മുഹമ്മദ് സലാഹ്: ഫുട്ബോൾ ഇസ്‌ലാമോഫോബിയയെ ചെറുക്കുമോ?

സലാഹ് ലിവർപൂളിൽ ചേർന്നതിനു ശേഷം ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർക്കിടയിൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിരക്ക് 16 ശതമാനത്തോളം കുറഞ്ഞിരിക്കുന്നതായി ഒരു ഗവേഷണ പ്രബന്ധം സമർത്ഥിക്കുന്നു. കളിമികവിനോടൊപ്പം സലാഹിൽ പ്രകടമായ ഇസ്‌ലാമിക സ്വത്വവും ഇംഗ്ലണ്ടിൽ ഇസ്‌ലാമോഫോബിയ കുറക്കുമെന്ന് പ്രതീക്ഷിക്കാൻ കാരണങ്ങളേറെയാണ്. സാദിഖ് ചുഴലി എഴുതുന്നു.

അമേരിക്കൻ യൂണിവേഴ്സിറ്റിയായ കേംബ്രിഡ്ജിൽ, പൊളിറ്റിക്കൽ സയൻസിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന അക്കാദമിക ജേണലിൽ ഒരു കൂട്ടം ഗവേഷകർ ചേർന്ന് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. നാലു ഗവേഷകർ ചേർന്നെഴുതിയ ഈ പ്രബന്ധം “സെലിബ്രിറ്റികളുടെ സ്വാധീനം മുൻവിധികളെ കുറക്കാൻ സഹായിക്കുമോ?ഇസ്‌ലാമോഫോബിക് പെരുമാറ്റങ്ങളിലും മനോഭാവങ്ങളിലും മുഹമ്മദ് സലാഹിന്റെ സ്വാധീനം” എന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മുഹമ്മദ് സലാഹ് ലിവർപൂൾ ക്ലബ്ബിൽ ചേർന്നതിനു ശേഷം യുകെയിലെ മറ്റു സമാന പ്രദേശങ്ങളെ അപേക്ഷിച്ച് അവിടെ മുസ്‌ലിം വിദ്വേഷവും മറ്റു കുറ്റകൃത്യങ്ങളും 16% കുറഞ്ഞുവെന്ന് ബൃഹത്തായ ഗവേഷണ പ്രബന്ധത്തിലൂടെ ഗവേഷകർ വെളിപ്പെടുത്തുന്നുണ്ട്. സെലിബ്രിറ്റികളുടെ സ്വാധീനം മുൻവിധികളെ കുറക്കുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ മുസ്‌ലിം കളിക്കാരനായ മുഹമ്മദ് സലഹിനെ നാം പഠിക്കേണ്ടതുണ്ട്.

സലാഹ്

ബ്രിട്ടീഷ് ഫുട്ബോൾ ആരാധകരുടെ 15 ദശലക്ഷം ട്വീറ്റുകളിലായി ഇംഗ്ലണ്ടിലുടനീളം വിദ്വേഷ കുറ്റങ്ങൾ (hate crimes) റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, സലാഹ് ലിവർപൂളിൽ ചേർന്നതിനു ശേഷം, മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ലിവർപൂളിലെ വിദ്വേഷ കുറ്റകൃത്യങ്ങൾ 16% കുറഞ്ഞതായും, മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ആരാധകരെ അപേക്ഷിച്ച് ലിവർപൂൾ ആരാധകർക്കിടയിൽ മുസ്‌ലിംവിരുദ്ധ ട്വീറ്റ് നിരക്കുകൾ പകുതിയായി കുറഞ്ഞതായും ഗവേഷകർ കണ്ടെത്തുന്നുണ്ട്. സർവേ ഫലത്തിലൂടെ സലാഹിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ പ്രത്യക്ഷതയും, സലാഹിനെ കുറിച്ചുള്ള പോസിറ്റീവ് വികാരങ്ങളും മുസ്‌ലിംകളെ കൂടുതൽ വിശാലമായി സാമാന്യവത്കരിക്കാൻ സഹായിച്ചുവെന്ന് ഗവേഷകർ പറയുന്നു. സെലിബ്രിറ്റികളിലുള്ള പേസിറ്റീവ് വ്യക്തിത്വം മുൻവിധികളെയും ആളുകളുടെ പെരുമാറ്റങ്ങളെയും പരിവർത്തിപ്പിക്കുന്നുണ്ട് എന്ന സൂചനയാണ് ഈ ഗവേഷണം നൽകുന്നത്.

