഷിയുണ്ടോ എന്നതാണ് ചോദ്യങ്ങളിൽ ഒന്ന്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ തിരുവിതാംകൂറിൽ വേരുറപ്പിച്ച ബാങ്കിങ് മേഖല ഉൾപ്പടെയുള്ള ഔദ്യോഗിക സാമ്പത്തിക മേഖലകളിൽ (formal economic sectors) കൂടി സജീവ സാന്നിധ്യമറിയിച്ചു കൊണ്ടാണ് സുറിയാനി ക്രിസ്ത്യാനികൾ ഒരു ‘മതേതര’ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി സ്വയം പുനർനിർമിക്കുന്നത്. മൂലധനവും (capital) സമുദായ സ്വത്വവും (community) പരസ്പരപൂരകമായി വർത്തിക്കുന്ന ഒരു സാമ്പത്തിക ദൈവശാസ്ത്രമായിരുന്നു (economic theology) ഈ ‘മതേതര’ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം എന്നത് ഒരു വിരോധാഭാസമല്ല, മറിച്ച് മൂലധന വ്യവസ്ഥയുടെ ആഗോള ചരിത്രത്തോട് ചേർന്നു നിൽക്കുന്നതാണ് (Weber, 1992/1930). ഇതോടൊപ്പം അച്ചടിയുടെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി കൊണ്ടാണ് ആധുനിക സുറിയാനി ക്രൈസ്തവ സ്വത്വത്തിന്റെ നിർമിതി പൂർത്തിയാക്കിയത് എന്നു മനസ്സിലാക്കാൻ മലയാള മനോരമയുടെയും ദീപികയുടെയും ഒരു ആർക്കൈവൽ (archival) പഠനം മതിയാകും. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ‘നസ്രാണി ജാത്യയ്ക്യ സംഘം’ എന്ന കുടക്കീഴിൽ പഴയ കൂറ്റുകാരെയും പുത്തൻ കൂറ്റുകാരെയുമെല്ലാം അണിനിരത്താനുള്ള ശ്രമങ്ങൾ ഇത്തരത്തിലുള്ള ഏകതാനമായ ഒരു ‘ക്രൈസ്തവ സ്വത്വം’ എന്ന സ്വപ്നത്തിന്റെ ഭാഗമായി വായിക്കാവുന്നതാണ്. സമുദായ ഐക്യമല്ല, ജാതി ഐക്യമാണ് ഈ ശ്രമങ്ങളിൽ അന്തർലീനമായിരുന്നത് എന്നതു കൊണ്ടു തന്നെയാണ് അന്യർക്കു പ്രവേശനമില്ലാത്ത ഒരു പ്രത്യേക ക്രൈസ്തവ സ്വത്വം ഈ ഘട്ടത്തിൽ നിർമിക്കപ്പെടുന്നത്. ഇങ്ങനെ നിർമിക്കപ്പെട്ട വരേണ്യവും ജാതീയവുമായ വംശീയ സുറിയാനി ക്രൈസ്തവ വിഷയിയാണ് മലയാളി മെമോറിയൽ മുതൽ ഇങ്ങോട്ടു പ്രാതിനിത്യ വാദത്തിലും, പൗരസമത്വ, നിവർത്തന പ്രക്ഷോഭത്തിലും, വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിലും, ഭൂവകാശ സമരങ്ങളിലുമെല്ലാം സമുദായ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ചു കാണുന്നത്. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ സുറിയാനി ക്രൈസ്തവ സമുദായം എല്ലാക്കാലത്തും അധികാരം കയ്യാളാൻ കെൽപ്പുള്ള ഭൂരിപക്ഷ സമുദായങ്ങളോട് (ജനസംഖ്യയോ മേൽക്കോയ്മയോ അനുസരിച്ച്) ഏച്ചുകെട്ടിയാണ് ന്യൂനപക്ഷ (minority) രാഷ്ട്രീയവും ചെറു (minor) രാഷ്ട്രീയവും കളിക്കുന്നത് എന്നതിലെ പൊരുത്തക്കേട് മുഴച്ചുനിൽക്കുന്നത്.

