സിപിഎം, മുസ്‌ലിം അപരനെ സൃഷ്‌ടിക്കുന്നതെങ്ങനെ?
മുസ്‌ലിം കർതൃത്വത്തിലുള്ള സമരങ്ങളെയും രാഷ്ട്രീയ മുന്നേറ്റങ്ങളെയും വലിയ ഭീതിയോടെയാണ് സിപിഎം നോക്കിക്കാണുന്നത്. അവരോട് മാന്യമായ സംവാദത്തിന് മുതിരുന്നതിന് പകരം, മുസ്‌ലിം മുന്നേറ്റങ്ങളെ തീവ്രവാദ ചാപ്പ കുത്തി മൃദു ഹിന്ദുത്വ ഏകീകരണം നടത്താനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കരീം കെയെസ് എഴുതുന്നു.
“എവിടെ ടാര്‍ റോഡുകളും ഇലക്ട്രിക് പോസ്റ്റുകളും അവസാനിക്കുന്നുവോ, അവിടെ മുസലിം ഗല്ലികള്‍ ആരംഭിക്കുന്നു. മൂന്നര പതിറ്റാണ്ടു കാലം സിപിഎം ഭരിച്ച ബംഗാളിലെ മുസ്‌ലിംകളുടെ സാമൂഹിക അവസ്ഥ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ സൂചിപ്പിക്കാം”, ബംഗാളിലെ ‘ഖലം’ മാഗസിന്‍ പത്രാധിപര്‍ അഹമദ് ഹസന്‍ ഇമ്രാന്റെ വാക്കുകൾ. കേരളത്തില്‍, സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ കാത്തുരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമിന്റെ ഭരണം, ബംഗാളിലെ മുസ്‌ലിംകള്‍ക്ക് നല്‍കിയതാണീ പതിതാവസ്ഥ. ഇപ്പോള്‍ കേരളത്തില്‍ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഎം ഭയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ നേതൃത്വം നല്‍കുന്ന വിഷന്‍ 2026ഉം റിഹാബ് ഫൗണ്ടേഷനുമാണ് മുര്‍ഷിദാബാദിലെയും പര്‍ഗാനസിലെയുമൊക്കെ മുസ്‌ലിം ജീവിതങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ സിപിഎം മുസ്‌ലിംകളെ ഉണ്ടാക്കിയ ‘ബാപ്പയാണെന്ന’ വ്യാജങ്ങള്‍ വെറും പാര്‍ട്ടി കാപ്സൂളുകള്‍ മാത്രം!
ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമിന്റെ മാപ്പിള ബ്രിഗേഡുകളാണ് റഹീമും റിയാസും ഷംസീറും. ജമാഅത്തെ ഇസ്‌ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും മുന്‍നിര്‍ത്തി മുസ്‌ലിം ലീഗിനെയും യുഡിഎഫിനെയും ‘ഡീമോറലൈസ്’ ചെയ്ത് മൃദു ഹിന്ദുത്വ ഏകീകരണം സാധ്യമാക്കുക എന്നതാണ് പാര്‍ട്ടി അവരെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. കോണ്‍ഗ്രസ്-ലീഗ്-ബിജെപി പ്രതിനിധികള്‍ക്ക് പുറമെ ചില വലതുപക്ഷ നിരീക്ഷകരും, കൂടെ ‘ക്രോണിക് ഇസ്‌ലാമോഫോബുകളുമായ’ വാര്‍ത്താ അവതാരകരും ചേരുമ്പോള്‍, അടുത്ത തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് കേരളത്തിന്റെ ഭരണം പിടിച്ചെടുക്കും എന്ന ഭീതി പ്രേക്ഷകരിലുണ്ടാക്കും. അടുത്തിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ ചോദ്യം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനോട്: “കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാൻ ഇബ്നു ഒൗഫിനെ ഒറ്റക്കുത്തിന് കൊല്ലാന്‍ യൂത്ത് ലീഗിന് പരിശീലനം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടുകാരല്ലേ?” ഇതു കേട്ടിരുന്ന ഫിറോസ് മറ്റെന്തൊക്കെയോ പറയുന്നു. പാര്‍ട്ടി നേതാക്കളുടെ കാറിന് കല്ലെറിഞ്ഞു എന്ന ആരോപണത്തിന്റെ പേരില്‍ എംസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂറിനെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ച പാര്‍ട്ടി കോടതിയും പീനല്‍ കോഡും ഏത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് അംഗീകരിച്ചത് എന്ന് ചോദിക്കാനുള്ള വിവരം ഫിറോസിനില്ലാതെ പോയി. നേതാക്കളുടെ പെട്ടി ചുമക്കല്‍ പദവികള്‍ നേടാനുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന പാര്‍ട്ടിയില്‍ മുന്‍ എംഎസ്എഫ് നേതാവിന് ഇത്രയൊക്കെ വിവരം തന്നെ ധാരാളം.
