പൗരത്വ പ്രക്ഷോഭവും സംഘപരിവാർ രാഷ്ട്രീയവും

February 22, 2020

ദേശരാഷ്ട്ര വ്യവസ്ഥിതിയിൽ പൗരത്വം അവകാശങ്ങളുടെ അടിസ്ഥാന ന്യായമാണ്. പൗരനാവാനുള്ള അവകാശം നിഷേധിക്കുന്നത്, അവകാശങ്ങളില്ലാത്ത അപരനെ സൃഷ്ടിക്കാനാണ്. ബ്രാഹ്മണ്യ ഹിന്ദുത്വ രാഷ്ട്രീയം നിയമപരമായി അപരനെ നിർമിക്കാനുള്ള സാധുതയെയാണ് ഇപ്പോൾ ഭരണഘടനയിൽ ചേർത്തിട്ടുള്ളത്. സലീം ദേളി എഴുതുന്നു.

For years now, I have heard the word ‘Wait!’ has always meant ‘Never’. The poor will always be with us; the poor will always wait. Their time is not money

(വംശീയ വിദ്വേഷവും വർണവെറിയും രൂക്ഷമായിരുന്ന അമേരിക്കയിലെ ബെർമിങ്ഹാം സിറ്റി ജയിലിൽ പൗരാവകാശ സമരങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട ആഫ്രിക്കൻ-അമേരിക്കൻ നേതാവ് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, അവിടെ നിന്ന് 1963 ഏപ്രിൽ 16ന് എഴുതി വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ട തുറന്ന കത്തിൽ നിന്ന്)

പൗരത്വ നിഷേധത്തിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നതെന്താണ്? അവരുടെ പദ്ധതിയെന്താണ്? ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയും ഉദ്ദേശലക്ഷ്യങ്ങളെയും അട്ടിമറിച്ചുകൊണ്ട് ഭരണഘടന തിരുത്തിയെഴുതുന്ന സാഹചര്യത്തിൽ, സമരത്തിനകത്ത് നിന്നുകൊണ്ട് എങ്ങനെയാണ് ഭരണഘടനയെ സമീപിക്കേണ്ടത്? പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിൽ സമര ചിഹ്നമായി ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനെ പ്രശ്നവൽക്കരിക്കേണ്ടതെങ്ങനെ?

ആർഎസ്എസ് അവരുടെ പുതിയ സ്മൃതിയായി ഭരണഘടനയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സുനിൽ അംബേഡ്ക്കർ ആർഎസ്എസിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പദ്ധതികളെക്കുറിച്ച് എഴുതിയ The RSS: Roadmaps for the 21th Century എന്ന പുസ്തകത്തിൽ ഈ കാര്യം വിവരിക്കുന്നുണ്ട്. മുസ്‌ലിംകളെ വംശീയമായി ഉൻമൂലനം ചെയ്യാനുള്ള ഭരണഘടനാ സാധുതയാണ് സിഎഎ. രാജ്യത്ത് സാമൂഹിക നീതി ലഭിക്കാത്ത മുസ്‌ലിം, ദലിത്, കീഴാള ജീവിത പരിസരങ്ങൾ കാലങ്ങളായി രണ്ടാംകിട പൗരന്മാരാണ്‌.

സാംസ്കാരിക ചരിത്ര സാഹിതീയ മണ്ഡലങ്ങളിൽ യുക്തിയെ നിയന്ത്രിക്കുന്ന ബ്രാഹ്മണിസമാണ് മനുഷ്യൻ എന്ന കർതൃത്വത്തെ പോലും ഇവിടത്തെ മുസ്‌ലിം, ദലിത്‌, കീഴാള ജനതക്ക് നിഷേധിച്ചത്. പ്രകൃതിയിൽ നിന്നും മനുഷ്യനിൽ നിന്നും അവരെ അന്യവൽക്കരിച്ചു നിർത്തി. ഇച്ഛാശക്തിയെ നിയന്ത്രിക്കാനോ നിർണയിക്കാനോ ഉള്ള അവകാശങ്ങൾ കാലങ്ങളായി അവർ പിടിച്ചുവെക്കുകയാണ്.

ബ്രാഹ്മണിസം തകരാത്ത കാലത്തോളം കീഴാള വർഗത്തിന് സ്വയം നിർമ്മിതാവകാശം ലഭിക്കില്ല. ഇൻഡ്യയിലെ രാഷ്ട്രീയ അക്കാദമിക വ്യവഹാരങ്ങളും സ്വയം നിർമ്മിതാവകാശം കീഴാള ജനതക്ക് അനുവദിച്ചുതരുകയുമില്ല.