മേൽ സൂചിപ്പിച്ച സാമാന്യവത്കരണത്തിൽ ഊന്നിക്കൊണ്ടുള്ള സ്വയം പ്രഖ്യാപിത ‘മതേതര-ആധുനിക-പുരോഗമന’ സംസ്ഥാനത്തിലെ താൽക്കാലിക സുരക്ഷക്കുള്ളിൽ, തദ്ദേശീയമായി അനുഭവിക്കുന്ന അധികാരവും ആനുകൂല്യവും അളവുകോലാക്കി, പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ എല്ലാ സമുദായങ്ങളെയും അളക്കുന്നതിന്റെ വില വളരെ വലുതായിരിക്കും. ഹിന്ദുത്വവൽക്കരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ഭൂരിപക്ഷ രാഷ്ട്രത്തിൽ, ഒരു ചെറു-ന്യൂനപക്ഷ സമുദായമായി നിലനിൽക്കുമ്പോൾ ഉണ്ടാവേണ്ട സ്വാഭാവിക പേടികളെയെല്ലാം, ആന്തരിക-ബാഹ്യ ശത്രുക്കളിലേക്ക് (കീഴാള-മുസ്‌ലിം സമുദായങ്ങൾ) ആവാഹിക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങൾ അനവധിയാണ്. എന്താണ്, എന്തായിരിക്കാം, ഇൻഡ്യയിൽ ‘ക്രൈസ്തവ രാഷ്ട്രീയത’ എന്ന ചോദ്യം അതിന്റെ തുടക്കമാണ്. ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിൽ ജീവിച്ചു പോകാനുള്ള തന്ത്രപരമായ ന്യൂനപക്ഷ രാഷ്ട്രീയമാണെന്നു പറയുകയാണെങ്കിൽ, എന്തുകൊണ്ടാണ് പിന്നെ അന്യൂനം വരുന്ന ന്യൂനപക്ഷങ്ങളുടെ പക്ഷത്തു നിൽക്കുന്ന രാഷ്ട്രീയമായി അതു മാറാത്തത് എന്ന ചോദ്യം ഉയരും. ബഹുഭൂരിഭാഗം വരുന്ന സഹ-ന്യൂനപക്ഷമായ മുസ്‌ലിംകളെ വേട്ടയാടുന്നതും പൗരത്വം പോലും നിഷേധിക്കുന്നതും ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ആകുന്നില്ലല്ലോ! ഇനി ചെറു (minor) രാഷ്ട്രീയമാണെന്നു പറഞ്ഞാൽ, സമുദായത്തിനുള്ളിൽ നിന്നു കാലാകാലങ്ങളായി ഉയർന്നുകൊണ്ടേയിരിക്കുന്ന കീഴാള രാഷ്ട്രീയത്തോടു പോലും (പുറത്തു നിന്നുയരുന്ന ചോദ്യങ്ങൾ വേറെ), ഇനിയും താദാത്മ്യപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം വരും. അതുകൊണ്ടാണല്ലോ, ജാതിയുടെയും ഗോത്രത്തിന്റെയും ലിംഗ-രാഷ്ട്രീയത്തിന്റെയും പേരിൽ സഹജീവികളായ ചെറു സമുദായങ്ങൾക്കെതിരെ നടക്കുന്ന എണ്ണിയാലൊടുങ്ങാത്ത അതിക്രമങ്ങൾ ചെറുപക്ഷവിരുദ്ധ രാഷ്ട്രീയമാകാത്തതും! അതുമല്ല, സാമുദായിക രാഷ്ട്രീയമാണെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്വന്തം നാടിനു വെളിയിലുള്ള ഒരു സമുദായ പ്രശ്നവും സാമുദായികവിരുദ്ധ രാഷ്ട്രീയം ആകാത്തത് എന്തുകൊണ്ട് എന്നുള്ള ചോദ്യവുമുണ്ട്. അല്ലെങ്കിൽ, എന്തുകൊണ്ടായിരിക്കും ഇംഫാലിലെ ഏകദേശം 44 പള്ളികൾ ഒഴിപ്പിക്കാനുള്ള തീരുമാനം സമുദായത്തെ ബാധിക്കുന്ന പ്രതിസന്ധിയാകാത്തത്?ഉത്തരേന്ത്യയിൽ ട്രെയിനിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിൽ കന്യാസ്ത്രീകളെ വേട്ടയാടുന്നത്? ഗോത്രരാഷ്ട്രീയം ഊന്നിപ്പറഞ്ഞ 90 വയസുള്ള പാർകിൻസൺ രോഗിയായിരുന്ന ഒരു പുരോഹിതനെ (സ്റ്റാൻ സ്വാമി) മാവോയിസ്റ്റാണെന്നു മുദ്ര കുത്തി ജാമ്യം പോലും നിഷേധിച്ച് ഭരണകൂടം ‘നിയമപരമായി’ കൊന്നു കളഞ്ഞത്? ‘എന്താണ് സമുദായം’ എന്ന ബൃഹത്തായ ചിന്തയിലേക്കാണ് ഈ ചോദ്യങ്ങളെല്ലാം നമ്മളെ കൊണ്ടെത്തിക്കുന്നത്.

ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുമ്പോൾ, ഭൂരിപക്ഷമാണ് ന്യൂനപക്ഷത്തെ ഉണ്ടാക്കിയെടുത്തതെന്ന് നാം മറന്നു പോകരുത്. ആരും ന്യൂനപക്ഷമായതല്ല, ആക്കിയെടുത്തതാണല്ലോ. അങ്ങനെ ‘ആക്കിയെടുക്കപ്പെട്ട’ ഒരു ന്യൂനപക്ഷം എപ്പോഴും ‘ആയിത്തീരലിന്റെ’ (becoming) രാഷ്ട്രീയമായിരിക്കണം മുന്നോട്ടു വെക്കേണ്ടത് എന്നു തോന്നുന്നു. ഇപ്രകാരം ‘ആക്കിയെടുക്കപ്പെട്ട’ ചെറുതും വലുതുമായ ന്യൂനപക്ഷങ്ങളോടും ചെറു (minor) സമുദായങ്ങളോടും സംവദിച്ചും, സമരസപ്പെട്ടും, സംഘടിച്ചും ‘ആയിത്തീർന്നു’ കൊണ്ടേയിരിക്കുന്നതല്ലേ സമുദായം എന്ന പരിപ്രേക്ഷ്യം? [4].