ഇൻഡ്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ പറ്റി, ‘ഇൻഡ്യ ഇൻഡ്യയുടെയും ചൈന ചൈനയുടെയും എന്ന് വാദിക്കുന്ന ഭൂപ്രദേശം’ എന്ന ചരിത്ര പ്രസിദ്ധമായ ന്യായീകരണം ചമച്ച ഇഎംഎസ് നമ്പൂതിരിപ്പാടിനെ ആരും ദേശവിരുദ്ധനായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, തുര്‍ക്കിയില്‍ ആദ്യം മ്യൂസിയമാക്കി മാറ്റിയ ‘ഹാഗിയാ സോഫിയ’ വീണ്ടും പള്ളിയാക്കിയതിൽ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്‌ലിം ലീഗും മാപ്പു പറയണം എന്നാണ് സിപിഎമിന്റെ മാപ്പിള ബ്രിഗേഡുകള്‍ ചാനല്‍ സ്റ്റുഡിയോയിലിരുന്ന് ഉറഞ്ഞു തുള്ളുന്നത്. ഉന്മൂലന സിദ്ധാന്തം പാര്‍ട്ടി നയമായി സ്വീകരിച്ച 1948ലെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലെ ‘കല്‍ക്കത്ത തിസീസിന്റെ’ ഉപജ്ഞാതാവായ ബി.ടി രണദിവെയെ ആരും തീവ്രവാദിയാക്കിയില്ല. കൽക്കത്ത തിസീസിന്റെ തുടര്‍ച്ചയായി തെലങ്കാനയിലും ത്രിപുരയിലും കേരളത്തിലുമുണ്ടായ സായുധ സമരങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുമില്ല. വര്‍ഷം തോറും കയ്യൂര്‍, ഒഞ്ചിയം, പുന്നപ്ര-വയലാര്‍ സ്മൃതിദിനം ആചരിക്കാറുമുണ്ട്. പാര്‍ട്ടി മന്ദിരങ്ങള്‍ക്ക് രണദിവെയുടെ പേര് നല്‍കിയിട്ടുണ്ട്. മാവോയും സ്റ്റാലിനും ചെഗുവേരയും പാര്‍ട്ടിയുടെ ചുവരെഴുത്തുകളിലും ടി-ഷര്‍ട്ടുകളിലും ഇപ്പോഴുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ട്ടിക്ക് സായുധ പ്രതിരോധത്തോട് വലിയ ചതുര്‍ഥിയൊന്നുമില്ല. രാഷ്ട്രീയമായി വിയോജിക്കുന്നവരെയും കുലംകുത്തികളെയും ഉന്മൂലനം ചെയ്യുക എന്ന പാര്‍ട്ടി നയം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്. കേരളത്തിലും ബംഗാളിലും കൊലപാതകങ്ങള്‍ നടത്താന്‍ എലിമിനേഷന്‍ സ്ക്വാഡുകളും തദ്ദേശീയമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചിട്ടുണ്ട് (ശത്രുക്കളെ ജീവനോടെ കുഴിയില്‍ തളളി പഞ്ചസാരയിട്ട് മൂടുക, എലിമിനേഷന്‍ സ്ക്വാഡിന്റെ വാഹനത്തില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിക്കുക, ഓപറേഷന് ശേഷം കാവിത്തുണി സംഭവ സ്ഥലത്ത് ഉപേക്ഷിക്കുക). കമ്യൂണിസ്റ്റ് ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയും ഉയ്ഗൂര്‍ മുസ്‌ലിംകളെ ഡീ-റാഡിക്കലൈസ് ചെയ്യാനുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പുകളും മാനവികതക്കെതിരായ വെല്ലുവിളിയായി പാര്‍ട്ടിക്ക് തോന്നിയിട്ടില്ല.1942ലെ ക്വിറ്റ് ഇൻഡ്യാ സമരത്തെ സാര്‍വദേശീയ കമ്യൂണിസ്റ്റ് നിലപാടിന്റെ പേരില്‍ പിന്നില്‍ നിന്ന് കുത്തിയ പാര്‍ട്ടി ഇന്നുവരെ രാജ്യത്തോട് മാപ്പു പറഞ്ഞിട്ടില്ല.