2018 ഫെബ്രുവരിയിൽ, ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ ലിവർപൂളിന്റെ ആരാധകർ പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് വിജയം 5-0ന് ആഘോഷിച്ചു. ചെമ്പട ഫൈനലിലെത്തി. യുവ ഈജിപ്ഷ്യൻ സ്‌ട്രൈക്കറായ സലാഹായിരുന്നു ക്ലബ്ബിന്റെ വിജയശിൽപ്പി. വിജയത്തിനു ശേഷം ആരാധകർ ആഹ്ലാദത്തോടെ ആർപ്പുവിളിച്ചു:

“നീ കുറച്ചുകൂടി ഗോൾ സ്കോർ ചെയ്താൽ ഞാനും ഒരു മുസ്ലിമാകും, ഈ മതം നിങ്ങൾക്ക് നല്ലതാണെങ്കിൽ, എനിക്ക് ഇത് മതിയാകും, പള്ളിയിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മുഹമ്മദ് സലാഹ് ദൈവത്തിന്റെ സമ്മാനമാണ്, അവൻ എപ്പോഴും ഗോൾ സ്കോർ ചെയ്യുന്നു, ഇത് എല്ലായിപ്പോയും മടുപ്പിക്കുന്നു, അതിനാൽ ദയവായി മുഹമ്മദിനെ കൊണ്ടുപോകരുത്.”

ലിവർപൂൾ എഫ്‌സിയിൽ സലാഹ് കളിച്ച ആദ്യ മൂന്നു സീസണുകളിൽ, തുടർച്ചയായ മത്സരങ്ങളിൽ അദ്ദേഹം സ്കോർ ചെയ്തതോടെ ക്ലബ് അസാധാരണ വിജയങ്ങൾ കൈക്കലാക്കി. 2018ൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിയ ലിവർപൂൾ 2019ൽ ജേതാക്കളായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ക്ലബ്ബ് മികച്ച വിജയം നേടി. 30 വർഷത്തിനു ശേഷം ആദ്യമായി ലിവർപൂൾ കിരീടം ചൂടിയപ്പോൾ, തുടർച്ചയായി രണ്ടു വർഷങ്ങളിൽ സലാഹ് ടോപ് സ്‌കോററായി. കളിക്കളത്തിലെ മികവുകൾ കൊണ്ടു മാത്രമല്ല അദ്ദേഹം സ്വീകാര്യത നേടിയത്. മറിച്ച്, ഫുട്ബാളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന മത സ്വത്വത്തിന്റെ സ്വാധീനം കാരണത്താലുമാണ്. ഉദാഹരണത്തിന്, ഗോൾ നേടിയ ശേഷം താരങ്ങൾ സാഷ്ടാംഗം പ്രണമിക്കുന്നത് യൂറോപ്യൻ ആരാധകർക്ക് ശീലമായിരുന്നില്ല. സലാഹിന്റെ വ്യക്തിപ്രഭാവവും മതബോധവും നിമിത്തം ആരാധകർക്കിടയിൽ ഇസ്‌ലാമോഫോബിയ കുറയുമെന്ന മാധ്യമങ്ങളുടെ അനുമാനങ്ങൾക്ക് ഇതോടെ ആക്കം കൂടുകയായിരുന്നു.

സലാഹിന്റെ സ്വാധീനം മൂലം ഇസ്‌ലാമോഫോബിയ കുറയുമെന്ന് ചിലർ മുൻപേ വിശ്വസിക്കുന്നുണ്ട്. കാരണം സലാഹ് ഫുട്ബോളിൽ വിജയം നേടുന്നു, സമൂഹം വിജയിയെ സ്നേഹിക്കുന്നു. എന്നാൽ, സലാഹിന്റെ പ്രശസ്തിക്ക് ഏതെങ്കിലും തരത്തിൽ ബ്രിട്ടീഷ് പരിസരത്തു നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയ കുറക്കാൻ കഴിയുമെന്നതിന് വ്യവസ്ഥാപിത തെളിവുകളൊന്നുമില്ല. എങ്കിലും, സലാഹുമായുള്ള സമ്പർക്കം ഇസ്‌ലാമോഫോബിയ കുറക്കുമെന്ന സാധ്യത ഒരു തരത്തിൽ ‘പാരാസിറ്റിക് സമ്പർക്ക സിദ്ധാന്തത്തെ’ പിന്തുണക്കുന്നുണ്ട്. പുറമേയുള്ള ഒരു സംഘവുമായി വ്യക്തികൾ ആശയവിനിമയം നടത്തുമ്പോൾ ആ സംഘത്തിന് മൊത്തത്തിലുള്ള മുൻവിധികളും പക്ഷപാതിത്വവും കുറയാൻ സാധ്യതയുണ്ടല്ലോ.