ഇത്തരത്തിൽ വിമർശനാത്മകമായ സംവേദനവും (communication) സംസർഗവും (commune) ഇല്ലെങ്കിൽ, സമുദായം (community) എന്നത് അസാധ്യവും വിദൂരവുമായ ഒരു സാധ്യതയായി (impossible community) മാത്രം എന്നും നിലനിൽക്കും. അതുകൊണ്ട്, സമുദായം ഒരു പൊതു ഉണ്മയുടെ (common being) പങ്കു കൊള്ളലല്ല, മറിച്ച് ബന്ധപ്പെടലാണ് (being with) എന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം (Nancy, 2008). അങ്ങനെ ഒരു ‘പൊതു’ ഇല്ല, ഉണ്ടെങ്കിൽ തന്നെ അത് ഉണ്ടാക്കിയെടുത്തതാണ്. അതിനർത്ഥം തന്നെ അത് വീണ്ടും വീണ്ടും പുനർനിർമിക്കാം എന്നല്ലേ.

അതിനു പകരം, പാടിപ്പതിഞ്ഞ അപ്പസ്തലിക-ബ്രാഹ്മണ പാരമ്പര്യം ആവർത്ഥിച്ച് വീണ്ടെടുക്കുന്നതിലൂടെ ഒറ്റ ഉറവിടം (origin) മാത്രമുള്ള ഒരു വംശമായി സുറിയാനി ക്രൈസ്തവതയെ അരക്കിട്ടുറപ്പിക്കുകയാണ് കേരളത്തിൽ ഇടയന്മാർ എല്ലാക്കാലത്തും ചെയ്തു കൊണ്ടേയിരിക്കുന്നത്. ഒരു ചരിത്ര നിർമിതിക്കപ്പുറം, പലവിധമായ വിശ്വാസ സമൂഹത്തിന് ഈ സവിശേഷമായ ഭാഗഭാഗിത്വം (belongingness) ഇന്നും പ്രസക്തമാണോ അല്ലയോ എന്നതിലുപരി, ഈ പഴങ്കഥയുടെ നെല്ലും പതിരും ഇനിയും വേർതിരിക്കുന്നതിൽ കഥയില്ലാത്തതിനാൽ ഇവിടെ അതിനു മുതിരുന്നില്ല. കാണാതെ വിശ്വസിക്കില്ല എന്നു കട്ടായം പറഞ്ഞ തോമാശ്ലീഹാ പരിവർത്തനം ചെയ്ത ബ്രാഹ്മണരാണ് മലങ്കര നസ്രാണികൾ എന്ന് ‘കാണാതെ, കേൾക്കാതെ, മിണ്ടാതെ’ ഹിന്ദു രാഷ്ട്രം വരെ സമ്മതിച്ചു കഴിഞ്ഞു! അതു തന്നെയാണല്ലോ ഇപ്പോൾ ബിജെപിയും ആഎസ്എസും പറയുന്നത്: “എല്ലാ ഭാരതീയരും ആദിമുതൽക്കേ ഹിന്ദുക്കളാണെന്ന്”! അതുകൊണ്ട്, ഇനിയെന്ത്? ഇപ്പോളും, ഏകതാനമായ ഒരു ഉത്പത്തി കഥയും അതുവഴി നിർമിക്കപ്പെട്ട ചരിത്രവും അങ്ങനെ വീണ്ടെടുക്കപ്പെടുന്ന വംശാവലിയും സുറിയാനി ക്രിസ്ത്യാനികളെ കോൾമയിർ കൊള്ളിക്കുന്നത് എന്തുകൊണ്ടാണ്? ഇനി, വസ്തുത അങ്ങനെയാണെങ്കിൽ തന്നെ, വർത്തമാനത്തിൽ ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാത്തതു വഴി എന്തു ഭാവിയാണ് ഈ സമുദായം വിഭാവനം ചെയ്യുന്നത് എന്നതല്ലേ ഇപ്പോൾ പ്രസക്തം. അതിനു മുൻപും, അതോടൊപ്പവും, അതിനു ശേഷവും, ഉണ്ടായ/ഉള്ള/ഉണ്ടാകാൻ സാധ്യതയുള്ള അനേകം തുടക്കങ്ങളെ (beginnings), കുടിയേറ്റങ്ങളെ (migration), പലായനങ്ങളെ (exiles), വിവർത്തനങ്ങളെ (translations) തള്ളാതെ കൊള്ളുമ്പോൾ മൗലികമായ സമുദായം എന്ന സങ്കൽപം താനേ വിമർശനാത്മകമായി പുനർനിർമിക്കപ്പെടുമെന്നാണ് തോന്നുന്നത്. കാരണം, നേരത്തെ പറഞ്ഞതുപോലെ, സമുദായം എന്നത് ‘ആയത്’ (being) അല്ല ആയിക്കൊണ്ടിരിക്കലാണ് (becoming). അത്തരത്തിൽ എന്നും-എന്നേക്കും (always-already) ആയിക്കൊണ്ടിരിക്കുന്ന സംവർഗം ആണല്ലോ പരിവർത്തിത്തർ (convert). പരിവർത്തിത്തരുടെ അസ്ഥിരത, അപൂർണത, ആയികൊണ്ടിരിക്കൽ എന്നിവയെല്ലാം പൂർണവും സ്ഥായിയുമായ രാഷ്ട്ര സങ്കൽപ്പത്തിന്റെ ആന്തരിക വിമർശനമാണ് ഉയർത്തിക്കൊണ്ടുവരുന്നത്. ഇത്തരത്തിൽ, ബഹുമുഖരായ പരിവർത്തിത്തരുടെ സമുദായമല്ലേ ക്രിസ്തു മതവും? അത്തരത്തിൽ, ഒരേസമയം തദ്ദേശീയവും അന്തർദേശീയവും സാംസ്കാരികവും നാഗരികവുമായ മാനങ്ങളുള്ള അന്യൂനമായ പരിവർത്തിത സമുദായങ്ങളുടെ പ്രവിശ്യാവത്കരണം മാത്രമല്ലേ രാഷ്ട്രം? എന്നിട്ടും, സ്വന്തമല്ലാത്ത എല്ലാ പരിവർത്തനങ്ങൾക്കും പലവിധ ഓമനപ്പേരുകളിട്ട് തീവ്ര-നിഷേധാത്മക മാനം നൽകി അന്യവത്കരിക്കുന്നതിലെ വൈരുധ്യം കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെയാണ്?