ഇത്രയൊക്കെ ദേശവിരുദ്ധതയുടെയും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും ട്രാക്ക് റെക്കോര്‍ഡ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയുടെ വക്താക്കള്‍, അവരുടെ ഏഴയലത്തുപോലും എത്തിയിട്ടില്ലാത്ത, എത്താന്‍ ഒരിക്കലും സാധ്യതയില്ലാത്ത മുസ്‌ലിം സംഘടനകളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കാന്‍ എന്തുമാത്രം ഊര്‍ജമാണ് ചെലവഴിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയില്‍ പെട്ടവര്‍ ഇന്നുവരെ ഒരു പൂച്ചക്കുഞ്ഞിനെ പോലും കല്ലെടുത്തെറിഞ്ഞതായി പരാതിയില്ല. ഇൻഡ്യാ രാജ്യത്ത് സൈക്കിളില്‍ ഡബിള്‍ കയറിയതിന്റെ പേരില്‍ പോലും ഒരു ജമാഅത്ത് പ്രവര്‍ത്തകന്റെ പേരില്‍ പെറ്റിക്കേസില്ല. 1941ല്‍ അബുല്‍ അഅ്ലാ മൗദൂദി എന്ന പണ്ഡിതനാണ് ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുക എന്നതാണ് സംഘടനയുടെ നയം (വിശ്വാസികള്‍ക്ക് മാത്രം ബാധകം). 1975ല്‍ അടിയന്തരാവസ്ഥ കാലത്തും, 1992ല്‍ ബാബരി മസ്ജിദ് ആര്‍എസ്എസ് തകര്‍ത്തതിന്റെ പേരിലും ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. എന്നാന്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ തെളിവായി ഒരു തീപ്പെട്ടി പടം പോലും കേന്ദ്ര ആഭ്യന്തര വകുപ്പിന് ഹാജരാക്കാന്‍ കഴിയാഞ്ഞതിനാല്‍ സുപ്രീംകോടതി നിരോധം റദ്ദാക്കി. ജമാഅത്തെ ഇസ്‌ലാമി അടിസ്ഥാനപരമായി ഒരു പ്രബോധക സംഘമാണെങ്കിലും, കേരളാ ഘടകം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിട്ടുനില്‍ക്കുന്നു. സ്വന്തമായി അച്ചടി-ദൃശ്യ മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണ വിഭാഗം, വ്യവസ്ഥാപിതമായ പബ്ലിക് റിലേഷന്‍ സംവിധാനങ്ങള്‍, ഗവേഷണ വിഭാഗം, സുശക്തമായ സാമൂഹിക സേവന സംരംഭങ്ങള്‍, എല്ലാത്തിലുമുപരി പല സംരംഭങ്ങളിലും ഇസ്‌ലാമിക ആശയാടിത്തറയില്‍ നിന്നുകൊണ്ട് ബദലുകള്‍ മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. വിഎസ് അച്യൂതാനന്ദന്‍ മുഖ്യ മന്ത്രിയായിരിക്കെ, ധനമന്ത്രി തോമസ് ഐസക് മുന്‍കൈയെടുത്ത് കെ.എസ്.ഐ.ഡി.സിയെ പ്രൊമോട്ടറാക്കി നടപ്പാക്കാന്‍ ശ്രമിച്ച ‘അല്‍ ബറക്ക ഫിനാന്‍ഷ്യല്‍ സര്‍വീസ്’ എന്ന സംരംഭത്തിന് പ്രചോദനം ജമാഅത്തെ ഇസ്‌ലാമിയുടെ പലിശ രഹിത സംരംഭങ്ങളായിരുന്നു. പിന്നീട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലിശ രഹിത നിക്ഷേപങ്ങള്‍ക്കായി ‘ഹലാല്‍ ഫായിദ കോപ്പറേറ്റീവ് സൊസൈറ്റി’ രൂപീകരിക്കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്ക് മുസ്‌ലിം-മുസ്‌ലിമേതര വിഭാഗങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന തിരിച്ചറിവ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നില്ല. പിന്നീട് സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം നോക്കി വോട്ട് ചെയ്യാന്‍ സംഘടന അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നീട് അത് മുന്നണികള്‍ക്കായി. പല തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫും യുഡിഎഫും ആ നയത്തിന്റെ ഗുണഭോക്താക്കളായി. 