അന്യവൽക്കരിക്കപ്പെട്ട സമൂഹം എപ്പോഴും നിഷേധാത്മകമായ ഒരു സംഭവമായാണ് പരിണമിക്കുന്നത്. ഇവിടെ നാം പ്രവർത്തിക്കുകയല്ല. ആരാലോ പ്രവർത്തിക്കപ്പെടുകയാണ്. ആരുടെയോ ആജ്ഞകളനുസരിച്ച് സ്വയം നിയന്ത്രിക്കുന്ന ഒരാൾ. മറ്റുള്ളവരാൽ സ്വയം ചലിക്കുന്നവരും നിർണയിക്കപ്പെടുന്നവരുമാണ് രാജ്യത്തെ മുസ്‌ലിം, ദലിത്, കീഴാള ജീവിതങ്ങൾ. ചൂഷണ വ്യവസ്ഥയാൽ ചൂഷിതപ്പെടുന്നവർ എന്നും എണ്ണത്തിൽ കൂടുതലായിരുന്നു. ചൂഷണം പ്രകടമായത് ജാതിവ്യവസ്ഥയുടെ പ്രയോഗത്തിൽ മാത്രമല്ല. ഇൻഡ്യയിലെ വ്യവഹാരങ്ങളിൽ അതിന്റെ രൂപവും ഭാവവും സ്ഥായിയായി നിൽക്കുന്നതും കൊണ്ടാണ്. ലോക ചരിത്രത്തിൽ എക്കാലവും ബന്ധിതരായവർ കൂടുതൽ പേരും ചങ്ങലക്കിടുന്നവർ കുറച്ചു പേരുമായിരുന്നു. എന്നും ചുരുങ്ങിയ പേർക്ക് എപ്പോഴും വലിയൊരു വിഭാഗത്തെ അടിമകളാക്കാൻ സാധ്യമാവുന്നു എന്നതാണ് മാനവ ചരിത്രത്തിൽ അത്ഭുതമുണ്ടാക്കുന്നതും.

ഇവിടത്തെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി (രാഷ്ട്രീയ വ്യവഹാരങ്ങൾ), ലിറ്ററസി (അക്കാദമിക വ്യവഹാരം), ലിബറൽ സാംസ്കാരികത എന്നിവിടങ്ങളിലെ യുക്തിയെ ബ്രാഹ്മണിസമാണ് രൂപപ്പെടുത്തുന്നത്. ലിബറൽ ജനാധിപത്യം ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ സ്വത്വപരമായി വിവേചനം നേരിടുന്നവരെ പ്രഥമദൃഷ്ട്യാ പരിഗണിക്കാറില്ല. അവരുടെ ശബ്ദങ്ങളെ റദ്ദു ചെയ്യുന്ന പദ്ധതി കൂടിയാണ് ലിബറൽ ജനാധിപത്യം ഇൻഡ്യയിൽ സാധ്യമാക്കിയെടുത്തിട്ടുള്ളത്. സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉദാഹരണം.

ദേശരാഷ്ട്ര വ്യവസ്ഥിതിയിൽ പൗരത്വം അവകാശങ്ങളുടെ അടിസ്ഥാന ന്യായമാണ്. പൗരനാവാനുള്ള അവകാശം നിഷേധിക്കുന്നത്, അവകാശങ്ങളില്ലാത്ത അപരനെ (other) സൃഷ്ടിക്കാനാണ്. ബ്രാഹ്മണ്യ ഹിന്ദുത്വ രാഷ്ട്രീയം നിയമപരമായി അപരനെ നിർമിക്കാനുള്ള നിയമസാധുതയെയാണ് ഇപ്പോൾ ഭരണഘടനയിൽ ചേർത്തിട്ടുള്ളത്. രാഷ്ട്രത്തിന്റെ അധികാരികൾക്ക് ദേശത്തെ നിർവചിക്കാനുള്ള മേൽകൈ ലഭിക്കുന്നുണ്ട്. ഇന്നിവിടെ പാർലമെന്റിൽ ഭൂരിപക്ഷ അധികാരവും ഹിന്ദുത്വ അധികാരവും ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ ബ്രാഹ്മണ്യ അജണ്ടകളുള്ള ആർഎസ്എസിന്റെ കൈകളിലാണ്. പ്രത്യക്ഷത്തിൽ ഭരണഘടനയെ നിയന്ത്രിക്കുന്നവർക്ക്, നിയമം കൊണ്ടുവന്ന് പൗരത്വത്തെയും അവകാശത്തെയും പിടിച്ചുവെക്കാനോ എടുത്തുകളയാനോ ആധുനിക ജനാധിപത്യം (സ്റ്റേറ്റിന്റെ അധികാരം) ആർഎസ്എസിനെ അധികാരപ്പെടുത്തിയിരിക്കുന്നു. സ്റ്റേറ്റാണ് ദേശത്തെ നിർമിക്കുന്നത്. അഥവാ ആർഎസ്എസ് ദേശത്തെ നിർവചിക്കും. നാസികൾക്കും രാഷ്ട്രത്തേക്കാൾ പ്രാധാന്യം ദേശമായിരുന്നു. 