ഇത്തരത്തിൽ, അനേക തുടക്കങ്ങൾക്കു പകരം ഒറ്റ ഉത്ഭവം ചരിത്രവൽക്കരിച്ചതിലൂടെ ‘(വി)ശുദ്ധ’ രക്തത്തിന്റെ പങ്കാളികളായ ഒരു വംശമായി സുറിയാനി ക്രൈസ്തവ സമുദായ സ്വത്വം രൂപപ്പെടുത്തിയെടുത്തതിന്റെ അനന്തരഫലമായി, അ(വി)ശുദ്ധ രക്തത്തിന്റെ പേരിൽ, ഈ വംശാവലിയിൽ ഉൾപ്പെടുത്താത്ത ക്രൈസ്തവരെ ആഭ്യന്തര ശത്രുക്കളാക്കിയും [5] മറ്റു സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, ബാഹ്യശത്രുക്കളാക്കിയും അന്യവത്കരിക്കുന്ന സവിശേഷ സാഹചര്യമാണുരുത്തിരിഞ്ഞു വന്നിട്ടുള്ളത് [6] (Anidjar, 2014). മൗലികമായ എന്തോ ഒരു സ്വത്വം സംരക്ഷിക്കാനായി, മറ്റൊരു ആഖ്യാനത്തിനും ആഖ്യാതാക്കൾക്കും പ്രവേശനമില്ലാത്ത തരത്തിൽ പ്രതിരോധം (immunity) നിർമിക്കുന്ന ഒരു സമുദായ ശരീരം. ഇപ്രകാരം ഉരുതിരിഞ്ഞുവന്ന പ്രതിരോധശക്തിയെ ക്ഷയിപ്പിച്ചാൽ മാത്രമേ അപര സത്തകളെയും, അവ ഉയർത്തുന്ന വിമർശനങ്ങളെയും, ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു പുനരാഖ്യാനം സാധ്യമാവുകയുള്ളു [7] (Derrida, 2002). അത്തരമൊരു നീക്കം നിലവിലുള്ള സമുദായ ശരീരത്തെ ചിലപ്പോൾ പ്രതിസന്ധിയിലാക്കിയേക്കും. എന്നാൽ, പ്രതിസന്ധിയായിരിക്കണമല്ലോ സമുദായത്തിന്റെ സർഗാത്മകത. അവകാശങ്ങളുടെയും അനുകൂല്യങ്ങളുടെയും ഏറ്റക്കുറച്ചിലല്ലാതെ, ആഴമുള്ള ഒരു സ്വത്വ പ്രതിസന്ധിയില്ലാതെ പോകുന്നതോ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നതോ ആകാം കേരളത്തിൽ ക്രൈസ്തവ രാഷ്ട്രീയത്തിൽ (Christian politics) നിന്നും രാഷ്ട്രീയ ക്രൈസ്തവതയിലേക്കുള്ള (political Christianity) ദൂരം കൂട്ടുന്നത്. ദേശരാഷ്ട്രം വിഭാവനം ചെയ്തപ്പോളോ, അതിന്റെ ഘടനയിൽ മതേതരത്വം എഴുതിച്ചേർത്തപ്പോളോ ക്രൈസ്തവ സമുദായ പ്രതിനിധികൾക്ക് ആന്തരിക സംഘർഷം ഉണ്ടായിട്ടില്ല എന്ന് വേണം കരുതാൻ. ഇതുകൊണ്ടായിരിക്കണം പ്രത്യേക നിയോജകമണ്ഡലം വേണ്ട എന്നും, പ്രത്യേക സംവരണം പോലും വേണ്ട എന്നും, പകരം ദേശരാഷ്ട്രത്തിൽ ചേർത്ത് ന്യൂനപക്ഷാവകാശവും പൗരസമത്വവും മാത്രം മതിയെന്നും ഭരണഘടനാ രൂപീകരണ ചർച്ചയിൽ സ്വയമേവ നിലപാടെടുക്കാൻ ഒരു ചെറുസമുദായത്തിനു സാധ്യമായതും [8]. കാരണം, ക്രൈസ്തവതയാണ് മതേതരമായി വേഷം മാറിയത് എന്നും, ക്രൈസ്തവതയും മൂലധന വ്യവസ്ഥയും ആധുനിക ദേശരാഷ്ട്ര സങ്കൽപവുമെല്ലാം പരസ്പരപൂരകമാണ് എന്നും യൂറോപ്യൻ പശ്ചാത്തലത്തിൽ ഇതിനോടകം വാദിക്കപ്പെട്ടിട്ടുണ്ട് (Anidjar, 2008). ഇത്തരത്തിൽ, പൗരധർമത്തിലധിഷ്ഠിതമായ സമുദായമായി ക്രൈസ്തവ സമൂഹം മാറിയതിനെ ഗഹനമായി പഠിക്കേണ്ടതുണ്ട്. അത് പിന്തുടരണമെങ്കിൽ, “സീസർക്കുള്ളത് സീസർക്കും, ദൈവത്തിനുള്ളത് ദൈവത്തിനും’ എന്ന, പലായനം ചെയ്ത യൂദപരിവർത്തകനായ ക്രിസ്തുവിന്റെ ഉപദേശം സ്വകാര്യം, പൊതു എന്ന ദ്വന്ദം അരക്കിട്ടുറപ്പിച്ചിടത്ത് നിന്നു തുടങ്ങേണ്ടി വരും.