2003ല്‍ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ ‘സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്’ എന്ന സംഘടന രൂപീകരിച്ചു കൊണ്ട് സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടിക്കുള്ള പരീക്ഷണം തുടങ്ങി. നിരവധി ജനകീയ സമരങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചുകൊണ്ട് സോളിഡാരിറ്റി പൊതു സമൂഹത്തില്‍ ദൃശ്യതയുണ്ടാക്കി. തുടര്‍ന്ന് 2011ല്‍ ‘വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇൻഡ്യ’ നിലവില്‍ വന്നു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം അടവുപരമായ സഹകരണത്തിലായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനിടയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചെങ്കിലും, മറ്റ് മണ്ഡലങ്ങളില്‍ പതിവുപോലെ ഇടതു-വലത് മുന്നണികള്‍ക്ക് വോട്ട് നല്‍കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി മുസ്‌ലിംകൾ കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തപ്പോള്‍ എല്‍ഡിഎഫ് തറപറ്റി. ശബരിമല വിഷയവും ഇടതുമുന്നണിയുടെ പരാജയത്തിന് ആക്കം കൂട്ടിയെങ്കിലും, അത് തുറന്നു സമ്മതിക്കാതെ മുസ്‌ലിം സംഘടനകളുടെ മേലെ കുതിര കയറുകയാണ് സിപിഎം. മുസ്‌ലിംകള്‍ക്കിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ്ഡിപിഐക്കും സ്വീകാര്യത ലഭിക്കുന്നതില്‍ അപകടം കണ്ടെത്തിയ മുസ്‌ലിം ലീഗിലെ കൗടില്യന്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ ആശയമായിരുന്നു 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ. സിഎഎ-എന്‍ആര്‍സി വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ലീഗിന്റെ പിന്തുണയില്ലാതെ വിജയിച്ചതും, ഹര്‍ത്താലിന്റെ സംഘാടനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കായിരുന്നു മേല്‍ക്കൈ എന്നതും വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂടെക്കൂട്ടാന്‍ ലീഗിനു പ്രേരണയായി. മാത്രമല്ല അഖിലേന്ത്യാ തലത്തില്‍ തരക്കേടില്ലാത്ത സ്വാധീനമുള്ള സംഘടനകളാണ് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും. എന്നാൽ, മുസ്‌ലിം ലീഗ് വെല്‍ഫെയര്‍ ധാരണയുടെ പേരില്‍ യുഡിഎഫിലെയും ഇരു മുന്നണിയിലെയും ഇസ്‌ലാം പേടിക്കാര്‍ ലീഗിനെ വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ ഒന്ന് പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെ ലീഗ് നേതാക്കള്‍ നിശബ്ദരായി തടിയൂരി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ഏകീകരണത്തിന്റെ ചൂടറിഞ്ഞ സിപിഎമിന് ബദല്‍ വോട്ട് ബാങ്ക് കണ്ടെത്തേണ്ടിയും വന്നു. അതിന് ആടി നില്‍ക്കുന്ന മൃദു ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇസ്‌ലാമോഫോബിയ പോലെ ഫലപ്രദമായ മരുന്നില്ല.