ഗവേഷണ പ്രബന്ധത്തിൽ പാരാസിറ്റിക് ആശയവിനിമയ സിദ്ധാന്തത്തിന്റെ (parasitic communication hypothesis) യാഥാർത്ഥമായ ഒരു പരിശോധന ഗവേഷകർ നൽകുന്നുണ്ട്. സലാഹിന്റെ കടന്നുവരവ് ലിവർപൂളിലും ക്ലബ് ആരാധകർക്കിടയിലും മുസ്‌ലിംവിരുദ്ധ മനോഭാവവും കുറച്ചു എന്ന അനുമാനത്തെയും ഇവ്വിധം പരിശോധിക്കേണ്ടതുണ്ട്. മൂന്നു പരസ്പരപൂരകങ്ങളായ ഗവേഷണ രൂപകൽപ്പനകൾ ഉപയോഗിച്ച് ഈ സിദ്ധാന്തം പരീക്ഷിക്കാം. ഒന്ന്, ഇംഗ്ലണ്ടിലെ വിദ്വേഷ കുറ്റകൃത്യ വിശകലനം, രണ്ട് യുകെ ഫുട്ബോൾ ആരാധകർക്കിടയിൽ മുസ്‌ലിംവിരുദ്ധ ട്വീറ്റ് വിശകലനം, മൂന്ന് സർവേ ഫലം. 2015നും 2018നും ഇടയിൽ ഇംഗ്ലണ്ടിലെ 25 പോലീസ് വകുപ്പുകളിൽ നിന്നുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകളെയാണ് ആദ്യം പരിശോധിക്കുന്നത്. ലിവർപൂൾ നഗരത്തെ ഉൾക്കൊള്ളുന്ന മെഴ്‌സിസൈഡ് പോലീസിന്റെ കണക്കുകളും മറ്റൊരു രീതിയിൽ പരിശോധിക്കേണ്ടതുണ്ട്. സലാഹ് ലിവർപൂളിലേക്ക് മാറിയതിനു ശേഷം, അതായത് സലാഹ് കരാറിൽ ഒപ്പിട്ടതിന് ശേഷം മെർസിസൈഡിന്റെ കണക്കുകളിൽ വിദ്വേഷ കുറ്റകൃത്യ നിരക്ക് 16% കുറവാണെന്ന് നമുക്ക് കണ്ടെത്താവുന്നതാണ്.

രണ്ടാമതായി, വിദ്വേഷ കുറ്റകൃത്യ വിശകലനത്തിലെ അതേ രീതി ഉപയോഗിച്ച് പ്രീമിയർ ലീഗിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളുടെ അനുയായികൾ സൃഷ്ടിച്ച 15 ദശലക്ഷം ട്വീറ്റുകളെ നാം വിശകലനം ചെയ്യുമ്പോൾ, സലാഹ് ക്ലബ്ബിൽ ചേർന്നതിനു ശേഷം ആരാധകരിൽ നിന്നുള്ള മുസ്‌ലിംവിരുദ്ധ ട്വീറ്റുകളുടെ അനുപാതം പകുതിയോളം കുറഞ്ഞെന്ന് കണ്ടെത്താവുന്നതാണ്. അദ്ദേഹം ക്ലബ്ബിൽ ചേർന്നില്ലായിരുന്നെങ്കിൽ മുസ്‌ലിംകളുമായി ബന്ധപ്പെട്ട 3.8% ട്വീറ്റുകളിൽ നിന്ന് 7.3% ലേക്ക് വർധനവ് പ്രതീക്ഷിക്കാമായിരുന്നു എന്നും പറയപ്പെടുന്നു.