ഇൻഡ്യൻ സാഹചര്യത്തിൽ ഇങ്ങനെ വിഷയിയിൽ നിന്ന് പൗരനിലേക്ക് അ(നാ)യാസേന നടത്തിയ വിവർത്തനത്തിലൂടെ സ്വയം ഉത്തമ ന്യൂനപക്ഷമായി മാറുകയും, അതിനു വഴങ്ങാഞ്ഞ എല്ലാ സമുദായങ്ങളെയും പ്രാചീന-പ്രാകൃതവത്ക്കരിക്കുകയുമാണ് ചെയ്തത്. ഇൻഡ്യയോടും വിശ്വാസത്തോടും ഒരേസമയം പുലർത്തുന്ന കൂറ് ഇടക്കിടക്ക് ആണയിട്ടു പ്രദർശിപ്പിക്കേണ്ടി വരുന്നത് ഇതു കൊണ്ടാണ്. മതേച്ഛകളെ സ്വകാര്യതയിലേക്ക് ഒതുക്കുമ്പോൾ മാത്രമേ ചെറു സമുദായങ്ങൾക്ക് രാഷ്ട്രത്തിന്റെ ഭാഗഭാക്കാകുവാൻ കഴിയൂ എന്നും, സമുദായ സ്വത്വം പൊതുവിൽ ഊന്നുന്ന അതേനിമിഷം അവരെ വർഗീയമായി രാഷ്ട്രം പുനരടയാളപ്പെടുത്തുമെന്നും, ക്രൈസ്തവ സമുദായത്തിന്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് പാണ്ഡ്യൻ വീക്ഷിച്ചത് ഇത്തരുണത്തിൽ ഓർക്കാതെ, ഓർമ്മിപ്പിക്കാതെ വയ്യ (Nation as Nostalgia, 2003). സമുദായാവകാശങ്ങൾക്കു വേണ്ടി ഓരോ തവണ സമരം ചെയുമ്പോളും ഇത്തരത്തിൽ ചെറു സമുദായങ്ങളെ, ക്രൈസ്തവ സമുദായത്തെയുൾപ്പടെ, വർഗീയമായി മുദ്ര കുത്തിയിട്ടുണ്ടെന്ന് പ്രത്യേകം ഉദാഹരിക്കേണ്ടതില്ല. ഇത്തരത്തിൽ, സ്വകാര്യം/പൊതു എന്ന ദ്വന്ദ്വത്തിൽ ഒരേസമയം നിലകൊള്ളുമ്പോൾ, സ്വാഭാവികമായി ഉണ്ടായിവരുന്ന സ്വത്വ പ്രതിസന്ധിയോട് ധൈഷണികമായും സർഗാത്മകമായും ഇടപെടുമ്പോൾ മാത്രമേ വിമർശനാത്മക സമുദായമായി മാറുകയുള്ളൂ. അങ്ങനെ മാറുമ്പോൾ മാത്രമേ ഇതിനോടകം ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ദേശീയതയുടെയും മതേതരത്വത്തിന്റെയും ആധുനികതയുടെയും മൂലധന വ്യവസ്ഥയുടെയും എല്ലാം വിമർശനം ആന്തരികമായി ഉയർത്തിക്കൊണ്ടു വന്നതിന്റെ പേരിൽ വേട്ടയാടപ്പെട്ടു കൊണ്ടേയിരിക്കുന്ന സഹസമുദായങ്ങളോട് പൊരുത്തപ്പെടാൻ കഴിയുകയുള്ളു. ഒരേസമയം ആണധികാര ഭൂരിപക്ഷ-വരേണ്യ-ജാതീയ സഭാധികാരക്രമത്തിന്റെ രക്തസാക്ഷികളും ദൃക്‌സാക്ഷികളുമായ കന്യാസ്ത്രീകൾ സമുദായത്തിന്റെ വിമർശനാത്മക കർത്താക്കളായി ഇപ്പോൾ ഉയർന്നു വരുന്നത് ഒരു ഉദാഹരണമാണ്. ഇതേ ദുരവസ്ഥയുടെ സാക്ഷികളായ ഓരോരുത്തരും ഇത്തരത്തിലുള്ള വിമർശനാത്മക കർതൃത്വമായി രൂപാന്തരപ്പെടുമ്പോൾ ഒരു വിമർശനാത്മക സമുദായം (critical community) രൂപപ്പെടുമെന്നതിൽ തർക്കമില്ലല്ലോ. സമുദായത്തിനുള്ളിൽ തന്നെ വിഭാവനം ചെയ്യുന്ന ഒരു വിമർശനാത്മക ധൈഷണിക വ്യവഹാര മണ്ഡലത്തിൽ നിന്നു വേണം ഇത്തരം ചോദ്യങ്ങൾ ഉയർന്നു വരേണ്ടത്. കാരണം, പുറത്താകുന്നവരുടെ രാഷ്ട്രീയം പറയണമെങ്കിൽ ആദ്യം അകത്തായതിനെ, ആക്കിയതിനെ കുറിച്ച്, സ്വയം ചിന്തിക്കുന്നിടത്തു നിന്നു തുടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്.