അതിന് വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐയെയും ലീഗിനെയും മുന്നില്‍ നിര്‍ത്തി മുസ്‌ലിം അപരനെ സൃഷ്ടിക്കണം. അതിനെ ചൂണ്ടിക്കാണിച്ച് ഹിന്ദു വോട്ടുകള്‍ നേടണം. അതിനുള്ള ടാഗ് ലൈനാണ് “അമീര്‍ (ജമാഅത്തെ ഇസ്‌ലാമി അമീര്‍) ഹസന്‍ (എംഎം ഹസന്‍, മുസ്ലിം ലീഗ്) യുഡിഎഫിനെ നയിക്കും” എന്നത്. ഇത്രയും കാലം സൈദ്ധാന്തിക ലൈനില്‍ മാത്രം വര്‍ഗീയതയും വംശീയതയും പറഞ്ഞിരുന്ന സിപിഎം നേതാക്കള്‍, സംസ്ഥാന സെക്രട്ടറിയായി വിജയരാഘവന്‍ ചുമതലയേറ്റതോടെ പച്ചയായി വര്‍ഗീയത പറയാന്‍ തുടങ്ങി.
ഇൻഡ്യയിലെ മുസ്‌ലിം സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംഘടന തെക്ക് നിന്ന് വടക്കോട്ട് സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പോപ്പുലര്‍ ഫ്രണ്ടാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുടെ ഏകോപന സമിതി എന്ന നിലയിലാണ് 1994ല്‍ ‘നാഷണല്‍ ഡെവലപ്പ്മെന്‍റ് ഫ്രണ്ട്’ (എന്‍ഡിഎഫ്) നിലവില്‍ വരുന്നത്. ഇന്ന് സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തില്‍ ഇൻഡ്യൻ നഗരങ്ങള്‍ തിളച്ചുമറിയുമ്പോള്‍, 25 വര്‍ഷം മുൻപ് കൃത്യമായി പറഞ്ഞാല്‍ 1994 ഡിസംബര്‍ 16ന് കോഴിക്കോട് നഗരത്തില്‍ രാജ്യത്തെ പൗരത്വ നിഷേധത്തിനെതിരെ ഒരു ബഹുജന റാലി നടന്നു. എൻഡിഎഫ് ആദ്യമായി സംഘടിപ്പിച്ച പൊതു പരിപാടിയായിരുന്നു അത്. അസമും കടന്ന് എന്‍ആര്‍സി രാജ്യമെമ്പാടും പ്രാബല്യത്തില്‍ വരാന്‍ പോകുന്നു. കൂടെ സിഎഎയും. വരാൻ പോകുന്ന ദുരന്തം കാല്‍ നൂറ്റാണ്ട് മുൻപ് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞ ഒരു സംഘടനയെ കേവലം അവിവേകികള്‍, തീവ്രവാദികള്‍ എന്നൊക്കെ അധിക്ഷേപിക്കുന്നത് മാന്യതയല്ല. പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, നിയമാവബോധം, അധികാര പങ്കാളിത്തം, സംവരണം എന്നീ വിഷയങ്ങള്‍ മുസ്‌ലിം