ആർഎസ്എസിന്റെ ദീർഘകാല പദ്ധതികളിൽ പെട്ടതാണ് ജാതിവ്യവസ്ഥയെ നിലനിർത്തിക്കൊണ്ട് മുസ്‌ലിം വിഭാഗത്തെയും മറ്റു ന്യൂനപക്ഷ വിഭാഗത്തെയും ഉന്മൂലനം ചെയ്തുള്ള ദേശനിർമ്മാണം. അത് ഉദ്ദേശിക്കുന്നത് ബ്രാഹ്മണ്യത്തിന് കീഴിൽ ജനങ്ങളെ അടിമകളാക്കി നിലനിർത്തുക എന്നതാണ്. ഈ ബ്രാഹ്മണ്യമാണ് ജനാധിപത്യത്തിനകത്ത് ദേശത്തെ നിയന്ത്രിക്കുന്നത്.

വർണ്ണാശ്രമ വ്യവസ്ഥയിലാണ് ദേശത്തെ ആർഎസ്എസ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് ദലിതരെ അസ്‌പൃശ്യരായി തന്നെ നിലനിർത്തണം. എന്നാൽ മാത്രമാണ് ബ്രാഹ്മണിസത്തിന് നിലനിൽപ്പുള്ളത്. ജാതീയ ശ്രേണീകരണം നശിച്ചാൽ ബ്രാഹ്മണ്യം തന്നെ ഇല്ലാതാവും. ഇതിനായി ജനങ്ങളെ ‘സംഘവൽക്കരിക്കുക’ എന്നതാണ് അടുത്ത പ്രക്രിയ. അതിനായി വ്യവഹാരങ്ങളെ സംഘ സ്ഥാപനവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്.

ബ്രാഹ്മണ്യത്തിന് ഒരിക്കൽ പോലും പരാജയം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അവരുടെ മുന്നിലുണ്ടായ തടസം ബുദ്ധിസമായിരുന്നു. അതിനെ തകർക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം വന്ന ഇസ്‌ലാമിനെ തകർക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു. ബാബരി നിലകൊണ്ടിടത്ത് രാമക്ഷേത്രം പണിയുമെന്ന് അവർ തെരുവിൽ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞതാണ്. തെരുവിൽ ഉയർത്തിയ മുദ്രാവാക്യത്തെയാണ് കോടതി വിധിയിലൂടെ സംഘപരിവാർ സാധ്യമാക്കിയിരിക്കുന്നത്. ‘സാമൂഹിക സമത്വത്തിനായുള്ള ഏതൊരു സമരത്തിലും ബ്രാഹ്മണ വിരുദ്ധ സമരത്തിന്റെ മുഖമാണ് ഉണ്ടാവേണ്ടത്’ എന്ന ജഗജീവൻ റാമിന്റെ വാക്കുകളിൽ ബ്രാഹ്മണ്യത്തിനെതിരെയുള്ള സമരത്തിന്റെ രാഷ്ട്രീയം സാമൂഹിക നീതി എന്നതാണെന്ന് ഉറപ്പിക്കുന്നു.

ജഗജീവൻ റാം

സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത, സ്വാതന്ത്ര്യാനന്തര ഇൻഡ്യയുടെ പുരോഗതിയിലേക്ക് ഒരു തുട്ട് പോലും സംഭാവന ചെയ്യാത്ത, രാജ്യം ആവർത്തിച്ചാവർത്തിച്ച് നിഷേധസ്വരം ഉയർത്തിയ ഒരു സംഘടന എങ്ങനെയാണ് പാർലമെന്റിൽ വലിയ ഭൂരിപക്ഷത്തോടെ ഗവൺമെൻറ് സ്ഥാപിച്ചത്? ഈ ചോദ്യത്തിന്റെ ഉത്തരത്തെ കാത്തിരിക്കേണ്ടതില്ല. കാരണം ഫാസിസം ഒരുനാൾ വന്നു നമ്മുടെ മേൽ പതിക്കുകയല്ല. അധികാരത്തിന്റെ ഗാഢതയാൽ സംഭവങ്ങളെ അസാധാരണമായി പരിഗണിക്കാതെ അനീതിയും അക്രമവും തങ്ങൾ അനുഭവിക്കാനുള്ളതാണെന്ന ബോധത്തെ മനസിൽ നോർമലൈസ് ചെയ്യിപ്പിക്കും. എങ്ങനെ ഇതൊക്കെ സംഭവിക്കുന്നു എന്നത് പോലും തോന്നിപ്പിക്കാതെ പരുവപ്പെട്ട നിയമങ്ങളായി നമ്മെ പിടിച്ചു വിഴുങ്ങും. ആ നിയമങ്ങളൊക്കെ നമ്മൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനക്കകത്ത് തന്നെ ഉണ്ടാവും എന്നതാണ് സാംഗത്യം. പരിവർത്തനപരമായ ഭരണഘടന എന്ന കാഴ്ചപ്പാടിലേക്കാണ് പ്രക്ഷോഭത്തെ അഡ്രസ് ചെയ്യേണ്ടത്. 

(മലയാളം സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ലേഖകൻ)

Top