ഗിൽ അനിജാർ

അതുകൊണ്ട്, ആടിക്കൊണ്ടിരിക്കുന്ന നാടകത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ, ക്രൈസ്‌തവർ ഫാസിസത്തിന്റെ ചതിക്കുഴിയിൽ വീഴുന്നു എന്നൊക്കെ പുരോഗമന സമുദായ അംഗങ്ങളും ‘മതേതര’പൊതുസമുദായവും എളുപ്പത്തിൽ പള്ളു പറയുമ്പോൾ, ദേശീയതയുടെ വേരുകൾ പാശ്ചാത്യ യൂറോപ്യൻ ക്രൈസ്തവതയിൽ ആഴത്തിൽ ഓടുന്നതാണെന്നും, ഇപ്പോൾ പുറത്തുവരുന്നത് ഇതുവരെ മൂടിവെക്കപ്പെട്ട, ആധുനികതയിൽ അന്തർലീനമായ വിരോധാഭാസങ്ങൾ മാത്രമാണെന്നും സൗകര്യപൂർവം മറക്കുകയാണ് അവർ യഥാർത്ഥത്തിൽ ചെയ്യുന്നത്. അപ്പോൾ സുറിയാനി ക്രൈസ്തവ സമുദായം അടയാളപ്പെടുത്തുന്നത് ഒരു പ്രശ്നത്തെയല്ല, മറിച്ച് ഒരു ബൃഹത്തായ പ്രശ്നത്തിന്റെ ലക്ഷണങ്ങളെയാണെന്നു വരും. അതിനാൽ, ഇന്നു നിങ്ങൾ മിണ്ടിയില്ലേൽ നാളെ അവർ നിങ്ങളെ തേടി വരും എന്ന പൊള്ളയായ താക്കീതിൽ ഒരു കള്ളത്തരമുണ്ട്. തേടി വരില്ല എന്ന ഉറപ്പ് ഒന്നുകൂടി ഉറപ്പാക്കുക മാത്രമാണത് ചെയ്യുന്നത്. കാരണം, എല്ലാവരെയും ശത്രുക്കളാക്കുകയല്ല, മറിച്ച് എല്ലാവർക്കും പൊതുവായ ഒരു ശത്രുവിനെ നിർമിച്ചെടുക്കുകയാണ് (തീവ്ര)ദേശീയതയുടെ ചരിത്രപരമായ സ്വഭാവം. ഇൻഡ്യൻ സാഹചര്യത്തിൽ ആ പൊതു ശത്രുമായി ഇസ്‌ലാമിനെ വാർത്തെടുത്ത് കഴിഞ്ഞു! അതുകൊണ്ട്, അങ്ങനെ ആരും തേടി വരില്ല എന്ന് അറിഞ്ഞുകൊണ്ട്, തേടി വരുന്നവരുടെ കൂടെ കൂടാതെ, തേടി വരപ്പെട്ടവരോടൊപ്പം നിൽക്കുന്ന രാഷ്ട്രീയതയായി സാമുദായികത പുനരാവിഷ്‌ക്കരിക്കാൻ കെൽപ്പുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