സംഘടനകളുടെ അജണ്ടയില്‍ കൊണ്ടുവന്നതില്‍ എന്‍ഡിഎഫിനുള്ള പങ്ക് ചെറുതല്ല. കേരളത്തിൽ നിന്ന് അതിവേഗം വേരുകള്‍ പടര്‍ത്തിയ എന്‍ഡിഎഫ് വിവിധ സംസ്ഥാനങ്ങളിലെ സമാന മനസ്കരെ ഉള്‍പ്പെടുത്തി 2006ല്‍ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇൻഡ്യയായി മാറി. 2009ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇൻഡ്യ എന്ന രാഷ്ട്രീയ പാര്‍ട്ടി കൂടി പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. റിഹാബ് ഫൗണ്ടേഷന്‍ പോലുള്ള സേവന വിഭഗം ബംഗാളിലെയും ബീഹാറിലെയും ദരിദ്ര ഗ്രാമങ്ങളില്‍ നിരവധി സാമൂഹിക സേവന പദ്ധതികള്‍ നടത്തിവരുന്നു. രാജ്യത്തെ ദരിദ്ര ഗ്രാമങ്ങളിലെ സ്കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനുളള ‘സ്കൂള്‍ ഛലോ’ പദ്ധതി അവയിലൊന്നുമാത്രം.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ തുടക്കം മുതല്‍ എതിരാളികള്‍ ആരോപിക്കുന്നതാണ് തീവ്രവാദവും ഭീകരവാദവും. കേവലം പത്രസമ്മേളത്തിലും മൈതാന പ്രസംഗങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നതിനപ്പുറം വ്യക്തമായ തെളിവുകള്‍ കണ്ടത്തൊന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
തീവ്രവാദം എന്നത് ആപേക്ഷികമാണ്. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ഗാന്ധിയും ഭഗത് സിങും സുഭാഷ് ചന്ദ്രബോസും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണില്‍ ദേശവിരുദ്ധരും തീവ്രവാദികളുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഭക്തരല്ലാത്തവരെല്ലാം ദേശവിരുദ്ധരും തീവ്രവാദികളുമായിരുന്നു. ഇന്ന് പ്രതികരണ ശേഷിയുള്ള മുസ്‌ലിംകളും ദലിതരും ആദിവാസികളും തീവ്ര ഇടതുപക്ഷക്കാരും ദേശവിരുദ്ധരും തീവ്രവാദികളുമാണ്. അവരെ ചിത്രവധം ചെയ്ത് ഇല്ലാതാക്കാം, വെടിവെച്ച് കൊല്ലാം, ഭീകര നിയമങ്ങള്‍ ചാര്‍ത്തി തുറങ്കിലിടാം.
പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള പ്രധാന രണ്ട് ആരോപണങ്ങളാണ് 2010ല്‍ മൂവാറ്റുപുഴയില്‍ പ്രെഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ട സംഭവവും, 2018ല്‍ എറണാകുളത്ത് അഭിമന്യൂ എന്ന വിദ്യര്‍ഥി കൊല്ലപ്പെട്ട സംഭവവും. എന്തിന്റെ പേരിലായാലും മനുക്ഷ്യരെ കൊല്ലുന്ന ഏര്‍പ്പാട് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നയാലും എതിര്‍ക്കപ്പെടണം. 2000 മുതല്‍ 2017 വരെ, അഥവാ 17 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ 172 . കൊല്ലപ്പെട്ടവര്‍ 65 സംഘ്പരിവാര്‍, 85 സിപിഎം, 11 വീതം കോണ്‍ഗ്രസും മുസ്‌ലിം ലീഗും. പ്രതികൾ ബിജെപി, സിപിഎം, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍. എങ്കില്‍ മേല്‍പറഞ്ഞ രണ്ട് സംഭവങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യാന്‍ ഏത് പാര്‍ട്ടിക്കാണ് ധാര്‍മിക അവകാശം. ഒരാള്‍ ആക്രമിക്കപ്പെട്ടതും ഒരു കൊലപാതകവും മാത്രം എന്തുകൊണ്ട് ഇത്രമാത്രം ചര്‍ച്ചയാവുന്നു. കാരണം വ്യക്തം, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പൊതു ശത്രുവേണം. വ്യക്തി വിരോധത്തിന്റെ പേരില്‍ ഒരാളെ അംഗഛേദം നടത്തുന്നത് ഗുരുതരമായ കുറ്റമായി കേരളം കാണുന്നുവെങ്കില്‍ ചര്‍ച്ചയാവേണ്ടിയിരുന്നത് 1994 ജനുവരി 25ന് കണ്ണുര്‍ ജില്ലയിലെ മട്ടന്നൂരില്‍ ആര്‍എസ്എസുകാരനായ സദാനന്ദന്‍ മാസ്റ്ററുടെ ഇരുകാലുകളും സിപിഎമുകാര്‍ വെട്ടിമാറ്റിയതാണ്. അത് പൊതുസമൂഹം ചര്‍ച്ച ചെയ്തില്ല. അതിനു ശേഷവും നിരവധി പേരുടെ കൈയ്യും കാലും തലയും ഛേദിക്കപ്പെട്ടു. അതും ചര്‍ച്ചയായില്ല. ഇനി ഒരു യുവാവിന്റെ കൊലപാതകമാണ് പ്രശ്നമെങ്കില്‍ അഭിമന്യുവിന്റെ മരണത്തിന് തൊട്ടുടനെ കാസര്‍കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഇരുപത്തിയൊന്നുകാരന്‍ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍എസ്എസുകാര്‍ കൊന്നത് കേരളത്തില്‍ ചര്‍ച്ചയായില്ല. ‘ഞാൻ പെറ്റ മകനേ’ എന്ന് അബൂബക്കര്‍ സിദ്ധീഖിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്ന ഉമ്മയുടെ പടം വെച്ച് ഹാഷ്ടാഗ് കാമ്പയിനുണ്ടായില്ല. കുടുംബത്തെ സഹായിക്കാൻ കോടികള്‍ പിരിച്ചില്ല. സഹോദരന്റെ കല്യാണത്തിന് പാര്‍ട്ടി സദ്യയൊരുക്കിയില്ല. സിനിമ പിടിച്ചില്ല. ഉപ്പളയില്‍ ലൈബ്രറി പണിതില്ല. അബൂബക്കര്‍ സിദ്ധീഖിന്റെ സമുദായക്കാര്‍ക്ക് നഗരത്തില്‍ വന്ന് താമസിച്ച് പഠിക്കാന്‍ ഹോസ്റ്റലും പണിതില്ല. സർവോപരി ഹിന്ദു തീവ്രവാദികള്‍ അബൂബക്കര്‍ സിദ്ധീഖിനെ കൊന്നുവെന്ന് ഒരു പാര്‍ട്ടി നേതാവും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുമിട്ടില്ല. എസ്എസ്എഫ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫസലിന്റെയും സൈനുദ്ദീന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങളിലുണ്ടായ വെട്ടുകളുടെ സ്വഭാവവും എണ്ണവും നോക്കി സിപിഎം പ്രവര്‍ത്തകരുടെ കൊലപാതക വൈദഗ്ധ്യത്തെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി തുടരുന്നതില്‍ ആരും അനൗചിത്യം കാണുന്നുമില്ല. ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ പുകഴ്ത്തി അനുശോചന സന്ദേശം നല്‍കിയ മുഖ്യമന്ത്രിയുടെയോ ആരോഗ്യ മന്ത്രിയുടെയോ പാര്‍ട്ടി സെക്രട്ടറിയുടെയോ എംഎല്‍എമാരുടെയോ നടപടിയില്‍ ആര്‍ക്കും ആശങ്കയില്ല.