അവസാനമായി, ഗവേഷണ പേപ്പറിൽ ലിവർപൂളിനായി ഒരു ഫാൻ സർവേ പരീക്ഷണം നടത്തുന്നുണ്ട്. സലാഹുമായുള്ള ഫാൻസിന്റെ സമ്പർക്കം മുഖേന മുസ്‌ലിംകളോട് സഹിഷ്ണുതാപരമായ നിലപാട് എങ്ങനെ രൂപപ്പെടുത്തപ്പെടും എന്നതിന്റെ വ്യക്തമായ സൂചനകൾ അവിടെ ഈ ഭാഗത്ത് കാണാൻ കഴിയും. ‘സലാഹ് ഇഫക്റ്റ്’ ഒരുപക്ഷേ സലാഹിന് മാത്രമുള്ള കാര്യമല്ല. സെലിബ്രിറ്റികൾ സാമൂഹിക സാഹചര്യങ്ങളെ ഒരുപാട് സ്വാധീനിക്കുമെന്നത് വളരെക്കാലമായി നിലനിൽക്കുന്ന ബോധ്യമാണ്. കൂടാതെ മാധ്യമങ്ങളിലൂടെ സെലിബ്രിറ്റികളുമായുള്ള സമ്പർക്കം ഇന്റർഗ്രൂപ്പ് ആശയവിനിമയത്തിന്റെ ഏറ്റവും സാധാരണമായ രൂപങ്ങളിലൊന്നു കൂടിയാണ്.

2018 ഏപ്രിലിൽ ഇംഗ്ലണ്ടിലെ എല്ലാ പോലീസ് വകുപ്പുകളിലേക്കും അഭ്യർത്ഥനകൾ സമർപ്പിച്ചുകൊണ്ട് ഗവേഷകർ വിദ്വേഷ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. മതപരവും വംശീയവുമായ കാരണങ്ങളാൽ അക്രമി ഇരയെ ലക്ഷ്യം വെച്ചതായി വ്യക്തമായ സൂചന ലഭിക്കുമ്പോൾ, പോലീസ് ആ സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായിട്ടാണ് തരംതിരിക്കുന്നത്. ഓരോ മാസവും മൊത്തം 936 പോലീസ് സേനാ നിരീക്ഷണങ്ങളിൽ നിന്നായി, 25 പോലീസ് അധികാരികളിൽ നിന്ന് ഉപയോഗ്യമായ ഡാറ്റ അവർക്കു ലഭിച്ചു.

സലാഹ് ലിവർപൂൾ എഫ്‌സിയിൽ ചേർന്നതിനു ശേഷം മെർസിസൈഡിലെ വിദ്വേഷ കുറ്റകൃത്യങ്ങൾ എത്രമാത്രം മാറിയെന്ന് ഈ കണക്കുകളിൽ നിന്ന് കൃത്യമായി മനസ്സിലാക്കാനാകും. അദ്ദേഹം ടീമിൽ ലിവർപൂളിൽ ചേർന്നില്ലായിരുന്നെങ്കിലോ? ഈ ചോദ്യത്തിന് അളവു സംബന്ധിയായ (quantitative) ഒരു മറുപടി അസാധ്യമാണ്. എന്നാൽ, ലിവർപൂളിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ ഇന്നുള്ളതിനേക്കാൾ അധികരിച്ചതായിരിക്കും എന്നത്തിൽ സംശയമില്ല. ആകെയാൽ, ലിവർപൂളിൽ സലാഹിന്റെ വരവോടു കൂടി അസഹിഷ്ണുതയും മുൻവിധികളും വിദ്വേഷ കുറ്റങ്ങളും കുറഞ്ഞിട്ടുണ്ട് എന്ന സൂചനയാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഡാറ്റകളെ വ്യാഖ്യാനിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നതും അതു തന്നെയാണ്.

  • https://www.cambridge.org/core/journals/american-political-science-review/article/can-exposure-to-celebrities-reduce-prejudice-the-effect-of-mohamed-salah-on-islamophobic-behaviors-and-attitudes/A1DA34F9F5BCE905850AC8FBAC78BE58
  • https://www.google.com/amp/s/www.bbc.com/arabic/middleeast-48504480.amp
Top