പ്രാദേശികമായി നിലനിന്നിരുന്ന ബഹുസ്വരമായ ക്രൈസ്തവതകളെ ഒഴിഞ്ഞും തഴഞ്ഞുമാണ് സാമാന്യമായ ഒരു സുറിയാനി ക്രൈസ്തവ സ്വത്വം രൂപപ്പെടുത്തിയത് എന്ന ചരിത്രം വാദത്തിന് വേണ്ടിയെങ്കിലും ഒരു നിമിഷം മാറ്റിനിർത്തി, ആഗോള തലത്തിൽ പൗരസ്ത്യ ക്രൈസ്തവത (eastern christianity) എന്ന ഒരു നാഗരിക ആഖ്യാനത്തിന്റെ (civilizational narrative) ഭാഗമായ സിറിയൻ ക്രൈസ്തവത എന്ന ഈ സംവർഗത്തെ ഇൻഡ്യൻ സമകാലിക പശ്ചാത്തലത്തിൽ ഒരു സാധ്യതയായി വീക്ഷിച്ചാൽ, എന്താണ് ഉരുത്തിരിഞ്ഞു വരുക?കൊട്ടിഘോഷിക്കപ്പെടുന്ന ഏകശിലാത്മകമായ ദേശീയതയിൽ അടിഞ്ഞു കിടക്കുന്ന പല പ്രാദേശികതകൾ ഒരു നിലയ്ക്; ‘ആർഷ ഭാരത’ സംസ്കാരത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പല നാഗരിക-സംസ്കാരങ്ങൾ മറ്റൊരു നിലയ്ക്; അങ്ങനെ നില വിട്ട് ചിന്തിക്കുമ്പോൾ, രാഷ്ട്രം തന്നെ അനേകം സാംസ്‌കാരിക-നാഗരികതകളുടെ സങ്കലനമായി സ്വയമേവ മാറുന്നു. അങ്ങനെ എങ്കിൽ, കല്പിതരാഷ്ട്രത്തിലേക്ക് ചുരുക്കാൻ കഴിയാത്ത സാമുദായികതയുടെ പ്രാദേശിക-സാർവജനീനത്വം തുറന്ന് പറയാനുള്ള ഈ സാധ്യതയെ, അതുവഴി രാഷ്ട്രം എന്ന ഭാവനയ്ക്കപ്പുറം, അതിനുള്ളിലെ വ്യത്യസ്തമായ ഒരു സംസ്കാരം എന്നതിലുമുപരി, ഒരു വിശാലമായ നാഗരികതയുടെ ഭാഗമാകാൻ ഉള്ള അവകാശത്തെ, തങ്ങൾക്കെന്ന പോലെ എല്ലാവർക്കും ഉറപ്പാക്കുന്ന ഒരു സാമുദായിക പരികല്പനയല്ലേ സുറിയാനി ക്രിസ്ത്യാനികൾ മുന്നോട്ടു വെക്കേണ്ടത്?

2021 ഒക്ടോബറിൽ പോപ്പ് ഫ്രാൻസിസും പ്രധാനമന്ത്രി മോഡിയുമായുള്ള കൂടിക്കാഴ്ചയിലൂടെ വീണ്ടും ക്രൈസ്തവസമൂഹം ചർച്ചാവിഷയമായ ഒരു സാഹചര്യത്തിലാണ് നാം നിൽക്കുന്നത്. ഇൻഡ്യയിലേക്ക് പോപ്പിനു ലഭിച്ച ക്ഷണത്തെ ഇൻഡ്യയുടെ മതേതരത്വവും സമുദായ സാഹോദര്യവും അടയാളപ്പെടുത്തുന്ന ചരിത്ര മുഹൂർത്തമെന്നാണ് കത്തോലിക്കാ സഭാനേതൃത്വം വിശേഷിപ്പിച്ചത്!ഇത്തരുണത്തിൽ, പോപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച വെങ്കല ലിഖിതത്തിലെ വാചകങ്ങൾ കാലോചിതമാണ്: “ഉയരത്തിൽ നിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും” (യെശയ്യാവ്‌ 32:15). ഏതൊരു ടെക്സ്റ്റിന്റെയും കോൺടെക്സ്റ്റാണല്ലോ (സന്ദർഭം) പലപ്പോഴും അതിന്റെ അന്തർഗതം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നത്. അതിനാൽ, ഒരു ബിബ്ലിക്കൽ ആഖ്യാനമനുസരിച്ച്, അസ്സീറിയൻ ദുർഭരണത്തിൽ വശംകെട്ടിരിക്കുന്ന യെഹൂദ്യരുടെ അലംഭാവത്തോടുള്ള യെശയ്യാവിന്റെ പ്രതികരണമാണ് ഈ വചനം എന്നത് ഒരുപക്ഷേ യാദൃശ്ചികമായിരിക്കാം! അതുകൊണ്ട്, ഈ ഉപഹാരത്തിന്റെ പ്രത്യയശാസ്ത്രം പറയാതെ പറയുന്ന പ്രസ്തുത വാക്യത്തിലേക്കു എത്തുന്നതിനു മുൻപുള്ള പ്രവാചകന്റെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു: “സ്വൈരമായിരിക്കുന്ന[വരെ] എഴുന്നേറ്റ് എന്റെ വാക്ക് കേൾപ്പിൻ; ചിന്തയില്ലാത്ത[വരെ] എന്റെ വചനം ശ്രദ്ധിപ്പിൻ…എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിത നഗരത്തിലെ സകല സന്തോഷ ഭവനങ്ങളിലും മുള്ളും പാറക്കാരയും മുളെക്കും. ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും”.