ഗാന്ധി വധത്തിന്റെ പേരില്‍, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍, ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ നൂറുകണക്കിന് വര്‍ഗീയ കലാപങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ ഇന്നുവരെ മാപ്പു പറഞ്ഞിട്ടില്ല. മറിച്ച് അവര്‍ ഇന്നും രാജ്യം ഭരിക്കുന്നു. കേന്ദ്ര അന്വേഷണ സംഘങ്ങളെയും സൈന്യത്തെയും പരമോന്നത നീതിപീഠത്തെയും വരെ നിയന്ത്രക്കുന്നു. അടിയന്തരാവസ്ഥയുടെ പേരില്‍, സിഖ് വംശഹത്യയുടെ പേരില്‍ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടില്ല. തുടര്‍ന്നും അവര്‍ രാജ്യം ഭരിച്ചു. നൂറുകണക്കിന് കരി നിയമങ്ങൾ നിർമിച്ച് പൗരന്‍മാരെ വീണ്ടും അടിച്ചമര്‍ത്തി. ക്വിറ്റ് ഇൻഡ്യ സമരത്തെ തുരങ്കം വെച്ചതിന്റെ പേരില്‍, സായുധ സമരം നയമായി അംഗീകരിച്ചതിന്‍െറ പേരില്‍, മേധാവിത്തമുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിന്റെ പേരിൽ, കമ്യൂണിസ്റ്റ് പാര്‍ട്ടികളും തെറ്റ് ഏറ്റുപറഞ്ഞിട്ടില്ല. മറിച്ച് മതനിരപേക്ഷതയെ പറ്റിയും മാനവികതയെ പറ്റിയും ഗിരിപ്രഭാഷണം നടത്തന്നു. എന്നാല്‍ മുസ്‌ലിംകൾ സംഘടിച്ചാല്‍, സമരം ചെയ്താല്‍, തൊപ്പിവെക്കുകയോ സലാം പറയുകയോ സിനിമ പിടിക്കുകയോ ചെയ്താല്‍ ഉടന്‍ ദേശവിരുദ്ധരും തീവ്രവാദികളും കേരളം പിടിക്കാന്‍ വരുന്നേ എന്ന് കരയാന്‍ തുടങ്ങും!
കാര്യങ്ങള്‍ വ്യക്തമാണ്. വംശീയതയും ഇസ്‌ലാമോഫോബിയയും പേറി നടക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങൾക്കും വിനീത വിധേയരായ മുസ്‌ലിം സമുദായ നേതാക്കന്‍മാരെയും അണികളെയുമാണ് പഥ്യം. പരസഹായം കൂടാതെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന, രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ മുസ്‌ലിം യുവത അവര്‍ക്കൊരു വെല്ലുവിളിയാണ്. ദേശീയ തലത്തില്‍ നടക്കുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും അത് വ്യകത്മാണ്. സിഎഎ-എന്‍ആര്‍സി സമരം തുടങ്ങിയതും ഇപ്പോഴും നിലനിര്‍ത്തുന്നതും അവരാണല്ലോ. ഇപ്പോൾ, അധസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളുടെ തന്ത ചമയാനുള്ള സാധ്യത മങ്ങിവരുന്ന സാഹചര്യത്തില്‍ മുസ്‌ലിംകളുമായി മാന്യമായ ചര്‍ച്ചക്ക് തയ്യാറാകുന്നതിന് പകരം, അപവാദ പ്രചാരണത്തിലൂടെ മൃദു ഹിന്ദുത്വ ഏകീകരണം നടത്തുന്നതായിരിക്കും ഗുണകരമെന്ന് പര്‍ട്ടി കരുതുന്നുണ്ടാവും. എങ്കിൽ ഓര്‍ത്തുകൊള്ളുക, ബംഗാളും ത്രിപുരയും അത്ര വിദൂരത്തൊന്നുമല്ല.