കുറിപ്പുകൾ

[1] കാലം തർക്കവിധേയമാണെങ്കിലും രണ്ടു ചെപ്പേടുകളും പ്രസ്തുത സമുദായങ്ങളുടെ നൂറ്റാണ്ടുകളായുള്ള പ്രാദേശിക ഔന്നത്യവും കാര്യക്ഷമതയും തെളിയിക്കുന്ന സൂചകങ്ങളായി ആഘോഷിക്കപ്പെടുന്നവയാണ്.
[2] ജൂതഭാരതം (2021) എന്ന പഠനത്തിൽ കുടിയേറി പാർത്ത ജൂതർ പരിവർത്തനം ചെയ്തവരാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നാണ് അബ്രഹാം ബെൻഹർ വാദിക്കുന്നത് എന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
[3] ചെട്ടിത്തെരുവിലെ ദ്വിശതാബ്ധികൾ (2016) എന്ന പഠനത്തിൽ ടി.എം യേശുദാസൻ സുറിയാനി ക്രൈസ്തവ സമൂഹത്തിന്റെ അദ്ഭുതകരമായ ഉത്ഭവവും കാലബന്ധിതമായ തുടക്കങ്ങളും അപനിർമിക്കുന്നുണ്ട്.
[4] ‘Becoming minor’ എന്നാണ് Deleuze and Guattari നിരീക്ഷിക്കുന്നത് (Kafka: Toward a Minor Literature, 1985).
[5] Modernity of Slavery (2015)ൽ സനൽ മോഹൻ ക്രൈസ്തവ സമുദായത്തിലെ ജാതിബന്ധിതമായ അപരവത്കരണത്തെ പ്രശ്നവത്കരിക്കുന്നത് ഒരു ഉദാഹരണമാണ്.
[6] രക്തപരമ്പരയിൽ (bloodline) വെള്ളം ചേർക്കാതിരിക്കാൻ സ്വസമുദായത്തിന് വെളിയിൽ കല്യാണം കഴിക്കരുതെന്ന് ഈയടുത്തിറങ്ങിയ ഷോർട് ഫിലിമിൽ കാണിക്കുന്നത് ഇതേ വംശശുദ്ധി അരക്കിട്ടുറപ്പിക്കാനുള്ള പുത്തൻശ്രമങ്ങളാണ്. KNANAYA SHORT FILM – യൂട്യൂബ്.
[7] ഓട്ടോ-ഇമ്മ്യൂൺ അയാൽ മാത്രമേ സമുദായം സാധ്യമാകുകയുള്ളൂ എന്നാണ് ദെറിദ നിരീക്ഷിക്കുന്നത്. സ്വയം നശീകരണത്ത സ്വാഗതം ചെയ്യുന്നതിലൂടെ പുനർനിർമ്മിക്കപ്പെടുന്ന ഒരു പ്രക്രിയ.
[8] Report of Advisory Committee on Minorities etc., Constitutional Assembly Debates.

[9] “സ്വയം കുഴിക്കുന്ന വിശുദ്ധ ചതികൾ” എന്ന തലക്കെട്ടോടെ പച്ചക്കുതിരയിൽ (ജനുവരി 2022) പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്റെ ആദ്യ രൂപങ്ങളോട് വിമർശനാത്മകമായി സംവദിച്ചവർക്ക് കൃതജ്ഞത-ലേഖിക

ബിവിത ഈശോ– യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ കമ്പാരറ്റീവ് ലിറ്ററേച്ചർ വിഭാഗം ഗവേഷകയാണ് ലേഖിക. നിലവിൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ദ്വിഭാഷാ ഡിക്ഷണറി പ്രോജക്റ്റിൽ എഡിറ്ററാണ്.

  • Harrari Y. (2015). Sapiens: A Brief History of Humankind. united Kingdom. Penguin Random House.
  • Joseph T. (2018). Early Indians: The story of our ancestors and where we came from. Juggernaut
  • Weber M. (1930). Protestant ethic and spirit of capitalism (English). London : George Allen & Unwin Ltd
  • Nancy, Jean-luc. (2008). Dis-enclosure: the reconstruction of Christianity. New york: Fordham university press
  • Anidjar G. (2014). Blood: A critique of Christianity. New York: Columbia university press
  • Derrida (2002). Acts of religion. Edited By Gil Anidjar. Routledge
  • Anidjar G. (2008). Semities: race religion and literature. California: Stanford university press
Top